Valentine's Day Writings: പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. രാജി സ്നേഹലാല്‍ എഴുതിയ കഥ

Valentines day 2022 Story on love by  Raji Snehalal

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. പ്രണയചിന്തകളുടെ ആഴവും പരപ്പും. പ്രവാസികള്‍ കൊണ്ടുനടക്കുന്ന പ്രണയതീവ്രമായ കടല്‍. വേര്‍പിരിയലിന്റെ കാലങ്ങള്‍ക്കുശേഷമുള്ള സമാഗമങ്ങള്‍. പിടിച്ചുവെക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്ന പുതുകാലത്തിന്റെ അതിജീവനമന്ത്രം. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. പ്രണയദിനാശംസകള്‍...

 

Valentines day 2022 Story on love by  Raji Snehalal
 

അവള്‍ വാച്ചിലേക്കു നോക്കി.

ഇല്ല, താമസിച്ചിട്ടില്ല. സമയം ആകുന്നതേ ഉള്ളൂ. ഇനിയും അരമണിക്കൂര്‍ കൂടി ബാക്കിയുണ്ട്. താന്‍ എത്ര പതുക്കെ നടന്നാലും അവിടെ നേരത്തേ തന്നെ എത്തും. അവള്‍ക്ക് അതറിയാം.

അവിടെ അയാള്‍ എത്തിയിട്ടുണ്ടാകുമോ?

ഏയ്, ഉണ്ടാകില്ല.

വേണ്ടിയിരുന്നില്ല, ഇങ്ങനെ ഒരു കൂടിക്കാഴ്ച.

എന്താലോചിച്ചാണ് സമ്മതിച്ചത്?

അവള്‍ക്ക് അവളോട് തന്നെ ദേഷ്യം തോന്നി.

ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍, അതൊരു വലിയ കാലയളവാണ്.

നീണ്ട ഒരിടവേള, അതിനുശേഷമുള്ള ഈ കൂടിക്കാഴ്ചയില്‍ അയാള്‍ക്കെന്താവും പറയാനുണ്ടാവുക?

ശ്ശേ.. വേണ്ടിയിരുന്നില്ല. സമ്മതിക്കേണ്ടായിരുന്നു.

ചെയ്യുന്നത് തെറ്റല്ലേ. താനൊരു ഭാര്യയാണ് എന്നിട്ടും.

'ഒന്ന് കാണണം കുറച്ചു നേരം സംസാരിക്കണം ഒന്ന് വരുമോ?' എന്നുള്ള അയാളുടെ ചോദ്യത്തോട് മറുത്തുപറയാന്‍ പറ്റാതിരുന്നത് എന്തുകൊണ്ടാണ്?

ഒരുപാട് മാറിയിരിക്കുന്നു. പണ്ട് ഇങ്ങനെയൊന്നും ആയിരുന്നില്ല.

ഇതിപ്പോ...

അവള്‍ക്ക് അവളോട് വെറുപ്പും കുറ്റബോധവും തോന്നി.

കാറ്റത്തു ഇളകിയാടുന്ന ചുരിദാറിന്റെ ഷാള്‍ ഒതുക്കി പിടിച്ചുകൊണ്ടു അവള്‍ മുന്നോട്ട് നടന്നു

വെയില്‍ താണു തുടങ്ങിയിട്ടില്ല. കുറച്ചു ചൂടുണ്ട്.  ദൂരത്തായി കുറച്ചു കുട്ടികള്‍ കളിക്കുന്നുണ്ട്. അവള്‍ കുറച്ചു തണലുള്ള സ്ഥലം നോക്കി ഒരു ബെഞ്ചിലേക്ക് ഇരുന്നു.

പണ്ട് പല തവണ വന്നിട്ടുള്ള പാര്‍ക്കാണ്. പക്ഷേ ഇതുപോലൊരു മനസ്സോടെ ഇതുവരെ വന്നിട്ടില്ല. ആരോ തന്റെ ഉള്ളില്‍ തീക്കനല്‍ കോരിയിട്ടതുപോലെ അവള്‍ക്കു തോന്നി. ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.

വിശാലമായ പാര്‍ക്കാണ്.

അയാള്‍ വന്നിട്ടുണ്ടാകുമോ?

പറഞ്ഞ സമയം ആയിട്ടില്ല, ആകുന്നതേ ഒള്ളൂ.

അവള്‍ ദീര്‍ഘനിശ്വാസം വിട്ടു.

 

............................................

'ഇടക്കെങ്കിലും, എപ്പോഴെങ്കിലും എന്നെ ഓര്‍ക്കാറുണ്ടായിരുന്നോ?' അവള്‍ മറുപടി കൊടുക്കാതെ ദൂരേക്ക് നോക്കിയിരുന്നു.

Valentines day 2022 Story on love by  Raji Snehalal

 

'ഏയ്..'

പുറകില്‍ നിന്നാണ് വിളി.

അവള്‍ തിരിഞ്ഞു നോക്കി.

വളരെ വേഗത്തില്‍ ഒരാള്‍ നടന്നു വരുന്നു.

അതേ, അതയാള്‍ തന്നെയാണ്.

അയാള്‍ ചിരിച്ചുകൊണ്ട്, അവള്‍ ഇരുന്ന ബെഞ്ചിന്റെ ഒരറ്റത്തായി വന്നിരുന്നു.

'സുഖമാണോ?' അയാള്‍ ചോദിച്ചു.

'ഉം.'

അയാള്‍ വളരെ മാറിയിരിക്കുന്നു. എന്നാലും കണ്ടാല്‍ ഇപ്പോഴും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. ചുരുണ്ട മുടി കാറ്റത്തു ചെറുതായി ഇളകുന്നുണ്ട്. വെട്ടി ഒതുക്കിയിരിക്കുന്ന താടി അയാള്‍ക്ക് നന്നായി ചേരുന്നുണ്ട്. പൊതുവേ താടി വച്ചവരെ അവള്‍ക്ക് അത്ര ബോദ്ധ്യം പോരാ. എന്നാലും ഇയാള്‍ക്ക് നന്നായി ചേരുന്നുണ്ട്. അവള്‍ മനസ്സിലോര്‍ത്തു.

' നീ വരുന്നത് ഞാന്‍ ദൂരെ നിന്നും കണ്ടിരുന്നു'- അയാള്‍ പറഞ്ഞു.

'അപ്പോള്‍ നേരത്തെ എത്തിയിരുന്നോ?'

'ഉം, ഒരു മണിക്കൂറോളം കഴിഞ്ഞിരിക്കുന്നു.'

'പറഞ്ഞ സമയം ആയില്ലല്ലോ.. പിന്നെ എന്തേ'- അവള്‍ ചിരിച്ചു.

'നീയെങ്ങാനും നേരത്തേ വന്നു എന്നെ കാണാണ്ട് തിരിച്ചു പോയാലോന്നു തോന്നി അതാ..'

അയാള്‍ പറയുന്നതും കേട്ട് ദൂരേക്ക് കണ്ണും നട്ടു അവള്‍ ഇരുന്നു. അവള്‍ക്കു വല്ലാത്ത ആശങ്കയുണ്ടായിരുന്നു. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചയുടെ ആവശ്യം ഉണ്ടായിരുന്നോ.

പണ്ടും അവള്‍ അയാളില്‍ നിന്നും ഒരകലം സൂക്ഷിച്ചിരുന്നു. അയാള്‍ക്ക് അവളോടുള്ള സ്നേഹം മനസ്സിലാക്കിയ ശേഷമാണ് അവള്‍ വലിയൊരു അകലം സൂക്ഷിച്ചു തുടങ്ങിയത്. അതു അയാളും മനസ്സിലാക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍പോലും അവളോട് നേരിട്ട് അയാളുടെ ഇഷ്ടം വെളിപ്പെടുത്താനുള്ള ധൈര്യം അയാള്‍ക്കുണ്ടായിരുന്നില്ല.

'എന്തേ കാണണം എന്ന് പറഞ്ഞത്'

'അങ്ങനെ തോന്നി'-അയാള്‍ പറഞ്ഞു.

'എന്റെ നമ്പര്‍ എങ്ങനെ കിട്ടി?'

'നിന്റെ ഒരു നാട്ടുകാരന്‍ എന്റെ കൂടെ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ സംഘടിപ്പിച്ചു.'

എന്റെ ഫോണ്‍ വന്നപ്പോള്‍ എന്ത് തോന്നി. എന്നെ നീ ഓര്‍ക്കുന്നുണ്ടായിരുന്നോ?'- അയാള്‍ ചോദിച്ചു.

ഒരു ചെറു ചിരിയില്‍ അവള്‍ തന്റെ മറുപടി ഒതുക്കി.

ശരിക്കും തോന്നിയത് അയാളോട് പറയാന്‍ സാധിക്കുമായിരുന്നില്ല അവള്‍ക്ക്. അത്രമാത്രം അതിശയമായിരുന്നു അവള്‍ക്ക്. അതിനേക്കാളുമുപരി സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നു  തോന്നിയിരുന്നു. അന്ന് അവള്‍ക്കു ഉറങ്ങാന്‍ പോലും പറ്റിയില്ല. എന്നാലും കാണണം, സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഒരാശങ്ക തോന്നി. എന്നിട്ടും, പറ്റില്ല  എന്നവള്‍ പറഞ്ഞില്ല.

'എന്നോട് ഒരു യാത്ര പോലും പറയാതെയാ നീ അന്ന് പോയത്'-അയാള്‍ പറഞ്ഞു.

'പറ്റിയില്ല, അല്ലാതെ മനപ്പൂര്‍വം ആയിരുന്നില്ല.'

അവള്‍ പറഞ്ഞത് കള്ളമായിരുന്നു. അവള്‍ മന:പൂര്‍വം യാത്ര പറയാതിരുന്നതാണ്. ശരിക്കും താനൊരു സ്നേഹമില്ലാത്തവളാണ്. തനിക്ക് സ്നേഹത്തിന്റെ വിലയറിയില്ലായിരുന്നു. അയാളുടെ സ്നേഹത്തിന്റെ ആഴവും മനസ്സിലാക്കിയിരുന്നില്ല. എല്ലാത്തില്‍ നിന്നും മാറി നടക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. അല്ല, അതും കള്ളമാണ്. അവള്‍ക്ക് ഭയം ആയിരുന്നു,ആരെങ്കിലും അറിഞ്ഞാലോ?  അതുകൊണ്ട് തന്നെ ഒന്നും കണ്ടില്ല എന്ന് ഭാവിച്ചു ഒഴിഞ്ഞു നടന്നിരുന്നു. പക്ഷേ അയാളുടെ സ്നേഹം അവള്‍ മനസ്സിലാക്കിയിരുന്നു.

'ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴെന്തേ കാണണം എന്നൊരു തോന്നല്‍'- അവള്‍ ചോദിച്ചു.

'എത്ര വര്‍ഷങ്ങള്‍'- അയാള്‍ തിരികെ ചോദിച്ചു.

'ഇരുപത്തിമൂന്ന്'

'അത് നിനക്കാണ്, എനിക്കങ്ങനെയല്ല'-അയാള്‍ പറഞ്ഞു. ഒന്നു നിര്‍ത്തി തുടര്‍ന്നു.

'ഞാന്‍ നിന്നെ പലപ്പോഴും കാണുന്നുണ്ടായിരുന്നു. നിന്നെ കാണാനായി മാത്രം ഞാന്‍ വരുമായിരുന്നു. പക്ഷേ നിന്റെ മുന്നിലേക്ക് വരാനുള്ള ധൈര്യം വന്നില്ല'-അയാള്‍ വിറയാര്‍ന്ന സ്വരത്തില്‍ അവളോട് പറഞ്ഞു.

അവള്‍ ഒരമ്പരപ്പോടെ അയാളെ നോക്കിയിരുന്നു. എന്ത് പറയണമെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല അവള്‍ക്ക്. താനെന്തൊരു പെണ്ണായിരുന്നു, ചിന്തിച്ചതും ചെയ്തതും ഒന്നും ശരിയായിരുന്നില്ല. അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. പക്ഷെ ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് എന്നോട് പറഞ്ഞു  കൂടായിരുന്നോ.

എനിക്കറിയാമായിരുന്നു, എന്നാലും എന്റെ മുന്നിലേക്ക് ഒരിക്കലെങ്കിലും വന്നു പറയാതിരുന്നതെന്തേ? നിങ്ങളിലെ പ്രണയത്തിന്റെ ഭാഷ മൗനമായിരുന്നെന്നു എനിക്കറിയാമായിരുന്നു. പക്ഷേ അതിനെത്ര ആഴമുണ്ടെന്നു എനിക്കറിയില്ലായിരുന്നു. വാ തുറക്കാതെ ഉള്ളിലവള്‍ പറഞ്ഞു.

അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. കാണണം എന്ന് ആഗ്രഹം പറഞ്ഞെങ്കിലും അവള്‍ വരും എന്ന് അയാളും കരുതിയിരുന്നില്ല. 'വരാം' എന്നവള്‍ പറഞ്ഞെങ്കിലും അവള്‍ തീരുമാനം മാറ്റി വരാതിരിക്കുമോ എന്നയാള്‍ ശങ്കിച്ചിരുന്നു.

 

............................................

അവള്‍ പറഞ്ഞത് കള്ളമായിരുന്നു. അവള്‍ മന:പൂര്‍വം യാത്ര പറയാതിരുന്നതാണ്. ശരിക്കും താനൊരു സ്നേഹമില്ലാത്തവളാണ്. തനിക്ക് സ്നേഹത്തിന്റെ വിലയറിയില്ലായിരുന്നു.

Valentines day 2022 Story on love by  Raji Snehalal

 

സത്യം പറഞ്ഞാല്‍ അവളുടെ നമ്പര്‍ എത്രയോ കാലമായി അയാളുടെ കയ്യില്‍ ഉണ്ട്. പലപ്പോഴും വിളിക്കണം എന്ന് തോന്നിയിട്ടുമുണ്ട് പക്ഷേ ധൈര്യം വന്നില്ല, മാത്രവുമല്ല രണ്ടു പേരും അവരവരുടെ സന്തോഷങ്ങളില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. ഉള്ളില്‍ അടക്കിവയ്ക്കാന്‍ പറ്റാത്തത്ര ആഗ്രഹത്തിന്റെ ഫലമായാണ് ഇപ്പോള്‍ ഇവിടെ ഇങ്ങനെ.

അയാളുടെ ഉള്ളു പിടക്കുന്നുണ്ടായിരുന്നു. പ്രാണനായിരുന്നവളാണ് മുന്നില്‍ ഇരിക്കുന്നത്. എന്തൊക്കെയോ പറയണം എന്ന് കരുതിയിരുന്നു പക്ഷേ ഒന്നും പറയാന്‍ സാധിക്കുന്നില്ല.

'ഇടക്കെങ്കിലും, എപ്പോഴെങ്കിലും എന്നെ ഓര്‍ക്കാറുണ്ടായിരുന്നോ?'

അവള്‍ മറുപടി കൊടുക്കാതെ ദൂരേക്ക് നോക്കിയിരുന്നു.

ഇല്ലായിരുന്നു എന്ന് എങ്ങനെ ആണ് അയാളോട് പറയുക. അവള്‍ക്കതു സാധിക്കുമായിരുന്നില്ല. അവളുടെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ചു അവളും മാറിയിരുന്നു എന്ന് അയാളോട് പറയാന്‍ അവള്‍ക്കു സാധിച്ചില്ല.

വെയില്‍ താണു കഴിഞ്ഞിരിക്കുന്നു. തണുപ്പുള്ള ചെറിയ കാറ്റടിക്കുന്നുണ്ട്.

'നമുക്ക് കുറച്ചു നടന്നാലോ'- അയാള്‍ ചോദിച്ചു.

'ഉം' -അവള്‍ മൂളി.

രണ്ടു പേരും പതുക്കെ നടന്നു.

അവര്‍ക്കിടയില്‍ നിശ്ശബ്ദത തളംകെട്ടി നിന്നു.

ഇളംകാറ്റിന്റെ ആ സുഖമുള്ള തണുപ്പ് ഹൃദയത്തില്‍ തൊടും പോലെ. പണ്ടെങ്ങോ നഷ്ടമായ നിമിഷങ്ങള്‍ ഇപ്പോള്‍ തിരിച്ചു കിട്ടിയത് പോലെ. പറയാതെയും അറിയാതെയും പോയതിന്റെ നഷ്ടബോധം അവര്‍ക്കിടയില്‍ അദൃശ്യമായ ഒരു മുള്ളുവേലി തീര്‍ത്തിരുന്നു. ആ മുള്ളുവേലി അവരെ മുറിവേല്‍പ്പിച്ചു കൊണ്ടേയിരുന്നു.

അവള്‍ ഓര്‍ക്കുകയായിരുന്നു, ഇങ്ങോട്ട് വരുമ്പോള്‍ സ്വയം കുറ്റപ്പെടുത്തുന്ന മനസ്സായിരുന്നു. ഇപ്പോഴെന്താണ് പറ്റിയത്. വരാന്‍ പാടില്ലായിരുന്നു എന്ന് മനസ്സ് പറഞ്ഞതാണ് എന്നിട്ടും വന്നു.

ചെയ്യുന്നത് തെറ്റല്ലേ. അവള്‍ക്ക് കുറ്റബോധം തോന്നി. ശരിയാണ്, ഇത്ര നാളും മനസ്സിന്റെ ഒരു കോണില്‍ അടക്കി വച്ചതൊക്കെ അവിടെ തന്നെ വയ്ക്കുന്നതായിരുന്നു നല്ലത്.

പക്ഷെ.

അവളുടെ ഉള്ളു പിടഞ്ഞു.

ഇല്ല, ഇനിയും താനിവിടെ നിന്നാല്‍ അത് ശരിയാവില്ല.


'സമയം ഒത്തിരിയായി, വീട്ടിലെത്താന്‍ വൈകിയാല്‍ അവരെല്ലാം വിഷമിക്കും.'-അവള്‍ പറഞ്ഞു.

അയാള്‍ വാച്ചിലേക്കു നോക്കി.

'ശരിയാണ്, സമയം പോയതറിഞ്ഞില്ല.'

'ഇനി എന്നെങ്കിലും ഇതുപോലെ ഒന്ന് കാണാന്‍ സാധിക്കുമോ'-അയാള്‍ ചോദിച്ചു.

അവള്‍ക്കു മറുപടി ഉണ്ടായിരുന്നില്ല.

'ശരി, ഞാന്‍ നടക്കട്ടെ.'

അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

'അന്ന് ഞാന്‍ യാത്ര പറയാതെ ആയിരുന്നു പോയത്. ഇന്ന് യാത്ര പറഞ്ഞിട്ടാണ് പോകുന്നത്'-അവള്‍ ചെറുതായൊന്നു ചിരിച്ചു. അയാളും.

എന്റെയും നിങ്ങളുടെയും ലോകം അത് ഈ നിമിഷം വരെ മാത്രമാണ്. അതിനപ്പുറത്തേക്ക്, നമ്മള്‍ എന്നൊരു ലോകം സാധ്യമല്ല. ഇനിയൊരിക്കലും  ഇതുപോലൊരു കൂടിക്കാഴ്ച ഉണ്ടാകാനും സാധ്യതയില്ല. വീണ്ടും അവള്‍ ഉള്ളില്‍ മാത്രമായി പറഞ്ഞു.

അവള്‍ക്കറിയാമായിരുന്നു അയാള്‍ അവളെത്തന്നെ നോക്കി നില്‍ക്കുകയായിരിക്കുമെന്ന്.

തിരിഞ്ഞു നോക്കാതെ അവള്‍ വേഗത്തില്‍ നടന്നു.

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

 

Latest Videos
Follow Us:
Download App:
  • android
  • ios