പിയൊണിപ്പൂന്തോട്ടം, ഒരു ഗെയ്ഷയുടെയും കാമുകന്റെയും തോണിയാത്രയുടെ കഥ!

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  ജപ്പാനീസ് നോവലിസ്റ്റ് നഗായ് കഫു എഴുതിയ  ''പിയൊണിപ്പൂന്തോട്ടം'' എന്ന കഥ

Marukara a column for translation short story by  Kafu Nagai translation by Reshmi Kittappa

വിവര്‍ത്തകയുടെ കുറിപ്പ്:

ഗെയ്ഷ എന്നാല്‍ ജപ്പാനില്‍ നര്‍ത്തകി എന്നാണര്‍ത്ഥം. തന്റെ നൃത്തംകൊണ്ട് മറ്റുള്ളവരെ ആനന്ദിപ്പിക്കുക എന്നതാണ് അവളുടെ കര്‍മ്മം. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു സമ്പ്രദായമാണിത്. വേണമെങ്കില്‍, നമ്മുടെ ദേവദാസി സമ്പ്രദായവുമായി ബന്ധപ്പെടുത്തി ഇതിനെ കാണാനാവും.  

ഗെയ്‌ഷെകളുടെ ജീവിതം ഏറെ എഴുതപ്പെട്ടതാണ്. നമ്മുടെ കാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട അത്തരമൊരു പുസ്തകം ആര്‍തര്‍ ഗോള്‍ഡന്റെ 'ഒരു ഗെയ്ഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍' ആണ്. അത് പുറത്തിറങ്ങുന്നതിന് 79 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1918-ല്‍ ജപ്പാനിലെ ഒരു ആനുകാലികത്തില്‍ തുടര്‍ച്ചയായി ഗെയ്ഷകളുടെ ജീവിതം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 'ഗെയ്ഷ പ്രതികാരത്തില്‍'എന്നായിരുന്നു ആ കഥയുടെ തലക്കെട്ട്. സൗഹൃദത്തിന്റെയും പ്രേമത്തിന്റെയും ഇടയിലെ നേരിയ വരയിലൂടെ നടക്കുന്ന ഒരു ഗെയ്ഷയുടെ ജീവിത സംഘര്‍ഷങ്ങളെ എല്ലാ തീവ്രതയോടെയും വായനക്കാരുടെ മുന്നിലെത്തിച്ച ആ എഴുത്തുകാരന്റെ പേര് നഗായ് കഫു എന്നായിരുന്നു. 

ടോക്കിയോ നഗരത്തിലെ ഗെയ്ഷകളുടെയും, വേശ്യകളുടെയും, കാബറെ നര്‍ത്തകിമാരുടെയും ജീവിതങ്ങളെ വളരെ അടുത്തുനിന്നും മനസ്സിലാക്കിയ കഫു തന്റെ പ്രസിദ്ധമായ ആ കഥയിലൂടെ, നൃത്തത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തന്റെ ആഗ്രഹത്തെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള ഒരു നര്‍ത്തകിയുടെ പ്രയാസത്തെയാണ് തുറന്നുകാട്ടിയത്.

 

Marukara a column for translation short story by  Kafu Nagai translation by Reshmi Kittappa

നഗായ് കഫു

 

പലതരം സിദ്ധാന്തങ്ങളും ചിന്താഗതികളും വീതം വെച്ചാരു മനസ്സും ജീവിതവുമായിരുന്നു കഫുവിന്‍േറത്. വളരെ സങ്കീര്‍ണ്ണതകളുള്ള ഒരു എഴുത്തുകാരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ലേബല്‍. വിഷയാസക്തികള്‍, ലൈംഗികത, കാമനകള്‍ എന്നിവയുടെ ഉല്‍സവമായിരുന്നു ആ എഴുത്തുകള്‍. എന്നാല്‍, അവിടെ തീരുന്നില്ല ഒന്നും. ആധുനികതയും, പാശ്ചാത്യരീതികളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടിയായിരുന്നു അദ്ദേഹം. ഫെമിനിസം കഫു എന്ന വ്യക്തിയുമായോ അദ്ദേഹത്തിന്റെ എഴുത്തുകളുമായോ ബന്ധപ്പെട്ട ഒന്നല്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെക്കുറിച്ച് വായിക്കുമ്പോള്‍ ശ്രദ്ധേയമായ ഒരു സഹാനുഭൂതി അദ്ദേഹം സ്ത്രീകള്‍ക്ക് നല്‍കിയതായും ഭരണകൂടവും അവരുമായുള്ള ബന്ധത്തെ വളരെ അടുത്തുനിന്ന് നിരീക്ഷിച്ചതായും കാണാന്‍ കഴിയും.

മുറകാമിയില്‍ തുടങ്ങി മുറകാമിയില്‍ അവസാനിക്കുന്ന എന്റെ ജാപ്പനീസ് സാഹിത്യലോകത്തിലേക്ക് നഗായ് കഫു എന്നപേരില്‍ എഴുതിയിരുന്ന സൊകിചി നഗായ് കടന്നുവന്നത് ഒരാഴ്ച മുന്‍പാണ്. ആധുനികതയിലേക്ക് നീങ്ങുന്ന ജപ്പാന്‍ എന്ന രാജ്യത്തിന്റെ മാറുന്ന മുഖമാണ് അദ്ദേഹത്തിന്റെ പല നോവലുകളിലെയും കഥകളിലെയും വിഷയമെന്ന് വായനയില്‍ നിന്നും മനസ്സിലായി. നോവലുകളും കഥകളും മുഖേന ജപ്പാനിന്റെ പഴയ പാരമ്പര്യത്തെ ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ ആധുനികത ചേക്കേറിയ ജപ്പാനിലെ പുതിയ നഗരങ്ങളിലെ വൃത്തികേടുകളെ വെളിപ്പെടുത്താനും അദ്ദേഹം മറന്നില്ല. കഫുവിന്റെ എഴുത്തുകളെ ജനം പ്രശംസിക്കുകയും ഒപ്പം പുറംതള്ളുകയും ചെയ്തു. ജപ്പാന്റെ ഭൂതകാലത്തിന്റെ ഒരു ക്ഷണികദൃശ്യമോ അതല്ലെങ്കില്‍ ഒരു വിലാപകാവ്യമോ ആണ് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കൂടുതലും കാണാന്‍ കഴിയുന്നതെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടു.

പ്രകൃതിയെ ഉപയോഗിക്കുക എന്നത് കഥപറയാനുള്ള മറ്റൊരു രീതിയാണ്. പിയൊണിപ്പൂന്തോട്ടം എന്ന കഥക്ക് തുടക്കത്തില്‍ എരിവും പുളിയും ഇല്ലെങ്കിലും പ്രകൃതി അതിലേക്ക് കടന്നുവരുമ്പോള്‍ അതില്‍ നിറഞ്ഞിരിക്കുന്ന സഹാനുഭൂതി നമുക്ക് വെളിപ്പെടുന്നു. സ്ത്രീ-പുരുഷ ബന്ധത്തിന്റെ അളക്കാന്‍ കഴിയാത്ത ആഴങ്ങളും ഒരു ചീട്ടുകൊട്ടാരം പോലെ പൊട്ടിത്തകര്‍ന്നുപോകുന്ന യാഥാര്‍ത്ഥ്യവും നമ്മള്‍ വേര്‍തിരിച്ചറിയുന്നു. 

രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തെ അനുകൂലിച്ച് എഴുതണമെന്ന് ജപ്പാനീസ് സൈന്യം ഉത്തരവിട്ടപ്പോള്‍ സൗകര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ എഴുത്തുകാരനായിരുന്നു കഫു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് വിലക്കുകള്‍ വന്നു. യുദ്ധത്തിന്റെ അവസാനത്തോടെ ക്ഷയിച്ചുതുടങ്ങിയ ജപ്പാന്‍ സാഹിത്യത്തിന് ശക്തി വീണ്ടെടുക്കാന്‍ ഏറെക്കാലമെടുത്തു എന്നത് ചരിത്രം. 

ഇരുപതാം നൂറ്റാണ്ടിലെ ജപ്പാന്‍ സാഹിത്യത്തിലെ മറക്കാനാവാത്ത പേരാണ് കഫു നഗായ് അല്ലെങ്കില്‍ നഗായ് കഫു എന്നത്. ഏറെ പ്രശസ്തനല്ലാതിരുന്ന എന്നാല്‍ രസകരമായ എഴുത്തുകളിലൂടെ അറിയപ്പെട്ടിരുന്ന കഫുവിന്റെ എഴുത്തില്‍ ഒരിക്കല്‍ നടത്തിയ അമേരിക്കന്‍ യാത്രയുടെയും സ്വാധീനമുണ്ട്. 1959ല്‍ അദ്ദേഹം അന്തരിച്ചു.

നാമിന്ന് വായിക്കുന്ന കഫുവിന്റെ ''പിയൊണിപ്പൂന്തോട്ടം'' എന്ന കഥ എടുക്കാം. ഒരു നര്‍ത്തകിയായിരിക്കെത്തന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും എന്നാല്‍ സത്യത്തോടടുക്കുമ്പോള്‍ എല്ലാം മടുത്തു പോകുമെന്ന പാഠം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഗെയ്ഷയുടെയും കാമുകന്റെയും തോണിയാത്രയാണ് അത്. യാത്ര അവസാനിക്കുന്നത് ഹോന്‍ജോയിലെ പിയൊണിത്തോട്ടത്തിലാണ്. പിയൊണിപ്പൂക്കളുമായി മനുഷ്യനെ താരതമ്യം ചെയ്യുന്ന നായകന്‍ കഫു തന്നെയായിരിക്കണം.

മറുകരയില്‍ ഇന്ന് നഗായ് കഫുവിന്റെ ''പിയൊണിപ്പൂന്തോട്ടം'' എന്ന കഥ! 

 

Marukara a column for translation short story by  Kafu Nagai translation by Reshmi Kittappa


 

ഒരിക്കല്‍, പെട്ടെന്ന് ഒരു നിമിഷം കൊണ്ടുണ്ടായ ഒരു തോന്നലില്‍, നര്‍ത്തകി കോറെനും ഞാനും ഹോന്‍ജോയിലെ പിയൊണിപ്പൂന്തോട്ടം കാണാന്‍ തീരുമാനിക്കുകയും, റായൊഗൊക്കു പാലത്തിന് കീഴില്‍ നിന്നും ഒരു അതിവേഗ ബോട്ടെടുക്കുകയും ചെയ്തു.

മെയ് മാസത്തിന്റെ അവസാനത്തിലായിരുന്നു അത്. പിയൊണിപ്പൂക്കള്‍ വാടിവീണു കഴിഞ്ഞിരിക്കണം. തലേദിവസം ഒരു നാടകം നടക്കുന്നയിടത്തുവെച്ച് ഞങ്ങള്‍ കാണുകയും യാനഗിബാഷി സത്രത്തില്‍ ഒരുമിച്ച് രാത്രി ചിലവഴിക്കുകയും ചെയ്തു, അതിരാവിലെ വീട്ടിലേക്ക് പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചെങ്കിലും മഴ ഞങ്ങളെ പോകാനനുവദിച്ചില്ല. ഉച്ചകഴിഞ്ഞിട്ടും മഴ തോര്‍ന്നിരുന്നില്ല. ഒരു ചെറിയ ഇടുങ്ങിയ മുറിയില്‍ ദിവസം മുഴുവനും അടച്ചിരുന്നതുകൊണ്ട് തെരുവ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രതീതി നല്‍കി, പുഴയില്‍ നിന്നും വീടുകളുടെ നിരകള്‍ക്ക് മുകളിലൂടെ ഒഴുകിവന്ന കാറ്റ് അമിതാസക്തിയില്‍ നിന്നും മുക്തമായിക്കൊണ്ടിരുന്ന മുഖങ്ങളില്‍ വര്‍ണ്ണിക്കാനാവാത്തവിധം പുതുമയുള്ളതായിരുന്നു. ഞങ്ങള്‍ യാനഗിബാഷി പാലത്തിന്റെ കൈവരിയില്‍ ചാരിനിന്നു.

മഴനിന്നതുകൊണ്ടായിരിക്കണം മുന്‍പുള്ള ദിവസങ്ങളേക്കാള്‍ അന്നത്തെ ദിവസത്തിന് കൂടുതല്‍ നീളംതോന്നിയത്. കൊടുങ്കാറ്റ് വിതച്ച മേഘങ്ങള്‍ ആകാശം മുഴുവനും ഇഴഞ്ഞുനീങ്ങി, ഒരു ദേവാലയത്തിന്റെ മുകള്‍ത്തട്ടില്‍ കാനോ-വിദ്യാലയ രീതിയില്‍ വരച്ച ഭംഗിയുള്ള മേഘങ്ങളെപ്പോലെയായിരുന്നു അത്. ആകാശത്തിന്റെ തിളങ്ങുന്ന കടുംനീലനിറം പ്രത്യേകിച്ചും മനോഹരമായിരുന്നു, ഒപ്പം സന്ധ്യയുടെ മായുന്ന നിറങ്ങളും. കാന്‍ഡ ദേവാലയത്തിന്റെ തോട്ടത്തിലേക്ക് മുങ്ങുന്ന സൂര്യനെ പിടിച്ചെടുക്കുമ്പോള്‍, കാന്‍ഡ കനാലില്‍ ഉയരുന്ന തിരയുടെ സമൃദ്ധമായ പച്ച പുതുതായി മിനുക്കിയ കണ്ണാടിപ്പാളി പോലെ തിളങ്ങി. പത്തേമാരികളും ചെറിയ ബോട്ടുകളും ഒരുമിച്ചുകൂടുന്ന കനാലിന്റെ പ്രവേശനസ്ഥലത്ത് രംഗത്തിന് ആഴം കൂട്ടാനെന്നപോലെ, കൂടുതല്‍ തേജസ്സോടെ സുമിദാ നദി ഞങ്ങളുടെ മുന്നില്‍ പരന്നുകിടന്നു. കല്ലിന്റെ ചിറകള്‍ക്കരികെ ക്രമമില്ലാതെ വളരുന്ന വില്ലോമരങ്ങള്‍ ഇളംകാറ്റില്‍ ആലസ്യത്തോടെ, വിവരിക്കാനാവാത്ത വിധത്തില്‍ ശാന്തമായി ആടിക്കൊണ്ടിരുന്നു. നദിക്കരയിലെ നര്‍ത്തകിമാരുടെ വീടുകളില്‍ നിന്നും സമിസെന്‍ വീണയുടെ പരിശീലനം നിലച്ചു. സന്ധ്യയാവാറായെങ്കിലും ഓരോ നിമിഷത്തിലും നീങ്ങുന്ന മേഘങ്ങളുടെ പ്രകാശം കൂടിക്കൂടിവന്നു. കടന്നുപോകുന്നവരുടെ മുഖങ്ങളും അവരുടെ കിമോണകളിലെ വരകളും സായംകാലത്തിന്റെ വെളിച്ചത്തിലൊഴുകി. മഴ പൊടിനീക്കിയ നഗരം മുഴുവനായും വൃത്തിയുള്ളതും, സ്വസ്ഥവും, സുഖകരവുമായതുപോലെ തോന്നി. കൈയില്‍ ടവ്വലുകളും സൌന്ദര്യവര്‍ദ്ധക വസ്തുക്കളുമായി കുളികഴിഞ്ഞുവരുന്ന സ്ത്രീകള്‍ പരസ്പരം കടന്നുപോകുമ്പോള്‍ സംഭാഷണങ്ങളിലേര്‍പ്പെട്ടു. അവരുടെ കഴുത്ത് അതിശയിപ്പിക്കും വിധം വെളുത്തതായിരുന്നു. വവ്വാലുകള്‍ പുറത്തുവന്നു കഴിഞ്ഞിരുന്നു, കുട്ടികള്‍ അവയെ ഓടിക്കാനും തുടങ്ങിയിരുന്നു. കൈയെത്തും ദൂരത്ത് ട്രാംവണ്ടികളുടെ മണികിലുങ്ങുമ്പോള്‍, ദൂരെ നീണ്ട കാഹളം മുഴക്കിക്കൊണ്ട് മങ്ങിമായുന്ന ബോട്ടുകള്‍, അതിനുപിറകെ സത്രത്തിന്റെ രണ്ടാംനിലയില്‍ നിന്നും സാമിസെന്‍ വീണകളുടെ ഒരേ സ്വരം, അതിന്റെ വലിയ മേല്‍ക്കൂര നദീമുഖത്തേക്ക് തള്ളിനില്‍ക്കുന്നു. ചുവന്ന തുകല്‍പ്പടികളുള്ള പുതുതായി വാര്‍ണിഷ് ചെയ്ത റിക്ഷകള്‍ അപ്പോഴും മദ്യശാലയുടെ മഴനനവ് ഉണങ്ങിയിട്ടില്ലാത്ത മരവേലിക്ക് പുറത്ത് കാത്തുനിന്നു. നീണ്ട നിലത്തിഴയുന്ന കിമോണോ ധരിച്ച ഒരു നര്‍ത്തകി ഒരു വില്ലോ മരത്തിന് താഴെയുള്ള ഗേറ്റിലൂടെ തിരക്കിട്ട് നടന്നു. തെരുവിലെ ആളുകള്‍ അവരെ തിരിഞ്ഞുനോക്കി.

'നമുക്ക് പോവാം' കോറെന്‍ പറഞ്ഞു.

ഞാന്‍ പ്രധാന തെരുവിലൂടെ റായൊഗൊക്കു പാലത്തിനടുത്തേക്ക് നടന്നു.

'നീ നേരെ വീട്ടിലേക്കാണോ പോകുന്നത്? ഞാന്‍ റിക്ഷ പിടിച്ചു തരട്ടെ?'

അവള്‍ തലയാട്ടിക്കൊണ്ട് നടത്തം തുടര്‍ന്നു.

തെരുവ് മുതല്‍ സുമിദ വരെ തുറന്നുകിടക്കുന്ന ആകാശത്തെ ഞാന്‍ മുതുകുവളച്ച് നോക്കി. പാലത്തിലേക്ക് കടക്കുന്നയിടത്ത് ചെറിയ ഹോട്ടലടുക്കളകളുടെ മണത്തില്‍ ട്രാംവണ്ടികളുടെയും, അതില്‍ കയറാന്‍ നില്‍ക്കുന്നവരുടെയും, പാലം കടക്കുന്ന ചുമട്ടുവണ്ടികളുടെയും ആശയക്കുഴപ്പങ്ങള്‍. ഈ സ്ത്രീയുമായി സത്രത്തില്‍ നിന്നും വരുന്ന എനിക്ക്, ഞാനില്ലാതെ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്ന ഒരു ലോകവുമായി യാതൊരു ബന്ധവുമില്ല എന്ന് പെട്ടെന്നെനിക്ക് തോന്നി. വെവ്വേറെ ദിശകളിലേക്ക് ഞങ്ങളെ നയിച്ചുകൊണ്ട്, ലോകത്തെയും എന്നെയും നിയന്ത്രിച്ചിരുന്നത് വ്യത്യസ്തമായ വിധികളായിരുന്നു. വൈകുന്നേരത്ത് എപ്പോഴും ഒരു തരത്തിലുള്ള നിശ്ചലത എന്നെ കീഴടക്കിയിരുന്നു, പക്ഷെ ഇത്തവണ ആ നിശ്ചലത ശക്തി മുഴുവനും നഷ്ടപ്പെട്ടതുപോലെയായിരുന്നു, അത് കൂടെക്കൊണ്ടുവന്നത് അവ്യക്തമായ നിര്‍വ്വചിക്കാനാവാത്ത ഒരു വിഷാദത്തെയാണ്. ഒരു സ്ത്രീയോട് വിടചൊല്ലാന്‍ എനിക്ക് പ്രത്യേകിച്ച് വിഷമമുണ്ടായിരുന്നില്ല. ഒരു ദിവസം ദുര്‍വ്യയം ചെയ്തതില്‍ എനിക്ക് ഖേദവുമുണ്ടായിരുന്നില്ല, ഒഴുകുന്ന നദി എന്റെ മനസ്സിളക്കുകയും ചെയ്തിരുന്നില്ല. ഒരു നഗരം അതില്‍ ജനിച്ചവര്‍ക്ക് മാത്രം നല്‍കുന്ന മനുഷ്യനിര്‍മ്മിതമായ വിഷയസുഖങ്ങളില്‍ ഞാന്‍ തളര്‍ന്നുപോയിരുന്നു, ഇപ്പോള്‍, ആ സ്വപ്നത്തെ പിന്തുടര്‍ന്ന് ഞാന്‍ സ്വപ്നങ്ങളുടെ മുഴുവന്‍ നിരയിലേക്കും തിരിഞ്ഞുനോക്കുന്നതുപോലെയായിരുന്നു.

'സൂക്ഷിച്ച്.' ട്രാംവണ്ടിപ്പാതകള്‍ മുറിച്ചുകടക്കുമ്പോള്‍ ഞാന്‍ കോറെന്റെ കൈപിടിച്ചു. അവള്‍ നദിക്കരയിലെ ബോര്‍ഡ് വായിച്ചു.

'നാലാം പാലത്തിലെ പിയൊണിപ്പൂക്കളിലേക്ക് എക്‌സ്‌പ്രെസ്സ് ബോട്ടുകള്‍. നാല് സെന്‍.'

'നമുക്ക് പോകാമോ?'

'പോകാം.' അവളുടെ ശബ്ദം അസാധാരണമാം വിധം ഓജസ്സും ആഹ്ലാദവും നിറഞ്ഞതായിരുന്നു. ''ഞാനൊരിക്കലും പോയിട്ടില്ല.'

ചിറയില്‍ നിന്നും ഇട്ടിരുന്ന ഒരു പലക മുറിച്ചുകടന്ന് ഞങ്ങളൊരു പഴയ പത്തേമാരിയിലെത്തി, അതില്‍ നിന്നും തറയില്‍ ഓടപ്പുല്ലിന്റെ നേരിയ പായവിരിച്ച അധികം ഭാരമില്ലാത്ത ഒരു ബോട്ടിലേക്ക് കയറി.

 

.............................................

ആടിയുലയുന്നതിനൊപ്പം, വര്‍ത്തമാനത്തില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട്, എന്റെ ആയ അവരുടെ കൈകളിലിട്ട് എന്നെ ആട്ടിക്കൊണ്ടിരുന്നതിന്റെ വിദൂരവും, സൌമ്യവുമായ ഓര്‍മ്മകളും വന്നെത്തി.

Marukara a column for translation short story by  Kafu Nagai translation by Reshmi Kittappa

 

തേഞ്ഞുകീറിയ ഷര്‍ട്ടിനുമുകളില്‍ പഴയരീതിയിലുള്ള ഒരു മാര്‍ച്ചട്ട കെട്ടിയ, ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സുള്ള ചെറുപ്പക്കാരനായ തോണിക്കാരന്‍, തന്റെ തോണിയോട് കെട്ടിയിട്ടിരുന്ന ഒഴിഞ്ഞ ഒരു ബോട്ടിന്റെ മേധാവിയുമായി സംസാരിക്കുകയായിരുന്നു. ഞങ്ങള്‍ കയറിയപ്പോള്‍ പെട്ടെന്ന് പ്രസരിപ്പ് കൈവന്ന അയാള്‍ ഞങ്ങളെ അഭിവാദനം ചെയ്യാന്‍ എഴുന്നേറ്റു. 'ഹോന്‍ജോയിലെ പിയൊണിപ്പൂന്തോട്ടത്തിലേക്ക് മറ്റാരെങ്കിലുമുണ്ടോ?' അപ്പോള്‍ കത്തിച്ച ഒരു പൈപ്പ് വീശിക്കൊണ്ട് അയാള്‍ വിളിച്ചുചോദിച്ചു. 'ഞങ്ങള്‍ ഹോന്‍ജോ പിയൊണിയിലേക്ക് പോവുകയാണ്.'

മുകളില്‍ ഉയരത്തിലുള്ള ചിറയിലെ കാലുകളും കാല്പാദങ്ങളും മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളു. മറ്റുള്ള യാത്രക്കാരെ കാത്തിരുന്നാല്‍ ഇരുട്ടിയതിനുശേഷം മാത്രമേ ഞങ്ങള്‍ തോട്ടത്തിലെത്തുകയുള്ളു എന്ന് പേടിച്ച് ഞാനയാളോട് ആ ബോട്ട് മുഴുവനായി വാടകക്കെടുക്കാമെന്ന് പറഞ്ഞു. അയാള്‍ തന്റെ തുഴയെടുത്ത്, നല്ല ഉത്സാഹത്തോടെ, ഞങ്ങള്‍ക്ക് പുകവലിക്കാന്‍ തോന്നിയാലോ എന്നുകരുതി തോണിത്തട്ടിലേക്ക് അതിനുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു.

യുവാവിന്റെ ഉറപ്പുള്ള കൈകള്‍ തുഴയെ മുന്‍പിലേക്കും പിറകിലേക്കും ചലിപ്പിക്കുമ്പോള്‍, വൈകുന്നേരത്തെ ഉയര്‍ന്ന തിരമാലകളില്‍ ആടിയുലഞ്ഞ് ചെറിയ തോണി നീങ്ങിത്തുടങ്ങി. ആടിയുലയുന്നതിനൊപ്പം, വര്‍ത്തമാനത്തില്‍ നിന്നും വേര്‍പെടുത്തിക്കൊണ്ട്, എന്റെ ആയ അവരുടെ കൈകളിലിട്ട് എന്നെ ആട്ടിക്കൊണ്ടിരുന്നതിന്റെ വിദൂരവും, സൌമ്യവുമായ ഓര്‍മ്മകളും വന്നെത്തി.

ചാഞ്ചാട് കുഞ്ഞേ, 
ഉലഞ്ഞാടട്ടെ നൗക
താരാട്ടി നമ്മെയിത്
കൊണ്ടുപോകുന്നെങ്ങോട്ട്?

റായൊഗൊക്കു പാലത്തിന്റെ കൈവരിക്കടുത്ത് ആളുകള്‍, താഴെ പാലത്തിന്റെ തൂണുകള്‍ക്കടുത്തുള്ള ചെറിയ പെട്ടിപോലുള്ള തട്ടുകളില്‍ തോണികള്‍ വന്നെത്തുന്നതും, കയറിയിറങ്ങുന്ന യാത്രക്കാരുടെ ബഹളങ്ങളും നോക്കിനില്‍ക്കുകയായിരുന്നു. വലതുഭാഗത്തെ കര ദൂരേക്ക് മാഞ്ഞപ്പോള്‍ മുകൊജിമ തുരുത്തിലെ മേല്‍ക്കൂരകളിലെ പരസ്യങ്ങളില്‍ ബാലിശമായ ചിത്രങ്ങള്‍ തെളിഞ്ഞുവന്നു. അന്നേരം ഒരു കറുത്ത മേഘം സായാഹ്നസൂര്യനെ ഒപ്പിയെടുക്കുകയായിരുന്നു, താഴ്ന്ന, ഇഴയുന്ന രൂപത്തിലുള്ള പുതിയപാലത്തിനപ്പുറത്ത്, നദീമുഖത്തെ മൂടിവെക്കാനെന്നപോലെ ആകാശം ഇറങ്ങിവന്നു, ഫാക്ടറികളില്‍ നിന്നുള്ള പുക പിരിപിരിയായി മുകളിലേക്ക് പോയി. നദിയുടെ മധ്യത്തില്‍ വെച്ച് ഒന്നാംപാലത്തിലേക്ക് പോകുന്ന കടത്തുതോണിയുടെ അണിയവും ഞങ്ങളുടേതും ചെറുതായി കൂട്ടിമുട്ടി. അതിന്റെ മേല്‍ത്തട്ടില്‍ രണ്ട് പുരുഷന്മാരുണ്ടായിരുന്നു. കാഴ്ചയില്‍ വ്യാപാരിയാണെന്ന് തോന്നിക്കുന്ന ഒരാളുടെ പിറകില്‍ വിളറിയ നീലനിറത്തിലുള്ള തൂവാലകൊണ്ട് കെട്ടിയ ചതുരത്തിലുള്ള ഒരു ഭാണ്ഡമുണ്ടായിരുന്നു. മറ്റേത് കുറച്ചുകൂടി ചെറുപ്പമുള്ള ഒരാളായിരുന്നു, വളരെ സുന്ദരന്‍, ഒരുപക്ഷെ ചൂതുകളിക്കാരനായിരിക്കണം, തൊപ്പിയിട്ടില്ലാത്ത അയാളുടെ കിമോണൊ നെഞ്ചിനുമുകളില്‍ കൂടുതല്‍ തുറന്നിരിക്കുന്നതിനാല്‍ അയാളുടെ അരപ്പട്ട കാണാമായിരുന്നു. ഒരു ആവിബോട്ട് കടന്നുപോയപ്പോള്‍ ഞങ്ങളുടെ കൊച്ചുതോണി ചാഞ്ചാടി, അടി പരന്നതായതിനാല്‍ തോണി ഒന്നുകൂടി ഉഗ്രമായി ഉലഞ്ഞു. വലതുഭാഗത്തെ കരയിലെ മണ്‍ചുവരുകള്‍ക്ക് മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന, അതിശയിപ്പിക്കും വിധം അലങ്കാരമുള്ള, വസന്തകാല പച്ചിലച്ചാര്‍ത്തിലേക്ക് ഓളങ്ങള്‍ തെന്നിനീങ്ങി. ചിറ പൊട്ടിച്ച് തെരുവിലേക്ക് കടക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വെള്ളത്തിന്റെ പാറ്റല്‍ നദിയുടെ മറുവശത്തുനിന്നും വ്യക്തമായിരുന്നു. ആവിബോട്ട് പോയതിനുശേഷം കൂര്‍ത്ത അണിയമുള്ള ഞങ്ങളുടെ തോണി റ്റാറ്റെകവ കനാലിന്റെ മുഖം ലക്ഷ്യമാക്കി നീങ്ങി. കരയില്‍ നദിയിലേക്ക് ഉന്തി നില്‍ക്കുന്ന പുതിയ ഇരുനില വീടുകളുണ്ടായിരുന്നു, ഒരുപക്ഷെ ഭക്ഷണശാലകളാവണം. തലമുടി പിറകില്‍ കെട്ടിവെച്ച രണ്ട് ചെറുപ്പക്കാരികള്‍ കോസടി ഉണക്കാനിട്ട വരാന്തയുടെ കൈവരിയില്‍ ചാരി താഴെ വെള്ളത്തിലേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

 

................................

'അവരെന്താണ് ചെയ്യുന്നത്?' ഞാന്‍ ചോദിച്ചു. അയാള്‍ പുച്ഛത്തോടെ ചിരിച്ചു. 'വേശ്യാലയങ്ങള്‍. അവര്‍ക്ക് കച്ചവടം നടത്താന്‍ നല്ല സ്ഥലമാണ്.'

Marukara a column for translation short story by  Kafu Nagai translation by Reshmi Kittappa

 

തോണിക്കാരന്‍ അവരോട് വിളിച്ചുപറഞ്ഞു: 'നമ്മള്‍ക്കിപ്പോള്‍ നല്ല കാലാവസ്ഥയാണ് പെണ്ണുങ്ങളെ.'

അവര്‍ അമ്പരപ്പോടെ ഓടിക്കളഞ്ഞു.

'അവരെന്താണ് ചെയ്യുന്നത്?' ഞാന്‍ ചോദിച്ചു.

അയാള്‍ പുച്ഛത്തോടെ ചിരിച്ചു. 'വേശ്യാലയങ്ങള്‍. അവര്‍ക്ക് കച്ചവടം നടത്താന്‍ നല്ല സ്ഥലമാണ്.'

കോറെന്‍ നീരസത്തോടെ നെറ്റിചുളിച്ചിട്ട് എന്റെ കാല്‍മുട്ടില്‍ തട്ടി. 'എനിക്ക് കുറച്ച് പുകയില വേണം.'

തുഴയുടെ ശക്തമായ ഒരു തള്ളലോടെ തോണി ചിറ കടന്ന് കനാലിലേക്ക് നീങ്ങിത്തുടങ്ങി. നദീമുഖം കഴിഞ്ഞയുടനെ 'ഒന്നാം പാലം' എന്നെഴുതിയ മരംകൊണ്ടുള്ള ചൂണ്ടുപലക വെച്ച ഒരു പാലമുണ്ടായിരുന്നു. കനാല്‍ ഒരുവിധം, വീതിയുള്ളതായിരുന്നു, പക്ഷെ എവിടെയെല്ലാം വെള്ളമുണ്ടോ അവിടെയെല്ലാം നമുക്ക് എന്തൊക്കെ സങ്കല്പിക്കാന്‍ കഴിയുമോ അത്തരത്തിലുള്ള ഓരോ ചരക്കുകള്‍ കുന്നുകൂടിയ പത്തേമാരികളായിരുന്നു. പണി കഴിഞ്ഞെന്ന് തോന്നുന്നു, കാരണം ഒരു തോണിക്കാരന്‍ പുകവലിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി തോണിയുടെ അണിയത്ത് കുത്തിയിരിക്കുന്നുണ്ടായിരുന്നു. ചിലര്‍ കനാല്‍ വെള്ളത്തില്‍ വിയര്‍പ്പ് കഴുകുന്നുണ്ടായിരുന്നു. കുടിലുകള്‍ക്കുള്ളില്‍ കുട്ടികളെ, പിന്‍ഭാഗത്തെ തുണിയില്‍ കെട്ടിയ സ്ത്രീകള്‍ തീപിടിപ്പിക്കുകയും കലങ്ങള്‍ കഴുകുകയും ചെയ്യുന്നു. അവരുടെ ഇന്ധനം കല്‍ക്കരിയുടെ അവശിഷ്ടങ്ങളാണെന്ന് തോന്നുന്നു, വളരെയധികം നാറ്റമുള്ള പുകയാണ് അത് പുറത്ത് വിട്ടിരുന്നത്. കനാലില്‍ അവിടവിടെയായി പുകയുടെ ഒരു ചുവന്ന പടലം പ്രതിഫലിച്ചു.

കൂടിക്കലര്‍ന്ന് കിടക്കുന്ന പത്തേമാരികളിലേക്ക് കോറെന്‍ ജിജ്ഞാസയോടെ നോക്കി. 'അവര്‍ അതിലാണോ ഉറങ്ങുന്നത്?'

'തീര്‍ച്ചയായും'

'എത്ര നല്ലതാണ്.' അവളെന്നെ തിരിഞ്ഞുനോക്കി. 'ലോകത്തില്‍ നിന്നും ദൂരെ.'

'അതിനെക്കുറിച്ച് ചിന്തിക്കണ്ട. അത് പറ്റാത്ത കാര്യമാണ്, അത്രയേ ഉള്ളു.' ഞാനങ്ങനെ പറഞ്ഞെങ്കിലും എനിക്കും അസാധാരണമായ വിധത്തില്‍ സങ്കടമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സുകിജിയില്‍ ഒരു വീടുണ്ടായിരുന്നു. എന്നിരുന്നാലും ആറുമാസംകഴിഞ്ഞപ്പോള്‍, അവള്‍ വീണ്ടും നര്‍ത്തകി ആകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

'വീണ്ടും എന്റെ കൂടെ ജീവിക്കാന്‍ ശ്രമിക്കണമെന്ന് നീ വിചാരിക്കുന്നില്ലേ? നിനക്കത് ഇഷ്ടമല്ലേ?'

'സത്യത്തില്‍ എനിക്കതിനോട് ഇഷ്ടക്കേടൊന്നുമില്ല. പക്ഷെ അത് ശരിയാവുകയില്ല. ഓര്‍മ്മയില്ലേ എത്ര പെട്ടെന്നാണ് നിനക്ക് മടുത്ത് പോയതെന്ന്?'

'അതെ, പക്ഷെ നര്‍ത്തകി ആകുന്നത് ഒരു തമാശയല്ല.'

'മറ്റെന്തെങ്കിലും ആകുന്നതും ഒരു തമാശയല്ല. ആരുടെയെങ്കിലും ഭാര്യയായി വീട്ടുപണികള്‍ ചെയ്യുന്നത് നിനക്കിഷ്ടപ്പെടില്ല. ഞാന്‍ പറഞ്ഞത് നമ്മള്‍ക്ക് നല്ലത് നമ്മള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ആനന്ദിക്കുക എന്നതാണ്. കുറച്ചുവര്‍ഷം കഴിഞ്ഞാല്‍ എനിക്ക് മുപ്പത്തഞ്ചാകും, നിനക്ക് മുപ്പതും. നീ സമ്മതിച്ചിരുന്നു, ജോലിക്ക് തിരിച്ചുപോയപ്പോള്‍, ഇല്ലേ?

'അങ്ങനെയായിരുന്നു. നമ്മള്‍ ഒരുമിച്ചു ജീവിച്ചിരുന്ന സമയത്തേക്കാള്‍ കൂടുതല്‍ എന്നെക്കൊണ്ട് ബുദ്ധിമുട്ട് ഇപ്പോള്‍ നിനക്കുണ്ട്. അതുകൊണ്ട്  ഇങ്ങനെ പ്രയാസപ്പെട്ട് മുന്നോട്ട് പോയി നിന്റെ ഭാര്യയായിരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.'

'ആശയമൊക്കെ ശരിയാണ്. പക്ഷെ ചായക്കടയിലെ ബില്ലിനെക്കുറിച്ച് ആശങ്കപ്പെടാതെ സ്വയം ആനന്ദിക്കുന്നത് ഒരുകാര്യവും, ജോലിക്ക് പോവുക എന്നത് മറ്റൊരു കാര്യവുമാണ്.  

'അപ്പോള്‍ നമ്മള്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ലേ?'

'അതല്ല വിഷയം. നീ ഇത്തിരി കാലം കൂടി കാത്തിരിക്കണം. പ്രേമിക്കുകയും പ്രേമിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് നീ അത്രയധികം ഉത്കണ്ഠപ്പെടാതിരിക്കുന്നത് വരെ, നീ പിറകില്‍ വിട്ടിട്ട് വരുന്നതിനെക്കുറിച്ച് ഒരു ഖേദവും നിനക്കില്ലാതിരിക്കുന്നത് വരെ. നീ ചതിക്കപ്പെടുകയാണോ എന്ന് നീ ആശങ്കപ്പെടുന്ന ദിവസങ്ങള്‍, ആ ദിവസങ്ങള്‍ ആനന്ദിക്കാനുള്ളതാണ്. നമ്മള്‍ വിവാഹം കഴിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് വളരെയൊന്നും ആശങ്കപ്പെട്ടില്ലെങ്കില്‍ നമ്മള്‍ ഒരുമിച്ചുണ്ടാകും.

'എന്നാലും, എന്ത് മണ്ടത്തരമുള്ള ലോകമാണിത്.'

'വളരെയധികം മണ്ടത്തരമുള്ളത്.'

ട്രാംവണ്ടികളുടെ പാതകളുള്ള രണ്ടാമത്തെ പാലത്തിന്റെ അടിയിലൂടെ ഞങ്ങള്‍ കടന്നു, ഒരുപോലെയുള്ള കുറേ താഴ്ന്ന മരപ്പാലങ്ങളുടെ നിരകള്‍ കടന്നുപോകുന്ന കനാല്‍ മുന്നില്‍ നീണ്ടുകിടന്നു. ഒരുപാലം കടന്നുകഴിഞ്ഞാല്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. കുട്ടികള്‍ പ്രാണികളെപ്പോലെ അതിനുമുകളില്‍ തിക്കിത്തിരക്കി. പാലങ്ങള്‍ മാത്രമല്ല, ഓരോ തുറസ്സായ സ്ഥലത്തും, പടിക്കെട്ടുകളിലാണെന്ന് തോന്നുന്നു വികൃതികളായ കുട്ടികളുടെ കൂട്ടമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ആണ്‍കുട്ടികളെ കടത്തിവെട്ടിക്കൊണ്ട് പെണ്‍കുട്ടികള്‍ ഇരുകരകളില്‍ നിന്നും ഒച്ചയിട്ടു:

അക്കരെ നില്‍ക്കുന്ന കുള്ളനെ നോക്കൂ

അവന്റെ തലക്ക് മൂന്നിഞ്ച് നീളം

തുളച്ചുകയറുന്ന ശബ്ദങ്ങള്‍ കനാല്‍ കടന്ന്, കര പിന്തുടര്‍ന്ന്, പിറകില്‍ നിന്നും ഞങ്ങളെ മുന്നോട്ടുള്ള വഴിയിലേക്ക് വേഗത്തില്‍ തള്ളുകയാണെന്ന് തോന്നി. കാറ്റ് നിലയ്ക്കുകയും സന്ധ്യാനേരത്തെ അന്തരീക്ഷം പെട്ടെന്ന് ശാന്തമാവുകയും ചെയ്തു. ഭണ്ഡാരപ്പുരകളുടെ വെളുത്ത ചുവരുകള്‍ തെളിഞ്ഞ് പുതുമയോടെ വെള്ളത്തില്‍ പ്രതിഫലിച്ചു, പത്തേമാരികളിലെ തീയ്ക്ക് അപ്പോഴും ചുവപ്പുനിറമായിരുന്നു. ത്രികോണാകൃതിയില്‍ മനോഹരമായി അടുക്കിവെച്ചിരിക്കുന്ന വിറക് കഷ്ണങ്ങള്‍ കറുത്ത് തുടങ്ങിയിരുന്നു. പാലങ്ങളിലേക്ക് കടക്കുന്നതിന്റെ അറ്റത്ത് നില്‍ക്കുന്ന കൂര്‍ത്ത മുളക്കെട്ടുകള്‍ കറുത്ത ഗോപുരങ്ങള്‍ പോലെ വൈകുന്നേരത്തെ അകാശത്തിലേക്കുയര്‍ന്നുനിന്നു. ഞങ്ങള്‍ എത്ര ദൂരേക്ക് പോയിട്ടും ആ ദൃശ്യം പക്ഷെ മാറ്റമില്ലാതെ നിന്നു, നേരിയ പുല്ലുപായയുടെ അസൌകര്യം മാത്രം ബാക്കിവെച്ചുകൊണ്ട് തോണിയുടെ മനോഹാരിത അപ്രത്യക്ഷമാവുകയായിരുന്നു.

'കനാല്‍ എത്രദൂരം വരെ പോകുന്നുണ്ട്?'

'കമെഡൊ വരെ.'

'അത് പിയൊണിത്തോട്ടത്തില്‍ നിന്നും കുറെ ദൂരെയാണോ?'

'അധികമില്ല. അത് മൂന്നാമത്തെ പാലമാണ്.' ഞങ്ങള്‍ രണ്ടുപേരും കോട്ടുവായ വരുന്നത് നിയന്ത്രിച്ചു. 'നിന്നെ ആനന്ദിപ്പിക്കാന്‍ വേണ്ടി കാണാന്‍ സുന്ദരനായ ഒരു നടനെ എന്തുകൊണ്ടാണ് നീ കണ്ടുപിടിക്കാത്തത്?'

'എന്നെക്കൊണ്ട് പറ്റില്ല. എന്നെ ആരെങ്കിലും കളിയാക്കുമ്പോള്‍ ആദ്യമൊക്കെ അത് നല്ല ആവേശമായിരുന്നു, ഇപ്പോള്‍ അതെല്ലാം ഭയങ്കര മുഷിപ്പാണ്. നമ്മളെക്കുറിച്ച് ആരെങ്കിലും പറയാന്‍ തുടങ്ങുന്നതുതന്നെ ഒരു തമാശയല്ല.'

'അല്ല, ഈ പരദൂഷണങ്ങളൊന്നും ഒരു തമാശയല്ല. വീണ്ടും നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നത് ഒട്ടും തമാശയല്ല.'

'ഒരുമിച്ച് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിലപ്പോള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയും.'

'ചിലപ്പോള്‍ കഴിയും.'

'ആളുകള്‍ എന്തുപറയുമെന്നാണ് നീ വിചാരിക്കുന്നത്?'

'പല കാര്യങ്ങളും പറയും. മൂന്നു ദിവസത്തിനുള്ളില്‍ നമ്മളെ അവര്‍ മറക്കുകയും ചെയ്യും'

'അത് നല്ല തമാശയായിരിക്കും.'

'ഒട്ടും തമാശയല്ല അത്.'

ഞങ്ങള്‍ വീണ്ടും കോട്ടുവായിട്ടു.

'അല്ലെങ്കില്‍, പുരുഷന്മാരും സ്‌നേഹവുമില്ലാതെ ജീവിച്ചുപോകാന്‍ നീ തീരുമാനിക്കണം. അത് ബുദ്ധിയായിരിക്കും.'

'നീ തീരുമാനിക്കുകയാണെങ്കില്‍ നിനക്ക് സ്ത്രീകളില്ലാതെ സുഖമായി ജീവിച്ചുപോകാന്‍ കഴിയും. അതെല്ലാം നിനക്ക് മടുത്ത് കഴിഞ്ഞതാണ്.'

'നീയോ? നീ പറയുന്നത് നടന്മാരെപ്പോലും നിനക്ക് മടുത്തു എന്നാണ്.'

'നടന്മാരെ മാത്രം. നടന്മാരും ഭര്‍ത്താക്കന്മാരും വ്യത്യസ്തരാണ്.'

'പൊതുവെ പുരുഷന്മാര്‍ എന്ന് പറയാം.'

'അവരെല്ലാം എന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ആരും വന്നില്ലെങ്കിലും എനിക്ക് നന്നായി ജീവിച്ചുപോകാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നു. പക്ഷെ മറ്റുള്ളവര്‍ ചിരിക്കുന്നത് കണ്ട് കരയുക എന്നത് തമാശയല്ല. നോക്ക്, നമുക്ക് നാട്ടിന്‍പുറത്ത് എവിടെയെങ്കിലും പോയി ജീവിക്കാം. എല്ലാവരില്‍ നിന്നും ദൂരെ മലകളില്‍ എവിടെയെങ്കിലും.'

'അത് അധികകാലം പറ്റുകയില്ല. ഒരാഴ്ച പോലും നിനക്കത് താങ്ങാന്‍ കഴിയില്ലെന്ന് നിനക്കറിയില്ലേ. മലമുകളിലെ ഉന്മേഷകരമായ സുഖവാസകേന്ദ്രത്തില്‍ പോലും പറ്റുകയില്ല.

'അപ്പോള്‍ എനിക്കായി ഒന്നുമില്ല. വല്ലാതെ മടുപ്പിക്കുന്ന കാര്യം.'

പത്തേമാരികള്‍ക്കിടയിലുള്ള ഒരു ചരക്കുതോണിയുടെ അടുത്തെത്തിയപ്പോള്‍ തോണിക്കാരന്‍ എന്നോട് ആംഗ്യം കാണിച്ചു.  പാണ്ടികശാലകളുടെ ഇടയില്‍ ഇറങ്ങാന്‍ ഒരു തട്ടുപോലെ എന്തോ ഉണ്ടായിരുന്നു, അതിനപ്പുറത്ത് റിക്ഷകളുടെ സ്റ്റാന്‍ഡായിരുന്നു. ഞങ്ങള്‍ കരയ്ക്ക് കയറി. തെരുവിന്റെ അപ്പുറം ഒരു മുളവേലിയുടെ അരികിലുണ്ടായിരുന്ന ഗേറ്റിനുമുകളില്‍ പിയൊണിത്തോട്ടത്തിലേക്ക് വഴികാണിക്കുന്ന ബോര്‍ഡുണ്ടായിരുന്നു.

 

.......................................

ഈ പിയൊണിപ്പൂക്കള്‍ക്ക് ഞങ്ങളുമായി പൊതുവായ എന്തോ സാമ്യമുണ്ടെന്ന് ഞാന്‍ വിചാരിച്ചു.

Marukara a column for translation short story by  Kafu Nagai translation by Reshmi Kittappa

 

നഗരത്തിന്റെ താഴ്ന്നുകിടക്കുന്ന പ്രാന്തപ്രദേശങ്ങള്‍ നല്ല ഈര്‍പ്പമുള്ളതായിരുന്നു, ആ ദിവസം പാത ചെളി നിറഞ്ഞതായിരുന്നു. ചെളിക്കുണ്ടുകള്‍ക്കിടയിലൂടെ പതുക്കെ മുന്നോട്ട് നടന്ന് ഞങ്ങള്‍ ഗേറ്റിലെത്തി, അവിടെനിന്നും പഴക്കമുള്ള കുറിയ മരങ്ങള്‍ക്കിടയില്‍ പാകിയ കല്ലുകളിലൂടെ മുന്നോട്ട് നടന്നു. ഉയരം കുറഞ്ഞ ഒരു കാട്ടുചൂരലിന്റെ പന്തല്‍ സായാഹ്ന വെളിച്ചത്തെ മറച്ചിരുന്നു, മഴയില്‍ നിന്ന് രക്ഷനേടാനുള്ളതായിരുന്നു അത്, പൂന്തോട്ടത്തിന്റെ ഉള്ളില്‍ ഇരുട്ടായിരുന്നു. ഏതോ വേലക്കാരികള്‍ പുറത്ത് വിളക്കുകള്‍ വെക്കുന്നുണ്ടായിരുന്നു. സന്ധ്യയുടെ മങ്ങിയ മഞ്ഞവെളിച്ചം കടന്നുവന്നപ്പോള്‍ പിയൊണിച്ചെടികളുടെ നിരകള്‍ അവ്യക്തമായി ഇളകി. പിയൊണിപ്പൂക്കള്‍ വാടിവീണു തുടങ്ങിയിരുന്നു. ഇതളുകള്‍ മുഴുവനും വീണിട്ടില്ലാത്ത പൂങ്കുലകള്‍ പോലും വളരെയധികം നിറം മങ്ങിയതായിരുന്നു, അവയുടെ ഹൃദയം കറുത്തും തുറന്നും പോയിരുന്നു. കടുത്ത സൂര്യപ്രകാശവും പുതുകാറ്റും ഏറ്റിരുന്നെങ്കില്‍ ഇപ്പോഴേക്കും അവയെല്ലാം വാടിവീണു കഴിഞ്ഞിട്ടുണ്ടാകും. ഏറെക്കാലം വിരിഞ്ഞുനില്‍ക്കുന്നതിന്റെ തളര്‍ച്ചയും മടുപ്പും ഓരോ പൂവില്‍നിന്നും പ്രവഹിക്കുന്നതായി തോന്നി. ഈ പിയൊണിപ്പൂക്കള്‍ക്ക് ഞങ്ങളുമായി പൊതുവായ എന്തോ സാമ്യമുണ്ടെന്ന് ഞാന്‍ വിചാരിച്ചു. ഞങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍ കാറ്റോ ഒരു കാലൊച്ചയോ പോലും ഉണ്ടായിരുന്നില്ലെങ്കിലും ഒച്ചയില്ലാത്ത ഒരു മുന്നറിയിപ്പിലെന്നപോലെ  അവിടെയും ഇവിടെയുമായി കട്ടിയുള്ള ഇതളുകള്‍ വീണുകൊണ്ടിരുന്നു. ഒന്ന് ഇരുണ്ട ഇലകളുടെ മുകളില്‍ വീഴുമ്പോള്‍ മറ്റൊന്ന് വിളക്കുകളുടെ വെളിച്ചമെത്താത്ത ഇലകള്‍ക്കിടയിലെ ഇരുട്ടിലേക്ക് മാഞ്ഞുപോകും. അസമയമായതുകൊണ്ടും സീസണ്‍ കഴിഞ്ഞുപോയതുകൊണ്ടും ഞങ്ങളെക്കൂടാതെ മറ്റ് സന്ദര്‍ശകര്‍ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. ഇടക്കിടക്ക് കനാലിനരികെ നിന്നും കുട്ടികളുടെ ആരവം ഉച്ചത്തിലാവും, അവരുടെ എണ്ണം കൂടിയതുപോലെ.

അവള്‍ എന്റെ നേരെ തിരിഞ്ഞു. 'ഇതാണോ ഹോന്‍ജോയിലെ പിയൊണിപ്പൂക്കള്‍? ഇതെല്ലാമാണോ?'

'പ്രസിദ്ധമായ സ്ഥലങ്ങള്‍ എല്ലായ്‌പ്പോഴും നിരാശപ്പെടുത്തലുകളാണ്.'

'നമുക്ക് തിരിച്ചുപോകാം.'

'അതെ, നമുക്ക് തിരിച്ചുപോകാം.'

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

വിശ്വസ്ത ഹൃദയം, ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോര്‍ എഴുതിയ കഥ

അവസാനത്തെ പാഠം, ഫ്രഞ്ച് നോവലിസ്റ്റും കഥാകൃത്തുമായ അല്‍ഫോന്‍സ് ഡോഡെ  എഴുതിയ കഥ

പ്രേമം, ലെനിനും സാര്‍ ചക്രവര്‍ത്തിയും ഒരുപോലെ സ്‌നേഹിച്ച ഒരെഴുത്തുകാരിയുടെ കഥ

സ്വപ്നവും യാഥാര്‍ത്ഥ്യവും; ഒരു കുഞ്ഞ് ആഫ്രിക്കന്‍ കഥ

Latest Videos
Follow Us:
Download App:
  • android
  • ios