Malayalam Poem : മരിച്ചു പോയീന്ന് ഞാനറിയുന്ന നിമിഷം..., ആഷിയ ഷിജ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആഷിയ ഷിജ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മരിച്ചു പോയീന്ന്
ഞാനറിയുന്ന നിമിഷം...
ഞാന്‍ മരിച്ചു പോയീന്ന്
ഞാനറിയുന്ന നിമിഷം,
എന്തു ചെയ്യണമെന്നറിയാതെ
അലറിക്കരഞ്ഞുകൊണ്ട്
എന്നില്‍ നിന്ന് തന്നെ
കുറച്ച് നേരത്തേക്ക്
ഞാനൂര്‍ന്ന് പോവും.
'എടുക്കാന്‍ സമയമായീ'ന്ന്
ആരൊക്കെയോ പറയുമ്പോള്‍
'കുറച്ച് നേരം കൂടി
ഞാനിവിടെ നിന്നോട്ടേ'ന്ന്
ഓരോരുത്തരോടും ഞാന്‍ കെഞ്ചും
'ഇതു കഴിഞ്ഞിട്ട് ഒരു പാട് ആവശ്യങ്ങള്‍ ഉണ്ട്'
എന്ന് പറഞ്ഞ് അവര്‍ മുഖം തിരിക്കും.
നാളെ മുതല്‍ ഞാനില്ലാതെ ഉണരുന്ന
എന്റെ വീടിനെ കെട്ടിപ്പിടിച്ച്
എന്തൊക്കെയോ
മറന്നു വച്ചതു പോലെ
വീടിന്റെ ഓരോ ഇടങ്ങളിലും
നിലവിളിച്ച് കൊണ്ട് ഞാനോടിനടക്കും
എന്റെ പ്രിയപ്പെട്ടവര്‍
എന്നെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കും
അവരുടെ ഗന്ധം എന്റെ
ഹൃദയത്തിലേക്ക് ഒഴുകും
ശ്വാസമടക്കിപ്പിടിച്ച് കൊണ്ട്
എന്റെ മൂക്കില്‍ പഞ്ഞിയെടുത്തു
ഞാന്‍ വയ്ക്കും,
അവരുടെ ഗന്ധം ഇനിയെന്നും
എന്റെ ഹൃദയത്തില്‍ തങ്ങിനില്‍ക്കാന്‍.
ആരൊക്കെയോ ചേര്‍ന്നെന്നെ
വീടിനു പുറത്തേക്ക് കൊണ്ട് വരും
എന്നത്തേയും പോലെ
എന്തോ മറന്നല്ലോന്ന് വിചാരിച്ച്
ഞാനവിടെ നില്‍ക്കും
മറന്നതെല്ലാം ഞാന്‍ നെയ്ത് കൂട്ടിയ
എന്റെ സ്വപ്നങ്ങളായിരുന്നൂന്ന്
അറിയുന്ന ആ നിമിഷം,
എന്റെ അവസാന ഹൃദയത്തുടിപ്പും
നിലച്ച് പോയിരിക്കും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...