'ഒരു തിരമരിക്കുമ്പോൾ, മറുതിര ജനിക്കുന്നു വിലയത്തിലും, നവജീവോദയം തന്നെ...' പ്രധാനമന്ത്രിയെഴുതിയ കവിതയുടെ പരിഭാഷ
നീയെൻ പ്രിയാധ്യാപകൻ,
എന്നുമെൻ പ്രിയാധ്യാപകൻ നീ...
നിന്റെയലകളിൽ ജീവസന്ദേശം.
അതിരാവിലെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് നടക്കാന്‍ പോയ പ്രധാനമന്ത്രി നരേന്ദ്രമോദി കടലിനെ കുറിച്ചെഴുതിയ കവിതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കടലിനോടുള്ള സംഭാഷണമാണ് കവിത. 'സാഗരമേ നിനക്കെന്റെ സ്നേഹവന്ദനം' എന്ന് തുടങ്ങിയ കവിത സാഗരത്തെ വര്‍ണ്ണിക്കുകയും അതിന്‍റെ പ്രത്യേകതകളെടുത്ത് പറയുകയും ചെയ്യുന്നതാണ്. ഈ സാഗരം തനിക്ക് അധ്യാപകന്‍ തന്നെയാണെന്നും അത് തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എഴുതുന്നുണ്ട്. ഇതാ കവിതയുടെ പരിഭാഷ.
സാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
ധീരനതിഗംഭീരൻ നീ,
നീലിമയോലും നിന്നുദകം
വിശ്വജീവപ്രദായകം..!
അപാരമീ വിസ്താര, മപാരമീ വിശാലത-
യതിസുന്ദരമല്ലോ നിൻ ചാരുരൂപം,
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം!
നിത്യമിക്കാണുന്ന കാറുംകോളും,
വേലിയേറ്റവുമിറക്കവും,
ഗർജിക്കും തിരമാലകൾതൻ പ്രതാപം -
നിന്റെ വേദനയോ, ആക്രോശമോ
അതോ ദീനവിലാപമോ?
ചഞ്ചലമല്ല നിന്നുടെ മാനസം,
ആശങ്കയില്ല, ഭയലേശമില്ല,
നിന്നോളമാഴമിവിടെ മറ്റാർക്ക്?
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
ശക്തിതന്നപാരഭണ്ഡാരമുള്ളിൽപ്പേറി,
അപാരമാം ഊർജ്ജത്തെയും നെഞ്ചിലൊതുക്കി,
സംയമമെന്നുമേ ശീലമതാക്കി,
സീമകൾക്കുള്ളിൽ സ്വയമൊതുക്കി,
പ്രൗഢഗാംഭീര്യത്തെ എന്നുമോർമ്മിപ്പിച്ചു നീ
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
നീയെൻ പ്രിയാധ്യാപകൻ,
എന്നുമെൻ പ്രിയാധ്യാപകൻ നീ...
നിന്റെയലകളിൽ ജീവസന്ദേശം.
അഭിനന്ദനേച്ഛയില്ലാ, നിനക്കില്ല
അഭയാന്വേഷണവും,
നിശ്ചിന്തമിന്നു
നിൻ നിത്യപ്രവാസം,
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
നിത്യനിര്‍ഝരി നിന്റെയീ
ജീവപ്രവാഹിനി,
നിൽക്കാതെ, നിലയ്ക്കാതെ
ചരൈവതി*, ചരൈവതി, ചരൈവതി
യെന്നുനിൻ മൂലമന്ത്രജപം.
നിരന്തരം, സർവ്വത്രം...!
ഈ യാത്ര അനവരം,
ഇതിൻ സന്ദേശവും അനവരതം..!
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
ഒരു തിരമരിക്കുമ്പോൾ,
മറുതിര ജനിക്കുന്നു
വിലയത്തിലും, നവജീവോദയം തന്നെ.
ജനനമരണത്തിന്റെ
അനുപമക്രമം പോലെ.
നിന്നിലടങ്ങി, നിന്നിലൊടുങ്ങി
പുനർജന്മത്തിൻ നിത്യപ്രതീതിയുണർത്തി...
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
സൂര്യനോടല്ലലോ നിന്റെ
ചിരപുരാതനബന്ധുത
തപ്തമാം നിന്റെയീ ജീവജലം,
നീരാവിയായ് ചെന്നു മാനം തൊടുന്നു,
സൂര്യനെ ചുംബിക്കുന്നു,
മേഘമായ് വീണ്ടും പൊഴിയുന്നു,
മധുമയമായ് പെയ്തിറങ്ങുന്നു
സുജലമായ്, സുഫലമായ്
പ്രകൃതിയെ ഒരുക്കുന്നു.
പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
ജീവിതസൗന്ദര്യം-
നീലകണ്ഠന്റെയാദർശമെന്ന പോൽ
ഇബ്ഭൂമിതൻ കാളകൂടം
സ്വന്തമുടലിൽ പടർത്തി നീ..!
അമ്ലലവണത്തെ നെഞ്ചേറ്റി,
പുതുജീവനീ ലോകത്തിനേകി
ജീവിതമർമ്മപാഠം
പകർന്നുനൽകുന്നു നീ,
എൻ പ്രിയസാഗരമേ, നിനക്കെന്റെ സ്നേഹവന്ദനം..!
* ചരൈവതി - സദാ ചരിക്കുക. അഥവാ നിത്യം സഞ്ചരിച്ചുകൊണ്ടിരിക്കുക - ഋഗ്വേദവചനം