രണ്ടാനച്ഛൻ ക്രൂരമായി തല്ലി, ഭീഷണിപ്പെടുത്തി; പരിക്ക് കണ്ട് അധ്യാപകർ ഇടപെട്ടു, പ്രതി പിടിയിൽ
പുലർച്ചെ മൂന്ന് മണി വരെ ഇരുന്ന് പഠിക്കാൻ നിർബന്ധിക്കുന്ന രണ്ടാനച്ഛൻ പതിവായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി
എറണാകുളം: ചേരാനെല്ലൂരിൽ പത്ത് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി തല്ലിച്ചതച്ചു. ഇരിഞ്ഞാലക്കുട സ്വദേശി അരുൺ എസ് മേനോനാണ് കുട്ടിയെ തല്ലിയത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്. അടികിട്ടിയ കാര്യം പുറത്തു പറഞ്ഞാൽ ജുവനൈൽ ഹോമിലാക്കുമെന്ന് രണ്ടാനച്ഛൻ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് സ്കൂൾ അധ്യാപകരാണ് വിഷയത്തിൽ ഇടപെട്ടത്. അവർ വിവരം പൊലീസിനെയും ചൈൽഡ് ലൈനിലും അറിയിച്ചതിനെ തുടർന്നാണ് അരുൺ എസ് മേനോനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ച് പൊലീസിനോടും അധ്യാപകരോടും കുട്ടി വിശദീകരിച്ചത്. പതിവിലും നേരത്തെ കിടന്ന് ഉറങ്ങിയതിനായിരുന്നു മർദ്ദനമെന്ന് കുട്ടി പറയുന്നു. സാധാരണ പഠിച്ചുതീർന്ന ശേഷം മാത്രമേ രണ്ടാനച്ഛൻ ഉറങ്ങാൻ സമ്മതിക്കാറുള്ളൂവെന്നും പുലർച്ചെ മൂന്ന് മണി വരെ ഉറങ്ങാതെ പഠിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു. തൃശ്ശൂർ പോകാനുള്ളതിനാൽ കഴിഞ്ഞ ദിവസം നേരത്തെ കിടന്ന് ഉറങ്ങിയതിനാണ് അരുൺ എസ് മേനോൻ കുട്ടിയെ തല്ലിയത്. മർദ്ദനത്തിലേറ്റ പരിക്കുകളെ തുടർന്ന് കസേരയിൽ ഇരിക്കാനാവാത്ത നിലയിലാണ് കുട്ടിയുള്ളത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.