കെഎസ്ആർടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടു, 10വയസുകാരിയുടെ കയ്യൊടിഞ്ഞു, ഡ്രൈവർക്കെതിരെ കേസ്

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം

10 year old girls bone injured as KSRTC breaks suddenly case against driver

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വീണ പെൺകുട്ടിയുടെ കയ്യൊടിഞ്ഞു. സംഭവത്തിൽ ഡ്രൈവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മൽ സുരേഷ് ബാബുവിൻറെ മകൾ പി. റിഥിയുടെ(10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനമോടിച്ചതിനാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. 

ബ്രേക്കിട്ടതിനെ തുടർന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു. ഇടതുകൈക്ക് സാരമായ പരിക്കേറ്റ കുട്ടിക്ക് ബസ് ജീവനക്കാർ ഫസ്റ്റ് എയ്ഡ് നൽകുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. മലപ്പുറം കുന്നുമ്മൽ സ്റ്റാൻഡിൽ ഇറങ്ങിയ പെൺകുട്ടികൾ പരിക്കേറ്റ പെൺകുട്ടിയുടെ  പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.

പിതാവെത്തി സ്‌റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടതിനെ തുടർന്നാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്. ഒന്നര മണിക്കൂറിനുശേഷമാണ് കുട്ടിക്ക് വൈദ്യസഹായം ലഭിച്ചത്. അതേസമയം പിതാവിനും കുട്ടിയോടുമൊപ്പം കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ചോദ്യം ചെയ്യാനെത്തിയ ആൾ സ്‌റ്റേഷൻ മാസ്റ്ററെ കൈയേറ്റം ശ്രമിച്ചതായി പരാതിയുയർന്നിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പുഴി വടക്കുംമുറി അക്ബറലിയെ (38) ആണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios