10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ, സംഘം ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ
വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം
കോഴിക്കോട് : കോഴിക്കോട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. കുന്ദമംഗലത്ത് വച്ചാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.
അതേസമയം കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയിലായി. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിൻറെ 36 പൊതതികളാണ് പൊലീസ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.
വർഷങ്ങളായി മലപ്പുറം ജില്ലയിലെ കൊളത്തൂരിലെ സ്‌കൂൾ പരിസരങ്ങളിലും കുറുപ്പത്താൽ ടൗൺ കേന്ദ്രീകരിച്ച് പ്രദേശവാസികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അർജുനെന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
എക്സൈസ് ഓഫീസർ യു കുഞ്ഞാലൻകുട്ടി സിവിൽ എക്സൈസ് ഓഫീസർ കെ നിപൺ, മുഹമ്മദ് നിസാർ എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ബസ് സ്റ്റാൻഡിന് പിറകിലെ ഇടവഴികളും റോഡുമാണ്കഞ്ചാവ് ലോബി ഇവർ താവളമാക്കുന്നത്. വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള കഞ്ചാവ് വിൽപ്പനക്ക് തടയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
കോളേജ് വിദ്യാര്‍ത്ഥികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പിടികൂടിയിരുന്നു. പനവൂർ വെള്ളംകുടി റോഡരികത്തു വീട്ടിൽ ഫൈസൽ (24) പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽ അമീൻ (21)എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. നെടുമങ്ങാട്, പനവൂർ മേഖലകളിലെ സ്കൂളുകളും കോളേജ്കളും കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
പ്രതികളില്‍ നിന്നും 100 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഒരുമാസമായി പ്രതികള്‍ പൊലീസിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചുകൊടുക്കലാണ് പ്രതികളുടെ രീതി. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെയും പതിവാി കഞ്ചാവ് വാങ്ങുന്നവരെയും ഉടനെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.