കുഞ്ചിയമ്മയ്ക്ക് പിന്നെയെന്ത് സംഭവിച്ചു; പഞ്ചാരക്കുഞ്ചു ഇപ്പോള്‍ എന്തെടുക്കുകയാവും?
കവി ഷാജു വിവിയുടെ രസകരമായ മറുവായന: ഇഞ്ചി, കുഞ്ചു, കുഞ്ചിയമ്മ, പഞ്ചാര, അഞ്ചാമന്‍, വഞ്ചി, തുഞ്ചം തുടങ്ങി 'ഞ്ച' എന്ന അക്ഷരത്തില്‍ ദ്വിതിയാക്ഷര പ്രാസം ദീക്ഷിക്കാന്‍ കവി കൊടുത്ത അര്‍ത്ഥ ബലിയാണ് ഈ കവിത എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?
ഇഞ്ചികടിച്ചു രസിക്കാറുണ്ടായിരുന്ന, കവിതയില്‍ സൂചിപ്പിക്കപ്പെടാത്ത മറ്റു പല ആഹ്ലാദകര്‍മ്മങ്ങളിലും കളികളിലും ഏര്‍പ്പെട്ടിട്ടുണ്ടാവാനിടയുള്ള കുഞ്ചുവിനെ പഞ്ചസാര തിന്നാറുള്ളതിന്റെയും വിറ്റതിന്റെയും പേരില്‍ 'പഞ്ചാരക്കുഞ്ചു' എന്നു വിളിക്കുന്നതിന്റെ ന്യായം എന്താണ്? ആ വിളി മറ്റെന്തെങ്കിലും ധ്വനിപ്പിക്കുന്നുണ്ടോ? സഹസ്രാബ്ദങ്ങളായി നിലനിന്നുപോരുന്ന, മല്ലു ആണുങ്ങളുടെ ഒലിപ്പിക്കല്‍, പൂവാല സ്വഭാവത്തിന്റെ പ്രതിനിധാനമാണോ കവി കുഞ്ചുവിലൂടെ നിര്‍വ്വഹിക്കുന്നത്? പഞ്ചാര തിന്നു മടുത്തു എന്ന പരാമര്‍ശം കുഞ്ചു സ്വഭാവശുദ്ധി ആര്‍ജിച്ചു വരുന്നതിന്റെ നിദര്‍ശനമാണോ?
കുഞ്ചുവൊഴിച്ചുള്ള കുഞ്ചിയമ്മയുടെ നാലു മക്കളെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ? അവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമോ? കുഞ്ചുവിനുള്ളതുപോലെ സ്വന്തമായി പേരും ഉടുപ്പും വിലപ്പെട്ട ജീവിതവും പഞ്ചാരയോടോ കര്‍മൂസും കായയോടോ ഉള്ള മറലും അവര്‍ക്കുമുണ്ടാകില്ലേ?
കുഞ്ചുവിനെക്കാള്‍ മൂപ്പുള്ള നാലു കുട്ടികളെ ഈ ആഖ്യാനം ദമനം ചെയ്തത് എന്താവും? ഈ കുട്ടികളുമായി ബന്ധപ്പെട്ട് കവി / കവയത്രി അവതരിപ്പിച്ച വിധ്വംസകമായ സന്ദേശങ്ങള്‍ അക്കാലത്തെ വിദ്യാഭ്യാസ വകുപ്പ് നീക്കം ചെയ്തതാണോ? അങ്ങനെയാണെങ്കില്‍ ഈ നാലു പേര്‍ ഏതൊക്കെ മേഖലകളിലെ വിപ്ലവകാരികള്‍ ആവും?
മറ്റേതെങ്കിലും പ്രാദേശിക പാഠoങ്ങളില്‍ അവരെക്കുറിച്ച് പരാമര്‍ശമുണ്ടോ? അവരില്‍ എത്ര പെണ്‍കുഞ്ഞുങ്ങളുണ്ട്? അവരില്‍ ഒന്നോ രണ്ടോ പേര്‍ ട്രാന്‍സ് മനുഷ്യരാണോ? അത് എഡിറ്റു ചെയ്തു നീക്കി പൊതുബോധ യുക്തിയില്‍ കുഞ്ഞുങ്ങള്‍ക്കു വിളമ്പുകയാണോ പാഠ്യപദ്ധതി നിര്‍മ്മാതാക്കള്‍ ചെയ്തിട്ടുള്ളത്?
എന്തൊരു നിഗൂഢമായ കവിതയാണത്?
കുഞ്ചുവിന്റെ അച്ഛനെക്കുറിച്ചും കവിതയില്‍ സൂചനയില്ല. അച്ഛന്‍ മരിച്ചതാവുമോ? അതോ കുഞ്ചിയമ്മ അയാളെ ഉപേക്ഷിച്ചതാണോ?
അഞ്ചു മക്കള്‍ എന്ന സൂചന മഹാഭാരത പുരാണ പശ്ചാത്തലത്തില്‍ കവിതയെ വായിക്കാനുള്ള പരോക്ഷാഹ്വാനം വായനക്കാര്‍ക്ക് നല്‍കുകയാണോ? കുന്തിയെപ്പോലെ ഏതെങ്കിലും പ്രകൃതിശക്തികളില്‍ നിന്ന് ഗര്‍ഭം ധരിച്ചതാവുമോ കുഞ്ചിയമ്മ ? ഹെട്രോ, ആണധികാര, മല്ലു പുരുഷനെ സങ്കല്‍പ്പനപരമായും വിഭാവനപരമായും നാടുകടത്തുന്ന ഉഗ്രവിപ്ലവ കവിതയാകുമോ ഇത്?
തന്തനിരാസത്തിന്റെയും തള്ളപ്രാമാണ്യത്വത്തിന്റെയും രാഷ്ട്രീയമാണോ ഈ കവിത മുന്നോട്ടു വയ്ക്കുന്നത്?
അസന്നിഹിതമായ പിതൃസാന്നിധ്യവും പിതൃ അധികാര അഭാവവും ഈ കവിതയില്‍ പ്രകടമായി ദര്‍ശനീയമാണെങ്കിലും പാട്രിയാര്‍ക്കിയെ അട്ടിമറിക്കുന്ന കവിതയാണിത് എന്നത് ഏതെങ്കിലും അധ്യാപകര്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ടോ?
കുഞ്ചിയമ്മയുടെ തൊഴിലെന്താവും? പഞ്ചാര വില്‍പ്പനയാണ് കുഞ്ചുവിന്റെ തൊഴില്‍ എന്ന സൂചന പ്രബലമായിത്തന്നെ കാണാമെങ്കിലും കുഞ്ചിയമ്മയുടെ തൊഴിലിനെക്കുറിച്ച് സൂചനകള്‍ ഇല്ല. അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ അധ്വാനത്തില്‍ ഇത്തിള്‍ക്കണ്ണിയായി ജീവിക്കുന്ന നിഷ്ഠൂരയായ സ്ത്രീയാണോ കുഞ്ചിയമ്മ ?
കേരള സര്‍ക്കാറിന്റെയും ബാലാവകാശ കമ്മീഷന്റെയും മൂക്കിനു താഴെ വച്ച് കുഞ്ഞു കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിനെ സ്തുതിക്കുന്ന ഒരു കവിത അഞ്ചു വയസ്സുള്ള കുട്ടികള്‍ക്കു പഠിക്കാനായി നിര്‍ദ്ദേശിക്കുന്ന ഒരു വിദ്യാഭ്യാസ വകുപ്പിന്റെ ധാര്‍ഷ്ട്യത്തെക്കുറിച്ച് എന്താണ് പറയേണ്ടത്? ജലമാര്‍ഗ്ഗത്തിലൂടെയാണ് കുഞ്ചു പഞ്ചസാരക്കച്ചവടം നടത്തിയിരുന്നതത്രേ! വഞ്ചിയുടെ തുഞ്ചത്തിരുന്നു തുഴഞ്ഞതും കുഞ്ചു തന്നെ! ജീവന്‍ പണയപ്പെടുത്തിക്കൊണ്ടാണ് ആ അഞ്ചു വയസ്സുകാരന്‍ തൊഴിലെടുത്തിരുന്നതെന്ന് ചുരുക്കം.
കുഞ്ചുവിന് വയസ്സഞ്ച് എന്ന് പറയാന്‍ പാഠത്തില്‍ തെളിവുകളില്ല. എന്റെ അനുമാനമാണ്. അഞ്ചാമന്‍ ഓമന കുഞ്ചു എന്നതിലെ 'ഓമന' പരാമര്‍ശമാണ് ഒന്നാമത്തേത്. ഇളയ കുഞ്ഞുങ്ങളെ വയോധികരായാലും ലാളിക്കുന്ന പ്രവണത കേരളത്തില്‍ ശക്തമാണ് എന്നത് മറുവാദമായി ഉന്നയിക്കപ്പെടാമെങ്കിലും ഇഞ്ചിയും പഞ്ചാരയും തിന്നു നടക്കുന്നവന്‍ എന്ന പരാമര്‍ശത്തിലും കുഞ്ചുവിന്റെ കുഞ്ഞപ്പത്തരം ദര്‍ശനീയമാണ്. ഇഞ്ചി, കുഞ്ചു, വഞ്ചി, തുഞ്ചം തുടങ്ങി 'ഞ്ച ' രണ്ടാമത്തെ അക്ഷരമായി വരുന്ന രണ്ടക്ഷരമുള്ള വാക്കു കൊണ്ടുള്ള ദ്വിതിയാക്ഷരപ്രാസപ്പിരാന്തുള്ള കവി കുഞ്ചുവിന്റെ വയസ്സ് പറയുകയാണെങ്കില്‍ അഞ്ച് എന്നല്ലാതെ എന്തു പറയാനാണ്!
കുഞ്ചുവിന്റെ തൊഴിലിനെക്കുറിച്ച് അര്‍ത്ഥശങ്കയില്ലാത്ത സൂചനകള്‍ ഉണ്ടെങ്കിലും അവന്‍ സ്‌കൂളില്‍ പോയിരുന്നതായി യാതൊരു ദൃഷ്ടാന്തവും കവിതയിലില്ല! സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ സങ്കല്‍പ്പനങ്ങള്‍ ഉണക്കാനിട്ട വിറകില്‍പ്പോലുമുണ്ടായിരുന്ന ഒരു നാട്ടിലെ ഒന്നാം ക്ലാസ് പാഠം പുസ്തകത്തില്‍, സ്‌കൂളില്‍ പോകാതെ കഷ്ടപ്പെട്ടു പണിയെടുത്തു ജീവിച്ച അഞ്ച് വയസ്സുകാരന്‍ ആഹ്ലാദവാനായിരുന്നു എന്ന് സ്ഥാപിക്കുന്ന പ്രതിലോമകരമായ ഒരു കവിത സ്ഥാനം പിടിച്ചു എന്നത് അവിശ്വസനീയമാണ്! ആരായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്? ആരായിരുന്നു വിദ്യാഭ്യാസമന്ത്രി? ഇതുമായി ബന്ധമുള്ള, ജീവിച്ചിരിക്കുന്ന എല്ലാവരെയും പിടികൂടി ശിക്ഷിക്കേണ്ടതാകുന്നു.
ഖസാക്കിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് എന്‍ എസ് മാധവന്‍ സന്ദേഹപ്പെട്ടിട്ടുള്ളതുപോലെ കുഞ്ചിയമ്മയുടെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നതായി അറിവില്ല. ആണ്‍കോയ്മയില്‍ നിന്നും സ്വച്ഛന്ദരായിത്തീര്‍ന്ന പെണ്ണുങ്ങളുടെ തൊഴില്‍ ജീവിതം പരമപധാനമാണെങ്കിലും കവിതയില്‍ കുഞ്ചിയമ്മയുടെ തൊഴിലിനെക്കുറിച്ചുള്ള പ്രത്യക്ഷ സൂചനകളൊന്നുമില്ല. ഇനി പഞ്ചാര വില്‍ക്കുന്ന കുഞ്ചുവില്‍ നിന്നും നാം വ്യാഖ്യാനിക്കേണ്ടത് അവന്റെ അമ്മക്ക് പഞ്ചസാര ഫാക്റ്ററി ഉണ്ടെന്നാണോ? കേരളത്തില്‍ അക്കാലങ്ങളില്‍ പഞ്ചസാര ഫാക്റ്ററികള്‍ ഉണ്ടായിരുന്നതായി ചരിത്രപരമായ തെളിവുകള്‍ ഉണ്ടോ?
കുഞ്ചുവിന്റെയും സഹോദരീ സഹോദരന്‍മാരുടെയും അമ്മയുടെയും ജാതി എന്താണ്? ചാതുര്‍വര്‍ണ്യത്തില്‍ പഞ്ചാര വില്‍പ്പനയുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ ഉണ്ടോ?
ഇഞ്ചികടിച്ചു രസിക്കാറുണ്ടായിരുന്ന, കവിതയില്‍ സൂചിപ്പിക്കപ്പെടാത്ത മറ്റു പല ആഹ്ലാദകര്‍മ്മങ്ങളിലും കളികളിലും ഏര്‍പ്പെട്ടിട്ടുണ്ടാവാനിടയുള്ള കുഞ്ചുവിനെ പഞ്ചസാര തിന്നാറുള്ളതിന്റെയും വിറ്റതിന്റെയും പേരില്‍ 'പഞ്ചാരക്കുഞ്ചു' എന്നു വിളിക്കുന്നതിന്റെ ന്യായം എന്താണ്? ആ വിളി മറ്റെന്തെങ്കിലും ധ്വനിപ്പിക്കുന്നുണ്ടോ? സഹസ്രാബ്ദങ്ങളായി നിലനിന്നുപോരുന്ന, മല്ലു ആണുങ്ങളുടെ ഒലിപ്പിക്കല്‍, പൂവാല സ്വഭാവത്തിന്റെ പ്രതിനിധാനമാണോ കവി കുഞ്ചുവിലൂടെ നിര്‍വ്വഹിക്കുന്നത്? പഞ്ചാര തിന്നു മടുത്തു എന്ന പരാമര്‍ശം കുഞ്ചു സ്വഭാവശുദ്ധി ആര്‍ജിച്ചു വരുന്നതിന്റെ നിദര്‍ശനമാണോ?
വായനക്കാര്‍ക്ക് വേണ്ടി എന്തല്ലാം രഹസ്യങ്ങളാണ് ആ കവിത ഒളിപ്പിച്ചു വച്ചിരിക്കുന്നത്? 'കുഞ്ചി'യമ്മയില്‍ 'ഇഞ്ചി'യുള്ളതുകൊണ്ടാണോ അതോ തന്റെ പേരില്‍ 'ഇഞ്ചി'യുള്ളതുകൊണ്ടാണോ 'കുഞ്ചു' ഇഞ്ചിയില്‍ രസം കണ്ടെത്തുന്നത്?
ഇഞ്ചി, കുഞ്ചു, കുഞ്ചിയമ്മ, പഞ്ചാര, അഞ്ചാമന്‍, വഞ്ചി, തുഞ്ചം തുടങ്ങി 'ഞ്ച' എന്ന അക്ഷരത്തില്‍ ദ്വിതിയാക്ഷര പ്രാസം ദീക്ഷിക്കാന്‍ കവി കൊടുത്ത അര്‍ത്ഥ ബലിയാണ് ഈ കവിത എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിഷേധിക്കുമോ?
ആരാണ് ഈ കവിതയെഴുതിയ കവി? പേരെന്താണ്? ആണോ പെണ്ണോ? ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ അജ്ഞാതനാമാവായ കവികളുടെ കവിതകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ജീവചരിത്രം ചികഞ്ഞു പോയാല്‍ ഒറ്റ ഒരുത്തനെയും പാഠം പുസ്തകത്തിന്റെ പരിസരത്തു പോലും അടുപ്പിക്കാന്‍ പറ്റില്ല. പ്രഖ്യാപിച്ച അവാര്‍ഡ് നിഷേധിക്കുന്നതു പോലെ സിമ്പിളല്ല കുട്ടികള്‍ ഹൃദിസ്ഥമാക്കിക്കഴിഞ്ഞ കവിതകളുടെ രചയിതാക്കളെ അവരുടെ ക്രിമിനല്‍ കയ്യിലിരിപ്പിന്റെ പേരില്‍ മനസ്സില്‍ നിന്നു നീക്കം ചെയ്യുക എന്നത്!
കുഞ്ചു ഇപ്പോ വയസ്സനായി കാണും. കുഞ്ചിയമ്മ മരിച്ചും കാണും. മനുഷ്യജീവിതം ഒരു പ്രഹേളിക തന്നെ ! ! !
ടെക്സ്റ്റ്
കുഞ്ചിയമ്മക്കഞ്ചു
മക്കളാണേ -
യഞ്ചാമനോമനക്കുഞ്ചുവാണേ.
പഞ്ചാരവിറ്റു നടന്നു കുഞ്ചു,
പഞ്ചാരകുഞ്ചുവെന്ന പേരു വന്നു.
വഞ്ചിയില്‍പ്പഞ്ചാരച്ചാക്കു വെച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു.
പഞ്ചാര തിന്നു മടുത്തു കുഞ്ചു,
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.
കുഞ്ചിയമ്മക്കഞ്ചു
മക്കളാണേ -
യഞ്ചാമനോ മനക്കുഞ്ചുവാണേ