'കഭീ കഭീ...'യുടെ എഴുത്തുകാരൻ, അമൃതാ പ്രീതത്തിന്റെ കാമുകൻ, സാഹിർ ലുധിയാൻവിയെ 99-ാം ജന്മദിനത്തിൽ ഓർക്കുമ്പോൾ
സിഗരറ്റ് വിരലുകൾക്കിടയിലങ്ങനെ കുടുങ്ങിക്കിടക്കുമ്പോൾ സാഹിർ തന്റെ വിരലുകളിൽ സ്പർശിക്കുന്നതായി അമൃതയ്ക്ക് തോന്നും. അതിന്റെ പുകയിൽ അമൃത സാഹിറിന്റെ മുഖം കാണും.. അങ്ങനെ വലിച്ചു വലിച്ച് ഒടുവിൽ അമൃത സിഗരറ്റിന് അടിപ്പെടുന്നു.
ഇന്ന് സാഹിർ ലുധിയാൻവിയുടെ തൊണ്ണൂറ്റി ഒമ്പതാം ജന്മദിനമാണ്. ആരാണ് സാഹിർ? അറിയപ്പെടുന്ന ഉറുദു കവി. പാകിസ്താനിലെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന തികഞ്ഞ ഒരു മാർക്സിസ്റ്റ്. അമൃതാ പ്രീതം എന്ന എഴുത്തുകാരിയുടെ വിഖ്യാതനായ കാമുകൻ. കഭീ കഭീ... പോലുള്ള നിരവധി ഹിന്ദി സിനിമാ ഗാനങ്ങളുടെ രചയിതാവ്. അങ്ങനെ പലതുമാണ് സാഹിർ.
1921 മാർച്ച് 8 -ന്, പഞ്ചാബിലെ ലുധിയാനയിലുള്ള കരിംപുര എന്ന ഗ്രാമത്തിലായിരുന്നു, സാഹിർ ലുധിയാൻവി എന്നപേരിൽ ഇന്ന് വിശ്വപ്രസിദ്ധനായ കവിയുടെ ജനനം. മാതാപിതാക്കൾ അദ്ദേഹത്തിനിട്ട പേര് അബ്ദുൾ ഹായീ എന്നായിരുന്നു. അച്ഛൻ ഒരു അറിയപ്പെടുന്ന ജന്മിയായിരുന്നു. ഏറെ ധനികമായ കുടുംബത്തിലായിരുന്നു ജനനം എങ്കിലും അച്ഛന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അച്ഛനും അമ്മയും നിത്യം വഴക്കായിരുന്നു. ഒടുവിൽ അവരുടെ വിവാഹമോചനം നടന്നു, പിന്നാലെ മകന്റെ 'കസ്റ്റഡി'ക്കുവേണ്ടി കേസും. ഒടുവിൽ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതെല്ലാം കൂടി ആകെ സങ്കടഭരിതമായ ഒരു കുട്ടിക്കാലമായിരുന്നു അബ്ദുളിന്റെത്. വല്ലാത്ത അസുരക്ഷിതത്വം, അതുത്പാദിപ്പിച്ച ഭയം അദ്ദേഹത്തെ എന്നെന്നേക്കുമായി പിടികൂടുന്നത് ഇക്കാലത്താണ്. അതിൽ നിന്ന് രക്ഷനേടാൻ വൈകാരികമായി തന്റെ അമ്മ സർദാരി ബീഗത്തോട് വല്ലാതെ അടുക്കുകയാണ് കുഞ്ഞ് അബ്ദുൾ ചെയ്തത്. സ്‌കൂൾ, കോളേജ് പഠനകാലത്തും ഒരു 'അമ്മക്കുട്ടി' തന്നെയായിരുന്നു സാഹിർ.
ലുധിയാനയിൽ എസ് സി ഡി ഗവൺമെന്റ് കോളേജിലായിരുന്നു ബിരുദ പഠനം. കോളേജ് പഠനകാലത്തെ ഒരു പ്രേമബന്ധം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കുന്നതിലേക്കുവരെ കൊണ്ടെത്തിച്ചു. എന്നാൽ, സുഹൃത്തുക്കളിൽ ചിലരെങ്കിലും പറയുന്നത് അന്നെഴുതിയ ഒരു രാഷ്ട്രീയ കവിതയാണ് ആ സസ്പെൻഷന് കാരണമായത്, പ്രേമബന്ധം ഒരു അതിനൊരു മറ മാത്രമായിരുന്നുവെന്നാണ്.
1937 -ൽ വിശ്രുത ഉർദുകവി മുഹമ്മദ് ഇക്ബാൽ എഴുതിയ നാലുവരികൾ വായിക്കാനിടയാകുന്നു അബ്ദുൾ. ഉർദുവിലെ മറ്റൊരു പ്രസിദ്ധ കവിയായ ദാഗ് ദെഹൽവിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയതായിരുന്നു ആ കവിത.
" ഇസ് ചമൻ മേം ഹോംഗേ പൈദാ ബുൾബുൾ-എ-ഷിറാസ് ഭി,
സൈംകടോം സാഹിർ ഭി ഹോംഗേ, സാഹിബ്-ഐജാസ് ഭി,
ഹൂബഹൂ ഖീച്ചേഗാ ലേകിൻ ഇഷ്‌ക് കാ തസ്‌വീർ കോൻ?
ഉഠ് ഗയാ നാവക് ഫഗൻ, മാരേഗാ ദിൽ പേ തീർ കോൻ? "
" ഈ പൂന്തോട്ടത്തിൽ ഇനിയും എത്രയോ
വാനമ്പാടികൾ വന്നുപോകും,
ഇന്ദ്രജാലക്കാരും മാന്ത്രികരും വന്നുപോം,
പക്ഷേ, പ്രണയത്തിന്റെ ഛായാചിത്രം
ഇവിടിനി ആരു വരയ്ക്കും ?
ആ വില്ലാളി പോയില്ലേ?
എന്റെ ഹൃദയത്തിലേക്ക്
ശരമെയ്യാനിനി ആരുണ്ടിവിടെ?"
ആ കവിതാശകലത്തിലെ 'ഇന്ദ്രജാലക്കാരൻ' എന്നർത്ഥമുള്ള 'സാഹിർ' എന്ന പേര് അബ്ദുൾ ഹായിക്ക് നന്നായി ബോധിച്ചു. ഇനിയുള്ള എഴുത്തുകളിൽ തന്റെ 'തഖല്ലുസ്' അഥവാ തൂലികാനാമം അതുമതി എന്ന് അബ്ദുൾ നിശ്ചയിച്ചു. വരും വർഷങ്ങളിൽ ജനഹൃദയങ്ങളിൽ കുടിയിരിക്കാൻ പോകുന്ന വാക്കുകളുടെ ഇന്ദ്രജാലക്കാരനാണ് താനെന്ന് അന്ന് അബ്ദുളിന് അറിയില്ലായിരുന്നു.
കോളേജ് പഠനകാലത്താണ് അദ്ദേഹം സഹപാഠിയും പിൽക്കാലത്ത് സാഹിത്യ നഭസ്സിലെ അറിയപ്പെടുന്ന താരവുമായ അമൃതാ പ്രീതവുമായി പ്രണയത്തിലാവുന്നത്. കവിയരങ്ങുകൾക്കായുള്ള സന്ദർശനങ്ങൾക്കിടയിൽ, സാഹിർ അമൃതയെ കാണാൻ എത്തുമായിരുന്നു. അപ്പോഴൊയൊക്കെ അമൃതയ്ക്ക് തോന്നും, തന്റെ തന്നെ മൗനത്തിന്റെ ഒരംശം അരികിൽ കസേര വലിച്ചിട്ട് ഏറെ നേരമിരുന്നിട്ട് എണീറ്റുപോവുന്നതാണ് എന്ന്. നിശ്ശബ്ദനായിരുന്ന് സിഗരറ്റ് പുകയ്ക്കും സാഹിർ. പാതി തീരുമ്പോഴേക്കും അതിനെ കെടുത്തും. എന്നിട്ട് പുതിയൊരെണ്ണം കൊളുത്തും. അങ്ങനെ തുടരും. ഒടുവിൽ അദ്ദേഹം പോവുമ്പോഴേക്കും ഇതുപോലെ പാതി തീർന്ന ഒരുപാട് സിഗരറ്റുകൾ അമൃതയുടെ മുറിയിൽ ബാക്കിവരും. അമൃതയാണെങ്കിൽ ആ സിഗരറ്റുകൾ ഒന്നൊന്നായി സൂക്ഷിച്ചെടുത്ത് അവരുടെ അലമാരയിൽ ശേഖരിക്കും. പിന്നീടെപ്പോഴെങ്കിലും അവർ മുറിയിൽ ഒറ്റയ്ക്കാവുമ്പോൾ ഈ സിഗരറ്റുകൾ ഒന്നൊന്നായി എടുത്ത് ചുണ്ടോട് ചേർക്കും. കത്തിച്ചു വലിയ്ക്കും. ആ സിഗരറ്റ് അവരുടെ വിരലുകൾക്കിടയിലങ്ങനെ കുടുങ്ങിക്കിടക്കുമ്പോൾ സാഹിർ തന്റെ വിരലുകളിൽ സ്പർശിക്കുന്നതായി അമൃതയ്ക്ക് തോന്നും. അതിന്റെ പുകയിൽ അമൃത സാഹിറിന്റെ മുഖം കാണും.. അങ്ങനെ വലിച്ചു വലിച്ച് ഒടുവിൽ അമൃത സിഗരറ്റിന് അടിപ്പെടുന്നുണ്ട്.
അതിനെ കുറിച്ച് അവരെഴുതിയിട്ടുമുണ്ട്. അത് ഇങ്ങനെയാണ്,
"എന്റെ വിഷാദം,
നിശ്ശബ്ദമൊരു സിഗരറ്റുപോലെ
ഞാൻ പുകച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഞാൻ
തട്ടിയെറിഞ്ഞ ചാരത്തിൽനിന്നും,
ചിലനേരങ്ങളിൽ മാത്രം
കവിതകൾ പിറന്നു.."
അമൃതയെ സാഹിറിനും ജീവനായിരുന്നു. എന്നാലും ഒരു വൈവാഹിക ജീവിതത്തിലേക്കിറങ്ങിച്ചെല്ലാൻ സാഹിർ മടിച്ചു. അമ്മ സർദാരി ബീഗവുമായി, ഏതാണ്ടൊരു 'ഈഡിപ്പൽ ഫിക്സേഷ'നോളം വരുന്ന അടുപ്പം പുലർത്തിയിരുന്ന സാഹിറിന് തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീയെ അടുപ്പിക്കാൻ തോന്നിയിരുന്നില്ല. പിന്നെയും അമൃത മാത്രമായിരുന്നു സാഹിറിനെ തെല്ലെങ്കിലും സ്വാധീനിക്കുകയും ഉള്ളിൽ പ്രണയമുണർത്തുകയും ചെയ്തിട്ടുള്ള ഒരേയൊരു സ്ത്രീ.
1943 -ൽ ദയാൽ കോളേജിൽ ഒരിക്കൽ കൂടി ബിരുദപഠനത്തിനു ചേരുന്നു സാഹിർ. അവിടെ നിന്നും അധികം താമസിയാതെ തന്നെ തന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം പുറത്താക്കപ്പെടുന്നു. ഒടുവിൽ പഠനം തന്നെ വേണ്ടെന്നു വെക്കുന്നു. ദീർഘകാലം പ്രസാധകൻ കിട്ടാതിരുന്ന ശേഷം ഒടുവിൽ, 1945 -ൽ സാഹിറിന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആദ്യ കവിതാ സമാഹാരം, 'തൽഖിയാ' അഥവാ 'കയ്പ്പ്' പുറത്തിറങ്ങുന്നു. തുടർന്ന് പാകിസ്താനിലെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സാഹിർ, വ്യക്തമായ മാർക്സിസ്റ്റ് നിലപാടുകളും പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ തന്റെ കമ്യൂണിസ്റ്റ് ചായ്‌വ്‌കാരണം സാഹിറിനെതിരെ പാകിസ്ഥാൻ ഗവൺമെന്റ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ സാഹിർ 1949 ൽ പാകിസ്താനിൽ നിന്ന് ഒളിച്ചോടി ദില്ലി വഴി, മുംബൈയിൽ വന്നു സ്ഥിരതാമസമാക്കുന്നു. അന്ധേരിയിലെ ഒരു ഒറ്റമുറി വാടകവീട്ടിലായിരുന്നു താമസം.
സിനിമകൾക്ക് പാട്ടെഴുതാൻ അവസരം തേടി ഏറെ അലഞ്ഞിട്ടുണ്ട് സാഹിർ ബോംബെയിൽ. തുടക്കത്തിലെ കഷ്ടപ്പാടുകൾക്ക് ശേഷം സാഹിറിന്റെ ജീവിതത്തിലെ അന്നോളമുള്ള 'കയ്പ്പ്' മധുരമായി മാറി. ആദ്യ അവസരം,1949 -ൽ ഇറങ്ങിയ 'ആസാദീ കീ രാഹ് പർ' എന്ന സിനിമയിൽ നാല് പാട്ടുകൾ എഴുതാനായിരുന്നു. ഈ സിനിമയിലെ ഗാനങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, എസ്ഡി ബർമന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ 'നൗജവാൻ' എന്ന vചിത്രത്തിനുവേണ്ടി എഴുതിയ പാട്ടുകൾ സൂപ്പർഹിറ്റുകളായി.. ഖാറിലെ ഗ്രീൻ ഹോട്ടലിൽ ട്യൂണിട്ടുകൊണ്ടിരിക്കുകയായിരുന്ന ബർമൻ'ദാ ട്യൂൺ പറഞ്ഞുകൊടുത്തതും, നിന്ന നില്പിനാണ് സാഹിർ 'ഠണ്ഡീ ഹവായേം ലെഹാരകേ ആയെ...' എന്ന ഗാനം എഴുതിക്കൊടുക്കുന്നത്. അതോടെ അദ്ദേഹം ബോളിവുഡിലെ സ്റ്റാർ ഗാനരചയിതാവായി മാറി. അടുത്ത വർഷമിറങ്ങിയ ബാസി എന്ന ചിത്രത്തിലൂടെ അദ്ദേഹം ഗുരുദത്ത് ക്യാമ്പിലേക്ക് എത്തിപ്പെട്ടു. എസ്.ഡി. ബർമൻ, ഒ.പി. നയ്യാർ, ഹേമന്ത് കുമാർ എന്നീ സംഗീത സംവിധായകർക്കു വേണ്ടി സ്ഥിരമായി പാട്ടുകൾ എഴുതിത്തുടങ്ങി. എസ്ഡി ബർമാനോടൊപ്പം പ്യാസാ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ 'ജാനേ വോ കൈസേ...' എന്ന വിഷാദഗാനം ഏറെ പ്രസിദ്ധമായി. " സ്നേഹത്തിനു പകരമായി സ്നേഹം തിരിച്ചു കിട്ടിയിട്ടുള്ളവർ ഇവിടെയാരുണ്ട്..? ഞാൻ പൂക്കൾ മോഹിച്ചപ്പോൾ എനിക്ക് കിട്ടിയത് മുള്ളുമാലയായിരുന്നു" എന്നദ്ദേഹം ആ പാട്ടിലെഴുതി.
തന്റെ 'താജ് മേരെ മെഹബൂബ് തെരെ ലിയേ' എന്ന റഫി ഗാനത്തിലൂടെ, 'ഷാജഹാൻ ചക്രവർത്തി തന്റെ സമ്പത്തിന്റെ സഹായത്തോടെ പാവപ്പെട്ടവരുടെ ദാരിദ്ര്യത്തിന് നേരെ കൊഞ്ഞനം കുത്തിയതാണ് താജ് മഹൽ...' എന്ന് സാഹിർ പാടിയപ്പോൾ അതിനെതിരെ നാട്ടിലെ യാഥാസ്ഥിതികരായ മുസ്ലിംകൾ പലരും രംഗത്തെത്തി. ഷാജഹാൻ ചക്രവർത്തിയെ അനാവശ്യമായി അപമാനിക്കാൻ നാസ്തികനായ സാഹിറിന് എന്തവകാശം എന്നായിരുന്നു അവരുടെ ചോദ്യം.
പ്രേമത്തെ തന്റെ വരികളിൽ എന്നും പടർത്തി നിർത്തിയ സാഹിർ ലുധിയാൻവിയുടെ ജീവിതത്തിലെ പ്രണയങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കപ്പെട്ടില്ല. ആദ്യം അമൃതയെ പ്രേമിച്ച സാഹിർ പിന്നീട് സുധാ മൽഹോത്ര എന്ന ഗായികയുമായി ദീർഘകാലം പ്രണയത്തിലായിരുന്നു. അതും വിവാഹത്തിൽ കലാശിക്കാതെ അവസാനിച്ചു. ഗുലാം ഹൈദർ കണ്ടെടുത്ത കോകിലനാദമായിരുന്നു സുധ മൽഹോത്ര. 1959 -ലെ ദീദി എന്ന ചിത്രത്തിനുവേണ്ടി സാഹിർ എഴുതിയ, 'തും മുഝേ ഭൂൽ ഭി ജാവോ' എന്ന ഗാനം സുധ പാടിയപ്പോൾ, 'ഇതാ അടുത്ത ലതാമങ്കേഷ്കർ' എന്ന് അന്ന് ബോളിവുഡ് ഒന്നടങ്കം പറഞ്ഞു.
1960 ചേതൻ ആനന്ദ് സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ സുധാ മൽഹോത്രയ്ക്കു പാടാൻ വേണ്ടി അതി സുന്ദരമായ ഒരു ഗസൽ എഴുതുന്നുണ്ട് സാഹിർ. നിർഭാഗ്യവശാൽ ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു. ആ ഗസൽ പാടാനുള്ള യോഗം സുധാ മൽഹോത്രയ്ക്കുണ്ടായില്ല. ആ ഗസൽ പിന്നീട് യഷ് ചോപ്രയുടെ 1976 -ലെ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിനുവേണ്ടി, ഖയ്യാമിന്റെ സംഗീതത്തിൽ മുകേഷിന്റെ സ്വരത്തിൽ അമിതാഭ് ബച്ചൻ പാടി അഭിനയിച്ചു. അതിന്റെ ഫീമെയിൽ വേർഷൻ പാടാനുള്ള യോഗം ലതാ മങ്കേഷ്കറിനും കൈ വന്നു. ആ പാട്ട് കേൾക്കാത്തവരായി ഇന്ത്യയിൽ ആരും കാണില്ല ഒരു പക്ഷേ, " കഭീ കഭീ, മേരെ ദിൽ മേം..."
1963 -ൽ പുറത്തിറങ്ങിയ ബി ആർ ചോപ്രയുടെ ഗുംറാഹ് എന്ന ചിത്രത്തിലും സാഹിറിന്റെ ഒരു പ്രസിദ്ധമായ ഗാനമുണ്ട്, 'ചലോ ഏക് ബാർ ഫിർസെ...'. 'വരൂ, നമുക്ക് ഒരിക്കൽ കൂടി അപരിചിതരായ മാറാം...' എന്നുതുടങ്ങുന്ന ആ പാട്ട്, സുധ മൽഹോത്രയെയും ഭർത്താവിനെയും പിൽക്കാലത്ത് ഒരു പാർട്ടിയിൽ വെച്ച് കണ്ടപ്പോൾ അദ്ദേഹം എഴുതിയതാണ് എന്ന് പറയപ്പെടുന്നു.
ആ പാട്ടിലെ രണ്ട് വരികളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ അന്നോളമുണ്ടായ എല്ലാ പ്രണയങ്ങളെയും ഉപസംഹരിക്കാൻ പറ്റിയത്, 'വോ അഫ്സാനാ ജിസ് അൻജാം തക് ലാനാ നാ ഹോ മുംകിൻ, ഉസെ ഏക് ഖൂബ്സൂറത്ത് മോഡ് ദേകർ ഛോഡ്നാ അച്ഛാ..! ' - ' അവസാനിപ്പിക്കാൻ പറ്റാത്ത ഒരു കഥയെ, ഒരു ട്വിസ്റ്റ് കൊടുത്ത് അതിന്റെ പാട്ടിന് വിടുന്നതാണ് നല്ലത്..' എന്ന്..!
സിഗരറ്റു ചാരത്തിൽ നിന്ന് പിറന്ന കവിതകളെ കടലാസിലേക്ക് പകർത്തിയ അമൃതാ പ്രീതം എന്ന ഉന്മാദി