Translation : സ്വപ്നവും യാഥാര്‍ത്ഥ്യവും; ഒരു കുഞ്ഞ് ആഫ്രിക്കന്‍ കഥ

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയായ ഒലിവ് ഷ്രയ്നര്‍ എഴുതിയ ചെറുകഥ.
 

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

വിവര്‍ത്തകയുടെ കുറിപ്പ്

ദക്ഷിണാഫ്രിക്കയിലെ കേപ്പ് കോളനിയില്‍ 1855-ല്‍ ജനിച്ച ഒലിവ് ഷ്രയ്‌നറെ ആധുനിക വനിതയുടെ ആദ്യമാതൃക എന്ന പേരിലും വിളിക്കാമെന്ന് തോന്നുന്നു. കേപ്പ് കോളനിയില്‍ നിന്നും 1881-ല്‍ തന്റെ ആദ്യ നോവലിന്റെ മാനുസ്‌ക്രിപ്റ്റുമായി ആദ്യമായി ബ്രിട്ടനിലെത്തിയ അവര്‍ക്ക് എഴുത്തില്‍ പിന്നെ പിന്തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ''ഒരു ആഫ്രിക്കന്‍ കൃഷിത്തോട്ടത്തിന്റെ കഥ''  എന്ന ആ നോവല്‍, തന്റെ കാലത്ത് എറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സ്ത്രീസമത്വവാദിയായി അവരെ മാറ്റി. എഴുത്തുമായുള്ള തന്റെ പ്രക്ഷുബ്ധമായ ബന്ധം, എഴുതിത്തീര്‍ത്ത മറ്റൊരു നോവല്‍ പുറത്തുകൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയെങ്കിലും ''സ്ത്രീയും തൊഴിലും'' എന്ന തന്റെ പുതിയ കൃതിയില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആവേശതീവ്രമായ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ഒരു ഡോക്ടറാവണമെന്ന് കരുതിയായിരുന്നു ഒലിവ് ഷ്രയ്‌നര്‍ ബ്രിട്ടനിലെ എഡിന്‍ബെര്‍ഗിലെത്തിയത്, തന്റെ ഇരുപത്താറാമത്തെ വയസ്സില്‍  വിവാഹനിശ്ചയവും ഒരു ഗവര്‍ണസ്സിന്റെ ജോലിയും ഉപേക്ഷിച്ചാണ്, സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം എന്ന വലിയ സ്വാതന്ത്ര്യം തിരഞ്ഞ് അവര്‍ പോയത്. ഒരു മെഡിക്കല്‍ ഉദ്യോഗം നേടുന്നതിലൂടെ അന്നത്തെ പ്രമുഖമായ സ്ത്രീസമത്വ പോരാട്ടത്തിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു അവര്‍. പക്ഷെ, ആരോഗ്യം സമ്മതിക്കാതിരുന്നതിനാല്‍ ഡോക്ടര്‍ എന്ന മോഹം ഉപേക്ഷിച്ച് അവര്‍ എഴുത്ത് തിരഞ്ഞെടുത്തു, അതുവഴി ലോകത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെ വിമര്‍ശനാത്മകമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു.

 

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

ഒലിവ് ഷ്രയ്നര്‍

 

ഒരു ആഫ്രിക്കന്‍ കൃഷിത്തോട്ടത്തിന്റെ കഥ 1883-ല്‍ ഇംഗ്ലണ്ടിലാണ് പ്രസിദ്ധീകരിച്ചത്. അതിലൂടെ അവര്‍ പെട്ടെന്ന് പ്രശസ്തയായി. ഓസ്‌കര്‍ വൈല്‍ഡ് അടക്കമുള്ള പല പ്രശസ്തരുമായും അവര്‍ പരിചയപ്പെട്ടു. പുരുഷന്മാരുടെയും സ്ത്രീകളുടെയും പല പുരോഗമന പ്രസ്ഥാനങ്ങളിലും പങ്കാളിയാവുകയും, വിവാഹത്തെയും, ലൈംഗികതയെയും, ലിംഗസമത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

തന്റെ ജന്മനാട്ടിലാണ് ഷ്രയ്‌നരുടെ എഴുത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സൗത്ത് ആഫ്രിക്കന്‍ കോളനികളില്‍ പിടിമുറുക്കി പുതിയ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം അവിടുത്തെ സ്വര്‍ണ്ണ, വജ്ര ഖനികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു.  സൗത്ത് ആഫ്രിക്കയില്‍ ബ്രിട്ടീഷ് കേപ്പ് കോളനിയില്‍ ജര്‍മ്മന്‍, ഇംഗ്ലിഷ് മാതാപിതാക്കളുടെ മകളായി ജനിച്ച ഒലിവ് ഷ്രയ്‌നറെ മറ്റുള്ളവര്‍ കണ്ടത് ബ്രിട്ടീഷ് കോളനിയുടെ ഒരു പ്രജയായിട്ടാണെങ്കിലും അവരുടെ എഴുത്തില്‍ നിറഞ്ഞുനിന്നത് കേപ്പ് കോളനിയിലെ വിഭിന്ന സംസ്‌കാരങ്ങളിലെയും, വര്‍ഗ്ഗങ്ങളിലെയും, ഗോത്രങ്ങളിലെയും മനുഷ്യര്‍ക്കിടയിലെ വ്യക്തിത്വ നഷ്ടങ്ങളുടെ സങ്കീര്‍ണ്ണതകളാണ്. ഒലിവ് ഷ്രയ്‌നറുടെ ജീവിതത്തിന്റെ പശ്ചാത്തലം സത്യത്തില്‍ ഇതായിരുന്നു.

അഭയാര്‍ത്ഥികളായ കര്‍ഷകസ്ത്രീകളുടെ വിധി, സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ വോട്ടവകാശം, വിവാഹത്തിലും തൊഴിലിലും സ്ത്രീകള്‍ക്കുള്ള സ്വയംഭരണാവകാശം എന്നിവയെക്കുറിച്ചുള്ള ഷ്രയ്‌നറുടെ ദൂരവ്യാപകമായ കരുതല്‍ അവരെ ആദ്യകാല സ്ത്രീവിമോചനവാദികളില്‍ ഒരാളാക്കി മാറ്റി. സാമ്രാജ്യത്വം, മുതലാളിത്തം, വര്‍ണ്ണവിവേചനം എന്നീ ശക്തികളെ വിമര്‍ശിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ സ്ത്രീ സമത്വത്തെയും. സ്ത്രീകളുടെ അവകാശത്തെയും മനസ്സിലാക്കാന്‍ ആവശ്യമായിത്തീര്‍ന്നു.ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ ഒലിവ് ഷ്രയ്‌നര്‍ ജീവിച്ചുതീര്‍ത്തത് യൂറോപ്പിലായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ലണ്ടനില്‍ കുടുങ്ങിപ്പോയതായിരുന്നു അതിന് കാരണം. രോഗബാധിതയും ഏകാകിയുമായിരുന്നു അവര്‍. യുദ്ധത്തിനെതിരായി എഴുതാന്‍ അവര്‍ തന്റെ സമയം ചിലവഴിച്ചു. 1918-ല്‍ യുദ്ധത്തിന്റെയും, രോഗത്തിന്റെയും തീവ്രവേദനയില്‍ ഷ്രയ്‌നര്‍ ഒരു സുഹൃത്തിനെഴുതി ''മനുഷ്യരാശിയുടെ ഭാവിയെ നമ്മള്‍ ധൈര്യത്തോടെയും ശാന്തമായും നേരിടണം, അടുത്തുവരുന്ന മരണത്തെ നേരിടുന്നതുപോലെ, പേടിക്കാതെ.''

 

 

. Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

 

സ്വപ്നവും യാഥാര്‍ത്ഥ്യവും; ഒരു കുഞ്ഞ് ആഫ്രിക്കന്‍ കഥ/ ഒലിവ് ഷ്രയ്‌നര്‍ 
 

കുഞ്ഞു ജാനിറ്റ ഒരു കള്ളിപ്പാലക്കൂട്ടത്തിന്റെ അരികില്‍ ഒറ്റയ്ക്കിരുന്നു. അവളുടെ മുന്‍പിലും പിറകിലുമായി ചുവന്ന മണലും മുള്ളുള്ള കാരുച്ചെടിക്കൂട്ടങ്ങളും നിറഞ്ഞ സമതലം നീണ്ടുകിടന്നു, അവിടവിടെയായി പച്ചക്കമ്പുകള്‍ കൂട്ടിക്കെട്ടിയ ഒരു കെട്ട് പോലെ തോന്നിക്കുന്ന കള്ളിച്ചെടികളും. നദിയുടെ തീരത്തല്ലാതെ ഒരു മരം പോലും എവിടെയും കാണാനുണ്ടായിരുന്നില്ല, അത് വളരെ അകലെയുമായിരുന്നു. സൂര്യന്‍ അവളുടെ നെറുകയില്‍ തിളച്ചു. അവള്‍ മേച്ചുകൊണ്ടിരുന്ന, പട്ടുപോലത്തെ രോമമുള്ള മനോഹരമായ അംഗോറന്‍ ആട്ടിന്‍പറ്റങ്ങള്‍ പ്രത്യേകിച്ചും നിലം തൊടുന്ന വെളുത്ത പട്ടുചുരുളുകളുള്ള ചെറിയ ആട്ടിന്‍കുട്ടികള്‍ അവളുടെ ചുറ്റും ചവച്ചുതിന്നുകൊണ്ടിരുന്നു. പക്ഷെ ജാനിറ്റ അവിടെയിരുന്ന് കരഞ്ഞു. ഒരുപക്ഷെ ഒരു ദൈവദൂതന്‍ അയാളുടെ കപ്പില്‍ എല്ലാ കണ്ണുനീരും നിറയ്ക്കുകയാണെങ്കില്‍ അതിലേറ്റവും കയ്പുള്ളത് കുട്ടികള്‍ ചൊരിഞ്ഞതിനായിരിക്കും.

പിന്നീടവള്‍ക്ക് വളരെയധികം ക്ഷീണം തോന്നി, സൂര്യന് നല്ല ചൂടായിരുന്നു, അവള്‍ കള്ളിപ്പാലകളുടെ സമീപത്ത് തലവെച്ച് കിടന്നുറങ്ങിപ്പോയി.

അവള്‍ മനോഹരമായ ഒരു സ്വപ്നം കണ്ടു. വൈകീട്ട് അവള്‍ കളപ്പുരയിലേക്ക് തിരിച്ചുപോയപ്പോള്‍ ചുവരുകള്‍ വള്ളികളും റോസാപ്പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, കുടിലുകള്‍ ചെങ്കല്ലുകൊണ്ടല്ല നിറയെ പൂത്തിരിക്കുന്ന ലൈലാക്ക് പുഷ്പങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവള്‍ വിചാരിച്ചു. തടിച്ച വയസ്സന്‍ കൃഷിക്കാരന്‍ അവളെ നോക്കി ചിരിച്ചു, ആടുകള്‍ക്ക് ചാടിക്കടന്നുപോകാന്‍ വാതിലിന് കുറുകെ അയാള്‍ പിടിച്ചിരുന്ന വടി അറ്റത്ത് ഏഴ് പൂക്കളുള്ള ഒരു ലില്ലിത്തണ്ടായിരുന്നു. അവള്‍ വീട്ടിനുള്ളിലേക്ക് പോയപ്പോള്‍ അവളുടെ യജമാനത്തി അത്താഴത്തിന് പൊരിച്ച ഒരു മുഴുവന്‍ കേക്ക് അവള്‍ക്ക് കൊടുത്തു, യജമാനത്തിയുടെ മകള്‍ അതിലൊരു റോസാപ്പൂ കുത്തിനിര്‍ത്തിയിരുന്നു, അവള്‍ യജമാനത്തിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൂട്ടുകള്‍ ഊരിക്കൊടുത്തപ്പോള്‍ അയാളവളോട് ''നന്ദി'' എന്നു പറഞ്ഞു, അവളെ അയാള്‍ ചവിട്ടിയില്ല.

അതൊരു സുന്ദരമായ സ്വപ്നമായിരുന്നു.

അങ്ങനെ സ്വപ്നം കണ്ടുകൊണ്ട് കിടക്കുമ്പോള്‍ ആട്ടിന്‍കുട്ടികളില്‍ ഒന്ന് അടുത്തുവന്ന്,  ഉണങ്ങിപ്പോയ കണ്ണീരിന്റെ ഉപ്പുരസം കാരണം അവളുടെ കവിളില്‍ നക്കി. സ്വപ്നത്തില്‍, കൂലിപ്പണി ചെയ്ത് ആഫ്രിക്കന്‍ കര്‍ഷകരുടെ കൂടെ ജീവിക്കുന്ന പാവപ്പെട്ട കുട്ടിയായിരുന്നില്ല അവള്‍. അച്ഛനവള്‍ക്ക് ഉമ്മ കൊടുത്തു. മുള്‍ച്ചെടികള്‍ക്കിടയില്‍ ആ ദിവസം അദ്ദേഹം കിടന്നപ്പോള്‍ സത്യത്തില്‍ അച്ഛന്‍ മരിച്ചിരുന്നില്ല, ഉറങ്ങുകയാണ് താനെന്നാണ് അച്ഛന്‍ പറഞ്ഞത്. അയാളവളുടെ മുടിയില്‍ തലോടി, അത് നീണ്ടിരിക്കുന്നുവെന്നും, പട്ടുപോലെയാണെന്നും, അവരിപ്പോള്‍ തന്നെ ഡെന്മാര്‍ക്കിലേക്ക് പോകുമെന്നും അച്ഛന്‍ പറഞ്ഞു. അവളുടെ കാല്‍പ്പാദങ്ങള്‍ നഗ്‌നമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും, അവളുടെ മുതുകിലുള്ള അടയാളങ്ങള്‍ എന്താണെന്നും അദ്ദേഹം ചോദിച്ചു. പിന്നീട് അവളുടെ തല തന്റെ ചുമലിലേക്ക് വെച്ച് അവളെ പൊക്കിയെടുത്ത് അയാള്‍ ദൂരേക്ക് കൊണ്ടുപോയി, ദൂരേക്ക്! അവള്‍ ചിരിച്ചു അയാളുടെ തവിട്ടുനിറമുള്ള താടിയില്‍ തന്റെ മുഖം തട്ടുന്നത് അവളറിഞ്ഞു. അദ്ദേഹത്തിന്റെ കൈകള്‍ വളരെയധികം ഉറപ്പുള്ളതായിരുന്നു.

നഗ്‌നമായ പാദങ്ങളില്‍ ഉറുമ്പുകളരിച്ചും, തവിട്ടുനിറമുള്ള മുടി മണലില്‍ ചിതറിയും സ്വപ്നം കണ്ടുകൊണ്ട് അവിടെ കിടക്കുമ്പോള്‍ കന്നുകാലികളെ മേയ്ക്കുന്ന ഒരു നാടോടി അവളുടെ അടുത്തേക്ക് വന്നു. പഴകിയ കീറിപ്പറിഞ്ഞ ഒരു മഞ്ഞപ്പാന്റും, അഴുക്കുപിടിച്ച ഷര്‍ട്ടും, കീറിയ ജാക്കറ്റുമായിരുന്നു അയാള്‍ ധരിച്ചിരുന്നത്. ഒരു ചുവന്ന തൂവാല അയാള്‍ തലയില്‍ ചുറ്റിയിരുന്നു, അതിനു മുകളില്‍ ഒരു കമ്പിളിത്തൊപ്പിയും. പരന്ന മൂക്കായിരുന്നു അയാള്‍ക്ക്, വിള്ളലുകള്‍ പോലെയായിരുന്നു കണ്ണുകള്‍, തലയിലെ തൊപ്പിയിലെ പഞ്ഞി ഉരുണ്ടുകൂടി പന്തുകള്‍ പോലെയായിരുന്നു. അയാള്‍ കള്ളിപ്പാലകളുടെ അടുത്തേക്കുവന്ന് വെയിലത്ത് കിടക്കുന്ന ചെറിയ പെണ്‍കുട്ടിയെ നോക്കി. പിന്നീട് അവിടെ നിന്നും നടന്ന് ഏറ്റവും തടിയുള്ള ഒരു ചെറിയ ആട്ടിന്‍കുട്ടിയെ എടുത്ത്, തിടുക്കത്തില്‍ അതിന്റെ വായ പൊത്തിപ്പിടിച്ച് അതിനെ കൈത്തണ്ടയിലൊതുക്കി. അവളപ്പോഴും ഉറങ്ങുകയാണോ എന്നറിയാന്‍ അയാള്‍ തിരിഞ്ഞുനോക്കി, എന്നിട്ട് താഴെ ഒരു നീര്‍ച്ചാലിലേക്ക് എടുത്തുചാടി. നീര്‍ച്ചാലിന്റെ മണല്‍ത്തിട്ടിലൂടെ അല്പദൂരം നടന്ന് ഉന്തിനില്‍ക്കുന്ന ഒരു കരയിലെത്തി, അതിനു താഴെ ചുവന്ന പൂഴിമണ്ണില്‍ രണ്ടു പുരുഷന്മാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് മുഷിഞ്ഞ വസ്ത്രം ധരിച്ച, മെലിഞ്ഞ് നാലടി ഉയരമുള്ള ഒരു വയസ്സന്‍ വേട്ടക്കാരനും, കരിനീല ഷര്‍ട്ട് ധരിച്ച റെയില്‍പ്പണിക്കാരനായ ഒരു ഇംഗ്ലിഷുകാരനുമായിരുന്നു. റെയില്‍പ്പണിക്കാരന്റെ നീളമുള്ള കത്തികൊണ്ട് അവര്‍ ആട്ടിന്‍കുട്ടിയുടെ കഴുത്തറുത്തു, എന്നിട്ട് ചോര പൂഴികൊണ്ട് മൂടിയിട്ട്, കുടല്‍മാലകളും തൊലിയും കുഴിച്ചിട്ടു. പിന്നീടവര്‍ വര്‍ത്തമാനം പറഞ്ഞു, കുറച്ച് തല്ലുകൂടി, എന്നിട്ട് വീണ്ടും ശാന്തമായി സംസാരിച്ചു കൊണ്ടിരുന്നു.

ആ നാടോടി മനുഷ്യന്‍ ആട്ടിന്‍കുട്ടിയുടെ ഒരു കാല്‍ തന്റെ കോട്ടിന്റെ കീശയിലിട്ട് ബാക്കിയുള്ള ഇറച്ചി ചാലില്‍ ഇരിക്കുന്ന മറ്റു രണ്ടുപേര്‍ക്കുമായി വിട്ട് നടന്നുപോയി.

കുഞ്ഞു ജാനിറ്റ എഴുന്നേറ്റപ്പോള്‍ ഏകദേശം അസ്തമയമായിരുന്നു. അവള്‍ വളരെയധികം പേടിയോടെ എണീറ്റിരുന്നു, പക്ഷെ അവളുടെ ആടുകളെല്ലാം അവളുടെ ചുറ്റുമുണ്ടായിരുന്നു. അവളവയെ വീട്ടിലേക്ക് തെളിക്കാന്‍ തുടങ്ങി. ''ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,'' അവള്‍ പറഞ്ഞു.

ഡെര്‍ക്, എന്ന നാടോടി, അയാളുടെ ആട്ടിന്‍പറ്റത്തെ നേരത്തെ തന്നെ തിരിച്ചെത്തിച്ച്, തൊഴുത്തിന്റെ വാതിലിനടുത്ത് തന്റെ കീറിപ്പറിഞ്ഞ മഞ്ഞക്കാലുറകളുമായി നിന്നു. തടിച്ച വയസ്സന്‍ കൃഷിക്കാരന്‍ തന്റെ വടി വാതിലിനു കുറുകെ വെച്ച് ജാനിറ്റയുടെ ആടുകളെ ഓരോന്നിനെയായി ഉള്ളിലേക്ക് ചാടിക്കടക്കാന്‍ അനുവദിച്ചു. അയാളവയെ എണ്ണി. അവസാനത്തേത് ചാടിക്കടന്നപ്പോള്‍ അയാള്‍ ചോദിച്ചു: ''നീയിന്ന് ഉറങ്ങുകയായിരുന്നോ?'' ''ഒന്നിനെ കാണാനില്ല.''

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കുഞ്ഞു ജാനിറ്റയ്ക്ക് അറിയാമായിരുന്നു. അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, ''അല്ല.'' അന്നേരം കള്ളം പറയുമ്പോള്‍ മനസ്സിലുണ്ടാകുന്ന പ്രാണനെടുക്കുന്ന ആ വേദന അവള്‍ക്ക് അനുഭവപ്പെട്ടു, അവള്‍ വീണ്ടും പറഞ്ഞു, ''അതെ.''

''നിനക്കിന്ന് അത്താഴം കിട്ടുമെന്ന് നീ വിചാരിക്കുന്നുണ്ടോ?'' കൃഷിക്കാരന്‍ ചോദിച്ചു.

''ഇല്ല,'' ജാനിറ്റ പറഞ്ഞു.

''നിനക്കെന്ത് കിട്ടുമെന്നാണ് നീ കരുതുന്നത്?''

''എനിക്കറിയില്ല,'' ജാനിറ്റ പറഞ്ഞു.

''നിന്റെ ചാട്ട എനിക്ക് തരൂ,'' കൃഷിക്കാരന്‍ കാലിമേയ്ക്കുന്നവനോട് പറഞ്ഞു.

 

.........................................

ആടുകളെല്ലാം അവളുടെ ചുറ്റുമുണ്ടായിരുന്നു. അവളവയെ വീട്ടിലേക്ക് തെളിക്കാന്‍ തുടങ്ങി. ''ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,'' അവള്‍ പറഞ്ഞു.

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

 

*****

ആ രാത്രിയില്‍ എകദേശം പൂര്‍ണ്ണമെന്ന് പറയാവുന്ന ചന്ദ്രനായിരുന്നു. ഹോ, എങ്കിലും അതിന്റെ വെളിച്ചം മനോഹരമായിരുന്നു!

പുറത്ത് വീടിനോട് ചേര്‍ന്ന് താന്‍ കിടക്കുന്ന പുരയുടെ വാതിലിനടുത്തേക്ക് ആ കൊച്ചു പെണ്‍കുട്ടി ഇഴഞ്ഞുവന്ന് ചന്ദ്രനെ നോക്കി. നിങ്ങള്‍ക്ക് വിശക്കുമ്പോള്‍, വളരെ, വളരെയധികം നോവുമ്പോള്‍ നിങ്ങള്‍ കരയുകയില്ല. അവള്‍ താടി ഒരു കൈയിലേക്ക് ചരിച്ചുകൊണ്ട് തന്റെ വലിയ മനോഹരമായ കണ്ണുകള്‍ കൊണ്ട് ചന്ദ്രനെ നോക്കി, മറ്റേ കൈ മുറിഞ്ഞതുകൊണ്ട് അവളത് തന്റെ ഉടുപ്പിനുള്ളില്‍ പൊതിഞ്ഞിരുന്നു. അവള്‍ സമതലത്തിലെ നിലാവെളിച്ചം വീണുകിടക്കുന്ന മണലിലേക്കും പൊക്കമില്ലാത്ത കാരുച്ചെടിക്കൂട്ടങ്ങളിലേക്കും കണ്ണുപായിച്ചു.

ആ സമയത്ത് ദൂരെനിന്നും ഒരു കാട്ടുമാന്‍ പതുക്കെ അവിടേക്ക് വന്നു. അത് വീടിനടുത്തേക്ക് വന്ന് അത്ഭുതത്തോടെ വീടിനെ നോക്കിനിന്നു, നിലാവെളിച്ചം അതിന്റെ കൊമ്പുകളിലും വലിയ കണ്ണുകളിലും തിളങ്ങി. ചുവന്ന ഇഷ്ടികമതിലിന്റെയടുത്ത് അത് വിസ്മയത്തോടെ നില്‍ക്കുന്നത് പെണ്‍കുട്ടി ശ്രദ്ധിച്ചു. പെട്ടെന്ന്, അതിനെയെല്ലാം പുച്ഛിക്കുന്നതുപോലെ അത് തന്റെ മനോഹരമായ പിന്‍ഭാഗം വളച്ച് തിരിഞ്ഞുനിന്നു, എന്നിട്ട് തിളങ്ങുന്ന ഒരു വെളുത്ത മിന്നല്‍പ്പിണര്‍ പോലെ കുറ്റിക്കാടുകളും മണല്‍ക്കാടും കടന്ന് ദൂരേക്ക് ഓടിപ്പോയി. അവളതു കാണാന്‍ എഴുന്നേറ്റ് നിന്നു. എത്ര സ്വതന്ത്രം, എത്ര സ്വതന്ത്രം! ദൂരേക്ക്, ദൂരേക്ക്! വിശാലമായ നിരപ്പില്‍ അതിനെ കാണാതാവുന്നതുവരെ അവളതിനെ നോക്കിനിന്നു.

അവളുടെ മനസ്സ് കൂടുതല്‍, കൂടുതല്‍ വിങ്ങി, അവള്‍ ശബ്ദമില്ലാതെ കരഞ്ഞു, എന്നിട്ട് തിടുക്കത്തില്‍, സംശയിച്ചുനില്‍ക്കാതെ, ഒന്നും ചിന്തിക്കാതെ മാനിന്റെ വഴി പിന്തുടര്‍ന്നു, ദൂരെ, ദൂരെ, ദൂരേക്ക്! ''ഞാന്‍....ഞാനും!'' അവള്‍ പറഞു, ''ഞാനും!''

ഒടുവില്‍ കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ശ്വാസമെടുക്കാന്‍ വേണ്ടി അവള്‍ നിന്നു. അന്നെരം വീട് അവള്‍ക്ക് പിറകില്‍ അല്പം അകലെയായിരുന്നു. അവള്‍ കിതച്ചുകൊണ്ട് നിലത്തേക്ക് വീണു.

അപ്പോഴവള്‍ ചിന്തിക്കാന്‍ തുടങ്ങി.

അവിടെ സമതലത്തില്‍ തന്നെ കിടക്കുകയാണെങ്കില്‍ അവര്‍ രാവിലെ അവളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് അവളെ കണ്ടുപിടിക്കും, പക്ഷെ നദിക്കരയിലെ വെള്ളത്തിലൂടെ നടക്കുകയാണെങ്കില്‍ അവളുടെ കാലടികളുടെ അടയാളം അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയില്ല, ചെറിയ പാറകളും ചെറിയ കുന്നുകളും ഉള്ള സ്ഥലത്ത് അവള്‍ക്ക് ഒളിക്കാം.

അതിനാല്‍ അവളെഴുന്നേറ്റ് നദിയുടെ ഭാഗത്തേക്ക് നടന്നു. നദിയില്‍ വെള്ളം കുറവായിരുന്നു, വീതിയുള്ള മണല്‍ത്തട്ടില്‍ ഒരു നേരിയ വെള്ളിവര മാത്രം അവിടെയും ഇവിടെയും വീതിയുള്ള നീര്‍ക്കുഴികളോടെ കിടന്നു. അവളതിലേക്ക് കാലെടുത്തുവെച്ചു, എന്നിട്ട് രസം തോന്നുന്ന തണുത്തവെള്ളത്തില്‍ കാലുകളെ നനച്ചു. അവള്‍ അരുവിയിലൂടെ നടന്നുകൊണ്ടിരുന്നു, ഉരുളന്‍ കല്ലുകള്‍ക്ക് മീതെ അത് ചിലമ്പുന്നയിടത്തുകൂടി, കളപ്പുര നില്‍ക്കുന്നയിടവും പിന്നിട്ട് വലിയ പാറകളുള്ളിടത്ത് ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിക്കടന്നുകൊണ്ട്. മുഖത്തടിക്കുന്ന രാക്കാറ്റ് അവളെ ശക്തയാക്കി, അവള്‍ ചിരിച്ചു. അത്തരമൊരു രാക്കാറ്റ് ഒരിക്കലും അവള്‍ അനുഭവിച്ചിട്ടില്ല. അങ്ങനെ തന്നെയാണ് കാട്ടുമാനുകള്‍ക്ക് രാത്രിയെ മണക്കുന്നതും, കാരണം അവ സ്വതന്ത്രരാണ്! സ്വതന്ത്രമായ ഒന്നിന് അനുഭവിക്കാന്‍ കഴിയുന്നത് ചങ്ങലക്കിട്ട ഒന്നിന് കഴിയില്ല.

ഒടുവില്‍ നദിയുടെ ഇരുകരകളിലും മണല്‍ത്തിട്ടിലേക്ക് നീണ്ടകൊമ്പുകള്‍ നീട്ടിനില്‍ക്കുന്ന വില്ലോമരങ്ങള്‍ വളരുന്ന ഒരിടത്ത് അവളെത്തി. എന്തു കൊണ്ടാണെന്ന് അവള്‍ക്ക് പറയാന്‍ കഴിയില്ല, കാരണമെന്താണെന്ന് അവള്‍ക്ക് പറയാന്‍ കഴിയില്ല, പക്ഷെ ഒരു തരം ഭയം അവളെ കീഴടക്കി.

ഇടതുഭാഗത്തെ കരയില്‍ കുന്നുകളുടെയും, കിഴുക്കാംതൂക്കായ പാറകളുടെയും ഒരു നിരയുണ്ടായിരുന്നു. കിഴുക്കാംതൂക്കായ ചരിവിന്റെയും നദിക്കരയുടെയും ഇടയില്‍ വീണുകിടക്കുന്ന പാറക്കഷ്ണങ്ങള്‍ നിറഞ്ഞ, വീതി കുറഞ്ഞ ഒരു വഴിയുണ്ടായിരുന്നു. ചെങ്കുത്തായ പാറയുടെ മുകളില്‍ ഒരു കിപ്പെര്‍സോള്‍ മരമുണ്ടായിരുന്നു, പനയുടേതുപോലുള്ള അതിന്റെ ഇലകള്‍ രാത്രിയിലെ ആകാശത്തില്‍ വ്യക്തമായ രൂപത്തോടെ നിന്നു. പാറകളും, വില്ലോ മരങ്ങളും ഗഹനമായ നിഴല്‍ വീഴ്ത്തി നദിയുടെ ഇരുകരകളിലും നിന്നു. അവള്‍ ഒരുനിമിഷം നിന്ന് മുകളിലേക്കും തന്റെ ചുറ്റിലും നോക്കി, എന്നിട്ട് പേടിയോടെ ഓടാന്‍ തുടങ്ങി.

''ഞാനെന്തിനെയാണ് പേടിച്ചത്? എത്ര വിഡ്ഡിയാണ് ഞാന്‍!'' മരങ്ങള്‍ അത്രയധികം തിങ്ങി നിറഞ്ഞിട്ടില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ അവള്‍ പറഞ്ഞു. അവള്‍ അനങ്ങാതെ നിന്ന് പേടിച്ചുവിറച്ചുകൊണ്ട് തിരിഞ്ഞുനോക്കി.

അവസാനം അവളുടെ ചുവടുകള്‍ തളര്‍ന്നു. അവള്‍ക്കപ്പോള്‍ വളരെയധികം ഉറക്കം വന്നു, കാലുകള്‍ കഷ്ടിച്ച് പൊക്കാമെന്നായി. അവള്‍ നദിക്കരയില്‍ നിന്നും പുറത്തുകടന്നു. ചുറ്റുമുള്ള വന്യമായ കല്ലുകള്‍ മാത്രമാണ് അവള്‍ കണ്ടത്, ചെറിയ പാറക്കുന്നുകള്‍ പൊട്ടി നിലത്ത് ചിതറിയതുപോലെ, അവള്‍ ഒരു മുള്‍മരത്തിന്റെ ചോട്ടില്‍ക്കിടന്ന് ഉറങ്ങിപ്പോയി.

 

..............................

''ഇന്ന് രാത്രി ഞാന്‍ വിചിത്രമായൊരു ശബ്ദം കേട്ടിരിക്കുന്നു. നിന്റെ അച്ഛന്‍ പറഞ്ഞു അതൊരു കുറുക്കന്റെ കരച്ചിലാണെന്ന്, പക്ഷെ കുറുക്കന്‍ കരയുന്നതു പോലെയൊന്നുമല്ല. അതൊരു കുട്ടിയുടെ ശബ്ദമായിരുന്നു,

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

 

*****

പക്ഷെ രാവിലെ, അതെത്ര മനോഹരമായ സ്ഥലമാണെന്ന് അവള്‍ കണ്ടു. കല്ലുകള്‍ ഒന്നിനു മീതെ ഒന്നായും, അങ്ങനെയും ഇങ്ങിനെയുമൊക്കെ കൂടിക്കിടന്നിരുന്നു. അതിനിടയില്‍ നാഗതാളികള്‍ വളര്‍ന്നു, പൊട്ടിയ പാറകള്‍ക്കിടയില്‍ ആറില്‍ കുറയാതെ കിപ്പെര്‍സോള്‍ മരങ്ങള്‍ അങ്ങിങ്ങായി വളര്‍ന്നുനില്‍ക്കുന്നു. പാറകള്‍ക്കുള്ളില്‍ മുയലുകള്‍ക്ക് നൂറുകണക്കിനുള്ള വീടുകളുണ്ടായിരുന്നു, വിള്ളലുകളില്‍ നിന്നും കാട്ടുശതാവരികള്‍ തൂങ്ങിക്കിടന്നു. അവള്‍ നദിയിലേക്ക് ഓടി, തെളിഞ്ഞ തണുത്ത വെള്ളത്തില്‍ കുളിച്ചു, തലയിലേക്ക് വെള്ളം തെറിപ്പിച്ചു. അവള്‍ ഉച്ചത്തില്‍ പാടി. അവള്‍ക്കറിയാവുന്ന പാട്ടുകളെല്ലാം സങ്കടമുള്ളതായിരുന്നു, അതിനാല്‍ അവയൊന്നും അവള്‍ക്കപ്പോള്‍ പാടാന്‍ കഴിഞ്ഞില്ല, അവള്‍ സന്തോഷവതിയായിരുന്നു, അവള്‍ വളരെ സ്വതന്ത്രയായിരുന്നു, എങ്കിലും അവള്‍ വരികളില്ലാതെ സ്വരങ്ങള്‍ മാത്രം പാടി, രാപ്പാടിയെപ്പോലെ. വഴി മുഴുവന്‍ പാടുകയും ചാടുകയും ചെയ്തുകൊണ്ട് അവള്‍ തിരിച്ചുപോയി ഒരു കൂര്‍ത്ത കല്ലെടുത്ത്  ഒരു കിപ്പെര്‍സോളിന്റെ വേരു മുറിച്ചു, അവളുടെ കൈയുടെ നീളമുള്ള ഒരു വലിയ കഷ്ണം പുറത്തെടുത്ത് അത് തിന്നാനിരുന്നു. അവളുടെ തലയ്ക്ക് മുകളിലെ പാറയില്‍ രണ്ട് മുയലുകള്‍ വന്ന് അവളെ ഒളിഞ്ഞുനോക്കി. അവള്‍ ഒരു കഷ്ണം അവയുടെ നേരെ  നീട്ടി, പക്ഷെ അവയ്ക്കത് വേണ്ടിയിരുന്നില്ല, രണ്ടും ഓടിപ്പോയി.

അവള്‍ക്കത് വളരെ സ്വാദുറ്റതായിരുന്നു. വളരെ പച്ചയായിരിക്കുമ്പോള്‍ കിപ്പെര്‍സോള്‍ പച്ച ശീമമാതളം പോലെയാണ്, അവള്‍ക്കത് ഇഷ്ടപ്പെട്ടു. മറ്റുള്ള മനുഷ്യര്‍ നല്ല ഭക്ഷണം നിങ്ങള്‍ക്ക് നേരെ എറിയുമ്പോള്‍, വിചിത്രമെന്ന് പറയട്ടെ, അത് വളരെ കയ്പുള്ളതാണ്, പക്ഷെ നിങ്ങള്‍ സ്വയം കണ്ടുപിടിക്കുന്നതെന്തായാലും അത് മധുരമുള്ളതാണ്!

അത് കഴിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ മറ്റൊന്ന് കുഴിച്ചെടുത്തു, എന്നിട്ട് അത് സൂക്ഷിച്ചുവെക്കാന്‍ ഒരു കലവറ തിരഞ്ഞു പോയി. അവള്‍ പ്രയാസപ്പെട്ട് കയറിയ പാറക്കല്ലുകള്‍ക്ക് മുകളില്‍ കുറച്ച് വലിയ കല്ലുകള്‍ മുകളില്‍ കൂട്ടിമുട്ടിയും താഴെ അകന്നും ഒരു അറ പോലെ ഇരിക്കുന്നത് അവള്‍ കണ്ടെത്തി.

''ഓ, ഇതെന്റെ കൊച്ചുവീടാണ്!'' അവള്‍ പറഞ്ഞു.

മുകളിലും ചുറ്റുഭാഗത്തും അത് അടഞ്ഞിട്ടായിരുന്നു, അതിന്റെ മുന്‍വശം മാത്രമേ തുറന്നിട്ടുള്ളു. ചുവരില്‍ കിപ്പെര്‍സോള്‍ വെക്കാന്‍ മനോഹരമായ ഒരു തട്ടുണ്ടായിരുന്നു, അവള്‍ വീണ്ടും അള്ളിപ്പിടിച്ച് താഴോട്ടിറങ്ങി. ഒരു കൂട്ടം മുള്‍ച്ചെടികള്‍ പറിച്ചുകൊണ്ടുവന്ന് വാതിലിനു മുന്നിലെ വിടവില്‍ വെച്ചു, എന്നിട്ട് അതവിടെ ഉണ്ടായതാണെന്ന് തോന്നിക്കുന്നതുവരെ അതിനു മുകളില്‍ കാട്ടു ശതാവരികള്‍ ഞാത്തിയിട്ടു. അവിടെ ഒരു മുറിയുണ്ടെന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല, കാരണം അവളൊരു ചെറിയ വിടവ് മാത്രം വെച്ച് അതിനുമുകളില്‍ ശതാവരിയുടെ ഒരു കൊമ്പ് തൂക്കിയിട്ടു. പിന്നീടവള്‍ ഉള്ളിലേക്ക് നുഴഞ്ഞു കയറി അതെങ്ങനെയുണ്ടെന്ന് നോക്കി. അവിടെ തിളങ്ങുന്ന മൃദുവായ ഒരു പച്ചവെളിച്ചമുണ്ടായിരുന്നു. പിന്നീടവള്‍ പുറത്തുപോയി മാന്തളിരിന്റെ നിറമുള്ള കുഞ്ഞുപൂക്കള്‍ പറിച്ചുകൊണ്ടുവന്നു, നിങ്ങള്‍ക്കവയെ അറിയാം, മണ്ണിനോട് മുഖം ചേര്‍ത്ത് നില്‍ക്കുന്ന പൂക്കള്‍, പക്ഷെ അവയെ മുകളിലേക്ക് തിരിച്ചുവെച്ച് നോക്കിയാല്‍ അവ കരിനീലക്കണ്ണുകളുമായി നിങ്ങളുടെ കണ്ണിലേക്ക് നോക്കും! അവള്‍ അല്പം മണ്ണോടുകൂടി അവയെ പറിച്ചെടുത്ത് പാറകള്‍ക്കിടയിലെ വിള്ളലുകളില്‍ വെച്ചു, അങ്ങനെ ആ മുറി നന്നായി സജ്ജീകരിച്ചതായി. അതിനുശേഷം അവള്‍ നദിക്കരയിലേക്ക് പോയി കൈത്തണ്ട നിറയെ വില്ലോ മരക്കൊമ്പുകള്‍ കൊണ്ടുവന്ന് മനോഹരമായ ഒരു കിടക്കയുണ്ടാക്കി, കാലാവസ്ഥ വളരെ ചൂടുള്ളതായതുകൊണ്ട് വിശ്രമിക്കാനായി അവളതില്‍ കിടന്നു.

വേഗം തന്നെ അവളുറങ്ങിപ്പോയി, വളരെ ക്ഷീണിച്ചിരുന്നതുകൊണ്ട് കുറേനേരം ഉറങ്ങുകയും ചെയ്തു. ഉച്ച കഴിയാറായപ്പോള്‍ തണുത്ത ഏതാനും തുള്ളികള്‍ മുഖത്തുവീണ് അവളുണര്‍ന്നു. അവള്‍ എഴുന്നേറ്റിരുന്നു. ഇടിമിന്നലോടുകൂടിയ ഒരു വലിയ പേടിപ്പെടുത്തുന്ന കൊടുങ്കാറ്റടിക്കുന്നുണ്ടായിരുന്നു, പാറകളിലെ വിള്ളലുകളിലൂടെ തണുത്ത തുള്ളികള്‍ താഴോട്ട് വീണു. അവള്‍ ശതാവരിക്കൊമ്പിനെ അരികിലേക്ക് വകഞ്ഞുമാറ്റി, കൊച്ചുകൈകള്‍ കാല്‍മുട്ടില്‍ മടക്കിവെച്ച് പുറത്തേക്ക് നോക്കി. ഇടി മുരളുന്നത് അവള്‍ കേട്ടു, കല്ലുകള്‍ക്കിടയിലൂടെ ചുവപ്പുവെള്ളം കുത്തിയൊലിച്ച് പുഴയിലേക്കൊഴുകുന്നത് അവള്‍ കണ്ടു. അപ്പോള്‍, ചുവന്ന നിറത്തില്‍ ദേഷ്യത്തോടെ പ്രവഹിക്കുന്ന, കമ്പുകളെയും മരങ്ങളെയും കലങ്ങിമറിഞ്ഞ വെള്ളത്തില്‍ കൊണ്ടുപോകുന്ന നദിയുടെ ഇരമ്പം അവള്‍ കേട്ടു. അവളത് ശ്രദ്ധിച്ചുകൊണ്ട് ചിരിച്ചു, എന്നിട്ട് തന്നെ സംരക്ഷിക്കുന്ന പാറയോട് ചേര്‍ന്നിരുന്നു. അവള്‍ കൈത്തലം അതിനോടമര്‍ത്തിവെച്ചു. നിങ്ങളെ സ്‌നേഹിക്കാന്‍ ആരുമില്ലാതാകുമ്പോള്‍, മൂകമായ വസ്തുക്കളെ നിങ്ങള്‍ വല്ലാതെ സ്‌നേഹിക്കും. സൂര്യനസ്തമിച്ചപ്പോള്‍ എല്ലാം ശാന്തമായി. അന്നേരം കൊച്ചു പെണ്‍കുട്ടി കുറച്ച് കിപ്പെര്‍സോള്‍ തിന്ന് വീണ്ടും ഉറങ്ങാന്‍ കിടന്നു. ഉറക്കം പോലെ ഏറ്റവും നല്ലതായി ഒന്നുമില്ലെന്ന് അവള്‍ വിചാരിച്ചു. ഒരാള്‍ ഭക്ഷണമൊന്നുമില്ലാതെ രണ്ടു ദിവസം കിപ്പെര്‍സോള്‍ ജ്യൂസ് കുടിക്കുകയാണെങ്കില്‍ അയാള്‍ക്ക് ശക്തി തോന്നുകയില്ല.

''എത്രമാത്രം നല്ലതാണ് ഇവിടം,'' ഉറങ്ങാന്‍ പോകുമ്പോള്‍ അവള്‍ വിചാരിച്ചു, ''ഞാനെന്നും ഇവിടെ താമസിക്കും.''

അതുകഴിഞ്ഞ് ചന്ദ്രനുദിച്ചു. ആകാശം ഇപ്പോള്‍ വളരെയധികം തെളിഞ്ഞതാണ്, ഒരു മേഘം പോലും എവിടെയുമില്ല, വാതിലിലെ ചെടികള്‍ക്കിടയിലൂടെ ചന്ദ്രന്‍ തിളങ്ങുകയും അവളുടെ മുഖത്ത് ജാലകത്തട്ടിയിലൂടെന്ന പോലെ വെളിച്ചം വിതറുകയും ചെയ്തു. അവള്‍ മനോഹരമായ ഒരു സ്വപ്നം കാണുകയായിരുന്നു. വിശക്കുമ്പോഴാണ് നിങ്ങള്‍ സ്വപ്നങ്ങളില്‍ വെച്ച് ഏറ്റവും സുന്ദരമായത് കാണുന്നത്. താന്‍ അച്ഛന്റെ കൈപിടിച്ച് മനോഹരമായ ഒരു സ്ഥലത്തുകൂടെ നടക്കുകയാണെന്ന് അവള്‍ കരുതി, രണ്ടുപേരുടെയും തലയില്‍ കിരീടമുണ്ടായിരുന്നു, കാട്ടുശതാവരിയുടെ കിരീടം. അവര്‍ കടന്നുപോകുമ്പോള്‍ ആളുകള്‍ അവളോട് ചിരിക്കുകയും അവളെ ഉമ്മ വെക്കുകയും ചെയ്തു, ചിലരവള്‍ക്ക് പൂക്കള്‍ കൊടുത്തു, ചിലര്‍ അവള്‍ക്ക് ഭക്ഷണം കൊടുത്തു, എല്ലായിടത്തും സൂര്യപ്രകാശമുണ്ടായിരുന്നു. ആ സ്വപ്നം തന്നെ അവള്‍ വീണ്ടും വീണ്ടും കണ്ടു, അത് കൂടുതല്‍ കൂടുതല്‍ സുന്ദരമായി, പെട്ടെന്ന് അവള്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന് തോന്നുന്നതുവരെ.  അവള്‍ മുകളിലേക്ക് നോക്കി, അവളുടെ ഒരു ഭാഗത്ത് ഉയരമുള്ള ചെങ്കുത്തായ പാറയായിരുന്നു, മറുഭാഗത്ത് കൊമ്പുകള്‍ വെള്ളത്തിലാഴ്ത്തി നില്‍ക്കുന്ന വില്ലോമരങ്ങളോട് കൂടിയ നദിയും, നിലാവെളിച്ചം എല്ലായിടത്തുമുണ്ടായിരുന്നു. മുകളില്‍ കിപ്പെര്‍സോള്‍ മരങ്ങളുടെ കൂര്‍ത്ത ഇലകള്‍ രാത്രിയിലെ ആകാശത്തില്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു, പാറകളും വില്ലോമരങ്ങളും ഇരുണ്ട നിഴല്‍ വീഴ്ത്തിയിരുന്നു.

ഉറക്കത്തില്‍ അവള്‍ വിറയ്ക്കുകയും പാതി ഉണരുകയും ചെയ്തു.

''ആഹ്, ഞാനവിടെയല്ല, ഞാനിവിടെയാണ്,'' അവള്‍ പറഞ്ഞു, എന്നിട്ട് പാറയുടെ അടുത്തേക്ക് ഇഴഞ്ഞ് അതിനെ ചുംബിച്ചു, എന്നിട്ട് വീണ്ടും ഉറങ്ങിപ്പോയി.

ഏകദേശം മൂന്നുമണിയായിട്ടുണ്ടാവും, ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തിലേക്ക് താഴാന്‍ തുടങ്ങിയിരുന്നു, അപ്പോള്‍ ഒരു ഞെട്ടലോടെ അവളെഴുന്നേറ്റു. എണീറ്റിരുന്ന് അവള്‍ കൈയെടുത്ത് തന്റെ ഹൃദയഭാഗത്ത് അമര്‍ത്തി.

''അതെന്തായിരിക്കും? ഒരു മുയല്‍ തീര്‍ച്ചയായും എന്റെ കാലുകള്‍ക്കിടയിലൂടെ ഓടി എന്നെ പേടിപ്പിച്ചതായിരിക്കും!'' അവള്‍ പറഞ്ഞു, എന്നിട്ട് വീണ്ടും കിടക്കാന്‍ വേണ്ടി തിരിഞ്ഞു, പക്ഷെ പെട്ടെന്നുതന്നെ അവള്‍ എണീറ്റിരുന്നു. പുറത്ത്, ദൂരെ നിന്നും തീയില്‍ മുള്ളുകള്‍ പൊട്ടുന്ന ശബ്ദമുണ്ടായിരുന്നു.

അവള്‍ വാതിലിനടുത്തേക്ക് ഇഴഞ്ഞുചെന്ന് വിരലുകള്‍ കൊണ്ട് ശാഖകളില്‍ ഒരു വിടവുണ്ടാക്കി.

പാറകളുടെ ചുവട്ടില്‍ നിഴലില്‍ ഒരു വലിയ തീ എരിയുന്നുണ്ടായിരുന്നു. ഇറച്ചി വേവിച്ചുകഴിഞ്ഞ എരിയുന്ന കല്‍ക്കരിയുടെ മുന്നില്‍ ചെറിയ വേട്ടക്കാരന്‍ ഇരിക്കുന്നു, ഷര്‍ട്ടിട്ട ഒരു ഇംഗ്ലിഷുകാരന്‍, കനത്ത, പ്രസന്നമല്ലാത്ത മുഖത്തോടെ താഴെ കിടക്കുന്നു. അയാളുടെ അടുത്തുള്ള കല്ലില്‍ നാടോടിയായ ഡെര്‍ക്ക് ഒരു കഠാര മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.

അവള്‍ ശ്വാസമടക്കി നിന്നു. പാറക്കെട്ടില്‍ മുഴുവനും അത്രയും ഇളകാത്ത ഒരു മുയല്‍ ഉണ്ടാവില്ല.

''അവര്‍ക്കെന്നെ ഇവിടെനിന്നും ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയില്ല,'' അവള്‍ പറഞ്ഞു, എന്നിട്ട് മുട്ടുകുത്തി നിന്ന് അവര്‍ പറഞ്ഞ ഓരോ വാക്കും ശ്രദ്ധിച്ചുകേട്ടു. എല്ലാം അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.

''നിങ്ങള്‍ക്ക് കുറെ പണമുണ്ടായിരിക്കാം,'' വേട്ടക്കാരന്‍ പറഞ്ഞു, ''പക്ഷെ എനിക്ക് വേണ്ടത് ഒരു വീപ്പ ബ്രാണ്ടിയാണ്. ആറുസ്ഥലത്ത് ഞാന്‍ മേല്‍ക്കൂരക്ക് തീ കൊടുക്കും, കാരണം ഒരിക്കല്‍ ഒരു ഡച്ചുകാരന്‍ എന്റെ അമ്മയെയും മൂന്നു കുട്ടികളെയും കുടിലിനുള്ളിലിട്ട് കത്തിച്ചുകളഞ്ഞു.''

''കളപ്പുരയില്‍ മറ്റാരും ഇല്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പാണോ?'' റെയില്‍പ്പണിക്കാരന്‍ ചോദിച്ചു.

''അതെ, ഇത് ഞാന്‍ നിങ്ങളോട് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഡെര്‍ക്ക് പറഞ്ഞു, ''രണ്ട് കാഫിറുകളും മകന്റെ കൂടെ ടൗണിലേക്ക് പോയിരിക്കുകയാണ്, പണിക്കാരികള്‍ ഒരു നൃത്തത്തിന് പോയിരിക്കുന്നു, വയസ്സനും രണ്ട് സ്ത്രീകളും മാത്രമേ അവിടെയുള്ളു.''

''പക്ഷെ അയാളുടെ കിടക്കയുടെ അരികത്ത് തിര നിറച്ച തോക്കുണ്ടെങ്കില്‍!'' റെയില്‍പ്പണിക്കാരന്‍ പറഞ്ഞു.

''അയാളുടെ അരികത്ത് ഒരിക്കലും ഉണ്ടാകാറില്ല,'' ഡെര്‍ക്ക് പറഞ്ഞു, ' അത് ഇടനാഴിയില്‍ തൂങ്ങിക്കിടക്കും, ഉണ്ടകളും. അത് വാങ്ങിയപ്പോള്‍ അത് എന്ത് ജോലിക്കുള്ളതാണെന്ന് അയാളൊരിക്കലും ചിന്തിച്ചിട്ടേയില്ല! ആ ചെറിയ വെളുത്ത പെണ്‍കുട്ടി അവിടെ ഇപ്പോള്‍ ഉണ്ടാകണേയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,'' ഡെര്‍ക്ക് പറഞ്ഞു ''പക്ഷെ അവള്‍ മുങ്ങിപ്പോയി. അടിത്തട്ടില്ലാത്ത നീര്‍ക്കുഴിയുടെ അടുത്ത് അവളുടെ കാലടയാളം നമ്മള്‍ കണ്ടുപിടിച്ചതാണ്.''

അവള്‍ ഓരോ വാക്കും കേട്ടു, അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍, തീയുടെ മുന്നില്‍ കുനിഞ്ഞിരുന്ന വേട്ടക്കാരന്‍, പെട്ടെന്നെഴുന്നേറ്റ് ശ്രദ്ധിച്ചു.

''ഹ! അതെന്താണ്?'' അയാള്‍ ചോദിച്ചു.

ഒരു വേട്ടക്കാരന്‍ ഒരു നായയെപ്പോലെയാണ്, അയാളുടെ ചെവി അത്രക്ക് നല്ലതായതിനാല്‍ ഒരു കുറുക്കന്റേയും കാട്ടുനായയുടെയും കാലടിശബ്ദങ്ങള്‍ അയാള്‍ക്ക് മനസ്സിലാവും.

''ഞാനൊന്നും കേട്ടില്ല,'' റെയില്‍പ്പണിക്കാരന്‍ പറഞ്ഞു.

''ഞാന്‍ കേട്ടു.'' നാടോടി പറഞ്ഞു, ''പക്ഷെ അത് പാറപ്പുറത്തെ ഒരു മുയലാണ്.''

''മുയലല്ല, മുയലല്ല,'' വേട്ടക്കാരന്‍ പറഞ്ഞു, ''നോക്ക്, അവിടെ നിഴലുള്ള സ്ഥലത്ത് നീങ്ങുന്നതെന്താണ്?''

''ഒന്നുമില്ല വിഡ്ഡീ!'' ഇംഗ്ലീഷുകാരനായ റെയില്‍പ്പണിക്കാരന്‍ പറഞ്ഞു. ''ഇറച്ചി വേഗം തീര്‍ക്ക്. നമുക്കിപ്പോള്‍ത്തന്നെ പുറപ്പെടണം.''

പുരയിടത്തിലേക്ക് രണ്ടുവഴികളുണ്ടായിരുന്നു. ഒന്ന് തുറസ്സായ സമതലത്തിലൂടെ, ഏറ്റവും ദൂരം കുറഞ്ഞ വഴി അതായിരുന്നു, പക്ഷെ അര മൈല്‍ ദൂരത്തുനിന്നു തന്നെ നിങ്ങളെ കാണാന്‍ സാധ്യതയുണ്ട്. മറ്റേത് നദിക്കരയിലൂടെ പോകുന്നതാണ്, അവിടെ ഒളിക്കാന്‍ പാറകളുണ്ട്, പൊത്തുകളുണ്ട്, വില്ലോമരങ്ങളുമുണ്ട്. ഒരു ചെറിയ രൂപം ആ നദിക്കരയിലൂടെ ഓടി.

പേമാരിയില്‍ നദിയിലെ വെള്ളം കര വരെ നിറഞ്ഞിരുന്നു, വില്ലോമരങ്ങള്‍ തങ്ങളുടെ കൊമ്പുകളുടെ പകുതിയും വെള്ളത്തിലാഴ്ത്തി നിന്നു. അതിനിടയില്‍ എവിടെയാണോ വിടവുള്ളത് അതിലെ കമ്പുകളുമായി ഒഴുകി നീങ്ങുന്ന ചുവന്ന ചെളിവെള്ളം കാണാമായിരുന്നു. പക്ഷെ ആ ചെറുരൂപം ഓടിക്കൊണ്ടിരുന്നു, ഒന്നും നോക്കാതെ, ഒന്നും ആലോചിക്കാതെ, കിതച്ച്, കിതച്ചുകൊണ്ട്! കട്ടിയുള്ള പാറകള്‍ ഉള്ളിടത്തുകൂടെ, ചന്ദ്രന്റെ വെളിച്ചം വീഴുന്ന തുറസ്സായ സ്ഥലത്തുകൂടെ, മുള്‍ച്ചെടികള്‍ കെട്ടുപിണഞ്ഞിരിക്കുന്ന വഴിയിലൂടെ, പാറകള്‍ നിഴല്‍ വീഴ്ത്തുന്നയിടങ്ങളിലൂടെ അത് ഓടി, ചെറിയ കൈകള്‍ ചുരുട്ടിപ്പിടിച്ചുകൊണ്ട്, മിടിക്കുന്ന കൊച്ചുഹൃദയവുമായി, മുന്നിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചുകൊണ്ട്.

ഇനി അധികദൂരം ഓടാനില്ല. ഉയരമുള്ള പാറകളുടെയും നദിയുടെയും ഇടക്കുള്ള വീതികുറഞ്ഞ വഴി മാത്രമേയുള്ളു.

ഒടുവില്‍ അവളതിന്റെ അവസാനത്തിലെത്തി, അല്പനേരം നിന്നു. അവളുടെ മുന്നില്‍ സമതലം നീണ്ടുകിടന്നു, ചുവപ്പ് നിറമുള്ള കളപ്പുര വളരെ അടുത്തായിരുന്നു, ആളുകള്‍ അവിടെ നടക്കുകയാണെങ്കില്‍ നിലാവെളിച്ചത്തില്‍ ഒരുപക്ഷെ അവരെ കാണാന്‍ കഴിയുന്നത്ര അടുത്ത്. അവള്‍ കൈകള്‍ കൂട്ടിപ്പിടിച്ചു. ''അതെ, ഞാനവരോട് തീര്‍ച്ചയായും പറയും, ഞാനവരോട് പറയും!'' അവള്‍ പറഞ്ഞു, ''ഞാനവിടെ എത്തിക്കഴിഞ്ഞു!'' വീണ്ടും അവള്‍ മുന്നിലേക്കോടി, പിന്നെ ശങ്കിച്ചുനിന്നു. നിലാവെളിച്ചമുള്ളതുകൊണ്ട് കൈത്തലം കൊണ്ട് കണ്ണിന് മറപിടിച്ച് അവള്‍ നോക്കി. അവള്‍ക്കും കളപ്പുരയ്ക്കുമിടയില്‍ കുറ്റിക്കാട്ടിലൂടെ മൂന്ന് രൂപങ്ങള്‍ നീങ്ങുന്നുണ്ടായിരുന്നു.

തിളങ്ങുന്ന നിലാവില്‍ എങ്ങിനെയാണ് അവര്‍ നീങ്ങുന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, പതുക്കെ രഹസ്യമായി, കുറിയ മനുഷ്യന്‍, ഇളംനിറത്തിലുള്ള വസ്ത്രം ധരിച്ചവന്‍, പിന്നെ കടും നിറത്തിലുള്ള കുപ്പായമിട്ടവന്‍.

''ഇനി എനിക്കവരെ സഹായിക്കാന്‍ കഴിയില്ല!'' അവള്‍ കരഞ്ഞുകൊണ്ട് തന്റെ കൊച്ചുകൈകള്‍ കൂട്ടിപ്പിടിച്ച് നിലത്തിരുന്നു.

 

..................................

പാറകളിലെ വിള്ളലുകളിലൂടെ തണുത്ത തുള്ളികള്‍ താഴോട്ട് വീണു. അവള്‍ ശതാവരിക്കൊമ്പിനെ അരികിലേക്ക് വകഞ്ഞുമാറ്റി

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

 

*****

''എണീക്ക്, എണീക്ക്!'' കൃഷിക്കാരന്റെ ഭാര്യ പറഞ്ഞു, ''ഞാനൊരു വിചിത്രമായ ശബ്ദം കേട്ടു, എന്തോ വിളിച്ചുകൊണ്ടേയിരിക്കുന്നു!''

കൃഷിക്കാരന്‍ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്ക് പോയി.

''ഞാനും കേള്‍ക്കുന്നുണ്ട്,'' അയാള്‍ പറഞ്ഞു, ''ഉറപ്പായും ഏതോ കുറുക്കന്‍ ആടിനെ പിടിക്കുന്നതായിരിക്കും. ഞാന്‍ തോക്കില്‍ തിര നിറച്ചിട്ട് പോയിനോക്കാം.''

''അത് കുറുക്കന്‍ ഓരിയിടുന്നതുപോലെയല്ല എനിക്ക് തോന്നുന്നത്,'' സ്ത്രീ പറഞ്ഞു, അയാള്‍ പോയപ്പോള്‍ അവള്‍ മകളെ ഉണര്‍ത്തി.

''വാ, പോയി അല്പം തീ കൂട്ടാം, എനിക്കിനി ഉറങ്ങാന്‍ കഴിയില്ല,'' അവള്‍ പറഞ്ഞു, ''ഇന്ന് രാത്രി ഞാന്‍ വിചിത്രമായൊരു ശബ്ദം കേട്ടിരിക്കുന്നു. നിന്റെ അച്ഛന്‍ പറഞ്ഞു അതൊരു കുറുക്കന്റെ കരച്ചിലാണെന്ന്, പക്ഷെ കുറുക്കന്‍ കരയുന്നതു പോലെയൊന്നുമല്ല. അതൊരു കുട്ടിയുടെ ശബ്ദമായിരുന്നു, അത് ഉച്ചത്തില്‍ നിലവിളിച്ചു, 'യജമാനേ, യജമാനേ, എഴുന്നേല്‍ക്കൂ!''

സ്ത്രീകള്‍ പരസ്പരം നോക്കി, പിന്നീടവര്‍ അടുക്കളയിലേക്ക് പോയി വലിയൊരു തീ കൂട്ടി, എന്നിട്ട് മുഴുവന്‍ സമയവും സ്‌തോത്രങ്ങള്‍ പാടിക്കൊണ്ടിരുന്നു.

അവസാനം കൃഷിക്കാരന്‍ തിരിച്ചുവന്നു, അവര്‍ അയാളോട് ചോദിച്ചു, ''നിങ്ങളെന്തു ചെയ്യുകയായിരുന്നു?''

''ഒന്നുമില്ല,'' അയാള്‍ പറഞ്ഞു, ''ആടുകള്‍ തൊഴുത്തില്‍ ഉറങ്ങുകയാണ്, ചുവരില്‍ നിലാവെളിച്ചമുണ്ട്. എന്നിട്ടും എനിക്ക് തോന്നിയത് ദൂരെ നദിക്കരയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂന്നു രൂപങ്ങള്‍ നീങ്ങുന്നത് ഞാന്‍ കണ്ടു എന്നാണ്. അതുകഴിഞ്ഞപ്പോള്‍, ഒരുപക്ഷെ തോന്നലായിരിക്കാം, വീണ്ടും ഒരു കരച്ചില്‍ കേട്ടെന്ന് എനിക്ക് തോന്നി, പക്ഷെ അതിനുശേഷം അവിടെ എല്ലാം നിശ്ചലമായി.''

 

Marukara a column for translation  Love a short story by Olive Schreiner trtanslation by Rashmi Kittappa

 

*****

അടുത്ത ദിവസം ഒരു റെയില്‍പ്പണിക്കാരന്‍ തിരികെ റെയില്‍പ്പണിക്ക് വന്നു.

''ഇത്രയും കാലം നീ എവിടെയായിരുന്നു?'' അയാളുടെ സുഹൃത്തുക്കള്‍ ചോദിച്ചു.

''അവന്‍ പതുങ്ങി നടക്കുകയാണ്,'' ഒരാള്‍ പറഞ്ഞു, ''എന്തിനെയോ അവിടെ കാണും എന്നതുപോലെ.''

''ഇന്ന് മദ്യം കഴിച്ചപ്പോള്‍ അവനത് താഴെ വീഴ്ത്തി, എന്നിട്ട് ചുറ്റും നോക്കി.'' മറ്റൊരാള്‍ പറഞ്ഞു.

അടുത്ത ദിവസം ഒരു ചെറിയ വയസ്സന്‍ വേട്ടക്കാരനും, കീറിയ മഞ്ഞക്കാലുറ ധരിച്ച കന്നുകാലികളെ മേയ്ക്കുന്ന ഒരു നാടോടിയും വഴിവക്കിലെ ഭക്ഷണശാലയില്‍ ഇരിക്കുകയായിരുന്നു. വേട്ടക്കാരന്‍ ബ്രാണ്ടി കഴിച്ചുകഴിഞ്ഞപ്പോള്‍, ഒരു സാധനം( അത് ഒരു പുരുഷനോ, സ്ത്രീയോ, അതോ കുട്ടിയോ എന്നൊന്നും അയാള്‍ പറഞ്ഞില്ല) എങ്ങനെയാണ് തന്റെ കൈകളുയര്‍ത്തി ദയക്ക് വേണ്ടി യാചിച്ചതെന്നും, ഒരു വെള്ളക്കാരന്റെ കൈകളില്‍  ചുംബിച്ചതെന്നും, തന്നെ സഹായിക്കാന്‍ അയാളോട് യാചിച്ചതെന്നും പറയാന്‍ തുടങ്ങി. നാടോടി വേട്ടക്കാരന്റെ കഴുത്തിനു പിടിച്ച് അയാളെ പുറത്തേക്ക് വലിച്ചുകൊണ്ടുപോയി.അടുത്ത ദിവസം രാത്രി, ചന്ദ്രന്‍ ശാന്തമായ ആകാശത്തിലേക്ക് ഉദിച്ചുയര്‍ന്നു. അവളപ്പോള്‍ പൂര്‍ണ്ണവൃത്തമായിരുന്നു, ആ കൊച്ചു വീട്ടിലേക്ക് അത് നോക്കി, കരിനീലപ്പൂക്കള്‍ തിരുകിവെച്ച മുറിയിലേക്കും, തട്ടില്‍ വെച്ച കിപ്പെര്‍സോളിലേക്കും നോക്കി. അവളുടെ വെളിച്ചം വില്ലോമരങ്ങളിലേക്കും, ഉയര്‍ന്ന പാറക്കെട്ടുകളിലേക്കും പിന്നെ മണ്ണും ഉരുളന്‍കല്ലുകളും ചേര്‍ന്ന് പുതുതായി ഉണ്ടായ ഒരു ചെറിയ കൂമ്പാരത്തിലേക്കും വീണു. ആ മൂന്ന് പുരുഷന്മാര്‍ക്കറിയാമായിരുന്നു അതിനടിയില്‍ എന്താണെന്ന്, മറ്റാരും ഒരിക്കലും അതറിഞ്ഞതുമില്ല.

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍

എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

തൂവല്‍ത്തലയണ,  ഹൊറേസിയോ കിറോഗ എഴുതിയ കഥ

ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ

ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ

ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ

വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ

മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ

വിശ്വസ്ത ഹൃദയം, ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോര്‍ എഴുതിയ കഥ

അവസാനത്തെ പാഠം, ഫ്രഞ്ച് നോവലിസ്റ്റും കഥാകൃത്തുമായ അല്‍ഫോന്‍സ് ഡോഡെ  എഴുതിയ കഥ

പ്രേമം, ലെനിനും സാര്‍ ചക്രവര്‍ത്തിയും ഒരുപോലെ സ്‌നേഹിച്ച ഒരെഴുത്തുകാരിയുടെ കഥ

Latest Videos
Follow Us:
Download App:
  • android
  • ios