ദീപു വീട്ടിൽ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, പോയത് കോയമ്പത്തൂരിലേക്ക്, കളിയിക്കാവിള കൊലയിൽ വൻ ദുരൂഹത
കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നാണ് അമ്മാവൻ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
തിരുവനന്തപുരം : കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പൊലീസ് സംശയിക്കുന്നത്. കോയമ്പത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതെന്നാണ് അമ്മാവൻ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 10 ലക്ഷം രൂപയുമായാണ് വീട്ടിൽ നിന്നും ദീപു ഇറങ്ങിയത്. ഈ പണം കാറിൽ കാണാനില്ല.
ജെസിബി വാങ്ങാൻ പോകുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയിൽ നിന്നും വാഹനത്തിൽ കയറ്റിയതായും സംശയിക്കുന്നുണ്ട്. പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വിൽപ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു. ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്. ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാൾ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധു വിശദീകരിച്ചു.
ദേശീയപാത - തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് മഹീന്ദ്ര കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പൊലീസിനെ വിവരം അറിയിച്ചത്. കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം.
തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ