തീതുപ്പുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ, ഉപ്പയുടെ തോളിലിരുന്ന് കേരളത്തിലേക്ക് വന്ന ഒരു ബര്‍മ്മീസ് കുട്ടി
കഥപോലൊരു ജീവിതം, ജീവിതംപോലൊരു കഥ. യു എ ഖാദറിനെക്കുറിച്ച് കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എഴുതുന്നു
ചൊറിയും ചിരങ്ങും പിടിച്ച കുട്ടി. എഴാം വയസ്സില്‍ ഉപ്പയുടെ ചുമലിലിരുന്ന് ചിറ്റഗോക്കിലേക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത് തലയ്ക്കു മുകളില്‍ യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍. എല്ലാം വിട്ടെറിഞ്ഞ്, മരണം എതുനിമിഷത്തിലും പിടികൂടാവുന്ന ദൂരത്തിലൂടെ മനുഷ്യരുടെ പ്രവാഹം. അതില്‍ ഖാദറിനെയും ചുമലിലേറ്റി കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടി ഹാജിയും.രണ്ടാം ലോകമഹായുദ്ധകാലത്ത് അറാക്കന്‍ മലകളിലൂടെ കുഞ്ഞുഖാദറിനെ ചുമലിലേറ്റി ഉപ്പ നടന്നു. യാത്രക്കിടയില്‍ ചിറ്റഗോങ് അഭയാര്‍ത്ഥി ക്യാമ്പിലെത്തി. അവിടെ കുട്ടിയെ ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിച്ചു. പിതാവ് മൊയ്തീന്‍കുട്ടിക്ക് മനസ്സു വന്നില്ല. വസൂരി മഹാമാരിയായി പടര്‍ന്നു പിടിച്ച കാലം.
തൃക്കോട്ടൂരിന്റെ ഇതിഹാസം തീര്‍ത്ത പ്രശസ്ത എഴുത്തുകാരന്‍ യു.എ.ഖാദറിന്റെ എഴുത്തും ജീവിതവും അടയാളപ്പെടുത്തുന്ന 'ഉറഞ്ഞാടുന്ന ദേശങ്ങള്‍' എന്ന ഡോക്യുമെന്ററി കഥപോലൊരു ജീവിതമാണ് പകര്‍ത്തുന്നത്; ജീവിതംപോലൊരു കഥയും.
ഇന്നലെകളുടെ വഴികളിലൂടെ ഒരു യാത്ര. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ യു.എ ഖാദര്‍, എഴുപത്തിയഞ്ചാം വയസ്സില്‍, പിറന്നനാട്ടിലേക്ക് തിരിച്ചു നടക്കുന്നു. വിയറ്റ്നാമിന്റെ ബോര്‍ഡറിലുള്ള അപ്പര്‍ബര്‍മ്മയിലേക്ക്. ബില്ലീന്‍ അതാണ് ഖാദറിന്റെ ജന്മനാട്. ക്വായ്ക്തോ നദിക്കരയില്‍ നാല് തൂണുകളില്‍ താങ്ങി നിര്‍ത്തിയ ചെറിയ വീട്. ആ വീട്ടിലാണ് ഖാദര്‍ പിറന്നുവീണത്.
എഴുവയസ്സുകാരന്റെ മനസ്സില്‍ വീടിനെപ്പറ്റിയുള്ള അടയാളം. എഴുപത്തിയഞ്ചുകാരന്റെ ഉള്ളില്‍ ഇപ്പോഴും പൊള്ളുന്ന ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍. ഒട്ടിപ്പിടിച്ചരിക്കുന്ന ഓര്‍മ്മകളുടെ ഇത്തിരിപ്പൊട്ടുകള്‍. ഉമ്മയുടെ വേര്‍പാടിന്റെ സ്മരണയില്‍ കോറിയിട്ട ബന്ധങ്ങളുടെ ജീവവായു. ഓര്‍മ്മകളുടെ പെഗോഡ തെളിഞ്ഞു. കുഞ്ഞുഖാദറിന്റെ അകത്തളത്തില്‍ വര്‍ണ്ണമായ് വിരിഞ്ഞത് ഡന്‍തീപഴം... നിറയെ ഡന്‍തീപഴം വിളയുന്ന നാട്. ക്വായ്ക്തോ നദീതീരം. എഴുവയസുകാരന്റെ വികൃതികള്‍ക്ക് കൂട്ടും അരങ്ങുമായ പുഴയോരം.
ഖാദറിന്റെ ഹൃദയത്തില്‍ ദേശത്തിന്റെ മണവും രുചിയും നിറയുന്നു. ജന്മനാട് എത്തിപ്പിടിക്കാന്‍ സാധിച്ചതിന്റെ ആവേശം. ആഹ്ലാദം...
യു എ ഖാദര്‍ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിക്കൊപ്പം
കഥപറഞ്ഞും വരച്ചും തൃക്കോട്ടൂരിനെ മലയാളത്തിന്റെ നിറക്കൂട്ടാക്കി മാറ്റിയ യു. എ ഖാദര്‍. അദ്ദേഹത്തിന്റെ ജന്മനാട് തേടിയുള്ള യാത്രയില്‍ ബര്‍മ്മയും യുദ്ധങ്ങളും അഭയാര്‍ത്ഥി പ്രവാഹവും നിറഞ്ഞു. ചൊറിയും ചിരങ്ങും പിടിച്ച കുട്ടി. എഴാം വയസ്സില്‍ ഉപ്പയുടെ ചുമലിലിരുന്ന് ചിറ്റഗോക്കിലേക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത് തലയ്ക്കു മുകളില്‍ യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍. എല്ലാം വിട്ടെറിഞ്ഞ്, മരണം എതുനിമിഷത്തിലും പിടികൂടാവുന്ന ദൂരത്തിലൂടെ മനുഷ്യരുടെ പ്രവാഹം. അതില്‍ ഖാദറിനെയും ചുമലിലേറ്റി കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടി ഹാജിയും.
രണ്ടാം ലോകമഹായുദ്ധകാലത്ത് അറാക്കന്‍ മലകളിലൂടെ കുഞ്ഞുഖാദറിനെ ചുമലിലേറ്റി ഉപ്പ നടന്നു. യാത്രക്കിടയില്‍ ചിറ്റഗോങ് അഭയാര്‍ത്ഥി ക്യാമ്പിലെത്തി. അവിടെ കുട്ടിയെ ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിച്ചു. പിതാവ് മൊയ്തീന്‍കുട്ടിക്ക് മനസ്സു വന്നില്ല. വസൂരി മഹാമാരിയായി പടര്‍ന്നു പിടിച്ച കാലം.
അന്നൊരിക്കലാണ് ഖാദറിന്റെ ഉമ്മ ബര്‍മ്മക്കാരിയായ മാമൈദി ചോരക്കുഞ്ഞിനെ മൊയ്തീന്‍കുട്ടി ഹാജിയുടെ കൈകളിലേര്‍പ്പിച്ച് ഈ ലോകത്തിനോട് വിടപറഞ്ഞത്. അതുകൊണ്ട തന്നെ സഹോദരന്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ മൊയ്തീന്‍കുട്ടി ഹാജിക്ക് കഴിഞ്ഞില്ല.
യു എ ഖാദര്‍ പഴയ ചിത്രങ്ങള്‍
ഖാദറിന്റെ ഓര്‍മ്മയില്‍ ഉപ്പയുടെ സഹോദരിയുടെ ചിത്രം തെളിയുന്നു: ഉപ്പ കച്ചവടം ചെയ്യുന്ന കടയുടെ അതിര്‍ഭാഗത്തായിരുന്നു ഉമ്മയുടെ സഹോദരിയുടെ കട. പകല്‍ സമയം മുഴുവനും ഖാദര്‍ അവിടെയായിരിക്കും. മാതൃസഹോദരിയാണ് ഖാദറിനെ വളര്‍ത്തിയത്. അവരുടെ കടയിലാണ് ഖാദര്‍ കളിച്ചുവളര്‍ന്നത്. രാത്രി ഖാദറിനെ ഉപ്പ കൂടെ കൊണ്ടുപോകും.
രണ്ടാം ലോകമഹായുദ്ധ കാലത്തെ ബര്‍മ്മയുടെ അന്തരീക്ഷം ഖാദറിന്റെ മനസ്സില്‍ നിറയുന്നു: പട്ടാളക്കാരുടെ ആക്രോശങ്ങള്‍, ചീറിപ്പായുന്ന ബോംബര്‍ വിമാനങ്ങള്‍, അഭയാര്‍ത്ഥി പ്രവാഹം. അറാക്കാന്‍ കുന്നുകള്‍. പിന്നീട് ചിറ്റഗോങ്. അവിടെ നിന്നും ഇന്ത്യയിലേക്ക്. ഉപ്പയുടെ സഹോദരങ്ങളും കൂട്ടുകാരുമൊന്നിച്ച് കല്‍ക്കത്ത തുറമുഖം വഴിയുള്ള യാത്ര. കോഴിക്കോട്ടേക്ക്.
യു എ ഖാദര്‍ ഭാര്യയ്‌ക്കൊപ്പം
എഴുവയസ്സുകാരന്‍ ഖാദര്‍ തൃക്കോട്ടൂരംശം പാലൂര്‍ ദേശത്തെത്തി. പഴയ റങ്കൂണിലെ ബില്ലീന്‍ ഗ്രാമത്തില്‍ നിന്നും മലബാറിലേക്ക്. പന്തലായനിയും തൃക്കോട്ടൂരും ഖാദറിന്റെ നാടായി മാറി. മംഗോളിയന്‍ മുഖമുള്ള കുട്ടി. ഉമ്മയുടെ മുലപ്പാല്‍പോലെ മാതൃഭാഷ ബര്‍മ്മീസ്. തൃക്കോട്ടൂരിലെ വിചിത്രമായ ശബ്ദം. അപരിചിതമായ ഭാഷ. വ്യത്യസ്ത മുഖഭാവങ്ങള്‍. അങ്ങനെ പലതും.
'ഓര്‍മ്മകളുടെ പഗോഡ'യില്‍ ഖാദര്‍ എഴുതി.:' ആ കാലങ്ങളില്‍ വഴിവാണിഭച്ചന്ത സ്ഥലങ്ങളിലെല്ലാം എന്നേയും കൂട്ടി പോകാറുണ്ടായിരുന്നു ഉമ്മയുടെ നേര്‍ബന്ധുക്കള്‍. ചന്തക്കച്ചവടത്തിരക്കുകളില്‍ മുഴുകുമ്പോള്‍, മലയടിവാരത്തെ ചന്തപ്പുരകള്‍ക്കിടയിലൂടെ പുഴയോരത്തുകൂടെ കാഴ്ചകളും കണ്ട് കുന്നുമേഞ്ഞു നടന്ന ബാല്യം. മലമുകളിലേക്കുള്ള പാതക്കരികെ തേക്കുമര സമൃദ്ധി. തണല്‍ത്തഴപ്പുകള്‍ക്കിടയില്‍ കാണാവുന്ന പഗോഡകള്‍...'.
ഇങ്ങനെ ജന്മസ്മൃതികളുടെ മഹാന്ധകാരത്തിലേക്ക് കണ്ണയച്ച് ഖാദറിന് സ്വയം കണ്ടെത്തേണ്ടി വരുന്നു. എഴുവയസ്സുകാരന്റെ ബോധത്തില്‍ തിരിയിട്ട ആഴമേറിയ മുറിവുകള്‍, ഒറ്റപ്പെടലിന്റെ കയ്പുനീര് തൃക്കോട്ടൂരിലെ തെയ്യങ്ങളും തിറകളും കളിയാട്ടങ്ങളും സര്‍പ്പക്കാവുകളും ശ്രീഭഗവതി കരിമുത്തിയും ഒടിയനും കോമരങ്ങളും ഖാദറിന്റെ ആത്മവ്യഥ മുറിഞ്ഞ ഹൃദയഭാഷയിലൂടെ മലയാളത്തില്‍ നിറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴീക്കോട്, എസ് കെ പൊറ്റക്കാട് എന്നിവര്‍ക്കൊപ്പം യു എ ഖാദര്‍
ഇങ്ങനെ ജനിതകത്തിലെ ഒരുപാതി ബര്‍മ്മീസും മറുപാതി മലബാറിയുമെന്ന നേരറിഞ്ഞവനാണ് യു.എ. ഖാദര്‍. പരിഹാസത്തിന്റെ മുള്‍മുനകളുണ്ട്. കാലദേശങ്ങളില്‍ ഛിന്നഭിന്നമായി പോകുന്ന ബന്ധങ്ങളുടെ കണ്ണികളുണ്ട്.
ഒറ്റപ്പെടലിന്റെ വിങ്ങല്‍ ഖാദറിന്റെ മനസ്സില്‍ പലവര്‍ണ്ണങ്ങളായി, കണ്ണീര്‍ക്കണങ്ങളായി മാറുന്നു: 'തൃക്കോട്ടൂര്‍, പുതുക്കപ്പെണ്ണിന്റെ വീട്ടിലേക്ക് പോകാന്‍ മനസ്സ് തയാറായി നില്‍ക്കുന്നു. കല്‍ക്കരി കൊണ്ട് ഓടുന്ന ബസ്. കണ്ടക്ടറെ സഹായിച്ചാല്‍ ബസ്സില്‍ കയറിപ്പറ്റാം. കല്‍ക്കരി വണ്ടി ചൂടാക്കാന്‍ സഹായിച്ചു. ബസ്സിന്റെ സീറ്റില്‍ യാത്ര തരപ്പെട്ടു. കുട്ടികള്‍ ബസില്‍ കലപില കൂട്ടി. അപ്പോള്‍ മുതിര്‍ന്ന ഒരാള്‍ പറഞ്ഞു;' കുട്ടികളെല്ലാം ഇറങ്ങ്. ആരും വരണ്ട.'
അപ്പോള്‍ ബസ്സിലേക്ക് കയറിയ ഉമ്മമാര്‍ ഓരോ കുട്ടിയേയും ചേര്‍ത്തുപിടിച്ച്, 'ഓനെന്റെ മോനാ, ഓളെന്റേതാ' എന്നുപറഞ്ഞ് കുട്ടികളെ മടിയിലിരുത്തി. അപ്പോഴാണ് വസൂരിപിടിച്ച് മരിച്ചുപോയ ഉമ്മയുടെ മുഖം കുഞ്ഞുഖാദര്‍ ഓര്‍ത്തത്. തന്നെ ചേര്‍ത്തുപിടിക്കാനും മടിയിലിരുത്താനും ആരുമില്ല. വിങ്ങിപ്പൊട്ടി അവന്‍ ബസില്‍ നിന്നിറങ്ങിയത് സി. എച്ച് മുഹമ്മദ്കോയയുടെ കൈകളിലേക്കായിരുന്നു. അദ്ദേഹം അവനെ വാരിപ്പുണര്‍ന്നു....'.
യു. എ ഖാദറിന്റെ എഴുത്തുജീവിത്തില്‍ തണല്‍മരമായിരുന്നു സി. എച്ച് മുഹമ്മദ്കോയ. അദ്ദേഹം നല്‍കിയ പ്രോത്സാഹനമായിരുന്നു ഖാദറിനെമലയാളസാഹിത്യലോകത്തേക്ക് എത്തിച്ചത്.
യു എ ഖാദര്‍
കൊയിലാണ്ടിയിലെ വീടിന് കിഴക്ക് കൊരയങ്ങാട്ട തെരുവ്. അതിന്റെ തുടക്കത്തിലുള്ള ഗണപതി കോവിലെ കൊട്ടുകേട്ട് തറവാട്ടിലെ പത്തായപുറത്ത് ഉറക്കം കിട്ടാതെ കിടക്കുന്ന രാത്രികളില്‍ കൊച്ചു ഖാദറിന്റെ മനസ്സില്‍ പഴയകഥകളിലെ പടകാളിത്തെയ്യങ്ങള്‍ നിറച്ചാര്‍ത്തുകള്‍ വിതറി.
കൊയിലാണ്ടിയില്‍ ബാപ്പയുടെ രണ്ടാം ഭാര്യവീട്ടില്‍ ഖാദര്‍ ഒറ്റപ്പെട്ടവനായിരുന്നു. കാവിലെ കോമരങ്ങളും തെയ്യവും ഭൂതകഥകളും കൂട്ടുകാരായി. കൊച്ചുനാളില്‍ ഖാദറിന് ദ്വിഭാഷിയായത് അബ്ദുറഹിമാന്‍ കുട്ടിയായിരുന്നു. അയാളെ കുക്കോയ് എന്നാണ് വിളിച്ചിരുന്നത്. കൊയിലാണ്ടി മാപ്പിള എലിമെന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. മമ്മു മുസ്ലിയാരുടെ സഹായവും ഉപ്പയുടെ ഉമ്മയും (ഉമ്മാമ) ഖാദറിന്റെ വളര്‍ച്ചയില്‍ സഹായികളായി. മറിയക്കുട്ടിച്ച ഖാദറിന് കഥകള്‍ പറഞ്ഞു കൊടുത്തു. ഹൂറിമാരുടെയും രാജകുമാരന്മാരുടെയും കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ഷെയ്ക്കുകളുടെയും എല്ലാം കഥകള്‍ ഖാദര്‍ കേട്ടുവളര്‍ന്നു.
അയല്‍പക്കത്ത് തട്ടാന്‍ ഇട്ട്യേമ്പിയുടെ നാഗക്കൊട്ടയില്‍ നടന്ന നാഗപ്പാട്ടുത്സവങ്ങല്‍ പില്‍ക്കാലത്ത് ഖാദറിന്റെ ചിത്രങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തൃക്കോട്ടൂരങ്ങാടിയും ആവിയും എല്ലാം ഖാദര്‍ ഓര്‍ക്കുന്നു. ആവിയുടെ (നീരൊഴുക്ക്) ഒരു ഭാഗം അങ്ങാടി. മറ്റൊരുഭാഗം കാരയ്ക്കാട്ടാണ്. ഈ ദേശങ്ങളെല്ലാം ഖാദറിന്റെ കഥകളില്‍ കയറിവരുന്നുണ്ട്.
ചന്തയില്‍ ചൂടിവില്‍ക്കുന്ന പെണ്ണിന്റെ കഥപറയുമ്പോള്‍- വടകരച്ചന്തയില്‍ കൊയിലാണ്ടിച്ചൂടി വില്‍ക്കാന്‍ ആഴ്ചതോറും ചെല്ലുന്ന കുന്നുമ്മല്‍ കണാരന്റെ തിയ്യത്തിയെ, ഇരിങ്ങല്‍ അംശം അധികാരി പൈതല്‍ നായര്‍ കണ്ടുകൊതിച്ചു. മുമ്പില്‍ നില്‍ക്കുന്ന ആള്‍ അധികാരിയാണെന്നൊന്നും ജാനകിക്കറിയില്ല. ജാനകിയെക്കണ്ട് അന്തം വിട്ടുപോയ അയാളോട് ജാനകി ചോദിച്ചു-ങ്ങക്ക് ചൂടി വേണോ?
'വേണം' വീണ്ടും തുടര്‍ന്നു പറഞ്ഞു.
'എത്ര കൈയുണ്ട് നിന്റടുത്ത് ചൂടി'
'അറുപതു കൈ ചൂടിയാ ഇന്നിപ്പം ബാക്കി'
'എനിക്കീ അറുപതു കൈ പോയിട്ട് ആറുമുഴം ചൂടിവേണ്ട. എനിക്ക് രണ്ടുമുഴം മതി'
ജാനകിയുടെ മറുപടി-' ഈ ചൂടിയാണെങ്കില്‍ രണ്ടുമുഴം തെകച്ചും വേണ്ട'
അധികാരിയുടെ ചോദ്യം: 'അതെന്താ'
'തൂങ്ങിച്ചാകാനാണെങ്കില്‍ രണ്ടുമുഴം തെകച്ചും വേണ്ട. ഒരെഴയിലും കെട്ടിത്തൂങ്ങിച്ചാകാം.....'
അധികാരി ജാനകിയുടെ കൈ പെട്ടെന്നു കയറിപ്പിടിച്ചു. ജാനകിയുടെ കൈ മിന്നല്‍വേഗത്തില്‍ ഉയര്‍ന്നുതാണു. പൈതല്‍ നായരുടെ കരണത്ത്.
പൈതല്‍ നായര്‍ ചുറ്റുംനില്‍ക്കുന്നവരോട് പറഞ്ഞു-'എനിക്ക് പെണ്ണൊരുത്തിയുടെ അടികൊള്ളണമെന്ന് ജാതകത്തിലുണ്ട്. അതുതീര്‍ന്നു കിട്ടി.'
ചന്തയില്‍ ചൂടിവില്‍ക്കുന്ന ജാനകിയുടെ ജീവിതം ദുരന്തത്തിലാണ് അവസാനിക്കുന്നത്.
യു എ ഖാദര്‍
ഗ്രാമജീവിതവും നാട്ടിന്‍ പുറത്തിന്റെ പൊടിപ്പും തൊങ്ങലുകളും ഖാദറിന്റെ എഴുത്തിലേക്ക് വന്നത് തൃക്കോട്ടൂരിന്റെ മണ്ണിന്റെ മണത്തലൂടെയും നാട്ടുഭാഷയുടെ തെളിമയിലൂടെയുമാണ്. നാലുകെട്ടിനപ്പുറത്തെ ചിങ്ങം പൂരപ്പറമ്പ്. പറമ്പത്തെ കാവ്. കാവിനപ്പുറത്തെ ഭഗവതിയമ്പലം. അമ്പലകുളത്തിന്റെ കിഴക്കേപ്പുറത്തെ കാഞ്ഞിരം. കാഞ്ഞിരത്തറയ്ക്കു മുമ്പിലൂടെ അമ്പലപ്പറമ്പിലേക്കുള്ള വഴി. പകലും ഇരുട്ടായ ഇടവഴി. ഇടവഴിയില്‍ നിന്ന് മുകളിലേക്ക് കയറിപ്പോകുന്ന ഒതുക്കുക്കല്ലുകള്‍ ചെന്നെത്തുന്നത് ഇടിഞ്ഞുപൊളിഞ്ഞ ഒരു വീടിന്റെ പടിപ്പുരയ്ക്കല്‍. പഴയ ഒരു വാരിയം.
മനക്കണ്ണാലുള്ള ഈ കാഴ്ച ഖാദറിന്റെ കുട്ടിക്കാലത്തിന്റെ ശേഷിപ്പുകള്‍തന്നെ.
ബര്‍മ്മയില്‍ നിന്നും കൊയിലാണ്ടിയിലെത്തിയ കുഞ്ഞുഖാദര്‍ കുട്ടിക്കാലം ചെലവിട്ടത് കോരങ്ങാട്ട് തെരുവിലാണ്. ചാലിയത്തെരു തുടങ്ങുന്നത് ഗണപതിയമ്പലത്തില്‍ നിന്നാണ്. പിന്നെ മുക്കിനു മുക്കിനു അമ്പലങ്ങള്‍. കുട്ടിക്കാലത്ത് കാണുന്നതെന്തെന്നോ.. സര്‍പ്പക്കാവിലെ സര്‍പ്പംതുള്ളല്‍. തുള്ളിയുറയുന്ന തിറകള്‍...
തൃക്കോട്ടൂര്‍ തട്ടകം തുടങ്ങുന്നു-'കുഞ്ഞിക്കേളു കുറുപ്പിന് അറിയില്ലെങ്കില്‍ പരിചയപ്പെടുത്താം-ഞങ്ങളുടെ നാട്ടുകാരനാണ്. ചാത്തുക്കുട്ടി ദൈവം....'
ഇങ്ങനെ യു. എ ഖാദര്‍ കഥപറയുന്നത് ഞാന്‍ എന്നതിന് പകരം ഞങ്ങള്‍ നാട്ടുകാരായി മാറിനിന്നിട്ടാണ്. ഇത്തരം ശൈലികള്‍ നോവലുകളിലും കഥകളിലും വരുന്നത് കണ്ടുംകേട്ടും വളര്‍ന്ന ഗ്രാമചുറ്റുപാടിന്റെ സ്വാധീനം തന്നെ. ഉസ്സാന്റകത്ത് അബ്ദള്‍ഖാദര്‍ എന്ന യു. എ ഖാദര്‍ മലയാളകഥയില്‍ അന്നുവരെ കേള്‍ക്കാത്ത പുതിയ ഭാഷാശൈലിയില്‍ പുതുമണ്ണിന്റെ മണവും രുചിയും ഇഴചേര്‍ത്ത് കഥപറഞ്ഞു.
കേരളത്തിന്റെ മതേതര സാംസ്‌കാരികത്തനിമകളും മലബാറിലെ മുസ്ലിം സമുദായത്തിന്റെ സാംസ്‌കാരിക സവിശേഷതകളും ചാലിച്ച് മലയാളസാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക കൊണ്ടുവന്നു. ഖാദറിനെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് കൈപിടിച്ചുയര്‍ത്തിയ സി. എച്ച് മുഹമ്മദ് കോയ സാഹിബ്, പുസ്തകമണം ആവോളം നുകര്‍ന്ന സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ വായനശാല -എല്ലാം ബര്‍മ്മക്കാരനായ കുട്ടിക്ക് പില്‍ക്കാലത്ത് ഊര്‍ജ്ജദായകമായി.
പെരുമാള്‍പുരത്തെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്തത്ര പെരുപ്പമുണ്ട് ഖാദറിന്റെ മനസ്സില്‍. അതില്‍ ഐരാവതി നദിക്കരയില്‍ കരേന്‍വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ ബര്‍മ്മയിലെ ബുദ്ധവിഹാരങ്ങളും പഗോഡകളും നിറഞ്ഞ ബില്ലീന്‍ ഉണ്ട്. കഥാപാത്രങ്ങളെ പേരു ചൊല്ലിവിളിക്കാന്‍ പാകത്തില്‍ ഓര്‍മ്മകളുടെ മഹാപേടകം ഖാദറിന്റെ ജീവിതത്തില്‍ തുറന്നുകിടക്കുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ ആടിത്തിമിര്‍ക്കാന്‍ പാകത്തില്‍ കഥയുടെ തേജസ്വനിയായി. ജന്മത്തില്‍ മറുനാടനും കര്‍മ്മത്തില്‍ തനിനാടനുമായ യു. എ. ഖാദറിന്റെ കണ്‍മുമ്പില്‍, വാക്കുകളില്‍ ഉറഞ്ഞാടുന്ന ദേശങ്ങള്‍ ഓരോന്നായി ഇതല്‍ വിരിഞ്ഞു.
കഥപോലൊരു ജീവിതം. ജീവിതംപോലൊരു കഥ. ഖാദര്‍ സ്വയം വിശേഷിപ്പിക്കുന്നതും മറ്റൊന്നല്ല.
എന്‍. ഇ ഹരികുമാര്‍ സംവിധാനം ചെയ്ത ഉറഞ്ഞാടുന്ന ദേശങ്ങള്‍ ഖാദറിന്റെ ജീവിതത്തിലേക്ക നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കൊയിലാണ്ടിയില്‍ നിന്നും ബര്‍മ്മയിലേക്ക്. തിരിച്ചും.