ശ്വാനമുറ: അജിജേഷ് പച്ചാട്ട് എഴുതിയ കഥ
വാക്കുത്സവത്തില്‍ ഇന്ന്, ശ്വാനമുറ: അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഇറങ്ങിച്ചെന്നാല്‍ മാത്രം ആഴം കാണാവുന്ന ചിലതുണ്ട്. അതെന്തുമാകാം...അജിജേഷിന്റെ കഥകളുമങ്ങനെയാണ്, ഇറങ്ങിച്ചെല്ലുമ്പോള്‍ അത് ആഴം കാണിച്ചു തരുന്നു, അത് കാട്ടി ഭ്രമിപ്പിക്കുന്നു. പറയാന്‍ മടിക്കുന്നത് പറയുന്നുണ്ട്/എഴുതുന്നുണ്ട് ഈ എഴുത്തുകാരന്‍. പലപ്പോഴും നമുക്ക് പരിചിതമായ ജീവിതാനുഭവങ്ങളില്‍നിന്നുള്ള വ്യതിയാനമാണത്. നമുക്കറിയാവുന്ന മനുഷ്യരുടെ നാമറിയാത്ത ജീവിതാനുഭവങ്ങള്‍. അത് വായനക്കാരനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നു. ഒരുപക്ഷേ, അജിജേഷിന് മാത്രം തീര്‍ക്കാന്‍ കഴിഞ്ഞേക്കാവുന്ന ഒരിടം. വായനക്കാരന്റെ മനോലോകങ്ങളില്‍ പൂരിപ്പിക്കപ്പെടുന്ന കൃതികളാണ് അജിജേഷിന്‍േറത്.
Pollination is a method of defence
(The war & life, page no:186)
പൂത്തോട് ഗ്രാമപഞ്ചായത്തിലെ വന്ധ്യംകരണക്യാമ്പ് ആക്രമിക്കപ്പെട്ടതിനോടനുബന്ധിച്ച് മാണിക്യനെ അറസ്റ്റ് ചെയ്തതിന്‍റെ പിറ്റേന്നാണ് കന്യക ജീവിതത്തിലാദ്യമായി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറുന്നത്. ചരല്‍മുറ്റത്ത് കൂട്ടം കൂടി നിന്നവരുടേയും പോലീസുകാരുടേയും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച മുഴുവന്‍ ക്യാമ്പില്‍ നടന്ന ആക്രമണത്തേയും അതില്‍ പരിക്കേറ്റവരേയും കുറിച്ച് തന്നെയായിരിക്കുമെന്ന് കന്യക ഊഹിച്ചു. കാരണം പൂത്തോടില്‍ അതിലും വലിയ മറ്റുസംഭവങ്ങളൊന്നും തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായിട്ടില്ല എന്ന് എല്ലാവരേയും പോലെ അവള്‍ക്കുമറിയാം.
-എനിക്ക് തോന്നുന്നത് മെഡിക്കല്‍ ക്യാമ്പ് ആക്രമണങ്ങള്‍ എല്‍.ടി.ടിക്കാരുടെ രീതിയാണെന്നാണ്. ഇത്തോതിലിവിടെ മാവോയിസവും താലിബാനിസവുമൊക്കെയുള്ളപ്പോള്‍ ഇവനെന്തിനാ ആ ചെറ്റകളുമായി ചേര്‍ന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തം കിട്ടാണ്ല്ലല്ലോ..
രാത്രി മുഴുവന്‍ ഫറോക്ക് പുഴയില്‍ ചൂണ്ടയിട്ടതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ പഴക്കമുള്ള സൈക്കിളില്‍ ഉറക്കപ്പിച്ചോടെ പാറിപ്പോകുന്ന മാത്തൂര് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് അങ്ങോട്ടെത്തുമ്പോള്‍ സഖാവ് കൃഷ്ണന്‍കുട്ടിയും സംഘവും അത്തരമൊരു സംശയത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.
-പ്രഭാകരന്‍ ചത്തതില്‍ പിന്നെ എല്ലാം കഴിഞ്ഞെന്ന് കരുതീതാ,
ചാരായത്തിന് ധൃതിയയില്‍ വാഷ് കലക്കിവെച്ച് പ്രദേശത്തിന്‍റെ സമകാലികത അറിയാന്‍ വന്ന കണിയാന്‍ കണാരന് പക്ഷേ എന്തുകൊണ്ടോ ആ എല്‍.ടി.ടി കഥയില്‍ അല്‍പ്പം അവിശ്വസനീയത ചേര്‍ത്ത് തറവാട്ടുകാര്യത്തിലെന്ന പോലെ അസ്വസ്ഥനാവാനാണു തോന്നിയത്. അല്ലെങ്കിലും മാസപ്പടിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠതയുള്ളയാളാണെങ്കിലും പോലീസും ആള്‍ക്കൂട്ടവും അയാള്‍ക്ക് ഒരിക്കലും അത്ര രുചിയുള്ളൊരു വിഭവമായിരുന്നില്ല.
-താടി വടിക്കാന്‍ കൊണ്ടുവന്ന അന്ന് ചാടിപ്പോയപ്പോഴേ ഞാന്‍ പറഞ്ഞതാ അവന് എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുണ്ടെന്ന്. നീണ്ട താടികളിപ്പോ പുലികളുടെ ട്രേഡ് മാര്‍ക്കാ.
അളിയാന്‍ക്ക അതും പറഞ്ഞ് ഓര്‍മ്മപുസ്തകത്തിലേക്കൊന്ന് മൂക്ക് കുത്തിവീണുനോക്കി.
കഴിഞ്ഞ മണ്ഡലകാലത്താണ് ഭ്രാന്തന്‍ മാണിക്യനെ എല്ലാവരും കൂടി ഏകദേശം അരമണിക്കൂറോളം റോട്ടിലൂടെ ഓടിച്ചിട്ട് പിടിച്ച് അളിയാന്‍ക്കയുടെ ബാര്‍ബര്‍ ഷാപ്പില്‍ കൊണ്ടുവന്നു മുഴുത്തൊരു ഗോതമ്പ് ചാക്ക് പോലെ തള്ളിയത്. പിടിക്കപ്പെട്ടതോടെ അനുസരണയുള്ള ആട്ടിന്‍ കുട്ടിയുടെ ജീനുകള്‍ കടമെടുത്ത് കസേരയിലേക്ക് തല താഴ്ത്തി അമര്‍ന്നിരുന്ന അവന്‍റെ ജട പിടിച്ച തലയില്‍ വെള്ളം കുടയാനായി തിരിഞ്ഞതായിരുന്നു അളിയാന്‍ക്ക. കൃത്യം അതേ സമയത്ത് തന്നെയായിരുന്നു സച്ചിന്‍റെ വിടവാങ്ങല്‍ പ്രസംഗം സ്റ്റാർ സ്പോര്‍ട്സ് ഒരിക്കല്‍ക്കൂടി സംപ്രേഷണം ചെയ്തത്.
-മ്മളെ സച്ചിന്‍റെ പ്രസംഗം ദേ പിന്നേം ടീവീല്...
തൊട്ടപ്പുറത്തെ ക്ലബ്ബിലെ ഊരയൊടിഞ്ഞുതുടങ്ങിയ ബെഞ്ചില്‍ അതുവരെ രതിനിര്‍വ്വേദം കണ്ടിരുന്ന കെ. വിജേഷ് വലിഞ്ഞുമുറുകിയ ഞെരമ്പുകളമര്‍ത്താന്‍ പരസ്യവേളയില്‍ ചാനല്‍ മാറ്റിയപ്പോള്‍ കിട്ടിയ കാഴ്ചയില്‍ കൂവിവിളിച്ചു.
അതോടെ എല്ലാവരും കൂടി ക്ലബ്ബിലേക്ക് ഇരച്ചുകയറി നിന്നനില്‍പ്പില്‍ വികാരനിര്‍ഭരരായി.
ഒടുവില്‍ പ്രസംഗം കേട്ട് കണ്ണുകള്‍ തുടച്ച് അവര്‍ ബാര്‍ബര്‍ഷോപ്പിനുള്ളിലേക്ക് തിരിച്ചെത്തുമ്പോള്‍ അളിയാന്‍ക്കയുടെ ഉപ്പൂപ്പാ മുതല്‍ കസ്റ്റമേര്‍സിനെ ഇരുത്തി വെട്ടിപ്പോന്നിരുന്ന ചെരങ്ങ് പിടിച്ച ചുവന്നകസേര കാലപ്പഴക്കത്തിന്‍റെ കരച്ചില്‍ അടര്‍ത്തിയിട്ട് മാണിക്യനെ തിരഞ്ഞ് വട്ടത്തില്‍ കറങ്ങുകയായിരുന്നു.
-താടി നീട്ടുന്നോരൊക്കെ എല്‍.ടി.ടിക്കാരാണെങ്കില്‍ ഇവിടെ വേറെയും ചിലരെ പിടിക്കേണ്ടി വരും.
അതും പറഞ്ഞ് മുടി ക്രോപ്പ്കട്ട് ചെയ്ത് താടി കൂര്‍പ്പിച്ചുനീട്ടിയ മിഥുനിന് നേരെ കബീര്‍ക്ക തന്‍റെ ഇരുതലയുള്ള നോട്ടം കൂര്‍പ്പിച്ചു.
ആ വര്‍ത്തമാനത്തിന് മറുപടിയായി രാത്രിയില്‍ അയാളുടെ ഇളയമകള്‍ സുമ്മയ്യയ്ക്ക് നൂറു മെസ്സേജുകള്‍ കൂടി കൂടുതല്‍ അയയ്ക്കുമെന്ന് പല്ലു ഞെരിച്ച് അവന്‍ കബീര്‍ക്കയില്‍ നിന്നും മെല്ലെ നൂണ്ടുകളഞ്ഞു.
-നിങ്ങക്കറിയോ ഈ മാണിക്യന്‍റെടുത്ത് വലിയൊരു ഭാണ്ഡമുണ്ടായിരുന്നു. ശ്മശാനത്തിനടുത്തുള്ള കാട് പിടിച്ച ബില്‍ഡിങ്ങിനുള്ളില്‍ നിന്നും പോലീസിന് ഞാനാണത് എടുത്ത് കൊടുത്തത്. എന്തൊക്കെയോ ആയുധങ്ങള്‍ അതിനുള്ളിലുണ്ട്, എന്തോരു കനമാണെന്നറിയോ...
അശോകന്‍ അവേശത്തോടെ പറഞ്ഞു.
-അവനാള് കൊള്ളാലോ.... കണ്ടാല്‍ പറയൂലട്ടോ, അപ്പോ കൈയ്യിലിരിപ്പോണ്ട്യന്നാണ് പെണ്ണുമ്പിള്ള വേറൊരുത്തന്‍റെ കൂടെ പോയത്. അന്ന് നമ്മളെല്ലാരും കൂടി ന്നട്ട് വെറുതെ അതിനെ കുറ്റം പറഞ്ഞു.
ഒരു പങ്കുമില്ലാഞ്ഞിട്ടും മാണിക്കന്‍റെ ഭാര്യയേയും അവര്‍ തങ്ങള്‍ക്കിടയിലേക്ക് വലിച്ചിട്ടു.
-എന്തായാലും വന്നത് വന്നു. അക്രമത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാരിലൊരുത്തന്‍റെ പണി പാളിയിട്ടുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
സംസാരങ്ങള്‍ ചിത്രകഥയിലെ കുരങ്ങന്‍റെ മാന്ത്രികവാല്‍ പോലെ നീണ്ടുകൊണ്ടിരുന്നു.
-അല്ല മാണിക്യന്‍ കുറ്റം സമ്മതിച്ചോ?
ആരോ ചോദിച്ചു.
-എവിടെ? അവന്‍ കമാ ന്ന് ഒരക്ഷരം പറയുന്നില്ല. ഇനി അഥവാ പറഞ്ഞാത്തന്നെ തലക്ക് സുഖല്ലാത്ത അവന്‍റെ വാക്കുകള്‍ ഏത് എഫ്.ഐ.ആറിലാണ് ചേര്‍ക്കപ്പെടാന്‍ പോണത്. ഇതിന്‍റൊക്കെ പിന്നില്‍ വേറെ ആരൊക്കെയോ ഉണ്ട് അതൊറപ്പാ....
-അദാരാപ്പോ?
-മാവോയിസ്റ്റുകള് ന്നെ അല്ലാണ്ടാരാ..?
പണ്ടൊരിക്കല്‍ മുത്തപ്പന്‍കാവില്‍ പോകാന്‍ കോഴിക്കോട്ട് റെയില്‍വേസ്റ്റേഷനില്‍ മലബാര്‍ എക്സ്പ്രസ്സിന് കാത്തുനില്‍ക്കുമ്പോള്‍ തന്‍റെ മുന്നിലൂടെ രണ്ട് ആയുധധാരികള്‍ പോയിട്ടുണ്ടെന്ന് ഇടക്കിടെ പറയാറുള്ള മെമ്പര്‍ ഗംഗാധരേട്ടന്‍റെ തേഞ്ഞുതീരാറായ വാക്കുകള്‍ പക്ഷേ ആരും വിലയ്ക്കെടുത്തില്ല.
അതോടെ അക്കാലമത്രയും വേണ്ടാത്തതിനും വേണ്ടതിനും നാഴികക്ക് നാല്‍പ്പത് വട്ടം മുത്തപ്പന്‍കാവും റെയില്‍വേസ്റ്റേഷനും ആയുധവും എടുത്തിട്ടെടുത്തിട്ടതിന്‍റെ ക്ഷീണം മാറ്റാന്‍ ഗംഗാധരേട്ടന്‍ നന്നായൊന്നു കുരച്ചു.
-ഓനൊറ്റക്കല്ല, കൂടെ ആളുകള്‍ വേറെയുമുണ്ടെന്നാ പറഞ്ഞുകേള്‍ക്കുന്നത്.
അങ്ങനെ കണ്ട കാഴ്ചയില്‍, വേണ്ടത്ര എരിവ് ചേര്‍ത്തും കാണാത്ത കാഴ്ചയില്‍ വേണ്ടതിലധികം ഭാവന വിളക്കിയും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കഥകള്‍ വളര്‍ത്തുന്നവരുടെ കണ്ണ് വെട്ടിച്ച് സ്റ്റേഷന്‍റെ തെക്കു വശത്തെ മതില്‍ക്കെട്ട് ഒരഭ്യാസിയെപ്പോലെ ചാടിക്കടന്നാണ് കന്യക ഉള്ളിലേക്കെത്തുക എന്ന സാഹസത്തിന് മുതിര്‍ന്നത്. കന്യകയെ കണ്ടതും, മാണിക്യന്‍റെ നിലവിളി കേള്‍ക്കുന്ന ഭാഗത്ത് പായലുടുപ്പുകളണിഞ്ഞ് പരസ്പരം കൊത്തിപ്പിടിച്ചുകിടന്ന ചെങ്കല്ലുകള്‍ അവളെ കൈമാടി വിളിച്ചു, ചെങ്കല്ലുകളുടെ ഭാഗത്തെ ചുമരില്‍ ഒരു ദീര്‍ഘചാട്ടത്തിന്‍റെ ആയാസത്തിനെന്നവണ്ണം അള്ളിപ്പിടിച്ച് നിന്ന മുച്ചിറിപ്പൊട്ടുള്ള ജന്നല്‍ച്ചില്ലുകള്‍ അവളെ കണ്ണിറുക്കി കാണിച്ചു.
കല്ലട്ടിക്ക് മുകളിലേക്ക് വലിഞ്ഞുകയറി ജന്നല്‍ച്ചീളുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ നാലഞ്ച് പോലീസുകാര്‍ വളഞ്ഞുനിന്ന് മാണിക്യന്‍റെ കൂമ്പിനിട്ട് പിടക്കുന്നതാണ് കന്യക കാണുന്നത്.
ജലാശയത്തിലേക്ക് വീണുപോയതുപോലെ കാഴ്ച പരക്കാന്‍ തുടങ്ങിയതും പോലീസുകാരുടെ അട്ടഹാസങ്ങള്‍ക്കും അലര്‍ച്ചകള്‍ക്കും ഇടയിലൂടെ ഇഴഞ്ഞുവന്ന് കിതച്ച അവന്‍റെ നിലവിളികളിലൊന്ന് സങ്കടക്കടല്‍ പോലെ അവളെ പൊതിഞ്ഞു. അതോടെ നുരഞ്ഞു പൊങ്ങിയ കരച്ചില്‍ അണച്ചുപിടിച്ച് കൂടുതല്‍ കാണാന്‍ ത്രാണിയില്ലാതെ അവള്‍, കയറിയ വഴിയെ തന്നെ പതുക്കെ തിരിച്ചിറങ്ങി തല താഴ്ത്തി നടന്നു.
ശരിക്ക് മാണിക്യനൊപ്പം അവളും പിടിക്കപ്പെടേണ്ടതായിരുന്നു.
-നിനക്ക് ഗര്‍ഭിണിയാകേണ്ടേ കന്യകേ....? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യണ്ടേ...? ഇവരുടെ കണ്ണില്‍ പെടാത്ത ആരെങ്കിലും ഒരാള്‍ നിനക്കായ് കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ട് രക്ഷപ്പെട്, ഓടിയോടി രക്ഷപ്പെട്...
അന്ന് വീണിടത്ത് കിടന്ന് അവന്‍ പുലമ്പിയത് കന്യക ഓര്‍ത്തു.
ഗര്‍ഭം, കുഞ്ഞുങ്ങള്‍, പാല്.....!
അവള്‍ പിന്നെ ഒന്നും നോക്കിയില്ല, കണ്ണുകള്‍ മുറുക്കിച്ചിമ്മി ഓടി.
ആരവങ്ങളോടെ കുറേയാളുകള്‍ പിന്നാലെയും..
ചാണം തേച്ച മുറ്റങ്ങള്‍, സിമന്‍റ് കട്ട പാകി അലങ്കരിച്ച മതിലുകള്‍, എള്ളും കുറുന്തോട്ടിയും തഴച്ചുവളര്‍ന്ന പറമ്പുകള്‍, പാറകളുടെ കരളിറച്ചി അരിഞ്ഞഞ്ഞരിഞ്ഞ് ആഴ്ന്ന് പോയ കല്ലുവെട്ടിക്കുഴികള്‍, മൊട്ടയടിച്ച കൃഷിയിടങ്ങള്‍, ഇടിഞ്ഞുതേഞ്ഞ പാടവരമ്പുകള്‍, മെലിഞ്ഞുണങ്ങിയ തോട്, കുളിക്കാതെ നാറുന്ന കുളം, തലമുറ നഷ്ടപ്പെടുന്ന തവളക്കരച്ചിലുകള്‍....
ഒടുവില്‍ എക്സ്പ്രസ് വേ-ക്കെതിരെ 'ഞങ്ങളുടെ ഒരു തരി മണ്ണ് വിട്ടുതരില്ല' എന്ന പൗരസമിതിയുടെ വെള്ളയില്‍ ചുവന്ന അക്ഷരങ്ങള്‍ പതിച്ച കനത്ത ബോര്‍ഡിനരികിലെ വലിയൊരു പൊന്തക്കാട്ടിലേക്കൊളിക്കുമ്പോഴേക്കും മൊബെല്‍ വെട്ടങ്ങളും എമര്‍ജന്‍സിലൈറ്റുകളും ബ്രറ്റ്ലൈറ്റിന്‍റെ ടോര്‍ച്ചുകളും പേറി പിന്തുടര്‍ന്ന ജനക്കൂട്ടത്തിനെ അവള്‍ ഒരുപാട് പിന്നിലാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും അവളെ തിരഞ്ഞെത്തിയ സ്ഥിതിക്ക് അവര്‍ കുറേനേരം അവിടെ മൊത്തം അരിച്ചുപെറുക്കി മുഴുത്തൊരു വേശ്യയെ പിടിക്കാന്‍ കഴിയാത്ത പോലുള്ള മുറുമുറുപ്പ് അണപ്പല്ലുകളിട്ട് മൂര്‍ച്ച കൂട്ടി പതുക്കെ തിരിച്ചുപോയി. അത് കണ്ട് ശ്വാസം നേരെ വീണെങ്കിലും, കുറ്റിക്കാട്ടില്‍ അമര്‍ന്നിരുന്ന കന്യകക്ക് മാണിക്യന്‍ പിടിക്കപ്പെട്ട സങ്കടം അങ്ങനെ കൂടുതല്‍ സമയം അടക്കിവെക്കാന്‍ കഴിയുമായിരുന്നില്ല. അവള്‍ തേങ്ങിക്കരഞ്ഞു. അതോടെ ഇരുട്ടിലെവിടെയോ ഒട്ടിപ്പിടിച്ചുനിന്ന തടിച്ച രണ്ടാളുകള്‍ അവള്‍ക്കരികിലേക്ക് അടര്‍ന്നുവീണു.
തണുപ്പിന്‍റെ ആവിയില്‍ കലര്‍ന്ന് പൊന്താന്‍ തുടങ്ങിയ അവരുടെ ആക്രോശങ്ങളേയും തിരക്കുകളേയും നെടുകെകീറി പൊന്തക്കാട്ടില്‍ നിന്നും പുറത്തേക്ക് ചാടിയ കന്യകക്ക് പിന്നെയും ഓടേണ്ടി വന്നു, ആദ്യത്തേതിനേക്കാള്‍ വേഗത്തിലും അതിലേറെ കൃത്യതയിലും ഓടിയോടി ഒരു വിധത്തില്‍ രക്ഷപ്പെട്ടെങ്കിലും കരയാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന മുഴുമുഴുത്തൊരു സത്യം അപ്പോഴേക്കും ഭീതിയുടെ ഉടുപ്പണിഞ്ഞ് വന്ന് അവളെ മെല്ലെ തോണ്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ സ്റ്റേഷനില്‍ നിന്നും മാണിക്യന്‍റെ ദയനീയത കണ്ടിറങ്ങിയതിന്‍റെ സങ്കടം തീര്‍ക്കാന്‍ അവള്‍ ആള്‍ത്താമസമില്ലാത്ത ആ വലിയ കെട്ടിടത്തിനെ കരച്ചില്‍ തടകെട്ടിയ ശരീരവും കൊണ്ട് ലക്ഷ്യമിട്ടത്.
തൂര്‍ത്ത വയലില്‍ കനത്ത് വളരുകയും പിന്നീട് ചില പ്രകൃതിമനുഷ്യരുടെ ഇടപെടലുകളില്‍ തൂമ്പടപ്പ് രോഗം പിടിപെടുകയും ചെയ്ത മൂന്ന് നിലകളുള്ള ആ കെട്ടിടത്തിലെത്തിയതും അവളുടെ ആധി പകുതി കുറഞ്ഞു. ആ കെട്ടിടം കന്യകയെ സംബന്ധിച്ച് മാണിക്യനെ ആദ്യമായി കണ്ടുമുട്ടുക പരിചയപ്പെടുക എന്നതിനപ്പുറത്തേക്ക് പിടിക്കപ്പെടുന്നതിന്‍റെ തലേന്ന് വരെയുണ്ടായ ഒരുമിച്ചുള്ള അന്തിയുറക്കമടക്കം നേര്‍ത്ത ചലനങ്ങള്‍ പോലും കൃത്യമായി രേഖപ്പെടുത്തിയ വലിയൊരു ഓര്‍മ്മക്കുറിപ്പും കൂടിയായിരുന്നു.
മാണിക്യന്‍റെ ഗന്ധം!
..........................................................
ക്രമേണ ക്രമേണ അവന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് അവനും മനസ്സിലായിത്തുടങ്ങി. മാണിക്യനാണ് അവള്‍ക്ക് കന്യക എന്ന പേരിട്ടത്. താന്‍ കന്യകയല്ലെന്ന് അവള്‍ ആവതും പറഞ്ഞുനോക്കിയിരുന്നു അന്ന്.
പോലീസുകാര്‍ക്കൊപ്പം മറ്റെല്ലാം പോയെങ്കിലും അത് അവളെ കാത്ത് നൂറ്റാംതലകളുമായി അവിടവിടെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.
ആ ഗന്ധം അവളെ മാണിക്യനെ ആദ്യമായി കണ്ട കാലത്തിലേക്ക് ഇറുക്കിയെടുത്തു. രാത്രിമഴകളുടേയും പകല്‍മഴകളുടേയും വിവാഹകാലം...
കന്യക അന്ന് തെക്ക് നിന്നുള്ള ഒരുത്തനുമായി കൂട്ടുകൂടി നടക്കുകയാണ്. ഒരു ഗര്‍ഭകാലം വീണുകിട്ടാനായി അങ്ങനെ എത്ര പേരെയാണ് കൂടെ കൊണ്ട് നടന്നതെന്ന് അതുവരെ അവള്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു. പരാജയപ്പെട്ടിട്ടും അവള്‍ പിന്നെയും പിന്നെയും പുതിയ ഇണകളെ തേടിക്കൊണ്ടേയിരുന്നു. അല്ലെങ്കിലും ഇണകളെ തേടുക എന്നത് അവളെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമേ ആയിരുന്നില്ല.
കാരണം, നല്ല ചൊക്കിപ്പഴം പോലെ സുന്ദരിയായിരുന്നു കന്യക.
കരിമഷി വാലിട്ടതുപോലുള്ള വലിയ കണ്ണുകളായിരുന്നു അവള്‍ക്ക്.
മിനുമിനുപ്പുള്ള മൂക്കും, ചെറിയ ചുണ്ടുകളും.
നിറഞ്ഞുവളര്‍ന്ന മാറിടങ്ങള്‍, കൊഴുത്ത ശരീരം.
അതിനെയൊക്കെ ഉന്മാദത്തിലെത്തിക്കുന്ന ഒരുതരം വല്ലാത്ത ശബ്ദവും.
അങ്ങനെ നോക്കുമ്പോള്‍ പൂത്തോടിലെ ഒരുവിധം വര്‍ഗ്ഗസ്നേഹികളുടെയൊക്കെ ആഗ്രഹമാകേണ്ടവളായിരുന്നു കന്യക.. പക്ഷേ എന്തുകൊണ്ടോ അങ്ങനെയുണ്ടായില്ല. എന്നിട്ടും നിലാവുള്ള രാത്രികളില്‍ വാലുകുത്തിയെഴുന്നേല്‍ക്കുന്ന ഗര്‍ഭപാത്രചിന്തകള്‍ അവളെ വല്ലാതെ വിളറിപിടിപ്പിച്ചു. കുഞ്ഞിന്‍റെ കരച്ചിലുകള്‍ കേള്‍ക്കാന്‍ കാതുകള്‍ ധൃതി പൂണ്ടു. പാല്‍ഗ്രന്ഥികളുടെ മുറവിളികളാല്‍ അവളുടെ മാറിടങ്ങള്‍ അക്ഷമരായി. അങ്ങാടികളിലും വഴിയോരങ്ങളിലും ശൃംഗാരകന്യകയായി അവള്‍ വിലസിക്കൊണ്ടേയിരുന്നു. ഓരോ പുതിയ ആണിനെ കാണുമ്പോഴും അവള്‍ ശരീരം കൊണ്ട് കോരിത്തരിപ്പിച്ചു.
പക്ഷേ അവരിലാരില്‍ നിന്നും ഗര്‍ഭം പോയിട്ട് പ്രണയത്തോടെയുള്ള ഒരു നോട്ടം പോലും ലഭിക്കാതെയായപ്പോള്‍ കന്യക ആഗ്രഹങ്ങളുടെ മാരത്തോണില്‍ തളര്‍ന്നു വീഴുന്നതു പതിവായി. അങ്ങനെ നിരാശപ്പെട്ടു നിരാശപ്പെട്ടാണ് അവള്‍ പൂത്തോടിന് പുറത്തുള്ള ആണുങ്ങളെ സമീപിക്കാന്‍ തുടങ്ങുന്നത് എന്ന് പറയാം. എന്തൊക്കെയായാലും വരുത്തന്‍മാര്‍ എക്കാലവും എല്ലാവര്‍ക്കും വരുത്തന്‍മാര്‍ തന്നെയാണ്. അല്ലെങ്കില്‍പിന്നെ അന്ന് ബീച്ചില്‍ സംഭവിച്ച കന്യകയുടേയും പുതിയ കാമുകന്‍റേയും പ്രണയസല്ലാപത്തിനിടയില്‍ അവളെ ശരിക്കറിയുന്നവര്‍ തന്നെ കൂട്ടം കൂടി വന്ന് കനത്ത ആക്രമണം അഴിച്ചുവിടുമായിരുന്നോ?
മണല്‍ത്തരികള്‍ കടല്‍ത്തിരമാലകളെപ്പോലെ ഉയര്‍ന്നുപൊങ്ങി.
ആളുകള്‍ ചിതറിയോടി.
മല്‍പ്പിടുത്തങ്ങള്‍...
നിലവിളികള്‍...
നല്ല ആരോഗ്യമുണ്ടായിട്ടുകൂടി കന്യകയുടെ നവവരന് പിടിച്ച് നില്‍ക്കാനോ മാനസികശേഷി ഉണ്ടായിട്ടുകൂടി എന്തിനാണ് ആക്രമിക്കപ്പെടുന്നതെന്നു മനസ്സിലാക്കാനോ കഴിഞ്ഞില്ല. കുറേ പൊരുതി നോക്കിയെങ്കിലും അവസാനം അവന് ജീവനും കൊണ്ട് പായേണ്ടി വന്നു. പുതിയ ഒരാളെ നാട്ടിലേക്ക് കൊണ്ടുവന്നതിന് ഒടുവില്‍ എല്ലാവരും കൂടി തനിക്ക് നേരെ തിരിയാന്‍ തുടങ്ങുന്നുണ്ടെന്ന് വ്യക്തമായപ്പോള്‍ കന്യകയും പതുക്കെ അവരില്‍ നിന്നും ഓടിയൊളിച്ചു. ആ ഒരു സംഭവത്തോടെ കന്യകയുടെ പതിവ് സ്ഥലത്തുള്ള അന്തിയുറക്കത്തിനും മറ്റുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വിവാഹശ്രമത്തിനും ഒരുപോലെ തീരുമാനമായി. അങ്ങനെ പുതിയൊരിടം തിരഞ്ഞ് നടക്കുന്നതിനിടയിലാണ് അവള്‍ മാണിക്യന്‍ താമസിക്കാറുള്ള ആ കെട്ടിടത്തിനരികിലേക്കെത്തിപ്പെടുന്നത്. മഴ നനഞ്ഞ് കുതിര്‍ന്ന് പുറത്ത് നില്‍ക്കുന്ന കന്യകയെ കണ്ടതും പൊതിച്ചോറ് തിന്നാന്‍ തുടങ്ങുന്ന മാണിക്യന്‍ അരികില്‍ നിന്നും വലിയൊരു കല്ലെടുത്തു. നെറ്റിയിലൊരു ചോരച്ചുവയുള്ള ചുംബനം കിട്ടിയിട്ടും അവള്‍ പേടിച്ച് ഓടിയില്ല, പകരം കെട്ടിടത്തിന്‍റെ ഓരത്തേക്ക് ഒരധികപ്പറ്റിന്‍റെ എല്ലാവിധ ചുവടുവെപ്പുകളോടെയും കയറി നിന്നു. രണ്ട് മൂന്ന് നോട്ടങ്ങളുടെ ദൈര്‍ഘ്യം... വിശപ്പെഴുതിയ കന്യകയുടെ കണ്ണുകളെ തിരിച്ചറിഞ്ഞതോടെ മാണിക്യന്‍ ഒന്നയഞ്ഞു. പിന്നെ പതുക്കെ അഴിച്ചുതുടങ്ങിയ ചോറുപൊതിയും കൊണ്ട് അവള്‍ക്കരികിലെത്തി, എന്നിട്ട് നിശബ്ദമായ ഒരു ക്ഷണം അവളുടെ വലിയ കണ്ണുകളിലേക്ക് സ്നേഹപൂര്‍വ്വം വിളമ്പി ചോറിലേക്ക് കൈ കുത്തി. ആരോ അരിഞ്ഞെറിഞ്ഞ തണുത്തകാറ്റ് അവര്‍ക്ക് മുകളിലേക്ക് വീണു പിടഞ്ഞു...
ഒന്നിച്ചുള്ള ജീവിതത്തില്‍ ആദ്യമൊന്നും പരസ്പരം പറയുന്നത് ഇരുവര്‍ക്കും മനസ്സിലായിരുന്നില്ല. അങ്ങാടികളില്‍ അലയുന്ന ഭ്രാന്തന്മാരെ കന്യക ഒരുപാട് കണ്ടിട്ടുണ്ടായിരുന്നെങ്കിലും മാണിക്യനുമായി അടുത്തതോടെയാണ് തലക്ക് സുഖമില്ലാത്തവര്‍ക്ക് ശരീരത്തിനും സംവേദനത്തിനും പ്രത്യേക ഭാഷ തന്നെയുണ്ടെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങിയത്. ക്രമേണ ക്രമേണ അവന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് അവനും മനസ്സിലായിത്തുടങ്ങി. മാണിക്യനാണ് അവള്‍ക്ക് കന്യക എന്ന പേരിട്ടത്. താന്‍ കന്യകയല്ലെന്ന് അവള്‍ ആവതും പറഞ്ഞുനോക്കിയിരുന്നു അന്ന്. അപ്പോഴൊക്കെ അവന്‍ പുഴുവരിച്ച പല്ലുകള്‍ കാണിച്ച് ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത്. അങ്ങനെയാണേല്‍ എന്‍റെ പേര് മാണിക്യനാണെന്നും ആ പേരും കുപ്പയിലുള്ള തന്‍റെ ജീവിതവുമായി എന്തേലും ബന്ധമുണ്ടോന്നും മാണിക്യന്‍ അവളോട് തിരിച്ചു ചോദിച്ചു. അതിന് അങ്ങനെ എന്തേലും ബന്ധമുണ്ടോന്നറിയാന്‍ എനിക്ക് നിങ്ങളെ അറിയുക പോലുമില്ലല്ലോ എന്ന് കന്യക പറഞ്ഞതോടെയായിരുന്നു മാണിക്യന്‍ തന്‍റെ കഥ ലോകകവിത പോലെ ഏതാനും വരികളില്‍ സംഗ്രഹിച്ച് അവളുടെ സംശയക്കോളങ്ങളില്‍ തൂക്കിയിടാന്‍ ഒരുങ്ങിയത്.
-സര്‍ക്കാരിന്‍റെ നിയമം മൂലം കൂടെപ്പിറപ്പുകളില്ലാതെ പോയ നിര്‍ഭാഗ്യവാനാണ് ഞാന്‍. അതുകൊണ്ടല്ലേ എന്‍റെ ഭാര്യയും അവളുടെ ജാരനും ചേര്‍ന്ന് എന്നെ ഭ്രാന്തനാക്കി തെരുവിലേക്കിറക്കിയത്. ചോദിക്കാനാരാ ഉള്ളത്... ഉള്ള അച്ഛനും അമ്മയും ചത്തുപോയില്ലേ
കന്യകക്ക് ഒന്നും മനസ്സിലായില്ല.
മാണിക്യന്‍ കുറച്ചുനേരം താടിയുഴിഞ്ഞു.
-ഗര്‍ഭപാത്രത്തിലേക്കുള്ള ഞെരമ്പ് മുറിച്ച് വരുമ്പോള്‍ അമ്മ അന്ന് എനിക്ക് കൈ നിറയെ ആപ്പിളും മുന്തിരിയും കൊണ്ടുവന്നു തന്നിരുന്നു. സത്യമായിട്ടും എനിക്കറിയില്ലായിരുന്നു കന്യകേ, എനിക്ക് ശേഷം വരാനുള്ളവര്‍ക്ക് താമസിക്കാനുള്ള വീട് സര്‍ക്കാരിന് തീറെഴുതി കൊടുത്തതിന്‍റെ ആജീവനാന്തവാടക കൊടുത്ത് വാങ്ങിയതായിരുന്നു അതെന്ന്. അച്ഛനെ ജീവിതത്തിലാദ്യമായി കള്ളു കുടിച്ച് കാണുന്നത് അന്നായിരുന്നു. അമ്മക്ക് സമ്മാനം കിട്ടിയ നീലബക്കറ്റ് മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ അച്ഛനോടെനിക്ക് ദേഷ്യമായിരുന്നു. എന്‍റെ അന്നത്തെ ദേഷ്യത്തോടെയുള്ള നോട്ടത്തിന് അച്ഛന്‍ മറുപടി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്- നിനക്ക് ഇപ്പോള്‍ എന്നോട് ദേഷ്യം തോന്നും പക്ഷേ കുറേക്കാലം കഴിയുമ്പോള്‍ എല്ലാം മനസ്സിലാകും. അന്ന് നീ അച്ഛന്‍ ചെയ്തതിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും.
പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും മാണിക്യന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
-എന്‍റെ അച്ഛന്‍ ശരിക്കും കമ്മ്യൂണിസ്റ്റായിരുന്നു.
മാണിക്യന്‍ വല്ലാത്തൊരു നിര്‍വൃതിയോടെ കണ്ണുകളടച്ചു. സങ്കടത്തിന്‍റെ ഊഞ്ഞാല്‍ക്കയര്‍ നിവര്‍ത്തി രണ്ടുതുള്ളികള്‍ അവന്‍റെ ഇരുകവിളിലൂടെയും പാഞ്ഞുപോയി.
മുഴുവനങ്ങോട്ട് മനസ്സിലായില്ലെങ്കിലും താനും മാണിക്യനും ഏറെക്കുറെ ഒരേ ദുഖം പേറുന്നവര്‍ തന്നെയാണെന്ന് കന്യക ഊഹിച്ചു.
അതോടെയാണ് തന്‍റേതല്ലാത്ത കാരണത്താല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയാത്ത ദുഖവും നിസ്സഹായതയും മാണിക്യന് മുന്നില്‍ നിരത്തി കുറേക്കാലത്തെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കന്യകയും തയ്യാറായത്. ലോകത്തില്‍ ജനിക്കുന്ന ഏതൊരു പെണ്‍ജീവിയും അമ്മയാകുമ്പോഴാണ് പൂര്‍ണ്ണത കൈവരിക്കുക എന്ന് പറഞ്ഞ് അവള്‍ ഒരുപാട് ദിവസങ്ങളില്‍ തേങ്ങിക്കൊണ്ടിരുന്നു.
-ഞാന്‍ ആ അച്ഛന്‍റെ മകനാ... എനിക്കറിയാന്‍ കഴിയുന്നുണ്ട് നിന്‍റെ വേദന.
ചിലപ്പോള്‍ മാണിക്യന്‍ അങ്ങനെ പറഞ്ഞുകൊണ്ട് ഒരു കുഞ്ഞിനെപ്പോലെ അവളെ അണച്ചുപിടിച്ച് ആശ്വസിപ്പിക്കും, മറ്റ് ചിലപ്പോള്‍ നിശബ്ദനായി തലയില്‍ തലോടും.
കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കും തോറും അവള്‍ക്കുള്ളില്‍ നിന്നും കരച്ചിലിന്‍റെ ലക്ഷണങ്ങള്‍ തികട്ടി..
പക്ഷേ അവ പുറത്തേക്ക് വീഴാന്‍ പാടില്ലല്ലോ... വീണാല്‍ അതവര്‍ പിടിച്ചെടുക്കും.. പിന്നെ ക്യാമ്പിലെത്തിക്കും. ഇനിമുതല്‍ ക്യാമ്പുകളിലേക്ക് പെണ്ണിനങ്ങളേയും കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മാണിക്യന്‍ തന്നെയാണ് അതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവളോട് പറഞ്ഞിരുന്നത്. അലച്ചിലുകള്‍ക്കിടയില്‍ അവനെങ്ങനെയോ അറിഞ്ഞതായിരുന്നു അത്.
-നിനക്ക് ഗര്‍ഭിണിയാകേണ്ടേ കന്യകേ....? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യണ്ടേ...? എങ്കില്‍ ഒച്ചയുണ്ടാക്കാതെ, അനങ്ങാതെ, കരയാതെ, ചിരിക്കാതെ ജീവിക്കാന്‍ പഠിക്ക്.
മാണിക്യന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്കൊന്നും മനസ്സിലായിരുന്നില്ല. അതുകൊണ്ടാണ് ഒച്ചയുണ്ടാക്കിയാല്‍ എന്താണെന്ന് തിരിച്ച് ചോദിക്കാന്‍ കന്യക മിനക്കെട്ടത്.
അതിനുത്തരമായി മാണിക്യന്‍ അവളേയും കൊണ്ട് പുറത്തേക്കിറങ്ങി. എത്ര ചോദിച്ചിട്ടും എങ്ങോട്ടാണെന്ന് മാത്രം അവന്‍ പറഞ്ഞില്ല. ഇരുട്ടിലൂടെയാണെങ്കിലും വഴി താണ്ടാന്‍ തുടങ്ങിയപ്പോള്‍ കന്യകക്ക് സ്ഥലം മനസ്സിലായി. ചൂളാട്ടിപ്പൊറത്തെ കുന്നിന്‍ മുകളിലേക്കാണ് പോകുന്നത്.
ആള്‍ത്താമസമില്ലാത്ത സ്ഥലമാണത്. കള്ളിച്ചെടികള്‍ പൂത്ത് നില്‍ക്കുന്ന പ്രദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുര്‍മന്ത്രവാദികളുടെ പറുദീസയായിരുന്നു അവിടം. അവര്‍ കള്ളിപ്പൂവുകള്‍ പറിച്ച് കളം വരച്ച് അവിടെ വെച്ചു തന്നെ മന്ത്രവാദങ്ങള്‍ നടത്തി. ഉറഞ്ഞുതുള്ളി. പൂത്തോടില്‍ ചിലര്‍ക്ക് കുഷ്ഠം വന്നു, ചിലര്‍ പുഴുത്ത് ചത്തു, ചിലരെ പാമ്പ് കടിച്ചു.. അവരുടെ കളങ്ങള്‍ നോട്ടുകെട്ടുകളാല്‍ നിറഞ്ഞു. അവര്‍ക്ക് പിന്നാലെ വന്നവര്‍ക്ക് പക്ഷേ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള ക്ഷമയും സമയവും ഇല്ലാതായതോടെ പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ പൂത്തോടിലേക്ക് ആവശ്യമായ സകലമാന ആടുമാടുകളുടെ കഴുത്തറക്കാനും തൊലിപൊളിക്കാനുമുള്ള സ്ഥലമായി അത് പരിണമിച്ചു. വര്‍ഷങ്ങളോളമായി നിലനില്‍ക്കുന്ന ഉടമസ്ഥതാതര്‍ക്കം കാരണം അറവുചോരയുടെ പേരില്‍ അങ്ങോട്ട് ആരും എത്തിനോക്കാറ് പോലുമില്ല. എന്തിനാണ് പോകുന്നതെന്ന് പിന്നെ അവള്‍ തിരക്കിയില്ല. ശരിക്കുള്ള വഴികളിലൂടെയല്ലാതെ ഊടുവഴികളിലൂടേയും പൊന്തക്കാടുകളിലൂടേയും അവര്‍ നടന്നു.
തൊരടി മുള്ളുകള്‍ ചോര നുണഞ്ഞു.
ചെങ്കണച്ചെടികളുടെ അത്തര്‍ വിരുന്നുകള്‍..
ഓന്തുകള്‍ പാഞ്ഞു.. സര്‍പ്പങ്ങള്‍ പത്തി വിടര്‍ത്തി.
ഒടുവില്‍ അവര്‍ മുകളിലെത്തി.
ഉച്ചിയില്‍ നിന്നും കാക്കിതോര്‍ത്ത് പോലുള്ള ചെമ്പാത താഴേക്ക് ചുളിച്ച് തൂക്കിയിട്ടുണ്ടായിരുന്നു ചൂളാട്ടിപ്പൊറം.
കുന്നിനോട് ചേര്‍ന്ന് വലതുഭാഗത്തായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാട്ടില്‍ നീലനിറത്തിലൊരു ടെന്‍റ് പൊങ്ങിനില്‍ക്കുന്നത് കന്യക ആദ്യമായി കാണുകയായിരുന്നു.
അതിന്‍റെ മുറ്റത്ത് ഒരാംബുലന്‍സും നീല നിറത്തിലുള്ള ജീപ്പും നിര്‍ത്തിയിട്ടുണ്ട്.
ആരൊക്കെയോ പുറത്തിറങ്ങി ഉറക്കെ ഫോണ്‍ ചെയ്യുകയും തിരിച്ച് ഉള്ളിലേക്ക് കയറിപ്പോകുകയും ചെയ്യുന്നു.
ടെന്‍റിന്‍റെ അരികിലൂടെ അവര്‍ നടന്നു. എന്നിട്ട് പൊളിത്തീന്‍ പായ കൊണ്ട് മറച്ചുവെച്ചിരുന്ന ചുമരുകളില്‍ കണ്ടെത്തിയ ചെറിയൊരു ദ്വാരത്തിലൂടെ മാണിക്യന്‍ കന്യകക്ക് കാഴ്ച പകുത്ത് നല്‍കി.
ഒരു തരം വെളുത്ത പുക... അവയ്ക്കുള്ളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ഗ്ലൗസുകളണിഞ്ഞ വെളുത്ത വസ്ത്രധാരികള്‍... മുഖം മറച്ചതിനാല്‍ ആണുങ്ങളാണോ പെണ്ണുങ്ങളാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. വല്ലാത്ത സജ്ജീകരണങ്ങളായിരുന്നു അതിനകത്ത്.
നിരന്നുകിടക്കുന്ന ടേബിളുകളില്‍ കിടത്തിയിരുന്ന മുഖപരിചയമില്ലാത്ത രണ്ടുമൂന്ന് ആണുങ്ങളെ കന്യക ആധിയോടെ നോക്കി. അവരുടെ കൈകാലുകള്‍ ഒരു കറുത്ത ബെല്‍റ്റുകൊണ്ട് ടേബിളിനോട് വരിഞ്ഞ് ചേര്‍ത്തിട്ടുണ്ട്.
കാലുകള്‍ക്കിടയിലെ വൃഷണസഞ്ചിയില്‍ കൈകള്‍ പൂഴ്ത്തി നില്‍ക്കുകയാണ് മുഖം മറച്ച ഒരാള്‍. കുറച്ചു കഴിഞ്ഞ് അയാളുടെ വെളുത്ത ഗ്ലൗസിട്ട കൈകളിലൂടെ മുളകുപൊടി ചേര്‍ത്ത് വറുത്ത മുഴുത്തൊരു അണ്ടിപ്പരിപ്പിന്‍റെ ആകൃതിയിലുള്ള വൃഷ്ണം തൊട്ടപ്പുറത്തെ മേശപ്പുറത്തുള്ള ചില്ലുപാത്രത്തിലെ ലായനിയിലേക്ക് വീഴപ്പെട്ടു.
മരവിപ്പിച്ച് കിടത്തിയവരുടെ കൈകാലുകള്‍ ഒന്നനങ്ങി.
കന്യകയുടെ കണ്ണുകളില്‍ ഭീതിയും കണ്ണീരും ഒരുപോലെ നിറഞ്ഞു.
ആ ചില്ലുപാത്രത്തിനെ നോക്കുന്നതിനനുസരിച്ച് അവളുടെ ഭീതി മുരള്‍ച്ചയായി രൂപാന്തരപ്പടാന്‍ തുടങ്ങി. അവള്‍ ഒരു മൂളക്കത്തോടെ രണ്ടടി മുന്നോട്ട് വെച്ചു. മാണിക്യനില്‍ അപകടം വെന്തുമണത്തു. അതോടെ അവന്‍ അനുനയത്തില്‍ കന്യകയെ ചേര്‍ത്ത് പിടിച്ച് തിരിഞ്ഞുനടന്നു.
അവര്‍ രൂപപ്പെടുത്തിയ വഴിയിലൂടെ തിരിച്ച് കുന്നിറങ്ങുമ്പോള്‍ ചെമ്പാതയിലൂടെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങുന്ന പഴയ ടെമ്പോവാനിനുള്ളില്‍ നിന്നും മറ്റൊരു ആണിന്‍റെ ദയനീയ കരച്ചില്‍ കന്യകയുടെ ചെവികള്‍ വേദനയോടെ പിടിച്ചെടുത്തു. സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയപ്പോഴേക്കും മാണിക്യന്‍ അവളുടെ വാ അമര്‍ത്തിപ്പൊത്തി.
അന്ന് കിടക്കാന്‍ നേരം കന്യക ഒരുപാട് കരഞ്ഞു.
അതിന്‍റെ അടുത്ത ദിവസം, അതായത് ചൂളാട്ടിപ്പൊറത്തെ വന്ധ്യംകരണ ക്യാമ്പിനെപ്പറ്റിയും ഗര്‍ഭിണിയാകാത്തതിന്‍റെ കാരണങ്ങളെപ്പറ്റിയും മാണിക്യന്‍ കന്യകക്ക് കാഴ്ചയിലൂടെ മനസ്സിലാക്കികൊടുത്തതിന്‍റെ പിറ്റേന്ന് രാത്രി മുതലാണ് പൂത്തോടില്‍ ഞെട്ടിക്കുന്ന മറ്റ് സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.
ആദ്യം നാഭി പൊത്തിപ്പിടിച്ച് ഓടിയത് ഹമ്പുട്ടോന്‍ സന്ദീപായിരുന്നു. മീന്‍ വണ്ടിയില്‍ പോകുന്ന അവന്‍ വണ്ടി നിര്‍ത്തി വരുമ്പോള്‍ കൈയ്യിലുള്ള കവര്‍ പിടിച്ച് വഴിവക്കിലുള്ള ഗള്‍ഫുകാരന്‍ അഷ്റഫിക്കയുടെ വീട്ടിലേക്ക് ഒരു ചാട്ടം പതിവാണ്. കവറില്‍ മീനാണെന്നും അതല്ല, അത് റൂബിത്താത്തക്ക് തിന്നാനുള്ള ഫ്രൂട്ട്സാണെന്നും ചില സമയങ്ങളിലെല്ലാം നാട്ടില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഏകദേശം അറുപത് കിലോയോളം വരുന്ന ആരേയും മോഹിപ്പിക്കുന്ന നെയ്ക്കട്ട നിറഞ്ഞ ശരീരത്തിന്‍റെ ഉടമസ്ഥനായ അഷ്റഫിക്ക എന്ന ഗള്‍ഫുകാരന് പരാതി ഇല്ലാത്തിടത്തോളം കാലം അവര്‍ തല്‍ക്കാലം അടങ്ങിയിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അവന്‍ അലറി വിളിച്ചുകൊണ്ട് ഓടി വരുമ്പോള്‍ അങ്ങാടിയില്‍ ഏറ്റവും ഒടുവില്‍ പൂട്ടുന്ന മുറുക്കാന്‍ കടക്കാരന്‍ ചക്കപ്പേട്ടന്‍ കടയുടെ അവസാന നിരപ്പല ഉന്തിനീക്കുകയായിരുന്നു.
ഉള്ള ആളുകള്‍ കൂട്ടം കൂടി നിന്ന് അവന്‍റെ കൈ എടുത്ത് മാറ്റിയപ്പോഴാണ് ചുവന്നനാരുകൊണ്ടെന്നപോലെ അലങ്കരിച്ച വൃഷണസഞ്ചി കാണുന്നത്. അതില്‍ ഒന്ന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. ആളുകള്‍ക്കൊപ്പം തന്‍റെ നാഭിയിലേക്ക് നോക്കിയ ഹമ്പുട്ടോന്‍റെ ബോധം പേടിയും കൊണ്ട് പറന്നു.
അപ്പോഴേക്കും കുഞ്ഞിക്കിളിയുടെ ജീപ്പ് സ്റ്റാര്‍ട്ടായി.
മതില്‍ ചാട്ടത്തിന് ആരോ പണി കൊടുത്തതാണെന്ന് കാറി പോകുന്ന ജീപ്പിനെ നോക്കി ബാക്കിയായ ആളുകള്‍ രാത്രിക്ക് രാത്രി കുഴിക്കൂറ് കെട്ടി പിരിയാന്‍ നേരമായിരുന്നു അടുത്ത സംഭവം അരങ്ങേറുന്നത്.
കല്ല്യാണം ഉറപ്പിച്ച റവന്യു ഓഫീസിലെ ക്ലര്‍ക്കായ സതീശന്‍ കള്ളപ്പൂഴി കടത്തുന്നവരെ സെര്‍ച്ച് ചെയ്ത് വന്നതും നാഭി പൊത്തിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ടായിരുന്നു.
അവനും നഷ്ടപ്പെട്ടിരുന്നു വൃഷണങ്ങള്‍!
അതോടെ പൂത്തോടുകാര്‍ക്ക് കളി കാര്യമായി. പോരാത്തതിന് പിന്നെയും ആരൊക്കെയോ അലര്‍ച്ചകളോടെ പൂത്തോടിനെ ഭീതിപ്പെടുത്തിക്കൊണ്ടേയിരുന്നു.
രാത്രി, ലക്ഷണമൊത്ത യക്ഷിയെപ്പോലെ പാദസരങ്ങള്‍ കിലുക്കി..
സഞ്ചി നഷ്ടപ്പെട്ട ആര്‍ക്കും തന്നെ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്തോ സാധനം നാഭിയിലേക്ക് വന്ന് വീഴുകയാണെന്ന് മാത്രമേ അവര്‍ക്ക് വിശദീകരിക്കാനായുള്ളൂ. ആളുകള്‍ പരക്കം പായാന്‍ തുടങ്ങി.
ദിവസങ്ങള്‍ക്കനുസരിച്ച് ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു.
ആശുപത്രികള്‍ വീര്‍പ്പുമുട്ടി.
ഉറക്കങ്ങളില്‍ പോലും എല്ലാവരും നാഭി പൊത്തിപ്പിടിക്കാന്‍ തുടങ്ങി.
ചിലരാകട്ടെ എങ്ങനെ സൂക്ഷിച്ചാലും നഷ്ടപ്പെട്ടേക്കുമെന്ന വേവലാതിയില്‍ മുമ്പൊരിക്കലും തിരിഞ്ഞുനോക്കാതിരുന്ന അതിനെ ഒരു യാത്രയയപ്പിന്‍റെ വേദനയെന്നവണ്ണം ദിവസവും താലോലിക്കാന്‍ തുടങ്ങി.
ആരും ആണ്‍കുട്ടികളെ സ്ക്കൂളുകളില്‍ വിടാതെയായി.
ആണുങ്ങളാരും പുറം പോക്കുകളില്‍ മൂത്രമൊഴിക്കാതെയായി.
പുറത്തിറങ്ങുന്നവര്‍ രണ്ടോമൂന്നോ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ചിലര്‍ ജീന്‍സിന്‍റെ അത്ര കട്ടിയുള്ള തുണി കൊണ്ട് ട്രൗസര്‍ തയ്പ്പിച്ചും സ്പോര്‍ട്സ് കിറ്റുകള്‍ വില്‍ക്കുന്നിടത്ത് നിന്ന് ഫൈബര്‍പ്പേഡുകള്‍ വാങ്ങിയും പ്രതിരോധിക്കാന്‍ ശ്രമിച്ചു.
ചന്തകളില്‍ ആളു കുറഞ്ഞു.
കടകള്‍ തുറക്കാതെയായി, ആളുകള്‍ പുറത്തിറങ്ങാതെയായി.
വാര്‍ത്താചാനലുകളില്‍ പൂത്തോട് ചര്‍ച്ചയായി.
വൃഷണങ്ങള്‍ സംരക്ഷിക്കാനുള്ള പ്രത്യേക കവചങ്ങള്‍ നിര്‍മ്മിക്കാനുള്ള ആസൂത്രണവുമായി കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതിനിധികള്‍ പൂത്തോടില്‍ എത്തി.
ചിലര്‍ സ്വയം രക്ഷക്കായി ആയുധങ്ങള്‍ കൂടെ കരുതാന്‍ തുടങ്ങി.
പോലീസുകാരുടേയും വോട്ടെടുപ്പ് കഴിഞ്ഞു മുങ്ങിയ രാഷ്ട്രീയനേതാക്കന്മാരുടെയും വാഹനങ്ങള്‍ ഇടതടവില്ലാതെ പൂത്തോടിലെ സകല റോഡുകളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങി.
ഒടുവില്‍ നാട്ടിലെങ്ങും തോക്കുകള്‍ പിടിച്ച കാവലുകളുണ്ടായി.
അതോടെ കന്യക മണിച്ചിത്രത്താഴിട്ട് പൂട്ടിയതുപോലെ കുരുങ്ങി.
-കന്യകേ, എല്ലാ പ്രതിരോധങ്ങള്‍ക്കും അതിന്‍റേതായ മാന്യതകളുണ്ട്. നീ ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ പറയില്ല. കാരണം എല്ലാ ഒറ്റപ്പെടലുകളും പ്രതിരോധമാന്യതകള്‍ക്കധീതമാണ്. ഞാന്‍ ഭ്രാന്തനായതുപോലെ.
എല്ലാം നഷ്ടപ്പെട്ടതുപോലെ മരവിച്ചു കിടക്കുന്ന അവള്‍ക്കരികിലെത്തി മാണിക്യന്‍ അവളുടെ മിനുമിനുപ്പുള്ള തലയില്‍ തലോടി.
അവള്‍ അവനെ തുറിച്ചുനോക്കി.
പരിചയപ്പെട്ടതുമുതല്‍ ചില സമയങ്ങളില്‍ കന്യകക്ക് മാണിക്യനെ ഓര്‍ത്ത് അത്ഭുതം തോന്നാറുണ്ട്. ഒരു ഭ്രാന്തന്‍റെ ചിന്തകള്‍ക്കധീതമായ പല വര്‍ത്തമാനങ്ങളും അവനില്‍ നിന്നും ഊര്‍ന്ന് വീഴാറുണ്ട്.
-നിങ്ങള്‍ക്ക് ശരിക്കും ഭ്രാന്തുണ്ടോ മാണിക്യാ?
കന്യക ഒരിക്കല്‍ ചോദിച്ചിരുന്നു.
-എല്ലാവരും പറയുന്നതുപോലെ ഭ്രാന്ത് അവസ്ഥയോ രോഗമോ അല്ല കന്യകേ, അത് അതിജീവനത്തിന്‍റെ മതമാണ്. ആരാധനമൂര്‍ത്തിയില്ലാത്ത ലോകത്തിലെ ഏകമതം.
അത് കേട്ട് കന്യക മുകളിലേക്ക് നോക്കും, കണ്ണു കൊണ്ട് നിലാവ് നക്കും. മനസ്സിലാകാത്തത് മാണിക്യന്‍ പറയുമ്പോള്‍ കന്യക എന്നും അങ്ങനെയായിരുന്നു.
-കന്യകേ, നീ ഒരിക്കലും തളരരുത്. നിന്‍റെ ലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും അകലുകയും ചെയ്യരുത്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. കാരണം ലോകത്ത് ഏറ്റവും കൂടുതലുള്ളത് സമരമാര്‍ഗ്ഗങ്ങളാണ്.
അങ്ങനെ അവളെ സമാധാനിപ്പിക്കാന്‍ മാണിക്യന്‍ പലതും പറഞ്ഞുനോക്കിയെങ്കിലും തലമുറയെ തുടച്ചുനീക്കുന്നവരെ പിന്നീട് പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥയിലും തല്‍ഫലമായുള്ള ധര്‍മ്മസങ്കടത്തിലും പെട്ട് കന്യകയും മാണിക്യന്‍റെ മതത്തിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അമ്മയാകാനുള്ള സ്വതന്ത്ര്യം നിഷേധിക്കുന്നവര്‍ ആയിരം കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവെച്ച വൃഷണസഞ്ചികളും പേറി വീണ്ടും തനിക്ക് മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കുന്നത് അവള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു.
ആലോചനകള്‍ അവളുടെ വിശപ്പു കൊത്തിപ്പറന്നു, നിസ്സഹായത വര്‍ത്തമാനങ്ങളെ കൊന്നുതിന്നു.
ഉറക്കങ്ങളില്‍ നിന്നും ചോരയില്‍ പുതഞ്ഞ കുഞ്ഞുങ്ങളെ കണ്ട് ഞെട്ടിയുണര്‍ന്ന് അവള്‍ കരയാന്‍ തുടങ്ങി. മറ്റുചിലപ്പോള്‍ ഷണ്ഡത്വം പേറുന്ന ആണുങ്ങള്‍ തനിക്ക് ചുറ്റും വളഞ്ഞുനിന്ന് മൊങ്ങുന്നുണ്ടെന്ന് പറഞ്ഞ് ചുരുണ്ടുകൂടാന്‍ അവള്‍ ചുമരിന്‍റെ മൂലകള്‍ തിരഞ്ഞു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ വാശിയും ദേഷ്യവും പ്രകടിപ്പിച്ചു. പോരാത്തതിന് കുഞ്ഞുങ്ങളെ പോലെ ഇടക്കിടെ എനഞ്ഞ് കരയാനും തുടങ്ങി.
ഒടുവില്‍ എപ്പോഴും മൂടിക്കെട്ടി കിടന്ന കന്യകയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള മാര്‍ഗ്ഗം മാണിക്യന്‍ തന്നെ കണ്ടെത്തുകയായിരുന്നു.
അതിനായി അവള്‍ക്ക് മാണിക്യന്‍ പുതിയൊരാശയം പറഞ്ഞുകൊടുത്തു. ഇനി മുതല്‍ വൃഷണസഞ്ചിയും അതിന്‍റെ പരിസരങ്ങളും നന്നായി പരിശോധിച്ച ശേഷം അവ നഷ്ടപ്പെടാത്തവരുമായി മാത്രം അടുക്കാന്‍ ശ്രമിക്കുക. അതെങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക എന്ന് കന്യക ചോദിക്കുന്നതിന് മുമ്പ് തന്നെ മാണിക്യന്‍ അടയാളങ്ങള്‍ നിരത്തി. കാലുകള്‍ക്കിടയില്‍ വൃഷണത്തിനരികിലായി രണ്ടിഞ്ച് നീളത്തില്‍ ഒരു വരയുണ്ടെങ്കില്‍ ഒരിക്കലും അവനുമായി കൂട്ടുകൂടരുത്. കാരണം നാഭിയില്‍ രേഖപ്പെട്ടുകിടക്കുന്ന ആ ആയുധരേഖ വന്ധ്യംകരണം ചെയ്യപ്പെട്ടവന്‍റെ അടയാളമാണ്. അങ്ങനെയില്ലാത്തവരെ അന്വേഷിച്ച് കണ്ടുപിടിക്കുന്നിടത്തോളം കാലം തല്‍ക്കാലം അവള്‍ കന്യകയായി തന്നെ തുടരേണ്ടിവരും എന്ന് മാണ്ക്യന്‍ തീര്‍ത്തുപറഞ്ഞു.
ഒടുവില്‍ മാണിക്യന്‍റെ ഉപദേശപ്രകാരം ഷണ്ഡത്തവരയില്ലാത്തവരെ തിരക്കി പുറപ്പെടാന്‍ കന്യക തീരുമാനിച്ചു.
ആകാശത്തിലെ വാവ് കറുത്തു, വെളുത്തു.
പതുക്കെ പതുക്കെ പൂത്തോട്, വൃഷണസഞ്ചികളൊരുക്കിയ ഭീതിയുടെ പുറംതോടിനുള്ളില്‍ നിന്നും ചിറക് മുളക്കാത്ത പക്ഷിക്കുഞ്ഞിനെപ്പോലെ പതുക്കെ പുറത്തേക്ക് തലയിട്ട് നോക്കാന്‍ തുടങ്ങി.
കുട്ടികള്‍ സ്ക്കൂളുകളില്‍ പോകാന്‍ തുടങ്ങി.
ചന്തകള്‍ പൂത്തു.
വയറ് താങ്ങിപ്പിടിച്ചിരുന്ന പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തുടങ്ങി.
സഞ്ചികളെക്കുറിച്ച് എല്ലാവരും മറന്നുതുടങ്ങി.
ആളുകളുടെ രാത്രിസഞ്ചാരമൊഴികെ ബാക്കിയെല്ലാം ഒരു പരിധിവരെ പഴയരീതിയിലേക്കെത്തുകയും ചെയ്തു.
ഇങ്ങനെയൊക്കെയുള്ള ദിവസങ്ങളുടെ അലച്ചിലുകള്‍ കഴിഞ്ഞിട്ടും മാണിക്യന്‍ പറഞ്ഞതു പ്രകാരമുള്ള ഒരുത്തനെ പോലും കണ്ടെത്താന്‍ പക്ഷേ കന്യകക്ക് കഴിഞ്ഞതേയില്ല. അതോടെ, പരിചയപ്പെടുന്നവരെല്ലാം നാഭിയില്‍ നീളത്തിലും ചെരിഞ്ഞും കുറുകെയും വീണ വരയുടെ തീക്ഷ്ണതയില്‍ ആണത്തം നഷ്ടപ്പെട്ടവരാണെന്ന് പരാതി പെട്ട് അവള്‍ പിന്നെയും മാണിക്യന്‍റെ കാല്‍ക്കല്‍ കിടന്ന് നിര്‍ത്താതെ കരഞ്ഞു.
-ഷണ്ഡത്വം ചെയ്ത ആണുങ്ങളെ കാണാന്‍ എനിക്കിനി വയ്യ. അവരുടെ നാഭിയിലെ ആയുധമെഴുത്തിന് മുഴുവന്‍ പിറക്കാതെ പോയ എന്‍റെ കുഞ്ഞുങ്ങളുടെ മുഖങ്ങളാണ് മാണിക്യാ..
അവള്‍ ആകാശത്തേക്ക് നോക്കി ഉറക്കെ കരഞ്ഞു.
കന്യകയുടെ സങ്കടം കണ്ട് മാണിക്യന്‍റെ ഹൃദയം നുറുങ്ങി.
-കന്യകേ, ഇനി വേകേണ്ട. ഒറ്റപ്പെട്ട അക്രമത്തിലൂടെയെങ്കിലും ലോകത്തുള്ള സകല ഗര്‍ഭപാത്രയുടമകള്‍ക്കും അമ്മയാകാതിരിക്കുമ്പോഴുള്ള വേദനയും പാല്‍ ചുരത്തുമ്പോഴുള്ള സുഖാനുഭൂതിയും ഒരുപോലെയാണെന്ന് ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
മാണിക്യന്‍റെ കണ്ണുകള്‍ പച്ചക്ക് കത്തുന്നത് കന്യക കണ്ടു.
അങ്ങനെ ഇരുവരും നിലാവ് തീരെ കുറഞ്ഞൊരു രാത്രിയില്‍ പിന്നെയും ചൂളാട്ടിപ്പൊറം കയറാന്‍ തുടങ്ങി.
കാറ്റിന്‍റെ സംസാരങ്ങള്‍ മാത്രം..
ക്യമ്പിനടുത്തെത്തിയതും അതിലുള്ളവര്‍ ഉറങ്ങാനായി അവര്‍ കാത്തിരുന്നു.
ഉറക്കത്തിന്‍റെ തുലാസിലിരുന്ന് ഒരു പാറാവുകാരന്‍ ശരീരം തൂക്കുന്നത് മാത്രമായിരുന്നു പുറത്തുള്ള തടസ്സം.
ഒടുവില്‍ പാതിരാക്കോഴി കൂവുന്ന നേരത്ത് പാറാവുകാരന്‍റേതടക്കമുള്ള അനക്കങ്ങളെല്ലാം നിലച്ചപ്പോള്‍ മാണിക്യനും കന്യകയും കൂടി പൊന്തക്കാട്ടില്‍ നിന്നും പുറത്തേക്കിറങ്ങി. പിന്നെ ഒരു കുതിപ്പായിരുന്നു. ടെന്‍റിനുള്ളിലേക്ക് പാഞ്ഞുകയറി അവര്‍ ആക്രമണം അഴിച്ചുവിട്ടു. മാണിക്യന്‍ കൈയ്യിലുള്ള വടി കൊണ്ട് അമര്‍ത്തിവീശി. കന്യക ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മുകളിലേക്ക് ചാടിവീണു. നിലവിളികളും ആക്രോശങ്ങളും ഉയര്‍ന്നു. പാറാവുകാരന്‍ ഉണര്‍ന്നു. അയാള്‍ അരയില്‍ ഉറപ്പിച്ച തോക്ക് വലിച്ച് പുറത്തേക്കെടുത്തു. പിന്നെ തകര്‍ത്ത വെടിവെപ്പുകളായിരുന്നു. അത് മാണിക്യനും കന്യകയും പ്രതീക്ഷിക്കാത്തതായിരുന്നു. പെട്ടെന്ന് അവര്‍ക്കിരുവര്‍ക്കും പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആക്രമണം പടര്‍ന്ന് പന്തലിച്ചു. പൊടുന്നനെ മാണിക്യനും കന്യകയും കൂടി പുറത്തേക്കിറങ്ങി. രക്ഷപ്പെടാനുള്ള വ്യഗ്രതക്കിടയില്‍ മാണിക്യന്‍റെ ഇടതുകാലില്‍ വെടി കൊണ്ടു.
അവന്‍ ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്തതുപോലെ വീണു.
-നിനക്ക് ഗര്‍ഭിണിയാകേണ്ടേ കന്യകേ....? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യണ്ടേ...? ഇവരുടെ കണ്ണില്‍ പെടാത്ത ആരെങ്കിലും ഒരാള്‍ നിനക്കായ് കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ട് രക്ഷപ്പെട്, ഓടിയോടി രക്ഷപ്പെട്...
അവസാനമായി അവനില്‍ നിന്നും കേട്ട വാക്കുകള്‍ അതായിരുന്നു!
മാണിക്യനെ ഓര്‍ക്കും തോറും അവള്‍ക്ക് സങ്കടം ഇരട്ടിച്ചുകൊണ്ടിരുന്നു.
സ്റ്റേഷനില്‍ നിന്നും കേട്ട നിലവിളികള്‍ അപ്പോഴും അവളുടെ ചെവികള്‍ക്കുള്ളില്‍ തൂങ്ങി കിടപ്പുണ്ടായിരുന്നു.
അവള്‍ പരിസരം മറന്ന് കരഞ്ഞു.
പൊടുന്നനെ ചെകുത്താന്‍റെ കണ്ണുകള്‍ പോലെ ഒരു ജീപ്പിന്‍റെ മുന്‍വെളിച്ചം ആ കെട്ടിടത്തിന് നേരെ ചാഞ്ഞും ചെരിഞ്ഞും നിരങ്ങി വന്നു. കന്യകക്ക് പരിസരബോധമുണ്ടായി. കെട്ടിടത്തിന്‍റെ മുറ്റത്തേക്ക് കയറിയ ജീപ്പ് ഓട്ടം നില്‍ക്കുന്നതിന് മുമ്പ് തന്നെ പുറത്തേക്ക് നാലഞ്ച് പേരെ അടര്‍ത്തിയിട്ടു.
കന്യക ജീവനും കൊണ്ട് പാഞ്ഞു.
കോണ്‍ക്രീറ്റ് പടികള്‍ ക്റ്ക്ക്ക്റ്ക്ക്ന്ന് കന്യകയുടെ പാദങ്ങളെ ഉയര്‍ത്തിവിട്ടു. ഏറ്റവും മുകളിലെത്തെ നിലയില്‍ ആപത്ഘട്ടങ്ങള്‍ക്കിടെ ഓടിയൊളിക്കാന്‍ മാണിക്യന്‍ അവള്‍ക്കായി ചാക്കുകള്‍ കൊണ്ട് ഒരു താവളമൊരുക്കിയിട്ടുണ്ടായിരുന്നു.
പിന്നെ രണ്ടു ദിവസങ്ങള്‍ അവള്‍ മുഴുപ്പട്ടിണിയോടെ ആ ചാക്കുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു.
ഒടുവില്‍ മൂന്നാം ദിവസം മൂവന്തി നേരത്താണ് അവള്‍ പുറത്തേക്കിറങ്ങിയത്. അതും മാണിക്യനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട്. ആരും കാണാതെ പമ്മി പമ്മി അവള്‍ സ്റ്റേഷന്‍ പരിസരത്ത് വട്ടം ചുറ്റിയെങ്കിലും അവനെ കാണാതെ തിരിച്ചുപോരേണ്ടി വന്നുവെന്നു മാത്രം.
എന്നെങ്കിലും മാണിക്യന്‍ തിരിച്ചുവരും എന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ എന്നും മാണിക്യന്‍ വരുന്നതും നോക്കി അവള്‍ പാതിരാ വരെ ഉറങ്ങാതെ കാത്തിരുന്നു.
കന്യകയുടെ മുഴുമുഴുപ്പ് നഷ്ടമായിത്തുടങ്ങി.
കണ്ണുകള്‍ കുഴിഞ്ഞു...
വയറൊട്ടി.
ഒടുവില്‍ ഏഴാം പക്കം മാണിക്യന്‍ തിരിച്ചെത്തി. ചുണ്ടുകള്‍ പൊട്ടി, കാല് വേച്ച് തളര്‍ന്ന ശരീരവുമായി അവന്‍ ശരിക്കും അവിടേക്ക് വന്ന് വീഴുകയായിരുന്നു.
അവള്‍ അവന്‍റെ അരികിലേക്ക് ഓടിയെത്തി.
അവന്‍ കിതച്ചുകൊണ്ട് മഞ്ഞിച്ച് ചിരിച്ചു.
-കന്യകേ, നിന്‍റെ ആഗ്രഹം നടക്കില്ല. എല്ലാം കളഞ്ഞേക്ക്. നീയോ ഞാനോ എന്തൊക്കെ ചെയ്താലും അവര് എല്ലാം പൂര്‍ത്തിയാക്കിയിട്ടേ ഇവിടുന്ന് പോകൂ.. ക്യാമ്പിന്‍റെ പുനര്‍നിര്‍മ്മാണം കഴിഞ്ഞു. ആണുങ്ങളെ മാത്രമല്ല നിന്നെപ്പോലുള്ള പെണ്ണുങ്ങളേയും അവര്‍ കൊണ്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇനി ആരും വരില്ല, ആരും.
അങ്ങനെ പറഞ്ഞുകൊണ്ട് മാണിക്യന്‍ കണ്ണുകളില്‍ വെള്ളം നിറച്ച് നിലാവിലേക്ക് മലര്‍ന്ന് തേങ്ങി.
ജീവിതത്തിലൊരിക്കലും കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ ലോകം കീഴ്മേല്‍ മറിയുന്നതുപോലെ കന്യകക്ക് തോന്നി. ജീവിതത്തിലാദ്യമായി അവള്‍ക്ക് സ്വന്തം ഗര്‍ഭപാത്രം പച്ചക്ക് കടിച്ചുകീറാന്‍ ആഗ്രഹമുണ്ടായി.
കന്യക എഴുന്നേറ്റ് മാണിക്യന്‍റെ അരികിലെത്തി. അവന് ചുറ്റും നടന്നു... പിന്നെ ആകാശത്തെ നിലാവിന്‍റെ പാനപാത്രം നോക്കി നീട്ടി കരഞ്ഞു. പൊടുന്നനെ മാണിക്യന്‍ എഴുന്നേറ്റ് അവളുടെ വാ പൊത്തിക്കളഞ്ഞു.
-കരയരുത്. ശബ്ദം കേട്ടാല്‍ അവര്‍ നിന്നെ തിരഞ്ഞുവരും.
-വരട്ടെ. നിറഞ്ഞുതൂവാത്ത എന്‍റെ പാത്രം അവര്‍ കൊണ്ടുപോയി വേവിച്ച് തിന്നട്ടെ
അവള്‍ നാക്ക് പുറത്തേക്കിട്ട് കിതച്ചു.
മാണിക്യന്‍ അവളെ ചേര്‍ത്ത് പിടിച്ച് തേങ്ങി.
-കന്യകേ, ആള്‍ബലവും ആയുധങ്ങളും ഇല്ലാത്തവര്‍ തളരുകയല്ല; ആഗ്രഹങ്ങള്‍ കൊണ്ടും ശരീരം കൊണ്ടും നിരന്തരം സമരം ചെയ്യുകയാണു വേണ്ടത്.
അത് കേട്ടതും അവളുടെ ഗര്‍ഭപാത്രം ഉള്ളില്‍ കിടന്ന് അവസാന പിടപ്പെന്നോണ്ണം ഒന്നു ചുരുണ്ടു മറിഞ്ഞു.
അവനിലേക്ക് ചേര്‍ന്നിരിക്കവെ കീറിപ്പറഞ്ഞ മാണിക്യന്‍റെ വസ്ത്രങ്ങള്‍ക്കിടയിലൂടെ അവള്‍ ആദ്യമായി കണ്ടു,
മുറിവിന്‍റെ പാടില്ലാത്ത നാഭി, അതിന് തൊട്ടപ്പുറത്ത് രോമാലങ്കാരത്താല്‍ സമൃദ്ധമായി കിടക്കുന്ന വൃഷണസഞ്ചി!
കന്യകയുടെ രോമങ്ങള്‍ പതുക്കെ എഴുന്നേറ്റ് നിന്നു.
അവളുടെ കണ്ണുകളില്‍ കിടന്ന് അവന്‍ പിടച്ചു.
കന്യക തന്‍റെ ശരീരം കൊണ്ട് മാണിക്യന്‍റെ ദേഹത്ത് മെല്ലെ ഉരസി. പിന്നെ പതുക്കെ മണം പിടിച്ച് മാണിക്യന്‍റെ നാഭിക്കരികിലേക്ക് കുനിഞ്ഞു.
മാണിക്യന്‍റെ നെഞ്ച് പിടക്കാന്‍ തുടങ്ങി.
അവള്‍ കടിച്ചുകൊണ്ടുവരാറുള്ള ചോരയില്‍ പുതഞ്ഞ വൃഷണസഞ്ചികള്‍ അവന്‍റെ ചുറ്റും തൂങ്ങിയാടി.
ചോരയുറ്റിവീഴുന്ന ഇറച്ചിയുടെ നാരുകള്‍!
അവന്‍ ഭീതിയോടെ പിന്നോട്ട് നിരങ്ങി നീങ്ങി.
കന്യക വിട്ടില്ല, അവള്‍ പതുക്കെ അവന്‍റെ വസ്ത്രങ്ങളില്‍ പല്ലുകള്‍ കോര്‍ത്ത് വലിച്ചു. പിന്നെ പുറത്തേക്ക് പൂര്‍ണ്ണമായും വെളിപ്പെട്ട വൃഷണസഞ്ചിയില്‍ പതുക്കെ നക്കി.
നിലാവില്‍ ഉമിനീര്‍ തിളമീന്‍ പോലെ തിളങ്ങി.
നാഭിയില്‍ ഒരു വിത്ത് വീണ് മുളക്കുന്നതുപോലെ മാണിക്യനൊന്ന് ഞെട്ടി.
അത് ഒരു മരത്തിനെപ്പോലെ വേരുകള്‍ ആഴ്ത്തി എഴുന്നേറ്റ് നില്‍ക്കുന്നതും കന്യകയുടെ നാക്കിന്‍റെ കൊഴുപ്പ് അതിനെ ഇടതടവില്ലാതെ പൊതിയുന്നതും അവന്‍ ഹൃദയമിടിപ്പോടെ അറിഞ്ഞു.
..........................................................
ഏറ്റവും പുതിയ സമരനായികയെപ്പോലെ ഉറക്കെ ഓലിയിട്ടു. മാണിക്യന്‍റെ കിതപ്പുകള്‍ ഈര്‍ച്ചവാള്‍ പോലെ ഉയര്‍ന്നുതാണു.
ശിരസ്സിന്‍റെ പിന്‍ഭാഗത്ത് ഉറവയെടുത്ത തരിപ്പ് ശരീരത്തിലേക്ക് നീരൊഴുക്ക് പോലെ വ്യാപിച്ചതും മാണിക്യന്‍റെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി.
വാലു വളച്ച് പൊന്തിച്ച് ചുറ്റുഭാഗവും നടന്ന് പിന്‍ഭാഗം കൊണ്ട് മാണിക്യന്‍റെ ശരീരത്തില്‍ ഉരസിക്കൊണ്ടിരുന്ന കന്യക ഒടുവില്‍ കാലുകള്‍ വിടര്‍ത്തി പിന്‍ഭാഗം ഒരു വിറയലോടെ അവന്‍റെ ആയുധമെഴുത്തില്ലാത്ത നാഭിയിലേക്ക് ചേര്‍ത്തു.
തുളഞ്ഞുവരുന്ന ചലനങ്ങളിലേക്ക് കണ്ണുകള്‍ മലര്‍ത്തിയിട്ട്, ഒരുപാട് കുഞ്ഞുങ്ങളെ സ്വപ്നം കണ്ട്, പിന്‍കാലുകളുടെ മുട്ട് മടക്കി കനത്ത മാറിടങ്ങള്‍ ഭൂമിയിലേക്കമര്‍ത്തി, തന്‍റെ ഉരക്കുറ്റിയില്‍ വീണുകിടക്കുന്ന മാണിക്യന്‍റെ ചുണ്ടുകള്‍ മറന്ന് കന്യക ആകാശത്തിലേക്ക് നോക്കി ഏറ്റവും പുതിയ സമരനായികയെപ്പോലെ ഉറക്കെ ഓലിയിട്ടു.
മാണിക്യന്‍റെ കിതപ്പുകള്‍ ഈര്‍ച്ചവാള്‍ പോലെ ഉയര്‍ന്നുതാണു.
അവളുടെ കാല്‍ച്ചണ്ണകളിലെ വെളുത്ത രോമങ്ങളിലേക്ക് ചുവപ്പിന്‍റെ ഒരു നേര്‍ത്ത ഭൂപടം പതുക്കെ പടരാന്‍ തുടങ്ങി.