കക്ക വാരി പത്ത് മണിയോടെ മടങ്ങി, പക്ഷെ 'പായൽ' ചതിച്ചു, 12 തൊഴിലാളികൾ വീട്ടിലെത്തിയത് ആറ് മണിക്കൂര്‍ കഴിഞ്ഞ്
ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത്
ചേർത്തല : വേമ്പനാട് കായലിൽ നിന്ന് കക്ക വാരി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 12 തൊഴിലാളികൾ ചെങ്ങണ്ട വിളക്കുമരം പാലത്തിനുസമീപം കായലിൽ പോളയിൽ കുടുങ്ങി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത്.
പോളേക്കടവ് പുന്നത്താഴ് നികർത്ത് ശശി (60),അഴകത്തറ വസുമതി(63),തൈക്കാട്ടുശേരി വഞ്ചിപ്പുരയ്ക്കൽ ബിജു (46),അമ്പാടിയിൽ കെ.കെ.ശിവദാസൻ(52),പുതവൽ നികർത്ത് സുനി(47),വാല്യത്തറ വി.കെ.സുനിൽ(45),പള്ളിപ്പുറം മേക്കെവെളി ഗിരിജ (58), കൃഷ്ണാലയം ബിജു(46),തുറവൂർ കമലായത്തിൽ അനിരുദ്ധൻ(56), പുതുവൽ നികർത്ത് സാബു(51), ആര്യക്കരവീട്ടിൽ സുഭഗൻ(60), കുട്ടൻചാൽ ബിനുവാലയത്തിൽ തിലകൻ(65) എന്നിവരാണ് കുടങ്ങിയത്.
9 വള്ളങ്ങളിലായി 12 തൊഴിലാളികളാണ് കക്കാവാരൻ പോയത്. ഇന്നലെ പുലർച്ചെ വേമ്പനാട് കായലിൽ കക്ക വാരിയതിനുശേഷം ചെങ്ങണ്ട കായൽ വഴി വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 മണിയോടെ ചെങ്ങണ്ട വിളക്കുമരം പാലത്തിനു സമീപം എത്തിയപ്പോഴാണ് പായലിൽ കുടുങ്ങിയത്. മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും സമീപത്തെ കരയിലേക്ക് വള്ളം അടുപ്പിക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് രണ്ടരയോടെ പ്രദേശവാസികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.