അങ്ങനെയൊരാളെ കേരളം മറക്കരുതായിരുന്നു...
മലയാള പുസ്തകപ്രസാധനം നിർമിതിയിലും ഉള്ളടക്കത്തിലും പതിവ് ശീലങ്ങളിൽ കുരുങ്ങി കിടന്ന കാലമായിരുന്നു എൺപതുകൾ. തോട്ടം കവിതകൾ എന്ന സിസ്റ്റർ മേരി ബനീഞ്ഞ തോട്ടത്തിന്റെ പുസ്തകത്തിന് കവറായി വഴുതനങ്ങയും വെണ്ടക്കയും വരച്ചുവെച്ചിരുന്ന ഒരു കാലം. അക്കാലത്താണ് മൗലികമായ മാറ്റങ്ങളുമായി ഷെൽവിയും മൾബെറിയും വരുന്നത്.
വായിക്കാന്‍ മാത്രമല്ല, കാണാനും വാങ്ങാനും കൂടി ഉള്ളതാണ് പുസ്തകമെന്ന് മലയാളത്തെ പഠിപ്പിച്ച പ്രസാധക പ്രതിഭ ഷെല്‍വി ഇല്ലാതായിട്ട് 20 വര്‍ഷങ്ങള്‍. മലയാള പ്രസാധന രംഗത്തെ അടിമുടി മാറ്റിയ പരീക്ഷണങ്ങളുടെ അമരക്കാരനായിരുന്നു കവി കൂടിയായ ഷെല്‍വി. മികച്ച പുസ്തകങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, പുസ്തകക്കച്ചവടത്തിന്റെ സാമ്പത്തിക ചതുരംഗത്തില്‍ പരാജയപ്പെടുകയായിരുന്നു ഷെല്‍വി. പുതിയൊരു പുസ്തക സംസ്‌കാരത്തിനായി ആത്മബലി നടത്തിയ ഷെല്‍വിയോട് മലയാള സാഹിത്യ -പ്രസാധന -സാംസ്‌കാരിക രംഗം നീതി കാട്ടിയോ? ഇല്ലെങ്കില്‍, അതിനുള്ള സമയമാണിത്.
ഒരിക്കലും ഞാനുണ്ടായിരുന്നില്ല
മഴ എന്റെ പേരെഴുതിയില്ല
മഴ എന്റെ പേരു മായ്ച്ചതുമില്ല
ഇല്ല ഞാനുണ്ടായിരുന്നില്ല
മഴയില്‍ എല്ലാം മറക്കപ്പെടും
ഷെൽവിയുടെ കവിതയാണ്. കവിയും പ്രസാധകനുമായിരുന്ന ഷെൽവിയെന്ന ഷെൽവിരാജിന്റെ. മരണത്തിലേക്ക് മറഞ്ഞ് രണ്ട് പതിറ്റാണ്ടാകുമ്പോൾ കേരളത്തിലെ സാഹിത്യലോകം എങ്ങനെയാണ് ഷെൽവിയെ ഓർക്കുന്നുണ്ടാവുക. അതോ നാം അയാളെ, അയാളുടെ കവിതകളെ, പ്രസാധനരംഗത്ത് അയാൾക്ക് മാത്രം സൃഷ്ടിക്കാൻ കഴിഞ്ഞ ചലനങ്ങളെ മറന്നു കഴിഞ്ഞോ? 'പുതിയൊരു പുസ്തക സംസ്‌കാരത്തിനായി നടന്ന ആത്മബലി' എന്നാണ് എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഷെൽവിയുടെ ആത്മഹത്യയെ കുറിച്ച് ഒരിക്കൽ പറഞ്ഞത്.
ഷെൽവിയുടെ സുഹൃത്തും എഴുത്തുകാരനുമായിരുന്ന പി. കെ പാറക്കടവ് തന്റെ ഓർമ്മകളിലുള്ള ഷെൽവിയെ കുറിച്ച് പറയുന്നുണ്ട്, പുസ്തകങ്ങൾക്ക് ശ്വാസം മുട്ടും എന്ന് പറഞ്ഞ് മുറിപൂട്ടി ഇറങ്ങുമ്പോൾ ഒരു ജനലെങ്കിലും തുറന്നിടുമായിരുന്ന ഷെൽവിയെ കുറിച്ച്.
സുഹൃത്തും മാതൃഭൂമി ബുക്ക്സിന്റെ സീനിയർ മാനേജറുമായ നൗഷാദ് പറയുന്നുണ്ട്, അതുവരെ പ്രസാധനലോകം പിന്തുടർന്നുവന്ന പതിവുരീതികൾക്കപ്പുറത്ത് മൗലികമായ മാറ്റങ്ങളുമായി കടന്നുവന്ന ഷെൽവിയെയും മൾബെറിയെയും കുറിച്ച്.
കാല്പനികമെന്ന് തോന്നാവുന്ന അതിമൃദുവായ മനസ് കൊണ്ടും കവിയായി മാറുന്നവരുണ്ട്. ഷെൽവി അതായിരുന്നില്ല. അത് മാത്രമായിരുന്നു ഷെൽവിയെങ്കിൽ മലയാളത്തിൽ പ്രസാധനരംഗത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ ഷെൽവിക്കും അദ്ദേഹത്തിന്റെ മൾബറി പബ്ലിക്കേഷൻസിനും സാധിക്കുമായിരുന്നില്ല. പക്ഷേ, ഷെൽവിക്ക് ഒരു കച്ചവടക്കാരന്റെ മനസുണ്ടായിരുന്നില്ല. 20 വർഷം മുമ്പ് 2003 ആഗസ്ത് 21 -ന് ഷെൽവി തന്റെ ജീവിതം അവസാനിപ്പിച്ചത് അതുകൊണ്ട് തന്നെയാവണം.
എന്തായിരുന്നു ഷെൽവി? നാം അദ്ദേഹത്തെ ഓർത്തതും അടയാളപ്പെടുത്തിയതും എങ്ങനെയാണ്?
പ്രസാധനരംഗത്തെ അത്ഭുതമായിരുന്നു ഷെൽവി -പി. കെ പാറക്കടവ്
കോഴിക്കോട് ആര്യഭവന്റെ ഒരു ചെറിയ മുറിയായിരുന്നു ഷെൽവിയുടെ സങ്കേതം -മൾബറി ബുക്സ്. അവിടെ നിന്നിറങ്ങുന്ന പുസ്തകങ്ങൾ പ്രസാധനരംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കി. മലയാളത്തിൽ മികച്ച പുസ്തകങ്ങൾ ഇറക്കിയത് ഷെൽവിയായിരുന്നു. പ്രസാധനരംഗത്തെ ഒരു അത്ഭുതം എന്ന് തന്നെ പറയാം.
സർഗാത്മകതയുടെ ഇടപെടലുകൾ കേരളം അറിഞ്ഞത് ഷെൽവി ഇറക്കിയ പുസ്തകങ്ങളിലൂടെയാണ്. ഓർമ്മയുടെ വോള്യം ഇറക്കിയിട്ടുണ്ട് മൾബറി. ആദ്യമായി മലയാളത്തിൽ പുസ്തകങ്ങളുടെ പുസ്തകം എന്ന് ഷെൽവിയെ തന്നെ വിശേഷിപ്പിച്ച രണ്ട് വോള്യങ്ങളുണ്ടായി. അതിനുശേഷമാണ് ഓർമ്മകൾ പുസ്തകരൂപത്തിൽ വരുന്നത്. കൈകഴുകി തൊടേണ്ടി വരുന്ന പുസ്തകങ്ങൾ എന്ന് പറയാവുന്ന പുസ്തകങ്ങളായിരുന്നു ഷെൽവി ഇറക്കിയ പുസ്തകങ്ങൾ.
ഒരു ചെറിയ പിശക് കവറിലോ പുസ്തകത്തിന്റെ അകത്തോ എവിടെയെങ്കിലും ഉണ്ടായാൽ തന്നെ ഷെൽവി അസ്വസ്ഥനാകുമായിരുന്നു. കുറേ ദിവസങ്ങളോളം അത് മതി ഷെൽവിയെ അലട്ടാൻ. പുസ്തകം വാങ്ങാൻ വരുന്നവരോട് ആ ദിവസങ്ങളിൽ സന്തോഷത്തോടെയായിരിക്കില്ല പെരുമാറ്റം. ആ ഷെൽവിയേയും ഓർമ്മയുണ്ട്.
പി. കെ പാറക്കടവ്, പി സുരേന്ദ്രൻ, ഷെൽവി
നല്ലൊരു കവി കൂടിയായിരുന്നു ഷെൽവി. രണ്ട് കവിതാസമാഹാരം നൊസ്റ്റാൾജിയ, അലൗകികം എന്നിവ ഇറക്കി. പ്രകാശനം നടത്തിയത് ഒരു പാതിരാത്രിയാണ്. കൊച്ചുബാവ, രാമനുണ്ണി, സുരേന്ദ്രൻ, സുധീഷ്, നൗഷാദ്, എന്നിങ്ങനെ തുടങ്ങി കുറച്ച് സുഹൃത്തുക്കൾ മാത്രമാണുണ്ടായിരുന്നത്. അതിലെ ഓരോ കവിതകളും ചൊല്ലിയായിരുന്നു പ്രകാശനം.
പൂർണതയെ കുറിച്ചുള്ള ഒരുതരം നിർബന്ധബുദ്ധി ഷെൽവിക്കുണ്ടായിരുന്നു. പുസ്തകത്തിന്റെ നിർമ്മിതിയിൽ വളരെ ചെറിയ ഒരു പിഴവ് പോലും ഷെൽവിക്ക് താങ്ങാനാവുമായിരുന്നില്ല. ഷെൽവി ഇറക്കിയ ഒരുപാട് പുസ്തകങ്ങൾ കയ്യൊപ്പിട്ട് തന്നത് എന്റെ പുസ്തകശേഖരത്തിലുണ്ട്. ആദ്യകാലത്ത് എന്റെ ഒരു നല്ല കഥാസമാഹാരം 'മൗനത്തിന്റെ നിലവിളി', ഷെൽവിയുടെ മൾബറിയിലൂടെയാണ് പുറത്ത് വന്നത്. അതിൽ ഓരോ കഥയ്ക്കും കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ഓരോ ചിത്രകാരന്മാരെയും കൊണ്ട് ചിത്രം വരപ്പിച്ചിട്ടുണ്ട്. അതൊക്കെയും ഷെൽവിയുടെ ആശയം തന്നെയായിരുന്നു
ഒരു പ്രസാധകനെന്ന നിലയിലും കവി എന്ന നിലയിലും കേരളം ഷെൽവിയെ ഓർക്കേണ്ടതായിരുന്നു. അത് വേണ്ട തരത്തിൽ ഓർത്തു എന്ന് പറയാൻ സാധിക്കില്ല. മികച്ച ഒരു കവി കൂടിയാണ് ഷെൽവി. പ്രസാധനരംഗത്ത് ഒരു പുതിയ ട്രെൻഡ് തന്നെ കൊണ്ടുവന്നയാൾ. ആ രീതിയിലും നമ്മൾ ഷെൽവിയെ ഏറെ മനസിലാക്കുകയും പരിഗണിക്കുകയും ചെയ്യണമായിരുന്നു.
പുസ്തകങ്ങൾക്കും ഒരു സൗന്ദര്യശാസ്ത്രമുണ്ടെന്ന് ബോധ്യപ്പെടുത്തിയ പ്രസാധകൻ -നൗഷാദ്
മലയാള പുസ്തകപ്രസാധനം നിർമിതിയിലും ഉള്ളടക്കത്തിലും പതിവ് ശീലങ്ങളിൽ കുരുങ്ങി കിടന്ന കാലമായിരുന്നു എൺപതുകൾ. തോട്ടം കവിതകൾ എന്ന സിസ്റ്റർ മേരി ബനീഞ്ഞ തോട്ടത്തിന്റെ പുസ്തകത്തിന് കവറായി വഴുതനങ്ങയും വെണ്ടക്കയും വരച്ചുവെച്ചിരുന്ന ഒരു കാലം. അക്കാലത്താണ് മൗലികമായ മാറ്റങ്ങളുമായി ഷെൽവിയും മൾബെറിയും വരുന്നത്. ക്രൗൺ സൈസിൽ നിന്നും ഇന്നത്തെ 1/8 സൈസിലേക്ക് പുസ്തകത്തെ വലുതാക്കി. കവർ, ലേ ഔട്ട്, ബ്ലർബ് എന്നിവ സൂക്ഷ്മമവും മനോഹരവുമായി. പലതരം ആന്തോളജികൾ പ്രസിദ്ധീകരിച്ചു. മാർകേസ്, നെരൂദ, സാക്കിസ്, ജിബ്രാൻ എന്നിവർക്കൊപ്പം കെ.ജി.എസ്., വിജയലക്ഷ്മി, ബെന്യാമിൻ, പി. സുരേന്ദ്രൻ തുടങ്ങിയവരുടെ ആദ്യ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
ഷെൽവി മൾബെറിയിൽ
പുസ്തകങ്ങൾക്കും ഒരു സൗന്ദര്യശാസ്ത്രമുണ്ടെന്ന് മലയാളിയെ ബോധ്യപ്പെടുത്തി. കൈ കഴുകി തൊടേണ്ട പുസ്തകങ്ങൾ എന്നു വിളിക്കാവുന്ന മികവിൽ പുസ്തകങ്ങൾ പുറത്തിറക്കി. ഷെൽവിയുടെ പ്രസാധന രംഗത്തെ ഇത്തരം ഇടപെടലുകൾ വേണ്ടരീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പുസ്തക പ്രസാധനം POD യിലും ഇബുക്കിലും ഓഡിയോ ബുക്കിലും എത്തി നിൽക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഇക്കാലത്ത് ഷെൽവി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിട്ടുണ്ട്.
ഒപ്പം കേരളത്തിൽ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല ഷെൽവി എന്നും തോന്നുന്നു. കാരണം, ഷെൽവി പുസ്തകപ്രസാധക രംഗത്ത് എന്താണ് ചെയ്തത് എന്ന് മനസിലാത്തതു കൊണ്ടായിരിക്കണം.
അങ്ങനെയൊരാളെ കേരളം മറക്കരുതായിരുന്നു -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
കേരളത്തിൽ നാം ആളുകളെ ഓർക്കുന്നത് ഒന്നുകിൽ അയാൾ പാർട്ടിയുടെ ആളായത് കൊണ്ടാവും. അല്ലെങ്കിൽ മതപുരോഹിതന്മാരോ മേലാളരോ ആയിരിക്കും. അതിനാലാവണം ഷെൽവി എന്ന കവിയും പ്രസാധകനും ഓർമ്മിക്കപ്പെടാതെ പോകുന്നത്.
എന്നാൽ, വളരെ ആഴത്തിൽ നമ്മുടെ സാംസ്കാരിക രംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച ആളാണ് ഷെൽവി. ഒരു പുതിയ പ്രസാധന ലോകം, പുസ്തക നിർമ്മാണരീതി, വിഷയസ്വീകരണ രീതി ഇവയെല്ലാം ഷെൽവി നിർമ്മിച്ചു. മലയാളി കേട്ടിട്ടുപോലുമില്ലാത്ത വൈദേശികരായ എഴുത്തുകാർ, ഇന്ത്യക്കകത്ത് തന്നെയുള്ള കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള ആളുകളെ ഒക്കെ അവതരിപ്പിച്ച ആളാണ് ഷെൽവി. പ്രസാധന രംഗത്തെ വലിയ തരംഗം എന്ന് തന്നെ മൾബറിയുടെ പ്രവർത്തനങ്ങളെ വിശേഷിപ്പിക്കാം. അങ്ങനെയുള്ള ഷെൽവിയെ പോലൊരാളെ നമ്മുടെ സാംസ്കാരികരംഗം അനുസ്മരിക്കുന്നില്ല എന്നത് വളരെ തെറ്റായ കീഴ്വഴക്കം തന്നെ.
പലരോടും അക്കാര്യം പറഞ്ഞുപറഞ്ഞ് നാം മടുത്തിരിക്കുകയാണ്. കേരള സാഹിത്യ അക്കാദമി ഇപ്പോൾ പല വിഭാഗത്തിലും അവാർഡുകൾ നൽകുന്നുണ്ട്. അതിൽ, ഷെൽവിയുടെ ഓർമ്മ എന്ന നിലയിൽ മികച്ച രൂപകല്പനയ്ക്ക് അവാർഡ് നൽകിക്കൂടെ? പല ഭാഷകളിലും ഇപ്പോൾ പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. നമ്മുടെ തൊട്ടടുത്ത് തന്നെ തമിഴ്, കന്നട ഒക്കെ ഭാഷയിൽ പുസ്തകങ്ങൾ ഇറങ്ങുന്നു. അവിടങ്ങളിലൊന്നും തന്നെ മലയാളത്തിലുള്ളത്ര ഭംഗിയുള്ള പുസ്തകങ്ങൾ ഇറങ്ങുന്നില്ല. ഇവിടെയുള്ളത്ര നല്ല നിർമ്മാണ രീതി അവിടങ്ങളിൽ എത്തിയിട്ടില്ല. അതിൽ മുന്നേ നടന്ന ഒരാളുടെ പങ്കുണ്ട്, ആ മുന്നേ നടന്ന ആളുടെ പേരാണ് ഷെൽവി. പുസ്തകത്തിന് വേണ്ടി മാത്രം ജീവിക്കുകയും അതിനാൽ മരിക്കുകയും ചെയ്ത ആളാണ് അദ്ദേഹം.
പുതിയ പുസ്തകത്തിന്റെ കോപ്പി വന്നുകഴിഞ്ഞാൽ ആരേയും തൊടാൻ വിടുമായിരുന്നില്ല ഷെൽവി. അതുമായി ഒരുതരം ധ്യാനത്തിലെന്ന പോലെ ഏറെനേരം ചെലവിടും. ആ പുസ്തകം മണത്തുനോക്കും. ഒരു കവിത എഴുതുന്ന പോലെ തന്നെയാണ് ഷെൽവിക്ക് പുസ്തകനിർമ്മാണവും. 'ആധുനിക മലയാള പുസ്തക രൂപകല്പനയുടെ പിതാവ്' എന്ന് ഷെൽവിയെ വിശേഷിപ്പിക്കാൻ പോലും എനിക്ക് മടിയില്ല. പുസ്തകരൂപകല്പനയിൽ ഷെൽവിയുടെ പങ്കും ഒരു സാംസ്കാരിക പ്രവർത്തനമാണ്. ഒരു കവി എന്ന നിലയിലും, മികച്ച എഴുത്തുകാരെ കൊണ്ടുവന്ന പ്രസാധകനെന്ന നിലയിലുമുണ്ട് പങ്ക്. അങ്ങനെയൊരാളെ കേരളം മറക്കരുതായിരുന്നു.
വായിക്കാം: പുതിയ പുസ്തക സംസ്‌കാരത്തിനായി ആത്മബലി നടത്തിയ ഷെല്‍വിയോട് കേരളം കടം വീട്ടേണ്ടേ?