അവര്‍ ട്രെയിന്‍ ഇറങ്ങിയത് വടകരയെ ലഹരിയില്‍ മുക്കാനുള്ള 'സ്റ്റഫു'മായി; ട്രോളി ബാഗ് പരിശോധിച്ച പൊലീസ് കണ്ടത്...
വടകര റെയിൽവേ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച പൊലീസ് ട്രോളിയിൽ നിന്ന് കണ്ടെത്തിയത് പത്ത് കിലോ കഞ്ചാവ്
കോഴിക്കോട്: വടകര റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട. 9.92 കിലോഗ്രാം കഞ്ചാവാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നായി വടകര പൊലീസ് പിടികൂടിയത്. സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി റോഷന്‍ മെഹര്‍(29), ജാര്‍ഖണ്ഡ് സ്വദേശി ജയസറാഫ്(33) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ 6.30ഓടെ വടകര റെയില്‍വേ സ്റ്റേഷനിലാണ് സംഘം ട്രെയിന്‍ ഇറങ്ങിയത്. ഒരു ട്രോളി ബാഗും രണ്ട് ബാഗുകളും ഇവരുടെ പക്കലുണ്ടായിരുന്നത്. ഇവരുടെ പെരുമാറ്റത്തിലെ അസ്വഭാവികതയിൽ സംശയം തോന്നിയ പൊലീസ് തടഞ്ഞുവെച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായി എത്തിച്ചതാണ് ഇതെന്നാണ് പൊലീസ് വിശദമാക്കിയത്. ചെന്നൈയില്‍ നിന്നുമാണ് സംഘം വടകരയില്‍ എത്തിയത്. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐമാരായ ബിജു വിജയന്‍, രഞ്ജിത്ത് ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ ഷാജി, ബിനീഷ്, സിപിഒമാരായ ടികെ ശോബിത്ത്, അഖിലേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം