'നീയെന്നെ നോക്കുന്നത് കാണുമ്പോള്‍ തോന്നും നീ എന്‍റെ അമ്മയാണ് എന്ന്' : അഷിതയെ ഓര്‍ക്കുമ്പോള്‍
തിരുവനന്തപുരത്ത് ഒരു എട്ട് മാസവും അമൃത ആശുപത്രിയിൽ ഇടവിട്ട് ഇടവിട്ട് ഒരു മൂന്നുമാസവും കടന്നു പോയി. പുറത്ത് ഒരു ലോകം ഉണ്ട് എന്ന് ഓർക്കുക പോലും ചെയ്യാത്ത ഒരു കാലം!
മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി അഷിത ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ശബ്ദമില്ലാതെ നിറഞ്ഞൊഴുകിയ ഒരു പുഴ പോലെയായിരുന്നു അവര്‍, എഴുത്തുകൊണ്ടും ജീവിതം കൊണ്ടും... അഷിതയുടെ കൂടെ അവരുടെ അവസാന നാളുകളില്‍ വരെ ചേര്‍ന്നുനിന്നയാളായിരുന്നു എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോന്‍. പ്രിയപ്പെട്ട അഷിതയെ ശ്രീബാല ഓര്‍ക്കുന്നു.
മരണത്തിന് കൂട്ടിരിക്കാമോ?
ഇത്തരത്തിൽ ഒരു ചോദ്യം ജീവിതം എന്നോട് ചോദിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ആലോചിച്ച് ഒരു ഉത്തരം പറയാനുള്ള സമയം പോലും അനുവദിക്കാതെ, ആ തസ്തികയിലേക്ക് ജീവിതം എന്നെ നിയോഗിച്ചു എന്ന് അറിഞ്ഞത് പോലും വളരെ വൈകിയാണ്. എത്ര പ്രശസ്തിയുടെ കൊടുമുടി കയറിയാലും ഏറെ തനിച്ചാവുന്ന ഒരു സമയമാണ് രോഗകാലം. അത്രയും നാൾ ജീവിച്ചതിന്‍റെ കണക്കെടുപ്പായി അത് മുന്നിൽ വന്ന് നിൽക്കും. അതുവരെ താൻ നേടിയെടുത്ത എല്ലാത്തിനേയും ജീവിതം വിശകലനത്തിനായി വെക്കും.
പബ്ലിക്ക് ടാപ്പ് പോലെ എത്ര അടച്ചാലും പിന്നെയും ഉറ്റി ഉറ്റി വീഴുന്ന കരുണയുടേയും സ്നേഹത്തിന്‍റെയും മൂർത്തി ഭാവം എന്ന് വളരെ അടുത്തിടപഴകുന്നവർക്ക് മാത്രം മനസ്സിലാവുന്ന ഒരാൾക്കാണ് രോഗം ബാധിക്കുന്നതെങ്കിലോ? അതുവരെ ആ ടാപ്പിൽ നിന്ന് വെള്ളം കുടിച്ചവരെ, ബക്കറ്റ് കണക്കിന് വെള്ളം എടുത്തുകൊണ്ട് പോയവരെ, സ്വന്തം കാര്യം മാറ്റി വച്ച് ഏത് പാതിരാത്രിക്കും വെള്ളം എടുക്കാൻ അനുവദിച്ചവരെ ഒക്കെ രോഗാവസ്ഥയിൽ അവർ തിരഞ്ഞു. മിക്കവരും സ്വന്തം കാര്യങ്ങൾ മാറ്റിവെക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചു. മറ്റ് പലരും രോഗിയെ ദൈവതുല്യമായി പ്രതിഷ്ഠിച്ചത് കൊണ്ട് അവരെ ഇങ്ങനെ കാണാൻ വയ്യേ എന്ന് കരഞ്ഞ് പറഞ്ഞൊഴിഞ്ഞു. വേറെ ചിലർ വന്നെങ്കിലും അവർ പതിവ് പോലെ തങ്ങളുടെ സങ്കടങ്ങളുടേയും ആവലാതികളുടേയും ഭാണ്ഡക്കെട്ടഴിക്കാൻ തുടങ്ങിയപ്പോൾ രോഗി നിർദ്ദാക്ഷിണ്യം തിരിച്ചയച്ചു.
ഒരിക്കൽ പോലും ആരുടേയും മുന്നിൽ തന്‍റെ ആവശ്യങ്ങൾക്ക് വേണ്ടി തല കുനിക്കാത്ത, സഹായങ്ങൾ സ്വീകരിച്ച് ശീലമില്ലാത്ത അവർ അധികം അടുപ്പമില്ലാത്ത ഒരു ശിഷ്യയോട് ചോദിക്കാൻ നിർബന്ധിതയായി. "എന്‍റെ ഗുരു നിർദ്ദേശിച്ച കുറച്ച് കാര്യങ്ങൾ കൂടി എഴുതി പൂർത്തിയാക്കാനുണ്ട്. അതുവരെ എനിക്ക് ജീവിച്ചിരിക്കണം. രോഗം മരണം എന്ന അനിവാര്യതയിലേക്ക് എന്നെ കൂട്ടികൊണ്ടു പോകുന്നു. വാതിൽ വരെ ഒന്നു കൂടെ വരാമോ?" ഞാൻ ' ആ, എന്നോ ഇല്ല' എന്നോ പറഞ്ഞില്ല. വരാം എന്ന് പറഞ്ഞാൽ എന്തെങ്കിലും കാരണം കൊണ്ട് പറഞ്ഞ വാക്ക് പാലിക്കാനാവാതെ വന്നാലോ? ഭയാശങ്കകളോടെ ഇറങ്ങി പുറപ്പെടുമ്പോൾ ചെയ്യാനറിയാത്ത കാര്യത്തിലേക്ക് കാൽ വെക്കുന്നതിന്‍റെ എല്ലാ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. ദുഃഖം എന്ന സ്ഥായിയായ അവസ്ഥ മാറ്റാൻ തമാശയുടെ സഹായത്തോടെ നടക്കുന്നത് ഒരു ചികിത്സയല്ല മറിച്ച് ഒരു ടൂറ് വന്നിരിക്കുകയാണ് ഇവിടെ നമ്മൾ എന്നത് വരുത്തി തീർക്കലായിരുന്നു എന്‍റെ പ്രധാന ജോലി. ജീവിതത്തിൽ അധികം ഒന്നും തുറന്ന് ചിരിക്കാത്ത ആൾ പൊട്ടി പൊട്ടി ചിരിച്ചു. കീമോയുടെ ഇടയിൽ തളർന്ന് കിടക്കുന്ന അവസ്ഥകളിൽ ഒരിക്കൽ എന്നോട് പറഞ്ഞു: "ഒരുപാട് പേർക്ക് ഞാൻ അമ്മയാണ്. നീ എന്നെ നോക്കുന്നത് കാണുമ്പോ തോന്നുന്നു നീ എന്‍റെ അമ്മയാണ് എന്ന്." "നിങ്ങക്ക് അമ്മ ഒബ്സഷൻ മാറൂലാ അല്ലേ?" എന്ന് തിരിച്ച് ചോദിച്ച് കളിയാക്കി വിഷയം മാറ്റിയിട്ടും രണ്ടുപേരുടേയും കണ്ണു നിറഞ്ഞു.
തിരുവനന്തപുരത്ത് ഒരു എട്ട് മാസവും അമൃത ആശുപത്രിയിൽ ഇടവിട്ട് ഇടവിട്ട് ഒരു മൂന്നുമാസവും കടന്നു പോയി. പുറത്ത് ഒരു ലോകം ഉണ്ട് എന്ന് ഓർക്കുക പോലും ചെയ്യാത്ത ഒരു കാലം! എന്‍റെ സമയം വെറുതെ പോകുന്നു എന്ന് രോഗി വ്യസനിച്ചു കൊണ്ടിരുന്നു. തീരെ വയ്യാത്ത അവസ്ഥയിലും ചെറുപ്പത്തിൽ എന്‍റെ സ്വഭാവ രൂപീകരണ വേളയിൽ സമൂഹത്തിന്‍റെ ഇടപെടൽ മൂലം കൈ വന്ന ദുശ്ശീലങ്ങളെ വേരോടെ കടപുഴക്കി കളഞ്ഞ് എന്നെ പുതിയ ഒരു വ്യക്തിത്വമായി രൂപാന്തരപ്പെടുത്താൻ അവർ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. മറ്റ് ഒരു അവസരത്തിലായിരുന്നെങ്കിൽ നഖശിഖാന്തം എതിർക്കുമായിരുന്ന പലതും രോഗിക്ക് വിഷമം തോന്നാതിരിക്കാൻ സമ്മതിച്ചു കൊടുത്തു ഞാൻ. ഇതിനിടയിൽ എപ്പോഴോ ചികിത്സ കൊണ്ട് പ്രയോജനം ഇല്ല എന്ന് ഡോക്ടർ പറഞ്ഞില്ലെങ്കിലും ഇരുവരും മനസ്സിലാക്കുകയും ഞാൻ വീട്ടിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തു. രണ്ടിടങ്ങളിലായി മരണത്തെ കാത്ത് രോഗിയും കൂട്ടിരിപ്പുകാരിയും ഇരുന്നു. മനസ്സ് കൊണ്ട് ദിനവും സംസാരിച്ചു, കലഹിച്ചു, കരഞ്ഞു. ഒടുവിൽ രോഗം ഇവിടെ ഉപേക്ഷിച്ച് സ്വസ്ഥതയുടെ ലോകത്തേക്ക് അവർ യാത്രയായി.
അത്രയുംനാൾ ദൂരെ മാറി കാഴ്ചക്കാരായി നിന്നവർ അരങ്ങ് ഏറ്റെടുത്തു. ഏറ്റെടുക്കാൻ എത്തിയവരുടെ ബാഹുല്യത്തിൽ നിശ്ശബ്ദയെ ഉപാസിച്ച അവർ അസ്വസ്ഥയായി. ആരും കാണാതെ ചിരിച്ച് കണ്ണിറുക്കി അവരെന്നെ നോക്കി. അകന്ന് മാറി കാഴ്ചക്കാരിയായി നിന്ന ഞാൻ എല്ലാം മനസ്സിലായ മറുചിരി ചിരിച്ചു. പിന്നെ ഇരുവരും ചേർന്നുള്ള പൊട്ടിച്ചിരിയായി അത് മാറി. ബഹളത്തിനിടയിൽ നിന്നും ആരും കാണാതെ നിശ്ശബ്ദതയുടെ ലോകത്തേക്ക് ഗുരു നിത്യ അവരെ നയിച്ചു. കണ്ടുനിന്ന ഞാൻ ഇരുവരേയും നമസ്കരിച്ചു.