'ചക്രക്കസേരയിൽ ജീവിക്കുമ്പോഴും പലരും കാണാത്ത ലോകങ്ങൾ കണ്ടയാൾ'; ശ്രീലക്ഷ്മിയെ പരിചയപ്പെടുത്തി എംബി രാജേഷ്
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ശ്രീലക്ഷ്മിയെ തൃത്താല കക്കാട്ടിരിയിലെ വീട്ടില്‍ പോയി കണ്ടിരുന്നെന്ന് മന്ത്രി എം ബി രാജേഷ്.
തിരുവനന്തപുരം: യുവ എഴുത്തുകാരിയായ ശ്രീലക്ഷ്മിയെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. ചക്രക്കസേരയില്‍ ജീവിക്കുമ്പോഴും മറ്റു പലരും കാണാത്ത വലിയ ലോകങ്ങള്‍ കണ്ടയാളാണ് ശ്രീലക്ഷ്മിയെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വീട് കയറുന്നതിനിടെ വളരെ യാദൃച്ഛികമായാണ് ശ്രീലക്ഷ്മിയെ കണ്ടുമുട്ടിയത്. സംസാരിച്ചപ്പോള്‍ തന്നെ ശ്രീലക്ഷ്മി എന്ന വായനക്കാരിയെക്കുറിച്ചും എഴുതാനുള്ള അവളുടെ വൈഭവത്തെക്കുറിച്ചും മനസിലാക്കാനായിയെന്ന് എംബി രാജേഷ് പറഞ്ഞു.
എംബി രാജേഷിന്റെ കുറിപ്പ്: ''ചക്രക്കസേരയില്‍ ജീവിക്കുമ്പോഴും മറ്റു പലരും കാണാത്ത വലിയ ലോകങ്ങള്‍ കണ്ടയാളാണ് ശ്രീലക്ഷ്മി. പുസ്തകത്താളുകളിലൂടെ വായനയുടെ വിശാലലോകങ്ങളില്‍ ശ്രീലക്ഷ്മി സഞ്ചരിച്ചിട്ടുണ്ട്. വളരെ യാദൃച്ഛികമായാണ് ശ്രീലക്ഷ്മിയെ ഞാന്‍ കണ്ടുമുട്ടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വീട് കയറുന്നതിനിടെ. അല്പ സമയം സംസാരിച്ചപ്പോള്‍ തന്നെ ശ്രീലക്ഷ്മി എന്ന വായനക്കാരിയെക്കുറിച്ചും എഴുതാനുള്ള അവളുടെ വൈഭവത്തെക്കുറിച്ചും മനസ്സിലാക്കാനായി. ഇഷ്ടപ്പെട്ട എഴുത്തുകാരി ആരാണെന്ന് ചോദിച്ചപ്പോള്‍ കെ.ആര്‍ മീരയാണെന്ന് പറഞ്ഞു. അവിടെ നിന്നിറങ്ങി കാറില്‍ കയറിയപ്പോള്‍ തന്നെ എന്റെ സുഹൃത്തായ മീരയെ ഫോണില്‍ വിളിച്ച് ശ്രീലക്ഷ്മി എന്ന ആരാധികയെക്കുറിച്ച് പറഞ്ഞു. ശ്രീലക്ഷ്മിയുടെ ഫോണ്‍ നമ്പറും കൈമാറി. മീര തന്റെ രണ്ട് പുസ്തകങ്ങള്‍ ശ്രീലക്ഷ്മിക്ക് അയച്ചു കൊടുക്കുക മാത്രമല്ല, നേരിട്ട് തൃത്താലയില്‍ വരുകയും ശ്രീലക്ഷ്മിയെ കാണുകയും ചെയ്തു.''
''ഇപ്പോള്‍ ശ്രീലക്ഷ്മിയുടെ ആദ്യപുസ്തകം പുറത്തുവന്നിരിക്കുന്നു. അതിന് അവതാരിക എഴുതിയതും മറ്റാരുമല്ല, കെ. ആര്‍ മീര തന്നെ. ഇന്ന് ശ്രീലക്ഷ്മിയെക്കുറിച്ച് സണ്‍ഡേ സ്‌പെഷ്യലില്‍ ഹൃദ്യമായ ഒരു ഫീച്ചറുണ്ട്. രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ ഞാനത് കാണാന്‍ വിട്ടുപോയിരുന്നു. കെ.ആര്‍ മീര തന്നെയാണ് വാട്‌സാപ്പില്‍ അത് അയച്ചു തന്നത്. ശ്രീലക്ഷ്മിയുടെ ആദ്യപുസ്തകത്തെക്കുറിച്ചും മീരയുടെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുണ്ടായിരുന്നു. മീരയെപ്പോലൊരു എഴുത്തുകാരിയുടെ പിന്തുണ ശ്രീലക്ഷ്മിക്ക് എത്ര വലിയ പ്രചോദനമാണ് നല്‍കുക എന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമാണ്. ശ്രീലക്ഷ്മിക്ക് ഇനിയുമെഴുതാന്‍ ആശംസകള്‍. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഞാന്‍ ശ്രീലക്ഷ്മിയെ തൃത്താല കക്കാട്ടിരിയിലെ വീട്ടില്‍ പോയി കണ്ടിരുന്നു.''
ആരോഗ്യമേഖലയ്ക്ക് മികവിന്റെ അംഗീകാരം; കേരളത്തിന് രണ്ട് കേന്ദ്രസർക്കാർ പുരസ്‌കാരങ്ങള്‍