കുന്നേപ്പള്ളിയും കുത്തിത്തിരിപ്പുകാരും, സജിന്‍ പി. ജെ എഴുതിയ കവിത

വാക്കുല്‍സവത്തില്‍ സജിന്‍ പി. ജെ എഴുതിയ കവിത

vaakkulsavam malayalam poem by Sajin PJ

പെയ്ത്തിലൂടെ മലമ്പനി പതുങ്ങിവന്ന്
കുറേപ്പേരെ വിളിച്ചുകൊണ്ടുപോയി.
വിശന്ന നരികള്‍ മറ്റുചിലരെ
നോക്കിനില്‍ക്കെ കവര്‍ന്നോടി.
അവരുടെ ചോരവീണ പുല്ലുകള്‍
വഴികളായി തെളിഞ്ഞു-വാക്കുല്‍സവത്തില്‍ സജിന്‍ പി. ജെ എഴുതിയ കവിത

 

vaakkulsavam malayalam poem by Sajin PJ

ഒന്നാം ദിവസം

അന്നാറെ കൊള്ളിയാന്‍
ഇഞ്ചപ്പടപ്പുകളില്‍ കുത്തി
മലഞ്ചെരിവുകളില്‍ തീ പടര്‍ന്നു.
മലയായ മലയെല്ലാം തീവിഴുങ്ങി.
ഉരുള്‍പൊട്ടിയ ഇടുക്കില്‍
ചലമൊഴുകിയ മുറിവുപോല്‍
ഭൂമി വെടിച്ചു കീറി.
പേടിപ്പാന്‍ തക്കവണ്ണം കാറ്റുവീശി.
പിന്നെ മഴ പെയ്തു.
മലദ്വാരത്തിലൂടെ കവുങ്ങിന്‍ വാരി
കുത്തിനിര്‍ത്തിയ വേണ്ടപ്പെട്ടവരുടെ
കാഴ്ചയില്‍ കണ്ണുനീറി
അവര്‍ ഒറ്റയ്ക്കും പെട്ടയ്ക്കും
വന്നുകേറിയ
കാടകങ്ങള്‍ മാരിയില്‍ കുതിര്‍ന്നു.

പെയ്ത്തിലൂടെ മലമ്പനി പതുങ്ങിവന്ന്
കുറേപ്പേരെ വിളിച്ചുകൊണ്ടുപോയി.
വിശന്ന നരികള്‍ മറ്റുചിലരെ
നോക്കിനില്‍ക്കെ കവര്‍ന്നോടി.
അവരുടെ ചോരവീണ പുല്ലുകള്‍
വഴികളായി തെളിഞ്ഞു.
ആ വഴി പിന്നെ നരികള്‍ 
നടപ്പാന്‍ ഇടവരായ്കയാല്‍
മലയടിവാരത്തെ വയലുകളില്‍
ചെന്നിറങ്ങിയ പാതകളിലൂടെ
അവര്‍ തന്നെ നടന്നു.

കാട്ടികളും കാട്ടാനകളും കൂട്ടമായി
വെള്ളം കുടിക്കാന്‍ വന്ന
വയലേലകളില്‍ തിന മുളച്ചു, 
നെല്ല് കിളിര്‍ത്തു,
മധുരക്കിഴങ്ങും കപ്പയും വളര്‍ന്നു.
പക്ഷെ ഓടിപ്പോന്നപ്പോള്‍ 
കൂടെ കൊണ്ടുവരാന്‍ പറ്റാഞ്ഞ
യെരുശലേം പുത്രനെമാത്രം
നട്ടുവളര്‍ത്താനവര്‍ക്ക് കഴിഞ്ഞില്ല.
കുഷ്ഠരോഗികള്‍ അവരുടെ
കൂടെയുണ്ടായിരുന്നില്ല.
അന്ധനോ, മുടന്തനോ, 
ചെകിടുപൊട്ടനോ ഉണ്ടായിരുന്നില്ല.
എന്നിട്ടും അവര്‍ക്കൊരു രക്ഷകനെ വേണം.

മഴ തോര്‍ന്നപ്പോളവര്‍ മലയിറങ്ങി.
മണിമലയാര്‍ വഴിമുടക്കി.
മുണ്ടി നിന്ന കയത്തിന്റെ കരയില്‍
കോട്ടയം സായിപ്പിനെ കാത്തുനിന്നവര്‍
ആളെ കാണാഞ്ഞു തിരിച്ചുപോയി.
മലമുകളില്‍ തലയില്‍ നെരിപ്പോടുമായി
വാകകള്‍ പൂത്തു നിന്നു.
ഈറത്തണ്ടുരച്ച് കത്തിച്ച അടുപ്പില്‍ നിന്നും
അയല്‍ക്കാര്‍ വന്നു തീ വാങ്ങി.
പലനാളില്‍ പലരായവര്‍ 
മലയിറങ്ങി പിന്നെയും.

ഒരു നാളില്‍ 
സായിപ്പിന്റെ കുതിരക്കുളമ്പടി!
വെയില്‍ തട്ടിത്തിളങ്ങുന്ന 
പൂച്ചക്കണ്ണുകള്‍!
മലയുടെ വിലാപ്പുറത്ത് 
കുരിശു കിളിര്‍ത്തു.
യഹോവയെ കുരിശില്‍ കണ്ട്
അവര്‍ കരഞ്ഞു.
അടിമകളും അവരുടെ മക്കളും 
മക്കളുടെ മക്കളും
അവിടെത്തന്നെ ആരാധിച്ചു.
അശരീരിപോലെ പുകച്ചുരുളുകള്‍
നാലുപാടുമുയര്‍ന്നു.
വാനമേഘങ്ങളില്‍
ഉണങ്ങിപ്പൊരിഞ്ഞ ഇല്ലികള്‍
അവരുടെ പാര്‍പ്പിനെ 
കുത്തിനിര്‍ത്തി.

അനന്തരം സന്ധ്യയായി ഉഷസായി.
ഒന്നാം ദിവസം.

രണ്ടാം ദിവസം

കപ്പക്കോര്‍മ്പല്‍ പോലെ 
വെളുത്ത മേഘങ്ങള്‍ 
വാനം നീളെ ചിതറിയ പകലില്‍
ആകാശവും ഭൂമിയും
പുകഞ്ഞു നിന്ന നിമിഷം
ലോറന്‍സച്ചന്‍ മലകയറി വന്നു.
കാര്‍ന്നോന്മാര്‍ കരിക്കുവെട്ടിക്കൊടുത്തു.
തൂവെള്ള താടിയില്‍
കരിക്കിന്‍വെള്ളം തുള്ളിയായ് മിന്നി.
കുരിശിരുന്ന കുന്നുമുഴുവന്‍
വെട്ടിത്തെളിച്ചു.
ഒളിവിടം നഷ്ടപ്പെട്ട കുറുക്കന്മാര്‍
ലോറന്‍സച്ചന്റെ കോഴിയെ കട്ടു.
ലോറന്‍സച്ചന്‍ രാത്രിപ്രാര്‍ത്ഥന കഴിഞ്ഞ് 
അവയെ വിളിച്ചു വരുത്തി ശകാരിച്ചു.
പിന്നെ കുറുക്കന്മാര്‍ വന്നില്ല.

അക്കാലം 
മലകയറിയവരുടെ പിന്മുറക്കാര്‍
തോട്ടം തൊഴിലാളികളായിക്കഴിഞ്ഞിരുന്നു.
പലനാട്ടില്‍നിന്നും വേറേതരം
ക്രിസ്ത്യാനികള്‍ വന്നു 
മലയായ മലയെല്ലാം വാങ്ങിക്കൂട്ടി.
റബ്ബര്‍ എസ്റ്റേറ്റില്‍ രാത്രിയില്‍
വഴിതെറ്റിച്ചു കറക്കിക്കളഞ്ഞ മനുഷ്യരെ
അച്ചന്‍ ആനാന്‍വെള്ളംകൊണ്ട്
രക്ഷപെടുത്തി.
പേയും പിശാചും 
അച്ചന്റെ തൊപ്പിക്കുള്ളിലൊടുങ്ങി.
കുരിശിരുന്നിടത്ത് പള്ളി വന്നു.
പള്ളിവന്നിടത്ത് പള്ളിപ്പറമ്പ് വന്നു.
പള്ളിപ്പറമ്പ് വന്നിടത്ത് 
അവരുടെ ആവശ്യമില്ലാതെയായി!

കപ്യാരാകാന്‍ ഒരാളെ വേണം.
അവരോട് ചോദിച്ചില്ല.
അവരൊന്നും പറഞ്ഞുമില്ല.
അവരറിയാത്തൊരാള്‍ കപ്യാരായി.
അവരയാളെ മാപ്പിളേന്ന് വിളിച്ചു.
പിന്നെയും ആളുകള്‍ വന്നു.
ആളുകള്‍ മരിച്ചു.
ആളുകള്‍ കെട്ടി.
ആളുകള്‍ പെറ്റു.
ആളുകള്‍ ചത്തു.
അനന്തരം സന്ധ്യയായി ഉഷസ്സായി
രണ്ടാം ദിവസം.

മൂന്നാം ദിവസം

ശലമോന്‍ മരിച്ചത് പാതിരാത്രിക്കാണ്.
മരിക്കുമ്പോളയാള്‍ക്ക്
തൊണ്ണൂറു വയസ്സ് പ്രായം.
തൊണ്ടിലൂടാളുകളയാളുടെ
വീട്ടിലെത്തി.
ജനറാസം പൂശിയ ചുവരുകളില്‍
ഈര്‍പ്പം പനച്ചുനിന്നു.
ആകെയുള്ള മുറ്റത്ത്
ആറ്റില്‍ നിന്നു കോരിയ മണല്‍.
കോഴിവാലനും മാജിക്ക് റോസയും
അതിരു കാക്കുന്ന പുരയിടം.
സിമന്റിളകിയ തിണ്ണയില്‍
കയറുപൊട്ടിയ കട്ടിലില്‍
മെഴുകുതിരിയുടെ ശോഭയില്‍
വെള്ളത്തുണിയുടെ കീഴെയായ്
വെള്ളികെട്ടിയ താടിയും
പീളകെട്ടിയ കണ്ണുമായി
കുട്ടിക്കൂറ പൗഡറില്‍
സുന്ദരനായി ശലമോന്‍.
സാമ്പ്രാണിത്തിരി ഇടയ്ക്കിടയ്ക്ക്
ചെരിഞ്ഞു വന്നയാളോട്
രഹസ്യമായി എന്തൊക്കെയോ
കുനുകുനാന്നു ചോദിക്കുന്നു.
ഇമകള്‍ രണ്ടുമനങ്ങാതെ
ചുണ്ടിണകള്‍ വിറയ്ക്കാതെ
ശലമോന്റെ കുമ്പസാരം,
കേട്ടിരിക്കുന്നു ക്രൂശിതന്‍.
എന്തെന്നാല്‍ 
ശലമോന്റെ അപ്പന്‍ ശാമുവേല്‍ 
മരിക്കും മുന്നേ 
മകനോടരുളിചെയ്തു
''തങ്ങളുടെ വംശം
അടപതിയന്‍ കായകള്‍ പോല്‍
ചിതറിക്കപ്പെട്ടതിനു കാരണമാക 
വരുത്തന്മാര്‍
കുന്നേപ്പള്ളി സ്വന്തമാക്കിയതിന്റെ
പതിനാലാം സംവത്സരത്തിങ്കല്‍
നീയൊരു പേടകം നിര്‍മ്മിക്കവേണം.
അതിങ്കല്‍ നീയും നിന്റെ തലമുറയും
പ്രളയജലത്തിന്‍ തിരമാലയില്‍
മലയേറി പോകവേണം.''

ഇനിയുള്ള കഥ ശിഷ്ടം
സത്യം സത്യമായും 
അല്ലയോ യെരുശലേം പുത്രിമാരെ
നിങ്ങള്‍ കേട്ടിരിക്കേണമേ.

അനന്തരം സന്ധ്യയായി ഉഷസ്സായി
മൂന്നാം ദിവസം.

നാലാം ദിവസം

അത്ഭുതങ്ങളെക്കൊണ്ടൊക്കെയും
തന്റെ ജനത്തെ വിശ്വസിപ്പിക്കാന്‍
യഹോവ വാനമേഘങ്ങളിലിറങ്ങിനിന്നു.
തന്റെ കാലടിയില്‍ ഞെരിഞ്ഞ മേഘങ്ങള്‍
കരഞ്ഞുകരഞ്ഞു കുഴഞ്ഞു.
അന്നാറെ അവിടങ്ങളില്‍
തുള്ളിതോരാതെ മഴ പെയ്തു.
അത് നാല് രാവും നാല് പകലും 
നീണ്ടു നിവര്‍ന്നു നിന്നു പെയ്തു.
വെള്ളമിറങ്ങി മലകള്‍ കുതിര്‍ന്നു.
തെക്കേമലയില്‍ ഉരുള്‍പൊട്ടി.
ഉറുമ്പിക്കരയില്‍ മണ്ണിടിഞ്ഞു.
ഏന്തയാറ്റില്‍ കൊടുക്കാറ്റ് വീശി.
വെള്ളമായ വെള്ളമെല്ലാമൊഴുകിയെത്തി
മണിമലയാര്‍ വീര്‍ത്തുപൊട്ടി.
പുഴയുടെ മണം കുന്നിന്‍മുകളില്‍
കുട്ടിക്കാനം വരെയെത്തി.
കരയില്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ
നിലം തരിശായി.
മഴയൊഴിഞ്ഞപ്പോള്‍ മാനം തെളിഞ്ഞു.
കുന്നേപ്പള്ളി കുനിഞ്ഞു നിന്നു.
അതിന്റെ നെറുകയില്‍
ചെറിയൊരു കാക്കക്കൂടുപോല്‍
ശലമോന്റെ ഞാങ്ങണ പെട്ടകം.

അതവിടെയിരുന്നു കിളിര്‍ത്തു,
പോകെപ്പോകെ
പുല്‍ക്കൂടെന്നു തോന്നുമാര്‍
കുന്നേപ്പള്ളിയെ മൂടി.
ആര്‍ക്കുമതടര്‍ത്തിക്കളയാന്‍ 
കഴിഞ്ഞതില്ല.
ആയതിനാല്‍ കുന്നേപ്പള്ളി
പെലയരുടേതെന്നു വെളിപ്പെട്ടുവന്നിരിക്കുന്നു.

ഇക്കാലത്താണ് വാച്ച് റിപ്പയറുകാരനായ 
പ്രാഞ്ചിയും കുടുംബവും വന്നത്.
സീക്കോയുടെ ഒരു വാച്ച്
ശലമോനുണ്ട്.
അതിന്റെ സെക്കന്റ്‌സൂചി 
പണിമുടക്കിയപ്പോള്‍
അയാള്‍ പ്രാഞ്ചിയെത്തേടിച്ചെന്നു.
പിന്നെ പ്രാഞ്ചി കുന്നേപ്പള്ളിയില്‍ വന്നു.
അയാളുടെ മക്കള്‍ വേദപാഠത്തിനു ചേര്‍ന്നു.
അയാളുടെ ഭാര്യ പെലയന്മാര്‍ക്കെല്ലാം 
ചേച്ചിയും ചേട്ടത്തിയുമായി.
ഞായര്‍ ഉച്ചതിരിഞ്ഞാലച്ചന്‍
പ്രാഞ്ചിയുടെ വീട്ടിലാണ്.
രാത്രിക്ക് 
മഠത്തില്‍നിന്നുള്ള ഭക്ഷണം
അച്ചന്‍ നിര്‍ത്തി.
കപ്യാര്‍ പ്രാഞ്ചിയുടെ വീടിന്റടുക്കളപ്പുറത്ത്
പ്രാഞ്ചി പ്രാഞ്ചി നടന്നു.
അനന്തരം സന്ധ്യയായി ഉഷസ്സായി
നാലാം ദിവസം.

അഞ്ചാം ദിവസം

'എന്തെന്നാല്‍
വിടുവിപ്പാനും ഞെരുക്കാനും
കഴിവുള്ളവന്‍ യഹോവയാകയാല്‍
അന്തിമവിധിനാളില്‍ 
ശുദ്ധീകരണസ്ഥലത്തിങ്കല്‍
നീയും നിന്റെ ആത്മാവും 
വിചാരണചെയ്യപ്പെടും.
തെറ്റെങ്കില്‍ തെറ്റ്, നന്മയോ നന്മ;
നിന്നെയവന്‍ 
വെറും കൈയ്യോടെ വിട്ടയക്കയില്ല!'
ശാമുവേല്‍ പറയാറുള്ളത് ശലമോനോര്‍ത്തു.

ക്രൂശിതനോടയാള്‍ 
തന്നെയും തന്റെ പിതാക്കന്മാരെയും 
ചതിച്ചവരുടെ കണക്കുപുസ്തകം
എന്നത്തേയ്‌ക്കെടുക്കുമെന്നു ചോദിച്ചു.
വിലാപ്പുറത്തുനിന്നുമൊഴുകുന്ന
ചലത്തിലും ചോരയിലും വിരലോടിച്ച്
ക്രൂശിതന്‍ ചിരിച്ചതേയുള്ളൂ!
മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടും പരിച്ഛേദം മാറാത്ത
കരള്‍പ്പൂവിലെ പുഴുക്കളെ ഓരോന്നായെടുത്ത്
ശലമോന്‍ ശവപ്പെട്ടിക്കു വെളിയില്‍ വെച്ചു.
കൂടിനിന്നവര്‍ അയാളുടെ മൂക്കില്‍ നിന്നും
വായില്‍നിന്നും പുഴുവരിക്കുന്നെന്ന്
ചി     ത     റി!

ആ നിമിഷത്തിങ്കല്‍ കുന്നേപ്പള്ളി 
പുതുക്കിപ്പണിത ദിനമയാളോര്‍ത്തു.
അന്നാറെ 
മച്ചിന്‍മേലാകെയും മുപ്ലിവണ്ടികള്‍
പെരുകിപ്പെരുകി മേല്‍ക്കൂരയിടിഞ്ഞുവീഴാറായ
കുന്നേപ്പള്ളി മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു.

'കര്‍ത്തനെ, നിന്നെ ആരാധിപ്പാന്‍ തക്കവണ്ണം 
ജനത്തെ വിട്ടയക്ക എന്ന് അരുളിചെയ്തിട്ട്
നിവര്‍ന്നുനില്‍ക്കാനാവുന്നില്ലല്ലോ 
നിന്റെ ആലയത്തിന്!'

ജ്ഞാനസ്‌നാനതൊട്ടിയില്‍ നിന്നും
കൂത്താടിയെ കോരിക്കളഞ്ഞുകൊണ്ടിരുന്ന
കുഞ്ഞുങ്ങളില്ലാത്ത
വലയിഞ്ചി അന്ത്രയോസും 
ഭാര്യ കുഞ്ഞുമറിയയും മാത്രം
ആ പ്രാര്‍ത്ഥന കേട്ടു.
പിറ്റേന്ന് കല്ലുംമണ്ണും മാറ്റി 
അവരെ പുറത്തെടുക്കുമ്പോള്‍
കുഞ്ഞുമറിയയുടെ ഒക്കത്ത് ഉണ്ണിയേശു!
അനന്തരം സന്ധ്യയായി ഉഷസ്സായി
അഞ്ചാം ദിവസം.

ആറാം ദിവസം

തെമ്മാടിക്കുഴിയോട് ചേര്‍ന്നുള്ള
കയ്യാലയുടെ മറുപുറം എല്ലിന്‍കുഴി.
അവിടെ കിടപ്പുണ്ട് 
ശാമുവേലിന്റെ തലയോട്ടി.
അങ്ങോട്ട് പോകാന്‍ 
സമയം നോക്കിക്കിടക്കുമ്പോള്‍
ശലമോന്റെ തലയില്‍ വീണ്ടും 
ഓര്‍മ്മകള്‍ പൊട്ടിയൊലിച്ചു.

അന്നൊരു ഞായറാഴ്ചയായിരുന്നു.
പണി പാതിനില്‍ക്കുന്ന 
കുന്നേപ്പള്ളിയുടെ അസ്ഥികൂടം.
ഇഷ്ടിക, കടപ്പക്കല്ല്, സിമന്റ്, മെറ്റല്‍ക്കൂന.
താല്‍കാലിക ഷെഡില്‍ അച്ചന്‍
കുര്‍ബ്ബാന എത്തിക്കുന്നു.

'കെല്‍പ്പക്ഷയത്താലേ വന്ന സര്‍വ്വ
പാപങ്ങളും നീ ക്ഷമിക്കൂ
കെല്‍പ്പെഴും നിന്‍ കരം നീട്ടി നിത്യം
ഞങ്ങളെ താങ്ങണേ നാഥാ.'

കുര്‍ബ്ബാന കഴിഞ്ഞതും യോഗം കൂടി.
പള്ളിപണിയുടെ കണക്കാണ്.
പ്രാഞ്ചിയാണ് ഖജാഞ്ചി.

എത്ര കൂട്ടിയിട്ടും പാതിപ്പലം ചാക്കോയ്ക്ക്
പ്രാഞ്ചിയുടെ കണക്കങ്ങ് ഒക്കുന്നില്ല.
അയാളെണീറ്റു.
തുണ്ടിയില്‍ വറീത് ആദ്യം,
കാനത്തില്‍ ഇയ്യോബ് രണ്ടാമത്,
തെക്കേതില്‍ ഏലിയാമ്മ മൂന്നാമത്,
ചാവരുപാറ അന്തോണി, പവനത്തില്‍ തോമ,
കുന്നേപ്പള്ളിയുടെ ഉടമസ്ഥര്‍ 
ഒന്നിനുപുറകെ ഒന്നായി.
'സ്‌തോത്രകാഴ്ച കിട്ടിയ വകേലുള്ളത്?'
'ജാതിക്ക വിറ്റു കിട്ടിയത്?'
'പിരിവെടുത്തത്?'
'ശ്രമദാനം നടത്തിയ വകേലേതോ?'
'പ്രാഞ്ചി മാപ്പിളെ, 
തന്റെ തന്ത കണ്ട വകയല്ലെടോ ഈ പള്ളി! 
കണക്കങ്ങു വെച്ചിട്ട് പോയാ മതി താന്‍!'

അല്ലയോ യെരുശലേം പുത്രിമാരെ,
പെലയന്മാരുടെ പള്ളിയില്‍ 
പെലയന്മാരുടെ ഒച്ചപൊങ്ങുന്നത് 
കേള്‍ക്കുന്നില്ലേ നിങ്ങള്‍!
കുട്ടനാട്ടില്‍ കട്ടകുത്തിയ കൈത്തഴമ്പ്,
കിഴക്കന്‍ മലയില്‍ 
കാടുവെട്ടിത്തെളിച്ച മനക്കരുത്ത്.
അടിമകളുടെ നാവുപൊങ്ങുന്നു!
അടിമകളുടെ മക്കളുടെ നാവുപൊങ്ങുന്നു!
അടിമകളുടെ മക്കളുടെ മക്കളുടെ നാവു പൊങ്ങുന്നു!
ദൈവദാസന്റെ താടിക്ക് തട്ടി,
ഖജാഞ്ചിയുടെ മടിക്കുത്തഴിഞ്ഞു,
ഹാലേലുയ്യ!

കാലങ്ങളുടെ നിശബ്ദത പൊട്ടിപ്പോയി.
കുന്നേപ്പള്ളി പ്രാചീനതയുടെ ഇഞ്ചക്കാടായി.
അവിടെ കുറുനരികള്‍ ഓരിയിട്ടു.
ഒളിച്ചോടിവന്നവരുടെ കറുത്തമെയ്യുകള്‍
ഓടിച്ചുവിട്ടവരുടെ വെളുത്തമെയ്യുകളെ 
വാരി നിലത്തിട്ടു!

അനന്തരം സന്ധ്യയായി ഉഷസ്സായി
ആറാം ദിവസം.

ഏഴാംനാള്‍ 
തങ്ങള്‍ ചെയ്ത പ്രവര്‍ത്തിയൊക്കെയും
എത്രയും നല്ലതെന്ന് കണ്ട്
കല്ലറയില്‍ ശലമോന്‍ നിവൃത്തനായി.
തങ്ങളുടെ കാര്‍ന്നോന്മാര്‍ സൃഷ്ടിച്ചുണ്ടാക്കിയ
കുന്നേപ്പള്ളിയുടെ ശവക്കോട്ടയില്‍
അയാള്‍ സ്വയം ശുദ്ധീകരിച്ചനുഗ്രഹിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios