കുട്ടികളുടെ സാഹിത്യത്തില്‍ കറുത്തവരില്ലാത്തതെന്തുകൊണ്ട്?
ഇനി കുട്ടികളുടെ വിഭാഗത്തിൽ ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും കാര്യം എടുത്താൽ കറുത്ത വർഗ്ഗക്കാരുടെ സംഭാവനകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു.
പുസ്തകങ്ങൾ എന്നും നമ്മുടെ വൈകാരികവും ബുദ്ധിപരവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. കുട്ടിക്കാലം മുതലേ അത്തരമൊരു ശീലം കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ടത് അവരുടെ ആരോഗ്യപരമായ വളർച്ചക്കും തുറന്ന കാഴ്ചപ്പാട് വളർത്താനും അവരെ സഹായിക്കും. പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ഇന്ന് കമ്പ്യൂട്ടറും മൊബൈൽ ഗെയിമുകളും കുട്ടികളെ ജീവിതത്തിൽനിന്നും അകറ്റുമ്പോൾ അവർക്കു നഷ്ടമാകുന്നത് സഹജീവികളോടുള്ള കരുണയും ലക്ഷ്യത്തിലൂന്നിയ ജീവിത കാഴ്ച്ചപ്പാടുകളുമാണ്.
വായിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവരെപ്പോലെ തോന്നുന്ന ആളുകളുടെ കഥകൾ കേൾക്കാനായിരിക്കും താല്പര്യം. അല്ലെങ്കിൽ അവർക്കതു മനസിലാക്കാൻ പ്രയാസം തോന്നുകയും വായനയോടു വിരക്തി അനുഭപ്പെടുകയും ചെയ്യും. അടുത്തിടെ നടത്തിയ ഗവേഷണങ്ങൾ വളരെ ഗൗരവമുള്ള ഒരു സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. 2019 -ലെ ബുക്ക് ട്രസ്റ്റ് റിപ്പോർട്ട് പ്രകാരം കുട്ടികളുടെ എഴുത്തുകാരിലും ചിത്രകാരന്മാരന്മാരിലും കറുത്ത നിറക്കാരെ പ്രതിനിധീകരിക്കുന്നവർ വളരെ കുറവാണ് എന്നാണ് കാണാനാവുന്നത്. വാസ്തവത്തിൽ, 2007 -നും 2017 -നും ഇടയിൽ, കുട്ടികളുടെ പുസ്തക നിർമ്മാതാക്കളിൽ രണ്ട് ശതമാനത്തിൽ താഴെമാത്രമാണ് കറുത്ത വർഗക്കാർ ഉള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആർട്‍സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ (എസിഇ) സമീപകാല റിപ്പോർട്ട് അനുസരിച്ച് പ്രസിദ്ധീകരണ വിഭാഗത്തിൽ കറുത്ത വർഗ്ഗക്കാർ പലപ്പോഴും ഒറ്റപ്പെടുന്ന അവസ്ഥയാണെന്ന് പറയുന്നു. അതിനാല്‍ത്തന്നെ വംശീയത, സമാനമായ പ്രശ്‍നങ്ങള്‍ എന്നിവ മാത്രം എഴുതുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതരാകുകയാണിവര്‍. കുട്ടികളുടെ സാഹിത്യ വിഭാഗങ്ങളിൽ വെളുത്ത ബ്രിട്ടീഷ് എഴുത്തുകാരെ പോലെ എഴുതാനുള്ള സ്വാതന്ത്ര്യം കറുത്ത വർഗ്ഗക്കാർക്ക് ലഭിക്കുന്നില്ല. സ്‍കൂൾ പ്രായത്തിലുള്ള കുട്ടികളിൽ മൂന്നിലൊന്ന് ന്യൂനപക്ഷ വംശീയ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെങ്കിലും, 2018 -ൽ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ പുസ്തകങ്ങളിൽ 7 ശതമാനം മാത്രമേ കറുത്ത, ഏഷ്യൻ അല്ലെങ്കിൽ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരുടേതുള്ളൂവെന്ന് സെന്‍റർ ഫോർ ലിറ്ററസി ഇൻ പ്രൈമറി എഡ്യൂക്കേഷൻ കണ്ടെത്തി.
കുട്ടികളുടെ പുസ്‌തകങ്ങളിൽ ഒരിക്കലും നായക കഥാപാത്രങ്ങളായല്ല മറിച്ച് നായകനെ സഹായിക്കുന്ന പ്രാധാന്യം കുറഞ്ഞ വേഷങ്ങളിൽ മാത്രമാണ് കറുത്ത വർഗക്കാരെ കാണാൻ സാധിക്കുന്നത്. കഥാപാത്രങ്ങളെല്ലാം അവരുടെ നിറത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാധാന്യം നേടുന്നത്. സ്വഭാവ സവിശേഷതകൾ വിവരിക്കുന്ന സാഹചര്യങ്ങളിൽ കറുത്തവരെ പലപ്പോഴും താരതമ്യം ചെയ്യുന്നത് മൃഗത്തോടൊക്കെയാണ്. ചില സമയങ്ങളിൽ കറുത്തവർ കഥയുടെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും. പക്ഷേ, വെളുത്ത കഥാപത്രങ്ങൾ രംഗത്തെത്തുമ്പോൾ അവർക്കനുകൂലമായി പെട്ടെന്ന് അപ്രത്യക്ഷരാകും. ഇത്തരം കഥപറച്ചിലിലെ തന്ത്രങ്ങൾ നിറമുള്ള ആളുകളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയെ സൂചിപ്പിക്കുന്നതാണ്.
ചരിത്രവും ശാസ്ത്രവും
ഇനി കുട്ടികളുടെ വിഭാഗത്തിൽ ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും കാര്യം എടുത്താൽ കറുത്ത വർഗ്ഗക്കാരുടെ സംഭാവനകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ചില വിഭാഗങ്ങളെ ചില ഇടങ്ങളിലേക്ക് മാത്രം ചുരുക്കുന്നു. ബ്രിട്ടീഷ് അടിമത്തത്തിനെതിരായ ആഫ്രോ-കരീബിയൻ പ്രക്ഷോഭങ്ങളുടെ ചരിത്രത്തെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ചരിത്രം എന്ന് വിശേഷിപ്പിക്കുന്നത് അത്തരമൊന്നിന് ഉദാഹരണമാണ്.
ഒരു പുസ്തകത്തിൽ മാത്രമാണ് ഇത്തരമൊരു അവഗണന എങ്കിൽ അത് പൊറുക്കാം. എന്നാൽ, അത് സ്ഥിരമായുള്ള ഒരു ശീലത്തിലേക്കു വഴിമാറുമ്പോൾ പക്ഷേ ന്യായീകരിക്കാനാവില്ല. നൈജീരിയൻ എഴുത്തുകാരൻ ചിമാമണ്ട എൻഗോസി അഡിച്ചി തന്റെ 2009 -ലെ ടെഡ് പ്രസംഗത്തിൽ ഇത്തരമൊരു കാര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം മാനദണ്ഡങ്ങൾ വായനക്കാരായ കറുത്തവരെയും മാറ്റിനിർത്താൻ കാരണമാകും. പുസ്തകങ്ങളിൽ ആർക്കാണ് പ്രാധാന്യമുള്ളത് എന്നതിനെക്കുറിച്ചുള്ള വായനക്കാരന്റെ ധാരണയെ ഇത് ബാധിക്കുന്നു.
ബ്രിട്ടീഷ് പ്രസിദ്ധീകരണ വ്യവസായം മാത്രമല്ല, മറിച്ചു കുട്ടികളുടെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ആഖ്യാനം മാറ്റുന്നതിൽ പങ്കാളികളാകേണ്ടതുണ്ട്. ഇത് ഫലപ്രദമായി രീതിയിൽ നടപ്പാക്കാൻ കഴിയും, ഒപ്പം പ്രതിജ്ഞാബദ്ധമായ പരിശ്രമവും വേണമെന്നു മാത്രം. കുട്ടികളുടെ പുസ്തകങ്ങളുടെ ദേശീയ കേന്ദ്രമായ സെവൻ സ്റ്റോറീസ്, 2015 -ൽ സാംസ്കാരിക വൈവിധ്യമാർന്ന കുട്ടികളുടെ സാഹിത്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. 2019 -ൽ ഗയാനീസ് വംശജരായ ബ്രിട്ടീഷ് കവികളായ ജോൺ അഗാർഡും ഗ്രേസ് നിക്കോളും ചേർന്ന് കുട്ടികളുടെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ ശേഖരിക്കാൻ ആരംഭിച്ചു. ഇത് ബ്രിട്ടീഷ് സാഹിത്യത്തിന് ഇവയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കാൻ സഹായിച്ചു.
മറ്റൊരു മാർഗം അവാർഡുകളിലൂടെയാണ്. ഏറ്റവും പ്രധാനപ്പെട്ട കുട്ടികളുടെ പുസ്തക സമ്മാനങ്ങളായ കാർനെഗീ, കേറ്റ് ഗ്രീൻവേ മെഡൽ എന്നിവ ഒരിക്കലും ഒരു കറുത്ത വര്‍ഗ്ഗക്കാരന് നൽകിയിട്ടില്ല. ഈ വിഷയത്തിൽ കാർനെഗിയുടെയും കേറ്റ് ഗ്രീൻവേ മെഡലിന്റെയും വിശദമായ അവലോകനം ആരംഭിച്ചതിന് ശേഷം, ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ പ്രൊഫഷണലുകൾ (സിലിപ്പ്) വാർഷിക സമ്മാനങ്ങൾക്കായുള്ള വിധി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. വലുതും ചെറുതുമായ ഈ ശ്രമങ്ങൾ കുട്ടികളുടെ പുസ്തകങ്ങളിൽ കറുത്തവരെ ഉൾക്കൊള്ളിക്കുന്നതിനു കാരണമായി. അത് പുസ്തകം വാങ്ങുന്ന പൊതുജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനും സഹായിച്ചു. അങ്ങനെ പുസ്തകം വാങ്ങുന്നതിൽ വായനക്കാരന്‍റെ വംശീയ, സാംസ്കാരിക പശ്ചാത്തലം നിർണായക പങ്കുവഹിക്കാൻ തുടങ്ങി.
എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണ് പുസ്തകങ്ങൾ. എല്ലാ കുട്ടികളും ബ്രിട്ടീഷ് സമൂഹത്തിന്റെ വൈവിധ്യത്തെയും ചരിത്രത്തിലുടനീളം കറുത്ത വർഗ്ഗക്കാരുടെ പ്രാതിനിധ്യത്തെയും കുറിച്ച് മനസിലാക്കേണ്ടതുമുണ്ട്. ഇത്തരം നല്ല മാറ്റങ്ങൾ അവഗണിക്കപ്പെടുന്ന അനേകം സമൂഹത്തിന്‍റെ ചരിത്രത്തെയും ജീവിതത്തെയും അടുത്തറിയാനും അംഗീകരിക്കാനും നമ്മെ സഹായിക്കുന്നു. അപ്പോൾ മാത്രമാണ് വൈവിധ്യപൂർണമായ ഒരു സംസ്കാരം ഉടലെടുക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.