ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ
മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളമാരംഭിക്കുന്നു. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍ ഇനി ഇവിടെ വായിക്കാം.
വിവര്‍ത്തകയുടെ കുറിപ്പ്:
ദീനോ ബുറ്റ്‌സാതി എന്ന ഇറ്റാലിയന്‍ എഴുത്തുകാരനെക്കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ടായിരുന്നില്ല. എന്റെ പരിമിതമായ വായനയുടെ പരിധിക്കുള്ളില്‍ ബുറ്റ്‌സാതിയോ അദ്ദേഹത്തെപ്പോലെ പ്രശസ്തരായ മറ്റ് ലോകഭാഷാസാഹിത്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരോ ഉണ്ടായിരുന്നില്ല. ലോകസാഹിത്യത്തിലെ വിരലിലെണ്ണാവുന്ന സാഹിത്യകാരന്മാരെ മാത്രം വായിച്ച ഒരു ചരിത്രത്തിന്റെ ഉടമയാണെന്ന അറിവ് ഇടയ്‌ക്കെങ്കിലും ഉള്ളില്‍ ലജ്ജയുണ്ടാക്കിയിട്ടുണ്ട്.
വിശ്വസാഹിത്യവായനയുടെ നെറുകയിലേക്ക് ഒറ്റക്കുതിപ്പിന് ചെന്നെത്തുക എന്നത് അസാദ്ധ്യവും നടക്കാത്തതുമായ ഒരു സ്വപ്നമാണെന്നിരിക്കെ അതിന്റെ നടപ്പാതകളില്‍ പിച്ചവെക്കാന്‍ പഠിപ്പിക്കുന്ന ഒരു ഉപാധിയായി എന്തുകൊണ്ട് പരിഭാഷയെ കണ്ടുകൂടാ എന്ന തോന്നലുണ്ടായത് ഒരു സുഹൃത്ത് അയച്ചുതന്ന ബുറ്റ്‌സാതി കഥയില്‍ നിന്നുമാണ്.
''ഓരോ ഭാഷയും ഒരു ലോകമാണ്. വിവര്‍ത്തനങ്ങളില്ലെങ്കില്‍ നമ്മള്‍ നിശ്ശബ്ദത അതിരിടുന്ന പ്രവിശ്യകളില്‍ താമസിക്കും.'' എന്ന് പറഞ്ഞ ജോര്‍ജ്ജ് സ്റ്റെയ്‌നെര്‍ എന്ന എഴുത്തുകാരനോട് ഇപ്പോള്‍ ഇഷ്ടം തോന്നുന്നുണ്ട്, അതിര്‍ത്തികളെ ശബ്ദമുഖരിതമാക്കാന്‍ വാക്കിന്‍പട്ടാളത്തെ അയക്കുന്നത് ഇപ്പോളെന്റെ സ്വപ്നത്തിലുണ്ട്.
ഒരേ ഭാഷയില്‍ കുടുങ്ങിക്കിടക്കാതെ ലോകത്തേതൊരു കുഞ്ഞും ആദ്യമായി ഉച്ചരിക്കുന്ന, ഏതൊരു ഭാഷയിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള വാക്കുകളുടെ നിലയ്ക്കാത്ത ദാഹത്തെ പരിഭാഷ എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. 1966ല്‍ ദീനോ ബുറ്റ്‌സാതി എഴുതിയ ''ഏഴുനിലകള്‍'' എന്ന കഥയുടെ വിവര്‍ത്തനമാണ് താഴെ. അതിര്‍ത്തികളിലേക്ക് വാക്കിന്‍പട്ടാളത്തെ ഇത്തവണ ബുറ്റ്‌സാതി നയിക്കട്ടെ.
ഏഴ് നിലകള്‍/ ദീനോ ബുറ്റ്‌സാതി/ വിവര്‍ത്തനം: രശ്മി കിട്ടപ്പ
മാര്‍ച്ചിലെ ഒരു പ്രഭാതം, ഒരു ദിവസത്തെ തീവണ്ടിയാത്രയ്‌ക്കൊടുവില്‍ ജുസെപ്പെ കോര്‍തെ, പ്രസിദ്ധമായ ആ നേഴ്‌സിങ് ഹോം സ്ഥിതിചെയ്യുന്ന നഗരത്തിലെത്തിച്ചേര്‍ന്നു. നേരിയ പനിയുണ്ടായിരുന്നെങ്കിലും തന്റെ ചെറിയ യാത്രാസഞ്ചിയും തൂക്കി ്‌സ്‌റ്റേഷനില്‍ നിന്നും ആശുപത്രിവരെ നടക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ചതിനാല്‍ അസുഖം നിസ്സാരമായിരുന്നെങ്കിലും, ജുസെപ്പെ കോര്‍തെക്ക്, അതേ അസുഖമുള്ള ആളുകളെ മാത്രം പ്രവേശിപ്പിക്കുന്ന പേരുകേട്ട ആ ആരോഗ്യമന്ദിരത്തില്‍ ചികിത്സ തേടാനുള്ള ഉപദേശമാണ് ലഭിച്ചത്. ഡോക്ടര്‍മാരുടെ സവിശേഷമായ കഴിവും ആശുപത്രിയിലെ സജ്ജീകരണങ്ങളുടെ കാര്യക്ഷമതയും അതിനാല്‍ത്തന്നെ ഉറപ്പായിരുന്നു.
ദൂരെനിന്ന് കണ്ടപ്പോള്‍ത്തന്നെ, ഒരിക്കല്‍ ഒരു പരസ്യഫോട്ടോയില്‍ കണ്ടിട്ടുള്ള അതിനെ തിരിച്ചറിയുകയും അയാള്‍ക്ക് വളരെയധികം മതിപ്പ് തോന്നുകയും ചെയ്തു. മുന്‍വശം തള്ളിനില്‍ക്കുന്ന വെള്ളനിറത്തിലുള്ള ആ ഏഴുനിലക്കെട്ടിടത്തിന് ഒരു ഹോട്ടലിന്റെ അവ്യക്തമായ ഛായയുണ്ടായിരുന്നു. ഉയരമുള്ള മരങ്ങളാല്‍ ചുറ്റപ്പെട്ടതായിരുന്നു അത്.
കൂടുതല്‍ ശ്രദ്ധയോടെ, പിറകെ വരാനിരിക്കുന്ന ഒരു പൂര്‍ണ്ണമായ വൈദ്യപരിശോധനക്ക് മുന്‍പ് നടത്തിയ ചെറിയൊരു ശാരീരിക പരിശോധനക്ക് ശേഷം ജുസെപ്പെ കോര്‍തെയെ ഏഴാമത്തേതും ഏറ്റവും മുകളിലത്തേതുമായ നിലയിലെ സന്തോഷം തരുന്ന ഒരു മുറിയിലേക്ക് മാറ്റി. അവിടെയുള്ള ഫര്‍ണീച്ചര്‍ ചുമര്‍കടലാസ് പോലെ തിളങ്ങുന്നതും, വൃത്തിയുള്ളതുമായിരുന്നു, തടികൊണ്ടുണ്ടാക്കിയ ചാരുകസേരകളിലെ കുഷ്യനുകള്‍ പലനിറത്തിലുള്ള തുണികള്‍കൊണ്ട് പൊതിഞ്ഞതായിരുന്നു. ജനലരികില്‍ നിന്നുള്ള കാഴ്ച നഗരത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നിലേക്കായിരുന്നു. എല്ലാം ശാന്തവും, സമാധാനം തോന്നിക്കുന്നതും, വിശ്വാസം നല്‍കുന്നതുമായിരുന്നു.
ജുസെപ്പെ കോര്‍തെ ഉടനെതന്നെ കട്ടിലില്‍ കിടന്ന്, തലയുടെ നേരെ മുകളിലുള്ള ലൈറ്റ് ഓണ്‍ ചെയ്ത്, കൂടെക്കൊണ്ടുവന്ന ഒരു പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങി. അധികം വൈകാതെ ഒരു നേഴ്‌സ് അയാള്‍ക്കെന്തെങ്കിലും ആവശ്യമുണ്ടോയെന്ന് ചോദിക്കാനായി മുറിയിലേക്ക് വന്നു.
ഇല്ല, ഒന്നും ആവശ്യമുണ്ടായിരുന്നില്ല; എന്നാല്‍ പെട്ടെന്നുതന്നെ അയാള്‍ ആ പെണ്‍കുട്ടിയുമായി സംസാരിക്കാനും, ആശുപത്രിയെക്കുറിച്ച് അവളോട് ചോദിക്കാനുമുള്ള അവസരമുണ്ടാക്കി. അതിന്റെ അസാധാരണമായ ക്രമീകരണത്തെക്കുറിച്ച് അയാള്‍ കേള്‍ക്കാനിടയായതങ്ങനെയാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് രോഗികളെ കെട്ടിടത്തിന്റെ വിവിധ നിലകളിലാണ് പാര്‍പ്പിച്ചിരുന്നത്. ഏഴാംനിലയില്‍, അതായത് ഏറ്റവും മുകളിലത്തെ നിലയില്‍ വളരെ നിസ്സാരമായ രോഗാവസ്ഥയിലുള്ളവരായിരുന്നു. ആറാമത്തെ നില കൈകാര്യം ചെയ്തത് അത്രയധികം ഗുരുതരമല്ലെങ്കിലും ഒരുകാരണവശാലും അവഗണിക്കാന്‍ കഴിയാത്ത രോഗികളെയായിരുന്നു. അഞ്ചാംനിലയില്‍ ഗുരുതരാവസ്ഥയിലുള്ളവരെയാണ് ചികിത്സിച്ചിരുന്നത്; താഴെ വരെ ഓരോ നിലയിലും അങ്ങനെയായിരുന്നു ക്രമം. ഉദാഹരണത്തിന്, രണ്ടാംനിലയിലെ രോഗികളുടെ അവസ്ഥ അതീവഗുരുതരമായിരുന്നു. ഒന്നാം നില എല്ലാ പ്രതീക്ഷകളും അവസാനിച്ചവര്‍ക്കായി മാറ്റിവെച്ചതായിരുന്നു.
വിചിത്രമായ ഈ തരംതിരിക്കല്‍ ആശുപത്രി നടപടികളുടെ വേഗത വലിയതോതില്‍ കൂട്ടി എന്നതിനുപുറമെ, ചെറിയ അസുഖമുള്ളവര്‍ക്ക് യാതനയില്‍ കഴിയുന്ന മറ്റുരോഗികള്‍ കാരണം ശല്യമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകയും, ഓരോ വാര്‍ഡിലും സമാനമായ അന്തരീക്ഷം വാഗ്ദാനം നല്‍കുകയും ചെയ്തു. അത് കൂടാതെ ഏറ്റവും നല്ല ഫലം കിട്ടാന്‍വേണ്ടി പൂര്‍ണ്ണമായും തരംതിരിച്ചുള്ള ചികിത്സയാണ് അവിടെ നല്‍കിയിരുന്നത്.
അതിനുശേഷം, രോഗികളെ പടിപടിയായി ഏഴ് വിഭാഗമായി തരം തിരിച്ചിരുന്നു, മറ്റുള്ള നിലകളിലെ രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത സ്വന്തം നിയമങ്ങളും പ്രത്യേക സമ്പ്രദായങ്ങളുമായി ഓരോ നിലയും അതിനുള്ളില്‍ത്തന്നെയുള്ള ഒരു ചെറിയ ലോകമായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഒരു അടിസ്ഥാന നടപടിക്രമം ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നെങ്കിലും, ഓരോ വിഭാഗവും വെവ്വേറെ ഡോക്ടര്‍മാരുടെ നിയന്ത്രണത്തിലായതുകൊണ്ട് ചികിത്സിക്കുന്ന രീതിയില്‍ തീര്‍ത്തും ചെറിയ തോതില്‍, സൂക്ഷ്മമായ ചില വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.
.......................................
Read more: പാബ്ലോ നെരൂദ കോഴിക്കോടന്‍ ഭാഷയില്‍ പ്രണയകവിത എഴുതിയാല്‍
ദീനോ ബുറ്റ്‌സാതി
നേഴ്‌സ് പോയിക്കഴിഞ്ഞ്, തന്റെ പനി കുറഞ്ഞ് സാധാരണ ഗതിയിലായി എന്ന് തോന്നിയപ്പോള്‍ ജുസെപ്പെ കോര്‍തെ ജനലരികില്‍ പോയിനിന്നു. അയാള്‍ക്കത് പുതിയ നഗരമായിരുന്നെങ്കിലും കൂടുതലൊന്നും പുറത്ത് കാണാനുണ്ടായിരുന്നില്ല, എങ്കിലും താഴെയുള്ള നിലകളിലെ ജനാലകളിലൂടെ രോഗികളെ ഒരുനോക്ക് കാണാമെന്ന പ്രത്യാശയില്‍ അയാള്‍ പുറത്തേക്ക് നോക്കി. കെട്ടിടത്തിന്റെ മുന്നോട്ട് തള്ളിനില്‍ക്കുന്ന ഭാഗങ്ങളും, ഭിത്തിയിലെ വിടവുകളും ഇത്തരത്തിലൊരു നിരീക്ഷണം സാധ്യമാക്കിയിരുന്നു. ജുസെപ്പെ കോര്‍തെയുടെ ശ്രദ്ധ പ്രധാനമായും ഒന്നാംനിലയിലെ ജനാലകളില്‍ കേന്ദ്രീകരിച്ചു, അത് വളരെ അകലെയാണെന്നും, ചരിഞ്ഞുമാത്രമേ അത് കാണാന്‍ കഴിയുകയുള്ളുവെന്നും അയാള്‍ക്ക് തോന്നി. പക്ഷെ താല്പര്യമുള്ള ഒന്നുമുണ്ടായിരുന്നില്ല. മിക്കവാറും എല്ലാ ജനലുകളും ചാരനിറത്തിലുള്ള നീക്കാന്‍ കഴിയുന്ന ഷട്ടറുകളിട്ട് ഉറപ്പോടെ അടച്ചിരുന്നു.
ആ സമയത്ത് തന്റെ തൊട്ടടുത്തുള്ള ജനാലയില്‍ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത് കോര്‍തെ ശ്രദ്ധിച്ചു. സഹവാസിയെന്ന് ഉള്ളില്‍ വളര്‍ന്നുവരുന്ന വികാരത്തോടെ രണ്ടുമനുഷ്യരും കുറച്ചുനേരം പരസ്പരം നോക്കിനിന്നു, പക്ഷെ എങ്ങിനെയാണ് നിശബ്ദതയെ തകര്‍ക്കേണ്ടതെന്ന് രണ്ടുപേര്‍ക്കും അറിവുണ്ടായിരുന്നില്ല. കുറേസമയത്തിനുശേഷം, വേണ്ടത്ര ധൈര്യം വരുത്തി കോര്‍തെ ചോദിച്ചു:
''നിങ്ങള്‍ ഇപ്പോള്‍ എത്തിയിട്ടേയുള്ളു?''
''ഓ അല്ല,'' മറ്റെയാള്‍ പറഞ്ഞു. ''രണ്ടുമാസമായി ഞാനിവിടെ വന്നിട്ട്...'' ഒരുനിമിഷത്തേക്കോ മറ്റോ അയാള്‍ നിശ്ശബ്ദനായി, പിന്നീട് എങ്ങനെ തുടരണമെന്നറിയാതെ അയാള്‍ പറഞ്ഞു: ''ഞാനെന്റെ സഹോദരനെ നോക്കുകയായിരുന്നു.''
''നിങ്ങളുടെ സഹോദരനെയോ?''
''അതെ,'' അപരിചിതനായ അയാള്‍ വിവരിച്ചു. ''ഞങ്ങള്‍ ഒരുമിച്ചാണ് ഇവിടെയെത്തിയത്, ഞങ്ങളുടേത് വളരെ വ്യത്യസ്തമായ ഒരു കേസായിരുന്നു, പക്ഷെ അവന് രോഗം കൂടുതലായി. ഒന്നാലോചിച്ചുനോക്കൂ അവനിപ്പോള്‍ത്തന്നെ നാലാംനിലയിലാണ്!''
''നാലാം നിലയിലോ?''
''അതെ, നാലാം നിലയില്‍,'' ജുസെപ്പെ കോര്‍തെയുടെയുള്ളില്‍ ഏറെക്കുറെ നടുക്കമുണ്ടാക്കുന്ന വിധത്തില്‍ സഹാനുഭൂതിയും ഭയവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ ഈ വാക്കുകള്‍ ഉച്ചരിച്ചു.
''സത്യത്തില്‍ നാലാംനിലയിലെ അവസ്ഥ അത്രക്ക് ഗുരുതരമാണോ?'' അയാള്‍ ശ്രദ്ധയോടെ ചോദിച്ചു.
''ദൈവമേ,'' മറ്റെയാള്‍ പതുക്കെ തലയിളക്കിക്കൊണ്ട് പറഞ്ഞു, ''ആ രോഗികള്‍, അവരുടെ സ്ഥിതി നിരാശയുള്ളതല്ല, പക്ഷെ സന്തോഷിക്കാന്‍ വളരെക്കുറച്ചേയുള്ളു.''
''എന്താണെങ്കിലും,'' ദുരന്തസംഭവങ്ങള്‍ തനിക്ക് ബാധകമല്ലെന്ന മട്ടില്‍ താല്പര്യമില്ലാതെ സംസാരിക്കുന്ന ഒരാളുടെ രീതി അനുകരിച്ചുകൊണ്ട് കോര്‍തെ തുടര്‍ന്നു, ''നാലാംനിലയിലുള്ളവരുടെ സ്ഥിതി അത്ര ഗുരുതരമാണെങ്കില്‍, ഒന്നാം നിലയില്‍ അവര്‍ ആരെയാണ് പാര്‍പ്പിക്കുന്നത്?''
''ഓ,'' മറ്റെയാള്‍ പറഞ്ഞു, ''ഒന്നാം നില മരിക്കാന്‍ പോവുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്, ശരിക്കും മരിക്കാറായവര്‍ക്ക് വേണ്ടി. സത്യത്തില്‍, താഴെയുള്ള ഡോക്ടര്‍മാര്‍ക്ക് ഒരു കാര്യവും ചെയ്യാനില്ല. ആകെ തിരക്കുള്ള ഒരു മനുഷ്യന്‍ പാതിരിയാണ്. സ്വാഭാവികമാണത്..''
''പക്ഷെ എന്തായാലും അവിടെയാരും ഇല്ലല്ലോ.'' ഉറപ്പുവരുത്താന്‍ വേണ്ടി കോര്‍തെ ഇടയ്ക്കുകയറിപ്പറഞ്ഞു; ''മിക്കവാറും എല്ലാമുറികളും അടച്ചിട്ടിരിക്കുകയാണ്.''
''ശരിയാണ്, ഇപ്പോളവിടെ അധികമാരുമില്ല, പക്ഷെ ഇന്ന് രാവിലെ ഒരു നമ്പര്‍ ഉണ്ടായിരുന്നു,'' നിഗൂഢമായി ചിരിച്ചുകൊണ്ട് അപരിചിതന്‍ പറഞ്ഞു. ''ഷട്ടര്‍ അടച്ചിട്ടിരിക്കുന്നത് എപ്പോള്‍ കണ്ടാലും, അതിനര്‍ത്ഥം ആരോ ഒരാള്‍ ആ സമയത്ത് മരിച്ചിരിക്കുന്നു എന്നാണ്. എന്താണെങ്കിലും, മറ്റുള്ള നിലകളിലെ ഷട്ടറുകളെല്ലാം തുറന്നിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ?... ഇനി നിങ്ങളെന്നോട് ക്ഷമിക്കണം,'' പതുക്കെ പിന്‍വലിഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു. ''തണുപ്പല്‍പം കൂടുന്നുണ്ട്, എനിക്കങ്ങനെ തോന്നുന്നു. ഞാന്‍ കിടക്കാന്‍ പോവുകയാണ്. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാവട്ടെ... ഏറ്റവും നല്ല ഭാഗ്യം!''
..........................
Read more: തമിഴ് കവി ചേരന്റെ രണ്ട് കവിതകള്‍, വിവര്‍ത്തനം: സച്ചിദാനന്ദന്‍
Illustration: Dino Buzzati
ആ മനുഷ്യന്‍ ജനലരികില്‍ നിന്നും അപ്രത്യക്ഷനാവുകയും ജനാല ഊക്കോടെ അടയ്ക്കുകയും ചെയ്തു; അയാളുടെ മുറിയില്‍ വെളിച്ചം പരന്നു. ജുസെപ്പെ കോര്‍തെ തന്റെ ജനലരികില്‍ത്തന്നെ അനങ്ങാതെ നിന്നു, അയാളുടെ കണ്ണുകള്‍ ഒന്നാംനിലയിലെ അടച്ചിട്ട ഷട്ടറുകളില്‍ ഉടക്കിനിന്നു; രോഗികളെ മരിക്കാന്‍ ഏല്‍പ്പിക്കുന്ന ഭയാനകമായ ആ നിലയിലെ വിലാപയാത്രാരഹസ്യങ്ങള്‍ ഭാവനയില്‍ കാണാന്‍ ശ്രമിച്ചുകൊണ്ട്, തീവ്രമായ ശോകത്തോടെ അയാളതിലേക്ക് തുറിച്ചുനോക്കി, താന്‍ വളരെ ദൂരെയാണെന്ന അറിവ് അയാളുടെയുള്ളില്‍ ആശ്വാസം പടര്‍ത്തി. നഗരത്തിനു മുകളില്‍ സന്ധ്യ പരന്നു. ചികിത്സാലയത്തിലെ ആയിരം ജനാലകളില്‍ ഓരോന്നിലായി വെളിച്ചം തെളിയാന്‍ തുടങ്ങി; കുറച്ച് ദൂരത്തുനിന്നും കണ്ടാല്‍ ഒരു ഹോട്ടലില്‍ പാര്‍ട്ടി നടക്കുകയാണെന്ന് ആരും തെറ്റിദ്ധരിച്ച് പോകുമായിരുന്നു. ചരിവിന് കീഴില്‍ എണ്ണമറ്റ ജനാലകളുള്ള ഒന്നാംനിലയില്‍ മാത്രം ഇരുട്ട് നിറഞ്ഞുകിടന്നു.
മുഴുവനായ ശാരീരിക പരിശോധനയുടെ ഫലം ജുസെപ്പെ കോര്‍തെക്ക് ധൈര്യം നല്‍കി. ഒരു നിയമം പോലെ ഏറ്റവും മോശമായത് പ്രതീക്ഷിക്കുന്ന പ്രവണതയില്‍, അയാള്‍ നേരത്തേതന്നെ നിര്‍ദ്ദയമായ ഒരു വിധിക്ക് ഉള്ളാലെ ഒരുങ്ങിയിരിക്കുകയായിരുന്നു, താഴത്തെ നിലയിലേക്ക് അയാളെ അയക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചാലും തീര്‍ച്ചയായും അയാള്‍ അത്ഭുതപ്പെടുമായിരുന്നില്ല. സത്യത്തില്‍, അയാളുടെ പൊതുവായ അവസ്ഥ നല്ലതാണെങ്കിലും പനി കുറയുന്നതിന്റെ ഒരു ലക്ഷണവും കാണിച്ചിരുന്നില്ല. എന്നിരുന്നാലും, ഡോക്ടര്‍ അതിനെക്കുറിച്ച് സൗഹാര്‍ദ്ദത്തോടെയും അയാളെ പ്രോത്സാഹിക്കുന്ന രീതിയിലും സംസാരിച്ചു. രോഗത്തിന്റെ ആദ്യഘട്ടത്തിലുള്ള ഒരു ലക്ഷണം തീര്‍ച്ചയായും അയാളിലുണ്ടായിരുന്നെങ്കിലും അത് വളരെ ലഘുവായിരുന്നു, രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിയാതെ അത് മാറില്ല എന്ന കാര്യവും ഉറപ്പായിരുന്നു.
''അപ്പോള്‍ ഞാന്‍ ഏഴാംനിലയില്‍ത്തന്നെ തുടരണോ?'' ആ നേരത്ത്, ആകാംക്ഷയോടെ ജുസെപ്പെ കോര്‍തെ ചോദിച്ചു.
''ഉറപ്പായും!'' അയാളുടെ ചുമലില്‍ സ്‌നേഹത്തോടെ തട്ടിക്കൊണ്ട് ഡോക്ടര്‍ മറുപടി പറഞ്ഞു. ''എങ്ങോട്ട് പോകുമെന്നാണ് നിങ്ങള്‍ കരുതിയിരുന്നത്? തീര്‍ച്ചയായും നാലാംനിലയിലേക്കല്ലെന്ന് തോന്നുന്നു? ഏറ്റവും മോശവും അത്രതന്നെ അസംബന്ധവുമായ സാധ്യതയാണ് അതെന്ന മട്ടില്‍ അയാള്‍ ചിരിച്ചു.
വാസ്തവത്തില്‍, തുടക്കത്തില്‍ അയാള്‍ക്ക് അനുവദിച്ചിരുന്ന മുറിയില്‍ തന്നെ ജുസെപ്പെ കോര്‍തെ താമസിച്ചു. കിടക്കവിട്ട് ഇറങ്ങാന്‍ അനുമതി കിട്ടിയിരുന്ന വളരെ അപൂര്‍വ്വമായ ചില ഉച്ചനേരങ്ങളില്‍ അയാള്‍ തന്റെ കൂടെയുള്ള മറ്റ് രോഗികളെക്കുറിച്ച് അറിയാനിടയായി. കൃത്യനിഷ്ഠയോടെ ചികിത്സയില്‍ അയാള്‍ പങ്കുകൊണ്ടു, അസുഖം വേഗത്തില്‍ ഭേദമാവാന്‍ തന്നെക്കൊണ്ട് കഴിയാവുന്നത്ര സഹകരിച്ചു, എന്നിട്ടും, എത്രയൊക്കെ ശ്രമിച്ചിട്ടും അയാളുടെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായില്ല.
പത്തുദിവസം കഴിഞ്ഞപ്പോള്‍ ഏഴാം നിലയിലെ മുഖ്യ സഹായി ജുസെപ്പെ കോര്‍തെക്ക്, തന്നെ സ്വയം പരിചയപ്പെടുത്തി. കോര്‍തെ തനിക്കൊരു ഉപകാരം ചെയ്യുമോയെന്ന് അയാള്‍ക്കറിയണമായിരുന്നു, തികച്ചും വ്യക്തിപരമായ ഒന്നായിരുന്നു അത്. അടുത്തദിവസം ഒരു സ്ത്രീ തന്റെ രണ്ടുകുട്ടികളുമായി ആശുപത്രിയിലേക്ക് വരാനിരിക്കുകയാണ്, കോര്‍തെയുടെ മുറിയുടെ ഇരുവശത്തുമായി ഓരോ മുറികള്‍ കാലിയായി കിടക്കുന്നുണ്ട്, പക്ഷെ അവര്‍ക്ക് മൂന്നാമതൊന്നുകൂടി വേണം. ഇതുപോലെ തന്നെ സൗകര്യപ്രദമായ മറ്റൊരു മുറിയിലേക്ക് മാറുന്നതില്‍ മിസ്റ്റര്‍ കോര്‍തെക്ക് വിരോധമുണ്ടോ?
സ്വാഭാവികമായും ജുസെപ്പെ കോര്‍തെക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല, ഏതുമുറിയായാലും അയാള്‍ക്കത് ഒരുപോലെയായിരുന്നു, മാത്രവുമല്ല സുന്ദരിയായ പുതിയൊരു നേഴ്‌സിനെ കാണാനുള്ള ഒരു അവസരം കൂടി ഒരുപക്ഷെ അയാള്‍ക്ക് ലഭിക്കാനിടയുണ്ട്.
''വളരെ നന്ദി,'' ചെറുതായി വണങ്ങിക്കൊണ്ട് മുഖ്യ സഹായി പറഞ്ഞു. ''പക്ഷെ നിങ്ങളെപ്പോലുള്ള ഒരാളില്‍ നിന്നും, ഇത്രയും ദയയും മാന്യവുമായ പെരുമാറ്റം വിരളമായിട്ടേ ഉണ്ടാവാറുള്ളു എന്ന് ഞാന്‍ സമ്മതിക്കുന്നു. വിരോധമില്ലെങ്കില്‍, ഒരുമണിക്കൂറിനുള്ളില്‍ നിങ്ങളെ മാറ്റാനുള്ള നടപടികള്‍ ഞങ്ങള്‍ ആരംഭിക്കാം. തൊട്ടുതാഴെയുള്ള നിലയിലേക്കാണ് നിങ്ങള്‍ക്ക് പോവേണ്ടി വരിക എന്ന് നിങ്ങള്‍ മനസ്സിലാക്കണം,'' എടുത്ത് പറയേണ്ട കാര്യമില്ലാത്തതുപോലെ ഓര്‍ക്കാപ്പുറത്താണ് അയാളത് കൂട്ടിച്ചേര്‍ത്തത്, നിര്‍ഭാഗ്യത്തിന് ഈ നിലയില്‍ വേറെ മുറികളൊന്നും കാലിയായിട്ടില്ല. പക്ഷെ ഇത് തല്‍ക്കാലത്തേക്കുള്ള ഒരു സംവിധാനമാണ്,'' പെട്ടെന്ന് കട്ടിലില്‍ എണീറ്റിരുന്ന് കോര്‍തെ എതിര്‍പ്പ് പറയാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ വേഗത്തില്‍ തുടര്‍ന്നു. ''തീര്‍ത്തും താല്‍കാലികമായ ഒരു സംവിധാനം. ഒരു മുറി കാലിയായാല്‍ ഉടനെ, രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് മുകളിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.''
താനൊരു കുട്ടിയല്ലെന്ന് അയാള്‍ക്ക് നല്ലതുപോലെ മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടി ജുസെപ്പെ കോര്‍തെ ചിരിച്ചുകൊണ്ട് പറഞ്ഞു ''ഇങ്ങനെയൊരു മാറ്റം എന്നെ അല്‍പം പോലും സന്തോഷിപ്പിക്കുന്നില്ല എന്നാണ് എനിക്ക് പറയാനുള്ളത്...''
''പക്ഷെ ചികിത്സാപരമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടല്ല ഇത് ചെയ്യുന്നത്; നിങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്താണെന്ന് ഞാന്‍ തീര്‍ത്തും മനസ്സിലാക്കുന്നു, പക്ഷെ ഇത് സത്യമായും തന്റെ കുട്ടികളെ പിരിഞ്ഞിരിക്കാന്‍ ആഗ്രഹമില്ലാത്ത ഒരു സ്ത്രീയോടുള്ള ആദരവില്‍ കൂടുതലൊന്നുമല്ല,'' ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് അയാള്‍ ഇത്രകൂടി പറഞ്ഞു, ''മറ്റ് കാരണങ്ങളുണ്ടെന്ന് നിങ്ങള്‍ ചിന്തിക്കാന്‍ കൂടിപാടില്ല.''
''വളരെ നല്ലത്,'' ജുസെപ്പെ കോര്‍തെ പറഞ്ഞു. ''ഇതൊരു ചീത്ത ലക്ഷണമായി എനിക്ക് തോന്നുന്നു എന്ന് മാത്രം.''
അങ്ങനെ, മിസ്റ്റര്‍ കോര്‍തെ ആറാം നിലയിലേക്ക് പോയി. അയാളുടെ ശാരീരികാവസ്ഥ ഒരുകാരണവശാലും മോശമായതുകൊണ്ടല്ല ആ മാറ്റമെന്ന് ഉറപ്പാക്കിയിട്ടും, തനിക്കും ആരോഗ്യമുള്ള മനുഷ്യരുടെ ലോകത്തിനുമിടയില്‍ നിഷേധിക്കാന്‍ കഴിയാത്ത ഒരു തടസ്സമുണ്ടെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. ഏഴാംനിലയില്‍ എത്തിക്കഴിഞ്ഞാല്‍ ഇപ്പോഴും ഒരാള്‍ക്ക് എങ്ങനെയെങ്കിലും മനുഷ്യരുമായി ബന്ധപ്പെടാം, ദൈനംദിന ലോകത്തിന്റെ ഒരു ഭാഗമായിപ്പോലും അതിനെ കണക്കാക്കാം. പക്ഷെ ആറാംനിലയില്‍ ഒരാള്‍ ശരിക്കും ആശുപത്രിയില്‍ എത്തിയതുപോലെയാണ്, ഡോക്ടര്‍മാരുടെയും, നേഴ്‌സുമാരുടെയും, രോഗികളുടെയും പോലും മനോഭാവം കുറച്ച് വ്യത്യാസമാണ്. രോഗം കുറവാണെങ്കിലും ശരിക്കും അസുഖമുള്ള രോഗികളെ മാത്രമാണ് അവിടെ പ്രവേശിപ്പിക്കുന്നത്. സത്യത്തില്‍, അടുത്തുള്ള മുറികളിലെ രോഗികളും, സഹായികളും, ഡോക്ടര്‍മാരുമായും നടത്തിയ ആദ്യത്തെ സംഭാഷണങ്ങളില്‍ നിന്നും ജുസെപ്പെ കോര്‍തെക്ക് മനസ്സിലായത് ഏഴാംനിലയെ അവര്‍ ഒരു തമാശയായി തള്ളിക്കളയുകയാണ് എന്നാണ്, രോഗത്തെക്കുറിച്ച് വെറും ഭാവനയുള്ളവര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഒരു സ്ഥലം. ഒരു തരത്തില്‍ പറഞ്ഞാല്‍ യഥാര്‍ത്ഥത്തില്‍ ആശുപത്രി ആരംഭിക്കുന്നത് ആറാംനിലയില്‍ നിന്നാണ്.
നിയമപ്രകാരമുള്ള അയാളുടെ സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിനു മുന്‍പ്, തന്റെ പ്രത്യേക രോഗത്തിന്റെ വിശേഷലക്ഷണങ്ങള്‍ കണക്കിലെടുത്താല്‍, തീര്‍ച്ചയായും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ജുസെപ്പെ കോര്‍തെക്ക് മനസ്സിലായി. ഏഴാംനിലയിലേക്ക് മടങ്ങിപ്പോവാന്‍ വേണ്ടി ചെറുതാണെങ്കിലും എന്തെങ്കിലും കുഴപ്പംപിടിച്ച സൂത്രങ്ങള്‍ അയാള്‍ ചെയ്യേണ്ടതായുണ്ട്. അയാള്‍ വായതുറന്നില്ലെങ്കില്‍ ആരും അയാളെ മുകളില്‍ ''കപടരോഗ''ത്തിന്റെ വാര്‍ഡിലേക്ക് കൊണ്ടുപോകുന്ന കാര്യം ആലോചിക്കുക പോലുമില്ല.
ആ കാരണം കൊണ്ട്, തന്റെ ഒരവകാശത്തിലും വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും, ഏതെങ്കിലും ശീലത്തിന് സ്വയം അടിപ്പെടുകയില്ലെന്നും അയാള്‍ തീരുമാനിച്ചു, കൂടെയുള്ള രോഗികളോട് ഏതാനും ദിവസങ്ങള്‍ മാത്രമേ അയാള്‍ അവരുടെ കൂടെയുണ്ടാവുകയുള്ളൂ എന്ന് സൂചിപ്പിക്കാന്‍ അയാള്‍ക്കിഷ്ടമായിരുന്നു, ഒരു സ്ത്രീയെ താമസിപ്പിക്കാന്‍ വേണ്ടിയുള്ള അയാളുടെ ആഗ്രഹമൊന്നുകൊണ്ടു മാത്രമാണ് അയാളിവിടെ എത്താനിടയായത്, എത്ര പെട്ടെന്ന് മുകളില്‍ ഒരു മുറി കാലിയാകുന്നോ അപ്പോള്‍ അയാളവരെ വിട്ടുപോകും. അയാളെ കേള്‍ക്കുന്നവര്‍ അവിശ്വാസത്തോടെ തലയാട്ടും.
ജുസെപ്പെ കോര്‍തെയുടെ വിശ്വാസം പുതിയ ഡോക്ടര്‍ ഉറപ്പിച്ചു. ഏഴാംനിലയിലേക്ക് തീര്‍ച്ചയായും അയാളെ മാറ്റാന്‍ പറ്റുമെന്ന് ഡോക്ടറും സമ്മതിച്ചു. അയാളുടെ അസുഖം തീര്‍ത്തും നിസ്സാരമാണെന്ന്, ആ വാക്കുകള്‍ പ്രാധാന്യത്തോടെ ഉച്ചരിച്ചുകൊണ്ട് ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ അടിസ്ഥാനപരമായി ആറാംനിലയിലെ ചികിത്സയില്‍ നിന്നുമാണ് കോര്‍തെക്ക് കൂടുതല്‍ ഗുണമുണ്ടാകാന്‍ പോകുന്നതെന്ന് ഡോക്ടര്‍ വിശ്വസിച്ചു.
''എനിക്കിങ്ങനെയുള്ള വര്‍ത്തമാനമൊന്നും കേള്‍ക്കണ്ട,'' ഇത്രയുമായപ്പോള്‍ രോഗി ഇടയ്ക്ക് കയറി ഉറപ്പിച്ചുപറഞ്ഞു. ''നിങ്ങള്‍ പറഞ്ഞത് എന്റെ സ്ഥാനം ഏഴാംനിലയിലാണെന്നാണ്, എനിക്കങ്ങോട്ട് തിരിച്ചുപോകണം!''
''അതിന് വിപരീതമായി ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല എന്നാലും,'' ഡോക്ടര്‍ പറഞ്ഞു. ''നിങ്ങളുടെ ഡോക്ടറെന്ന നിലയിലല്ല, ഒരു യഥാര്‍ത്ഥ സുഹൃത്തെന്ന നിലയിലുള്ള തികച്ചും ലളിതമായ ഒരു ഉപദേശമായിരുന്നു എന്റേത്! നിങ്ങളുടെ അസുഖം വളരെ നിസ്സാരമാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. നിങ്ങള്‍ക്ക് അസുഖമൊന്നുമില്ലെന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല! പക്ഷെ, എന്റെ അഭിപ്രായത്തില്‍, സമാനമായ മറ്റ് അസുഖങ്ങളില്‍ നിന്നും അത് വ്യത്യസ്തമാകുന്നത് അതിന്റെ വലിപ്പം കുറച്ച് കൂടുതലാണ് എന്നതുകൊണ്ടാണ്.
ഞാന്‍ വിശദമായി പറയാം: രോഗത്തിന്റെ തീവ്രത കുറവാണ്, പക്ഷെ അതിന്റെ വലിപ്പം കൂടുതലാണ്; നിങ്ങളുടെ ശരീരത്തിലെ കോശങ്ങള്‍ ഇപ്പോള്‍ നശിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. ഒരുപക്ഷെ അത് തുടങ്ങിയിട്ട് പോലുമില്ല, പക്ഷെ അതിന് നശിക്കാനുള്ള ഒരു പ്രവണതയുണ്ട്, ഒരേ സമയത്ത് മറ്റുള്ള അവയവങ്ങളെ ബാധിക്കാനുള്ള ഒരു ചായ്വെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളു. ഇക്കാരണം കൊണ്ട് മാത്രം, എന്റെ തൊഴില്‍പരമായ അഭിപ്രായത്തില്‍, നിങ്ങളെ കൂടുതല്‍ കാര്യശേഷിയോടെ, ഇവിടെ, കൂടുതല്‍ മേന്മയുള്ളതും ഗൗരവമുള്ളതുമായ ചികിത്സാരീതികളുള്ള ആറാംനിലയില്‍ ഭേദപ്പെടുത്താന്‍ കഴിയും.'' ആദ്യമായി, ജുസെപ്പെ കോര്‍തെ ആ വാക്കുകള്‍ ഉളവാക്കിയ നടുക്കം അറിഞ്ഞു-അയാളുടെ കോശങ്ങളുടെ വിനാശകരമായ വളര്‍ച്ച.
ആശുപത്രിയിലെ ജനറല്‍ ഡയറക്ടര്‍ തന്റെ സഹപ്രവര്‍ത്തകരുമായി നടത്തിയ നീണ്ട കൂടിയാലോചനക്ക് ശേഷം, രോഗികളെ വിഭാഗങ്ങളാക്കിയത് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഒരുദിവസം കൊര്‍തെ കണ്ടുപിടിച്ചു. എന്നുവെച്ചാല്‍ ഓരോരുത്തരുടെയും അവസ്ഥ അരപോയിന്റ് താഴ്ത്തും. ഓരോ നിലയിലെയും രോഗികളെ അവരുടെ രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് രണ്ട് വിഭാഗങ്ങളായി തിരിക്കും. ഇങ്ങനെ ഉപഭാഗങ്ങളായി തിരിക്കുന്നത് പ്രധാനമായും ഓരോരുത്തരുടെയും ഡോക്ടര്‍മാരായിരിക്കും എന്നുമാത്രമല്ല അത് അതീവ രഹസ്യവുമായിരിക്കും. രണ്ട് വിഭാഗത്തിലും കൂടുതല്‍ രോഗമുള്ളവരെ താഴെയുള്ള നിലയിലേക്കയക്കും. ഉദാഹരണത്തിന് ആറാംനിലയില്‍ രോഗം അല്പം കൂടുതലുള്ള പകുതിപ്പേരെ താഴെ അഞ്ചാം നിലയിലേക്ക് മാറ്റും, ഏഴാംനിലയില്‍ കൂടുതല്‍ രോഗമുള്ളവരെ ആറാം നിലയിലേക്കും. ആ വാര്‍ത്ത ജുസെപ്പെ കോര്‍തെയെ സന്തോഷിപ്പിച്ചു കാരണം അത്രക്ക് കൂടുതല്‍ ആളുകളെ മാറ്റുമ്പോള്‍ അയാള്‍ക്ക് ഏഴാംനിലയിലേക്ക് മടങ്ങിപ്പോകാന്‍ എളുപ്പമായിരിക്കും.
എങ്കിലും, തന്റെ പ്രതീക്ഷ നേഴ്‌സിനോട് സൂചിപ്പിച്ചപ്പോള്‍ അയാള്‍ക്ക് കൊടിയ നിരാശ തോന്നി. അതായത്, അയാളെ ഏഴാംനിലയിലേക്കല്ല മറിച്ച്, താഴെയുള്ള നിലയിലേക്കാണ് മാറ്റാന്‍ പോകുന്നതെന്ന കാര്യം അവളറിഞ്ഞിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് നേഴ്‌സിനത് വിശദീകരിക്കാന്‍ കഴിഞ്ഞില്ല, ആറാംനിലയിലെ ''ഗുരുതര'' രോഗമുള്ള അതിഥികളുടെ കൂട്ടത്തില്‍ കോര്‍തെയെയും ഉള്‍പ്പെടുത്തിയിരുന്നു, ആ കാരണം കൊണ്ട് അയാള്‍ക്ക് താഴെ അഞ്ചാം നിലയിലേക്ക് ഇറങ്ങേണ്ടിവരും.
തുടക്കത്തിലെ നടുക്കം മാറിയപ്പോള്‍, ജുസെപ്പെ കോര്‍തെ രോഷാകുലനായി. അവരയാളെ നന്ദികെട്ട രീതിയില്‍ കബളിപ്പിച്ചുവെന്നും, താഴത്തെ നിലയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ഒരു സംസാരവും കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ലെന്നും, അയാള്‍ വീട്ടിലേക്ക് പോവുകയാണെന്നും, അവകാശങ്ങള്‍, അവകാശങ്ങള്‍ തന്നെയാണെന്നും, ആശുപത്രി നടത്തിപ്പുകാര്‍ക്ക് അത്രയും പരസ്യമായി ഡോക്ടറുടെ രോഗനിര്‍ണ്ണയത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും അയാള്‍ ഒച്ചയിട്ടു.
.............................
Read more: ഞാന്‍ ഒരു സ്ത്രീയാണ്, ലബനീസ് എഴുത്തുകാരി ജൗമാന ഹദ്ദാദ് എഴുതിയ കവിത
Illustration: Dino Buzzati
ബഹളം വെച്ചുകൊണ്ടിരുന്ന അയാളെ സമാധാനപ്പെടുത്താനായി കിതച്ചുകൊണ്ട് ഡോക്ടര്‍ എത്തിച്ചേര്‍ന്നു. പനികൂടണമെന്ന ആഗ്രഹമില്ലെങ്കില്‍ സ്വയം ശാന്തനാവണമെന്ന് ഡോക്ടര്‍ അയാളെ ഉപദേശിച്ചു. ഭാഗികമായി, ചെറിയൊരു തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അവരയാളെ ഏഴാംനിലയില്‍ ഇട്ടിരുന്നെങ്കില്‍ അയാളിപ്പോള്‍ ശരിയായ സ്ഥലത്തുതന്നെ ഉണ്ടാകുമായിരുന്നു എന്ന കാര്യം ഒരിക്കല്‍ക്കൂടി ഡോക്ടര്‍ സമ്മതിച്ചു; പക്ഷെ, വ്യക്തിപരമായി അയാള്‍ക്ക് കോര്‍തെയുടെ രോഗത്തെക്കുറിച്ച് കുറച്ച് വ്യത്യസ്തമായ ഒരു ധാരണയാണുള്ളത്. ചിന്തിച്ചുനോക്കിയാല്‍, അയാളില്‍ പ്രകടമായിട്ടുള്ള രോഗലക്ഷണങ്ങള്‍ വെച്ച് അത് ആറാംനിലയിലും ചികിത്സിക്കാന്‍ പറ്റുന്നതാണ്. പക്ഷെ എങ്ങനെയാണ് കോര്‍തെ ആറാംനിലയിലെ രോഗം കൂടുതലുള്ളവരുടെ പകുതിയില്‍ ഉള്‍പ്പെട്ടതെന്ന് ഡോക്ടര്‍ക്കും വിവരിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജുസെപ്പെ കോര്‍തെയുടെ കൃത്യമായ രോഗാവസ്ഥ അറിയാന്‍ ഫോണ്‍ ചെയ്തിരുന്ന ആശുപത്രി നിര്‍വ്വഹണ സെക്രട്ടറി ഒരുപക്ഷെ എഴുതിയപ്പോള്‍ തെറ്റുവരുത്തിയതാവാനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ ചിലപ്പോള്‍ ആശുപത്രി നടത്തിപ്പുകാര്‍, ഡോക്ടര്‍ വിദഗ്ദ്ധനാണെങ്കിലും അല്പം ദയാലുവായതിനാല്‍ അയാളുടെ തന്നെ നിര്‍ദ്ദേശത്തെ മാറ്റിയതായിരിക്കാം. ഒടുവില്‍ കോര്‍തെയോട് വിഷമിക്കരുതെന്നും പ്രതിഷേധിക്കാതെ താഴോട്ട് മാറണമെന്നും ഡോക്ടര്‍ ഉപദേശിച്ചു. എന്തുതന്നെയായാലും, പ്രധാനപ്പെട്ട കാര്യം രോഗത്തിനുള്ള ചികിത്സയാണ്, രോഗിയെ മാറ്റുന്നതല്ല.
ചികിത്സയെ സംബന്ധിച്ച്, ജുസെപ്പെ കോര്‍തെക്ക് പരാതികളൊന്നും ഉണ്ടാവില്ലെന്നുകൂടി ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. താഴെയുള്ള ഡോക്ടര്‍ക്ക് ഉറപ്പായും കൂടുതല്‍ അനുഭവജ്ഞാനമുണ്ട്; താഴത്തെ നിലകളിലേക്ക് പോകുംതോറും ഡോക്ടര്‍മാരുടെ കഴിവ് കൂടുതലാണെന്ന ആധികാരികമായ വിശ്വാസം ഡയറക്ടര്‍മാരെങ്കിലും വെച്ചുപുലര്‍ത്തിയിരുന്നു. മുറി മനോഹരവും സൗകര്യമുള്ളതുമായിരുന്നു; പ്രകൃതിദൃശ്യവും അതുപോലെത്തന്നെ ഗംഭീരമായിരുന്നു. താഴെ മൂന്നാം നിലയില്‍ നിന്നുമാത്രമാണ് പുറത്തേക്കുള്ള കാഴ്ച മരക്കൂട്ടങ്ങള്‍ കാരണം മുറിഞ്ഞുപോകുന്നത്.
ഏറുന്ന പനിയുടെ പിടിയിലമര്‍ന്ന്, ജുസെപ്പെ കോര്‍തെ, ഡോക്ടറുടെ അതിസൂക്ഷ്മമായ ന്യായീകരണങ്ങള്‍, കൂടിവരുന്ന തളര്‍ച്ചയോടെ കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ തനിക്ക് ശക്തി കുറയുന്നതും, അതിനേക്കാള്‍ കൂടുതലായി, അന്യായമായ മുറിമാറ്റത്തില്‍ തുടര്‍ന്ന് പ്രതികരിക്കാനുള്ള ആഗ്രഹം നഷ്ടപ്പെടുന്നതും അയാള്‍ മനസ്സിലാക്കി. സ്വയം തൊട്ടുതാഴെയുള്ള നിലയിലേക്ക് പോകാന്‍ അയാള്‍ തന്നെ അനുവദിച്ചു.
അഞ്ചാംനിലയിലെത്തിയപ്പോള്‍ ജുസെപ്പെ കോര്‍തെക്ക്, ചെറുതാണെങ്കിലും ആകെയുണ്ടായിരുന്ന സമാധാനം ഡോക്ടര്‍മാരുടെയും, നേഴ്‌സുമാരുടെയും, മറ്റ് രോഗികളുടെയും കണക്കുകൂട്ടലില്‍ ആ വാര്‍ഡില്‍ അയാളുടെ രോഗമായിരുന്നു ഗുരുതരാവസ്ഥ എറ്റവും കുറഞ്ഞത് എന്നതായിരുന്നു. ചുരുക്കത്തില്‍, അഞ്ചാംനിലയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയായി ഒരു പരിധിവരെ അയാള്‍ക്ക് തന്നെ കണക്കാക്കാന്‍ കഴിയുമായിരുന്നു. പക്ഷെ, ഇപ്പോള്‍ രണ്ട് പ്രതിബന്ധങ്ങള്‍ തനിക്കും സാധാരണ മനുഷ്യരുടെ ലോകത്തിനുമിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന ചിന്ത അയാളെ പീഢിപ്പിച്ചു.
വസന്തം എത്താറായിരുന്നു, അന്തരീക്ഷം ഊഷ്മളമായിത്തുടങ്ങി. പക്ഷെ ജുസെപ്പെ കോര്‍തെക്ക് ആദ്യദിവസങ്ങളില്‍ ചെയ്തതുപോലെ അയാളുടെ ജനലില്‍ ചാരിനിന്ന് ആനന്ദിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ ഭയം വെറും വിഡ്ഡിത്തമായിരുന്നെങ്കിലും, ഒന്നാം നിലയില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന ജനാലകളുടെ കാഴ്ചയും, അവ വളരെ അടുത്താണെന്നുള്ളതും അയാളുടെയുള്ളില്‍ ഒരു നടുക്കത്തെ പായിച്ചു.
ജുസെപ്പെ കോര്‍തെയുടെ അസുഖം മാറ്റമില്ലാത്തതാണെന്ന് തോന്നി. അഞ്ചാംനിലയിലെത്തി മൂന്നുദിവസം കഴിഞ്ഞപ്പോള്‍ അയാളുടെ വലത്തേകാലില്‍ നിന്നും എന്തോ സ്രവം പുറത്തുവരാന്‍ തുടങ്ങുകയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് കുറയുന്ന ലക്ഷണം കാണുകയും ചെയ്തില്ല. പ്രധാനരോഗവുമായി ബന്ധമില്ലാത്ത ഒരു അണുബാധയാണ് അതെന്ന് ഡോക്ടര്‍ അയാളോട് പറഞ്ഞു; ലോകത്തിലെ ആരോഗ്യവാനായ ഒരു മനുഷ്യനുപോലും ഉണ്ടാകാവുന്ന ഒരു സൈ്വര്യക്കേടാണത്. കഴിയുന്നതും വേഗം അത് നീക്കം ചെയ്യുന്നതിനുവേണ്ടി, ഒരു കടുത്ത ഗാമാകിരണ ചികിത്സ ആവശ്യമായി വരും.
''ആ ചികിത്സ ഇവിടെവെച്ച് തരാന്‍ അവര്‍ക്ക് കഴിയുമോ?'' ജുസെപ്പെ കോര്‍തെ ചോദിച്ചു.
''തീര്‍ച്ചയായും, ഞങ്ങളുടെ ആശുപത്രിയില്‍ എല്ലാമുണ്ട്,'' ഡോക്ടര്‍ ആഹ്ലാദത്തോടെ പ്രതികരിച്ചു. ''അതില്‍ ഒരു അസൗകര്യം മാത്രമുണ്ട്.''
''എന്താണത്?'' നേരിയ ആശങ്കയോടെ കോര്‍തെ ചോദിച്ചു.
''അസൗകര്യം എന്ന് വേണമെങ്കില്‍ പറയാം,'' സ്വയം തിരുത്തിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു. ''അതായത് ഈ പ്രത്യേക ഉപകരണം നാലാമത്തെ നിലയിലാണുള്ളത്. ദിവസത്തില്‍ മൂന്നുതവണ നടക്കാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുകയില്ല.''
''അപ്പോള്‍പ്പിന്നെ ഒന്നും ചെയ്യാനില്ല, അല്ലേ?''
''അതായത്, വരട്ടുചൊറി മാറുന്നതുവരെ നിങ്ങള്‍ നാലാംനിലയിലേക്ക് മാറണമെന്നാണ് എന്റെ നിര്‍ദ്ദേശം.''
''ഇല്ല!'' ജുസെപ്പെ കോര്‍തെ പൊട്ടിത്തെറിച്ചു. ''എല്ലായ്‌പ്പോഴും താഴേക്ക് പോയി എനിക്ക് മടുത്തു. ഞാന്‍ മരിച്ചുപോകും. ഞാന്‍ താഴോട്ട് പോവുകയില്ല''
''നിങ്ങളുടെ ഇഷ്ടം പോലെ,'' രോഗിയെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കാതെ അനുനയിപ്പിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു. ''പക്ഷെ നിങ്ങളെ നോക്കുന്ന ഡോക്ടറെന്ന നിലയില്‍, മൂന്നുതവണ പടികള്‍ കയറാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കുകയില്ല എന്നുകൂടി ദയവുചെയ്ത് ഓര്‍ക്കണം.
ഏറ്റവും വൃത്തികെട്ട സത്യം അയാളുടെ കാലിലെ വരട്ടുചൊറി ഉണങ്ങുന്നതിനുപകരം പതുക്കെ വ്യാപിക്കാന്‍ തുടങ്ങി എന്നതായിരുന്നു. തുടര്‍ച്ചയായി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട്, വിശ്രമമില്ലാതെ, ജുസെപ്പെ കോര്‍തെ മൂന്നുദിവസം ദേഷ്യത്തോടെ അത് സഹിച്ച് ഒടുവില്‍ കീഴടങ്ങി. ഗാമാകിരണ ചികിത്സയുമായി മുന്നോട്ട് പോകാന്‍ താഴെയുള്ള നിലയിലേക്ക് തന്നെ മാറ്റണമെന്ന് അയാള്‍ സ്വമേധയാ ഡോക്ടറോട് അഭ്യര്‍ത്ഥിച്ചു.
താഴെ, താന്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ടാണ് നില്‍ക്കുന്നതെന്ന് രഹസ്യമായ ആനന്ദത്തോടെ കോര്‍തെ ശ്രദ്ധിച്ചു. അയാളേക്കാള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒരുമിനിട്ട് നേരത്തേക്ക് പോലും എഴുന്നേല്‍ക്കാന്‍ സമ്മതിച്ചിരുന്നില്ല, എന്നാല്‍ അയാള്‍ക്ക് തന്റെ കിടക്കയില്‍ നിന്നും ഗാമാകിരണ മുറിവരെ നേഴ്‌സുമാരുടെ പോലും അഭിനന്ദനങ്ങളും വിസ്മയനോട്ടങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് നടന്നുപോകുന്ന സുഖം അനുഭവിക്കാന്‍ കഴിഞ്ഞു.
അത്യധികം സവിശേഷമായ തന്റെ അവസ്ഥയെക്കുറിച്ച് പുതിയ ഡോക്ടറോട് വിവരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു, സത്യത്തില്‍ ഏഴാംനിലയില്‍ താമസിക്കാന്‍ എല്ലാ അവകാശവുമുള്ള അയാള്‍ നാലാം നിലയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച് അയാള്‍ പറഞ്ഞു. ചൊറി മാറിക്കഴിഞ്ഞാല്‍ മുകളിലേക്ക് തിരിച്ചുപോകാനാണ് അയാള്‍ ഉദ്ദേശിക്കുന്നത്. പുതിയ ഒഴിവുകഴിവുകളൊന്നും ഒരുകാരണവശാലും അയാള്‍ അനുവദിക്കുകയില്ല. നിയമപരമായി അയാളുടെ സ്ഥാനം അപ്പോഴും മുകളിലത്തെ നിലയിലായിരുന്നു!
''ഏഴാംനില, ഏഴാംനില!'' ആശ്ചര്യത്തോടെ ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു. ''നിങ്ങള്‍ രോഗികള്‍ എല്ലായ്‌പ്പോഴും പെരുപ്പിച്ച് പറയുകയാണ്. ഈ അവസ്ഥയില്‍ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്ന് പറയുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കട്ടെ. നിങ്ങളുടെ മെഡിക്കല്‍ ചാര്‍ട്ടില്‍ ഞാന്‍ കാണുന്നത് ആരോഗ്യസ്ഥിതി മോശമായിട്ടില്ല എന്നാണ്. എന്നാലും, ഇതിന്റെയും ഏഴാംനിലയെക്കുറിച്ച് പറയുന്നതിന്റെയും ഇടയില്‍, ഞാന്‍ തുറന്ന് പറയുന്നത് ക്രൂരമാണെങ്കില്‍ ക്ഷമിക്കണം, ഗണ്യമായ വ്യത്യാസമുണ്ട്. നിങ്ങള്‍, ഞങ്ങളുടെ ഏറ്റവും കുറഞ്ഞ ഗുരുതരാവസ്ഥയില്‍പ്പെട്ട കേസുകളിലൊന്നാണ്. അതേസമയത്ത് നിങ്ങളൊരു രോഗിയാണെന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്യുന്നു.''
''ആകട്ടെ,'' ചുവന്ന മുഖത്തോടെ ജുസെപ്പെ കോര്‍തെ പറഞ്ഞു, ''ശരി, നിങ്ങള്‍....ഏത് നിലയിലാണ് നിങ്ങളെന്നെ ഇടാന്‍ പോകുന്നത്?''
''കര്‍ത്താവേ, അത് പറയാന്‍ എളുപ്പമല്ല. നിസ്സാരമായ ഒരു പരീക്ഷ മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് തന്നിട്ടുള്ളത്. എന്തെങ്കിലും അഭിപ്രായം പറയുന്നതിനു മുന്‍പ് ഒരാഴ്ചയോ അതില്‍ക്കൂടുതലോ നിങ്ങളുടെ പുരോഗതി എനിക്ക് നിരീക്ഷിക്കേണ്ടതായുണ്ട്.''
''സമ്മതിച്ചു. പക്ഷെ ഏറെക്കുറെ നിങ്ങള്‍ക്കറിയാമല്ലോ,'' കോര്‍തെ നിര്‍ബന്ധിച്ചു. മനസ്സ് ശാന്തമാക്കാന്‍ കോര്‍തെക്ക് സമയം അനുവദിച്ചുകൊണ്ട്, താന്‍ ചിന്തയില്‍ മുഴുകിയിരിക്കുകയാണെന്ന് ഒരുനിമിഷം ഡോക്ടര്‍ നടിച്ചു, പിന്നീട് തലയാട്ടിക്കൊണ്ട് മന:പൂര്‍വ്വം അയാള്‍ പറഞ്ഞു: ''ആകട്ടെ, നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ശരിക്കും ഞങ്ങള്‍ നിങ്ങളെ ആറാംനിലയിലാക്കിയേക്കും. അതെ ..അതെ,'' തന്നെത്തന്നെ ബോധ്യപ്പെടുത്തുന്നതുപോലെ അയാള്‍ കൂട്ടിച്ചേര്‍ത്തു, ''ആറാമത്തെ നില വളരെ നന്നായിരിക്കും.''
ഇത് തന്റെ രോഗിയെ സന്തോഷിപ്പിക്കുമെന്ന് ഡോക്ടര്‍ കരുതി, അതിനുപകരം അമ്പരപ്പ് കലര്‍ന്ന ഒരു നോട്ടം ജുസെപ്പെ കോര്‍തെയുടെ മുഖത്തെ ഇരുണ്ടതാക്കി. ഡോക്ടര്‍മാര്‍ അയാളെ ചതിച്ചു എന്നകാര്യം ഇപ്പോള്‍ വ്യക്തമായിരുന്നു, ഇവിടുത്തെ ഈ പുതിയ ഡോക്ടര്‍, തീര്‍ച്ചയായും മറ്റുള്ളവരേക്കാള്‍ കഴിവും, സത്യസന്ധതയുമുള്ള ഇദ്ദേഹം സത്യത്തില്‍ അയാളെ ഏഴാം നിലയിലല്ല, അഞ്ചാംനിലയില്‍, ഒരുപക്ഷെ അഞ്ചിന്റെയും താഴെ ഇടും എന്നകാര്യം മുഴുവനായും വ്യക്തമായിരുന്നു! ആ വൈകുന്നേരം അയാള്‍ക്ക് പനി കൂടുതലായിരുന്നു.
ജുസെപ്പെ കോര്‍തെയുടെ നാലാം നിലയിലെ താമസം ആശുപത്രിയില്‍ വന്നതിനുശേഷമുള്ള അയാളുടെ ഏറ്റവും സ്വസ്ഥമായ സമയമെന്ന് രേഖപ്പെടുത്തി. ഇണക്കവും ശ്രദ്ധയുമുള്ള, പ്രത്യേകിച്ചും ഇഷ്ടം തോന്നുന്ന ഒരാളായിരുന്നു ഡോക്ടര്‍, പല അവസരങ്ങളിലും, മുഴുവന്‍ സമയവും അയാള്‍ വിവിധതരത്തിലുള്ള വിഷയങ്ങള്‍ തന്റെ രോഗിയുമായി ചര്‍ച്ച ചെയ്തു. അവരൊരുമിച്ചുള്ള കൂടിക്കാഴ്ചകള്‍ ജുസെപ്പെ കോര്‍തെ ആസ്വദിച്ചു, ആ സമയത്ത് അയാള്‍, താന്‍ പരിചയിച്ച അഭിഭാഷകജീവിതത്തെയും ലോകാനുഭവത്തെയും സംബന്ധിച്ച വിഷയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി; അയാള്‍ക്കിപ്പോഴും ആരോഗ്യവാന്മാരായ പുരുഷന്മാരുടെ കൂട്ടത്തില്‍ കൂടാന്‍ പറ്റുമെന്നും, കച്ചവടലോകവുമായി അയാള്‍ക്കിപ്പോഴും ബന്ധമുണ്ടെന്നും, വര്‍ത്തമാനകാല സംഭവങ്ങളെക്കുറിച്ച് ഇപ്പോഴും ഉത്കണ്ഠയുണ്ടെന്നും തന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ വേണ്ടി അയാള്‍ ഉത്തരങ്ങള്‍ തേടി. അയാള്‍ തേടിയതൊന്നും വിജയം കണ്ടതുമില്ല. അവരുടെ ചര്‍ച്ചകള്‍ മുറതെറ്റാതെ ഒടുവില്‍ അയാളുടെ രോഗത്തിലേക്ക് തന്നെ തിരിച്ചെത്തി.
അതിനിടയില്‍, ഭേദപ്പെടാനുള്ള അയാളുടെ ആഗ്രഹം, അതെന്തുതന്നെയായാലും, മനസ്സില്‍ നിന്നും വിട്ടുപോകാതെ നിന്നു. ഗാമാകിരണ ചികിത്സ അയാളുടെ വ്രണം പടരുന്നത് തടഞ്ഞെങ്കിലും, നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണമായും അതിനെ നീക്കം ചെയ്യുന്നതില്‍ വിജയിച്ചില്ല. ഓരോ ദിവസവും ജുസെപ്പെ കോര്‍തെ, തനിക്ക് മനസ്സുറപ്പുണ്ടെന്ന് കാണിക്കാന്‍ ശ്രമിച്ചുകൊണ്ട് ഇതിനെക്കുറിച്ച് ഡോക്ടറുമായി ദീര്‍ഘമായ സംഭാഷണങ്ങള്‍ നടത്തിയെങ്കിലും അതിന് വിപരീതമായി അയാള്‍ വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ടിരുന്നു.
''എന്നോട് പറയൂ, ഡോക്ടര്‍,'' അയാളൊരു ദിവസം പറഞ്ഞു, ''എന്റെ ശരീരത്തിലെ കോശങ്ങള്‍ നശിക്കുന്ന പ്രക്രിയ എങ്ങനെ നടന്നുപോകുന്നു?''
''കഷ്ടം, എന്ത് വൃത്തികെട്ട പദപ്രയോഗമാണ്!'' അയാളെ ചെറുതായി ശാസിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു. ''എവിടെനിന്നാണ് നിങ്ങള്‍ക്കത് കിട്ടിയത്? ഇതൊട്ടും ഉചിതമല്ല, പ്രത്യേകിച്ചും ഒരു രോഗിയില്‍ നിന്നും ഒട്ടും ഉചിതമല്ല. ദയവുചെയ്ത് ഇങ്ങനെയുള്ള വര്‍ത്തമാനങ്ങള്‍ വീണ്ടും നിങ്ങളില്‍ നിന്നും കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.''
''വളരെ നല്ലത്, പക്ഷെ നിങ്ങളിതുവരെ എനിക്കൊരു മറുപടി തന്നില്ല,'' കോര്‍തെ എതിര്‍ത്തു.
''ഓ, ഞാനുടനെ തന്നെ നിങ്ങള്‍ക്കൊരു മറുപടി തരാം,'' ഡോക്ടര്‍ വിനയത്തോടെ പറഞ്ഞു. നിങ്ങളുടെ കോശങ്ങളുടെ അപചയക്രമം, നിങ്ങള്‍ പറഞ്ഞ ഭീകരമായ പദപ്രയോഗം ആവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങളുടെ കാര്യത്തില്‍ അത് വളരെ കുറവാണ്, ഏറ്റവും കുറഞ്ഞ നിരക്കിലുള്ളത്. എന്നാലും ഞാനതിനെ ദുര്‍വ്വാശിയുള്ളത് എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്.''
''ദുര്‍വ്വാശിയുള്ളത് - മാറാവ്യാധി എന്നാണോ നിങ്ങളര്‍ത്ഥമാക്കിയത്?''
''നിങ്ങളെന്റെ വായില്‍ വാക്കുകള്‍ തിരുകാന്‍ ശ്രമിക്കരുത്. വെറും ദുര്‍വ്വാശി എന്നാണ് ഞാനര്‍ത്ഥമാക്കിയത്. പക്ഷെ എന്താണെങ്കിലും എല്ലാ രോഗികള്‍ക്കും ഇത് ബാധകമാണ്. ചെറിയ രോഗങ്ങള്‍ക്ക് പോലും ചിലപ്പോള്‍ നീണ്ടതും വീര്യമുള്ളതുമായ ചികിത്സ ആവശ്യമായി വരും.''
''ഡോക്ടര്‍, എന്നോട് പറയൂ, എപ്പോഴാണ് എന്റെ സ്ഥിതി അല്പമെങ്കിലും മെച്ചപ്പെടുക?
''എപ്പോള്‍?....സത്യത്തില്‍ ഇത്തരം കേസുകളില്‍ പ്രവചനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്...പക്ഷെ നോക്കൂ,'' അല്‍പനേരം ചിന്തിച്ചതിനുശേഷം അയാള്‍ പറഞ്ഞു, ''സുഖപ്പെടുത്തേണ്ട ശരിയായ ഒരു ഭ്രാന്ത് നിങ്ങള്‍ക്കുണ്ടെന്ന് എനിക്കറിയാം...നിങ്ങള്‍ ദേഷ്യപ്പെടുകയില്ലെങ്കില്‍ ഒരു ചെറിയ ഉപദേശം എനിക്ക് തരാനുണ്ട് -'
'ദയവു ചെയ്ത് മടിക്കാതെ പറയൂ ഡോക്ടര്‍...''
''വളരെ നല്ലത്. കഴിയുന്നതും വ്യക്തമാകുന്ന രീതിയില്‍ ഞാനത് പറയാം. നിങ്ങളുടെ അസുഖം, അത് വളരെ നിസ്സാരമാണെങ്കില്‍പ്പോലും എനിക്കാണ് വന്നതെങ്കില്‍, ഒരുപക്ഷെ എവിടെയുള്ളതിനേക്കാളും ഏറ്റവും മികച്ച ഈ ചികിത്സാലയത്തില്‍ ഞാനെത്തിപ്പെട്ടിരുന്നെങ്കില്‍, ആദ്യത്തെ ദിവസം തന്നെ, നിങ്ങള്‍ മനസ്സിലാക്കണം ആദ്യദിവസം തന്നെ ഞാനാവശ്യപ്പെടുക എന്നെ താഴത്തെ നിലകളില്‍ എവിടേക്കെങ്കിലും മാറ്റാനാണ്. എന്നെ നേരെ അങ്ങോട്ടയക്കണമെന്ന് ഞാന്‍...''
''ഒന്നിലേക്കോ?'' ചിരി വരുത്തിക്കൊണ്ട് കോര്‍തെ ചോദിച്ചു.
''ഓ അല്ല, ഒന്നിലേക്കല്ല!'' ഡോക്ടര്‍ സൌമ്യമായി മറുപടി പറഞ്ഞു ''അല്ലെന്ന് ഞാന്‍ പറയുന്നു. പക്ഷെ മൂന്നിലേക്കോ അല്ലെങ്കില്‍ ഉറപ്പായും രണ്ടിലേക്ക് വേണമെങ്കിലും ആവാം. അവിടുത്തെ ചികിത്സ ഒന്നാന്തരമാണെന്നും, അവിടെ മുഴുവന്‍ സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമതയുമുണ്ടെന്നും, ജോലിക്കാര്‍ കൂടുതല്‍ കഴിവുള്ളവരാണെന്നും ഞാനുറപ്പുതരുന്നു. ആശുപത്രിയെ മുന്നോട്ട് നയിക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാമല്ലോ അല്ലേ?''
''പ്രൊഫസ്സര്‍ ദതി, അല്ലേ?''
''വളരെ ശരിയാണ്. പ്രൊഫസ്സര്‍ ദതി. അദ്ദേഹമാണ് ഇവിടുത്തെ ചികിത്സാരീതികള്‍ ആസൂത്രണം ചെയ്തത്, ഈ ആശുപത്രിക്ക് മുഴുവന്‍ രൂപകല്പനയും നല്‍കിയത് അദ്ദേഹമാണ്...അതെ, പ്രൊഫസ്സര്‍ ദതി, എന്നുവെച്ചാല്‍ തലവനായ അദ്ദേഹം തന്നെയാണ് ഒന്നും രണ്ടും നിലകളുടെ ഇടയിലുള്ളത്. ഡയറക്ടര്‍ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ ശക്തി അവിടെനിന്നുമാണ് പ്രസരിക്കുന്നത്. പക്ഷെ ഞാന്‍ നിങ്ങളോട് ഉറപ്പ് പറയുന്നു അദ്ദേഹത്തിന്റെ സ്വാധീനം മൂന്നാം നിലയുടെ അപ്പുറത്തേക്ക് പോവുകയില്ല; മൂന്നിനു മുകളില്‍ അദ്ദേഹത്തിന്റെ കല്പനകള്‍ പോലും മങ്ങിപ്പോകുന്നുവെന്ന്, അതിന്റെ ദൃഢത നഷ്ടപ്പെടുന്നുവെന്ന്, അത് വഴിതെറ്റിപ്പോകുന്നുവെന്ന് വേണമെങ്കില്‍ പറയാന്‍ കഴിയും. ആശുപത്രിയുടെ ഹൃദയം താഴത്തെ നിലയാണ്. ഏറ്റവും നല്ല ചികിത്സ ലഭിക്കാന്‍ ഒരാള്‍ പോകേണ്ടത് താഴത്തെ നിലയിലേക്കാണ്.''
''മറ്റൊരു തരത്തില്‍ പറഞ്ഞാല്‍,'' ഇടറുന്ന ശബ്ദത്തോടെ കോര്‍തെ പറഞ്ഞു, ''നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്...''
''മറ്റേത് പരിഗണിക്കാനാണ്,'' ഡോക്ടര്‍ ഒട്ടും കുലുക്കമില്ലാതെ പറഞ്ഞു, ''നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കേണ്ടത് വരട്ടുചൊറിക്കാണ്. അത് പ്രധാനപ്പെട്ടതൊന്നുമല്ലെങ്കിലും ശല്യപ്പെടുത്തുന്നതാണ്, കാലക്രമേണ അത് നിങ്ങളുടെ മനോവീര്യത്തെ തളര്‍ത്തിയേക്കാം; മനസ്സിന്റെ ശാന്തതയാണ് രോഗം ഭേദമാവാന്‍ അത്യാവശ്യമെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാവും. ഞാന്‍ നിങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഗാമാകിരണ ചികിത്സ പകുതി മാത്രമേ ഫലം കണ്ടിട്ടുള്ളു. അതെന്തുകൊണ്ടാണ്? അതൊരുപക്ഷെ വെറും യാദൃച്ഛികത മാത്രമായിരിക്കാമെങ്കിലും, ആ കിരണങ്ങള്‍ക്ക് ആവശ്യത്തിനുള്ള തീവ്രതയുണ്ടായിക്കാണില്ല. അത് പോട്ടെ, മൂന്നാംനിലയിലെ ഉപകരണം കൂടുതല്‍ ശക്തിയുള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളുടെ ചൊറി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെയാകുമ്പോള്‍, അത് ഭേദമാവാന്‍ തുടങ്ങിയാല്‍ത്തന്നെ നിങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കടമ്പ കടന്നിരിക്കും. ഒരു തവണ മാറിത്തുടങ്ങിയാല്‍ നിങ്ങള്‍ വീണ്ടും പിറകിലേക്ക് പോവാനിടയില്ല. ശരിക്കും സുഖം തോന്നിക്കഴിഞ്ഞാല്‍, നിങ്ങളുടെ യോഗ്യതയനുസരിച്ച് ഞങ്ങളുടെയടുത്തേക്കോ അല്ലെങ്കില്‍ മുകളിലേക്കോ, ഞാന്‍ നിശ്ചയമായും പറയുന്നു, ഏഴാംനിലയിലേക്കുപോലും പോവാന്‍ നിങ്ങളെ ആരും തടുക്കുകയില്ല.''
''സത്യത്തില്‍ ഇത് രോഗത്തെ വേഗത്തില്‍ ഭേദപ്പെടുത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?''
''അതില്‍ ഒരു സംശയവും വേണ്ട! നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നുവെന്ന് ഞാന്‍ നിങ്ങളോട് ഇതിനകം പറഞ്ഞുകഴിഞ്ഞു.''
ഇത്തരത്തിലുള്ള വാദങ്ങള്‍ എല്ലാദിവസവും ഡോക്ടര്‍ അവതരിപ്പിച്ചു. ഒടുവില്‍ രോഗിക്ക് ഇനി ചൊറി സഹിക്കാന്‍ കഴിയില്ല എന്ന അവസ്ഥ വരികയും, കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥയിലേക്ക് താഴാന്‍ സ്വാഭാവികമായി നീരസം ഉണ്ടെങ്കില്‍പ്പോലും ഡോക്ടറുടെ ഉപദേശം സ്വീകരിക്കാനും താഴത്തെ നിലയിലേക്ക് പോകാനും രോഗി സമ്മതിച്ചു.
............................
Read more: എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍
Illustration: Dino Buzzati
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് അവിടെ ചികിത്സിക്കുന്നതെങ്കിലും, അവിടുത്തെ നേഴ്‌സുമാരിലും അയാളെ നോക്കുന്ന ഡോക്ടറിലും ഒരു പ്രത്യേകമായ ആനന്ദമുള്ളത് അവിടെ എത്തിച്ചേര്‍ന്ന ഉടനെതന്നെ അയാള്‍ ശ്രദ്ധിച്ചു. സത്യത്തില്‍ ഓരോ ദിവസം കഴിയുംതോറും ആ ആനന്ദം വര്‍ദ്ധിച്ചുവരുന്നത് അയാള്‍ കണ്ടു: അയാളുടെ ജിജ്ഞാസ വര്‍ദ്ധിച്ചു, കുറച്ചുനേരം കാത്തുനിന്നതിനുശേഷം നേഴ്‌സില്‍ അല്പം വിശ്വാസം തോന്നിയപ്പോള്‍, എല്ലാര്‍ക്കും ഇത്രമാത്രം സന്തോഷമെന്താണെന്ന് അയാളവളോട് ചോദിച്ചു.
''ഓ, നിങ്ങള്‍ക്കറിയില്ലേ?'' നേഴ്‌സ് മറുപടി പറഞ്ഞു. ''മൂന്നുദിവസത്തിനുള്ളില്‍ ഞങ്ങള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവുകയാണ്.''
''അവധിക്കാലമോ?''
''അതെ. പതിനഞ്ചുദിവസത്തേക്ക് മൂന്നാംനില അടച്ചിടുകയും ജോലിക്കാര്‍ക്ക് അവധിനല്‍കുകയും ചെയ്യും. ഓരോ നിലയിലും അതിന്റേതായ ഊഴം വരും.''
''പക്ഷെ രോഗികള്‍, അവര്‍ക്കെന്ത് സംഭവിക്കും?''
''വളരെക്കുറച്ച് രോഗികളേ ഉള്ളു, അതിനാല്‍ രണ്ട് നിലകളിലുള്ള രോഗികളെയും ഒരുമിച്ചാക്കും.''
''നിങ്ങള്‍ പറയുന്നത്, മൂന്നാം നിലയിലെയും നാലാം നിലയിലെയും രോഗികളെ ഒരുമിച്ചാക്കും എന്നാണോ?''
''അല്ല, അല്ല.'' അയാളെ തിരുത്തിക്കൊണ്ട് നേഴ്‌സ് പറഞ്ഞു: ''മൂന്നാമത്തെയും രണ്ടാമത്തെയും. ഇവിടെയുള്ള രോഗികളെയെല്ലാം താഴത്തെ നിലയിലേക്കയയ്ക്കും.''
''താഴേക്കോ?'' കളിമണ്ണ് പോലെ വിളറിവെളുത്ത് കോര്‍തെ ചോദിച്ചു. ''അതായത്, അപ്പോള്‍ എനിക്കും താഴെ രണ്ടാം നിലയിലേക്ക് പോകേണ്ടി വരുമെന്നാണോ?''
''തീര്‍ച്ചയായും. അതില്‍ അസാധാരണമായി എന്തെങ്കിലുമുണ്ടോ? രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളെല്ലാവരും ഇവിടെ മുകളില്‍ നിങ്ങളുടെ മുറിയിലെത്തും. അതൊരു ഭയാനകമായ കാര്യമായി എനിക്ക് തോന്നുന്നില്ല.''
എന്നിട്ടും, ഏതോ നിഗൂഢമായ അന്തര്‍ജ്ഞാനത്തിലെന്നപോലെ ഭയം ജുസെപ്പെ കൊര്‍തെയെ ആക്രമിച്ചു. പക്ഷെ അവധിയെടുക്കുന്നതില്‍ നിന്നും ഒരിക്കലും സ്റ്റാഫിനെ തടുക്കാന്‍ കഴിയില്ലെന്ന് മനസ്സിലാകുകയും, പുതിയ ഗാമാകിരണ ചികിത്സ ഗുണമുണ്ടെന്ന് തെളിഞ്ഞതിനാലും അയാളുടെ വരട്ടുചൊറി പൂര്‍ണ്ണമായും അപ്രത്യക്ഷമായി, തന്നെ താഴത്തെ നിലയിലേക്ക് മാറ്റാനുള്ള പുതിയ നീക്കത്തെ ചെറുക്കാന്‍ അയാള്‍ ധൈര്യം കാണിച്ചില്ല. രണ്ടാംനിലയിലെത്തിയപ്പോള്‍, നേഴ്‌സിന്റെ കളിയാക്കലുകളെ കാര്യമാക്കാതെ തന്റെ വാതിലിനു മുകളില്‍ ഒരു നോട്ടീസ് പതിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു:
മൂന്നാം നിലയില്‍നിന്നും താല്‍ക്കാലികമായി എത്തിയ ജുസെപ്പെ കോര്‍തെ എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്.
ആശുപത്രിയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു കീഴ്‌വഴക്കം മുന്‍പുണ്ടായിരുന്നില്ല, എങ്കിലും, കോര്‍തെയെപ്പോലെ പെട്ടെന്ന് വികാരവിക്ഷോഭം കാണിക്കുന്ന ഒരാള്‍ക്ക് നേരിയ ബുദ്ധിമുട്ട് പോലും നടുക്കമുണ്ടാക്കും എന്നതുകൊണ്ട് ഡോക്ടര്‍മാര്‍ മറുത്തൊന്നും പറഞ്ഞില്ല.
എന്തുതന്നെയായാലും, പതിനഞ്ചുദിവസം കാത്തിരിക്കേണ്ട കാര്യമേയുള്ളു, ഒരു ദിവസം കൂടുതലുമില്ല, ഒരു ദിവസം കുറവുമില്ല. കടുത്ത ജിജ്ഞാസയോടെ, മണിക്കൂറുകളോളം അനങ്ങാതെ കട്ടിലില്‍ കിടന്നുകൊണ്ട്, മുകളിലെ നിലയിലേതുപോലെ ആധുനികമോ തിളങ്ങുന്നതോ അല്ലെങ്കിലും കൂടുതല്‍ വലിയതും ദൃഢതയുള്ളതുമായ ഫര്‍ണീച്ചറിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ജുസെപ്പെ കോര്‍തെ ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങി. ഇടക്ക് അയാള്‍ ചെവി വട്ടംപിടിച്ചുകൊണ്ട് താഴെ, മരിക്കുന്നവരുടെ നിലയില്‍ നിന്നുമുള്ള അവ്യക്തമായ യാതനയുടെ ചിലമ്പലുകള്‍ കേള്‍ക്കാന്‍ ശ്രമിക്കും.
സ്വാഭാവികമായും, അയാളില്‍ വിഷാദമുണ്ടാക്കാനുള്ള പ്രവണത ഇതിനെല്ലാമുണ്ടായിരുന്നു. അയാളില്‍ കൂടിക്കൊണ്ടിരിക്കുന്ന അസ്വസ്ഥത രോഗത്തെ കൂടുതല്‍ വഷളാക്കുമെന്ന് തോന്നി: പനി കൂടി, തളര്‍ച്ച പുതിയ ആഴങ്ങളിലേക്ക് വീണു. ജനാലക്കപ്പുറത്ത് മദ്ധ്യവേനലായിരുന്നു, ജനാല മിക്കപ്പോഴും തുറന്നുതന്നെ കിടന്നു, മേല്‍ക്കൂരകളോ നഗരത്തിലെ ഏതെങ്കിലും വീടുകളോ കാഴ്ചയിലുണ്ടായിരുന്നില്ല, ആശുപത്രിയെ ചുറ്റുന്ന മരങ്ങളുടെ പച്ചമതില്‍ മാത്രം കാണായി.
ഏഴുദിവസം കടന്നുപോയി. ഒരുച്ചനേരത്ത്, ഏകദേശം രണ്ടുമണിയായപ്പോള്‍ മുഖ്യ സഹായിയും മൂന്നു നേഴ്‌സുമാരും ഒരു സ്‌ട്രെച്ചര്‍ ബെഡ് ഉന്തിക്കൊണ്ട് പെട്ടെന്ന് മുറിയിലേക്ക് വന്നു. ''ആട്ടെ, നമ്മള്‍ മാറാന്‍ തയ്യാറാണോ?'' ഒരു നല്ല തമാശയുടെ സ്വരത്തില്‍ സഹായി ചോദിച്ചു.
''എങ്ങോട്ട് മാറാന്‍?'' പരിഭ്രമത്തോടെ കോര്‍തെ ചോദിച്ചു. ''ഇതെന്ത് തരത്തിലുള്ള തമാശയാണ്? ഞങ്ങള്‍ക്ക് മൂന്നാംനിലയിലേക്ക് തിരിച്ചുപോകാന്‍ ഇനി ഒരാഴ്ച കൂടിയില്ലെ?''
''മൂന്നാം നിലയില്‍?'' ഒട്ടും മനസ്സിലാകാത്തതുപോലെ സഹായി ചോദിച്ചു. ''നോക്കൂ, നിങ്ങളെ ഒന്നാം നിലയിലേക്ക് കൊണ്ടുപോകാനാണ് എനിക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.'' രോഗിയെ താഴെയുള്ള നിലയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള അച്ചടിച്ച ഒരു ഫോറം അയാള്‍ നീട്ടിക്കാണിച്ചു. സ്വയം പ്രൊഫസ്സര്‍ ദാതിയില്‍ കുറഞ്ഞ ആരുമായിരുന്നില്ല അതില്‍ ഒപ്പുവെച്ചിരുന്നത്.
ജുസെപ്പെ കോര്‍തെയുടെ ഭീതിയും നിയന്ത്രിക്കാനാവാത്ത കോപവുമെല്ലാം ഒരു വലിയ പൊട്ടിത്തെറിയായി പുറത്തുവന്ന് വാര്‍ഡില്‍ മുഴുവന്‍ മാറ്റൊലിക്കൊണ്ടു. ''ഒന്നടങ്ങൂ. ദൈവത്തെയോര്‍ത്ത് സമാധാനപ്പെടൂ!'' നേഴ്‌സുമാര്‍ യാചിച്ചു. ''ഇവിടെ സുഖമില്ലാത്ത രോഗികളുണ്ട്.'' പക്ഷെ അയാളെ നിശ്ശബ്ദനാക്കാന്‍ അതുമാത്രം മതിയായിരുന്നില്ല.
ഒടുവില്‍ വാര്‍ഡിന്റെ ചുമതലയുള്ള ദയാലുവും നല്ല അറിവുമുള്ള ഡോക്ടറെ അയാള്‍ കണ്ടു. മാറുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാള്‍ ഫോറം നോക്കിയിട്ട് എന്താണ് നടക്കുന്നതെന്ന് കോര്‍തെയോട് ചോദിച്ചു. പിന്നീടയാള്‍ തിരിഞ്ഞ് ദേഷ്യത്തോടെ മുഖ്യസഹായിയോട് എന്തോ പിശക് പറ്റിയിട്ടുണ്ടെന്നും, അയാള്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും, കുറച്ചുനേരം മുന്‍പ് അവിടെയെന്തോ വലിയ കുഴപ്പം നടന്നിട്ടുണ്ടെന്നും, അതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പറഞ്ഞു.....ഒടുവില്‍ തന്റെ കീഴ്ജീവനക്കാരനോട് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതിനു ശേഷം അയാള്‍ വിനയത്തോടെ തിരിഞ്ഞ് കോര്‍തെയോട് തന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് അപേക്ഷിച്ചു.
''എന്തായാലും നിര്‍ഭാഗ്യകരമായിപ്പോയി,'' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു, ''നിര്‍ഭാഗ്യകരം. പ്രൊഫസ്സര്‍ ദതി അരമണിക്കൂര്‍ മുന്‍പാണ് ഒരു ചെറിയ അവധിക്കാലയാത്രക്കായി തിരിച്ചത്, കുറച്ചുദിവസം കഴിഞ്ഞല്ലാതെ അദ്ദേഹം മടങ്ങിയെത്തുകയില്ല. എനിക്കതില്‍ വളരെ, വളരെയധികം ദു:ഖമുണ്ട്, പക്ഷെ ഡോക്ടറുടെ ഉത്തരവ് റദ്ദാക്കാന്‍ കഴിയുകയില്ല. എങ്കിലും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു അദ്ദേഹമായിരിക്കും അങ്ങനെയൊരു തെറ്റില്‍ ഖേദിക്കുന്ന ആദ്യത്തെയാള്‍! അതെങ്ങനെ സംഭവിച്ചിരിക്കും എന്നെനിക്ക് മനസ്സിലാവുന്നില്ല!''
അപ്പോഴേക്കും ജുസെപ്പെ കോര്‍തെ യാതനയുടേതായ ദയനീയമായ ഒരു വിറയലില്‍ എത്തിയിരുന്നു. അയാള്‍ക്ക് തീര്‍ത്തും തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അയാളൊരു കുട്ടിയെപ്പോലെയായിരുന്നു, അത്രക്കും ഭയം അയാളെ മുക്കിക്കളഞ്ഞു. അയാളുടെ തേങ്ങല്‍ മുറിയില്‍ പ്രതിദ്ധ്വനിച്ചു.
അങ്ങനെ ഭീമാകാരമായൊരു അബദ്ധത്തിന്റെ ബലത്തില്‍, അയാള്‍ അവസാനത്തെ താവളത്തില്‍ എത്തിച്ചേര്‍ന്നു. സത്യത്തില്‍ അയാളുടെ രോഗാവസ്ഥ കണക്കിലെടുത്ത്, വിട്ടുവീഴ്ചയില്ലാത്ത ഡോക്ടര്‍മാരുടെ രോഗനിര്‍ണ്ണയപ്രകാരം ഏഴാംനിലയിലല്ലെങ്കില്‍ ആറിലെങ്കിലും എത്തേണ്ടിയിരുന്ന അയാള്‍ മരിക്കുന്നവരുടെ വാര്‍ഡിലെത്തിയിരിക്കുന്നു! സ്ഥിതി അങ്ങേയറ്റം ഭീകരമായിരിക്കുന്നു. സത്യത്തില്‍, ചിലസമയത്ത് അയാള്‍ക്ക് നിയന്ത്രണമില്ലാതെ ചിരിക്കാനുള്ള ത്വരയുണ്ടായി.
വേനലിലെ ഉച്ചയുടെ സ്പന്ദനം പതുക്കെ നഗരത്തിലാകെ പടര്‍ന്നു. കിടക്കയില്‍ കിടന്നുകൊണ്ട് ബുദ്ധിശൂന്യമായ, തരിശായ ടൈലുകളിട്ട ചുവരുകളും, തണുത്ത മോര്‍ച്ചറി ഇടനാഴികളും, ആത്മാവില്ലാത്ത വെളുത്ത രൂപങ്ങളുമുള്ള അയഥാര്‍ത്ഥമായ ഒരു ലോകത്തില്‍ എത്തിച്ചേര്‍ന്ന വികാരത്തോടെ, അയാള്‍ ജനലിലൂടെ മരങ്ങളുടെ പച്ചയിലേക്ക് ഉറ്റുനോക്കി. ജനലിലൂടെ അയാള്‍ മനസ്സിലാക്കിയിരുന്നുവെന്ന് കരുതിയ മരങ്ങള്‍ പോലും അയഥാര്‍ത്ഥമായിരുന്നുവെന്ന ഒരു തോന്നല്‍ അയാള്‍ക്കുണ്ടായി.: അവസാനം ഇലകള്‍ ഇളകുന്നില്ലെന്ന് കണ്ടപ്പോള്‍, സത്യത്തില്‍ അയാള്‍ക്കത് ബോദ്ധ്യമായി.
ആ ചിന്ത വല്ലാതെ അസ്വസ്ഥമാക്കിയതിനാല്‍ അയാള്‍ നേഴ്‌സിനെ വിളിച്ച് അയാളുടെ കണ്ണട കൊടുക്കാന്‍ പറഞ്ഞു, സാധാരണ അയാള്‍ കിടക്കുമ്പോള്‍ അതുപയോഗിക്കാറില്ല. അതിനുശേഷം മാത്രമാണ് അയാളുടെ മനസ്സല്പം ശാന്തമായത്, കണ്ണടയുടെ സഹായത്തോടെ അയാള്‍ക്ക്, മരങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തീര്‍ച്ചപ്പെടുത്താനും, ഇടക്കിടക്ക് നേരിയ കാറ്റില്‍ ഇലകള്‍ ചെറുതായി ഇളകുന്നുണ്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.
നേഴ്‌സ് പോയിക്കഴിഞ്ഞപ്പോള്‍, കാല്‍മണിക്കൂര്‍ നേരത്തേക്ക് കനത്ത നിശ്ശബ്ദത തുടര്‍ന്നു. ആറ് നിലകള്‍, ആറ് ഭയാനകമായ ചുവരുകള്‍, ക്ലാര്‍ക്കിന്റെ ഒരു ചെറിയ തെറ്റിന്റെ ഫലമാണെങ്കിലും അത് ജുസെപ്പെ കോര്‍തെയുടെ മുകളില്‍ ഇളക്കാനാവാത്ത ഭാരത്തോടെ കിടന്നു. എത്ര വര്‍ഷങ്ങള്‍ - അതെ, ഇനി അയാള്‍ വര്‍ഷങ്ങളുടെ കണക്കില്‍ ചിന്തിക്കണം - ചെങ്കുത്തായ ആ ഉയരത്തിലെത്താന്‍ ഇനി എത്ര വര്‍ഷങ്ങള്‍ കഴിയണം?
പക്ഷെ ഇപ്പോളെന്തുകൊണ്ടാണ് മുറിയില്‍ ഇരുട്ടുപരക്കാന്‍ തുടങ്ങുന്നത്? മദ്ധ്യാഹ്നത്തിന്റെ പകുതി ആയിട്ടേയുള്ളു. വിചിത്രമായ ഒരു തളര്‍ച്ചയില്‍ മരവിപ്പ് തോന്നിയ ജുസെപ്പെ കോര്‍തെ വളരെ ബുദ്ധിമുട്ടിക്കൊണ്ട് കട്ടിലിനരികെ രാത്രിമേശയുടെ മുകളിലുള്ള തന്റെ വാച്ചിലേക്ക് നോക്കി. അപ്പോള്‍ മൂന്നരയായിരുന്നു. പിന്നീടയാള്‍ മറുഭാഗത്തേക്ക് തിരിഞ്ഞുകിടന്നു. ഏതോ രഹസ്യകല്പന അനുസരിച്ചിട്ടെന്നപോലെ, വെളിച്ചത്തെ മായ്ച്ചുകൊണ്ട്, ഷട്ടറുകള്‍ പതുക്കെ നീങ്ങുന്നത് അപ്പോഴയാള്‍ കണ്ടു.
മലയാളത്തിലെ ഏറ്റവും മികച്ച കഥകള്‍
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം