Malayalam Short Story: മരണവണ്ടി, സുബിന്‍ അയ്യമ്പുഴ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുബിന്‍ അയ്യമ്പുഴ എഴുതിയ ചെറുകഥ

chilla Malayalam short story by Subin Ayyampuzha

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Subin Ayyampuzha

മരണവണ്ടി

ജലപീരങ്കിയില്‍ നിന്ന് തെറിക്കുന്ന വെടിയുണ്ടപോലെ മഴ ആക്രമിക്കുന്നു. ഓടകള്‍ തിളച്ചുപൊങ്ങുന്നു. 

അയാള്‍ ആകെ അവശനായിരുന്നു. ഇരുള്‍ വകവെക്കാതെ മരവിച്ച കാലുകള്‍ ലോങ്ജംപ് ചാടിയപ്പോള്‍ ഉരുണ്ടുകേറിയ മസില് ഗോതമ്പുണ്ടപോലെ മുഴച്ചുനില്‍ക്കുന്നു. ആളൊഴിഞ്ഞ ബസ്സ്റ്റാന്‍ഡിലേക്ക് അയാള്‍ എങ്ങനെയോ ചെരിഞ്ഞുകേറി. ഉള്ളില്‍ രണ്ട് പകലും ഒരു രാത്രിയും ഇട്ട് തൊലിപ്പോയ അടിവസ്ത്രത്തില്‍ തുടയിടുക്കിലെ ചോരതുള്ളികള്‍ കട്ടപിടിച്ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി. വല്ലാത്ത നീറ്റല്‍. 

വൈകിട്ട് അഞ്ചുമുതല്‍ പെയ്യുന്ന മഴയാണ്. രാത്രി പത്ത് കഴിഞ്ഞിട്ടും കൂടുന്നതല്ലാതെ കുറയുന്നില്ല. ബസ് സ്റ്റാന്‍ഡിന് നടുക്ക് നീളത്തില്‍ ഒരു അഴകെട്ടി തൂങ്ങിക്കിടക്കാന്‍ മനസ് പറഞ്ഞു. ടാര്‍പ്പായയ്ക്ക് കാറ്റില്‍ ഊന്നുകൊടുക്കാന്‍ കുത്തിയ കൊന്നക്കോലുപോലെ ഒരു മനുഷ്യന്‍ അയാളെ തറപ്പിച്ചു നോക്കി.

'ഒരു ചായ.' നോട്ടംകൊണ്ട് കത്തിക്കുന്ന കുഴിഞ്ഞ കണ്ണുകളിലെ ഗര്‍ത്തത്തിലേക്ക് ചുഴിഞ്ഞുനോക്കിക്കൊണ്ട് യാത്രക്കാരന്‍ പറഞ്ഞു.

ഒരു കട്ടന്‍ ജനിച്ചു. ഈ നഗരത്തിലെ എല്ലാ അഴുക്കും കൂടിച്ചേര്‍ന്ന് ഇരുണ്ട് കാണാതായ നീണ്ട നഖങ്ങളുമായി ആ മനുഷ്യന്‍ കട്ടന്‍ കൊണ്ടുവന്നു. നിലവിളിക്കുന്ന മഴയില്‍ പല്ലുകള്‍ കൂട്ടിയിടിച്ചു. എങ്ങനെയൊക്കെയോ ചായ അകത്താക്കി അയാള്‍ വെളിച്ചം തേടി മുന്നോട്ട് നടന്നു. അവസാന വണ്ടിയും കഴിഞ്ഞ് കൂര്‍ക്കം വലിച്ചുറങ്ങുന്ന അവിടം അയാളെ പേടിപ്പിച്ചു. ആഞ്ഞടിക്കുന്ന മിന്നലിന്റെ വെളിച്ചം അയാളുടെ കണ്ണുകളെ ഇറുക്കിയടപ്പിച്ചു. ചാക്ക് നിലത്തു വിരിച്ചുകിടക്കുന്നവര്‍ ഒന്നിനുമേലെ ഒന്നായി അടഞ്ഞുകിടക്കുന്നു.

അസഹനീയമായ ശരീരവേദന. നാലഞ്ചുപേര്‍ പിടിച്ചപോലെ ദേഹം പുളഞ്ഞു. അയാള്‍ മുന്നോട്ട് നടന്നു. അരണ്ടവെളിച്ചം ഒരു കക്കൂസ് മുറിയിലെത്തിയപ്പോള്‍ നീലനിറത്തില്‍ തിളങ്ങി. അറിയാതെ മൂക്കുപൊത്തിപ്പോയി. പോക്കറ്റില്‍ നിന്നും അഞ്ചുരൂപ നാണയങ്ങള്‍ എടുത്ത് മേശപ്പുറത്തുവച്ചു. ഒരു ചിരി തടിച്ച ചുണ്ടുകളില്‍ വലിച്ചിട്ട് കസേരയില്‍ ചടഞ്ഞിരുന്ന അയാള്‍ വലത്തോട്ട് കൈചൂണ്ടി.

ഒരാള്‍ക്ക് കഷ്ടിച്ചു നില്‍ക്കാന്‍ പാകത്തിന് ഏതോ കണ്ണീച്ചോരയില്ലാത്തോന്‍ പണിത കക്കൂസ്. വെള്ളം ഒഴിക്കാതെ അങ്ങിങ്ങായി തെറിച്ചുവീണ മനുഷ്യവിസര്‍ജ്യങ്ങള്‍ അങ്ങിങ്ങായി കിടക്കുന്നു. ദുര്‍ഗന്ധം മൂക്കില്‍ നിന്നും വാവഴി ഓക്കാനമായി വന്നത് ചവച്ചിറക്കി അയാള്‍ പുറത്തേക്കിറങ്ങി.'

ചേട്ടാ ഈ ബാഗ് ഇവിടെ വച്ചോട്ടെ ..'

മറുപടി തിളച്ചുമറിയുന്ന നോട്ടമായി പുറത്തേക്ക് തെറിച്ചു.

ജാള്യതയോടെ ബാഗ് താഴെ കിടത്തിവച്ച ശേഷം വീണ്ടും കക്കൂസിലേക്ക് കേറി. നനഞ്ഞൊട്ടിയ ഷര്‍ട്ടും പാന്റും ഒരുവിധത്തില്‍ പിഴിഞ്ഞെടുത്തു. ഷൂസില്‍ പറ്റിപ്പിടിച്ച തീട്ടകഷണങ്ങള്‍ കഴുകി കളയുവാന്‍ വേണ്ട വെള്ളം ആ പൈപ്പില്‍ ഉണ്ടായിരുന്നില്ല. അയാള്‍ പരാതിയില്ലാതെ പുറത്തിറങ്ങി. ഉറക്കത്തിലേക്ക് പുതപ്പെറിഞ്ഞ അയാളെ വിളിച്ചുണര്‍ത്താന്‍ നിക്കാതെ എവിടെയെങ്കിലും കുത്തിയിരുന്ന് നേരം വെളുപ്പിക്കാമെന്ന ചിന്ത ഒരാശ്വാസം നല്‍കി.

'ബാഗിലെ മാതൃഭൂമിയെടുത്ത് നിലത്തു വിരിക്കാം. പറ്റുകയാണെങ്കില്‍ നടുനിവര്‍ത്താം. പക്ഷെ ഉറങ്ങരുത്'. അയാള്‍ ചിന്തിച്ചു.

ബാഗെടുക്കാന്‍ ശരീരത്തെ അറുപത് ഡിഗ്രി വളച്ചു. ബാഗിരുന്നിടം ശൂന്യമായിരുന്നു. ഇടിമിന്നല്‍ പാന്റ് വഴി തലയിലേക്ക് കേറി. അയാള്‍ പിറന്നുവീണ കുഞ്ഞിന്റെ കണ്ണിലെ നിസ്സഹായതയോടെ ചുറ്റും കണ്ണോടിച്ചു.

'മോനെ .. ഇത്തവണ നെനക്ക് ജോലി കിട്ടില്ലേ?'

അമ്മയുടെ തേങ്ങലില്‍ അടര്‍ന്നുവീണ വാക്കുകള്‍ തലയ്ക്കുചുറ്റും കടന്നല്‍പോലെ കറങ്ങി.

അവസാനത്തെ കച്ചിത്തുരുമ്പും കനലെരിച്ചുപോയ വേദനയില്‍ അയാള്‍ തലങ്ങും വിലങ്ങും ഓടി. കണ്ണുകളെ പായിക്കുന്നതിനിടയില്‍ ഒരു പാതിവെന്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ണുടക്കി. അവളുടെ ശരീരം മിന്നല്‍ വേഗത്തില്‍ ബാഗുമായി പായുന്നു. അവളുടെ കയ്യില്‍ അട്ടയെപ്പോലെ ഒരു വൃദ്ധന്‍ മുറുകെപ്പിടിച്ചിരിക്കുന്നു. കല്ലുവാരിയെറിയുന്ന മഴയില്‍ അവര്‍ പലവട്ടം കാലുളുക്കിവീണു. മരണയോട്ടത്തില്‍ പതഞ്ഞൊഴുകിയ ഓടകളിലൊന്നില്‍ ആ കുഞ്ഞുശരീരത്തെ തള്ളിയിട്ട് വൃദ്ധന്‍ ബാഗിനെ മാറിലൊട്ടിച്ച് ഇടിമിന്നലിന്റെ വെട്ടത്തില്‍ അപ്രത്യക്ഷമായി. കുത്തിയൊഴുകുന്ന ചെളിവെള്ളത്തില്‍ അങ്ങിങ്ങായി അവളുടെ നിലവിളികള്‍ കേട്ടു.

എവിടെയാണ് ആ കുഞ്ഞുശരീരം മുങ്ങിത്താണത്? എവിടെ കിടന്നാണ് അവള്‍ ഒരിറ്റുശ്വാസത്തിനായി നിലവിളിക്കുന്നത്? അയാള്‍ ഭ്രാന്തമായി തിരഞ്ഞു.

ആ നഗരത്തിലെ സകല ഇരുകാലികളുടെയും മൂത്രവും മലവും തുപ്പലും അടിഞ്ഞുകൂടി കൊഴുത്ത വെള്ളത്തില്‍ മുങ്ങിക്കിടന്നുകൊണ്ട് അയാള്‍ തല നിലത്തടിച്ചു. അലറിക്കരഞ്ഞ ആ ശരീരത്തിന് മുകളിലൂടെ അതിനേക്കാള്‍ ഉറക്കെക്കരഞ്ഞുകൊണ്ട് ഒരു മരണവണ്ടി കയറി ഇറങ്ങിപ്പോയി.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios