ലോകസമാധാനത്തിന് നാം ശ്രീനാരായണഗുരുവിനെ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു...

ജാതി, മതം തുടങ്ങിയ വേലികൾക്കപ്പുറത്ത് മനുഷ്യൻ ഒരു സമുദായമായി വളർന്നു വരേണ്ടതിനെക്കുറിച്ചുള്ള ഏറ്റവും വികസിതമായ ആശയങ്ങൾ പങ്കുവെച്ച സന്യാസിയാണ് ശ്രീനാരായണഗുരു.

shrinarayana guru satheesh kumar ck writes

ശ്രീനാരായണ ധർമപരിപാലനയോഗം 1903 -ൽ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ ഡോ. പൽപു, കുമാരനാശാൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകൃതമായി. അരുവിപ്പുറത്ത് 1893 ഒരു വാവൂട്ടിയോഗം രൂപീകരിച്ചിരുന്നു. 1898 -ൽ അതൊരു ക്ഷേത്ര യോഗമായി. 1903 -ൽ അത് എസ്.എൻ.ഡി.പി എന്ന പേരിൽ ഒരു സംഘടനയുമായി രജിസ്റ്റർ ചെയ്തു. ഈ സംഘടന ഗുരു സ്ഥാപിച്ചതാണോ ഗുരുവിനെ മുൻനിർത്തി പൽപ്പുവിനെ പോലുള്ള സമുദായനേതാക്കൾ സ്ഥാപിച്ചതാണോ എന്ന തർക്കം നിലനിൽക്കുന്നുണ്ട്. തുടക്കം മുതൽ തന്നെ യോഗവും ഗുരുവും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളതായി നടരാജഗുരു സൂചിപ്പിക്കുന്നുണ്ട്. ഡോ. പൽപുവിന്റെ മകനായ നടരാജഗുരുവിന് അച്ഛനോട് പൊറുക്കാൻ കഴിയാതിരുന്നത് സർവ്വസംഗപരിത്യാഗിയായ ഗുരുവിനെ സാമുദായിക വിഷയങ്ങളുടെ നടുക്കടലിൽ തള്ളിയിട്ടതിനാണ്. ഏതായാലും ഗുരുവിനെ എസ്.എൻ.ഡി.പിയുടെ സ്ഥിരാധ്യക്ഷനായിട്ടാണ് വെച്ചിരുന്നത്. എന്നാൽ യോഗവും ഗുരുവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

shrinarayana guru satheesh kumar ck writes

നാരായണഗുരു ജാതിയ്ക്ക് പുറത്തേയ്ക്കു വരുമ്പോൾ യോഗം ജാതിയ്ക്കകത്തേക്ക് വളരുകയായിരുന്നു. അങ്ങനെയാണ് 1916 -ൽ ഗുരു ഡോക്ടർ പൽപ്പുവിന് കത്ത് അയക്കുന്നത്:

‘എന്‍റെ ഡോക്ടർ അവർകൾക്ക്,
യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതു കൊണ്ടും മുമ്പുതന്നെ മനസിൽ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
നാരായണഗുരു (ഒപ്പ്)

ഇതേവർഷം തന്നെയാണ് ഗുരു തനിക്ക് ജാതിയോ മതമോ ഇല്ല എന്ന വിളംബരവും നടത്തുന്നത്.
ആലുവ, 1916 മെയ് 28
‘നാം ജാതിമതങ്ങൾ വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽ പെട്ടതായി വിചാരിച്ചു പ്രവർത്തിച്ചു വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും നാം അറിയുന്നു.
നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചു നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിൻഗാമിയായി വരത്തക്കവണ്ണം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.
ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യം ചെയ്തിരിക്കുന്നു.’
എന്ന്
നാരായണഗുരു (ഒപ്പ്)

1888 -ൽ അരുവിപ്പുറത്തു നിന്നും ആരംഭിക്കുന്ന ജാത്യാതീതവും മതാതീതവുമായ മനുഷ്യസങ്കല്പം 1916 ആകുമ്പോഴേയ്ക്കും കൂടുതൽ വികസിതമായി. എന്നാൽ അപ്പോഴേയ്ക്കും ഗുരുവിനെ ജാതിയുടെ തടവിലിടാൻ അദ്ദേഹത്തിന്റെ ചുറ്റുംകൂടിയിരുന്നു ഈഴവ പ്രമാണിമാർക്ക് താൽപര്യമുണ്ടായിരുന്നു. അതിൽ നിന്നും കുതറിമാറാൻ ഗുരുവും തടഞ്ഞു വെക്കാൻ എസ്.എൻ.ഡി.പി.യും നടത്തുന്ന പരിശ്രമങ്ങൾ ആർക്കും ദൃശ്യമാണ്. ജാതിയിൽ നിന്ന് ഗുരു മുക്തനാകുന്നതും എസ്.എൻ.ഡി.പിയിൽ നിന്ന് അകലുന്നതും ഒരേ വർഷമാണ്. ഗുരുവിനെ തങ്ങളുടെ സമുദായത്തിന്റെ മാത്രം ഗുരുവും ആചാര്യനുമാക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ഇത്തരത്തിലുള്ള സംവരണം തന്നെയാണ് ഗുരുവിനെ ഹിന്ദു സന്യാസിയാക്കുമ്പോഴും ഉണ്ടാക്കുന്നത്. ഗുരുവിന്റെ ചിന്താജീവിതത്തിന്റെ അനുസ്യൂതി പാടേ നിഷേധിച്ചു കൊണ്ടുമാത്രമെ ഒരാൾക്ക് ഗുരുവിനെ ഈഴവ സന്യാസിയായും ഹിന്ദു സന്യാസിയായും വിലയിരുത്താൻ കഴിയൂ.

നാരായണഗുരുവിന്റെ ചിന്തകൾ സൂക്ഷ്മമായി ഉൾക്കൊള്ളുന്നതിലും വികസിപ്പിക്കുന്നതിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും വീഴ്ചപറ്റി. ജാതിയെ ഒരു മേൽപ്പുരയായി കാണുകയും അടിത്തറ തകർന്നാൽ മേൽപ്പുരയും തകരും എന്ന ക്ലാസിക്കൽ മാർക്സിസ്റ്റ് വീഷണമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പുലർത്തിയത്. കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ നായകസ്ഥാനം ശ്രീനാരായണഗുരുവിനാണെന്നും അദ്ദേഹം നയിച്ച നവോത്ഥാനം ബൂർഷ്വാ നവോത്ഥാനമായിരുന്നു എന്നുമുള്ള ഇ.എം.എസിന്റെ വിലയിരുത്തൽ ശരി തന്നെയായിരുന്നു. എന്നാൽ ബൂർഷ്വാ ആശയങ്ങൾക്ക് ആശയങ്ങൾ എന്ന രീതിയിൽ ഒരു സ്വതന്ത്ര ശക്തിയുണ്ടെന്ന് തിരിച്ചറിയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ട് ഫ്യൂഡലിസം തകർന്നാൽ ജാതിയും തകരും എന്ന് വിലയിരുത്തി. എന്നാൽ മുതലാളിത്ത സാമൂഹിക ഘടന നിലവിൽ വന്നിട്ടും ജാതി ജാതിയായി തന്നെ നിലനിൽക്കുന്നു. ഒരേ തൊഴിലിടത്തിലെ ഒരേ ജോലിയും ശമ്പളവുമുള്ള നമ്പൂതിരിയും നായരും ഈഴവനും പുലയനുമെല്ലാം അതേ ജാതിയായി തന്നെ നിലനിന്നു. മുതലാളിത്തം ജാതിയെ ഇല്ലാതാക്കിയില്ല.

മാത്രമല്ല ജാതീയമായും മതപരമായും വലിയ പിൻമടക്കങ്ങളുടെ ആവേശത്തിലേയ്ക്ക് സമൂഹം തിരിയുന്ന കാഴ്ചയും നാം കാണുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തീവ്ര വലതു പക്ഷങ്ങൾ ആയുധങ്ങളും പടക്കോപ്പുകളും അണിഞ്ഞു കൊണ്ട് പ്രത്യക്ഷപ്പെടുന്നു. സാംസ്ക്കാരിക രംഗത്ത് നാരായണഗുരുവിനെ പോലുള്ളവർ മുന്നോട്ടു വെച്ചിരുന്ന മാനവികാശയങ്ങൾക്ക് പ്രസക്തി വർദ്ധിക്കുകയാണ്. ശ്രീനാരായണ പ്രസ്ഥാനം ഗുരുവിനെ ഒരു ഈഴവ ഗുരുവായി സംവരണം ചെയ്തപ്പോൾ സംഘപരിവാർ ശക്തികൾ അദ്ദേഹത്തെ ഹിന്ദുസന്യാസിയായി വ്യാഖ്യാനിക്കുന്നു. ഇതിൽ രണ്ടിലും സത്യമുണ്ട്. ഗുരു ഈഴവനായിരുന്നു. അദ്ദേഹം ഹിന്ദുവുമായിരുന്നു. എന്നാൽ ഗുരു അതിനുമപ്പുറം മനുഷ്യൻ കൂടിയായിരുന്നു. ഗുരു അഭിസംബോധന ചെയ്യാൻ ശ്രമിച്ച മനുഷ്യൻ എന്ന സംവർഗത്തെ കാണാതിരിക്കുകയാണ് ചിലരുടെ ലക്ഷ്യം.

മാനവസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം മതസംഘർഷങ്ങളാണ്. മതസംഘർഷങ്ങളുടെ കാരണം ആഴത്തിൽ ചിന്തിച്ച വ്യക്തിയാണ് ഗുരു. ലോകസമാധാനത്തിന് നാം നാരായണഗുരുവിനെ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു. 1924 -ൽ ആലുവാ അദ്വൈതാശ്രമത്തിൽ ഗുരു ഒരു ലോകമതസമ്മേളനം വിളിച്ചു ചേർത്തു. വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനും വേണ്ടിയാണ് എന്ന് സമ്മേളനത്തിന്റെ ലക്ഷ്യം വ്യക്തമായി എഴുതി വെച്ചിരുന്നു. എല്ലാ മതങ്ങളും നദികളെ പോലെയാണ്. നദികൾക്കെല്ലാം പേരുണ്ട്. അവ ചെന്നണയുന്നത് സമുദ്രത്തിലാണ്. സമുദ്രത്തിലെത്തിയാൽ നദിയില്ല, ജലം മാത്രമേയുള്ളൂ. അതുപോലെ മതങ്ങളും ഈശ്വരൻ എന്ന സാഗരത്തിലേക്കെത്താനാണ് ശ്രമിക്കുന്നത് ഈശ്വരനിലെത്തിയാൽ പിന്നെ മതമില്ല. അതുകൊണ്ട് മതങ്ങൾ തമ്മിൽ ആചാരാനുഷ്ഠാനങ്ങളുടെ ബാഹ്യക്രമങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അവയെല്ലാം അവനെ ആധ്യാത്മികമായി ഉന്നമിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ നാരായണഗുരു മതങ്ങൾക്കിടയിൽ ഏകത്വം കണ്ടെത്തുന്നു. എല്ലാ മതങ്ങളും സാരാംശത്തിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞ ആ മഹാഗുരുവിന്റെ ചിന്താചക്രവാളത്തിൽ ഒന്നു മുത്താൻ കഴിഞ്ഞാൽ ഇന്നത്തെ മത സംഘർഷങ്ങളെല്ലാം അയയും.

ജാതി, മതം തുടങ്ങിയ വേലികൾക്കപ്പുറത്ത് മനുഷ്യൻ ഒരു സമുദായമായി വളർന്നു വരേണ്ടതിനെക്കുറിച്ചുള്ള ഏറ്റവും വികസിതമായ ആശയങ്ങൾ പങ്കുവെച്ച സന്യാസിയാണ് ശ്രീനാരായണഗുരു.

'അവനിവനെന്നറിയുന്നതൊക്കെയോർത്താലവനിയിലാദിമായുള്ളൊരാത്മരൂപമായതു കൊണ്ട് നിന്റെ പ്രവൃത്തികൾ അപരനുകൂടി സുഖമായി വരേണ'മെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാരായണഗുരുവിന്റെ ചിന്തകൾ ആധുനിക സമൂഹത്തിന്റെ നിർമ്മിതിയിൽ എങ്ങനെ സഹായിച്ചു എന്നും ഭാവിപ്രയാണത്തിൽ അതിന്റെ സാധ്യതകൾ അന്വേഷിക്കുകയുമാണ് ഈ ഗ്രന്ഥത്തിന്റെ (നമുക്ക് ജാതിയില്ല -ഇന്‍സൈറ്റ് പബ്ലിക്ക) ലക്ഷ്യം.

shrinarayana guru satheesh kumar ck writes

അവർണജാതിക്കാർ ഈശ്വരെ ദർശിക്കുന്നതിനു പോലും അനുഭവിക്കുന്ന പ്രയാസങ്ങൾ ഗുരുവിന് അറിയാമായിരുന്നു. ക്ഷേത്രത്തിന്റെ പുറത്ത് സ്ഥാപിച്ച തീണ്ടൽപ്പലകയ്ക്ക് അപ്പുറത്ത് നിന്ന് ഏന്തിവലിഞ്ഞ് തൊഴുന്ന അവർണ ജനതയുടെ സങ്കടത്തിന് പരിഹാരം കാണണമെന്ന് ഗുരു ആഗ്രഹിച്ചു. അങ്ങനെയാണ് 1883 -ൽ ഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തുന്നത്. ആ പ്രതിഷ്ഠ ഉറച്ചത് ഗുരുവിന്റെ കണ്ണീരിലാണ്. വിഗ്രഹം ഉറപ്പിക്കാൻ അഷ്ടബന്ധം തയ്യാറാക്കിവെച്ചിരുന്നെങ്കിലും തിരക്കിനിടയിൽ അതിടാൻ മറന്നു. ഭക്തർ ആരോ അതു സൂചിപ്പിച്ചപ്പോൾ അതുറച്ചുപോയി ഇനി അതിന്റെ ആവശ്യമില്ല എന്നു ഗുരു പറഞ്ഞു. അവിടെ ഗുരു ഒരു ശ്രീകോവിൽ പണിയിച്ചു. ചില ശിഷ്യന്മാരെ ശാന്തിക്കാരാക്കി അവിടെ ഒരു പള്ളിക്കൂടം കെട്ടിച്ച് കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഏർപ്പാട് ചെയ്യുകയുമുണ്ടായി.

(കടപ്പാട്: ഇന്‍സൈറ്റ് പബ്ലിക്ക. ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച സതീഷ് കുമാര്‍ സി.കെ എഴുതിയ 'നമുക്ക് ജാതിയില്ല' എന്ന പുസ്‍തകത്തില്‍ നിന്ന് ഒരുഭാഗം. പുസ്‍തകം ഇവിടെ വാങ്ങാം.)

Latest Videos
Follow Us:
Download App:
  • android
  • ios