Asianet News MalayalamAsianet News Malayalam

Malayalam Short Story : സോമ, ഗൗതം ഗംഗാധരന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗൗതം ഗംഗാധരന്‍ എഴുതിയ ചെറുകഥ  

chilla Malayalam short story by Gautam Gangadharan
Author
First Published Aug 13, 2024, 4:12 PM IST | Last Updated Aug 13, 2024, 4:16 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Gautam Gangadharan

     
സോമ

'തുരുത്തിലേക്കുള്ള ബസ്...?' 

പുലര്‍ച്ചെ ഉറക്കം തൂങ്ങിയിരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ എന്നെ ആകെയൊന്ന് നോക്കിയതിന് ശേഷം ഉടനെ വരുമെന്ന്  നേരിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു. ജോലി ഒന്നുമില്ലാതെ വീട്ടില്‍ മുഷിഞ്ഞിരുന്ന കുറേ നാളുകള്‍ക്ക് ശേഷം ആദ്യമായി ഒരു വിളി വന്നത് പ്രസാദ് എന്ന് പേരുള്ള ഒരു പബ്ലിഷിങ് ഹൗസില്‍ നിന്നാണ്. സബ് എഡിറ്ററുടെ ഒഴിവായിരുന്നു. എപ്പോഴൊക്കെയോ കിട്ടുന്ന ചെറിയ ശമ്പളത്തിന് ഒരു കൊല്ലം ജോലി ചെയ്തിരുന്നു. അതൊക്കെ വച്ചാണ് എഴുതിയത്. ചെറിയ തുകയ്ക്ക് കഴിഞ്ഞുപോകാനാവുന്ന ഒരു ജീവിയാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ടാവണം.

വെളിച്ചം വീണുതുടങ്ങിയിട്ടില്ല. ബസുകളും ആളുകളുമൊന്നുമില്ലാത്ത ബസ് സ്റ്റാന്‍ഡ്. ഒരു വൃദ്ധന്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഉറങ്ങുന്നു. എന്റെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അയാള്‍ തലയുയര്‍ത്തി നോക്കി വീണ്ടും കിടന്നു. സമയം അഞ്ചുമണിയോടടുത്തപ്പോള്‍ ബസ് വന്നു.  ബാഗുമെടുത്ത് പിറകിലെ സീറ്റുകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചു. വണ്ടി പുറപ്പെട്ടപ്പോഴും സീറ്റുകളധികവും ഒഴിഞ്ഞു തന്നെയിരുന്നു. 

പുഴ, കാടുകള്‍, പിന്നെയും പുഴ. 

'കടത്ത് കടക്കണം.  കഴിഞ്ഞ ഉരുളില്‍ പാലം പോയതാ...'കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഞെട്ടി. തകര്‍ന്ന ഒരു പാലത്തിനിപ്പുറം ബസ് നിര്‍ത്തിയിട്ടിരിക്കുന്നു. പാലത്തിന്റെ കൈവരികളില്‍ തല്ലിക്കുതിച്ചുപായുന്ന പുഴ. അറിയപ്പെടാത്തയിടത്ത് ഒരു പുലര്‍ച്ചയില്‍ എന്നെ ഉപേക്ഷിച്ച് ബസ് തിരിച്ചു പോകുന്നതുകണ്ടപ്പോള്‍ ചെറുപ്പത്തിലുണ്ടായിരുന്ന, പിന്നീടെപ്പോഴോ മറന്നുപോയ ഒരു ഭയം വീണ്ടും തികട്ടി വന്നു.

ഇങ്ങനെയൊരു ഗ്രാമത്തിലായിരിക്കുമോ പബ്ലിഷിങ് ഹൗസ്? 

അഡ്രസ്സിലെ സ്ഥലം ഇതുതന്നെയാണ്. വഴി ചോദിക്കാന്‍ ഒരാളെയും കാണാനില്ല. ഏതെങ്കിലും കടവിന്റെയോ തോണിക്കാരന്റയോ ലക്ഷണങ്ങളുമില്ല. സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ തോണിയില്‍ എത്തിപ്പെടേണ്ട ഒരു സ്ഥലത്ത് ഇതുവരെ പോയിട്ടില്ല. പുഴക്കരയിലൂടെ കുറച്ച് ദൂരം നടന്നു. വെളിച്ചം വീണു തുടങ്ങിയപ്പോള്‍ ഓരത്ത് കയറും വള്ളിയുമൊക്കെ ചേര്‍ത്തുണ്ടാക്കിയ ചെറിയ  നടപ്പാലം കണ്ടു. ഒരാള്‍ക്ക് കഷ്ടി, പിടിച്ചുപിടിച്ച് നടന്നു പോകാം. കേറിയപ്പോള്‍ തന്നെ അത് ആകെമാനം ഇളകി. ആദ്യമുണ്ടായ  ആത്മവിശ്വാസം പകുതിയെത്തിയപ്പോള്‍ പോയി. പേടി വന്ന് മൂടി. കാല് ഇടയ്ക്കിടെ വള്ളിക്കിടയിലൂടെ താഴ്ന്നു പോയി. ചിലപ്പോള്‍ കുടുങ്ങി. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ലല്ലോയെന്ന കാര്യം എന്തുകൊണ്ടോ അപ്പോഴെനിക്ക് ഓര്‍മ്മവന്നു. കാല് വലിച്ചെടുത്ത് വീണ്ടും വിറച്ചുവിറച്ച് മുന്നോട്ട് നടന്നു. നെറ്റി വിയര്‍ത്തു. തിരിച്ചുപോയാലോ എന്ന് ആലോചിച്ചു. മുന്നോട്ടുള്ള അത്രയുംതന്നെ പിറകിലേക്കും പോകാനുണ്ട്. പാലവും പുഴയും തമ്മിലുള്ള അകലം തീരെ കുറവാണ്. ഇടയ്ക്ക് വേരില്‍ നിന്നും വഴുതി കാല് താഴോട്ട് പോകുമ്പോള്‍ പുഴയുടെ കുതിപ്പറിയാം. വേച്ച്, വലിച്ച് ഞാന്‍ മറുകരയെത്തി. 

മരങ്ങളും കുറ്റിച്ചെടികളും മാത്രമുള്ള ആ പ്രദേശം പെട്ടെന്നവസാനിക്കുന്നു. കാടുകള്‍ വളര്‍ന്നുമുറ്റി നിന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് ടാറിട്ട റോഡിലേക്കാണ്. ഇനിയും ഉറങ്ങി എഴുന്നേറ്റിട്ടില്ലാത്ത ചെറിയ ഒരു പട്ടണം എനിക്കുവേണ്ടി കാത്തിരിക്കുന്നു. 

പ്രസാദ് പബ്ലിഷിംഗ് ഹൗസ്. പഴയ ലിപിയിലെഴുതിയ പെയിന്റ് പൊളിഞ്ഞിളകിയ നീലയില്‍ വെള്ള എഴുത്തുള്ള ഒരു ബോര്‍ഡ് നോക്കിച്ചിരിച്ചു. ഞാനതിനുമുന്നിലിരുന്നു. ചിത്രകഥകളിലെ ദൈവത്തെപ്പോലെ നീണ്ട താടിയുള്ള ഒരു മനുഷ്യന്‍ ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ചിരിച്ചു നില്‍ക്കുന്നത് കണ്ടാണ് കണ്ണ് തുറന്നത്. വീണ്ടും ഉറങ്ങിപ്പോയിരുന്നു. പ്രസാദ് പബ്ലിഷിംഗ് ഹൗസ് തുറന്നിട്ടുണ്ട്.

'ഞാന്‍ പ്രസാദ്... അകത്തേക്ക് വരൂ'. മറ്റൊന്നും ആലോചിക്കാതെ ബാഗുമെടുത്ത് അയാളുടെ പിന്നാലെ നടന്നു. പ്രസാദ് അവിടെയുണ്ടായിരുന്ന ഒരേയൊരു മേശയ്ക്കപ്പുറമിരുന്നു. 

ചെറിയൊരു മുറിയാണത്. പഴയ പുസ്തകങ്ങള്‍ ഒരുപാടുണ്ട്. പുറംചട്ടയില്ലാത്തവ, ബൈന്റ് ചെയ്യാതെ  കടലാസുകെട്ടുകള്‍ മാത്രമുള്ളവ, പുതുമണം മാറാത്തവ. മനുഷ്യരുടെ പല തലമുറകളെപ്പോലെ അവരങ്ങനെ കിടന്നു. കുറച്ച് പുസ്തകങ്ങളും പേപ്പറുകളും മറ്റും മേശയക്ക് മുകളില്‍  ചിതറിക്കിടക്കുന്നു. ശബ്ദതാരാവലിയുണ്ട്. പഴയ ഒരു കമ്പ്യൂട്ടറും പ്രിന്ററുമുണ്ട്.

'ടെന്‍ഷനൊന്നും വേണ്ട. ഇവിടെയങ്ങനെ കനപ്പെട്ട ജോലികളൊന്നുമില്ല. സെല്‍ഫ് പബ്ലിഷ് ചെയ്യാന്‍ കുറച്ചുപേര്‍ വരും. റിട്ടയേര്‍ഡ് ആയവര്‍, ചെയ്ത പാപങ്ങള്‍ ഏറ്റുപറയാന്‍  നടക്കുന്നവര്‍,  സാധാരണക്കാര്‍'. അയാള്‍ ചിരിച്ചു.  'പിന്നെ ചിലരുടെ ആത്മകഥ നമ്മള്‍ തന്നെ എഴുതേണ്ടി വരും. അതൊക്കെ ഒന്ന് റെഡിയാക്കി എടുത്താ മതി. ശമ്പളത്തെക്കുറിച്ച് നമ്മള്‍ സംസാരിച്ചിട്ടുണ്ടല്ലോ?' ആ ചോദ്യത്തിന് അയാള്‍ മറുപടി പ്രതീക്ഷിച്ചില്ലെന്ന് തോന്നി. 

മേശയ്ക്കുള്ളില്‍ നിന്നും ഒരുകെട്ട് പേപ്പറെടുത്ത് അയാളെനിക്കുനേരെ നീട്ടി.

'ഒരോര്‍മക്കുറിപ്പാണ്. താനിതൊന്ന് വായിക്ക്. എന്താ തോന്നുന്നതെന്ന് പറ'

ഞാനത് വാങ്ങി താഴെ വയ്ക്കുന്നതിന് മുന്നേ അയാള്‍ക്ക് നിഷ്‌കളങ്കമായ ഒരു ചിരി കൊടുത്തുകൊണ്ട് ഒരു പെണ്‍കുട്ടി അങ്ങോട്ടുവന്നു.  'വര്‍ക്ക് തുടങ്ങിയിട്ടുണ്ട് ടീച്ചറെ. മുഴുവനും വായിച്ചു. ഒരു ലൈഫ് ഉണ്ട്.' പ്രസാദേട്ടന്‍ പറഞ്ഞു. അയാള്‍ കണ്ണുകള്‍ കൊണ്ട് എന്റെ കയ്യിലിരിക്കുന്ന ഓര്‍മക്കുറിപ്പ് തൊട്ട് അവളിലേക്ക് ചൂണ്ടി.

ഞാന്‍ ചോദ്യഭാവത്തില്‍ നോക്കി.

അയാള്‍ കണ്ണടയ്ക്ക് മുകളിലൂടെ എന്നെ നോക്കി അതുറപ്പിച്ചുകൊണ്ട് തലയനക്കി. പ്രസാദേട്ടന്‍ ചൂണ്ടിക്കാണിച്ച ചില പേപ്പറുകളില്‍ ഒപ്പിട്ട് അവള്‍ ഇറങ്ങി.

ഉടനെ പബ്ലിഷ് ചെയ്യേണ്ട മറ്റൊരു മാറ്ററില്‍ പണിയെടുക്കേണ്ടിവന്നതിനാല്‍ അന്ന് പകല്‍  ഓര്‍മക്കുറിപ്പിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞില്ല. സ്ത്രീ സഹജമായ എല്ലാ പ്രത്യേകതകളോടും കൂടി ആ കടലാസുകെട്ടുകള്‍ എന്റെ ക്ഷമ നശിപ്പിച്ചുകൊണ്ടേയിരുന്നു. 

സഞ്ചാരികളെ കബളിപ്പിക്കാന്‍ ആരോ തയ്യാറാക്കിയ കണ്‍കെട്ടുപോലെ ആ ചെറുപട്ടണം മിക്കപ്പോഴും, ആളുകളൊന്നുമില്ലാതെ ഒഴിഞ്ഞുകിടന്നു. കുറച്ച് കടകള്‍ മാത്രമുള്ള, പട്ടണമെന്ന് വിളിക്കാവുന്നയിടം അവസാനിച്ച് വീടുകള്‍ തുടങ്ങുന്നയിടത്തായിരുന്നു എന്റെ വാസസ്ഥലം. കെട്ടിട ഉടമയായ വൃദ്ധയായ സ്ത്രീയുടെ വീട് അടുത്ത് തന്നെയാണ്. വാടക മൂവായിരം അവര്‍ ആദ്യമേ വാങ്ങി. ഒറ്റയ്ക്കാണെന്ന കാര്യം എഴുതി ഒട്ടിച്ചതുപോലെ കിടക്കുമ്പോള്‍ ഞെരുങ്ങുന്ന ഒരു സിംഗിള്‍ കട്ടിലും അയയും മേശയും പൊടിപിടിച്ച ഒരു പഴയ കസേരയും മുറിയിലുണ്ടായിരുന്നു. 

അനഘയെ ഞാന്‍ വിവാഹം കഴിച്ചിട്ട് അധികമൊന്നുമായില്ല. അവള്‍ക്ക് ഗവണ്മെന്റ് ജോലിയുണ്ട്. അവളുടെ കാര്യം അവള്‍ നോക്കും. ചിലപ്പോള്‍ എന്റേയും. കല്യാണം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷം എന്റെ ജോലി പോയി. കുറേയധികം നാള്‍ ഞാന്‍ വീട്ടില്‍ ഒതുങ്ങിയിരുന്നു. വൈകുന്നേരത്തെ ചായക്കുള്ള പലഹാരങ്ങളുമായി അവള്‍ ഓട്ടോയില്‍ വന്നിറങ്ങുന്നത് കാത്തിരിക്കുക എന്റെ പതിവായി. വാക്കുകൊണ്ടോ നോക്കുകൊണ്ടോ എന്റെ വെറുതെ ഇരിപ്പില്‍ അവള്‍ പ്രതിഷേധം പ്രകടിപ്പിച്ചില്ല. എന്നെ പരിപാലിക്കുന്നതില്‍ അവള്‍ ഉദാത്തമായ ഏതോ ആനന്ദം കണ്ടെത്തിയിരുന്നു എന്ന് ഞാന്‍ സമാധാനിച്ചു. പരുക്കനായ പുതിയ മുറിയെ പരിചയപ്പെട്ട്, കുളിച്ച് ടീച്ചറുടെ ഓര്‍മക്കുറിപ്പുമായി ഞാന്‍ കിടക്കയിലേക്ക് മറിഞ്ഞു.

'...മഞ്ഞുപുതഞ്ഞ അനാദിയായ ഒരു പര്‍വതം പോലെ, ഒരു നഗരത്തിലെ ഉച്ചചൂടില്‍ ചുട്ടു പഴുത്ത കോണ്‍ക്രീറ്റ് നടപ്പാതയിലൂടെ കാറ്റില്‍ ഒഴുകിയകലുന്ന ഒരു തളിരില പോലെ, ഒരു മഴക്കാലം പോലെ, ഞാന്‍....'

കുറച്ച് പൈങ്കിളിയാണ്. മുഴുവനും പ്രെഡിക്റ്റബിള്‍. ഒരു ടീച്ചര്‍ എന്താണ് എഴുതുക എന്നൊക്കെ ഊഹിക്കാവുന്നതേ ഉള്ളൂ. കുട്ടികളുമൊത്തുള്ള കുറച്ച് ഓര്‍മ്മകള്‍, ബാല്യം, ഒരു നഷ്ടപ്രണയം. കുടുംബം. പ്രതീക്ഷകള്‍. ഒരാത്മകഥ എഴുതാന്‍ മാത്രം അവള്‍ക്ക് പ്രായമായോ? ആത്മകഥ എഴുതാന്‍ പ്രായമാകണമെന്നുണ്ടോ? ഞാന്‍ തുടര്‍ന്നു വായിച്ചു.

'എന്റെ ജീവിതത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച എട്ടു പുരുഷന്മാരുണ്ടായിട്ടുണ്ട്. എല്ലാവരെയും ഞാന്‍ അഗാധമായി സ്‌നേഹിച്ചു. അവര്‍ എന്നെയും എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു.'

കട്ടിലൊന്ന് ഞെരുങ്ങി. വാക്കുകളുടെ ഒരു ചുഴിയിലേക്ക് ആ വരികള്‍ എന്നെ വീഴ്ത്തി.

അവളെക്കുറിച്ച് അത്യാവശ്യം വിവരങ്ങള്‍ ഞാനതില്‍ നിന്നും മനസിലാക്കി. പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. ബി.എഡ് പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലെത്തി. ഇപ്പോള്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ അവളുടെ അച്ചാച്ചന്‍ തുടങ്ങിയതാണ്. അച്ഛനും അമ്മയും ഡല്‍ഹിയില്‍ തന്നെ ജോലി ചെയ്യുന്നു. അവരങ്ങനെ നാട്ടിലേയ്ക്ക് വരാറില്ല. കൂടെ ഇപ്പോള്‍ അമ്മമ്മ മാത്രം. എഴുത്തില്‍ അത്ര വലിയ ഭാഷയൊന്നുമില്ല. പക്ഷെ പറയുന്നത് ജീവിതമാണ്. ഞാന്‍ തുടര്‍ന്നു.

'എനിക്ക് പലപ്പോഴും എന്നെ നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ട പുരുഷന്മാര്‍ അടുത്ത് നിന്നാല്‍ എന്റെ കണ്ണുകള്‍ കൊണ്ട് ഞാനവരെ ഭോഗിക്കും. പോകെ പോകെ, ദുരെ നടന്നു പോകുന്ന പുരുഷന്മാരെ കാണുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ അവരെങ്ങനെയായിരുക്കുമെന്ന് എനിക്ക് കാണാന്‍ കഴിയുന്നു. അവര്‍ ഓരോരുത്തരും എനിക്ക് മുന്നില്‍ നഗ്‌നരാകുന്നു .

ഞാന്‍ പാപിയൊന്നുമല്ല. സ്‌നേഹത്തില്‍ ഉരുവം കൊള്ളുന്ന ഒരു പ്രവൃത്തിയും പാപമല്ല. ആരെയെയും വേദനിപ്പിക്കാത്ത ആനന്ദങ്ങളൊന്നും പാപമേയല്ല.'

വായിച്ചുകൊണ്ടിരിക്കെ നഗ്‌നനാകുന്നതുപോലെ തോന്നി. രാവിലെ ചിരിച്ച അവളുടെ മുഖമോര്‍ത്തു. എഴുത്ത് കവിതകള്‍ പോലെ അവിടവിടങ്ങളിലായി മുറിഞ്ഞും ചിതറിയും കിടക്കുകയാണ്. ഇടയ്ക്ക് ചില താളുകള്‍ ശൂന്യമാണ്. പക്ഷെ വില്‍പ്പന സാധ്യതയുണ്ട്. പ്രസാദ് പബ്ലിഷിങ് ഹൗസും പ്രസാദും ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും.

പിറ്റേന്ന് ടീച്ചറോട് പെരുമാറാന്‍ എനിക്കല്പം അസ്വസ്ഥത തോന്നി. പ്രസാദേട്ടനോട് സംസാരിക്കുമ്പോള്‍ ഇടങ്കണ്ണിട്ട് ഞാനവളെ നോക്കി. പയ്യെ, വളരെ പയ്യെ തീര്‍ത്തും അപരിചിതമായ ഒരു ഗന്ധം അധികം വലിപ്പമില്ലാത്ത ആ മുറിയാകെ വ്യാപിച്ചു. എല്ലാ സ്ത്രീകള്‍ക്കും പ്രത്യേകമായ ഒരു ഗന്ധമുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഉറുമ്പുകളിലെ ഫെറോമോണുകള്‍ പോലെ അത് ആരെയൊക്കെയോ വഴി നടത്തുന്നു. ഈ ഗന്ധം എനിക്ക് തീര്‍ത്തും പുതിയതായിരുന്നു. അവള്‍ ഒപ്പമുള്ളപ്പോഴല്ലാതെ മറ്റെവിടെനിന്നും അത് അനുഭവപ്പെടാനാവില്ലല്ലോയെന്ന ലജ്ജാരഹിതമായ ഒരുതരം നഷ്ടബോധം എനിക്കുണ്ടായി. എന്റേത് പ്രണയ വിവാഹമായിരുന്നു. കോളേജിലെ മൂന്ന് വര്‍ഷവും ഞങ്ങള്‍ നിര്‍ത്താതെ പ്രണയിച്ചു. അനഘയോട് ഇഷ്ടം തോന്നിയതില്‍ പിന്നെ ഒപ്പം ജീവിക്കണമെന്ന് ആഗ്രഹം തോന്നിയ സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും അടുത്തുണ്ടാവണമെന്നും സംസാരിക്കണമെന്നും തോന്നിയ, അകലാന്‍ വിഷമമുണ്ടാക്കുന്ന ആരും ഉണ്ടായിട്ടില്ല.  ഈ ടീച്ചറോടും എനിക്ക് അത്തരത്തില്‍ ഒരു താല്പര്യവും തോന്നിയില്ല. ഏതോ പര്‍വതത്തിന് മുകളില്‍ കയറി നിന്ന് മാജിക്ക് കാണിക്കുന്ന നാടോടി മായാജാലക്കാരനെപ്പോലെ അവള്‍ ഉച്ചത്തില്‍ കഥകള്‍ പറയുന്നു. അവളില്‍ നിന്നും, രഹസ്യഗമനങ്ങള്‍ നിറഞ്ഞ അവളുടെ കഥകളില്‍ നിന്നും ഞാന്‍ എത്രയോ അകലെയാണ്.

കവലയില്‍ രണ്ട് ചായക്കടകളെ ഉണ്ടായിരുന്നുള്ളൂ. അന്ന് ഞായറാഴ്ചയായതുകൊണ്ട് ഒരെണ്ണം മാത്രമെ തുറന്നിട്ടുള്ളൂ. ഞാന്‍ ചായകുടിച്ചുകൊണ്ടിരുന്നു. അവള്‍ കടയിലേക്ക് വരുന്നുണ്ട്. സ്‌കൂളിലെ യൂണിഫോം സാരിയാണ് ധരിച്ചിട്ടുള്ളത്. ആരുടെയും ഓര്‍മയിലേക്ക് എളുപ്പം കയറിപ്പോവുന്നയത്രയും പച്ച നിറമായിരുന്നു അതിന്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അലസമായ ഒരു വൈകുന്നേരത്ത് പോലും ഈ നിറത്തേക്കുറിച്ച് എനിക്ക് എളുപ്പം ഓര്‍ത്തെടുക്കാനായേക്കും. ഉച്ചയോടടുത്ത എന്നാല്‍ അധികം ചൂടാനുഭവപ്പെടാത്ത, കിഴക്ക് നിന്നും നിര്‍ത്താതെ കാറ്റുവീശിക്കൊണ്ടിരിക്കുന്ന ആ നിമിഷത്തില്‍ അവള്‍ കടയിലേക്ക് കയറി വരുന്ന കാഴ്ച്ചയ്ക്ക് അങ്ങനെ ചില പ്രത്യേകതകള്‍ കൂടി ഉണ്ടായിരുന്നു. അത് മനോഹരമായിരുന്നു.  പക്ഷെ എഴുത്തുകള്‍ വായിച്ച് തുടങ്ങിയിട്ടും അകല്‍ച്ചയല്ലാതെ മറ്റൊന്നും എനിക്കവളോട് തോന്നിയില്ല. അവള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ വീണ്ടും വീണ്ടും ഞാന്‍ നഗ്‌നനാകുന്നത് പോലെ തോന്നി. ഏതോ പുസ്തകം വായിച്ചു കൊണ്ടാണ് അവള്‍ ചായയും സമോസയും കഴിച്ചത്. മുടിയിഴകള്‍ പുസ്തകത്തിലേക്ക് വീണുകൊണ്ടിരുന്നു. അത് ചില അക്ഷരങ്ങളുടെ വള്ളിയിലും മറ്റും കൊരുത്തു. 

കാശുകൊടുക്കാന്‍ എത്തിയപ്പോള്‍ അവളും പിന്നാലെയുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ പേര് ചോദിച്ചു. പേര് പറയാതെ ഞാന്‍ ചിരിക്കുക മാത്രം ചെയ്തു.

'സിദ്ധാര്‍ഥ്'. അവര്‍ വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.

'സോമ' ചോദിക്കാതെ തന്നെ അവള്‍ പറഞ്ഞു

'പ്രസാദില്‍ അല്ലെ, നമ്മള്‍ ഇന്നലെ കണ്ടിരുന്നു'. അവള്‍ സംസാരിച്ച് തുടങ്ങിയെങ്കിലും മറ്റൊന്നും പറയാതെ ഞാന്‍ നടന്നകന്നു.

'...എന്റെ ആദ്യ കാമുകന്‍ എന്നെ തൊട്ടിട്ടേയില്ല. നാല് വര്‍ഷം ഞങ്ങള്‍ പ്രേമിച്ചു. മറ്റാരോ പറഞ്ഞാണ്, അന്ന് അവന്റെ വിവാഹമാണെന്ന് അറിഞ്ഞത്. അവനത് എന്നോട് നേരിട്ട് പറയാമായിരുന്നു. വിവാഹം ചെയ്യാന്‍ പോകുന്നത് എന്റെ കൂട്ടുകാരിയെയാണ്. അവളും എന്നോടൊന്നും പറഞ്ഞില്ല. എനിക്ക് ഒരിക്കലുമത് താങ്ങാനാവില്ല എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. ചുറ്റുമുള്ള എല്ലാവരും എന്നോട് വലിയ സഹതാപത്തോടെ പെരുമാറി. പക്ഷെ ഒന്ന് മാറി നില്‍ക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായതൊഴിച്ചാല്‍ വലിയ പ്രശ്‌നമൊന്നും തോന്നിയില്ല. ഒരു അത്ഭുതം. ഒരു തത്വദര്‍ശനം. എല്ലാം എനിക്ക് നേരത്തെ അറിയാമായിരുന്നത് പോലെ. ഈ വഴി ഞാന്‍ പോയിയിട്ടുള്ളത് പോലെ...'

പിന്നെയും ഞങ്ങള്‍ കണ്ടു. ചിരിച്ചു. വഴിപിരിഞ്ഞ് നടന്നുപോയി. പിന്നെയും ഞാന്‍ അവളെ വായിച്ചു. ആകാവുന്നത്ര ദൂരെ നടന്നു. പക്ഷെ, എന്തുകൊണ്ടോ എല്ലാ പ്രതിരോധങ്ങളും അവസാനിച്ച്, തോറ്റ് ഒരു ദിവസം ഞാന്‍ എന്നെ അവള്‍ക്കരികില്‍ കണ്ടെത്തി. യാതൊരു മറയുമില്ലാതെ, ലോകം മുഴുവനും പ്രതിഫലിപ്പിക്കുന്ന വലിയൊരു നിലകണ്ണാടി പോലെ സോമ എന്റെയടുത്ത് കിടന്നപ്പോള്‍ മരയഴികളുള്ള പഴയ ആ ജനാലയിലൂടെ വൈകുന്നേരത്തെ വെയില്‍ ഉതിര്‍ന്നുകൊണ്ടിരുന്നു. അവളുടെ കഴുത്തിലെ നേര്‍ത്ത രോമങ്ങള്‍ സ്വര്‍ണമായി. മായ്ച്ചുകളയാനാവാത്ത ഒരു ടാറ്റൂ പോലെ എന്റെ ചുണ്ടുകള്‍ അവിടെ പതിഞ്ഞു.

സംഭവിക്കാന്‍ യാതൊരുവിധ സാധ്യതയും ഇല്ലാത്തിരുന്നിട്ടു കൂടി മനസുകൊണ്ട് ഞാന്‍ ഈ കൂടിച്ചേരല്‍ ഒഴിവാക്കികൊണ്ടേയിരുന്നിരുന്നു.  ഓര്‍മക്കുറിപ്പിലെ ഓരോ അധ്യായങ്ങള്‍ വായിച്ചപ്പോഴും ഞാന്‍ അവളെ പഴിച്ചിരുന്നു. പക്ഷെ വളരെ കരുതികൂട്ടി വേണ്ടെന്ന് വച്ച എല്ലാ വഴികളും എന്നെ ഇവിടേക്ക് നയിച്ചു. ചില വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ മുന്നോട്ട് പോകുന്നതായി തോന്നുന്നത് വെറുതെയാണ്. നാം അതിലൂടെ നടക്കുകയും, ചിലപ്പോള്‍ ഓടുകയും ചെയ്‌തേക്കാം. പക്ഷെ താഴോട്ട് മാത്രം സഞ്ചാരം സാധ്യമാകുന്ന ഒരു ഇറക്കമായിരിക്കുമത്. താഴോട്ട് മാത്രം വലിച്ചടുപ്പിക്കുന്ന ഒരു ചുഴി.  മറ്റുചിലപ്പോള്‍ എത്തിയയിടത്തു തന്നെ വീണ്ടുമെത്തുന്ന ഒരിക്കലും അവസാനിക്കാത്ത, മടുപ്പിക്കുന്ന വൃത്തം.

സമൃദ്ധമായ അവളുടെ തുടകളില്‍ ഞാന്‍ ചുംബിച്ചു. ആകാശത്ത് മിന്നല്‍പ്പിണരുകളുണ്ടായി. ഒരിക്കല്‍, രണ്ടു തവണ, പല തവണ ഞങ്ങളുടെ ശരീരങ്ങള്‍ പരസ്പരം തൊട്ടു. ഇണചേരുന്ന എല്ലാ സ്ത്രീകളും പുരുഷന്മാരും തമ്മിലുണ്ടാകുന്ന താത്കാലികമോ സ്ഥിരമോ ആയ കരാര്‍ പോലെ ഞങ്ങള്‍ തമ്മിലും ചില അപ്രഖ്യാപിത വ്യവസ്ഥകളുണ്ടായിരുന്നു. എനിക്കവളോട് ഒരിക്കലും ആത്മാര്‍ത്ഥമായ സ്‌നേഹം തോന്നില്ലെന്ന് ഞാന്‍ പലയാവര്‍ത്തി ഉറച്ചു വിശ്വസിച്ചു. പക്ഷെ, പരസ്പരസമ്മതപ്രകാരമുള്ള ശാന്തസുന്ദരമായ, സ്വര്‍ഗീയമായ രതിയ്ക്ക് ശേഷവും ചിലപ്പോള്‍ സ്‌നേഹം സംഭവിച്ചേക്കാമെന്ന് കണ്ട് ഞാന്‍ അമ്പരന്നു. സ്‌നേഹരഹിതമായ രതി ഒരിക്കലും എനിക്ക് ഉള്‍കൊള്ളാനാവുന്ന ഒന്നായിരുന്നില്ല.  പക്ഷെ സോമയ്‌ക്കൊപ്പം രതിയിലൂടെ മാത്രം സഞ്ചരിച്ചപ്പോഴും സ്‌നേഹത്തിന്റെ ഉപേക്ഷിക്കപ്പെട്ട ഈ ദ്വീപില്‍ ഞാന്‍ എത്തിച്ചേരുന്നു. 

സോമയ്ക്ക് പല ആണ്‍കൂട്ടുകളും ഉണ്ടായിരുന്നു. അവള്‍ മറ്റു പുരുഷന്‍മാരേക്കുറിച്ച് പറയുന്നത് ഒരു  പുസ്തകം വായിക്കുന്നത് പോലെ ഞാന്‍ കേട്ടിരുന്നു. പണക്കാരായ അവളുടെ ചില സുഹൃത്തുക്കള്‍ അവള്‍ക്കു മുന്നില്‍ സങ്കടങ്ങള്‍ പറഞ്ഞ് കരഞ്ഞതും, ലൗ ബൈറ്റുകള്‍ എങ്ങനെ ഉണ്ടാക്കാമെന്നതിനെക്കുറിച്ചും, ചെറിയൊരു പുഞ്ചിരിയോടെ പുച്ഛത്തോടെ ഞാന്‍ കേള്‍ക്കുകയും പകുതി വായിച്ചറിയുകയും ചെയ്തു. 'നമുക്ക് അത്രേം അടുപ്പം തോന്നുന്നവരോട് പോരെ ഇതൊക്ക'? ഞാന്‍ സംശയത്തോടെ ചോദിച്ചു. 'മതിയോ'? അവള്‍ ചിരിച്ചു.

രണ്ട് മൂന്ന് ദിവസത്തിനകം ഒരു രാത്രി, നേരിയ വെളിച്ചത്തില്‍ ഞാന്‍ ആ ഓര്‍മക്കുറിപ്പിന്റെ ബാക്കി വായിച്ചു തുടങ്ങി.

'...എനിക്ക് എല്ലാവരോടും സ്‌നേഹം തോന്നും. അനന്തമായ സ്‌നേഹം. എനിക്കൊരിക്കലും അത്  നിയന്ത്രിക്കാനാവില്ലല്ലോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരാള്‍ എന്റെ മുറിയിലേക് വരുന്നത് എനിക്ക് അയാളോടുള്ള കാമം കൊണ്ട് മാത്രമല്ല, സ്‌നേഹം കൊണ്ടുകൂടിയാണ്. രതിയില്‍ എപ്പോഴും ഒരു ശൂന്യത ഉള്‍ച്ചേര്‍ന്നിട്ടുള്ളതായി ഞാന്‍ കരുതുന്നു. സ്‌നേഹം കൊണ്ട് മാത്രം പൂരിപ്പിക്കപ്പെടാനാവുന്ന ഒരു ശൂന്യത. പദപ്രശ്‌നത്തിലെ വിട്ടുപോയ അക്ഷരങ്ങളെപ്പോലെ ഞാനത് പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു. പുരുഷന്മാരോട് ഒരു ബന്ധവുമില്ലെങ്കില്‍ പോലും സത്യം പറയാന്‍ പറ്റില്ല എന്നതാണ് പ്രശ്‌നം. ഒരു ബന്ധവുമില്ലെങ്കില്‍ പോലും അവര്‍ പോസസീവ് ആവുന്നു. ഇന്നലെ കണ്ട ആളുകള്‍ക്ക് പോലും മറ്റൊരു പുരുഷനെക്കുറിച്ച് പറയുമ്പോള്‍, സഹിക്കാനാവുന്നില്ല. 

തണുത്ത ബിയര്‍, നല്ല ഭക്ഷണം, ഒരിക്കലുമവസാനിക്കാത്ത ആനന്ദമൂര്‍ച്ചകളും!

രണ്ടാമത്തെയാള്‍ ഒരു ഡോക്ടറായിരുന്നു. ഒരു പാവം പണക്കാരന്‍. കുറച്ച് നാളുകള്‍ ഞങ്ങള്‍ ആഘോഷിച്ചു. പിന്നാലെ അയാളുടെ സുഹൃത്തുക്കളില്‍ ഒരാള്‍ എന്നില്‍ താല്പര്യം പ്രകടിപ്പിച്ചു. അയാളത് എന്നോട് ഒരു മടിയും കൂടാതെ തുറന്നുപറഞ്ഞു. ആദ്യം മടി ഉണ്ടായിരുന്നു. എന്റെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നെങ്കിലും അവര്‍ക്കൊപ്പം ഞാന്‍ തീരെ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. പിന്നീട് ഒറ്റയ്ക്കാകണമെന്ന് തോന്നിയപ്പോള്‍ എല്ലാവരെയും ഞാന്‍ ആട്ടി പുറത്താക്കി. ഐ ഡിച്ച്ഡ് ഓള്‍ ഓഫ് ദം....'

'ഇതൊക്കെ ചവറാണ് എന്റെ ടീച്ചറെ, നിങ്ങള് വേണ്ടത്ര പുരുഷന്മാരെ കാണാഞ്ഞിട്ടാണ്'. ഒരിക്കല്‍ സഹികെട്ട് ഞാന്‍ അവളോട് പറഞ്ഞു.

'ആ നമ്പര്‍ ഒന്ന് പറഞ്ഞാല്‍ ശ്രമിച്ച് നോക്കാമായിരുന്നു'. സോമ പറഞ്ഞു.

ഏത് നമ്പര്‍? ഞാന്‍ ചോദിച്ചു.

'വേണ്ടത്ര പുരുഷന്മാരുടെ നമ്പര്‍'. അവള്‍ ചിരിച്ചുകൊണ്ട് അടുത്ത മുറിയിലേക്ക് പോയി.

ഒരിക്കല്‍, പ്രളയങ്ങള്‍ക്കും ഉച്ചമയക്കങ്ങള്‍ക്കും ശേഷം അവള്‍ കുളിച്ചുകൊണ്ടിരിക്കെ ഞാനും അകത്തേയ്ക്ക് കയറി. സോപ്പുകൊണ്ട് ഞാന്‍ അവളുടെ കവിളുകളില്‍ തൊട്ടു.

'സിദ്ധു...എനിക്ക് ഡേഷാവു അനുഭവപ്പെടുന്നു. ഇതൊക്കെയും മുമ്പേപ്പോഴോ നടന്നിട്ടുള്ളത് പോലെ. അയാളെന്നെ കുട്ടിയെപ്പോലെ കുളിപ്പിച്ചിരുന്നു. പിന്നീട് തോര്‍ത്തി തരും. സോമ പറഞ്ഞു. അവള്‍ നിമിഷനേരം കൊണ്ട് മറ്റാരോ ആയി മാറുന്നു. ഞാന്‍ കുളിമുറിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങി പുറത്തേക്ക് പോകുന്ന അഴുക്കും മുടിനാരുകളും നിറഞ്ഞ ഡ്രെയിനിലേക്ക് നോക്കി. മേല് തുടച്ച് പുറത്തേയ്ക്ക് നടന്നു. അവള്‍ കുളിക്കുന്നത് തുടര്‍ന്നു.

സോമയ്ക്കൊപ്പം കഴിഞ്ഞതിനു ശേഷം ഞാന്‍ സ്വയം ഒരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നു. അല്പം പോലും പൊസസീവ് ആകാതെ ഒരു സ്ത്രീയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനാവുമോ എന്നറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് കഴിയുമെന്ന് വിചാരിച്ചു. പക്ഷെ പോകെ പോകെ, സോമ അവളുടെ പുരുഷ സുഹൃത്തുക്കളെ കുറിച്ച് പറയുമ്പോള്‍ എന്റെ ഉള്ളില്‍ മറ്റേതോ കാലത്തുനിന്നും ഒരു കടലുയരുന്നു. ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, ഞാന്‍ യാതൊരു വിധ പൊസസീവ്‌നെസും പ്രകടിപ്പിക്കാതിരുന്ന സമയത്തും അവള്‍ പലപ്പോഴും അത് മാനിച്ചുകൊണ്ട് സംസാരിക്കുമായിരുന്നു എന്നതാണ്. എനിക്കുള്ളില്‍ ദീര്‍ഘസുഷുപ്തിയിലാണ്ടു കിടന്ന വെടിയേറ്റ ആ പഴയ വേട്ടമൃഗത്തെ പരിചയമുള്ളത് പോലെ അവളുടെ പല സന്ദര്‍ശനങ്ങളും എന്നോട് പറയാമായിരുന്നിട്ടും അവള്‍ മറച്ചുവെച്ചു. ഞാന്‍ അവളെ വായിച്ചുകൊണ്ടിരുന്നു.

'...ചിലപ്പോള്‍ എന്റെ നഷ്ടപ്പെട്ട നിഷ്‌കളങ്കതയെ ഓര്‍ത്തോര്‍ത്ത് ഞാന്‍ കരയും. മുത്തശ്ശി എന്നെ ചുംബിക്കാറുണ്ടായിരുന്ന കാലം. രാത്രികളില്‍, നാട്ടില്‍ വരുമ്പോള്‍  തൊടിയുടെ ഓരത്തിരുന്ന് ഞങ്ങള്‍ ആകാശം നോക്കിയിരിക്കും. ആയിരം അമ്പുകളുള്ള, നക്ഷത്രങ്ങള്‍ തുന്നിയ ചിറകുകളുള്ള ഇറോസ് ദേവന്‍ എനിക്കുവേണ്ടി മാത്രം ഭൂമിയിലേക്ക് വരും....'

അവള്‍ക്ക് വല്ല രോഗവുമുണ്ടാകുമോ? പേഴ്‌സണാലിറ്റി ഡിസോര്‍ഡറുകള്‍ പോലെ വല്ലതും? ഞാന്‍ അവളെ നിര്‍വചിക്കാന്‍ ശ്രമിച്ചു. 

ഞാന്‍ അവള്‍ക്കുള്ളിലും അവള്‍ക്കു മുകളിലുമുള്ളപ്പോള്‍, ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം കണ്ടുമുട്ടുന്നു. ലോകത്തേറ്റവും വിലപിടിപിള്ള രണ്ട് രത്‌നങ്ങള്‍പോലെ അത് തിളങ്ങുന്നു. മരണശയ്യയില്‍ പോലും മറക്കാനാവാത്ത ഒരു കാഴ്ചയായി അത് മാറുന്നു. എന്റെ കൈകളില്‍ കോരിയെടുത്ത, പ്രാചീനമായ ഏതോ നദിയിലെ ജലം പോലെ അവളുടെ മുഖം.

'...മനുഷ്യര്‍ അതിസങ്കീര്‍ണമായ ജീവികളാണ്. കറുപ്പും വെളുപ്പും മാത്രമുള്ള സദാചാര കള്ളികള്‍ക്ക് അപ്പുറം അവര്‍ക്ക് നിലനില്‍പ്പുണ്ട്. നൂറ്റാണ്ടുകളായി അവരെ അതില്‍ തളച്ചിടാന്‍ എല്ലാവരും ശ്രമിക്കുന്നു. പക്ഷെ കവിത പോലെ അവര്‍ വ്യഭിചരിക്കുന്നു. കവിതപോലെ അവര്‍ നിയമം തെറ്റിക്കുന്നു.'

ഓര്‍മക്കുറിപ്പിലെ ചിലയിടങ്ങളില്‍ സോമ ഒരു തത്വചിന്തകയാവുന്നു. അവളുടെ സ്വകാര്യമായ ആനന്ദങ്ങള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ മെനയുന്നു.

'ചിലപ്പോള്‍ ചിലര്‍ക്കുവേണ്ടി നാം ഭ്രാന്തമായി കൊതിക്കുന്നു. മറ്റൊന്നുകൊണ്ടും തൃപ്തരാവാത്ത പോലെ.'

ആ വരികള്‍ എന്നെ ആഴത്തില്‍ തൊട്ടു. പറഞ്ഞത് ശരിയാണ്. ഉദാ. ഏതോ വാക്കുപറയുമ്പോള്‍ മാത്രം ചുണ്ടുകളില്‍ ഇടറി വരുന്ന അനഘയുടെ ഒരു ചിരി കാണാനുള്ള അഗാധമായ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ വേണ്ടി എനിക്ക്  അവളെ കാണണമെന്ന് തോന്നി. അത് വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വീട്ടിലേക്ക് പോകണമെന്ന് തോന്നി.

യാത്രപറയാന്‍ സോമയുടെ വീട്ടിലേയ്ക്ക് പോയി. വെയില്‍ മങ്ങിയ വൈകുന്നേരത്ത് പഴയ ആ വീടും ചുറ്റും ഇരുണ്ട ആകാശവും കണ്ടപ്പോള്‍ എനിക്ക് കുട്ടിക്കാലം ഓര്‍മ്മവന്നു. ഞാന്‍ വീടിനടുത്തെത്തിയപ്പോഴേയ്ക്കും അവള്‍ പുറത്തേയ്ക്ക് വന്നു. മുഖവുരകളൊന്നുമില്ലാതെ ഞാന്‍ യാത്ര പറഞ്ഞു. 'എപ്പോഴാ തിരിച്ച്'? അവള്‍ ചിരിച്ചു. 

മനുഷ്യരല്ലേ..ചിലപ്പോള്‍ വന്നില്ലെങ്കിലോ? 

ഞാന്‍ പറഞ്ഞു.'എനിക്ക് നിങ്ങളെ മിസ് ചെയ്യും'. അവളുടെ ചിരി മങ്ങി. 'തികച്ചും സ്വകാര്യമായൊരു മിസ്സിങ് ജീവിതത്തില്‍ ഉണ്ടാവുന്നത് നല്ലതല്ലേ?

എന്റെ ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞില്ല.

'ആരൊക്കെ പോയാലും നിന്റെ കോണ്ടാക്റ്റ്  എപ്പോഴും വേണമെന്നുണ്ട്. സോമ പറഞ്ഞു. 

പെട്ടെന്ന് എന്തുകൊണ്ടോ എനിക്ക് രക്ഷപ്പെടണമെന്ന് തോന്നി. 'പേടിക്കേണ്ട. വിവാഹം കഴിഞ്ഞ് ഭര്‍ത്താവില്ലാത്തപ്പോ വിളിക്കാനൊന്നുമല്ല.' അവള്‍ പറഞ്ഞു.

'ആലോചിക്കാം'. ഞാന്‍ നടന്നു. വഴിയവസാനിക്കും വരെ അവള്‍ നോക്കിയിരുന്നു.

മഴ പെയ്ത് തുടങ്ങിയിരുന്നു. ഞാന്‍ റൂമിലെത്തി. പുറത്ത് ഉണങ്ങാനിട്ട രണ്ട് ഷര്‍ട്ടുകള്‍ കൂടി ബാഗിലേക്ക് വച്ചു.  കുട നിവര്‍ത്തി തിടുക്കപ്പെട്ട് ഇറങ്ങിയപ്പോഴേക്കും മഴ കനത്തു. റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു പോകുന്നുണ്ടായിരുന്നു.  ഞാന്‍ പുഴക്കരയിലേക്ക് നടന്നു. പുഴയ്‌ക്കൊപ്പം പാലം ആടിയുലയുന്നു. കലങ്ങിയ പുഴവെള്ളം പേടിപ്പിച്ചുകൊണ്ട് ഒഴുകി.

കരയ്ക്കുള്ള മണ്‍തിട്ട കയറി ഒരാള്‍ വന്നു. അത് കടത്തുകാരനാണ്. 'ഇന്ന് പോക്ക് നടക്കില്ല മൂപ്പറെ. മലക്ക് എവിടെയോ പൊട്ടിയിട്ടുണ്ട്. ഒന്ന് ഒതുങ്ങിയിട്ട് നാളെയെങ്ങാനും കേറ്'. എന്റെ ഉദ്ദേശം മനസിലാക്കി അയാള്‍ പറഞ്ഞു. അനഘയോട് ഞാന്‍ ഇന്ന് വരാമെന്ന് പറഞ്ഞതാണ്. ഫോണെടുത്ത് കുറച്ചുനേരത്തേക്ക് അവളൊന്നും മിണ്ടിയില്ല.  വരില്ലെന്ന് പറഞ്ഞതിനുള്ള മറുപടി കേള്‍ക്കും മുമ്പേ കട്ടായി. 

തിരിച്ചുപോയത് സോമയുടെ വീട്ടിലേക്കായിരുന്നു. ഞാന്‍ വരുമെന്ന് അറിയാമായിരുന്ന പോലെ അവളവിടെ തന്നെയുണ്ടായിരുന്നു. പുറത്ത് കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നപ്പോഴും മുറിയില്‍ അവളുടെ ചൂടില്‍ ഞാന്‍ ഉരുകി. സുദീര്‍ഘമായ രാത്രികള്‍, മഴത്തണുപ്പുള്ള മത്തുപിടിപ്പിക്കുന്ന പകലുകളും.

ദിവസങ്ങള്‍ കഴിഞ്ഞാണ് മഴ ഒതുങ്ങിയത്. പുഴക്കരയിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടര്‍ന്നു. സോമയുടെ ഓര്‍മ്മകുറിപ്പ് ഞാന്‍ ഇതുവരെ വായിച്ചു തീര്‍ന്നിട്ടില്ല. പേജുകള്‍ ഇനിയും ബാക്കി. ഊണ് കഴിഞ്ഞ്, ഒരു സിഗരറ്റേകിയ കൃതിമ തെളിച്ചവുമായി ഞാനത് വീണ്ടും വായിച്ചു.  ഒന്നുമുതല്‍ എട്ടുവരെ അവളുടെ ജീവിതത്തിലുണ്ടായിരുന്ന എല്ലാ പുരുഷന്മാരും അതില്‍ ഉണ്ടായിരുന്നു. അവരോടൊപ്പമുള്ള ദിനരാത്രങ്ങള്‍ , ജയ പരാജയങ്ങള്‍ എല്ലാം ഞാനറിഞ്ഞു. ചിലപ്പോള്‍ ഒരു  പരാജിതനെപ്പോലെ തോന്നി. 

'...അവന്റെ കൂട്ടുകാരോടൊത്ത് ഞാന്‍ അണ്‍കംഫര്‍ട്ടബിളായിരുന്നു. പക്ഷെ അവരെക്കൊണ്ടും ഞാന്‍ ആനന്ദമനുഭവിപ്പിച്ചു. എല്ലാത്തിനുമുപരി എന്റെ ആനന്ദങ്ങളെ അനുവദിച്ചത് ഞാനായിരുന്നു. താഴ്വരകളും കുന്നിന്‍ ചെരിവുകളുമുള്ള എന്റെ ഉടല്‍ രാജ്യത്ത് ഞാന്‍ സ്വേച്ഛാധിപതിയായിരുന്നു.'

അവളുടെ കഥ വായിച്ചപ്പോള്‍ ഞാന്‍ വേദന അനുഭവിച്ചു. അനന്തമായ കാരുണ്യവും സ്‌നേഹവും അനുഭവിച്ചു. ചിലപ്പോള്‍ ബുദ്ധനായി. ചിലപ്പോള്‍ മറിയത്തെ ജ്ഞാനസ്‌നാനം ചെയ്ത യേശുവായി. ചിലയിടങ്ങളില്‍ അങ്ങേയറ്റത്തെ വെറുപ്പും അവജ്ഞയും നിറഞ്ഞ് ക്രൂരനായി.

പകലുകള്‍ പിന്നെയും കടന്നുപോയി. അവള്‍ക്കൊപ്പമുള്ള രാത്രികളും. 

മഴ ഒതുങ്ങി. വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞു. വീണ്ടും കടത്തുതുടങ്ങിയെന്ന് കേട്ട് ഞാന്‍ സന്തോഷിച്ചു. പറയാതെ വീട്ടിലെത്തി ആ വലിയ സര്‍പ്രൈസ് നല്‍കാമെന്ന് കരുതി അനഘയെ വിളിച്ചില്ല. പബ്ലിഷിംഗ് ഹൗസില്‍ അന്നുണ്ടായിരുന്ന ചെറിയ ചില ജോലികളൊക്കെ തീര്‍ത്ത് ഞാന്‍ വേഗമിറങ്ങി. ബാഗും മറ്റും പാക്ക് ചെയ്ത് വേഗത്തില്‍ കടവിലേക്ക് നടന്നു. 

സോമയോട് യാത്ര പറയണം. ഞാന്‍ അവളുടെ വീട്ടിലേക്ക് നടന്നു. എന്നന്നേക്കും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള ഒരു അവസാന ഫ്രെയ്മിനായി  അവളുടെ മുഖത്തേക്ക് നോക്കി. എനിക്ക് നാട്ടില്‍ മറ്റൊരു ജോലി ശരിയായിട്ടുണ്ടായിരുന്നു. സോമയോടും പ്രസാദേട്ടനോടും ഇവിടുത്തുകാരോടൊന്നും ഞാനത് പറഞ്ഞില്ല. അവര്‍ക്ക് എന്നെ ഉപേക്ഷിക്കാനായില്ലെങ്കിലോ? ഇറങ്ങി നടന്നപ്പോള്‍ എപ്പോഴത്തെയും പോലെ അവള്‍ നോക്കിയിരുന്നു. വീട് കാണാത്ത ദൂരത്തെത്തിയപ്പോള്‍ അവളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. സിം ഓടിച്ച് കളഞ്ഞാലോ എന്നാലോചിച്ചു. അതിന്റെ ആവശ്യമില്ലല്ലോ?

സോമ, ഓര്‍മകള്‍ക്ക് നന്ദി. ഇനി ഒരിക്കലും നിന്നെ കാണാതിരിക്കട്ടെ. 

ഫോണ്‍ വെക്കാന്‍ ബാഗുതുറന്നപ്പോള്‍ അതില്‍ സുപരിചിതമായ ഒരു കെട്ട് കടലാസുകള്‍. നാശം. അവളുടെ ഓര്‍മകളുടെ കയ്യെഴുത്ത് പ്രതി. വേറെ കോപ്പികളൊന്നുമില്ല. ഇത് കൊണ്ടുപോയാല്‍ സോമയോ പ്രസാദേട്ടനോ പിന്നാലെ തേടിയെത്തിയേക്കും. ഇത്രയും വായിച്ചതുകൊണ്ട് അത് പബ്ലിഷ് ചെയ്യപ്പെടണമെന്ന ആഗ്രഹം എനിക്കുമുണ്ടായിരുന്നു. ഓഫിസിലേക്ക് ഇനി എന്തായാലും പോകാനാവില്ല. അവള്‍ക്ക് തിരിച്ചുകൊടുക്കാം. ഞാന്‍ സോമയുടെ വീട്ടിലേക്ക് നടന്നു.

പുറത്തെ വരാന്തയില്‍ അമ്മമ്മ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ കയ്യിലുള്ള കടലാസുകെട്ടുകള്‍ കാണിച്ചു. അവര്‍ ചിരിച്ചു. എന്നോട് ഇരിക്കാന്‍ പറഞ്ഞു. സോമ അവിടെ ഉണ്ടായിരുന്നില്ല. 

ഇനി കുറച്ച് പേജുകളെ വായിക്കാന്‍ ബാക്കിയുള്ളൂ. എന്റെ നിശ്വാസങ്ങളുടെയും കിതപ്പുകളുടെയും  കഥകള്‍ പറയാനാവും, കുറേയധികം പേജുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഒഴിഞ്ഞ കടലസുകള്‍  ഓരോന്നായി മറിച്ചപ്പോള്‍ അക്ഷരങ്ങള്‍ കണ്ടു. 

'...ഞാന്‍ ഈ നാട്ടില്‍ പുതിയതായി വന്ന ഒരാളാണോ എന്നെനിക്ക് എപ്പോഴും സംശയമാണ്. എല്ലാ കാലത്തും ഞാന്‍ ഇവിടെ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും. ഓരോ യാത്രികരും ഇവിടെ വരികയും ദാഹം തീര്‍ത്ത് തിരിച്ചുപോവുകയും ചേരുന്നു.  ഈ നാട്ടിലെ ഓരോന്നും എന്റെ തന്നെ ഭാഗമാണ്. മുളച്ചു പൊങ്ങിയ കൂണുകള്‍ പോലെ തലപൊക്കി നില്‍ക്കുന്ന  ആ പഴയ കെട്ടിടങ്ങളും, ഇവിടെയുള്ള മരങ്ങളും ചെടികളുമൊക്കെ എന്റെ അവയവങ്ങളാണ്. ഞാന്‍ ശ്വസിക്കുമ്പോള്‍ ഋതുക്കള്‍ മാറുന്നു. എനിക്ക് രതിമൂര്‍ച്ഛയുണ്ടാവുമ്പോള്‍ മലമുകളില്‍ ഉരുള്‍പൊട്ടുന്നു. '

കൊള്ളാം, ക്വാളിറ്റി റൈറ്റിംഗ്. അവസാനമെത്തുമ്പോഴാണ് സോമയിലെ എഴുത്തുകാരി ജനിക്കുന്നത്. അവളുടെ കയ്യില്‍ സ്റ്റഫുണ്ട്. നല്ല ഒരു എഡിറ്റര്‍ ഇല്ലാത്തതാണ് പ്രശ്നം. അവള്‍ ഇനിയും എഴുതേണ്ടതുണ്ട്. ഞാന്‍ തുടര്‍ന്നു.

'...നദിയും, കയറുകെട്ടിയുണ്ടാക്കിയ ആ പാലവും ഞാനാണ്. മുത്തശ്ശിയും ഈ നാട്ടുകാരും, പ്രസാദും പുസ്തകങ്ങളും എല്ലാം ഞാനാണ്. സിദ്ധാര്‍ഥ്, ഞാനല്ലാതെ മറ്റൊന്നും ഇവിടെയില്ല. '

എന്നെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ വരികള്‍ കണ്ട് കടലാസുകെട്ടുകള്‍ പിടിച്ച എന്റെ കൈകള്‍ വിറച്ചു.  തൊട്ടപ്പുറത്ത് ഒരു പഴയ മരക്കസേരയില്‍ മിണ്ടാതെയിരുന്ന അമ്മമ്മ എന്നെ നോക്കി ചിരിച്ചു. വീടിന് മുന്നിലെ  മാവിന്റെ കൊമ്പ് അതിന്റെ കൈകള്‍ നീട്ടി എന്റെ കഴുത്ത് ഞെരിക്കാന്‍ വരുന്നുണ്ടോ? ഞാന്‍ വായിച്ചു.

'...എന്നിലേക്കുള്ള ഓരോ യാത്രയും തിരിച്ചു വരവില്ലാത്ത ഒരു പുറപ്പെട്ടുപോക്കാണ്.

സിദ്ധാര്‍ഥ് നീ കാണുന്നില്ലേ, ഈ തുരുത്ത് മുഴുവന്‍ ഒരു ജീവിയെപ്പോലെ ശ്വസിക്കുകയും ആഹരിക്കുകയും ചെയ്യുന്നുണ്ട്. അതിലെ വളഞ്ഞും പുളഞ്ഞുമുള്ള മണ്‍വഴികള്‍ കാണിച്ച് അത് ഇരകളെ വശീകരിക്കുന്നു. '

സോമ വരുന്നുണ്ട്. എനിക്ക് വീണ്ടും രക്ഷപ്പെടണമെന്ന് തോന്നി. അവളുടെ ജല്പനങ്ങളല്ലേ ഇതൊക്കെ? 

'ഇതൊന്ന് ഓഫീസില്‍ കൊടുക്കണം. ഞാന്‍ മറന്നു'. കടലാസുകെട്ടുകള്‍  അവള്‍ക്ക് തിരിച്ചു നല്‍കിയപ്പോള്‍  എന്റെ കൈകള്‍ വിറച്ചു.

'പോവാണോ? വാ.. ഒരു ചായ കുടിച്ചിട്ട് പോകാം'. അവള്‍ പറഞ്ഞു. കുറേ പുസ്തകങ്ങള്‍ വായിച്ച് ഭാവനാലോകത്ത് പെട്ടുപോയതാണ് എന്റെ കുഴപ്പം. മണ്ടത്തരത്തിന് അതിരുകള്‍ ഇല്ല. ഞാന്‍ ചിരിച്ച് സോമയ്ക്കൊപ്പം അകത്തേയ്ക്ക് നടന്നു. 'നാളെ പോയാല്‍ പോരേ'? ചായ കുടിച്ചുകൊണ്ടിരിക്കെ തിളക്കമുള്ള അവളുടെ കണ്ണുകളിലെ ഇടനാഴികളിലേക്ക് തിരിച്ചുവിളിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

'ഇന്ന് തന്നെ പോണം'. ഞാന്‍ പറഞ്ഞു.

അന്ന് പുലര്‍ച്ചയോടടുക്കെ സോമയ്ക്ക് മീതെ മൂന്നാം തവണയും കിതച്ചു വീണപ്പോള്‍ ഞാന്‍ അനഘയെ ഓര്‍ത്ത് അസ്വസ്ഥനായി. മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് അവള്‍ എന്നെ ആശ്വസിപ്പിച്ചു.

ഞാന്‍ ഉറങ്ങി. സുഖകരമായ, സുദീര്‍ഘമായ ഉറക്കം. എഴുന്നേറ്റപ്പോള്‍ സോമ അടുത്ത് കിടക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചയിലെ നേരിയ വെളിച്ചം അവളുടെ ഉടലിനെ തിളക്കമുള്ളതാക്കി.  എന്റെ തോന്നലുകള്‍ വിഡ്ഢിത്തങ്ങളാണെന്ന് അറിയാമായിരുന്നിട്ടും വായിച്ചതൊക്കെയും  മനസ്സില്‍ കിടന്ന് തിളച്ചുപൊന്തി. ചായ കുടിച്ചതിന് ശേഷം എന്തുകൊണ്ടാണ് യാത്ര മാറ്റിവെച്ച് സോമയ്‌ക്കൊപ്പം ഈ മുറിയിലേക്ക് വന്നതെന്നും എന്തുകൊണ്ടാണ് ഞാന്‍ ഇന്നലെ ഇവിടെ കഴിയാന്‍ തീരുമാനിച്ചതെന്നും എത്ര ശ്രമിച്ചിട്ടും എനിക്ക് ഓര്‍ക്കാനായില്ല. അത് എന്നെ ഭയപ്പെടുത്തി. വസ്ത്രങ്ങള്‍ ധരിച്ച് ശബ്ദമുണ്ടാക്കാതെ ഞാന്‍ പുറത്തേക്കിറങ്ങി. അവള്‍ അപ്പോഴും ഉറങ്ങുകയായിരുന്നു. കഴിഞ്ഞ രാത്രിയിലെ യുദ്ധത്തില്‍ തളര്‍ന്ന കാലുകളും വാരിപ്പിടിച്ച് ഞാന്‍ കടവിലേയ്‌ക്കോടി.

രാവിലത്തെ കോട വീണുകിടന്ന റോഡിലൂടെ ഒരാള്‍ നടന്നുവരുന്നു. ഓട്ടം പതുക്കെയാക്കി ഞാനും നടന്നു. കോട വകഞ്ഞ് അയാള്‍ അടുത്തെത്തി. അത് പ്രസാദേട്ടനായിരുന്നു.

'എന്താടോ നടക്കാന്‍ ഇറങ്ങിയതാണോ'?

'അതെ'. എന്റെ പരിഭ്രമം മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ നുണ പറഞ്ഞു.

'എന്നാ നേരെ ഓഫീസിലേക്ക് വിട്ടോ. ഒരു ചെറിയ കാര്യം പറയാനുണ്ട്.' പ്രസാദേട്ടന്‍ എന്റെ ചുമലില്‍ കൈവച്ചു.

'നാട്ടിലേക്ക് ഇറങ്ങിയതാ ചേട്ടാ. പോയിട്ടുവരാം. കുറച്ച് ആയില്ലേ'. ഞാന്‍ പറഞ്ഞു.

'അതെന്ത് പരിപാടിയാടോ? പോവുമ്പോ ഒന്ന് പറയണ്ടേ? ഇങ്ങനെ മുങ്ങേണ്ട ആവശ്യമുണ്ടോ?' പ്രസാദേട്ടന്‍ പതിവിന് വിപരീതമായി ദേഷ്യപെടുന്നത് പോലെ തോന്നി. 'ചേട്ടാ മഴയായത് കൊണ്ട് കഴിഞ്ഞ തവണയും പോക്ക് മുടങ്ങി. ഞാന്‍ പെട്ടെന്ന് തിരിച്ചുവരും. അയാളോട് കള്ളം പറഞ്ഞു. പ്രസാദേട്ടന്റെ അസാധാരണമായ ഭാവം എന്നെ ഭയപ്പെടുത്തി. 

'അത് വെറുതെ, നീ പോയാ പിന്നെ വരാന്‍ പോകുന്നില്ലെന്ന് എനിക്ക് നന്നായി അറിയാം. അയാള്‍ എന്നെ തടഞ്ഞു.

'ഇപ്പോ എന്തായാലും പോയിട്ട് വരാം ചേട്ടാ'. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. 'ഞാന്‍ പറഞ്ഞില്ലെടാ ഓഫീസില്‍ വന്നിട്ട് ഒരു കാര്യമുണ്ടെന്ന്.  അവിടെയൊന്ന് വന്നിട്ട് പോ. പ്രസാദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു. ഞാന്‍ കൈ വിടുവിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എന്നെ മുറുകെ പിടിച്ചു. അയാളുടെ കൈകള്‍ എന്റെ വയറിനു ചുറ്റും അമര്‍ന്നു. ഞാനത് വിടുവിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. അയാള്‍ കൈകള്‍ മുറുക്കി എന്നെ അമര്‍ത്തി പുണര്‍ന്നു. അപ്രതീക്ഷിതമായി എന്റെ കഴുത്തില്‍  ചുംബിച്ചു. 'സിദ്ധു..' അയാളുടെ തൊണ്ടയില്‍ നിന്നും പതറിപ്പതിഞ്ഞ പരിചിതമായ ഒരു സ്ത്രീ ശബ്ദം. ശക്തിയായി ഞാന്‍ ആ കൈകള്‍ തട്ടിയകറ്റി . അയാള്‍ റോഡില്‍ വീണു. ഞാന്‍ കടവിലേക്ക് ഓടിയകന്നു.

അവിടെ കടത്തുകാരന്‍ ഉണ്ടായിരുന്നില്ല.

പുഴക്കരയിലെ പഴയ ഓല കൊണ്ട് മറച്ചുണ്ടാക്കിയ ഒരു കൈയാലയില്‍ ഞാന്‍ കിതച്ചിരുന്നു. ദൂരെ നിന്നും മേല്‍വസ്ത്രമില്ലാതെ പ്രസാദേട്ടന്‍ വേച്ചുവേച്ച് നടന്നുവരുന്നത് ഞാന്‍ കണ്ടു. അയാള്‍ കൈകളുയര്‍ത്തി നില്‍ക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് നടന്നടുത്തു. പുഴയിലേക്ക് ചാടുകയല്ലാതെ എനിക്ക് മറ്റു വഴിയുണ്ടായിരുന്നില്ല.

നീന്തി, നനഞ്ഞൊട്ടി ഞാന്‍ അക്കരയെത്തി. ബസില്‍ കേറിയപ്പോള്‍ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.  സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇറങ്ങി. നാട്ടിലേയ്ക്കുള്ള ബസുകളൊന്നുമുണ്ടായിരുന്നില്ല. എന്തോ ശബ്ദം കേട്ട് ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇടങ്കണ്ണിലൂടെ എന്റെ തന്നെ നരച്ച താടി കണ്ടു. പുതിയ കാലടിയൊച്ചകള്‍. ആരോ വരുന്നു. തിരിച്ചുപോകാനുള്ള പഴയ ബസ് വരുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ വീണ്ടും ആ ഒറ്റത്തോര്‍ത്തില്‍ തലചായ്ച്ചു കിടന്നു. 

വൈകാതെ ബസ് വന്നു. ഞാന്‍ വീട്ടിലേക്ക് പുറപ്പെട്ടു. ഇനി എവിടേക്കുമില്ല. തെറ്റുകളാണ് ചെയ്തതെങ്കില്‍ സ്‌നേഹം കൊണ്ട് മുക്തനാവണം. എല്ലാം തുറന്നുപറയാനായില്ലെങ്കിലും മാപ്പ് പറയണം. കവലയില്‍ ബസിറങ്ങി. ചായക്കടക്കാരനോട് ചിരിച്ചിട്ടും അയാള്‍ പ്രതികരിച്ചതേയില്ല.  വീടിനു മുന്നിലെത്തി. 

കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തുന്നതിന് മുന്നേ ജനല്‍ ചില്ലുകളിലൊന്നിലൂടെ കുറെ നേരം വീടിനകത്തേയ്ക്ക് നോക്കി നിന്നു.  അവളെ ആദ്യമായി കാണുന്നത് പോലെ തോന്നി. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിലെന്ന പോലെ അവള്‍ ചെറുപ്പമായിട്ടുണ്ടായിരുന്നു. ഒരു കുട്ടിയെപ്പോലെ അവളിലേക്ക് തിരിച്ചുപോകണമെന്നെനിക്ക് തോന്നി. ഏതോ സംഗീതം നേരിയ ശബ്ദത്തില്‍ കേള്‍ക്കുന്നുണ്ട്. 

ഈ ലോകത്തെ കുറിച്ച് തെല്ലുപോലും ആശങ്കപ്പെടാതെ അവള്‍ ചിത്രം വരയ്ക്കുകയാണ്. 

മുന്നിലെ ജനല്‍പ്പാളിയില്‍ പതിച്ച കണ്ണാടിച്ചില്ലുകളിലൊന്നില്‍ പ്രതിഫലിച്ച രൂപം കണ്ട് ഞാന്‍ നടുങ്ങി. മുഖത്ത് നിറയെ ചുളിവുകളും കുഴിഞ്ഞ കണ്ണുകളുമുള്ള എവിടെയോ കണ്ടു മറന്ന ഒരു വൃദ്ധന്‍. തെല്ലും ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് ഞാന്‍ പുറത്തേക്ക് നടന്നു
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios