ബോട്ടുപള്ളി, ചിത്ര കെ. പി എഴുതിയ കവിതകള്‍
വാക്കുല്‍സവത്തില്‍ ഇന്ന് ചിത്ര കെ. പി എഴുതിയ കവിതകള്‍
മുംബൈ മഹാനഗരത്തിലെ അഞ്ചാം നിലയിലുള്ള ഹോസ്റ്റല്‍ മുറിയിലെ മൂന്നുപേര്‍ക്കെങ്കിലും ഇരിക്കാവുന്ന ഒരു ജനാലപ്പടിയില്‍നിന്ന് മിന്നല്‍പ്പിണര്‍ പോലെ കണ്ടുമറഞ്ഞ കണ്ട മനുഷ്യരും ജീവിതങ്ങളും തന്റെ നിശ്ശബ്ദലോകത്തെ മാറ്റിത്തീര്‍ത്തതിനെ കുറിച്ച് ഒരു കുറിപ്പില്‍ പറയുന്നുണ്ട്, ചിത്ര കെ.പി. ആ ജനാലപ്പടി ഒരാകാശമായിരുന്നു. താഴെയുള്ള കാഴ്ചകള്‍ ഭൂമിയും. ഒരാകാശക്കീറു സ്വന്തമായുള്ള പക്ഷിയെപ്പോലെ, അവിടെയിരുന്ന് കണ്ടെടുത്ത ജീവിതങ്ങള്‍ കവിതയിലേക്ക് ഇറങ്ങിവരുന്നതിനെ കുറിച്ചും ചിത്ര എഴുതുന്നുണ്ട്. ചിത്രയുടെ കവിതയുടെ സൂക്ഷ്മമായ കാഴ്ചകള്‍ ചെന്നുനില്‍ക്കുന്നത് ഈയിടത്തുതന്നെയാണ്. കവിതയെഴുതുന്ന ഒരു ഡ്രോണ്‍. എന്നാല്‍, കവിതയിലെത്തുമ്പോള്‍ ഈ ആകാശപ്പക്ഷി അടയാളപ്പെടുത്തുന്നത് ലോകത്തിന്റെ വിദൂര, ഉപരിതല ദൃശ്യങ്ങളല്ല. പകരം, ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ, ദേശങ്ങളുടെ ഏറ്റവും ആഴങ്ങള്‍ തൊടുന്ന, സൂക്ഷ്മമായ അടരുകള്‍ സ്പര്‍ശിക്കുന്ന കാഴ്ചകളാണ്. വാക്കു തീര്‍ന്നുപോവുമെന്ന് ഭയക്കുന്ന കുട്ടിയെപ്പോലെ കിട്ടിയതെല്ലാം വെച്ച് തീര്‍ക്കുന്ന കുഞ്ഞന്‍ലോകങ്ങളാണവ.
ബോട്ടുപള്ളി
പ്രളയജലമിറങ്ങിയ രാത്രിയില്‍
പള്ളി പുഴയ്ക്കരികില്‍
മുട്ട് കുത്തി നിന്നു.
പള്ളിക്കുള്ളിലെ
ഇരുട്ടില്‍
ഒറ്റയ്‌ക്കൊരാള്‍
അയാളുടെ ഓര്‍മ്മയില്‍
വെള്ളം
ഒഴുകുന്ന മനുഷ്യര്‍
മൃഗങ്ങള്‍, മരങ്ങള്‍.
ഒഴുകുന്ന പള്ളി.
ഓളങ്ങളില്‍ പടര്‍ന്ന്
രക്തവര്‍ണ്ണമുള്ള
കുരിശിന്റെ നിഴല്‍.
നക്ഷത്രങ്ങളുടെ കണ്ണില്‍
ഭൂമിക്കുള്ളിലെ ഇരുട്ടില്‍
മുട്ടുകുത്തി നില്‍ക്കുന്നൊരാള്‍.
കുരിശില്‍ തറഞ്ഞ്
അയാളുടെ മൗനം.
..........................
Read more: തൂത്തുക്കുടിക്കവിതകള്‍
..........................
കാതല്‍
ഇരുളിന്റെ കൊമ്പില്‍
ഒരു മരംകൊത്തി.
ചുണ്ടില്‍ നിലാവിന്‍
ഞാഞ്ഞൂല്‍ച്ചുരുളുകള്‍.
ഒരു രാവ് പുലരുമ്പോഴേക്കും
കാട് നിറയെ ശില്‍പങ്ങള്‍.
അവയ്ക്കിടയില്‍
ശരീരം മുഴുവന്‍ പൂക്കള്‍
പച്ചകുത്തിയ രണ്ട് പേര്‍
അവര്‍ക്കിടയിലെ മൗനത്തില്‍
ശലഭങ്ങളുടെ വിടര്‍ച്ച.
കൈകള്‍ കോര്‍ത്തവര്‍
നടന്നു പോകുന്ന
ഭൂപടങ്ങളുടെ വരമ്പില്‍
പാമ്പുകള്‍
ഇണ ചേരുന്നതിന്‍
ഗന്ധം.
.........................
Read more: ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
.........................
മഞ്ഞള്‍
പെണ്‍കുട്ടി
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.
അവളെ തൊട്ടു നോക്കുന്നു
നിലാവിന്റെ ഇളം മഞ്ഞക്കണ്ണുകള്‍.
വെയിലിന്നുച്ചിയില്‍
അവള്‍
മഞ്ഞളുടുത്ത് കിടക്കുന്നു.
അവള്‍ക്കുള്ളില്‍
മഞ്ഞള്‍ മണം
അവളുടെ ദേഹം
മഞ്ഞ ലോഹം.
പൊക്കിളില്‍
കുരുത്ത് പൊങ്ങുന്നു
ഒരു മഞ്ഞള്‍ച്ചെടി.