മാർക്കേസിന്റെ ഏകാന്തതയിലെ വനശലഭം, പ്രിയ ജീവിതസഖി മെഴ്‌സിഡസ് ബാർഷ വിടവാങ്ങുമ്പോൾ
അങ്ങനെ ഉള്ളിൽ ഭ്രാന്തുമായി സ്വന്തം ഭർത്താവ് തുടർച്ചയായി ഇരുന്നെഴുതിക്കൊണ്ടിരിക്കുന്ന കാലമത്രയും കുടുംബം പുലർത്തിയത് പത്നി മെഴ്‌സിഡസായിരുന്നു. എഴുതിത്തീർന്നാൽ സേവിക്കാൻ വേണ്ടി അവർ മാർക്കേസിന്റെ അലമാരയിൽ സ്കോച്ച് നിറച്ചുവെച്ചു.
കഴിഞ്ഞ ദിവസം മെക്സിക്കോയുടെ സാംസ്‌കാരിക വകുപ്പ് അധികൃതരിൽ നിന്ന് ഒരറിയിപ്പുണ്ടായി.മെഴ്‌സിഡസ് ബാർഷ പാർദോ, സുപ്രസിദ്ധ കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ജീവിതസഖി, തന്റെ എൺപത്തേഴാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. കൃത്യമായ മരണകാരണം വെളിപ്പെടുത്തപ്പെട്ടിട്ടില്ല എങ്കിലും അവരെ ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു എന്ന് അടുത്ത സ്നേഹിതർ പറഞ്ഞു.
ഗബ്രിയേൽ ഗാർഷ്യ മാർക്കേസുംമെഴ്‌സിഡസ് ബാർഷ പാർദോയും ലാറ്റിനമേരിക്കയുടെ പ്രിയദമ്പതികൾ ആയിരുന്നു. അവരെ സ്പാനിഷ് സാഹിത്യലോകം സസ്നേഹം വിളിച്ചിരുന്നത് ഗാബോയും ഗാബിറ്റോയും എന്നായിരുന്നു. 2014 തന്റെ എൺപത്തേഴാം വയസ്സിൽ ഗാബോ നമ്മളെ വിട്ടുപോകുമ്പോഴേക്കും 56 സംവത്സരങ്ങൾ നീണ്ട ദാമ്പത്യം അവർക്കിടയിൽ പിന്നിട്ടിട്ടുണ്ടായിരുന്നു. റോഡ്രിഗോ ഗാർഷ്യ, ഗോൺസാലോ ഗാർഷ്യ ബാർഷ എന്നിങ്ങനെ രണ്ടു സന്താനങ്ങളും ആ ദാമ്പത്യവല്ലരിയിൽ പൂവിട്ടിട്ടുണ്ടായിരുന്നു. ഗാബോയുടെ സന്തത സഹചാരിയും പ്രിയ മിത്രവുംമെഴ്‌സിഡസ് തന്നെയായിരുന്നു. സഹോദരൻ ജെയ്‌മി ഗാർഷ്യ മാർക്കേസ് അവരെ വിശേഷിപ്പിച്ചിരുന്നത് ഗാബോയുടെ 'വലംകൈ' എന്നായിരുന്നു.
1932 നവംബറിൽ ഉത്തര കൊളംബിയയിലെ മഗാങ് എന്ന പട്ടണത്തിൽ ജനിച്ചമെഴ്‌സിഡസ്, ഗാബോയെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തിന് വെറും പതിമൂന്നു വയസ്സുമാത്രമായിരുന്നു പ്രായം. കൊളംബിയയുടെ കരീബീയൻ പ്രവിശ്യയായ സുക്രേയിൽ വെച്ച് 1941 -ലായിരുന്നു ആ ആദ്യ സമാഗമം. അഞ്ചു വർഷം നീണ്ട കൗമാര പ്രണയത്തിനു ശേഷം ഗാബോമെഴ്‌സിഡസിനെ പ്രൊപ്പോസ് ചെയുമ്പോൾ അദ്ദേഹത്തിന് വയസ്സ് പതിനെട്ടു തികയുന്നു, അവൾക്ക് പതിമൂന്നും. പത്തു വർഷം നീണ്ട പ്രേമകാലത്തിനു ശേഷം 1958 അവരുടെ വിവാഹം നടക്കുന്നു. 1927 -ൽ കൊളംബിയയിലെ കരീബിയൻ തീരദേശഗ്രാമമായ അറകട്ടാകയിൽ ജനിച്ച്, ബൊഗോട്ടയുടെ പ്രാന്തപ്രദേശങ്ങളിൽ പഠിച്ചുവളർന്ന മാർക്കേസ്, നിയമവിദ്യാഭ്യാസം പാതിവഴി ഉപേക്ഷിച്ച് ജേർണലിസ്റ്റ് ആയതാണ്.
നാട്ടിൽ സ്വേച്ഛാധിപത്യം ജീവിതം അസഹ്യമാക്കിയപ്പോൾ നാടുവിട്ട് യൂറോപ്പിലെത്തുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടായിരുന്നു അവിടെയും. പാരീസിൽ ലുബ്ധിച്ച് ജീവിച്ച്, റോമിൽ ഫിലിം മേക്കിങ്ങിൽ ക്‌ളാസുകളെടുത്ത്, ലണ്ടനിൽ തണുത്തു വിറച്ച്, കിഴക്കൻ ജർമനിയിൽ നിന്ന് കത്തുകളെഴുതി, ചെക്കോസ്ലോവാക്യയിലും, സോവിയറ്റ് യൂണിയനിലും കാലം കഴിച്ചുകൂട്ടി ഒടുവിൽ വെനിസ്വേലയിൽ ചെന്നുപെട്ടു മാർക്കേസ്. അവിടെ വെച്ച് ഒരു പതിവ് പരിശോധനയ്ക്കിടെ പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്നുണ്ട് അദ്ദേഹം. അവിടെ നിന്ന് ഊരിപ്പോന്ന ശേഷം ക്യൂബയിൽ കോമ്രേഡ് ഫിദൽ കാസ്ട്രോ അധികാരത്തിലേറിയപ്പോൾ കുറേക്കാലം ഹവാനയിൽ അവിടത്തെ സർക്കാർ പ്രസ് ഏജൻസി ആയ 'പ്രെൻസ ലാറ്റിന'യിൽ ലാവണം. വിവാഹനന്തരം, 1961 -ൽ ഭാര്യമെഴ്‌സിഡസിനും മകൻ റോഡ്രിഗോയ്ക്കുമൊപ്പം ഗാബോ, 'പ്രെൻസ ലാറ്റിന'ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാൻ വേണ്ടിത്തന്ന ന്യൂയോർക്കിലേക്കു താമസം മാറുന്നു.
ന്യൂയോർക്കിലെത്തി അധികനാൾ കഴിയും മുമ്പ് കോമ്രേഡിന്റെ നാട്ടുകാരുമായി തെറ്റി മാർക്കേസ് പ്രെൻസ ലാറ്റിന വിടുന്നു. അവിടെനിന്ന് സ്വയം മെക്സിക്കോയിലേക്ക് പറിച്ചുനടുന്നു. ഇടക്കാലത്ത് ദാരിദ്ര്യം അലട്ടിയ സമയത്ത് 'ലാ ഫാമിലിയ' എന്നൊരു വിമൻസ് മാഗസിൻ എഡിറ്റ് ചെയ്തിട്ടുണ്ട് മാർക്കേസ്. അതുകൂടാതെ ക്രൈം, സ്കാൻഡൽ എന്നിവയിൽ ശ്രദ്ധിക്കുന്ന മറ്റൊരു പാപ്പരാസി മാസികയും. അങ്ങനെ തട്ടിയും മുട്ടിയും കഴിയുന്നതിനിടെയാണ് 1965 -ൽ കാർമെൻ ബോൾസെൽസ് എന്ന ഒരു ലിറ്റററി ഏജന്റുമായി സന്ധിക്കുന്നത്. അവർ വഴി ഹാർപ്പർ ആൻഡ് റോയുമായി എഴുതുന്ന കോൺട്രാക്ട് ആണ് മാർക്കേസിന്റെ ആദ്യത്തെ പ്രസാധനകരാർ. കരാറൊക്കെ ഒപ്പിട്ടു എങ്കിലും എന്തെഴുതണം എന്ന കാര്യത്തിൽ മാർക്കേസിന്റെ മനസ്സിൽ ഒരു തെളിച്ചമുണ്ടായിരുന്നില്ല.
അന്ന് കരാറൊപ്പിട്ട് ഏജന്റ് തിരികെ ബാഴ്‌സലോണയ്ക്ക് പോയ ശേഷം, അക്കാപുൽക്കോയിൽ ഒരു ബീച്ചിൽ അവധിക്കാലം ചെലവിടാൻ വേണ്ടി സ്വന്തം ഓപ്പൽ കാറിൽ മാർക്കേസ് സകുടുംബം സ്വയം ഡ്രൈവ് ചെയ്ത് പൊയ്ക്കൊണ്ടിരിക്കെയാണ് തന്റെ 'ഏകാന്തതയുടെ നൂറുവർഷങ്ങളു'ടെ ഉൾവിളി മാർക്കേസിന്റെ തേടിയെത്തുന്നത്. ഒരു കൊച്ചു ഗ്രാമത്തിൽ അധിവസിക്കുന്ന വലിയൊരു കൂട്ടുകുടുംബത്തിലെ കഥയായിരുന്നു ആ നിമിഷം മാർക്കേസിന്റെ മനസ്സിലേക്ക് ഇറങ്ങി വന്നത്. അയാൾക്ക് അത് ആ നിമിഷം എഴുതിത്തുടങ്ങിയേ പറ്റൂ എന്നായി. അവധി റദ്ദാക്കി, വണ്ടി തിരിച്ച് തിരികെപ്പോന്നു മാർക്കേസ്. തിരികെ മെക്സിക്കോയിലെ തന്റെ വീട്ടിലെത്തിയ മാർക്കേസ് തന്റെ വായനമുറിയിൽ ടൈപ്പ് റൈറ്ററിന്റെ മുന്നിൽ ചെന്നിരുന്നു. "പിന്നെ ഞാൻ അടുത്ത പതിനെട്ടു മാസത്തേക്ക് എഴുന്നേറ്റതേയില്ല..." എന്നാണു മാർക്കേസ് തന്നെ പിന്നീട് അതേപ്പറ്റി ഓർത്തത്. മക്കോണ്ടോയിലെ തന്റെ വർക്ക്‌ഷോപ്പിൽ ഒളിച്ചിരിക്കുന്ന ഒറേലിയാനോ ബുവണ്ടിയയെപ്പോലെ മാർക്കേസും കുത്തിയിരുന്ന് എഴുതി. ടൈപ്പ് ചെയ്ത പ്രതികൾ വായിച്ചു നോക്കി തിരുത്തുകൾ പേനയാൽ അടയാളപ്പെടുത്തി വീണ്ടും ടൈപ്പ് ചെയ്തെടുക്കാം ടൈപ്പിസ്റ്റിനടുത്തേക്ക് കൊടുത്തുവിട്ടു. എഴുതിത്തീർന്ന അധ്യായങ്ങൾ വായിക്കാൻ സ്നേഹിതരെ വിളിച്ചുവരുത്തി.
മെക്സിക്കോയുടെ ശാന്തമായ പ്രാന്തങ്ങളിലൊന്നിൽ, ഒരു കൊച്ചുവീട് സങ്കൽപ്പിക്കുക. അതിനുള്ളിലെ സാധാരണ കെട്ടിലും മട്ടിലും തന്നെയുള്ള ഒരു സാധാരണ വായനാമുറി. അതിനുള്ളിൽ ഒരു നോവലിസ്റ്റ് തന്റെ ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ സൗന്ദര്യമറിഞ്ഞു. അതിനെ അയാൾ തന്റെ ടൈപ്പ് റൈറ്ററിലൂടെ കടലാസുകളിലേക്ക് പകർത്തിക്കൊണ്ടേയിരുന്നു. സിഗരറ്റു പാക്കറ്റുകൾ വർക്കിങ് ടേബിളിൽ തങ്ങളുടെ ഊഴം കാത്ത് വിശ്രമിച്ചു. ദിവസവും അറുപത് സിഗരറ്റ് എന്നതായിരുന്നു മാർക്കേസിന്റെ കണക്ക്. കൈകൾ ടൈപ്പ് റൈറ്ററിൽ താളം പിടിക്കുമ്പോൾ, അതിന് എൽപി റിക്കാഡ് പ്ലെയറിലെ പതിഞ്ഞ സംഗീതം പശ്ചാത്തലമൊരുക്കി. ഡിബസ്സി, ബാർട്ടോക്ക്, എ ഹാർഡ് ഡെയ്‌സ് നൈറ്റ്... എന്നിങ്ങനെ പലതും ആ മുറിക്കുള്ളിൽ പതിഞ്ഞ സ്വരത്തിൽ മുഴങ്ങി. ചുവരിൽ അയാൾ മക്കോണ്ടോ എന്ന് വിളിച്ചിരുന്ന ഒരു കരീബിയൻ പട്ടണത്തിലെ ബുവണ്ടിയ എന്ന കുടുംബത്തിന്റെ സന്തതി പരമ്പരകളെക്കുറിച്ചുള്ള ചാർട്ടുകൾ തറച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ മുറിക്ക് പുറത്ത് കാലം അറുപതുകളുടെ അവസാനത്തോടടുത്തിരുന്നു എങ്കിൽ, മുറിക്കുള്ളിൽ അയാൾ പടർത്തിനിർത്തിയത് ആധുനിക പൂർവ അമേരിക്കയായിരുന്നു.
മക്കോണ്ടോയിലെ ജനങ്ങൾക്ക് മേൽ അയാൾ നിദ്രാവിഹീനതയുടെ മഹാമാരി വിതച്ചു. മഞ്ഞ ചിത്രശലഭങ്ങളുടെ സംഘത്തെ തുറന്നുവിട്ടു. ആഭ്യന്തര യുദ്ധത്തിന്റെയും കൊളോണിയലിസത്തിന്റെയുമൊക്കെ നടുവിലൂടെ ജനങ്ങളെ തേരാപ്പാരാ നടത്തിച്ചു. അവരുടെ പിന്നാലെ കിടപ്പറകളിൽ കടന്നുകയറി അവിടത്തെ കാമകേളികളുടെ രോമാഞ്ചം പകരുന്ന വർണ്ണനകൾ നടത്തി, "എന്റെ സ്വപ്നങ്ങളിൽപ്പോലും ഞാൻ സാഹിത്യം കണ്ടെടുക്കുകയായിരുന്നു ആ ദിനങ്ങളിൽ " എന്നാണ് മാർക്കേസ് പിന്നീട് തന്റെ അന്നത്തെ എഴുത്തിനെപ്പറ്റി പറഞ്ഞത്. മാസങ്ങൾ കഴിയുന്തോറും ടൈപ്പുചെയ്ത കടലാസുകൾ കൂമ്പാരമായിത്തുടങ്ങി
അങ്ങനെ ഉള്ളിൽ ഭ്രാന്തുമായി സ്വന്തം ഭർത്താവ് തുടർച്ചയായി ഇരുന്നെഴുതിക്കൊണ്ടിരിക്കുന്ന കാലമത്രയും കുടുംബം പുലർത്തിയത് പത്നിമെഴ്‌സിഡസായിരുന്നു. എഴുതിത്തീർന്നാൽ സേവിക്കാൻ വേണ്ടി അവർ മാർക്കേസിന്റെ അലമാരയിൽ സ്കോച്ച് നിറച്ചുവെച്ചു. ഗാബോയ്ക്ക് വിശന്നപ്പോഴൊക്കെ അവർ സ്വാദിഷ്ടമായ സ്റ്റീക്ക് വിളമ്പി നൽകി. പണം തിരികെ ചോദിച്ചുകൊണ്ട് കടക്കാരോ, വാടകചോദിച്ചുകൊണ്ട് വീട്ടുടമയോ ഒന്നും മാർക്കേസിന്റെ അടുത്തെത്താതെ സൂക്ഷിച്ചുമെഴ്‌സിഡസ്. ഫലമോ, വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നൊന്നായി അപ്രത്യക്ഷമാകാൻ തുടങ്ങി. ടെലിഫോൺ, റേഡിയോ, ഫ്രിഡ്ജ്, പണ്ടങ്ങൾ... ഒടുവിൽ നിൽക്കക്കള്ളിയില്ലാതായ ഒരു ദിവസം മാർക്കേസ് തന്റെ പ്രിയപ്പെട്ട 1962 മോഡൽ ഓപ്പൽ കാറും വിറ്റു. അങ്ങനെ ഒടുവിൽ പതിനെട്ടു മാസങ്ങൾക്കു ശേഷം നോവലിന്റെ ആദ്യത്തെ റ്റൈപ്പ്ഡ് പ്രതി തയ്യാറായി. അതുമായി മാർക്കേസുംമെഴ്‌സിഡസും തപാലാപ്പീസിലേക്ക് പോയി. അത് 'എഡിറ്റോറിയൽ സുഡാമെറിക്കാനാ' എന്ന തന്റെ പ്രസാധകന് അയച്ചു. ആ മനുസ്ക്രിപ്റ്റിന്റെ പാതി കടലാസുകൾ അയക്കാൻ വേണ്ട പണമേ അവരുടെ കയ്യിലുണ്ടായിരുന്നുള്ളൂ. അത് ആദ്യമയച്ചു. ആദ്യം അയച്ചു വിട്ടത് രണ്ടാം പാതിയായിരുന്നു. അതിനു ശേഷം , ആ വീട്ടിൽ പണയം വെക്കാൻ ആകെ അവശേഷിച്ചിരുന്ന ഹെയർ ഡ്രയറും, ബ്ലെൻഡറും പണയപ്പെടുത്തിക്കിട്ടിയ കാശുകൊണ്ട് ആദ്യഭാഗം വീണ്ടും അയച്ചു. ഒടുവിൽ പുസ്തകം പബ്ലിഷ് ചെയ്തത് 1967 മെയ് അഞ്ചിനെന്ന് പുസ്തക ചരിത്രരേഖകൾ പലതും പറയുന്നു.
മാർക്കേസിന്റെ പുസ്തകം വായനാ ലോകത്തുണ്ടാക്കിയ പ്രതികരണം സംഗീതലോകത്തെ ബീറ്റിൽ മാനിയയ്ക്ക് സമമോ അതിലപ്പുറമോ ആയിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ പുസ്തകം ഇംഗ്ലീഷ് വിവർത്തനത്തിൽ അച്ചടിച്ചു വരുന്നു. അധികം താമസിയാതെ തിളച്ചുമറിയുന്ന സൂര്യബിംബത്തോടു കൂടിയ ഒരു പേപ്പർബാക്ക് പതിപ്പും. കോപ്പികൾ 'മധുരനാരങ്ങകൾ പോലെ' വിറ്റുപോകുന്നു. അങ്ങനെ പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ, 1982 ലെ നൊബേൽ സമ്മാനവും ഗാബോയെ തേടിയെത്തുന്നു. പ്രകൃതിനിയമങ്ങളെ കലകൊണ്ട് അട്ടിമറിക്കുന്ന മാർക്കേസിന്റെ വിനോദത്തിന്റെ ആസ്വാദകർ മാജിക്കൽ റിയലിസം എന്നുവിളിച്ചു. മാർക്കേസിന്റെ നോവൽ ബമ്പർ ഹിറ്റായി. ആദ്യത്തെ ഒരാഴ്ചകൊണ്ട് അർജന്റീനയിൽ മാത്രം വിറ്റുപോയത് എണ്ണായിരം കോപ്പികളായിരുന്നു. അത് ഒരു ലാറ്റിനമേരിക്കൻ നോവലിനെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ വില്പനയായിരുന്നു. എല്ലാത്തരം വായനക്കാരും മാർക്കേസിന്റെ വായിച്ചു. പ്രണയിച്ചു. കൂലിത്തൊഴിലാളികൾ, പ്രൊഫസർമാർ, വീട്ടുവേലക്കാരി, തെരുവുവേശ്യകൾ എല്ലാവരും ആ നോവലിനെ ഇഷ്ടപ്പെട്ടു. സുന്ദരികളായ തരുണീമണികൾ അദ്ദേഹത്തിന് മുന്നിൽ സ്വന്തം ഫോട്ടോകളും ശരീരങ്ങൾ തന്നെയും സമർപ്പിച്ചു.
'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എഴുതുമ്പോൾ മാർക്കേസിന് പ്രായം നാല്പതായിരുന്നു. ആ കാലത്ത് തന്റെ എഴുത്ത് തുടർന്നുപോകാൻ വേണ്ടിമെഴ്‌സിഡസ് സഹിച്ച ത്യാഗങ്ങൾ പലവട്ടം ഗാബോ എടുത്തെടുത്തു പറഞ്ഞിട്ടുണ്ട്. മാജിക്കൽ റിയലിസത്തിന്റെ ചിറകിലേറി മാർക്കേസ് ഗഗനസഞ്ചാരത്തിനു പോയപ്പോഴൊക്കെയും അദ്ദേഹത്തെ ഈ മണ്ണിൽ ഉറപ്പിച്ചു തന്നെ നിർത്തിയത് ആ ജീവിതത്തിലെമെഴ്‌സിഡസ് ബാർഷ പാർദോ എന്ന നങ്കൂരത്തിന്റെ സാന്നിധ്യമാണ്. നോവൽ പൂർത്തിയാക്കാനെടുത്ത പതിനെട്ടുമാസം കൊണ്ട് മാർക്കേസ് പുകച്ചു തള്ളിയത് 30,000 സിഗററ്റുകളാണ് എന്ന് പറയപ്പെടുന്നു. എഴുത്തുകാലം ഗാബോയ്ക്കും ഗാബിറ്റോയ്ക്കുമുണ്ടാക്കിയത് അന്നത്തെ പതിനായിരം ഡോളറിന്റെ സാമ്പത്തികബാധ്യതയും.
ഏറ്റവുമൊടുവിൽ 'ഏകാന്തതയുടെ നൂറു വർഷങ്ങളു'ടെ മാനുസ്ക്രിപ്റ്റിന്റെ അവശേഷിച്ചിരുന്ന പാതി കൂടി പ്രസാധകന്റെ മേൽവിലാസമെഴുതിയ കവറിലിട്ട് സ്റ്റാമ്പൊട്ടിച്ച് തപാൽ പെട്ടിയിൽ ഇട്ടശേഷം, സുദീർഘമായ ഒന്ന് നിശ്വസിച്ചുകൊണ്ട് മെഴ്‌സിഡസ് അന്ന് മാർക്കെസിനോട് ചോദിച്ച ചോദ്യമിതായിരുന്നു, "നമ്മൾ ഇത്രയൊക്കെ മെനക്കെട്ടിട്ട്, നിങ്ങളുടെ ഈ നോവൽ അഞ്ചു കാശിനു കൊള്ളില്ലെങ്കിലോ? "
കടപ്പാട് : 'ദ സീക്രട്ട് ഹിസ്റ്ററി ഓഫ് വൺ ഹൺഡ്രഡ്' ഇയേഴ്സ് ഓഫ് സോളിട്യൂഡ്', പോൾ ഏലി, വാനിറ്റി ഫെയർ