ആരായിരുന്നു വി സി ഹാരിസ്?
എഴുത്തുകാരനും അധ്യാപകനും സൈദ്ധാന്തികനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഡോ. വിസി ഹാരിസ് ഇല്ലാതായിട്ട് മറ്റന്നാള്‍ (ഒക്‌ടോബര്‍ ഒമ്പത് ബുധനാഴ്ച്ച) രണ്ട് വര്‍ഷം തികയുന്നു. കോട്ടയം എം ജി സര്‍വകാലാശാലാ കാമ്പസില്‍ നടക്കുന്ന ഹാരിസ് അനുസ്മരണ പരിപാടിയില്‍ അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍, ഡോ. വിസി ഹാരിസിനെ ഓര്‍ത്തെടുക്കുന്നു. കെ. പി ജയകുമാര്‍ എഴുതുന്നു
പലതായിരുന്നു ഹാരിസ്. ഉത്തരങ്ങളല്ല, ചോദ്യങ്ങളാണ് പ്രധാനമെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. 'ഉത്തരങ്ങളില്‍' തൂങ്ങി നില്‍ക്കരുതെന്നും ചോദ്യങ്ങള്‍ ചിന്തയുടെ അകാലമരണങ്ങളെ അതിജീവിക്കുമെന്നും ഹാരിസ് പറഞ്ഞിരുന്നു. ചോദ്യം/ ഉത്തരം എന്ന ദ്വന്ദ്വ കല്പനയ്ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന അറിവധികാരത്തെയാണ് ഹാരിസ് അഴിച്ചെടുത്തത്. കുടുംബം/സമൂഹം, പൊതു/സ്വകാര്യം, തൊഴില്‍ ജീവിതം/സ്വകാര്യ ജീവിതം, വ്യക്തി ജീവിതം/പൗരജീവിതം, ബുദ്ധി ജീവിതം/വൈകാരിക ജീവിതം...എന്നിങ്ങനെ എല്ലാ ദ്വന്ദ്വഭാവങ്ങളെയും ഹാരിസ് അഴിച്ചെടുത്തു. ചിന്തയുടെ, ആശയങ്ങളുടെ അനുഭവങ്ങളുടെ പലമയില്‍ ജീവിച്ചു. ജനമായിരിക്കുക എന്ന സാധ്യതയിലാണ് ഹാരിസ് ഊന്നിയത്.
രാവണന്‍ കോട്ടപോലെ നീണ്ട ഇടനാഴികളും പിരിയന്‍ ഗോവണികളും കൂറ്റന്‍ സിനിമാഹാളും നിശ്ശബ്ദമായൊരു സിനിമയ്ക്ക് സാക്ഷ്യം വഹിക്കുന്നു. വിരലിലെണ്ണാവുന്ന കാണികളെ മാത്രം വഹിക്കുന്ന സിനിമാശാലയില്‍ 'ഡ്രാഗണ്‍ ഇന്‍' എന്ന പഴയ ആക്ഷന്‍ ചിത്രമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അത് ആ തീയറ്ററിലെ അവസാന പ്രദര്‍ശനമാണ്. ഈ പാതിരയ്ക്ക് ഈ അവസാന പ്രദര്‍ശനത്തിനിശേഷം തീയേറ്റര്‍ എന്നേക്കുമായി അടച്ചുപൂട്ടും. തന്റെ മുടന്തന്‍ കാലുമായി കൊട്ടകയുടെ പിരിയന്‍ ഗോവണി കയറുന്ന സ്ത്രീ, ജീവിതത്തിന്റെ ഏറ്റവും അനിശ്ചിത നിമിഷങ്ങളിലൂടെയാണ് നടന്നുനീങ്ങുന്നത്. ആ രാത്രിക്കുശേഷം പരശ്ശതം തൊഴില്‍രഹിതരുടെ ഗണത്തിലേയ്ക്ക് അവള്‍ ലയിച്ചുചേരും. ആ നടത്തം കാലമിത്ര കഴിഞ്ഞിട്ടും നമ്മെ പിന്തുടരുന്നു. സായ് മിങ്ങ് ലിയാങ്ങ് എന്ന തായ്വാന്‍ സംവിധായകന്റെ 'ഗുഡ് ബൈ ഡ്രാഗണ്‍ ഇന്‍' എന്ന ആ ചലച്ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയാണ്. അഥവാ സിനിമയ്ക്കുള്ളിലെ- പുറത്തെയും ജീവിതമാണ്.
2003ലെ തിരുവനന്തപുരം അന്താരാഷ്ട്രാ ചലച്ചിത്രോത്സവ രാത്രിയില്‍ ശ്രീ തിയേറ്ററിലാണ് ആ ചിത്രം കണ്ടത്. ഒപ്പം എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. വി. സി ഹാരിസുമുണ്ടായിരുന്നു. ഇല്ലാതാകുന്ന കൊട്ടക എന്തെല്ലാം ഓര്‍മ്മകളെയാണ്, ഏതെല്ലാം മനുഷ്യാവസ്ഥകളെയാണ് ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയുന്നത്? കൊട്ടകകളെ, അതിന്റെ ചരിത്ര സ്മൃതികളെ, മാറ്റിനിര്‍ത്തി സിനിമയെക്കുറിച്ച് ആലോചിക്കാനാവില്ല. സിനിമയുടെ ചരിത്രം അതിനാല്‍ കാഴ്ചയുടെ, കാഴ്ചക്കാരുടെ ചരിത്രവും കൂടിയാണെന്ന് ആ സിനിമാക്കാഴ്ചക്കുശേഷമുള്ള സംഭാഷണത്തില്‍ ഡോ. ഹാരിസ് പറഞ്ഞു.
സിനിമയെക്കുറിച്ച് കാഴ്ചയെക്കുറിച്ച്, കാഴ്ചയുടെ സാംസ്‌കാരിക അടരുകളെക്കുറിച്ച് ഡോ. ഹാരിസ് ഇത്തിരി കാലം മുമ്പുവരെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിലപ്പോള്‍ ക്ലാസ് മുറിയില്‍, ചിലപ്പോള്‍ പൊതുവേദിയില്‍ ചിലനേരം അനൗപചാരികമായ കൂട്ടായ്മകളില്‍. 2017 ഒക്‌ടോബര്‍ ഒമ്പതിന് ആ സംഭാഷണം നിലച്ചു. സിനിമയും നാടകവും സംഗീതവും സാഹിത്യവും സമരവും സൈദ്ധാന്തിക സംവാദവും നിറഞ്ഞാടിയ മൂന്നരപതിറ്റാണ്ടുകള്‍. ചിന്തകളെ ഉഴുതുമറിച്ച ഹാരിസിയന്‍ കാലം.
പ്രേക്ഷകര്‍ കണ്ട സിനിമ
ഹാരിസ് ജനിച്ചതും കുട്ടിക്കാലം ചെലവിട്ടതും മാഹിയിലാണ്. അക്കാലത്ത് മാഹിയില്‍ തീയേറ്ററില്ല. എട്ടുകിലോമീറ്റര്‍ അപ്പുറത്ത് തലശ്ശേരിയിലാണ് തിയേറ്ററുള്ളത്. ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഹാരിസും കുടുംബവും തലശേരിക്ക് താമസം മാറ്റി. ഇംഗ്ലീഷ് ഹിന്ദി സിനിമകള്‍ കളിച്ചിരുന്ന വീനസ് തീയറ്ററില്‍ നിന്നാണ് തന്റെ സിനിമാക്കാഴ്ചയുടെ ആരംഭമെന്ന് ഒരഭിമുഖത്തില്‍ ഹാരിസ് പറയുന്നുണ്ട്. ''എനിക്ക് ഓര്‍മ്മയുള്ള തലശ്ശേരിയില്‍ അന്ന് വീനസ് ഒഴികയുള്ള എല്ലാ തിയേറ്ററിലും ബാല്‍ക്കണിയുണ്ടായിരുന്നു. സമൂഹത്തിലെ സമ്പന്നരായ പ്രേക്ഷകരാണ് ബാല്‍ക്കണിയില്‍ വന്നിരിക്കുന്നത്. താഴെ ഫസ്റ്റ് ക്ലാസ് എന്നൊരു വിഭജനം. അതിനുമുമ്പില്‍ സെക്കന്റ് ക്ലാസ്. അത് വളരെ വിചിത്രമായ രീതിയില്‍ വിഭജിക്കപ്പെട്ടിരുന്നു. നടുവില്‍ ഒരു വേലിയുണ്ടാവും വേലിയ്ക്ക് വലതുവശത്ത് പുരുഷന്‍മാരാണ്. ഇടതുവശത്ത് സ്ത്രീകളും. ഞാന്‍ പിന്നീടൊരുപാട് ആലോചിച്ചിട്ടുണ്ട് ഈ സ്ത്രീകളുടെ അവസ്ഥ. സമ്പന്ന കുടുംബത്തിലെ ആളുകള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളുമായി ബാല്‍ക്കണിയിലും ഫസ്റ്റ് ക്ലാസിലും ഒന്നിച്ചിരിക്കും. ഈ ഒറ്റക്കിരിക്കുന്ന സ്ത്രീകള്‍ ആരാണ്? ഭര്‍ത്താക്കന്‍മാരറിയാതെ, വീട്ടുകാരറിയാതെ വീട്ടില്‍നിന്ന് ഓടിയൊളിച്ചു വന്ന് സിനിമ കാണുന്നവരാണോ? അതോ സമ്പന്ന വരേണ്യ പുരുഷന്‍മാരോടൊപ്പമിരുന്ന് സിനിമകാണാന്‍ കൊള്ളാത്ത സ്ത്രീകളാണോ? സമൂഹത്തിന്റെ, നഗരത്തിന്റെ പുറംപോക്കില്‍ ജീവിക്കുന്നവരും ലൈംഗിക തൊഴിലാളികളുമൊക്കെ അടങ്ങുന്ന ഒരു കാഴ്ചാ സമൂഹത്തിനുവേണ്ടിയാണ് ഈ വിഭജനം. അവരെയൊക്കെ ചുറ്റുമിരിക്കുന്ന പുരുഷന്‍മാര്‍ വളരെ പുച്ഛത്തോടെയാണ് നോക്കിക്കാണുന്നത്. അതായത് സമൂഹത്തിനകത്തുള്ള വിഭജനങ്ങള്‍ തിയേറ്ററിനുള്ളില്‍, ഈ സീറ്റ് വിതരണത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ എല്ലാവരും കാണുന്നത് ഒരേ സിനിമയാണ്.'' സിനിമ ഏകമുഖ പാഠമല്ല. കാണിയുടെ ജാതിയും മതവും വര്‍ഗവും ഇരിപ്പിടവും കാഴ്ചയെ നിര്‍ണ്ണയിക്കുന്നുണ്ട്. കാഴ്ചയുടെ ഈ വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമ എന്ന സങ്കല്പം ഡോ. ഹാരിസിന്റെ ചലച്ചിത്ര ബോധ്യങ്ങളെ ചൂഴ്ന്നു നിന്നിരുന്നു.
സിനിമയുടെ തൊണ്ണൂറുകള്‍
എണ്‍പതുകളുടെ അവസാനം കോഴിക്കോട് ഫറൂഖ് കോളേജില്‍ അധ്യാപകനായിരിക്കെയാണ് ഹാരിസ് ജോണ്‍ എബ്രഹാമിന്റെ 'ഒഡേസാ' പ്രസ്ഥാനവുമായി സഹകരിക്കുന്നത്. ജോണ്‍ മരിച്ചു കഴിഞ്ഞിരുന്നു. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ചലച്ചിത്രത്തെക്കുറിച്ച് അക്കാലത്ത് ഡീപ് ഫോക്കസില്‍ ഹാരിസ് എഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒഡേസയുടെ പ്രവര്‍ത്തകര്‍ ഹാരിസിനെ സമീപിക്കുന്നത്. അങ്ങനെ ഹാരിസ് ഒഡേസയുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് പതിനേഴ് ദിവസം നീണ്ടുനിന്ന ഒരു ചലച്ചിത്രാസ്വാദന ശില്‍പശാല സംഘടിപ്പിച്ചു. ആ ക്യാമ്പില്‍ പ്രധാന ക്ലാസുകളെല്ലാം നയിച്ചത് ഡോ. ഹാരിസായിരുന്നു.
എഴുപതുകളില്‍ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുണ്ടായ പരിണാമമാണ് തന്റെ ചലച്ചിത്രാവബോധത്തെ മാറ്റിമറിച്ചതെന്ന് ഹാരിസ് ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. ''കൃത്യമായി പറഞ്ഞാല്‍ എഴുപതുകള്‍. ഫിലിം സൊസൈറ്റി പ്രസ്ഥാനം പതുക്കെ രൂപപ്പെട്ടുവരുന്ന കാലം. തലശ്ശേരിയിലും ഒരു ഫിലിം സൊസൈറ്റിയുണ്ടായി. വളരെ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളു. ഓരോ മാസവും ഓരോ ചിത്രം കളിക്കും. മിക്കവാറും വിദേശ ചിത്രങ്ങളോ ഇന്ത്യന്‍ ഭാഷയിലുള്ള ക്ലാസിക് ചിത്രങ്ങളോ ആയിരിക്കും. ആര്‍ട്ട് സിനിമ എന്ന ഗണത്തില്‍പ്പെടുന്ന ചിത്രങ്ങള്‍. കച്ചവട സിനിമയുമായി നേരിട്ടുള്ള ഒരു വേര്‍തിരിവ് ഇവിടെ കാണാം. അവിടം തൊട്ടാണ് സിനിമയെക്കുറിച്ച് സീരിയസായി ആലോചിച്ച് തുടങ്ങുന്നത്. അതോടെ കാഴ്ചയുടെ സ്വഭാവം മാറുന്നു.''
കേരള സര്‍വ്വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഡോ. കെ അയ്യപ്പപ്പണിക്കരുടെ വിദ്യാര്‍ത്ഥിയായി ഗവേഷണം ആരംഭിക്കുന്ന കാലത്താണ് ഹാരിസ് തിരുവനന്തപുരത്തെ ചലച്ചിത്ര ലോകവുമായി അടുക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ)യുമായി സഹകരിച്ചു തുടങ്ങുന്നു. തിരുവനന്തപുരത്ത് ഐ.എഫ് എഫ് ഐയുടെ അന്താരാഷ്ട്രാ ചലച്ചിതോത്സവത്തില്‍ പങ്കാളിയാവുന്നത് ആ പഠനകാലത്താണ്. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്രാ ചലച്ചിതോത്സവങ്ങളിലൂടെ ഹാരിസ് തന്റെ സിനിമാക്കാഴ്ചയുടെ ചക്രവാളം വിപുലപ്പെടുത്തി. ഈ അനുഭവങ്ങളും ആശയാവലികളുമായാണ് ഡോ. ഹാരിസ് മണ്ണാര്‍ക്കാട് എത്തിയത്. ഛലം ബനുരാകര്‍, ആര്‍. വി രമണി തുടങ്ങിയവര്‍ അതിഥികളായിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. രവീന്ദ്രന്‍, നീലന്‍, ഗീത, ജി. പി രാമചന്ദ്രന്‍, സി എസ് വെങ്കിടേശ്വരന്‍, വാസന്തി ശങ്കരനാരായണന്‍, വി. മുസഫര്‍ അഹമ്മദ്... അങ്ങനെ മലയാള ചലച്ചിത്ര ഭാവുകത്വത്തെ ധൈഷണികമായി മാറ്റിമറിച്ച എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും ഒത്തുകൂടിയ കളരിയായിരുന്നു അത്.
ചലച്ചിത്രത്തെ ഒരു സാംസ്‌കാരിക പഠനമേഖലയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ചലച്ചിത്ര പഠനം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ സിലബസിന്റെ ഭാഗമായി. പിന്നീട് ഇക്കാലമത്രയും ഡോ. ഹാരിസ് ക്ലാസ് മുറിയ്ക്കകത്തും പുറത്തും സിനിമയെയും സംസ്‌കാരത്തെയും ഭാഷയെയും സാഹിത്യത്തെയും കലയെയും ജീവിതത്തെയും കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു.
എഴുതിയതിനേക്കാള്‍ കൂടുതല്‍ ഹാരിസ് പറയുകയായിരുന്നു. പലതരം ആശയയാവലികളുമായി നിരന്തര സംവാദം. കേരള അന്താരാഷ്ട്രാ ചലച്ചിത്രോവവുമായി ബന്ധപ്പെട്ട് നടന്നുവന്ന ഓപ്പണ്‍ ഫോറം ഈ സംവാദത്തിന്റെ തുറന്ന ഇടമായിരുന്നു. ''എഫ്.എഫ്.എസ്.ഐ തുടങ്ങിവെച്ച ഒരാശയമാണ് 'ഓപ്പണ്‍ ഫോറം'. അത് നമ്മുടെ സംഭാവനയാണ്. എഫ്.എഫ്.എസ്.ഐ ഒരു സ്വതന്ത്ര സംഘടനയാണല്ലോ. ഓരോ ദിവസവും ഓപ്പണ്‍ ഫോറത്തില്‍ ആരെയൊക്കെ വിളിക്കണം എന്ന് തീരുമാനിക്കുന്നത് എഫ്.എഫ്.എസ്.ഐയാണ്. അത് കോര്‍ഡിനേറ്റ് ചെയ്യാന്‍ ഒരാള്‍ വേണം. പലപ്പോഴും വിദേശത്തുനിന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുള്ളതുകൊണ്ട് സംഭാഷണം മുഴുവന്‍ മലയാളത്തില്‍ സാധ്യമാവില്ല. അപ്പോള്‍ ദ്വിഭാഷിയായ ഒരാള്‍ മോഡറേറ്ററായി വേണം. അങ്ങനെയാണ് എന്നെപ്പിടിച്ച് ഇരുത്താന്‍ തുടങ്ങിയത്. ഞാന്‍ മാത്രമല്ല, സി.എസ്. വെങ്കിടേശ്വരനെപ്പോലുള്ള പലരും ഉണ്ട്. ഇംഗ്ലീഷും മലയാളവും കൈാര്യം ചെയ്യുന്ന, സിനിമകളെക്കുറിച്ച് അത്യാവശ്യം ബോധമുള്ള ഒരാള്‍ക്കുമാത്രമല്ലേ ഇത് മോഡറേറ്റ് ചെയ്യാന്‍ പറ്റൂ. അതായിരുന്നു എന്റെ റോള്‍. അത് വേറൊരു തലത്തിലുള്ള എക്്‌സ്പീരിയന്‍സാണ്. കാരണം, അവര്‍ കാണുന്ന രീതിയിലല്ല നമ്മള്‍ അവരുടെ പടം കാണുന്നത്. ആഫ്രിക്കയില്‍ നിന്നോ ലാറ്റിനമേരിക്കയില്‍നിന്നോ വരുന്ന ചലച്ചിത്രകാരന്മാര്‍, അവരുടെ ഫിലിം എക്പീരിയന്‍സും നമ്മുടെ അനുഭവവും തമ്മില്‍ വ്യത്യാസമുണ്ടാകും. ഇവിടുന്നു വരുന്ന ചോദ്യങ്ങള്‍ ചിലപ്പോള്‍ ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ചിലപ്പോള്‍ ഈ ചോദ്യം പോലും ആ നിമിഷം മനസിലാകണമെന്നില്ല. ഇനി മനസിലായാല്‍ തന്നെ അതിനുകിട്ടുന്ന മറുപടി ചോദിക്കുന്നയാള്‍ക്ക് മനസിലാകണമെന്നുമില്ല. വേറൊരു രീതിയില്‍ ഇത് രസകരമായിട്ടുള്ള ഒരനുഭവമാണ്. രണ്ടുതരം വീക്ഷണങ്ങള്‍, രണ്ടുതരം ജീവിത ശൈലികള്‍, ഇതൊക്കെ വെച്ചുകൊണ്ട് എങ്ങനെ ഒരു സംവാദം സാധ്യമാക്കാന്‍ പറ്റും എന്നതായിരുന്നു ചോദ്യം.'' ഈ ചോദ്യങ്ങളുടെ അനവധി സാധ്യതകളായിരുന്നു ഓപ്പണ്‍ ഫോറങ്ങള്‍. ഡോ ഹാരിസ് അവിടെല്ലാം നിറഞ്ഞുനിന്നു.
വ്യത്യസ്ത സാംസ്‌കാരികാനുഭവങ്ങളുടെ സംഗമസ്ഥലങ്ങള്‍ കൂടിയായിരുന്നു ചലച്ചിത്രമേളകള്‍. പ്രദര്‍ശനവേദിയ്ക്കു പുറത്ത് ആളുകള്‍ കൂട്ടം കൂടി. ചിലര്‍ ചിത്രങ്ങള്‍ വരച്ചു. കവികള്‍ ആള്‍ക്കൂട്ടത്തെ അഭിസംബോധനചെയ്ത് കവിതകള്‍ ചൊല്ലി. പാട്ടുകാര്‍ പാടി. പുസ്തകങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടു. ഓപ്പണ്‍ ഫോറം എന്ന ഔദ്യോഗിക വേദിക്ക് അകത്തും പുറത്തും സംവാദങ്ങളുണ്ടായി. വലിയ ചലച്ചിത്ര സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടമൊരുക്കുന്ന ജനാധിപത്യ ഇടമായി കേരളത്തിലെ ചെറുതും വലുതുമായ ചലച്ചിത്രോത്സവങ്ങളിലേക്കും ഓപ്പണ്‍ഫോറങ്ങള്‍ പടര്‍ന്നു. 2011ലെ കേരള അന്താരാഷ്ട്ര ചലച്ചിതോല്‍സവ വേദിയല്‍ ഡോ. ഹാരീസ് എത്തിയില്ല. ആരും ക്ഷണിച്ചതുമില്ല. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനവും ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പും വലതുപക്ഷ-അധികാര ഭാവുകത്വത്തിന് അനുകൂലമായി മാറുന്ന കാലമായിരുന്നു അത്. മേളയുടെ ആദ്യദിനത്തിലെ ഓപ്പണ്‍ ഫോറം മേളയുടെ നടത്തിപ്പിനെ സംബന്ധിക്കുന്ന വലിയ സംവാദങ്ങള്‍ക്ക് വേദിയായി. പൊതുസംവാദ ഇടമായിരുന്ന ഓപ്പണ്‍ ഫോറം അടുത്ത ദിവസം മുതല്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. ഫിലിം സൊസൈറ്റികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയെ മേളയില്‍ നിന്നും ഒഴിവാക്കി. ഒഴിവാക്കലുകളുടെ ഇടങ്ങളിലേയ്ക്ക് ഹാരിസ് പിന്നീട് വന്നില്ല. ഡോ. ഹാരിസിന്റെ ഒഴിഞ്ഞുനില്‍ക്കല്‍ സര്‍ഗാത്മകമായ സമരവും സംവാദവുമായിരുന്നു. ഒഴിഞ്ഞ ഇടങ്ങള്‍, അഭാവങ്ങള്‍ സൃഷ്ടിക്കുന്ന സംവാദ സാധ്യതയാണ് ഹാരിസ് മുന്നോട്ടുവെച്ചത്.
സംവാദത്തിന്റെ തുറസുകള്‍
ഡോ. വി. സി ഹാരിസിനെപ്പോലെ ജീവിതത്തെ ഇത്രയേറെ സര്‍ഗാത്മകമായി ജനാധിപത്യവത്ക്കരിച്ചവര്‍ വിരളമാണ്. ആള്‍ക്കൂട്ടത്തിനൊപ്പമായിരുന്നു ഹാരിസ്. ഒറ്റക്കായിരിക്കാന്‍ ഒരിക്കലുമാഗ്രഹിച്ചില്ല. തൊണ്ണൂറുകളില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെത്തിയ ഹാരിസിനെ വരവേറ്റത് ഉയര്‍ന്ന അക്കാദമിക സംവാദത്തിന്റെ ഇടങ്ങളാണ്. അന്നവിടെ എം.ഫില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ചലച്ചിത്രസംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, പിന്നെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്റര്‍ എ.ജെ. തോമസ്. കവി മ്യൂസ് മേരി ജോര്‍ജ്, അന്‍വര്‍ അലി ഇവരൊക്കെയുണ്ടായിരുന്നു വിദ്യാര്‍ത്ഥികളായി. അധ്യാപകരായി ആര്‍ നരേന്ദ്രപ്രസാദ്, ഡി വിനയചന്ദ്രന്‍, പി. പി രവീന്ദ്രന്‍, കെ എം കൃഷ്ണന്‍, പി ബാലചന്ദ്രന്‍ എന്നിവരുണ്ട്. സിലബസില്‍ ദെറിദയുണ്ട്, ഫൂക്കോയുണ്ട്, ബാര്‍ത്തുണ്ട്... കേരളത്തിന്റെ സാംസ്‌കാരിക പരിസരത്ത് ആധുനികാന്തര സാഹിത്യ സംവാദത്തിന് ആരംഭം കുറിക്കുന്നത് അവിടെ നിന്നാണ്. ഡോ. ഹാരിസ് അതില്‍ മുഖ്യ പങ്കുവഹിച്ചു.
സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഹാരിസിനെ കാണാന്‍ വന്നവരില്‍ പഴയ നക്സലൈറ്റുകളുണ്ടായിരുന്നു. ഒഡേസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരില്‍ നിന്ന് കേട്ടറിഞ്ഞെത്തിയവര്‍ ഹാരിസിനെ സഖാവായി കണ്ടു. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഡൈനമിക് ആക്ഷന്‍ പ്രവര്‍ത്തകര്‍, ദളിത് സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഫെമിനിസ്റ്റുകള്‍, എഴുത്തുകാര്‍, കവികള്‍, കഥാകൃത്തുക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍... പലതരം മനുഷ്യരിലേയ്ക്ക് ഹാരിസ് തുറന്നുവയ്ക്കപ്പെട്ടു. സര്‍വകലാശാലയ്ക്കകത്തേയ്ക്കും പുറത്തേയ്ക്കുമായി സമാന്തരമായി വികസിക്കുന്ന തുറസ്സുകള്‍ സൃഷ്ടിക്കപ്പെട്ടു. ഹാരിസ് എല്ലാവരെയും കേട്ടു. എല്ലാവരുമായും സംസാരിച്ചു. സംവാദമായിരുന്നു, തര്‍ക്കങ്ങളായിരുന്നില്ല ഹാരിസിന്റെ രീതി. എല്ലാത്തരം ശബ്ദങ്ങളും കേള്‍ക്കാന്‍ ഒരാള്‍ നേടുന്ന വളര്‍ച്ചയാണ് പ്രധാനമെന്ന് ഹാരിസ് കരുതി. അരികുകളില്‍ അമര്‍ന്നു മുഴങ്ങിയ ശബ്ദങ്ങളോട് പ്രതിപത്തി കൂടുതലുണ്ടായിരുന്നു.
അടുത്തേയ്ക്ക് വന്നവര്‍ അവരുടെ ഇടങ്ങളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ചങ്ങനാശേരി സി.എസ്.ഐ സെന്ററില്‍ എല്ലാ ശനിയാഴ്ചകളിലും വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ഹാരിസ് സംസാരിച്ചു. ടി.എം യേശുദാസന്‍, പ്രൊഫ. ഇസ്താക്, സെബാസ്റ്റ്യന്‍ വട്ടമറ്റം തുടങ്ങിയ നിരവധിയാളുകള്‍ പ്രേക്ഷകരായിരുന്നു. ഈ കൂടിച്ചേരലിനെക്കുറിച്ചറിഞ്ഞ സുഹൃത്തുക്കള്‍ ഹാരിസിനെ തൃപ്പൂണിത്തുറയിലേയ്ക്ക് ക്ഷണിച്ചു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാന്‍ സത്യപാല്‍, സി ബി സുധാകരന്‍ തുടങ്ങിയവരായിരുന്നു മുഖ്യ സംഘാടകര്‍. പുതിയ സൈദ്ധാന്തിക വികാസങ്ങളെപ്പറ്റി ഒരു പ്രഭാഷണ പരമ്പര. ആറ് ആഴ്ചകളിലായി ആറ് പ്രഭാഷണങ്ങള്‍. പ്രഭാഷണ വിഷയവും പ്രഭാഷകരെയും കണ്ടെത്തി അവതരിപ്പിക്കേണ്ട ചുമതല ഡോ. ഹാരിസിനായിരുന്നു. ആ പരമ്പരയെക്കുറിച്ച് ഒരഭിമുഖത്തില്‍ ഹാരിസ് പറയുന്നു. ''തൃപ്പൂണിത്തുറ സി.പി.എം പാര്‍ട്ടി ഓഫീസിന് താഴെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ ചുമരുകളില്ലാത്ത ഒരു തുറന്ന സ്ഥലമായിരുന്നു വേദി. മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ സത്യപാല്‍ വരുന്നു. നമുക്കിത് നിര്‍ത്താന്‍ പറ്റില്ല. പന്ത്രണ്ടെങ്കിലും ആക്കണം. പൊതു ജനങ്ങളില്‍ നിന്ന് വലിയ പ്രതികരണമാണ്. പക്ഷേ പന്ത്രണ്ടാക്കിയാല്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റിയ ആള്‍ക്കാരില്ല. എന്നാലും മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.'' ക്ലാസ് മുറികളില്‍ നിന്നും ക്ഷണിക്കപ്പെട്ട, സദസ്സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകരില്‍നിന്നും സൈദ്ധാന്തിക സംവാദം ജനങ്ങളിലേക്കിറങ്ങി. ഡോ. വി സി ഹാരിസും ബി ഉണ്ണികൃഷ്ണനും എഡിറ്റ് ചെയ്ത് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നവസിദ്ധാന്തങ്ങള്‍ എന്ന പുസ്തക പരമ്പര ഈ പ്രഭാഷണങ്ങളുടെ തുടര്‍ച്ചയായിരുന്നു. ഡോ. വി സി ഹാരിസിന്റെ എഴുത്തും വായനയും എന്ന സാഹിത്യ പഠനഗ്രന്ഥം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. എന്തായിരുന്നു ഡോ. ഹാരിസ് ചെയ്തത്? അക്കാദമി, ക്ലാസ് മുറികള്‍ തുടങ്ങിയ സങ്കല്പങ്ങളെത്തന്നെ ഹാരിസ് കീഴ്മേല്‍ മറിച്ചു. പരമ്പരാഗത ബോധന സമ്പ്രദായങ്ങളുടെ ഘടനയെത്തന്നെ ഹാരിസ് അപനിര്‍മ്മിക്കുകയായിരുന്നു.
അപൂര്‍ണ്ണ പുസ്തകം
ഹാരിസ് എഴുതിയതും പറഞ്ഞതുമൊന്നും വേണ്ടവിധം സമാഹരിക്കപ്പെട്ടിട്ടില്ല. ലേഖനങ്ങളായും അവതാരികകളായും ആത്മകഥകളായും അതെവിടെയൊക്കയോ ചിതറിക്കിടക്കുന്നു. 2003-04 കാലത്താണ് ഡോ. വി സി ഹാരിസ് ആത്മകഥ എഴുതിത്തുടങ്ങുന്നത്. വ്യവസ്ഥാപിതമായ അര്‍ത്ഥത്തില്‍ അതൊരാത്മകഥയായിരുന്നില്ല. ഹാരിസ് ജീവിച്ച കാലത്തിന്റെ കഥയായിരുന്നു. ഭൂതവര്‍ത്തമാനങ്ങള്‍ സവിശേഷരീതിയില്‍ കയറിയിറങ്ങുന്ന ആഖ്യാനരീതി. സമൂഹം നിരന്തരമായി സന്നിഹിതമാകുന്ന ആത്മചരിതം. തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സംവാദം മാസികയിലാണ് അത് ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നത്. ഏഴോളം ലക്കങ്ങള്‍ക്കുശേഷം ആത്മകഥ നിലച്ചു. രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് അക്കാലത്താണ് അദ്ദേഹം സിനിമാ പഠിപ്പിക്കുന്നതിനായി ജര്‍മ്മനിയിലെ ട്രിയര്‍ സര്‍വ്വകലാശാലയിലേക്ക് പോകുന്നത്. രണ്ട് ഏറെ വൈകാതെ സംവാദം പ്രസിദ്ധീകരണം നിലയ്ക്കുകയും ചെയ്തു.
ജര്‍മ്മനിയില്‍ നിന്ന് തിരിച്ചെത്തിയ ഹാരിസില്‍ നിന്ന് ആത്മകഥയുടെ പ്രസിദ്ധീകരണാവകാശം റെയിന്‍ബോ ബുക്സിലെ രാജേഷ് വാങ്ങി. 'ആത്മകഥ. ജീവിതം, സമൂഹം, നിരൂപണം' എന്ന പേരില്‍ 2007ല്‍ അത് പുസ്തകമായി. പുസ്തകം പുറത്തിറങ്ങി അധികം വൈകാതെ റെയിന്‍ബോ ഉടമ രാജേഷ് മരിച്ചു. റെയിന്‍ബോ ഇല്ലാതായി. റയിന്‍ബോയുടെ പുസ്തകങ്ങള്‍ പലതും നഷ്ടപ്പെട്ടതിനൊപ്പം ഡോ. വി സി ഹാരിസിന്റെ ആത്മകഥയും നഷ്ടമായി.
തൊണ്ണൂറുകളില്‍ ഒഡേസയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഒഡേസയെക്കുറിച്ച് പഠിക്കാന്‍ ഇംഗ്‌ളണ്ടില്‍ നിന്ന് വില്യം സിപ്‌മെന്‍ എന്നൊരാള്‍ വന്നു. ലണ്ടന്‍ മെട്രോയിലെ ഡ്രൈവറായിരുന്ന വില്യം ലണ്ടന്‍ ഫിലിം ഫെസ്റ്റിവെലില്‍ 'അമ്മ അറിയാന്‍' കണ്ടു. ആ സിനിമയില്‍ കണ്ട സമൂഹത്തെ അടുത്തറിയാനാണ് അയാള്‍ വന്നത്. ഡോ. വി സി ഹാരിസിനൊപ്പം സഞ്ചരിച്ച് വില്യം സിപ്‌മെന്‍ ജോണ്‍ എബ്രഹാമിന്റെ സിനിമാലോകത്തെക്കുറിച്ച് പഠിച്ചു. തൊട്ടുപിന്നാലൊണ്, വില്യമിന്റെ സുഹൃത്തും ചലച്ചിത്ര ഗവേഷകയുമായ ബ്രിജിറ്റ എന്ന ജര്‍മന്‍കാരിയെത്തുന്നത്. 'കേരളത്തിലെ സ്ത്രീ പ്രശ്നങ്ങള്‍ സിനിമയില്‍' എന്ന വിഷയത്തെക്കുറിച്ചാണ് അവരുടെ ഗവേഷണം. ഹാരിസിന്റെ മേല്‍നോട്ടത്തിലാണ് അവര്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. അതേത്തുടര്‍ന്നാണ് ഡോ. വി സി ഹാരിസ് ജര്‍മ്മനിയിലേക്ക് ക്ഷണിക്കപ്പെടുന്നത്. ജര്‍മ്മനിയിലെ ട്രിയര്‍ യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്ര അധ്യാപകനായി.
അവിടെവെച്ച് ആദ്യകാല ജര്‍മ്മന്‍ സിനിമയിലെ ഇന്ത്യന്‍ പ്രതിനിധാനത്തെക്കുറിച്ച് ഒരു പുസ്തകം ഡോ ഹാരിസ് എഴുതിത്തുടങ്ങുന്നത്. നൂറിലധികം പേജുകളുള്ള പുസ്തകം എഴുതിത്തീര്‍ത്തു. 'The Lost Continent: India in Early German Cinema'. പുസ്തകം ആരംഭിക്കുന്നത് ഇതൊരു പാതി പുസ്തകമാണ് (This is half a book) എന്ന വാക്യത്തോടെയാണ്. ഒരു സംഭാഷണത്തിനിടെ പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോ. ഹാരിസ് അത് വിശദീകരിച്ചു. ''ഇവിടെയിരുന്നുകൊണ്ട് ആ പുസ്തകം പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ല. പിന്നെ എന്റെ മടിയും കൂടിയുണ്ട്. ജര്‍മ്മനിയില്‍ എന്നെ സഹാക്കാന്‍ ആളുണ്ടായിരുന്നു. ഇവിടെ ഒരാളും എന്നെ സഹായിക്കാനില്ല. എനിക്ക് അറിഞ്ഞുകൂടാത്ത ഭാഷയിലുള്ള സിനിമകളെക്കുറിച്ചാണ് എഴുതുന്നത്. ഓരോ ഘട്ടത്തിലും എനിക്ക് കൃത്യമായ റഫറന്‍സസ് വേണം. ചോദ്യങ്ങളുണ്ടാവും, സംശയങ്ങളുണ്ടാവും. അത് പരിഹരിക്കപ്പെട്ടാലെ എഴുതാന്‍ പറ്റൂ. 110 പേജ് എന്റെ കയ്യിലുണ്ട്. ഒരു നാല്പത് അമ്പത് പേജ് കൂടി എഴുതിയാല്‍ അതൊരു പുസ്തകമാകും. അത് പൂര്‍ത്തിയാക്കണമെന്നുണ്ട്. അതിനുള്ള ശ്രമത്തിലാണ് ഞാന്‍.'' അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായില്ല.
നഷ്ട സിനിമകള്‍
സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ നടുത്തളത്തില്‍ എല്ലാ വ്യാഴാഴ്ചയും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചുകൂടും. 'വ്യാഴവട്ടം' എന്ന ആ സദസില്‍ ഡി വിനയചന്ദ്രന്‍ കവിത ചൊല്ലും. പി. ബാലചന്ദ്രന്‍ നാടകഭാഗം വായിച്ചഭിനയിക്കും. ഇടിമുഴക്കമായി വല്ലപ്പോഴുമെത്തിയിരുന്ന ആര്‍. നരേന്ദ്രപ്രസാദ് രാവണനായി ലങ്കാലക്ഷ്മി വീണ്ടും വീണ്ടും വായിക്കും. പി പി രവീന്ദ്രന്‍മാഷും കൃഷ്ണന്‍ മാഷും സംവാദങ്ങളിലേക്ക് സദസ്സിനെ നയിക്കും. സംവാദത്തെ കൊഴുപ്പിച്ചും ചിരിപ്പിച്ചും പാട്ടുപാടിയും ഡോ. ഹാരിസ് സദസ്സിനെ സഹജീവിതമായി പരിവര്‍ത്തിപ്പിച്ചു. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് എന്ന സ്ഥാപനം പലകാലങ്ങളിലെ പലമനുഷ്യരുടെ സഹജീവിതത്തിന്റെ ഇടമായി മാറിയത് അങ്ങനെയെല്ലാമാണ്.
1999 ലെ ഒരു വ്യാഴം. അന്ന് ഹാരിസ് തിരക്കഥ വായിക്കുകയാണ്. ഹാരിസ് എഴുതി സംവിധാനം ചെയ്യാന്‍ പോകുന്ന ചലച്ചിത്രത്തിന്റെ തിരക്കഥ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു. സി അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന ചെറുകഥയുടെ ചലച്ചിത്രഭാഷ്യം. സി. അയ്യപ്പന്റെ കഥ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തതും വി സി ഹാരിസാണ്. തിരക്കഥയും ഷൂട്ടിംഗ് സ്‌ക്രിപ്റ്റും തയ്യാറായിരുന്നു. എന്നാല്‍ ആ ചലച്ചിത്ര ശ്രമം വിജയിച്ചില്ല. 'പ്രേത ഭാഷണ'ത്തിന്റെ ചലച്ചിത്ര ശ്രമങ്ങളെക്കുറിച്ച് ഡോ ഹാരിസ് ഒരഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നു. ''ടി എം യേശുദാസന്‍ സാര്‍ പ്രേതഭാഷണം നാടകമാക്കിയിരുന്നു. നാടകവും വലിയ വിജയമായില്ല. തിരക്കഥയൊക്കെ പൂര്‍ത്തിയാക്കി അഞ്ച് നിര്‍മാതാക്കളുടെ പിറകെ നടന്നിട്ടുണ്ട്. ഒരാള്‍ക്കും ഈ സിനിമ വേണ്ട. പ്രമേയത്തില്‍ താല്പര്യമില്ല. ദളിത് സബ്ജക്ട് അല്ലേ, ആര്‍ക്കുവേണം? ഒരാള്‍ മാത്രം വെറുതെ ഒരു പ്രതീക്ഷ തന്നു. കൂത്താട്ടുകുളത്തുള്ള ഒരാള്‍. സബ്ജക്ട് കൊള്ളാം, ഞാനൊന്ന് ആലോചിക്കട്ടെ. രണ്ട് മൂന്ന് ആഴ്ചക്കുള്ളില്‍ പറയാം, എന്നൊക്കെ പ്രതീക്ഷ തന്നു. മൂന്ന് ആഴ്ച, മൂന്ന് മാസമായി. ഇങ്ങനെ കുറെ ആളുകളുടെ പിറകെ നടന്നപ്പോള്‍ സത്യം പറഞ്ഞാല്‍ മടുപ്പ് തോന്നി. അതുകൊണ്ട് ഞാനങ്ങ് വിട്ടു...'' പ്രേതഭാഷണം ഒരിക്കലും സിനിമയായില്ല.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ആനവാരിയും പൊന്‍കുരിശും' ചലച്ചിത്രമാക്കാന്‍ ഹാരിസ് ശ്രമിക്കുന്നത് അടുത്തകാലത്താണ്. ഹാരിസിന്റെ വിദ്യാര്‍ത്ഥിയായിരുന്ന സജിന്‍ പി ജെയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. 'ആനവാരിയും പൊന്‍കുരിശും', 'മുച്ചീട്ടുകളിക്കാരന്റെ മകള്‍', 'സ്ഥലത്തെ പ്രധാന ദിവ്യന്‍' എന്നീ കഥകളെ അടിസ്ഥാനമാക്കിയാണ് തിരക്കഥയൊരുക്കിയത്. എഴുതിയ കാലത്ത് നിലനിന്നിരുന്ന ഭാഷയെയും ആഖ്യാന രീതികളെയും അതിലംഘിച്ച എഴുത്തുകാരനാണ് ബഷീര്‍. അതുകൊണ്ടുതന്നെ ബഷീറിനെ ചലച്ചിത്രമാക്കുമ്പോള്‍ കാലത്തെ പുനരാനയിക്കുന്ന രീതിയല്ല ആവശ്യമെന്നും പുതിയ സമയകാലത്തിനനുസൃതമായ ആഖ്യാനരീതിയും ദൃശ്യപരിചരണവുമാണ് ആവശ്യമെന്നും ഹാരിസ് പറഞ്ഞിരുന്നു. സാങ്കേതികമായും ആഖ്യാനപരമായും പുതുസിനിമ എന്ന സങ്കല്പത്തിലാണ് 'ആനവാരിയും പൊന്‍കുരിശും' വിഭാവനം ചെയ്യപ്പെട്ടത്. മലയാളത്തിലെ ഒരു പ്രമുഖ നടനെയാണ് ആ വേഷം ചെയ്യാന്‍ തെരഞ്ഞെടുത്തത്. ''ഞാനാ നടനെ ചെന്നു കണ്ടു. വിശദമായി സംസാരിച്ചു. തിരക്കഥ വായിക്കാന്‍ കൊടുത്തു. ആദ്യമൊക്കെ വളരെ താല്പര്യത്തോടെയാണ് നീങ്ങിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അയാള്‍ വിളിച്ചാല്‍ ഫോണെടുക്കില്ല. പലരീതിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എനിക്കതില്‍ താല്പര്യമില്ല. അതോടെ നിര്‍മ്മാതാവ് പിന്‍മാറി. എന്റെ സമയം നഷ്ടമായത് മിച്ചം.''
മറ്റൊന്നുകൂടി സംഭവിച്ചു. തിരക്കഥയുടെ രണ്ട് പകര്‍പ്പുകളാണുണ്ടായിരുന്നത്. ഒന്ന് അഭിനേതാവിന്റെ കൈയ്യിലായി. മറ്റൊന്ന് ഹാരിസിന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു. ഒരു ഫീച്ചര്‍ സിനിമയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല. ഒന്നുരണ്ട് ഡോക്യുമെന്ററികളിലും ചില ഹ്രസ്വ ചിത്രങ്ങളിലും ആ സംവിധാന ശ്രമങ്ങള്‍ അവസാനിച്ചു.
അരങ്ങിലെ ഹാരിസ്
സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന് ഒരു നാടക പാരമ്പര്യമുണ്ട്. മലയാള നാടകവേദിയെ നവീകരിച്ച ജി ശങ്കരപ്പിള്ളയായിരുന്നു ലെറ്റേഴ്‌സിന്റെ ആദ്യ ഡയറക്ടര്‍. പിന്നാലെ വന്നത് രചനയിലും അവതരണത്തിലും വലിയ പരീക്ഷണങ്ങള്‍ നടത്തിയ ആര്‍. നരേന്ദ്രപ്രസാദായിരുന്നു. നാടക രചനയിലും സംവിധാനത്തിലും പുതുഭാവുകത്വം സൃഷ്ടിച്ച പി. ബാലചന്ദ്രന്‍ അധ്യാപകനായിരുന്നു. ലെറ്റേഴ്സില്‍ തിയേറ്റര്‍ പാഠ്യവിഷയമായിരുന്നു. ജി ശങ്കരപ്പിള്ളയുടെ ചരമ ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ലെറ്റേഴ്സിന്റെ നാടകം അരങ്ങേറി. പി. ബാലചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകങ്ങളിലെ പ്രധാന നടനായിരുന്നു ഡോ. വി സി ഹാരിസ്. അനായാസ സുന്ദരമായിരുന്നു ഡോ. ഹാരിസിന്റെ അഭിനയ രീതി.
അഭിനേതാവ് മാത്രമായിരുന്നില്ല ഡോ. ഹാരിസ്. ലോക നാടകവേദിയില്‍ നിന്ന് അസാധാരണമായ നാടകങ്ങള്‍ അദ്ദേഹം കണ്ടെത്തി മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. അമേരിക്കന്‍ നാടകകൃത്തായ ബെര്‍ണാര്‍ഡ് ജാക്സന്റെ ഇയാഗോ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ യൂറോ കേന്ദ്രിത നാടക പാരമ്പര്യം കൂടി പൊളിച്ചെഴുതുകയായിരുന്നു. ഒഥല്ലോയ്ക്ക് പകരം ഇയാഗോ കേന്ദ്ര കഥാപാത്രമായി. വെളുപ്പിന്റെ വംശീയ രാഷ്ട്രീയത്തെ അരങ്ങില്‍ വിചാരണ ചെയ്യുന്ന നാടകത്തില്‍ ഒഥല്ലോയായി ഡോ. ഹാരിസും ഇയാഗോയായി ദീപന്‍ ശിവരാമനുമാണ് വേഷമിട്ടത്. പി. ബാലചന്ദ്രനായരുന്നു സംവിധായകന്‍. തിയേറ്റര്‍ തെറാപ്പി, ഓര്‍മ്മയുടെ നാടകം തുടങ്ങി നിരവധി നാടകങ്ങള്‍ അദ്ദേഹം പരിഭാഷപ്പെടുത്തി, അരങ്ങിലെത്തിച്ചു. ഡോ. വി സി ഹാരിസിന്റെ നാടക പരിഭാഷകളുടെ പുസ്തകം 'തിയേറ്റര്‍ തെറാപ്പി' എന്നപേരില്‍ ചങ്ങനാശേരിയില്‍ നിന്ന് എം.ക്യൂബ് ബുക്സ് 2007ല്‍ പുറത്തിറക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ പ്രസിദ്ധീകരണശാല നിന്നുപോയി. പുസ്തകത്തിന്റെ പ്രതികള്‍ ലഭ്യവുമല്ല.
ടി. കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മ്മരമാണ് ഹാരിസിനെ ചലച്ചിത്രാഭിനയത്തിലേക്കെത്തിക്കുന്നത്. ചാലിയാര്‍ വ്യവസായ മലിനീകരണത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയം തീവ്രമായി ചര്‍ച്ചചെയ്ത ചലച്ചിത്രത്തിലെ സമരനായകനായ ഉസ്മാനായി ഹാരിസ് വേഷമിട്ടു. ഒടുവില്‍ അതേ മലിനീകരണത്തിന്റെ ഇരയായി അര്‍ബുദ ബാധിതനായി ഉസ്മാന്‍ മരിക്കുന്നു. സുമ ജോസന്റെ സാരി, ഷാജി കൈലാസിന്റെ കവര്‍സ്റ്റോറി, സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ് എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിരുന്നു.
സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന് വേണ്ടി പി. ബാലചന്ദ്രന്‍ അവസാനമായി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമായിരുന്നു ഒരു മധ്യവേനല്‍ പ്രണയരാവ്. ഷേക്സ്പിയര്‍ നാടകമായ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീമും ശാകുന്തളവും രമണനും സംഗമിക്കുന്ന സമകാലിക നാടകവേദിയാണ് അരങ്ങ്. നാടകത്തിലെ പക്ക് എന്ന കഥാപാത്രത്തെ കാളിദാസ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷവിതാനങ്ങളോടെ ഹാരിസ് അവതരിപ്പിച്ചു. ആ നാടകം പുസ്തകരൂപത്തില്‍ പുറത്തുവന്നപ്പോള്‍ 'പാഠാന്തരങ്ങളുടെ നാടകം' എന്ന വിശദമായ പഠനവും ഡോ. ഹാരിസ് എഴുതിയിരുന്നു. പി. ബാലചന്ദ്രന്‍ ലെറ്റേഴ്സില്‍ നിന്ന് വിരമിച്ചപ്പോള്‍ ഹാരിസിന്റെ നാടക പരീക്ഷണങ്ങള്‍ മറ്റൊരു വഴിക്ക് തിരിഞ്ഞു. ഒറ്റയ്ക്ക് അരങ്ങത്തവതരിപ്പിക്കാവുന്ന നാടകങ്ങളുമായി അദ്ദേഹം വരുന്നു. ബെക്കറ്റിന്റെ 'ക്രാപ്‌സ് ലാസ്റ്റ് ടേപ് (Krapp's Last Tape)' ഇംഗ്ലീഷിലും മലയാളത്തിലും അവതരിപ്പിച്ചു. അമേരിക്കന്‍ ചരിത്രകാരനും നാടകകൃത്തുമായ ഹൊവാഡ് സിന്‍ (Howard Zinn) എഴുതിയ 'മാര്‍ക്സ് ഇന്‍ സോഹോ' എന്ന നാടകത്തില്‍ മാര്‍ക്സായി വേഷമിട്ട ഹാരിസ് തന്റെ ഒറ്റയാള്‍ നാടകത്തിന് ഒരുപാട് അരങ്ങുകള്‍ നേടി.
എന്തായിരുന്നു ഹാരിസ്?
പലതായിരുന്നു ഹാരിസ്. ഉത്തരങ്ങളല്ല, ചോദ്യങ്ങളാണ് പ്രധാനമെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. 'ഉത്തരങ്ങളില്‍' തൂങ്ങി നില്‍ക്കരുതെന്നും ചോദ്യങ്ങള്‍ ചിന്തയുടെ അകാലമരണങ്ങളെ അതിജീവിക്കുമെന്നും ഹാരിസ് പറഞ്ഞിരുന്നു. ചോദ്യം/ ഉത്തരം എന്ന ദ്വന്ദ്വ കല്പനയ്ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന അറിവധികാരത്തെയാണ് ഹാരിസ് അഴിച്ചെടുത്തത്. കുടുംബം/സമൂഹം, പൊതു/സ്വകാര്യം, തൊഴില്‍ ജീവിതം/സ്വകാര്യ ജീവിതം, വ്യക്തി ജീവിതം/പൗരജീവിതം, ബുദ്ധി ജീവിതം/വൈകാരിക ജീവിതം...എന്നിങ്ങനെ എല്ലാ ദ്വന്ദ്വഭാവങ്ങളെയും ഹാരിസ് അഴിച്ചെടുത്തു. ചിന്തയുടെ, ആശയങ്ങളുടെ അനുഭവങ്ങളുടെ പലമയില്‍ ജീവിച്ചു. ജനമായിരിക്കുക എന്ന സാധ്യതയിലാണ് ഹാരിസ് ഊന്നിയത്. ജനമായിരിക്കുകയെന്നാല്‍ പലതായിരിക്കുകയെന്നാണര്‍ത്ഥം.
തൊണ്ണൂറുകളുടെ അവസാനം കോട്ടയത്തിനടുത്ത് കുറിച്ചിയില്‍ ദളിത് കോളനിക്കു മുകളിലൂടെ വൈദ്യുതക്കമ്പി വലിക്കാനുള്ള നീക്കത്തിനെതിരെ നടന്ന പ്രക്ഷോഭകാലത്ത്, ആദിവാസി ഭൂസമര സന്ദര്‍ഭത്തില്‍, ചെങ്ങറയില്‍...സമര സഖാക്കള്‍ക്കൊപ്പം ഡോ. ഹാരിസിനെ കാണുന്നുണ്ട്. അപ്പോഴെല്ലാം ഹാരിസ്, ജനം എന്ന ബഹുവചനത്തെ രാഷ്ട്രീയമായി അനുഭവിക്കുകയും അനുഭവപ്പെടുത്തുകയുമായിരുന്നു. പലകാലങ്ങളില്‍ പലദേശങ്ങളില്‍ ബൗദ്ധികവും വൈകാരികവുമായി ഒഴുകിപ്പരന്ന നദിയായിരുന്നു ഡോ. വി സി ഹാരിസ്.
(വി സി ഹാരിസ്: ഓര്‍മ്മ, പഠനം, സംഭാഷണം. എന്ന പുസ്തകത്തില്‍ നിന്ന്)