ബുദ്ധം, സിദ്ദിഹ എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് സിദ്ദിഹ എഴുതിയ കവിതകള്‍


 

vaakkulsavam malayalam poems by Siddhiha

പതിനാലു സംവല്‍സരങ്ങള്‍ക്കു മുമ്പ്, മലയാളത്തിന്റെ വായനാസമൂഹം ശ്രദ്ധയോടെ വായിച്ച ഒരു കൗമാരക്കാരിയുണ്ടായിരുന്നു. കോട്ടയം പൊന്‍കുന്നത്ത് ജനിച്ചുവളര്‍ന്ന സിദ്ദിഹ പി എസ്. കോഴിക്കോട്ടെ ഇന്‍സൈറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സിദ്ദിഹയുടെ  'എന്റെ കവിത എനിക്ക് വിലാസം' എന്ന സമാഹാരം അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍. സ്‌കൂളുകളില്‍നിന്നും ഇന്നത്തെ പോലെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്ത കാലം. പുതിയ ഭാവുകതത്വത്തിന്റെ അനായാസമായ ഒഴുക്കായി സിദ്ദിഹ അന്ന് വായിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു, വെള്ളിടി എന്ന തന്റെ കോളത്തില്‍ 2006 സെപ്തംബര്‍ 22 ന് എന്‍ എസ് മാധവന്‍ സിദ്ദിഹയെക്കുറിച്ച് എഴുതിയ കുറിപ്പ്. 'പുതിയ എഴുത്ത്: സിദ്ദിഹ പി എസ്' എന്ന തലക്കെട്ടില്‍വന്ന ആ കുറിപ്പ്, ഏറെ പ്രതീക്ഷകേളാടെയാണ് സിദ്ദിഹയെ സമീപിച്ചിരുന്നത്.

കവിതയുടെ മാനിഫെസ്റ്റോ പോലെ, സിദ്ദിഹ എഴുതിയ നാല് വരികള്‍ എസ് എസ് മാധവന്‍ ആ കുറിപ്പില്‍ ഉദ്ധരിച്ചിരുന്നു:

എന്റെ കവിതകള്‍
എന്റെ പ്രേമംപോലെ തീവ്രമെങ്കില്‍
കവിതയുടെ കാടുകള്‍ പൂക്കട്ടെ
എന്റെ കവിതകള്‍ എനിക്കു വിലാസമാകട്ടെ
(കവിത)

ആ പുസ്തകം സിദ്ദിഹയുടെ വിലാസം തന്നെയായിരുന്നു. അതിലെ കവിതകള്‍ പ്രേമം പോലെ തീവ്രമായ കാവ്യഭാവുകതത്വത്തിന്റെ കൊടിയടയാളവും. അതിനാലാവാം, മാധവന്‍ ഇങ്ങനെ എഴുതിയത്. ''ഈ കവി ഭാവിയില്‍ എന്താകും എന്നൊന്നും എനിക്കറിയില്ല. ഇന്ന്, ഇപ്പോള്‍, ഈ നിമിഷം സിദ്ദിഹയെ വായിക്കുന്നത് എനിക്കു ഇഷ്ടമാണ്. കവിക്കും നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഇല്ല. അതൊരു നല്ല ലക്ഷണമാണ്.''

നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഒന്നുമില്ലെന്ന് മാധവന്‍ വായിച്ച ആ കുട്ടിക്കവി എഴുത്തിന്റെ ആകാശത്തിരുന്ന് അധികകാലം ഭൂമിയെ നോക്കിയില്ല. കവിതയുടെ പൂത്ത കാടുകളെ മറവിയില്‍ ഉണക്കാനിട്ട്, അവള്‍ ജീവിതത്തിന്റെ പല കരകളിലേക്ക് പറന്നു. കാടും മലയും മരുഭൂമിയും കടലും പിന്നിട്ട യാത്രകള്‍ക്കിടെ ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. 

നീണ്ട നിശ്ശബ്ദതയുടെ ഒന്നര പതിറ്റാണ്ടിനു ശേഷം അവള്‍ വീണ്ടും കവിതകളില്‍ സജീവമാണ്. കുട്ടിക്കാലത്തിന്റെ പുസ്തകത്തിലെ വാക്കുകളെ ജീവിതം മറ്റ് പലയിടങ്ങളിലേക്കും പറിച്ചുനട്ടിരിക്കുന്നു. അവയില്‍ പുതിയ കാലത്തെ മനുഷ്യജീവിതമുണ്ട്. ഓര്‍മ്മകള്‍ കൊണ്ട് നിശ്ശബ്ദതയെ എയ്തിടാനായുന്ന വാക്കിന്റെ അമ്പുകളുണ്ട്. കവിത അതിജീവനവും ജീവിതവുമാവുന്നത് പുതിയ സിദ്ദിഹക്കവിതകളില്‍ വായിക്കാം.

 

vaakkulsavam malayalam poems by Siddhiha

 


ചുണ്ട

കട്ടു പറിച്ച ചെടികളാണെന്റെ
മുറ്റം നിറയെ
കളവുകള്‍ വേരോടൊപ്പം കുഴിച്ചു മൂടിയാണ്
അവയ്ക്കൊപ്പം ഞാനും വിരിയുന്നത്

ചുണ്ടച്ചെടിയിലെ
സ്വപ്നനക്ഷത്രങ്ങളൊക്കെയും
കളവിന്റെ കൈപ്പുനിറച്ചു കായ്ച്ചപ്പോഴാണ്
കടപുഴകും കാറ്റത്തും ഉലയാത്ത വേരുകള്‍
മണ്ണു കുടഞ്ഞു കളഞ്ഞത്

പെയ്യാത്ത മേഘത്തില്‍ സ്വയം നട്ടുപിടിപ്പിച്ചത്
ഇടിമിന്നലുകള്‍ക്കുള്ളില്‍ മാത്രം
നേരം വെളുത്തത്

മുറ്റത്തെ വട്ടക്കണ്ണാടി
കണ്ണെഴുതിത്തരാമെന്നു
മാടി വിളിച്ചത്

അടിച്ചുകൂട്ടിയ പ്ലാവിലകള്‍ക്കുള്ളില്‍
എഴുതിവെച്ച കവിതകള്‍ കത്തിപ്പോയത്

അടുപ്പിനോടും
കലപ്പയോടും
യുദ്ധം ചെയ്യുന്നവരുടെ
മുറിവിലെന്നിലയിതളുകള്‍
വെച്ചു കെട്ടിയപ്പോഴാണ്
കൈകാലുകളറ്റു
മുഴം കയറുകള്‍
മുളക്കുന്ന വിത്തുകളായി  
മണ്ണില്‍ വീണുപോയത്

എന്നെയുഴുതു മറിക്കുന്ന
കാളവണ്ടിച്ചക്രത്തില്‍
ഭൂമിയുടെ അച്ചുതണ്ട്
അച്ചാണിയായി
തിരിഞ്ഞു തുടങ്ങിയത്

ഇരുളില്‍ മഴ നനഞ്ഞ
പാമ്പുടലില്‍ നിന്ന്
സന്മാര്‍ഗങ്ങളുടെ
നിലാവെളിച്ചം
പ്രതിഫലിച്ചത്

പേടിയെടുത്തു പേടിയെത്തന്നെ
തല്ലുമ്പോഴാണ്
ആ പാമ്പു ചത്തു പോയത്

 

.......................

Read more: പൂവേലില്‍, സിദ്ദിഹ എഴുതിയ  എട്ട് കവിതകള്‍
.......................

 

 

ചൊറിച്ചില്‍

മണ്ണിനോട് ചേര്‍ന്നു
കുനിഞ്ഞേ
ഉറുമ്പു നടക്കൂ

അവളുടെ ഇങ്കുലാബുകള്‍
ഐലസകള്‍
അത്രമേല്‍ നിശബ്ദം
നഷ്ടങ്ങളുടെ ഭാണ്ഡം
അവളെക്കാള്‍ വലുത്
അവള്‍ക്കു കൊമ്പുണ്ടെന്നോ
ചൊറിച്ചിലുണ്ടാക്കുന്ന രസം
പെണ്‍കവിതകള്‍ക്കുണ്ടെന്നോ
അവളോടാരും പറഞ്ഞിട്ടില്ല

അവളുടെ വീട് പൊളിക്കാന്‍
മണ്‍മാന്തിയന്ത്രങ്ങള്‍ വേണ്ട
അധികാരത്തിന്റെ
ധിക്കാരത്തിന്റെ
ഒറ്റച്ചെരിപ്പ് മതി

എന്താണെന്നു തിരിച്ചറിഞ്ഞു
മക്കളെ അടക്കിപിടിക്കും മുന്‍പ്
ഒറ്റച്ചവിട്ടില്‍
പൊളിഞ്ഞിട്ടുണ്ടാവും

പൊട്ടിച്ചിതറിയ മഞ്ചട്ടികള്‍ക്കിടയില്‍
വിരുന്നുകാരന് കരുതിയ
ഒരു പിഞ്ഞാണപ്പാത്രമുണ്ടാവും

അവളെ വലുതായി
വെളിച്ചത്തില്‍ കണ്ടു നോക്കൂ
അവളെക്കുറിച്ചു പാടിയതൊക്കെയും
പാഴെന്നു തോന്നും

ഉണങ്ങിയൊട്ടിയ  അമ്മിഞ്ഞയില്‍
കുഞ്ഞനുറുമ്പുകള്‍
കടിച്ചു വലിക്കുന്ന
നീറ്റലൊളിപ്പിച്ചു
നിങ്ങളുടെ ക്യാമറയില്‍
ഒരു ചിരി ചിരിച്ചേക്കും.

 

...........................

Read more: ഏകാന്തം, രാജന്‍ സി എച്ച് എഴുതിയ കവിതകള്‍
..........................

 

ബുദ്ധം

കൂടെ കൂട്ടാത്ത
കൂടെ വരാത്ത
പുസ്തകങ്ങള്‍

പുതിയ വഴി വെട്ടാന്‍
ഭീമന്‍ യന്ത്രങ്ങള്‍
കൈവശമില്ലാത്ത
ദരിദ്രകവി

കയ്യില്‍
കലിംഗമമതയില്ലാതെ
വാഴച്ചുവട്ടില്‍ ധ്യാനിച്ച്
തുരുമ്പെടുത്ത
തൂമ്പ

അയാള്‍ കുറച്ചൊക്കെ
കിളികള്‍ക്ക് നെല്ല് കൊടുക്കുന്നു
നെല്ലിന് നനവാര്‍ന്ന മണ്ണ് കൊടുക്കുന്നു
മണ്ണിനു വിയര്‍പ്പു കൊടുക്കുന്നു
അയാളുടെ കാല്‍ച്ചുവട്ടില്‍
ബോധികളുറങ്ങുന്നു

 

മലയാളത്തിലെ മികച്ച കവിതകള്‍
ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios