പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

വാക്കുത്സവത്തില്‍ തോമസ് ജോസഫ് എഴുതിയ കഥ- പനിക്കിടക്ക

panikkidakka story by thomas joseph

''ബോധാബോധങ്ങള്‍ക്കു നടുവിലെ ഏകാന്തതയുടെ തുരുത്തില്‍ അയാള്‍ കിടക്കാന്‍ തുടങ്ങിയിട്ട് പത്തുമാസമായി. ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും മറുവശം ഭാഗികമായും തളര്‍ന്ന നിലയിലായിരുന്നു. സംസാരിക്കാനോ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനോ ഭക്ഷണം ഇറക്കാനോ കഴിയാത്ത അവസ്ഥ തുടരുകയാണ്. വയറിലും തൊണ്ടയിലും ട്യൂബുമായി ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതറിയാതെ ഒരേ കിടപ്പ്"

ഈ പറയുന്നത് തോമസ് ജോസഫിന്റെ കാര്യമാണ്. ഇതോടൊപ്പമുള്ള കഥ എഴുതിയ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ തോമസ് ജോസഫിനെക്കുറിച്ച്. അദ്ദേഹത്തിന്റെ സുഹൃത്തും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി. കെ ഹസന്‍ കോയയാണ് ഈ കുറിപ്പ് എഴുതിയത്. അദ്ദേഹം എഴുതിയത് പോലെ ബോധാബോധങ്ങള്‍ക്കു നടുവിലുള്ള ശൂന്യതയിലാണ് ഇപ്പോള്‍ തോമസ് ജോസഫ്. ഒരു വര്‍ഷേത്താളമായി  ചികില്‍സയിലാണ്. ചെലവ് ലക്ഷങ്ങള്‍ കടന്നു. തുടര്‍ ചികിത്സയ്ക്കു മാസം തോറും 50,000 രൂപയെങ്കിലും വേണം. 2018 സെപ്റ്റംബര്‍ 15നു രാത്രി ഉറക്കത്തില്‍ പക്ഷാഘാതമുണ്ടായാണ് തോമസ് ജോസഫ് അബോധാവസ്ഥയിലായത്. ശരീരത്തിന്റെ ഒരുവശം പൂര്‍ണമായും മറുവശം ഭാഗികമായും തളര്‍ന്നു. തലയോട്ടി തുറന്നു ശസ്ത്രക്രിയ നടത്തിയെങ്കിലും ഓര്‍മയോ ചലനശേഷിയോ വീണ്ടുകിട്ടിയില്ല. ഫിസിയോ തെറപ്പിയും ചെലവേറിയ ചികിത്സയും തുടരുകയാണ്. പൊതുമേഖലാ സ്ഥാപനത്തില്‍ കരാറുകാരന്റെ കീഴിലുള്ള കാന്റീനിലായിരുന്നു ഭാര്യയ്ക്കു ജോലി. ആശുപത്രിയില്‍ നില്‍ക്കാന്‍ ദീര്‍ഘകാല അവധി എടുത്തതു മൂലം ജോലി നഷ്ടമായി. 

നാടക നടനായ മകന്‍ ജെസ്സെ, യൂസ്ഡ് കാര്‍ ഷോറൂമില്‍ ജോലി ചെയ്തു കിട്ടുന്ന ചെറിയ വരുമാനമാണ് ഇന്നു കുടുംബത്തിന്റെ ആശ്രയം. പിതാവു രോഗബാധിതനായതോടെ ജെസ്സെ അഭിനയരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. ജെസ്സെയുടെ പേരില്‍ കാനറ ബാങ്കിന്റെ ചുണങ്ങംവേലി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

വിശദാംശങ്ങള്‍:  
AC NAME-JESSE
AC NO- 2921101008349
IFSC CODE- CNRB0005653
Canara Bank Chunangamveli Branch
Mob no- 9633457192


panikkidakka story by thomas joseph

പനിക്കിടക്ക

വീടിനുള്ളിലേക്കു പ്രവേശിച്ചയുടനെ അസാധാരണമായ ഒരു ചൂട് എന്റെ എല്ലാ രോമകൂപങ്ങളിലേക്കും ഒലിച്ചിറങ്ങി.

''ശാന്തമ്മേ എനിക്കു പനി തുടങ്ങി. നീ പോയി ആ പനിക്കിടക്ക എടുത്തുകൊണ്ടു വരൂ...'' കഴുത്തിലും നെറ്റിയിലും പൊടിഞ്ഞ ചുടുനക്ഷത്രങ്ങളെ തുടച്ചുകളഞ്ഞുകൊണ്ട് ഞാന്‍ വിളിച്ചു പറഞ്ഞു. ശാന്തമ്മ മുഖമാകെ പൊട്ടിവിടര്‍ന്ന ഒരു സന്തോഷവുമായി ഓടിവന്ന് മുറിയുടെ ഒരു മൂലയില്‍ മറന്നുവെച്ചിരുന്ന പനിക്കിടക്ക തട്ടിക്കുടഞ്ഞ് വിരിച്ചുതന്നു. ഞാന്‍ അതിന്റെ നാലതിര്‍ത്തികള്‍ക്കുള്ളില്‍ സ്വയം ബന്ധനസ്ഥനായി. തൊട്ടുമുന്‍പില്‍ ജീവിതം ഒരു അന്യഗ്രഹമായി മാറി. ആ പ്രകൃതിശാസ്ത്രത്തില്‍നിന്ന് ശാന്തമ്മ ഒരു അപരിചിത സസ്യമായി എനിക്കു നേരേ തലയിളക്കി.

''പനിക്കിടക്ക നമുക്ക് സൗഭാഗ്യം തരും.'' ശാന്തമ്മയുടെ സ്വരം കാതുകളിലേക്ക് അരിച്ചിറങ്ങുന്ന എറുമ്പുകളായി. അവളോട് പ്രതികരിക്കാന്‍ ശക്തിയില്ലാതെ ഞാന്‍ ഒരു പൊള്ളുന്ന മയക്കത്തിലേക്കു പ്രവേശിച്ചു. ഇരുട്ടിന്റെ പ്രാചീനമായ മുത്തശ്ശി എന്റെ ആദ്യ സന്ദര്‍ശകയായി; അവര്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് അടച്ചുപിടിച്ചിരുന്ന കൈവിരലുകള്‍ തുറന്നപ്പോള്‍ ഒരു പാരിതോഷികം വെളിവായി. അത് ഇളംമഞ്ഞയും പച്ചയും ചുവപ്പും വര്‍ണങ്ങളുള്ള ഒരു ശലഭമായിരുന്നു. അത് ചിറകുകള്‍ വിടര്‍ത്തി ആ മനോഹര മന്ദഹാസ മുഖം എനിക്കു നേരേതിരിച്ച് എന്നെ അഭിവാദ്യം ചെയ്തു.

''പ്രിയ സുഹൃത്തേ, നമസ്‌കാരം. തിരസ്‌കരിക്കപ്പെട്ട എല്ലാ കുടുംബനാഥന്മാര്‍ക്കുംവേണ്ടി നൃത്തം ചെയ്യുകയാണ് എന്റെ ജോലി. ഭൂമിയുടെ അദൃശ്യമേഖലകളില്‍ ഞാന്‍ പറന്നുയരുമ്പോള്‍ താങ്കളുടെ പനി കുറയുന്നു. അതുകൊണ്ട് ഭയപ്പെടാതിരിക്കുക.'' ശലഭം പറഞ്ഞു. ഞാന്‍ വിസ്മയത്തോടെ അതിന്റെ സാഹോദര്യത്തിലേക്ക് കണ്ണും മിഴിച്ച് നോക്കിക്കിടന്നു.

പെട്ടെന്നാണ് ചുറ്റും ഒരു പ്രകമ്പനം പടര്‍ന്നത്. ഞാന്‍ കാതോര്‍ക്കുമ്പോള്‍ ശാന്തമ്മയുടെ കാലൊച്ചകള്‍ ഉയര്‍ന്ന് ശലഭത്തിന്റെ ചിറകുകള്‍ വിറച്ചു. അത് പരിഭ്രമത്തോടെ എന്നെയൊന്ന് നോക്കിയിട്ട് ചിറകുകള്‍ അടച്ചു. മുത്തശ്ശി ഒരു ഗൂഢസ്മിതത്തോടെ കൈവിരലുകള്‍ പൂട്ടി ശലഭത്തിന് രക്ഷാവലയം ഒരുക്കിയിട്ട് ആകാശവും ഭൂമിയും ഒന്നാകെ നിറയുന്ന കറുത്ത കരിമ്പടവും വലിച്ചിഴച്ച് പുറത്തേക്കു പോയി.

''ഇതാ, ഈ കഞ്ഞികുടിച്ചോളൂ...'' അന്യഗ്രഹത്തില്‍നിന്ന് ശാന്തമ്മ വെച്ചുനീട്ടിയ കഞ്ഞിപ്പാത്രം കിടക്കയിലേക്കു നീണ്ടുവന്നു. പക്ഷേ, എനിക്ക് വിശപ്പോ ദാഹമോ തോന്നിയില്ല. ഞാന്‍ ഏതെല്ലാമോ ആധികളിലും ആശങ്കകളിലും അകപ്പെട്ടു...

പനിക്കിടക്ക സൗഭാഗ്യത്തിലേക്കുള്ള ഒരു വാതിലാണെന്നാണ് തലമുറകളിലൂടെ ഞങ്ങള്‍ക്ക് പകര്‍ന്നുകിട്ടിയ അറിവ്. സമയംവരുമ്പോള്‍ അര്‍ഹതപ്പെട്ട കുടുംബത്തിന് അത് ലഭിക്കും. അത് കടന്നുവരുന്ന സമയം എപ്പോഴാണെന്നോ കൊണ്ടുവരുന്നത് ആരാണെന്നോ ആര്‍ക്കും നിശ്ചയമില്ല. ''കിടക്ക വേണോ... കിടക്ക...'' എന്ന് വിളിച്ചുചോദിച്ചുകൊണ്ട് വീടിനു മുന്‍പിലൂടെ പ്രഭാതംമുതല്‍ പ്രദോഷംവരെ കിടക്കവില്പനക്കാര്‍ അലഞ്ഞുകൊണ്ടിരിക്കും. പക്ഷേ, അവരിലാരും വീട്ടിലേക്ക് കടന്നുവരാത്തതില്‍ ശാന്തമ്മ കുപിതയായിരുന്നു. പടികടന്ന് അവള്‍ ഉറക്കെ വിളിച്ചുകൊണ്ട് അവരുടെ പിറകെ ഓടിയെങ്കിലും അവരിലാരും ഒന്ന് തിരിഞ്ഞുനോക്കിയതേയില്ല. എങ്കിലും അവളുടെ പ്രാര്‍ത്ഥനയ്ക്ക് മുടക്കമുണ്ടായില്ല. ദൈവം അവള്‍ക്ക് ചെവി കൊടുത്തിരിക്കണം; എന്റെ സ്വപ്നത്തിലേക്ക് അജ്ഞാതനായ ഒരാള്‍ കിടക്കകളും ചുമന്നുകൊണ്ട് പടികടന്നുവന്നു. 

ആ മനുഷ്യന്‍ വെളിപ്പെടുത്തിയ രഹസ്യവിവരം മണത്തറിഞ്ഞ് ശാന്തമ്മ കൈനിറയെ പാരിതോഷികങ്ങളുമായി എന്റെ തറവാട്ടിലേക്കു പോയി; അവള്‍ എന്റെ ഇളയ സഹോദരന്‍ ജീവനും കുടുംബത്തിനും ആഹാരത്തില്‍ മയക്കുമരുന്ന് നല്‍കിയിട്ട് തട്ടിന്‍മുകളില്‍ ആരും കാണാതെ കിടന്നിരുന്ന പനിക്കിടക്കയുമെടുത്ത് നേരം വെളുക്കുന്നതിനു മുന്‍പ് വീട്ടില്‍ മടങ്ങിയെത്തി. അതിനുശേഷം ശാന്തമ്മയും കുട്ടികളും ഞാനും വല്ലാതെ ഒറ്റപ്പെട്ടുപോയി. പിന്നീടൊരിക്കലും അച്ഛനും അമ്മയും വീട്ടിലേക്കു വന്നിട്ടില്ല. പക്ഷേ, അവര്‍ എന്റെ പേടിസ്വപ്നങ്ങളിലേക്കു കടന്നുവന്ന് എന്നെ വിചാരണചെയ്യുകയും ശപിക്കുകയും ചെയ്തു. അങ്ങനെ ശാന്തമ്മ ചെയ്ത അപരാധത്തിന്റെ കറുത്ത നിഴല്‍ എന്നെയാണ് വലയം ചെയ്തത്. അതുപറഞ്ഞ് ഞാന്‍ അവളോട് പലപ്പോഴും കലഹത്തിനൊരുങ്ങിയിട്ടുണ്ട്. പക്ഷേ, അവള്‍ക്ക് ഒരു കുലുക്കവുമുണ്ടായില്ല. എങ്ങനെയെങ്കിലും കുടുംബം ഒന്ന് രക്ഷപ്പെടണമെന്നു മാത്രമേ അവള്‍ ആശിച്ചുള്ളുവത്രേ.

ശാന്തമ്മ ദിവസവും അതിരാവിലെ ഉണര്‍ന്ന് പനിമൃഗത്തെ സ്വീകരിക്കുന്നതിന് ഒരുങ്ങിയിരിക്കുന്നതിനായി എന്നെ ഉപദേശിച്ചു. പക്ഷേ, ആ ഹീനജന്തുവിനെക്കുറിച്ച് സന്തോഷത്തോടെ ചിന്തിക്കാന്‍ ഞാന്‍ അശക്തനായിരുന്നു. കുട്ടിക്കാലത്ത് അവന്‍ എന്നെ സന്ദര്‍ശിച്ചതിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മ ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. ശരീരമാകെ ജ്വലിക്കുന്ന അഗ്‌നിരോമങ്ങളുമായി ചുറ്റും തീഗോളങ്ങള്‍ തുപ്പിക്കൊണ്ട് അവന്‍ ആദ്യമായി കടന്നുവന്നപ്പോള്‍ ഞാന്‍ പേടിച്ചരണ്ട ഒരു നിലവിളിയോടെ അമ്മയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നു. മൂന്നു രാത്രികളും മൂന്നു പകലുകളും കഴിഞ്ഞ് കണ്ണുതുറക്കുമ്പോള്‍ അവന്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. അതിനുശേഷം അവനെ ഞാന്‍ കണ്ടിട്ടേയില്ല.

പനിമൃഗത്തിന്റെ ആഗമനത്തിന് കാലതാമസമുണ്ടാവുകയില്ലെന്ന വിശ്വാസത്തോടെ ഞാന്‍ കാത്തുകിടക്കുകയാണ്. അവന്റെ തീതുപ്പുന്ന മുഖം ദര്‍ശിക്കുന്ന ആദ്യമാത്രയില്‍തന്നെ പനിക്കിടക്ക എല്ലാ സൗഭാഗ്യങ്ങളുംകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് ശാന്തമ്മ പറയുന്നത്. പക്ഷേ, അവന്‍ എപ്പോള്‍ വരുമെന്ന് യാതൊരു തിട്ടവുമുണ്ടായില്ല. ഭാവനയിലേക്ക് അവന്റെ രൂപം കടന്നുവന്ന് എന്നെ ഭീതിയുടെ ചതുപ്പിലേക്ക് വലിച്ചുകൊണ്ടുപോയി... അവന്‍ വിദൂര രാഷ്ട്രങ്ങളില്‍ പകര്‍ച്ചപ്പനിയുടെ അഗ്‌നിവിത്തുകളെ ഉദരത്തില്‍ ഗര്‍ഭം ധരിച്ചുകൊണ്ട് കുഞ്ഞുങ്ങള്‍ക്കിടയില്‍ അലസഗമനം നടത്തുകയായിരുന്നു. ആ സന്ദര്‍ശനങ്ങള്‍ അവസാനിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ അവന്‍ എന്റെ അരികിലെത്താന്‍ ഇനിയും വൈകുമെന്നറിഞ്ഞ് ഞാന്‍ ഗൂഢമായ ഒരാശ്വാസത്തില്‍ അഭയം തേടി. ചിലപ്പോള്‍ ശാസ്ത്രജ്ഞന്മാരുടെ നീണ്ട പരീക്ഷണങ്ങള്‍ക്കും നിതാന്തജാഗ്രതയ്ക്കുംശേഷം കണ്ടുപിടിച്ചേക്കാവുന്ന ഒരു മാരകമായ മരുന്ന് അവനെയും അവന്റെ വംശത്തെയും ഈ ഭൂമിയില്‍നിന്ന് പാടേ ഇല്ലാതാക്കിയേക്കാനും ഇടയുണ്ടായിരുന്നു. അങ്ങനെ പനിമൃഗത്തെക്കുറിച്ചുള്ള ഭയപ്പാടുകളെ ദൂരെയകറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരുരാത്രിയിലാണ് അവന്റെ മൃദുലമായ കാല്‍പതനങ്ങള്‍ കേട്ടുതുടങ്ങിയത്. പേടിയോടെ ചുറ്റുപാടും നോക്കുമ്പോഴും അവന്‍ പെട്ടെന്ന് മിന്നിമാഞ്ഞ് അപ്രത്യക്ഷനായി.

പനിയില്‍നിന്ന് മോചനം നേടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനോ ഒരു പ്രതിഷേധസ്വരമെങ്കിലും പുറപ്പെടുവിക്കുന്നതിനോ എനിക്കു സ്വാതന്ത്ര്യമില്ല. അങ്ങെയെന്തെങ്കിലും സംഭവിച്ചാല്‍ പനി തിരിച്ചെടുക്കാമെന്നും അത് അവസാനത്തിലേക്കുള്ള വഴിയൊരുക്കലാകുമെന്നുമാണ് പറയപ്പെടുന്നത്. അതുകൊണ്ട് പനിയടങ്ങിയ നേരങ്ങളില്‍ ഞാന്‍ ആദരത്തോടെ എഴുന്നേറ്റിരുന്ന് കിടക്കയുടെ ചുളിവുകള്‍ നിവര്‍ത്തുകയും പനിമൃഗത്തോട് പതിവായി പ്രാര്‍ഥിക്കുകയും 
ചെയ്യുന്നു. അപ്പോള്‍ പനിക്കിടക്ക ഭൂമിയുടെ ഒരു തുണ്ടുകഷണമായി ജീവന്‍ വെച്ചുണരുന്നതിന്റെ സ്വരം കേട്ടുതുടങ്ങും. അല്ലെങ്കില്‍ 
അതൊരുനദിയായി രൂപാന്തരം പ്രാപിക്കും. അതിന്റെ ആഴത്തില്‍ നിന്ന് ജലം പൊങ്ങിയുയര്‍ന്നുവരും. അതില്‍ അനേകം വര്‍ണമത്സ്യങ്ങളെ ഞാന്‍ കാണും. ആ മത്സ്യങ്ങളിലൊന്ന് ആ രക്ഷകശലഭമായി രൂപാന്തരം പ്രാപിച്ച് ജലോപരിതലത്തിലേക്ക് നീന്തിയെത്തും. അവിടെ നിന്ന് വര്‍ണച്ചിറകുകള്‍ വിടര്‍ത്തി എന്റെ കിടക്കയിലേക്കു പറന്നണയും...

''ഏറ്റവും ബഹുമാന്യനായ സുഹൃത്തേ, വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്താനാണ് ഞാന്‍ വന്നത്. ആ പനിമൃഗം എന്റെ ശത്രുവാണ്. താങ്കള്‍ അവനെ ആരാധിക്കുമ്പോള്‍ എന്റെ ശക്തിക്ഷയിക്കുന്നു. എന്റെ ചിറകുകള്‍ കുഴഞ്ഞ് ഞാന്‍ പാതാളത്തിലേക്കു നിപതിക്കുന്നു. പിന്നെ, എനിക്ക് താങ്കള്‍ക്കുവേണ്ടി നൃത്തം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഇനിമുതല്‍ അവനോട് പ്രാര്‍ത്ഥിക്കരുത്. അവനെ മറക്കുക. അങ്ങനെയെങ്കില്‍ താങ്കളുടെ പനി മാറി വീണ്ടും ജോലിക്കുപോയിത്തുടങ്ങാനാകും. ഓഫീസില്‍ എല്ലാവരും താങ്കളെ കാത്തിരിക്കുകയാണ്.'' ശലഭം പറയും. 

പിന്നെ, അത് പെട്ടെന്ന് പറന്നകന്നു പോകും. ഉടനെ അതിന്റെ പ്രബോധനം ഞാന്‍ മറന്നുപോവുകയും ചെയ്യും. പിന്നെ ദിവസങ്ങളോളം അതിനെ കാണാന്‍ കഴിയില്ല.
വീണ്ടും ശരീരമാകെ പനിയുടെ കനലുകള്‍ ജ്വലിച്ചുതുടങ്ങുമ്പോള്‍ ഞാന്‍ കിടക്കയിലേക്കു വീഴും; പനിമൃഗത്തെക്കുറിച്ച് ഭീതിയോടെ ഓര്‍ത്തുകിടക്കും. ഇനിയും അവന്റെ ആഗമനം വൈകുന്നതില്‍ ശാന്തമ്മ എന്നെയാണ് കുറ്റപ്പെടുത്തിയത്. അവള്‍ എപ്പോഴെങ്കിലും ആ അന്യഗ്രഹത്തില്‍നിന്ന് തണുത്ത പൊടിയരിക്കഞ്ഞി കിടക്കയിലേക്കു നീക്കിവെച്ചിട്ട് പെട്ടെന്ന് കടന്നുപോകും. എങ്കിലും എന്റെ പനി കുറയാത്തതില്‍ അവള്‍ രഹസ്യമായി സന്തോഷിച്ചു. കാരണം പനിയുടെ മൂര്‍ധന്യത്തില്‍ അവന്‍ കടന്നുവരുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

പനിമൃഗത്തോടൊപ്പം ആഗതമാവുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓരോ സ്വപ്നങ്ങള്‍ നെയ്ത് ഒരു വിസ്മൃതിയില്‍ മുഴുകുന്ന ശാന്തമ്മയെ ഞാന്‍ നോക്കിക്കിടക്കും. അപ്പോള്‍ അവള്‍ ആരെയും കാണില്ല. ഒരു ശബ്ദവും കേള്‍ക്കില്ല. അവള്‍ ഒരു പ്രതിമയായി പരിണമിച്ചേക്കുമെന്ന് സംശയം തോന്നും. പിന്നെ, അവള്‍ ആത്മഗതങ്ങളില്‍ മുഴുകുന്നതും കണ്ണീരൊപ്പുന്നതും ഒരു സ്ഥിരം കാഴ്ചയായി. ആ കണ്ണീര്‍ തുടച്ചുകൊടുക്കാനും അവളെ ആശ്വസിപ്പിക്കാനുമായി ഞാന്‍ എഴുന്നേല്ക്കാന്‍ തുടങ്ങിയപ്പോഴെല്ലാം ആ അന്യഗ്രഹഭിത്തി ഒരു ഭൂമികുലുക്കത്തിലെന്നപോലെ ചലനംകൊണ്ട് എന്നെ മര്‍ദ്ദിച്ച് താഴേക്ക് തള്ളിയിട്ടു. ഭീതിയിലും പാരവശ്യത്തിലും അവളെത്തന്നെ നോക്കിക്കിടക്കുമ്പോള്‍ അവള്‍ ഒരു മഞ്ഞുരൂപമായി അലിഞ്ഞലിഞ്ഞുതീരും. 

ഇനിയെന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയമില്ലാതെ, ഞാന്‍ അവളോടൊപ്പം ശയിച്ചിട്ടുള്ള രാത്രികളിലെ കാമകേളികള്‍ അയവിറക്കിക്കൊണ്ട് കിടക്കും. അവളുടെ ചുവന്ന ചുണ്ടുകളും തുടുത്ത കവിളുകളും വിടര്‍ന്ന കണ്ണുകളും നീണ്ട കഴുത്തും ചെവിപ്പൂക്കളും ഞാന്‍ ആഗ്രഹിച്ചുപോകും. അങ്ങനെ ഓരോ നിമിഷവും ഞാനെന്റെ വിരസതയെ മറികടക്കാനുള്ള ശ്രമങ്ങളില്‍ മുഴുകും. ഞാന്‍ അവളെ വാരിയെടുത്ത് പനിക്കിടക്കയുടെ രഹസ്യത്തില്‍ ഒരു നിധിയായി ഒളിപ്പിച്ചുവക്കുന്നതായി സ്വപ്നം കാണും. അവളുടെ ശരീരത്തിലേക്ക് ഒരു ഊഞ്ഞാലിലെന്നപോലെ ഉയര്‍ന്നും താഴ്ന്നും പനിയുടെ ആരോഹണാവരോഹണക്രമങ്ങളില്‍ ചാഞ്ചാടി നടക്കും. പക്ഷേ, അവള്‍ എന്റെ ചിന്തകളും സ്വപ്നങ്ങളും അറിയാതെ അനുവും ടിനുവും ഭാവിയില്‍ വാങ്ങിയ ഏറ്റവും നവീനവും വിലയേറിയതുമായ ഒരു കാറില്‍ നഗരത്തിലെ സിനിമാതിയേറ്ററിലേക്ക് ഒഴുകിപ്പോകുന്നത് സ്വപ്നം കണ്ട് പുഞ്ചിരിതൂകുകയാണ്. തന്റെ ഭര്‍ത്താവ് പനിക്കിടക്കയെ ഉപേക്ഷിക്കുമോയെന്ന ആശങ്കയും ആ മുഖത്ത് നിഴലിക്കുന്നുണ്ടാകും...

ശാന്തമ്മയുടെ സ്വപ്നങ്ങള്‍ സഫലമാകുമോയെന്ന് എനിക്ക് സംശയമുണ്ട്. കാരണം ചില നേരങ്ങളില്‍ ഞാന്‍ ഗോപ്യമായി പനിക്കിടക്കയെ വെറുക്കുന്നു. കിടക്കയിലെ ജീര്‍ണിച്ചുതുടങ്ങിയ പഞ്ഞിത്തുണ്ടുകളില്‍നിന്ന് പൊള്ളുന്ന നീരാവിയുയര്‍ന്ന് ചര്‍മ്മങ്ങളിലേക്ക് കുത്തി ക്കയറി എന്നെ അലോസരപ്പെടുത്തുന്നു. അപ്പോള്‍ ഭാവിയിലേക്ക് അണിയണിയായി കടന്നുവരുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഞാന്‍ മറന്നു പോകും. കിടക്കയ്ക്കുള്ളില്‍നിന്ന് ഒളിച്ചുകടന്ന് ഏതെങ്കിലും 
ബാറിലോ സിനിമാതിയേറ്ററിലോ പോയിരിക്കണമെന്ന ഒരു വ്യാമോഹം എന്നെ പിന്തുടരും. തൊട്ടടുത്ത നിമിഷം എന്റെ ചിന്തകളെ അറിഞ്ഞുകൊണ്ട് ശാന്തമ്മ ഓടിയെത്തും.

''അനുവും ടിനുവും എന്‍ജിനീയറും ഡോക്ടറുമായാല്‍ പിന്നെ നമുക്ക് പേടിക്കാനില്ല. അതുവരെ കിടക്കയില്‍നിന്ന് പുറത്തുകടക്കണമെന്ന പൂതി ഉപേക്ഷിക്കുന്നതായിരിക്കും നിങ്ങള്‍ക്കു നല്ലത്.'' ശാന്തമ്മ ഒരു ഭീഷണിസ്വരത്തില്‍ പറഞ്ഞു.

എനിക്ക് ശാന്തമ്മയെ നിഷേധിക്കാനുള്ള ധൈര്യമുണ്ടായില്ല. ഒരു വല്ലാത്ത നിസ്സഹായത എന്നെ കീഴ്പ്പെടുത്തുകയും ഞാന്‍ പനിക്കിടക്കയെ പൂര്‍വാധികം സ്നേഹിക്കുകയും ചെയ്തു. അതിന്റെ കാണപ്പെടാത്ത ആഴങ്ങളുടെ നിഴലില്ലാക്കയങ്ങളിലേക്ക് ഒരു ചതുപ്പിനുള്ളിലേക്കെന്നപോലെ ഞാന്‍ ആഴ്ന്നാഴ്ന്നുപോയി. ഞാന്‍ പേടിയോടെ ശാന്തമ്മയെയും കുട്ടികളെയും ഉറക്കെ വിളിച്ചെങ്കിലും എന്റെ ഇടറിയ ശബ്ദങ്ങള്‍ ഏതെല്ലാമോ പായല്‍വള്ളികളില്‍ കുടുങ്ങിപ്പോയി. എപ്പോഴോ ആരുടെയോ രണ്ടു കൈകള്‍ എന്നെ പൊക്കിയെടുത്ത് കിടക്കയിലേക്കിട്ടപ്പോള്‍ ശരീരമാകെ അഗ്‌നിപ്പുല്ലുകള്‍ കിളിര്‍ത്തു വരുന്നതുകണ്ട് ഞാന്‍ ഭയന്നു. 

വിരലുകള്‍കൊണ്ട് അവയെ ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചപ്പോഴൊക്കെ ജ്വാലകള്‍ ആളിയുയര്‍ന്നു. ആ ജ്വാലകളുടെ അഗ്‌നിവനത്തിനുള്ളില്‍നിന്ന് പനിമൃഗം എന്റെ മുമ്പിലേക്ക് ഇറങ്ങിവന്നു. അത് വാപിളര്‍ത്തിക്കൊണ്ട് എനിക്കു നേരേ ഒരു ചിരിയോടെ നടന്നുവന്ന് എന്റെ തലയില്‍ കടിച്ചു. പിന്നെ ഒരു വെറുപ്പോടെ മുഖം തിരിച്ച് അഗ്‌നിവനത്തിനുള്ളിലേക്കു മാഞ്ഞുപോയി. ഞാന്‍ ആശ്വാസത്തോടെ തിരിഞ്ഞുകിടന്നപ്പോള്‍ മണ്ണിലും ചെടികളിലും നിന്ന് ആ തീപ്പക്ഷി രൂപംപൂണ്ടു വന്ന് കിടക്കയുടെ സമീപം ഇരുന്നു. തൊട്ടപ്പുറത്ത് ഒരു ചിരിയോടെ എന്നെയും നോക്കിയിരുന്ന ഇരുട്ടിന്റെ ആ പുരാതന മുത്തശ്ശിയെയും കാണായി. തന്റെ കറുത്ത വിരലുകള്‍ നീട്ടി അവര്‍ തീപ്പക്ഷിയുടെ തൂവലുകള്‍ പറിച്ചെടുത്തു. കാലുകള്‍ മുതല്‍ മുകളിലേക്ക് എന്നെ കത്തിക്കാന്‍ തുടങ്ങി... 

panikkidakka story by thomas joseph

ഞാന്‍ ഒരു മയക്കത്തിലേക്ക് ഒലിച്ചുപോയി. കണ്ണുകള്‍ തുറക്കുമ്പോള്‍ ചുറ്റും നവാതിഥികള്‍ നിരന്നുകഴിഞ്ഞിരുന്നു. അവരുടെ തലമുടിയിഴകളിലും കൈകാലുകളിലും മണ്ണും പൊടിയും ചത്ത പ്രാണികളും പറ്റിപ്പിടിച്ചിരുന്നു. അടര്‍ന്നുപോയ ചുണ്ടുകള്‍ വിടര്‍ത്തി പനിക്കിടക്ക തരുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് പ്രബോധനങ്ങള്‍ നല്കിയിട്ട് അവര്‍ എഴുന്നേറ്റുപോയി. അക്കൂട്ടത്തില്‍ ഒരാള്‍മാത്രം മടങ്ങിപ്പോകാതെ മൂകനായി കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ പ്രതീക്ഷയുമായി കാത്തിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് എന്റെ ഇളയ സഹോദരന്‍ ജീവനാണെന്നു മനസ്സിലായി. അവന്‍ ആകെ ക്ഷീണിതനും പരവശനുമായിരുന്നു. തന്റെ കുടുംബം പുലര്‍ത്താനും വിശപ്പടക്കാനും ഏറ്റവും നിസ്സാരമായ ഒരു തൊഴില്‍പോലുമില്ലാതെ അവന്‍ വിഷമത്തിലായിരുന്നു.

'എന്റെ ചേട്ടാ, വീട്ടില്‍ ആഹാരം വെച്ചിട്ട് എത്രദിവസങ്ങളായെന്ന് എനിക്കുതന്നെ നിശ്ചയമില്ല. ചേട്ടന് അത്യാവശ്യം ജീവിച്ചുപോകാന്‍ ഒരു ജോലിയെങ്കിലും ഉണ്ടല്ലോ. ഈ പനിക്കിടക്ക വിട്ടുതന്നാല്‍ എന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഇതു കൊണ്ടുപോകാന്‍ എന്നെ അനുവദിക്കണം.'' ഒരു സങ്കടശബ്ദത്തില്‍ ജീവന്‍ പറഞ്ഞു.

ജീവന്റെ പ്രശ്നങ്ങളെ അവഗണിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. പനിക്കിടക്ക അവനു വിട്ടുകൊടുത്താലോയെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ, എന്റെ ചിന്ത മണത്തറിഞ്ഞിട്ടെന്നോണം ശാന്തമ്മ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. അവളെ കണ്ടയുടനെ ജീവന്‍ എഴുന്നേറ്റ് കുനിഞ്ഞ ശിരസ്സുമായി പുറത്തേക്കു നടന്നു.

''എടോ മനുഷ്യാ, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? അവന്‍ പനിക്കിടക്ക കൊണ്ടുപോയാല്‍ പിന്നെ നമ്മുടെ കുടുംബത്തിന്റെ ഭാവി എന്താകുമെന്ന് നിങ്ങള്‍ക്കു വല്ല ചിന്തയുമുണ്ടോ? കുട്ടികള്‍ എന്‍ജിനീയറും ഡോക്ടറും ആയില്ലെങ്കില്‍പ്പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം?'' ശാന്തമ്മ ആക്രോശിച്ചു.

എന്റെയുള്ളില്‍ ഒരു കോപം തിളച്ചുയര്‍ന്നു. വീടുവിട്ട് ഓടിപ്പോകാനുള്ള ഒരു ത്വര എന്നിലുണര്‍ന്നു. അടുത്ത നിമിഷം അവള്‍ ഒരു ശാന്തതയിലേക്ക് പിന്‍വലിക്കുകയും പനിക്കിടക്ക നഷ്ടപ്പെടുത്തരുതെന്ന് ഒരു കരച്ചിലിനിടയിലൂടെ യാചിക്കുകയും ചെയ്തു. എന്റെ മനസ്സലിഞ്ഞു. ഞാനവളുടെ കണ്ണുനീര്‍ തുടച്ചുകൊടുത്ത് ആശ്വസിപ്പിച്ചു. ആ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ആ അന്യഗ്രഹ ഭിത്തി അലിഞ്ഞുതീര്‍ന്നു. പൂര്‍വാധികം സുന്ദരിയായി 
മാറിയ അവളെ ഞാന്‍ ഒരു ഞൊടിയിട നേരംകൊണ്ട് വലിച്ചിട്ട് കീഴ്പ്പെടുത്തി. എന്റെ ശരീരമാകെ എത്രയോ മാസങ്ങളായി ഇഴഞ്ഞിരുന്ന പനിയുടെയും കാമത്തിന്റെയും അവസാനമില്ലാത്ത ഏകാന്തതയുടെയും പൊള്ളുന്ന താപരശ്മികള്‍കൊണ്ട് ഞാനവളെ ബന്ധിച്ചു. 

വിശപ്പുകൊണ്ട് ഭ്രാന്തനായ ഒരു സിംഹത്തെപ്പോലെ ഞാനവളെ കടിച്ചുകുടഞ്ഞു. ഞാന്‍ എല്ലാ പ്രശ്നങ്ങളും മറന്നുകഴിഞ്ഞിരുന്നു. പക്ഷേ, 
പെട്ടെന്ന് ഒരു മാന്‍കിടാവിന്റെ ചടുലതയോടെ അവള്‍ എന്റെ കരവലയത്തില്‍നിന്ന് കുതറിയകന്നു. എന്റെ ശരീരത്തിന്റെ ക്ഷയിച്ചുതുടങ്ങിയ ശക്തികള്‍ അസംതൃപ്തമാക്കിയ ഒരു ചുളിഞ്ഞ മുഖവുമായി അല്പമകലെ എന്നെ നോക്കിനിന്നു. പനിക്കിടക്കയെ കളങ്കപ്പെടുത്തിയതുമൂലം കരഗതമാക്കാന്‍ തുടങ്ങിയ സൗഭാഗ്യങ്ങളെ ഞാന്‍ തട്ടിയകറ്റിയെന്ന ആരോപണവുമായി അവള്‍ ഒരു പുലിയെപ്പോലെ ചീറ്റി. പിന്നെ, പെട്ടെന്ന് കോപത്തോടെ തിരിഞ്ഞുനടന്ന് കണ്ണുകള്‍ക്കപ്പുറത്തേക്കു മാഞ്ഞുപോയി. ആ അന്യഗ്രഹപ്രതലങ്ങളില്‍ അവള്‍ ഒരു നിഴലായി ഇരുളുകയും ഉദിക്കുകയും ചെയ്തു. പനിയുടെ അഗ്‌നിവലയം വീണ്ടും എന്നെ വരിഞ്ഞുകഴിഞ്ഞിരുന്നു. ചോരക്കണ്ണുകളുള്ള തീപ്പറവകള്‍ ചുറ്റും നിരന്നു. 

വിരലുകളോളം വലിപ്പമുള്ള മുതുമുത്തശ്ശന്മാര്‍ കിടക്കയുടെ ചുളിവുകളില്‍ ഒളിച്ചിരുന്ന് എന്നെ ശകാരിച്ചു: ''നീ പനിക്കിടക്കയെ മലിനപ്പെടുത്തിയതുമൂലം ഞങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഇനിയെങ്കിലും നീ പനിക്കിടക്കയെ ബഹുമാനിക്കുകയും സഹിക്കാന്‍ പഠിക്കുകയും വേണം...''

പൂര്‍വ്വപിതാക്കളുടെ ശാസനകളെ ഞാന്‍ അവഗണിച്ചു. ഞാന്‍ ആ വഴുവഴുക്കുന്ന ശരീരങ്ങളെ തോണ്ടിയെടുത്ത് പുറത്തേക്കിട്ടു. വീണ്ടും കിടക്കയിലേക്ക് ഇഴഞ്ഞുവന്ന അവരെ എനിക്കു കണ്ടില്ലെന്നു നടിക്കേണ്ടിവന്നു.

''ചേട്ടാ ഇനിയെങ്കിലും ഈ പനിക്കിടക്ക എനിക്കു വിട്ടുതരുമോ? ഇല്ലെങ്കില്‍പ്പിന്നെ എനിക്ക് ആത്മഹത്യ ചെയ്യേണ്ടിവരും.''

ജീവന്റെ നിലവിളികേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അവന്‍ കിടക്കയില്‍ ഇരിക്കുകയായിരുന്നു, അവന്റെ ഇരുതോളുകളിലും കൂമന്മാര്‍ വിശ്രമിച്ചു. കഴുത്തില്‍ ഒരു ഭീകരസര്‍പ്പം ചുറ്റിക്കിടന്നു. അവന്‍ അവസാനത്തെ പ്രതീക്ഷ തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.

''എന്റെ ഭാര്യയും കുഞ്ഞുങ്ങളും സുഖമില്ലാതെ കിടക്കുകയാണ്. ഇതുവരെ അവര്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല.'' ജീവന്‍ വിലപിച്ചു.

''എനിക്കിപ്പോള്‍ ഈ കിടക്ക മാത്രമേയുള്ളൂ... നീ ഇതു കൊണ്ടുപോയാല്‍ പിന്നെ ശാന്തമ്മ എന്നെ പെരുവഴിയിലേക്കു വലിച്ചെറിയും.''

''അല്ലെങ്കിലും ചേട്ടന്‍ ആളൊരു സൂത്രശാലിയാണ്. ഏതായാലും ഞാന്‍ പോകുകയാണ്. ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണുകയില്ല...'' ഒരു കരച്ചിലിനിടയിലൂടെ ജീവന്‍ പറഞ്ഞു.

അവന്‍ പടികടന്ന് അകലേക്കു നടന്നു. ഞാന്‍ സങ്കടത്തോടെ അവനെയും നോക്കിക്കിടന്നു. വഴിയുടെ അവസാനത്തില്‍നിന്ന് അവന്‍ പൊടുന്നനെ എന്നെയൊന്ന് തിരിഞ്ഞു നോക്കി. ആ കണ്ണുകളിലെ ദൈന്യവും കോപവും നേരിടാനാവാതെ ഞാന്‍ മുഖം കുനിച്ചു.

എന്റെ ഉറക്കം നഷ്ടപ്പെട്ടു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇരുട്ടിലേക്കു നോക്കിക്കിടക്കുമ്പോള്‍ എപ്പോഴെങ്കിലും കിടക്കയുടെ ആഴത്തില്‍നിന്ന് ശലഭം പ്രത്യക്ഷപ്പെടും. അതിന് നീലച്ചിറകുകളില്‍ വെളുത്ത പൊട്ടുകള്‍ ഉണ്ടായിരിക്കും. പ്രഭാതങ്ങളില്‍ മഞ്ഞയും ചുവപ്പുമായിരിക്കും അതിന്റെ ചിറകുകളെ അലങ്കരിച്ചിട്ടുണ്ടാവുക. അപൂര്‍വമായി ചില സന്ധ്യാനേരങ്ങളില്‍ എല്ലാ വര്‍ണങ്ങളുടെയും ഒരു ഉജ്ജ്വല സൂര്യന്‍ അതിന്റെ ദേഹമൊന്നാകെ ജ്വലിക്കും.

''പ്രിയപ്പെട്ട കൂട്ടുകാരാ, താങ്കളുടെ പനി അവസാനിക്കാന്‍ സമയമായി. താങ്കള്‍ വീണ്ടും ജീവിതത്തിലേക്കു മടങ്ങിവരാന്‍ പോകുന്നു...'' ചില നിശ്ശബ്ദയാമങ്ങളില്‍ ശലഭം എന്റെ കാതുകളില്‍ സ്വകാര്യം പറയും. അതുകേട്ട് പ്രത്യാശയോടെ പനിയുടെ ചൂടില്‍നിന്ന് ഞാന്‍ എഴുന്നേല്ക്കാന്‍ പരിശ്രമിക്കും. ഒരു ബാറിനുള്ളിലെ ശീതീകരിച്ച മുറിയില്‍ സ്വസ്ഥനായിരുന്ന് മദ്യം നുണയുന്ന എന്റെ രൂപം ഞാന്‍ കാണും. 

അതറിഞ്ഞ് ശാന്തമ്മയുടെ കണ്ണുകളില്‍നിന്ന് ഏറ്റവും നിശിതവും മൂര്‍ച്ചയേറിയതുമായ പ്രകാശരശ്മികള്‍ നീണ്ടുവന്ന് എന്റെ സ്വാതന്ത്ര്യബോധത്തെ കീറിമുറിക്കും. ഞാന്‍ അനങ്ങാനാവാതെ കിടക്കും. പക്ഷേ, ഭ്രാന്ത് പിടിക്കാന്‍ തുടങ്ങിയ നേരങ്ങളില്‍ കിടക്ക കീറിപ്പറിക്കാന്‍ തുടങ്ങും. പഞ്ഞിത്തുണ്ടുകളില്‍നിന്ന് അഗ്‌നിജ്വാലകള്‍ പുറത്തേക്കു നീണ്ടുവരും. അവ മുകളിലേക്ക് ആളിപ്പടര്‍ന്ന് വീടിന്റെ ചിതലരിച്ചുതുടങ്ങിയ മേല്‍ക്കൂരയെ സ്പര്‍ശിക്കും. രാക്ഷസീയമായ ആ അഗ്‌നിനാവുകളില്‍നിന്ന് വീടിനെ രക്ഷിക്കാനായി ഞാന്‍ മുകളിലേക്കു ചാടിയുയര്‍ന്ന് കിടക്കയിലേക്കു വീണ് ക്ഷീണിച്ചു തളര്‍ന്നുകിടക്കും...

ശാന്തമ്മ പൊടിയരിക്കഞ്ഞിയുമായി കടന്നുവന്ന ഒരു സന്ധ്യാനേരത്ത് ഞങ്ങള്‍ക്കിടയിലെ അന്യഗ്രഹഭിത്തി വീണ്ടും അലിഞ്ഞുതീര്‍ന്നു. അവള്‍ കിടക്കയില്‍ ആദ്യമായി എന്റെ സമീപത്ത് ഇരുന്നു. അവളുടെ മുഖമാകെ അസ്വസ്ഥതയുടെ നിഴലുകള്‍ പടര്‍ന്നിരുന്നു...

''നമ്മുടെ ആശകള്‍ ഫലമണിയുമെന്ന് തോന്നുന്നില്ല. കുട്ടികള്‍ പല വിഷയങ്ങള്‍ക്കും തോറ്റു. നിങ്ങള്‍ക്കാണെങ്കില്‍ പനി കുറഞ്ഞുവരികയാണ്. നമ്മുടെ പ്രതീക്ഷകളെല്ലാം അവസാനിക്കാന്‍ പോകുന്നു.'' ശാന്തമ്മയുടെ ശബ്ദം വല്ലാത്തൊരു വിഷാദത്തിലേക്കു വഴുതി.

''അതൊന്നും സാരമില്ല. പനി മാറിയാല്‍പിന്നെ എനിക്ക് ജോലിക്ക് പോകാമല്ലോ. അവര്‍ പഠിക്കുന്നില്ലെങ്കില്‍ വേണ്ട. അവര്‍ പെണ്‍കുട്ടികളായത് ഒരുകണക്കിന് നമ്മുടെ ഭാഗ്യമാണ്. ജോലിയില്‍നിന്ന് പിരിഞ്ഞുപോരുമ്പോള്‍ അല്പം പൈസയെങ്കിലും കിട്ടാതിരിക്കില്ല. ആ പൈസകൊണ്ട് നമുക്കവരെ വിവാഹം ചെയ്തുവിടാം. നീ സമാധാനമായിരിക്കൂ...'' ഞാന്‍ ശാന്തമ്മയെ ആശ്വസിപ്പിച്ചു. എന്നിട്ട് അവളുടെ അടിവയറ്റിലെ മാമ്പൂക്കളിലൂടെ വിരലുകളോടിക്കാന്‍ തുടങ്ങി...

''വേണ്ട; പനിക്കിടക്ക അശുദ്ധമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പൂര്‍വപിതാക്കന്മാര്‍ കോപിക്കും. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ...'' ശാന്തമ്മ ചാടിയെഴുന്നേറ്റ് ഒരു പാമ്പിനെപ്പോലെ ചീറ്റിയിട്ട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്കു നടുവില്‍ ആ അന്യഗ്രഹഭിത്തി വീണ്ടും രൂപപ്പെട്ടു. കഞ്ഞിപ്പാത്രവുമെടുത്ത് അവള്‍ അകന്നുപോയി.

''ചേട്ടന്റെ പനി മാറാതിരുന്നാല്‍ മതിയായിരുന്നു'' അടുക്കളയില്‍നിന്ന് ശാന്തമ്മ പിറുപിറുക്കുന്നതിന്റെ സ്വരം എന്റെ കാതുകളിലെത്തി. അവളുടെ പ്രാര്‍ഥന ദൈവം കേട്ടുവെന്ന് തോന്നി. കൊടിയ ചൂടിന്റെ അഗ്‌നിരോമങ്ങള്‍ അണിഞ്ഞുകൊണ്ട് പനിമൃഗം എന്റെ അസ്ഥികളിലൂടെ നടന്ന് അതിന്റെ നാവുകൊണ്ട് എന്റെ തലച്ചോറില്‍ നക്കുന്നതിന്റെ സ്വരം ഉയര്‍ന്നു. ഞാന്‍ ഭയംകൊണ്ട് വിറച്ചു; എന്റെ കണ്ണുകള്‍ ഇറുകെയടച്ചു. മുന്‍പില്‍ ഒരു കണ്ണാടി തെളിഞ്ഞു. കണ്ണാടിയില്‍നിന്ന് തലയിലെ വ്രണങ്ങള്‍ മാന്തിക്കൊണ്ട് വേദപുസ്തകത്തിലെ ജോബ് ചിരിച്ചു. അയാളുടെ ചര്‍മ്മപാളികള്‍ ഒന്നാകെ വരണ്ടുണങ്ങി അസ്ഥികളില്‍ ഒട്ടിപ്പിടിച്ചിരുന്നു.

''നീ നിന്റെ സഹോദരന് ഈ പനിക്കിടക്ക വിട്ടുകൊടുത്തോളൂ... ഇത് നിനക്ക് ഭാഗ്യമൊന്നും കൊണ്ടുവരില്ല...'' ജോബ് പറഞ്ഞു.

ഞാനെന്റെ തലയിലെ വ്രണങ്ങളില്‍ മാന്താന്‍ തുടങ്ങി. ആകാശത്ത് സൂര്യന്‍ കെട്ടുപോയിരുന്നു. ഇരുട്ടിന്റെ പുരാതന മുത്തശ്ശി തന്റെ തലമുടിയൊന്നാകെ എന്റെ കണ്ണുകളിലേക്ക് അഴിച്ചിട്ടു; രാത്രിയായി
.
പ്രഭാതമായപ്പോള്‍ ഞാനെഴുന്നേറ്റ് കിടക്കയില്‍നിന്ന് പുറത്തു കടന്നു. അടുക്കളയില്‍ ശാന്തമ്മ ചന്തയിലെ മാലിന്യങ്ങളില്‍നിന്ന് പെറുക്കിക്കൊണ്ടുവന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയുകയായിരുന്നു.

''ശാന്തമ്മേ, എന്റെ പനി മാറി. ഇന്നുമുതല്‍ എനിക്കു ജോലിക്കുപോകണം. നീ ടിഫിന്‍ബോക്സില്‍ ചോറെടുത്തു വെച്ചോളൂ...'' ഞാന്‍ വിളിച്ചുപറഞ്ഞു.

''അത് നടക്കാന്‍ പോകുന്ന കാര്യമല്ല. നിങ്ങള്‍ പനക്കിടക്കയിലേക്ക് പൊയ്ക്കോളൂ... ഈ കഷ്ടപ്പാടൊക്കെ മാറുന്ന ഒരു ദിവസം വരും. അതുവരെ സഹിക്കുകതന്നെ വേണം...'' ശാന്തമ്മയുടെ ശാസനാ സ്വരം ഉയര്‍ന്നു.

പതിവിനു വിപരീതമായി ഞാന്‍ അവളെ അനുസരിക്കാന്‍ ഒരുക്കമായില്ല. പനിയുടെ തീപ്പൊള്ളലേറ്റ് മാംസം വെന്ത് തൊലി അടര്‍ന്നുതുടങ്ങിയ ശരീരത്തില്‍ വസ്ത്രം ധരിക്കാനാവാതെ ഞാനെന്റെ നഗ്‌നതയും തൂക്കിയിട്ടുകൊണ്ട് പല്ലുകള്‍ ബ്രഷ് ചെയ്തു. കുട്ടികള്‍ കിടക്ക വിട്ടെഴുന്നേറ്റ് വിസ്മയവും ലജ്ജയും നിറഞ്ഞ കണ്ണുകളോടെ എന്നെയും നോക്കിനിന്നു. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അവര്‍ ഒരുമിച്ചുപറഞ്ഞു തുടങ്ങി, ''അച്ഛാ, ഇന്നു വൈകുന്നേരം നമുക്കൊരു സിനിമ കാണാന്‍ പോകണം...''

കുട്ടികളോട് എന്തെങ്കിലും മറുപടി പറയാന്‍ കഴിഞ്ഞില്ല. ശാന്തമ്മ വെച്ചുനീട്ടിയ കറുത്ത കാപ്പിയും കുടിച്ച് അവളുടെ ശകാരവും കേട്ട് നഷ്ടപ്പെട്ട ജീവിതത്തോടുള്ള കുറ്റബോധം കണ്ട് പുകയുന്ന മനസ്സുമായി ഞാന്‍ ശൂന്യതയിലേക്ക് മിഴിച്ചുനോക്കി ഇരുന്നു...

''ഏതായാലും സാരമില്ല. സന്ധ്യയ്ക്ക് വീണ്ടും പനി വരാതിരിക്കില്ല. അതുവരെ എന്നെ സഹായിച്ചുകൊണ്ട് ഇവിടെ ഇരുന്നോളൂ...'' തന്റെ കോപമെല്ലാം പിന്‍വലിച്ചുകൊണ്ട് ശാന്തമ്മ പറഞ്ഞു. പനിക്കിടക്കയിലേക്കു മടങ്ങിപ്പോയാലോയെന്ന ആശങ്ക എന്നെ അലട്ടി... മുഷിഞ്ഞവേഷവും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജീവന്‍ എന്റെ മുന്‍പില്‍ വന്നുനിന്നു.

''ചേട്ടന്റെ പനി മാറിയല്ലോ! ഇനിയെങ്കിലും പനിക്കിടക്ക എനിക്കു വിട്ടുതരൂ...''

''ഞാന്‍ മരിച്ചാലേ പനിക്കിടക്ക നിനക്ക് അവകാശപ്പെട്ടതാകൂ...'' ഞാന്‍ പറഞ്ഞു.

ജീവന്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. ഞാന്‍ അവനെക്കുറിച്ച് ഓര്‍ത്തുകൊണ്ടു കിടന്നു. അവന്‍ മഴ നനഞ്ഞു നടക്കുന്ന നഗരങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു. ആ തോരാത്ത മഴയിലും ആകാശത്ത് ഒരു നട്ടുച്ചയുടെ സൂര്യന്‍ കത്തിപ്പടര്‍ന്നു. അവനുവേണ്ടി എന്റെ ഉള്ളം  അലിഞ്ഞു. ആ ദൃശ്യങ്ങള്‍ കണ്‍മുന്‍പില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. വീണ്ടും വീണ്ടും അവന്‍ കടന്നുവന്ന് പനിക്കിടക്ക ആവശ്യപ്പെട്ട് നിലവിളിച്ചു. പക്ഷേ, കിടക്ക വിട്ടുകൊടുക്കാന്‍ ശാന്തമ്മ അനുവദിച്ചില്ല. ജനാലയ്ക്കപ്പുറത്ത് ജീവന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ട് എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു. എനിക്ക് കിടക്കയിലേക്കു മടങ്ങിപ്പോകുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ, അതിനരികിലെത്തിയപ്പോള്‍ ഞാന്‍ ഭയന്നതുതന്നെ സംഭവിച്ചു. 

അതിന്റെ നാലതിര്‍ത്തിക്കുള്ളില്‍ കുഞ്ഞുപ്രേതമുത്തശ്ശന്മാര്‍ ഉപരോധമുയര്‍ത്തി. അവര്‍ പുഴുക്കളെപ്പോലെ നുളച്ചുകൊണ്ട് എനിക്കുനേരേ കാര്‍ക്കിച്ചുതുപ്പി; എന്റെ ശരീരത്തിലേക്കു മലം വാരിയെറിഞ്ഞു. ഞാന്‍ പനിക്കിടക്കയില്‍നിന്ന് ഓടിയകന്നു. മറ്റൊന്നും ചെയ്യാനില്ലാതെ ഞാനെന്റെ നഗ്‌നതയും തൂക്കിയിട്ടുകൊണ്ട് മുറികളിലൂടെ അലഞ്ഞു. അനുവും ടിനുവും എന്നെ ഭീതിയോടെ നോക്കുന്നതുകണ്ട് ഞാന്‍ ഭിത്തിയുടെ മൂലകളിലേക്കു വലിഞ്ഞു.

ഇപ്പോള്‍ ശാന്തമ്മ എന്റെ കഷ്ടതകളോട് രമ്യപ്പെട്ടു. അവള്‍ എന്നെ ഒരു കസേരയില്‍ പിടിച്ചിരുത്തി; പൊളിഞ്ഞുതുടങ്ങിയ തൊലിയുടെ അടരുകള്‍ ഒരു കത്തികൊണ്ട് അടര്‍ത്തിയെടുക്കാന്‍ തുടങ്ങി. അന്തമില്ലാത്ത ദുരിതങ്ങളുടെ സമാധാനവും എല്ലാം നഷ്ടപ്പെട്ടവന്റെ ആശ്വാസവും എന്നില്‍ നിറഞ്ഞു.

''അച്ഛാ, ഞങ്ങള്‍ പറഞ്ഞകാര്യം മറന്നുപോയോ? നമുക്കൊരു സിനിമകാണണം. ഇപ്പോള്‍ സിറ്റിയില്‍ നല്ലൊരു തമാശപ്പടം കളിക്കുന്നുണ്ട്.'' അതൊരു വിദേശ സിനിമയാണെന്നും അതില്‍ കാലഹരണപ്പെട്ട പുരുഷന്മാരും അവരുടെ തൊലിപൊളിച്ച് കൗതുകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന പെണ്ണെഴുത്തുകാരുമാണ് മുഖ്യ കഥാപാത്രങ്ങളെന്നും കഥ നടക്കുന്നത് ഒരു സങ്കല്‍പ രാഷ്ട്രത്തിലാണെന്നും അനുവും ടിനുവും തുടര്‍ന്നു പറഞ്ഞു. എന്നിട്ട് ഏറ്റവും ദൈന്യമായി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എനിക്ക് സ്വയം ലജ്ജയും പേടിയും തോന്നി. പിന്നെ അവരുടെ ചിരിയൊച്ചകള്‍ അകന്നു. കുറച്ചുകഴിഞ്ഞ് ശാന്തമ്മയും എന്നെ വിട്ടുപോയി...

ഞാനെന്റെ കസേരയില്‍ വെറുതെ ഇരിക്കുക മാത്രം ചെയ്തു. ശാന്തമ്മയും കുട്ടികളും ഉറക്കമാവുന്നതുവരെ അതു തുടര്‍ന്നു. അര്‍ധരാത്രിയുടെ മണി മുഴങ്ങുന്ന നേരത്ത് ഞാനെഴുന്നേറ്റുപോയി അല്‍പമകലെനിന്ന് ആ കിടക്കയിലേക്കു നോക്കി നില്‍ക്കും. ദിവസവും അതു തുടര്‍ന്നു. ഒരു ദിവസം കിടക്കയിലെങ്ങും അഗ്‌നി വിളഞ്ഞുകിടക്കുന്നതു കണ്ടു. അഗ്‌നിയുടെ വന്‍പാളികള്‍ക്കുമീതേ ദരിദ്രനും അര്‍ധനഗ്‌നനുമായ ഒരു മനുഷ്യനെയും. വീണ്ടും നോക്കുമ്പോഴാണ് അത് 
ജീവനാണെന്നു മനസ്സിലായത്. പാതിയടഞ്ഞ ആ കണ്ണുകളില്‍നിന്ന് വേദനയുടെ മന്ദഹാസവും ജീവിതത്തോടുള്ള നിന്ദയും പുറപ്പെട്ടു. പെട്ടെന്ന് ആ അഗ്‌നിയില്‍നിന്ന് പനിമൃഗം പ്രത്യക്ഷപ്പെട്ടു. അത് കനലുകള്‍ ജ്വലിക്കുന്ന കണ്ണുകള്‍ വിടര്‍ത്തി എന്നെയൊന്നു നോക്കി. പിന്നെ, നാലുകാലുകളില്‍ പനിക്കിടക്കയിലൂടെ കുനിഞ്ഞ ശിരസ്സുമായി നടക്കുകയും ജീവന്റെ സമീപത്തേക്കു വന്ന് അവന്റെ തലകീറിപ്പൊളിച്ച് മഞ്ഞപ്പൂക്കുല തലച്ചോറ് തിന്നുകയും ചെയ്തു. ആ കാഴ്ചകണ്ട് ഞാന്‍ സ്വയം ശപിച്ച് ഉള്‍വലിഞ്ഞ് കസേരയിലേക്കുപോയി. അതിനോട് ഒട്ടിച്ചേര്‍ന്നിരുന്നു. ഞാന്‍ ആദ്യമായി ശാന്തമ്മയെ വെറുത്തു. കുട്ടികളെ ശകാരിച്ചു.
പനിമൃഗം താഴെയിറങ്ങി ചുണ്ടുകളില്‍നിന്നും ഒരു അഗ്‌നിച്ചിരി  ചുറ്റുപാടും വിതറിയിട്ടുകൊണ്ട് എന്റെ സമീപത്തേക്കു നടന്നുവന്നു. ഞാന്‍ പേടിച്ചു വിറച്ചുകൊണ്ട് കസേരയോടൊപ്പം എന്നെത്തന്നെ സ്വയം പിന്നിലേക്ക് തള്ളിയകറ്റിയതും ഒരു അലറിക്കരച്ചിലോടെ നിലംപതിച്ചതും പെട്ടെന്നായിരുന്നു. പ്രയാസത്തോടെ ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് തറയിലെ പൊടിയില്‍ ഞാന്‍ കിടന്നു. 

പനിമൃഗം എന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചു. ഇരുകൈകളും നിലത്തുകുത്തി പിന്നിലേക്കു വലിയാന്‍ ശ്രമിച്ചപ്പോള്‍ പനിമൃഗം എന്നെ കടിച്ചെടുത്ത് കിടക്കയിലേക്കു കൊണ്ടുപോയി.

''ഇനിയൊരിക്കലും നിന്റെ കരുണയില്ലാത്ത കുടുംബത്തിന് നിന്നെ ഞാന്‍ വിട്ടുകൊടുക്കുകയില്ല...'' പനിമൃഗം എന്റെ കാതുകളില്‍ മന്ത്രിച്ചു. അതിന്റെദ പൊള്ളുന്ന നാവിന്റെ സ്പര്‍ശനം ഞാന്‍ അറിഞ്ഞു. മൂര്‍ച്ചയേറിയ ഒരു കത്തികൊണ്ട് വരയുമ്പോഴുണ്ടാകുന്ന ഒരു വേദന എന്റെ തലയ്ക്കുള്ളിലേക്ക് അരിച്ചിറങ്ങി... ഒരു മയക്കം എന്റെ കണ്‍പോളകളെ തഴുകിയടച്ചു. കണ്ണുകള്‍ തുറന്നപ്പോള്‍ കിടക്കയില്‍ ഞാനൊരു തീനാളമായി വിടര്‍ന്നു. മുകളില്‍ നിത്യമായ ഒരാകാശം മാത്രം.
പെട്ടെന്ന് ഇരുട്ടിന്റെ മുത്തശ്ശി കടന്നുവന്ന് എന്നെ കൈകളിലെടുത്ത് മുകളിലേക്കുയര്‍ത്തി. ആകാശമധ്യത്തില്‍ ഞാനൊരു നക്ഷത്രമായി; ഭൂമിയിലേക്ക് വേദനയുടെ തൂമന്ദഹാസം പൊഴിച്ചുകൊണ്ടിരുന്നു...
 

(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തോമസ് ജോസഫിന്റെ തെരഞ്ഞെടുത്ത കഥകളില്‍നിന്ന്)

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.


 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

Latest Videos
Follow Us:
Download App:
  • android
  • ios