ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ
മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍, ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സെല്‍ എയ്‌മെയുടെ പ്രശസ്തമായ കഥ 'ചുവരിലൂടെ നടന്ന മനുഷ്യന്‍'
വിവര്‍ത്തകയുടെ കുറിപ്പ്:
രണ്ടുവീടുകള്‍ക്കപ്പുറത്തെ ചെറിയച്ഛന്റെ വീട്ടില്‍ കറങ്ങുന്ന ഒരു ബുക്ക്‌ഷെല്‍ഫുണ്ടായിരുന്നു. മരയഴികള്‍ ഭംഗിയായി പിടിപ്പിച്ച, ഒന്നു തൊടുമ്പോഴേക്കും തിരിയുന്ന, അത്ഭുതങ്ങളുടെ ലോകം. ആ ഷെല്‍ഫായിരുന്നു ഞാന്‍ കണ്ട ആദ്യത്തെ ലൈബ്രറി. അത് വെറുതെ തിരിച്ച് പുസ്തകങ്ങളുടെ പേരുകള്‍ വായിക്കുന്നതുതന്നെ കൗതുകമായിരുന്നു. കുട്ടിക്കാല വായനയിലെ മിക്കവാറും പുസ്തകങ്ങളും ആ ഷെല്‍ഫില്‍ നിന്നും വന്നെത്തിയതായിരുന്നു. വായിച്ചുകഴിഞ്ഞ പുസ്തകം തിരിച്ചുകൊടുത്താല്‍ വേറൊന്ന് എടുത്തുതരുന്ന ചെറിയച്ഛന്റെ ലൈബ്രേറിയന്‍ മുഖഭാവം ഇതെഴുതുമ്പോഴും പിറകില്‍നിന്നും എത്തിനോക്കുന്നതുപോലെ. അവരുടെ പുതിയ വീട്ടില്‍ ഇപ്പോഴും ആ ബുക്ക്‌ഷെല്‍ഫുണ്ട്, അന്നത്തേതിന്റെ എത്രയോ ഇരട്ടി പുസ്തകങ്ങളുമായി ചെറിയച്ഛനുമുണ്ട്. കുറച്ചുകാലം മുന്‍പ് പോയപ്പോഴാണ് ആ ഷെല്‍ഫില്‍ ഒന്നുകൂടി തൊട്ട് ഉള്ള് കുളിര്‍ന്നത്.
അന്ന് വായിച്ചതില്‍ കൂടുതലും വിവര്‍ത്തനങ്ങളായിരുന്നു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ കുറവായിരുന്ന ആ ഷെല്‍ഫില്‍ അന്നത്തെ കാലത്ത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികള്‍ ഒരുപാടുണ്ടായിരുന്നു. മറുകരയില്‍ നിന്നും പരിഭാഷയിലൂടെ എത്തിയവരായിരുന്നു നോത്ര്ദാമിലെ കൂനനും, റോബിന്‍സന്‍ ക്രൂസോയുമൊക്കെ. വായിക്കുക എന്നതായിരുന്നു അന്നത്തെ വലിയ കാര്യം, രണ്ടുവീടുകള്‍ക്കിടയിലെ ആ ഇരുനൂറുമീറ്ററായിരുന്നു ഞാന്‍ താണ്ടിയ ഏറ്റവും മനോഹരമായ ദൂരം.
മറുകരയിലെ രണ്ടാമത്തെ കഥ ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സെല്‍ എയ്‌മെയുടേത്.
1902 മാര്‍ച്ച് 29ന് ജനിച്ച് 1967 ഒക്‌ടോബര്‍ 14-ന് മരിച്ച മാര്‍സെല്‍ എയ്‌മെ എന്ന എഴുത്തുകാരന്‍ ഇന്നോര്‍മ്മിക്കപ്പെടുന്നത് പാരീസിലെ പ്രശസ്തമായ ഒരു പ്രതിമയിലൂടെയാണ്. 'ചുവരിലൂടെ നടന്ന മനുഷ്യന്‍' എന്ന ഈ ചെറുകഥയിലെ നായകനായ ഡ്യുത്തിയേളിന്റെ പ്രതിമയാണ് അത്. മാര്‍സെല്‍ എയ്‌മെ ദീര്‍ഘകാലം താമസിച്ച മോന്‍ മാര്‍ത്ര് തെരുവിലാണ് സഞ്ചാരികളുടെ ശ്രദ്ധേകേന്ദ്രമായ ഈ പ്രതിമയുള്ളത്.
ഫ്രഞ്ച് നടനായ ഴാങ് മറയിസ് ആണ് 1980-കളില്‍ ഈ വെങ്കല ശില്‍പം രൂപകല്‍പ്പന ചെയ്ത് സ്ഥാപിച്ചത്. മതിലിനുള്ളില്‍ ഉറഞ്ഞുപോയൊരു മനുഷ്യരൂപമാണിത്. ലോകത്തെ ഏറ്റവും വിചിത്രമായ പ്രതിമകളിലൊന്ന്. മാര്‍സെല്‍ എയ്‌മെയുടെ കഥയിലെ നായകനായ ഡ്യുത്തിയേള്‍ വിചിത്രമായ ജീവിതം ജീവിച്ച ഒരാളായിരുന്നു എന്നതു തന്നെയാണ് ഈ പ്രതിമയെ സവിശേഷമാക്കുന്നത്. ചുവരുകളിലൂടെ സഞ്ചരിക്കാന്‍ അസാമാന്യശേഷിയുണ്ടായിരുന്ന ഡ്യുത്തിയേളിന്റെ കഥയാണ് 'ചുവരിലൂടെ നടന്ന മനുഷ്യന്‍'. ധാരാളം സിനിമകള്‍ക്ക് വേണ്ടി കഥയെഴുതിയെങ്കിലും മരണശേഷം പുറത്തുവന്ന ഈ പ്രതിമയാണ് മാര്‍സെല്‍ എയ്‌മെയെ പില്‍ക്കാലത്തേക്ക് സജീവമായി നിര്‍ത്തിയത്.
ചുവരിലൂടെ നടന്ന മനുഷ്യന്‍/ മാര്‍സെല്‍ എയ്‌മെ
മോന്‍മാര്‍ത്രിലെ, ഓര്‍ഷാംറ്റ് തെരുവില്‍, നമ്പര്‍ 75 B യുടെ മൂന്നാംനിലയില്‍ ഡ്യുത്തിയേള്‍ എന്നുപേരുള്ള ഒന്നാന്തരമൊരു മാന്യന്‍ താമസിച്ചിരുന്നു, അയാള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ ചുവരിലൂടെ കടക്കാനുള്ള സവിശേഷമായ വരദാനം കിട്ടിയിരുന്നു. കാലില്ലാക്കണ്ണടയും, കോലാടിന്റേതുപോലെ കറുത്ത ഊശാന്താടിയുമുള്ള അയാള്‍ രേഖാമന്ത്രാലയത്തിലെ ഒരു ഗുമസ്തനായിരുന്നു. ശൈത്യകാലത്ത് അയാള്‍ ബസ്സില്‍ ജോലിക്ക് പോവുകയും വേനല്‍ വരുമ്പോള്‍ തന്റെ ബൌളര്‍ തൊപ്പി ധരിച്ച് നടന്ന് പോവുകയും ചെയ്തു.
42 വയസ്സ് പൂര്‍ത്തിയായ ഉടനെയാണ് ഡ്യുത്തിയേള്‍ തന്റെ ശക്തി കണ്ടുപിടിച്ചത്. ഒരു വൈകുന്നേരം തന്റെ ചെറിയ ഒറ്റമുറി ഫ്‌ളാറ്റിന്റെ ഹാളില്‍ നില്‍ക്കുമ്പോള്‍ അല്പനേരത്തേക്ക് വിദ്യുച്ഛക്തി നിലച്ചു. ഒരു നിമിഷം ഇരുട്ടിലയാള്‍ തപ്പിത്തടഞ്ഞു, പിന്നീട് വെളിച്ചം വന്നപ്പോള്‍, താന്‍ പുറത്ത് മൂന്നാം നിലയിലെ നിരപ്പിലാണ് നില്‍ക്കുന്നതെന്ന് അയാള്‍ കണ്ടുപിടിച്ചു. ഫ്‌ളാറ്റിന്റെ വാതില്‍ ഉള്ളില്‍ നിന്നും അടച്ചിരുന്നതുകൊണ്ട് ഈ സംഭവം അയാള്‍ക്ക് ചിന്തക്കുള്ള വകനല്‍കുകയും തന്റെ സാമാന്യബുദ്ധിയുടെ എതിര്‍പ്പ് വകവെക്കാതെ അയാള്‍ വന്നതുപോലെ, ചുവരിനുള്ളിലൂടെ തന്നെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിക്കുകയും ചെയ്തു.
അപൂര്‍വ്വമായ ഈ കഴിവിന് പ്രത്യക്ഷത്തില്‍ അയാളുടെ ഏതെങ്കിലുമൊരു അഭിലാഷവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല, മറിച്ച് അതയാളെ ശല്യപ്പെടുത്തി. അങ്ങനെ, അടുത്ത ദിവസം ശനിയാഴ്ചയായതുകൊണ്ട്, തന്റെ ഇംഗ്ലിഷ് രീതിയിലുള്ള അഞ്ചുദിവസത്തെ ജോലി എന്നുള്ള അവസരം മുതലെടുത്ത് അയാള്‍ അടുത്തുള്ള ഡോക്ടറെ പോയിക്കണ്ട് കാര്യം പറഞ്ഞു. ഡ്യുത്തിയേള്‍ സത്യമാണ് പറയുന്നതെന്ന് ഡോക്ടര്‍ക്ക് ഉടന്‍തന്നെ മനസ്സിലായി, പിന്നീട് മുഴുവനായി അയാളെ പരിശോധിച്ചപ്പോള്‍ ആ കുഴപ്പം ഉണ്ടാകുന്നത് തൈറോയിഡ് ഗ്രന്ഥിയുടെ ഭിത്തി കട്ടിയാകുന്നതുകൊണ്ടാണെന്ന് ഡോക്ടര്‍ കണ്ടുപിടിച്ചു. കഠിനമായി ജോലിചെയ്യാനും ഒരു വര്‍ഷം രണ്ടുഡോസ് പ്രകാരം, അരിപ്പൊടിയും മനുഷ്യക്കുതിരയുടെ ഹോര്‍മോണും കലര്‍ന്ന രാസസംയോഗശക്തി കൂടുതലുള്ള പീറെറ്റ് പൊടിയടങ്ങിയ ഗുളിക കഴിക്കാനും അയാള്‍ നിര്‍ദ്ദേശിച്ചു.
ഡ്യുത്തിയേള്‍ ഒരു ഡോസ് മരുന്ന് കഴിച്ച് ബാക്കിയുള്ളത് ഒരു മേശവലിപ്പിലിടുകയും അത് മറക്കുകയും ചെയ്തു. ഒരു സിവില്‍ സര്‍വന്റ് എന്ന നിലയില്‍ അയാളുടെ ജോലിസമ്പ്രദായത്തില്‍ കഠിനമായ അധികജോലിയൊന്നും അനുവദിച്ചിരുന്നില്ല എന്നുമാത്രമല്ല പത്രം വായിച്ചും സ്റ്റാമ്പുകള്‍ ശേഖരിച്ചും തന്റെ ഒഴിവുസമയങ്ങള്‍ കഴിച്ചുകൂട്ടുന്ന അയാള്‍ക്ക് ഈ പ്രവര്‍ത്തികളില്‍ അനാവശ്യമായി ഊര്‍ജ്ജം വിനിയോഗിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ചുവരുകളിലൂടെ കടക്കാനുള്ള അയാളുടെ കഴിവ് അങ്ങനെത്തന്നെ നിലനിന്നു, പക്ഷെ കരുതിക്കൂട്ടി അയാളൊരിക്കലും അതുപയോഗിച്ചില്ല. സാഹസകൃത്യങ്ങളില്‍ അയാള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല തന്റെ ഭാവനയുടെ പ്രചോദനങ്ങളെ അയാള്‍ പിടിവാശിയോടെ ചെറുത്തുനിന്നു. മുറപ്രകാരം വാതിലിന്റെ പൂട്ട് തുറന്നല്ലാതെ മറ്റേതെങ്കിലും വഴിക്ക് വീട്ടിനുള്ളില്‍ കടക്കുന്നതിനെക്കുറിച്ച് അയാളൊരിക്കലും ചിന്തിക്കുകകൂടി ചെയ്തില്ല.
ഒരുപക്ഷെ, ഒരാസാധാരണ സംഭവം അയാളുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചില്ലായിരുന്നെങ്കില്‍ തന്റെ ശീലങ്ങളുടെ സുഖങ്ങള്‍ പിന്തുടര്‍ന്ന് അയാള്‍ക്ക് വയസ്സായിപ്പോവുകയും, തനിക്ക് കിട്ടിയ വരദാനത്തെ പരീക്ഷിക്കാന്‍ അയാളൊരിക്കലും ആഗ്രഹിക്കുകയും ചെയ്യുമായിരുന്നില്ല. അയാളുടെ ഡെപ്യൂട്ടി ഗുമസ്തന്‍ മിസ്റ്റര്‍ മുറൊണ്‍ മറ്റുചില ചുമതലകള്‍ക്കായി പോയതുകൊണ്ട്, പകരം വളരെ ചുരുക്കി സംസാരിക്കുന്ന, നെയില്‍ബ്രഷിന്റെ മീശയുള്ള മിസ്റ്റര്‍ ലെകുയര്‍ എന്നുപേരുള്ള ഒരാളെ മന്ത്രാലയത്തില്‍ നിയമിച്ചു. ആദ്യദിവസം തന്നെ ഡ്യുത്തിയേളിന്റെ ചങ്ങല ഘടിപ്പിച്ച കാലില്ലാക്കണ്ണടയും കറുത്ത ഊശാന്താടിയും ഡെപ്യൂട്ടി ഗുമസ്തന്‍ അനിഷ്ടത്തോടെ നോക്കുകയും ഒരു ശല്യക്കാരനും, വൃത്തികെട്ടവനുമായ പഴഞ്ചന്‍ മനുഷ്യനോടെന്നപോലെ അയാള്‍ ഡ്യുത്തിയേളിനോട് പെരുമാറുകയും ചെയ്തു.
എന്നിരുന്നാലും അതിനേക്കാള്‍ മോശമായ കാര്യം ഓഫീസില്‍ വിശാലമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള അയാളുടെ പദ്ധതിയായിരുന്നു; കീഴുദ്യോഗസ്ഥന്റെ സമാധാനം നശിപ്പിക്കാന്‍ പ്രത്യേകമായി ആസൂത്രണം ചെയ്തതാണ് അവയെന്ന് തോന്നി. ഇരുപതുവര്‍ഷമായി ഡ്യുത്തിയേള്‍, തന്റെ കത്തുകളെല്ലാം തുടങ്ങിയത് ഇപ്രകാരമായിരുന്നു: ''ഈ മാസം ഇന്ന തിയ്യതിയിലെ താങ്കളുടെ വിലയേറിയ കത്തിടപാടിനെ പരാമര്‍ശിച്ചും, അതുകൂടാതെ മുന്‍പ് നമ്മള്‍ കൈമാറിയ എല്ലാ കത്തുകളെക്കുറിച്ചും, നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.....''. മിസ്റ്റര്‍ ലെകുയെര്‍ അതിലെ ഒരു വരി കുറച്ചുകൂടി അമേരിക്കന്‍ രീതിയിലേക്ക് മാറ്റിയെഴുതി: ''ഇന്ന തിയ്യതിയിലെ നിങ്ങളുടെ കത്തിനുള്ള മറുപടിയായി, ഞാന്‍ നിങ്ങളെ അറിയിക്കുന്നത്.....'' കത്തുകളുടെ ഇത്തരം പുതിയ രൂപങ്ങളുമായി യോജിക്കാന്‍ ഡ്യുത്തിയേളിന് കഴിഞ്ഞില്ല. അയാള്‍ക്ക് തന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല; യാന്ത്രികമായ ഒരു പിടിവാശിയിലെന്നപോലെ അയാള്‍ കത്തിന്റെ പരമ്പരാഗത രീതിയിലേക്ക് തന്നെ മടങ്ങിപ്പോകുകയും അത് ഡെപ്യൂട്ടി ഗുമസ്തന്റെ ശത്രുത കൂട്ടാന്‍ കാരണമാവുകയും ചെയ്തു.
രേഖാമന്ത്രാലയത്തിലെ അന്തരീക്ഷം ദുസ്സഹമാണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. രാവിലെ ആശങ്കയോടെ അയാള്‍ ജോലിക്ക് പോവുകയും രാത്രി ഉറക്കം വരുന്നതിനുമുന്‍പ് പതിനഞ്ച് മിനിട്ടോളം ഓരോന്ന് ചിന്തിച്ചുകൊണ്ട് കിടക്കുകയും ചെയ്യും.
തന്റെ പരിഷ്‌കാരങ്ങള്‍ക്ക് ഭീഷണിയാകുന്ന മന:പൂര്‍വ്വമുള്ള ഈ പഴഞ്ചന്‍ ഏര്‍പ്പാടില്‍ മിസ്റ്റര്‍ ലെകുയെര്‍ക്ക് വെറുപ്പ് തോന്നിയതിനാല്‍ അയാള്‍ ഡ്യുത്തിയേളിന്റെ മേശ തന്റെ ഓഫീസിനടുത്തുള്ള ഒരു ചെറിയ ഇരുണ്ട ഒളിമുറിയിലേക്ക് മാറ്റി. ഇടനാഴിയിലേക്ക് തുറക്കുന്ന, ഉയരവും വീതിയും കുറഞ്ഞ ഒരു ചെറിയ വാതിലിലൂടെ മാത്രമേ അതിനകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നുള്ളു, വാതിലിനുമുകളില്‍ ''ചൂല്‍ അലമാര'' എന്ന് വലിയ അക്ഷരത്തില്‍ എഴുതിവെച്ചത് മാറ്റിയിരുന്നില്ല. ഡ്യുത്തിയേള്‍ മുന്‍പൊന്നും അറിഞ്ഞിട്ടില്ലാത്ത ഈ അപമാനം ക്ഷമയോടെ സ്വീകരിച്ചെങ്കിലും, വീട്ടില്‍ വെച്ച്, എന്തെങ്കിലും കരാളമായ സംഭവത്തെക്കുറിച്ച് പത്രത്തില്‍ വായിക്കുമ്പോള്‍ അതിന്റെ ഇരയായി മിസ്റ്റര്‍ ലെകുയറിനെ അയാള്‍ ഭാവനയില്‍ കണ്ടു.
ഒരു ദിവസം, ഡെപ്യൂട്ടി ഗുമസ്ഥന്‍ ഡ്യുത്തിയേളിന്റെ ഒളിസ്ഥലത്തേക്ക് ഒരു കത്തും ഉയര്‍ത്തിപ്പിടിച്ച് പെട്ടെന്നോടിവന്നിട്ട് ആക്രോശിച്ചു: ''ഈ അസംബന്ധം മാറ്റിയെഴുത്! എന്റെ ഡിപാര്‍ട്ട്‌മെന്റിനെ അപമാനിക്കുന്ന പറയാന്‍ കൊള്ളാത്ത ഈ ചവറ് മാറ്റിയെഴുത്!''
ഡ്യുത്തിയേള്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും മിസ്റ്റര്‍ ലെകുയെര്‍ ഇടിവെട്ടുന്ന ശബ്ദത്തില്‍ അയാളെ യാഥാസ്ഥിതികനായ കൂറയെന്ന് വിളിക്കുകയും പോകുന്ന പോക്കില്‍ തന്റെ കൈയിലുണ്ടായിരുന്ന കത്ത് ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
വിനയമുള്ളവനാണെങ്കിലും ഡ്യുത്തിയേള്‍ അഭിമാനിയായിരുന്നു. ഒറ്റയ്ക്ക്, കോപത്താലെരിഞ്ഞ് തന്റെ കുടുസ്സുമുറിയിലിരിക്കുമ്പോള്‍ അയാള്‍ക്കൊരു ഉള്‍പ്രേരണയുണ്ടായി. അയാള്‍ കസേരയില്‍ നിന്നും എഴുന്നേറ്റ് തന്റെയും ഡെപ്യൂട്ടി ഗുമസ്തന്റെയും ഓഫീസുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ചുവരിലേക്ക് പ്രവേശിച്ചു. മറുഭാഗത്ത് വെറും തലമാത്രം പുറത്തുകാണുന്നരീതിയില്‍ ചുവരിലേക്ക് പകുതിമാത്രം കടക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. അപ്പോഴും വിറയ്ക്കുന്ന കൈകളോടെ തന്റെ മേശക്കരികില്‍ ഇരിക്കുകയായിരുന്ന മിസ്റ്റര്‍ ലെകുയര്‍, ഒരു ജീവനക്കാരന്‍ അനുമതിക്ക് വേണ്ടി ഏല്‍പ്പിച്ചിരുന്ന കുറിപ്പിലെ കോമ മാറ്റുകയായിരുന്നു. ഓഫീസ്മുറിയില്‍ ഒരു പതിഞ്ഞ ചുമകേട്ട് അയാള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ വിവരിക്കാനാവാത്ത ഒരു ഞെട്ടലോടെ അയാള്‍ കണ്ടത് ഡ്യുത്തിയേളിന്റെ തല അലങ്കരിക്കാന്‍ വെച്ച ഒരു മൃഗത്തല പോലെ ചുവരില്‍ കുടുങ്ങിക്കിടക്കുന്നതാണ്. അതിന് അപ്പോഴും ജീവനുണ്ടായിരുന്നു. കാലില്ലാക്കണ്ണടയിലൂടെ കൊടിയ വെറുപ്പോടെ അതയാളെ നോക്കി. അതിലും രസം, അത് സംസാരിക്കാന്‍ തുടങ്ങിയതാണ്.
''മിസ്റ്റര്‍,'' അത് പറഞ്ഞു, ''നിങ്ങളൊരു തെമ്മാടിയാണ്, ഒരു മുരടനാണ്, വഞ്ചകനാണ്.''
നടുക്കത്തോടെ വായ്‌പൊളിച്ച മിസ്റ്റര്‍ ലെകുയെറിന് ആ കാഴ്ചയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റ് അയാള്‍ ഇടനാഴിയിലൂടെ ഒളിമുറിയിലേക്ക് കുതിച്ചുപാഞ്ഞു. ഡ്യുത്തിയേള്‍ തന്റെ പതിവുസ്ഥലത്ത്, പേനയും കൈയില്‍പ്പിടിച്ച്, തീര്‍ത്തും ശാന്തതയോടെ, ഉത്സാഹവാനായി ജോലിചെയ്യുന്നതുപോലെ ഇരിക്കുന്നുണ്ടായിരുന്നു. ഡെപ്യൂട്ടി ഗുമസ്തന്‍ കുറേനിമിഷത്തേക്ക് അയാളെത്തന്നെ നോക്കിനിന്ന്, എന്തോ പിറുപിറുത്തുകൊണ്ട് തന്റെ ഓഫീസിലേക്ക് തിരിച്ചുപോയി. അയാള്‍ ഇരുന്നയുടനെത്തന്നെ തല വീണ്ടും ചുവരില്‍ പ്രത്യക്ഷപ്പെട്ടു.
''മിസ്റ്റര്‍, നിങ്ങളൊരു തെമ്മാടിയും, മുരടനും, വഞ്ചകനുമാണ്.''
ആ ദിവസത്തിനുള്ളില്‍ മാത്രം ഭയാനകമായ തല ഇരുപത്തിമൂന്നു തവണ ഇങ്ങനെ ചുവരില്‍ പ്രത്യക്ഷപ്പെട്ടു, തുടര്‍ന്നുള്ള ദിവസങ്ങളിലും അതുതന്നെ തുടര്‍ന്നു. ഈ കളിയില്‍ സാമാന്യം വൈദഗ്ദ്ധ്യം നേടിയ ഡ്യുത്തിയേളിന് പിന്നീട് ഡെപ്യൂട്ടി ഗുമസ്തനെ വെറുതെ അധിക്ഷേപിക്കുന്നതില്‍ സംതൃപ്തി തോന്നിയില്ല. അയാള്‍ അര്‍ത്ഥങ്ങള്‍ ഒളിച്ചിരിക്കുന്ന ഭീഷണികള്‍ ഉരുവിട്ടു, ഉദാഹരണത്തിന്, പൈശാചികമായി പൊട്ടിച്ചിരിച്ചുകൊണ്ട് ശോകംമുറ്റി നില്‍ക്കുന്ന ശബ്ദത്തില്‍ ഇങ്ങനെ ആര്‍ത്തുവിളിച്ചു:
''മനുഷ്യച്ചെന്നായ! മനുഷ്യച്ചെന്നായ! ഒരു വന്യമൃഗത്തിന്റെ മുടി!''(ചിരി)
''ഒരു ഭീകരസംഭവം പതുങ്ങിയിരിക്കുന്നുണ്ടെന്ന കാര്യം മൂങ്ങകള്‍ പുറത്തുവിട്ടിട്ടുണ്ട്!''(ചിരി)
ഇത് കേള്‍ക്കുമ്പോഴെല്ലാം, പാവം ഡെപ്യൂട്ടി ഗുമസ്തന്‍ അല്പം കൂടി വിളറുകയും ശ്വാസം മുട്ടുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കുകയും ചെയ്തു; അയാളുടെ തലയില്‍ മുടി എഴുന്നുനില്‍ക്കുകയും ഭയംകൊണ്ട് കുളിര്‍ന്ന് അയാളുടെ മുതുകിലൂടെ വിയര്‍പ്പ് ഇറ്റുവീഴുകയും ചെയ്തു. ആ ഒരൊറ്റദിവസം തന്നെ അയാളുടെ ഭാരം ഒരു പൗണ്ട് കുറഞ്ഞു. അടുത്ത ആഴ്ചയില്‍ അയാള്‍ ഉരുകിത്തീരുന്നത് വ്യക്തമായി കാണാമായിരുന്നു എന്നതിനുപുറമെ അയാള്‍ തന്റെ സൂപ്പ് ഫോര്‍ക്ക് കൊണ്ട് കഴിക്കാനും പോലീസുകാരെ സമര്‍ത്ഥമായ ഒരു മിലിട്ടറി സല്യൂട്ട് കൊണ്ട് അഭിവാദ്യം ചെയ്യാനും തുടങ്ങി. രണ്ടാമത്തെ ആഴ്ചയുടെ തുടക്കത്തില്‍, ഒരു ആംബുലന്‍സ് വീട്ടിലേക്ക് വന്ന് അയാളെ ഒരു ആരോഗ്യകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മിസ്റ്റസ്റ്റര്‍ ലെകുയെറുടെ ക്രൂരഭരണത്തില്‍ നിന്നും സ്വതന്ത്രനായ ഡ്യുത്തിയേളിന് താന്‍ ആരാധിക്കുന്ന ഔപചാരിക എഴുത്തുകളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞു: ഈ മാസം ഇന്ന തിയ്യതിയിലെ നിങ്ങളുടെ വിലപ്പെട്ട കത്ത് പ്രകാരം.....''. എന്നിട്ടും അയാള്‍ എന്തുകൊണ്ടോ അസംതൃപ്തനായിരുന്നു. അയാളുടെ ഉള്ളില്‍ ഒരാര്‍ത്തിയുണ്ടായിരുന്നു, ഒരു പുതിയ, നിഷേധിക്കാനാവാത്ത ഒരു തിടുക്കം, അത് ചുവരിനുള്ളിലൂടെ നടക്കുക എന്നതല്ലാതെ മറ്റൊന്നുമായിരുന്നില്ല. എളുപ്പത്തില്‍ സംതൃപ്തിപ്പെടുത്താന്‍ പറ്റുന്നതായിരുന്നു അത്, ഉദാഹരണത്തിന് വീട്ടില്‍, അവിടെ അയാള്‍ അതുമായി മുന്നോട്ട് പോയി. പക്ഷെ അത്യുജ്ജ്വലമായ വരദാനം കിട്ടിയ ഒരാള്‍ക്ക് ഇങ്ങനെ ഒരു ഇടത്തരം കാര്യം ചെയ്ത് ഏറെക്കാലമൊന്നും സ്വയം തൃപ്തിപ്പെടുത്താന്‍ പറ്റുമായിരുന്നില്ല. അത് കൂടാതെ ചുവരുകള്‍ക്കുള്ളിലൂടെ നടക്കുന്നത് സത്യത്തില്‍ അതിന്റെ അവസാനമായിരുന്നില്ല. അതൊരു സാഹസികകൃത്യത്തിന്റെ തുടക്കമായിരുന്നു, തുടര്‍ച്ച ആവശ്യമായ, വിപുലമാക്കാവുന്ന, ഒടുവില്‍ എന്തെങ്കിലും ബഹുമതി കിട്ടുന്ന ഒന്ന്.
മാര്‍സെല്‍ എയ്‌മെ
ഡ്യുത്തിയേളിന് അത് നന്നായി മനസ്സിലായി. ഉള്ളില്‍ വളരാനുള്ള ഒരു ആവശ്യമുണ്ടാകുന്നത് അയാളറിഞ്ഞു, സ്വയം തൃപ്തിപ്പെടുത്താനും അതിരുകടക്കാനുമുള്ള കൂടിവരുന്ന ഒരാഗ്രഹം, ചുവരിനുള്ളില്‍ കിടക്കുന്ന എന്തോ ഒന്ന് വിളിക്കുന്നതുപോലെയായിരുന്നു അത്. ഭാഗ്യദോഷത്തിന് അയാള്‍ക്കില്ലാതിരുന്നത് ലക്ഷ്യമായിരുന്നു. പ്രചോദനത്തിനായി അയാള്‍ പത്രവാര്‍ത്തകള്‍ തിരഞ്ഞു. കായിക-രാഷ്ട്രീയ വിഭാഗങ്ങളില്‍ അയാള്‍ പ്രത്യേകശ്രദ്ധ ചെലുത്തി, കാരണം അത് ആദരണീയമായ പ്രവര്‍ത്തികളായി അയാള്‍ക്ക് തോന്നിയിരുന്നു. പക്ഷെ ഒടുവില്‍, അവ ചുവരുകളില്‍ക്കൂടി കടക്കുന്ന ആളുകള്‍ക്ക് ഒരവസരവും വാഗ്ദാനം ചെയ്യുന്നില്ലെന്ന് അയാള്‍ മനസ്സിലാക്കി. അങ്ങിനെയാണ് അയാള്‍ പോലീസിന്റെ രേഖകളില്‍ കുടുങ്ങാന്‍ തീരുമാനിച്ചത്, അത് കൂടുതല്‍ ലക്ഷണമൊത്തതാണെന്ന് തെളിഞ്ഞു.
ഡ്യുത്തിയേള്‍ ആദ്യം കവര്‍ച്ച നടത്തിയത് നദിയുടെ വലത്തേക്കരയിലുള്ള ഒരു ധനകാര്യസ്ഥാപനത്തിലായിരുന്നു. ഒരു ഡസന്‍ ചുവരുകളും ഇടഭിത്തികളും കടന്ന് അയാള്‍ വിവിധ നിലവറകളില്‍ എത്തുകയും അവിടെ നിന്നും തന്റെ കീശയില്‍ നോട്ടുകള്‍ നിറക്കുകയും ചെയ്തു. തിരിച്ചുപോരുമ്പോള്‍ അയാള്‍ താന്‍ ചെയ്ത പണി കാണിക്കാന്‍ വേണ്ടി ചുവന്ന ചോക്കുകൊണ്ട് മനുഷ്യച്ചെന്നായ എന്ന തന്റെ അപരനാമം എഴുതിവെച്ച് അതിനുതാഴെ ആകര്‍ഷകമായി അടിവരയിട്ടു. പിറ്റേദിവസത്തെ പത്രങ്ങളിലെ ഒന്നാമത്തെ പേജില്‍ അത് അച്ചടിച്ചുവന്നു. ഒരാഴ്ചക്കുള്ളില്‍ മനുഷ്യച്ചെന്നായ എന്ന പേര് അസാധാരണമായ വിധത്തില്‍ കൊണ്ടാടപ്പെട്ടു. പൊലീസിനെ പൂര്‍ണ്ണമായും കബളിപ്പിച്ച ബഹുമാന്യനായ ഈ കവര്‍ച്ചക്കാരന്റെ പിറകില്‍ പൊതുജനങ്ങളുടെ മുഴുവന്‍ സഹാനുഭൂതിയും ഉണ്ടായിരുന്നു.
ഓരോ രാത്രിയിലും എന്തെങ്കിലും പുതിയ പരാക്രമങ്ങള്‍ കാണിച്ച് അയാള്‍ തന്നെത്തന്നെ വിശേഷപ്പെട്ടവനാക്കും; ചിലപ്പോള്‍ അയാളുടെ ഉന്നം ഒരു ബാങ്കായിരിക്കും, മറ്റുചിലപ്പോള്‍ ഒരു സ്വര്‍ണ്ണാഭരണക്കടയോ അതല്ലെങ്കില്‍ പണക്കാരനായ ഒരു മനുഷ്യനോ ആയിരിക്കും. തങ്ങളുടെ ദിവാസ്വപ്നങ്ങളില്‍, മനസ്സുകൊണ്ടും ശരീരംകൊണ്ടും, ഭയപ്പെടുത്തുന്ന ഏകനായ ആ മനുഷ്യച്ചെന്നായയുടേതാവാനുള്ള തീക്ഷ്ണമായ അഭിലാഷം വെച്ചുപുലര്‍ത്താത്ത ഒരു സ്ത്രീയും പാരീസിലോ അതിന്റെ പ്രാന്തപ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ല. പ്രസിദ്ധമായ ബുര്‍ഡിഗാല ഡയമണ്ടിലെ കൊള്ളയ്ക്കും അതേ ആഴ്ചയില്‍ ക്രെഡിറ്റ് മുനിസിപ്പലിലെ അതിക്രമിച്ചുകടക്കലിനും ശേഷം ഈ ആവേശം പാരമ്യത്തിലെത്തിച്ചേര്‍ന്നു. ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കാന്‍ നിര്‍ബന്ധിതനായി, അയാള്‍ രേഖാമന്ത്രിയേയും തന്റെ കൂടെ താഴോട്ട് കൊണ്ടുവന്നു. അതുകൂടാതെ, ഇപ്പോള്‍ പാരീസിലെ ധനികന്മാരില്‍ ഒരാളായ ഡ്യുത്തിയേള്‍ തന്റെ ഔദ്യോഗികരംഗത്ത് തീര്‍ത്തും കൃത്യത പാലിച്ചു; വിദ്യാഭ്യാസരംഗത്തെ സേവനത്തിനുള്ള ദേശീയ അവാര്‍ഡ് അയാള്‍ക്ക് കൊടുക്കുമെന്നുവരെ സംസാരമുണ്ടായി. എല്ലാദിവസവും രാവിലെ രേഖാമന്ത്രാലയത്തില്‍ അയാളുടെ സഹപ്രവര്‍ത്തകര്‍ തലേന്നുരാത്രിയിലെ തന്റെ സാഹസകൃത്യങ്ങളെക്കുറിച്ച് പറയുന്നതുകേട്ട് അയാള്‍ അത്യധികം ആനന്ദിച്ചു. അവര്‍ പറയും, ''മനുഷ്യച്ചെന്നായ വലിയൊരു മനുഷ്യനാണ്, സൂപ്പര്‍മാന്‍, അയാളൊരു പ്രതിഭയാണ്!'' ഇത്തരം പ്രശംസകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പുകൊണ്ട് ഡ്യുത്തിയേളിന്റെ മുഖം ചുവക്കുകയും, ചങ്ങലയില്‍ ഘടിപ്പിച്ച വാലില്ലാക്കണ്ണടക്ക് പിറകിലുള്ള അയാളുടെ കണ്ണുകളില്‍ സൗഹൃദവും നന്ദിയും പ്രകാശിക്കുകയും ചെയ്യും.
സഹാനുഭൂതി കലര്‍ന്ന ഈ അന്തരീക്ഷം അയാളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ഒരുദിവസം അയാള്‍ക്ക് തന്റെ രഹസ്യം ഇനി പിടിച്ചുവെക്കാന്‍ കഴിയില്ല എന്ന അവസ്ഥവരികയും ചെയ്തു. അയാളുടെ സുഹൃത്തുക്കള്‍ ഒരു പത്രത്തിനുചുറ്റും കൂടിനിന്ന് ബാങ്ക് ഓഫ് ഫ്രാന്‍സില്‍ നടന്ന കൊള്ളയെക്കുറിച്ച് വായിച്ചുകൊണ്ടിരുന്നപ്പോള്‍ അവരെ ലജ്ജയോടെ സൂക്ഷിച്ചുനോക്കിയിട്ട്, വിനയത്തോടെ അയാള്‍ പറഞ്ഞു, ''നിങ്ങള്‍ക്കറിയുമോ, ഞാനാണ് മനുഷ്യച്ചെന്നായ''. ഡ്യുത്തിയേളിന്റെ ഏറ്റുപറച്ചില്‍ ഉച്ചത്തിലും നീണ്ടതുമായ ചിരിയോടെ സ്വാഗതം ചെയ്യപ്പെട്ടു, അതയാള്‍ക്ക് ''മനുഷ്യച്ചെന്നായ'' എന്ന പരിഹാസപ്പേര് നേടിക്കൊടുത്തു. അന്നുവൈകീട്ട് അവര്‍ മന്ത്രാലയം വിട്ട് പോകുമ്പോള്‍ സഹപ്രവര്‍ത്തകര്‍ അന്തമില്ലാത്ത തമാശകള്‍ പറഞ്ഞ് അയാളെ പരിഹാസപാത്രമാക്കി, തന്റെ ജീവിതത്തിന് മധുരം കുറഞ്ഞുവെന്ന് അയാള്‍ക്ക് തോന്നി.
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ദു ലാ പെയ് തെരുവിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വെച്ച് റോന്ത് ചുറ്റുന്ന രാത്രിപ്പോലീസുകാര്‍ മനുഷ്യച്ചെന്നായയെ പിടികൂടി. അയാള്‍ കടയിലെ കൗണ്ടറിന് മുകളില്‍ തന്റെ ഒപ്പിട്ടിട്ട് പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള ജനാലകള്‍ ഒരു പഴക്കം ചെന്ന കട്ടിയുള്ള സ്വര്‍ണ്ണക്കപ്പുകൊണ്ട് തകര്‍ത്ത് ഒരു കുടിപ്പാട്ട് പാടുകയായിരുന്നു. ഒരു ചുവരിലേക്ക് കടന്ന് പോലീസുകാരില്‍ നിന്നും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയുമായിരുന്നെങ്കിലും അയാള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നതിന് തെളിവുണ്ടായിരുന്നു. ഒരുപക്ഷെ തന്റെ സഹപ്രവര്‍ത്തകരോട് പ്രതികാരം ചെയ്യാനുള്ള ഒറ്റ ലക്ഷ്യമായിരുന്നിരിക്കണം അതിന്റെ കാരണം, അവരുടെ അവിശ്വാസം അത്രമാത്രം അപമാനപ്പെടുത്തുന്നതായിരുന്നു.
മാര്‍സെല്‍ എയ്‌മെയുടെ സമാഹാരം 'ചുവരിലൂടെ നടന്ന മനുഷ്യന്‍'
അടുത്ത ദിവസം പത്രങ്ങളുടെ മുന്‍പേജില്‍ ഡ്യുത്തിയേളിന്റെ ചിത്രം അച്ചടിച്ചുവന്നപ്പോള്‍ അയാളുടെ സഹപ്രവര്‍ത്തകര്‍ തീര്‍ച്ചയായും വളരെയധികം അത്ഭുതപ്പെട്ടു. തങ്ങളുടെ സമര്‍ത്ഥനായ കൂട്ടുകാരനെ വിലകുറച്ച് കണ്ടതില്‍ അവര്‍ വ്യസനത്തോടെ പശ്ചാത്തപിക്കുകയും ചെറിയ ഊശാന്താടികള്‍ വളര്‍ത്തിക്കൊണ്ട് അയാളെ ആദരിക്കുകയും ചെയ്തു. അത്രയധികം ഉത്തേജിതരായതിനാല്‍ അവരില്‍ ചിലര്‍ മനസ്സാക്ഷിക്കുത്തും ആരാധനയും കാരണം സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പേഴ്‌സുകളിലും കുടുംബസ്വത്തായി കിട്ടിയ വാച്ചുകളിലും കൈവെക്കാന്‍ ശ്രമിച്ചു.
കുറച്ച് സഹപ്രവര്‍ത്തകരെ അമ്പരപ്പിക്കാന്‍ വേണ്ടി സ്വയം പോലീസിന് പിടികൊടുത്തത്, അത്രയും വിശേഷപ്പെട്ട ഒരു മനുഷ്യന്റെ വലിയ കൂസലില്ലായ്മയാണെന്ന് ഇപ്പോള്‍ നിങ്ങള്‍ ശരിക്കും വിചാരിക്കുന്നുണ്ടാകും. പക്ഷെ ഇത്തരം തീരുമാനങ്ങളുടെ സ്പഷ്ടമായ കാരണങ്ങള്‍ വളരെക്കുറച്ചേ കണക്കിലെടുക്കാറുള്ളു. സ്വാതന്ത്ര്യം ഉപേക്ഷിക്കുന്നതുവഴി, താന്‍ പ്രതികാരദാഹത്തിനായുള്ള അമിതവിശ്വാസത്തിലെത്തുമെന്ന് ഡ്യുത്തിയേള്‍ വിശ്വസിച്ചു, എന്നാല്‍ സത്യത്തില്‍ അയാള്‍ തന്റെ വിധിയുടെ ചരിവിലേക്ക് പതുക്കെ വഴുതിയിറങ്ങാന്‍ തുടങ്ങുകയായിരുന്നു. ചുവരുകള്‍ക്കുള്ളിലൂടെ നടക്കാന്‍ കഴിയുന്ന ഒരാള്‍ ഒരിക്കലെങ്കിലും ഒരു ജയിലിന്റെ ഉള്‍ഭാഗം കണ്ടിട്ടില്ലെങ്കില്‍ അയാള്‍ക്ക് തിളക്കമാര്‍ന്ന ഒരു തൊഴില്‍ ഉണ്ടാവുകയില്ല.
ലാ സാന്റെ ജയിലിന്റെ ഉള്ളിലേക്ക് ഡ്യുത്തിയേളിനെ കൊണ്ടുപോയപ്പോള്‍ വിധി തന്നോട് ചിരിച്ചതായാണ് അയാള്‍ക്ക് തോന്നിയത്. കട്ടിയുള്ള ചുവരുകള്‍ അയാള്‍ക്കൊരു യഥാര്‍ത്ഥ വിരുന്നായിരുന്നു. അയാളെ ജയിലിലടച്ചതിന്റെ ആദ്യ പ്രഭാതത്തില്‍ തന്നെ ജയില്‍പ്പുള്ളി, ജയിലറയുടെ ചുവരില്‍ ഒരു ആണിയടിച്ച് ജയില്‍ വാര്‍ഡന്റെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ പോക്കറ്റ് വാച്ച് അതില്‍ തൂക്കിയിട്ടിരിക്കുന്നതായി അമ്പരപ്പോടെ കാവല്‍ക്കാര്‍ കണ്ടുപിടിച്ചു. അതെങ്ങനെ അയാളുടെ കൈവശമെത്തിയെന്ന കാര്യം അയാള്‍ക്ക് വെളിപ്പെടുത്താന്‍ കഴിയുകയോ അല്ലെങ്കില്‍ അയാള്‍ വെളിപ്പെടുത്തുകയോ ചെയ്തില്ല. വാച്ച് അതിന്റെ ശരിയായ ഉടമസ്ഥന് മടക്കിക്കൊടുത്തു, പക്ഷെ അടുത്ത ദിവസം അത് വീണ്ടും മനുഷ്യച്ചെന്നായയുടെ കൊച്ചുമേശയ്ക്ക് മുകളില്‍, വാര്‍ഡന്റെ സ്വകാര്യ ലൈബ്രറിയില്‍ നിന്നും അയാള്‍ വായിക്കാന്‍ വാങ്ങിയ മൂന്നു പടയാളികള്‍ എന്ന പുസ്തകത്തിന്റെ ഒന്നാം വാള്യത്തിന്റെ കൂടെ കണ്ടെത്തി. ജയിലധികാരികള്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. അത് കൂടാതെ എവിടെ നിന്നെന്നറിയാത്ത ചവിട്ടുകള്‍ തങ്ങളുടെ പുറത്ത് കിട്ടുന്നുണ്ടെന്ന് പാറാവുകാര്‍ പരാതിപ്പെട്ടു; ചുവരുകള്‍ക്ക് വെറും കാതുകള്‍ മാത്രമല്ല കാലുകളും ഉണ്ടെന്നാണ് അവര്‍ക്ക് തോന്നിയത്. മനുഷ്യച്ചെന്നായ ജയിലിലായി ഒരാഴ്ച കഴിഞ്ഞ്, ഒരു ദിവസം രാവിലെ വാര്‍ഡന്‍ തന്റെ ഓഫീസിലേക്ക് കടന്നപ്പോള്‍ ഒരു കത്ത് തന്റെ മേശയുടെ മുകളില്‍ കിടക്കുന്നത് കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
''പ്രിയപ്പെട്ട മിസ്റ്റര്‍ വാര്‍ഡന്‍,
ഈ മാസം പതിനേഴാം തിയ്യതിയിലെ നമ്മുടെ ആശയവിനിമയപ്രകാരവും, അതുകൂടാതെ കഴിഞ്ഞ മെയ് പതിനഞ്ചിലെ നിങ്ങളുടെ പൊതു നിര്‍ദ്ദേശപ്രകാരവും, മൂന്നു പടയാളികളുടെ രണ്ടാമത്തെ വാള്യം ഞാന്‍ വായിച്ചുതീര്‍ത്തു എന്നുപറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്, ആയതിനാല്‍ ഇന്നുരാത്രി 11.25നും11.35നും ഇടക്ക് ഇവിടെ നിന്നും രക്ഷപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ഏറ്റവും ആദരണീയനായ,
മനുഷ്യച്ചെന്നായ.''
എത്രയൊക്കെ ശ്രദ്ധയോടെ കാവല്‍ നിന്നിട്ടും, അന്ന് രാത്രി 11.30ന് ഡ്യുത്തിയേള്‍ രക്ഷപ്പെട്ടു. പിറ്റേന്ന് രാവിലെ തെരുവുകളില്‍ ഈ വാര്‍ത്ത പരന്നപ്പോള്‍, എല്ലാവരും വലിയ ഉത്സാഹത്തോടെ അതിനെ സ്വാഗതം ചെയ്തു. എന്തൊക്കെയാണെങ്കിലും, ഡ്യുത്തിയേള്‍ ഒരു പുതിയ കവര്‍ച്ച നടത്തി തന്റെ ജനപ്രീതി പുതിയ ഉയരങ്ങളില്‍ എത്തിച്ചിട്ടും, ഒളിക്കുന്നതിനെക്കുറിച്ച് അയാള്‍ക്ക് വളരെ ഉത്കണ്ഠയൊന്നും ഉണ്ടായില്ല, അയാള്‍ യാതൊരു മുന്‍കരുതലുമെടുക്കാതെ മോന്‍മാര്‍ത്രില്‍ സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞു. രക്ഷപ്പെട്ട് മൂന്നുദിവസം കഴിഞ്ഞപ്പോള്‍ അയാളെ കൊലെന്‍കൂര്‍ തെരുവിലെ കഫെ ദു റെവില്‍, ഉച്ചയുടെ അല്പം മുന്‍പ്, കൂട്ടുകാരുടെ കൂടെ വെള്ളവീഞ്ഞും ചെറുനാരങ്ങയും കഴിക്കുമ്പോള്‍ അറസ്റ്റ്് ചെയ്തു.
ഡ്യുത്തിയേളിനെ വീണ്ടും ലാ സാന്റെ ജയിലിലേക്ക് കൊണ്ടുപോവുകയും മൂന്നുപൂട്ടിട്ട് പൂട്ടിയ ഒരു ഇരുണ്ട ഒറ്റപ്പെട്ട അറയില്‍ അടയ്ക്കുകയും ചെയ്തു; അന്ന് വൈകുന്നേരം തന്നെ അയാള്‍ അവിടെ നിന്നും രക്ഷപ്പെട്ട് രാത്രിയില്‍ വാര്‍ഡന്റെ ഫളാറ്റിലെ അതിഥി മുറിയില്‍ കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഒന്‍പതുമണിയായപ്പോള്‍ തനിക്ക് പ്രാതല്‍ കൊണ്ടുവരാന്‍ വേണ്ടി അയാള്‍ വേലക്കാരിയെ ബെല്ലടിച്ച് വിളിച്ചു. കാവല്‍ക്കാരെ വിളിച്ചുവരുത്തി, കട്ടിലില്‍ ഇരിക്കുകയായിരുന്ന അയാളെ അവര്‍ പിടികൂടിയപ്പോള്‍ അയാള്‍ എതിര്‍പ്പൊന്നും കാണിച്ചില്ല. വാര്‍ഡന്‍ രോഷാകുലനായി; അയാള്‍ ഡ്യുത്തിയേളിന്റെ ജയിലറയുടെ പുറത്ത് റൊട്ടിയും വെള്ളവും കൊടുത്ത് ഒരു കാവല്‍ക്കാരനെ നിര്‍ത്തി. ഏകദേശം ഉച്ചയായപ്പോള്‍ ജയില്‍പ്പുള്ളി ജയിലിനടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയി, കാപ്പി കുടിച്ചുകഴിഞ്ഞ് അയാള്‍ വാര്‍ഡനെ ഫോണ്‍ ചെയ്തു.
''ഹലോ! മിസ്റ്റര്‍ വാര്‍ഡന്‍, നിങ്ങളെ ശല്യപ്പെടുത്താന്‍ എനിക്ക് മടിയുണ്ട്, പക്ഷെ അല്പം മുന്‍പ് പുറത്തുവന്നപ്പോള്‍, ഞാന്‍ നിങ്ങളുടെ പേഴ്‌സ് എടുക്കാന്‍ മറന്നു, ഇപ്പോള്‍ ഞാനിവിടെ റസ്റ്റോറന്റിലാണ്, എനിക്ക് പണത്തിന്റെ കുറവുണ്ട്. ബില്ലടയ്ക്കാന്‍ ആരെയെങ്കിലും അയക്കാനുള്ള ദയ അങ്ങ് കാണിക്കുമോ?''
പെട്ടെന്ന് വാര്‍ഡന്‍ തന്നെ അവിടെയെത്തി, നിയന്ത്രണം നഷ്ടപ്പെട്ട് അയാള്‍ ഡ്യുത്തിയേളിനു നേരെ ഭീഷണികളും ശകാരങ്ങളും ചൊരിഞ്ഞു. ഡ്യുത്തിയേളിന്റെ അഭിമാനത്തിന് ക്ഷതമേറ്റു; അയാള്‍ പിറ്റേന്ന് രാത്രി അവിടെനിന്നും രക്ഷപ്പെടുകയും പിന്നീടൊരിക്കലും തിരിച്ചുവരികയും ചെയ്തില്ല.
ഇത്തവണ അയാള്‍ ചില മുന്‍കരുതലുകളെടുത്തു. തന്റെ കറുത്ത ഊശാന്താടി വടിച്ചുകളയുകയും വാലില്ലാക്കണ്ണട വിറ്റ് മൃഗക്കൊമ്പിന്റെ ഫ്രെയിമുള്ള കണ്ണട വാങ്ങുകയും ചെയ്തു. കണ്ണില്‍ വെയില്‍ തട്ടാത്ത പാകത്തിലുള്ള ഒരു തൊപ്പിയും കള്ളികളുള്ള സൂട്ടിന്റെ കൂടെ ബാഗിപാന്റും കൂടിയായപ്പോള്‍ അയാളുടെ രൂപമാറ്റം പൂര്‍ണ്ണമായി. യൂനോ വീഥിയിലെ ഒരു ചെറിയ ഫ്‌ലാറ്റില്‍ അയാള്‍ താമസമാക്കി; തന്റെ ആദ്യത്തെ അറസ്റ്റിനു വളരെ മുന്‍പ് തന്നെ അയാള്‍ തന്റെ വിലപ്പെട്ട വസ്തുക്കളുടെ കൂടെ ചില ഫര്‍ണീച്ചറും അങ്ങോട്ട് മാറ്റിയിരുന്നു.
മാര്‍സെല്‍ എയ്‌മെയ്ക്ക് ആദരസൂചകമായി പാരീസ് തെരുവില്‍ സ്ഥാപിതമായ ശില്‍പ്പം
തന്റെ പെട്ടെന്നുള്ള പ്രശസ്തി അയാള്‍ക്ക് മടുത്തു തുടങ്ങി, ലാ സാന്റെ ജയിലിലെ വാസം തുടങ്ങിയ അന്നുമുതല്‍ ചുവരിലൂടെ നടക്കുന്ന വിനോദത്തില്‍ അയാള്‍ക്ക് താല്പര്യം നഷ്ടപ്പെട്ടിരുന്നു. ഏറ്റവും കട്ടിയുള്ളതും വളരെ ഗാംഭീര്യവുമുള്ള ചുവരുകള്‍ പോലും അയാള്‍ക്കിപ്പോള്‍ വെറും മടക്കുന്ന മറപ്പാളികളില്‍ കൂടുതലൊന്നുമാണെന്ന് തോന്നിയില്ല, ഏതെങ്കിലും കൂറ്റന്‍ പിരമിഡിന്റെ ഹൃദയത്തിലേക്ക് എടുത്തുചാടുന്നത് അയാള്‍ സ്വപ്നം കണ്ടു. അങ്ങനെ ഈജിപ്ത് യാത്രയെക്കുറിച്ചുള്ള പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ അയാള്‍ തന്റെ സമയം സ്റ്റാമ്പുശേഖരണത്തിനും, സിനിമ കാണാനും പിന്നെ മോന്‍മാര്‍ത്രിലൂടെയുള്ള നീണ്ട നടത്തങ്ങള്‍ക്കുമായി പങ്കിട്ടുകൊണ്ട് ഏറ്റവും സമാധാനപരമായ ഒരു ജീവിതം നയിക്കുകയായിരുന്നു. മുഴുവനായും ക്ഷൗരം ചെയ്ത മുഖവും, കൊമ്പുകണ്ണടയുമിട്ട അയാളുടെ രൂപമാറ്റം അത്രമാത്രം തികഞ്ഞതായതിനാല്‍ തിരിച്ചറിയപ്പെടാതെ അയാള്‍ക്ക് തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നിലൂടെ കടന്നുപോകാന്‍ കഴിഞ്ഞു. അയല്‍ക്കാരുടെ ചെറിയ ശാരീരികമാറ്റങ്ങള്‍ പോലും ശ്രദ്ധിക്കുന്നതില്‍ ഒരിക്കലും തെറ്റുപറ്റാത്ത പെയിന്റര്‍ ജെന്‍ പോള്‍ മാത്രം ഒടുവില്‍ അയാളുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിന്റെ കുരുക്കഴിച്ചു. ഒരു ദിവസം രാവിലെ അയാള്‍ ലെബൊര്‍വ തെരുവിന്റെ മൂലയില്‍ വെച്ച് ഡ്യുത്തിയേളിനെ കണ്ടുമുട്ടി, തന്റെ പരുക്കന്‍ ഭാഷയില്‍ അയാള്‍ പെട്ടെന്ന് വിളിച്ചു പറഞ്ഞു:
''എടോ, നീ സുന്ദരമായ ഈ കപടവേഷം കെട്ടിയത് അന്വേഷണപ്പോലീസില്‍ നിന്നും രക്ഷനേടാനാണെന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു.''
''ആഹ!'' ഡ്യുത്തിയേള്‍ പിറുപിറുത്തു, ''നിങ്ങളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു!''
ഇതയാളെ അസ്വസ്ഥനാക്കുകയും ഈജിപ്തിലേക്കുള്ള യാത്ര വേഗമാക്കാന്‍ അയാള്‍ തീരുമാനിക്കുകയും ചെയ്തു. അന്നുച്ചയ്ക്ക്, ലെപിക്ക് തെരുവില്‍ പതിനഞ്ചുമിനിട്ട് ഇടവേളയില്‍ രണ്ടുതവണ കണ്ടുമുട്ടിയ സ്വര്‍ണ്ണത്തലമുടിയുള്ള ഒരു സുന്ദരിയുമായി അയാള്‍ പ്രണയത്തിലായി. പെട്ടെന്നുതന്നെ അയാള്‍ തന്റെ സ്റ്റാമ്പ് ശേഖരണവും ഈജിപ്തും പിരമിഡുമൊക്കെ മറന്നു. സ്വര്‍ണ്ണത്തലമുടിക്കാരിയാണെങ്കില്‍ അയാളെ താല്പര്യത്തോടെ നോക്കി. ഗോള്‍ഫ് കളിക്കാരുടേതുപോലുള്ള ഒരു ജോഡി കാലുറയും, കൊമ്പുകണ്ണടയും പോലെ ഇന്നത്തെ യുവതികളുടെ ഭാവനയെ കീഴടക്കാന്‍ പറ്റിയ മറ്റൊന്നുമില്ല. ഒരു സിനിമാ നിര്‍മ്മാതാവിന്റേതുപോലുള്ള ആ വേഷം അവരെ കോക്‌ടെയില്‍ പാര്‍ട്ടികളും ഹോളിവുഡ് രാത്രികളും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. നിര്‍ഭാഗ്യത്തിന്, ഈ സുന്ദരിയെ ക്രൂരനും അസൂയക്കാരനുമായ ഒരാള്‍ വിവാഹം കഴിച്ചതാണെന്ന് ജെന്‍ പോളില്‍ നിന്നും ഡ്യുത്തിയേള്‍ മനസ്സിലാക്കി. വന്യവും നിന്ദ്യവുമായ ഒരു ജീവിതം നയിക്കുന്ന സംശയരോഗമുള്ള ഈ ഭര്‍ത്താവ്, എല്ലാരാത്രിയും പത്തുമണിമുതല്‍ പുലര്‍ച്ചെ നാലുമണിവരെ ഭാര്യയെ ഒറ്റയ്ക്ക് വിട്ടിട്ട് പോവുകയും, പോവുന്നതിനുമുന്‍പ്, അവളുടെ കിടപ്പുമുറി ഇരട്ടത്താഴുകൊണ്ട് പൂട്ടിയതിനുശേഷം ഷട്ടറുകള്‍ ആമപ്പൂട്ടിട്ട് പൂട്ടിയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പകല്‍സമയത്ത് അയാളവളെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു; ചിലനേരത്ത് മോന്‍മാര്‍ത്രിലെ തെരുവുകളില്‍ അയാളവളെ പിന്തുടരുകപോലും ചെയ്തു.
''ഹേ, താങ്കളിപ്പോഴും ആ പെണ്ണിന്റെ പിറകെയാണെന്ന് എനിക്കറിയാം. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. അവളൊരു സംഭവം തന്നെയാണ്. പക്ഷെ തന്റെ കുളത്തില്‍ ആരെങ്കിലും മീന്‍ പിടിക്കാന്‍ വരുന്നത് സഹിക്കാന്‍ പറ്റാത്ത പോക്കിരിയാണ് അവളുടെ കെട്ടിയോന്‍.''
പക്ഷെ ജെന്‍ പോളിന്റെ താക്കീത് ഡ്യുത്തിയേളിന്റെ അഭിനിവേശത്തെ കൂട്ടിയതേയുള്ളൂ. അടുത്ത ദിവസം അയാള്‍ ആ യുവതിയെ തൊലൊസ തെരുവില്‍ വെച്ച് കണ്ടു. അയാള്‍ ധൈര്യത്തോടെ അവളുടെ പിറകെ ഒരു പാല്‍ക്കടയിലെത്തി, അവളവിടെ തന്റെ ഊഴവും കാത്ത് നില്‍ക്കുമ്പോള്‍ വളരെയധികം ആദരവോടെ താനവളെ സ്‌നേഹിക്കുന്നുണ്ടെന്നും, അവളെക്കുറിച്ച് അയാള്‍ക്കെല്ലാമറിയാമെന്നും, അവളുടെ ക്രൂരനായ ഭര്‍ത്താവിനെക്കുറിച്ചും, പൂട്ടിയിടുന്ന വാതിലുകളെയും ഷട്ടറുകളെയുംകുറിച്ച് അറിയാമെന്നും, എന്നാലും അന്നുരാത്രിതന്നെ അയാള്‍ അവളുടെ കിടപ്പുമുറിയിലെത്തുമെന്നും ഡ്യുത്തിയേള്‍ പറഞ്ഞു. സ്വര്‍ണ്ണത്തലമുടിക്കാരി ലജ്ജകൊണ്ട് തുടുത്തു; പാല്‍ക്കുപ്പി അവളുടെ കൈയിലിരുന്ന് വിറക്കുകയും അവളുടെ കണ്ണുകള്‍ ആര്‍ദ്രതകൊണ്ട് ഈറനാവുകയും ചെയ്തു. അവള്‍ നിശബ്ദമായി ദീര്‍ഘശ്വാസമുതിര്‍ത്തു. ''അയ്യോ മിസ്റ്റര്‍, അത് അസാദ്ധ്യമാണ്.''
സുന്ദരമായ ആ ദിവസം ഏകദേശം രാത്രി പത്തുമണിക്ക് ഡ്യുത്തിയേള്‍ ഒരു കാവല്‍ഭടനെപ്പോലെ നൊര്‍വിന്‍സ് തെരുവിലെ ഒരു തോട്ടത്തിന്റെ വലിയ മതില്‍ ശ്രദ്ധിച്ചുകൊണ്ട് നിന്നു; അതിനുപിറകിലുള്ള ചെറിയ വീടിന്റെ പുകക്കുഴലും കാറ്റാടിയന്ത്രവും മാത്രമേ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളു. വാതില്‍ തുറന്ന് ഒരു പുരുഷന്‍ പുറത്തിറങ്ങി. അയാള്‍ തിരിഞ്ഞ് ശ്രദ്ധയോടെ വാതില്‍ പൂട്ടി യൂനോ വീഥിയുടെ ഭാഗത്തേക്ക് നടന്നു. അയാള്‍ കാഴ്ചയില്‍ നിന്നും മറയുന്നതുവരെ, കുന്നിന്‍ചരിവിലുള്ള തെരുവിന്റെ വളവില്‍ അയാളെത്തുന്നതുവരെ ഡ്യുത്തിയേള്‍ കാത്തുനിന്നു, പിന്നീടയാള്‍ പത്തുവരെ എണ്ണി. എന്നിട്ടയാള്‍ മുന്നോട്ട് കുതിച്ച് ഒരു കായികാഭ്യാസിയെപ്പോലെ ചുവരിനെ മറികടന്ന്, എല്ലാ തടസ്സങ്ങളും കടന്ന് ഒടുവില്‍ മനോഹരിയായ ആ ഏകാകിനിയുടെ കിടപ്പുമുറിയിലെത്തി. അവളയാളെ ഉന്മാദത്തോടെ സ്വീകരിക്കുകയും രാത്രി വൈകുന്നതുവരെ അവര്‍ പ്രേമലീലകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
അടുത്തദിവസം രാവിലെ കഠിനമായ ഒരു തലവേദനയുടെ അലട്ടലുമായാണ് ഡ്യുത്തിയേള്‍ ഉണര്‍ന്നത്. തന്റെ അടുത്ത സമാഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇതുപോലെ നിസ്സാരമായ ഒരു കാര്യത്തെ അയാളനുവദിക്കില്ല എന്നതുകൊണ്ട് അതയാള്‍ കാര്യമാക്കിയില്ല. അങ്ങനെയാണെങ്കിലും, മേശവലിപ്പില്‍ ചില ഗുളികകള്‍ ചിതറിക്കിടക്കുന്നതുകണ്ടപ്പോള്‍ അയാള്‍ രാവിലെയും ഉച്ചയ്ക്കും അതില്‍ ഓരോന്നുവീതം വിഴുങ്ങി. വൈകുന്നേരമായപ്പോഴേക്കും അയാള്‍ക്ക് തലവേദന സഹിക്കാമെന്നായി എന്നുമാത്രമല്ല ഉല്‍ക്കടമായ ആവേശത്തില്‍ അയാളതിനെക്കുറിച്ച് മറന്നുംപോയി. യുവതിയായ ആ സ്ത്രീ കഴിഞ്ഞ രാത്രിയിലെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ അക്ഷമയോടെ അയാളെ കാത്തിരിക്കുകയായിരുന്നു. അന്നുരാത്രി പുലര്‍ന്ന് മൂന്നുമണിയാവുന്നതുവരെ അവര്‍ ലൈംഗികവേഴ്ച നടത്തി.
തിരിച്ചുപോകുന്ന സമയത്ത് വീടിന്റെ അരഭിത്തികളിലൂടെയും ചുവരുകളിലൂടെയും കടക്കുമ്പോള്‍ അവ അരക്കെട്ടിലും ചുമലുകളിലും ഉരയുന്നുണ്ടെന്ന അസാധാരണമായ ഒരു തോന്നല്‍ അയാള്‍ക്കുണ്ടായി. എന്നിരുന്നാലും, അത് വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണെന്ന് അയാള്‍ കരുതിയില്ല. പക്ഷെ തോട്ടത്തിലെ മതിലില്‍ പ്രവേശിച്ചപ്പോഴാണ് വ്യക്തമായ ഒരു ചെറുത്തുനില്‍പ്പ് അയാള്‍ക്കനുഭവപ്പെട്ടത്. അപ്പോഴും ദ്രാവകരൂപത്തിലുള്ള എന്തിലോ ഒന്നിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന്, അത് ഒട്ടുന്നുണ്ടെന്ന്, മുന്നോട്ട് നീങ്ങാന്‍ പ്രയാസപ്പെടുന്നതിനനുസരിച്ച് അതിന് കട്ടി കൂടുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നി. മതിലിനുള്ളിലേക്ക് മുഴുവനായും കടന്നപ്പോഴാണ് താന്‍ മുന്നോട്ടുനീങ്ങുന്നില്ലെന്ന് അയാള്‍ക്ക് മനസ്സിലായത്. അന്നുകഴിച്ച രണ്ടു ഗുളികകളെക്കുറിച്ച് ഞെട്ടലോടെ അയാളോര്‍ത്തു. ആസ്പിരിന്‍ ഗുളികയെന്ന് കരുതിയ അത് യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ ഒരു കൊല്ലം മുന്‍പ് എഴുതിക്കൊടുത്ത രാസസംയോഗശക്തി കൂടുതലുള്ള പീറെറ്റ് പൊടിയടങ്ങിയ ഗുളികയായിരുന്നു. മരുന്നിന്റെ ഫലവും കഠിനമായ അദ്ധ്വാനവും കൂടിച്ചേര്‍ന്നപ്പോള്‍ അത് വളരെപ്പെട്ടെന്ന് ഒരു പ്രത്യാഘാതമുണ്ടാക്കി.
ഡ്യുത്തിയേള്‍ മതിലില്‍ ഉറച്ചതുപോലെയായി. ഇന്നേദിവസം വരെ അയാളവിടെയുണ്ട്, കല്‍ച്ചുവരിനോട് കൂടിച്ചേര്‍ന്നുകൊണ്ട്. പാരീസിന്റെ ഇരമ്പം നിന്നുകഴിഞ്ഞ്, നോര്‍വിന്‍സ് തെരുവിലൂടെ അര്‍ദ്ധരാത്രിയില്‍ തിമിര്‍ത്തുല്ലസിച്ച് പോകുന്നവര്‍ ശവക്കല്ലറയില്‍ നിന്നും വരുന്നതുപോലെ അമര്‍ത്തിപ്പിടിച്ച ഒരു ശബ്ദം കേള്‍ക്കാറുണ്ട്, മോന്‍മാര്‍ത്രിലെ തെരുവുകളില്‍ വിലപിച്ചുവീശുന്ന കാറ്റാണതെന്ന് അവര്‍ കരുതും. അത് മനുഷ്യച്ചെന്നായ ഡ്യുത്തിയേള്‍, തന്റെ ശോഭനമായ ഔദ്യോഗിക ജീവിതത്തിന്റെ അവസാനത്തെയും, വളരെ ചുരുങ്ങിയ കാലത്തെ തന്റെ പ്രേമബന്ധത്തെയുയോര്‍ത്ത് ദീനമായി കരയുന്നതാണ്. ചില ശൈത്യകാലരാത്രികളില്‍ പെയിന്റര്‍ ജെന്‍ പോള്‍ തന്റെ ഗിറ്റാറെടുത്ത് ഏകാന്തമായ, നിശബ്ദത മാറ്റൊലിക്കൊള്ളുന്ന നോര്‍വിന്‍സ് തെരുവിലേക്ക് പാവം ജയില്‍പ്പുള്ളിയെ ഒരു പാട്ടുകൊണ്ട് സാന്ത്വനിപ്പിക്കാന്‍ പോകും. അതിന്റെ സ്വരങ്ങള്‍ അയാളുടെ ചീര്‍ത്ത വിരലുകളില്‍ നിന്നും പറന്നുയര്‍ന്ന് നിലാത്തുള്ളികള്‍ പോലെ മതിലിന്റെ ഹൃദയത്തിലേക്ക് പിളര്‍ന്നിറങ്ങും.
Read more: ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ