സഹയാത്രിക, അബിന്‍ ജോസഫ് എഴുതിയ കഥ

വാക്കുല്‍സവത്തില്‍ ഇന്ന് അബിന്‍ ജോസഫ് എഴുതിയ കഥ.

Malayalam short story by Abin Joseph

അടക്കമുള്ള വാക്കുകളാണ് അബിന്‍ ജോസഫിന്‍റെ കഥകളുടെ പ്രത്യേകത. എങ്ങോട്ടും ചിന്നിച്ചിതറിപ്പോകാതെ അതങ്ങനെ സഞ്ചരിക്കുന്നു. പക്ഷേ, അതേസമയം വായനക്കാരന്‍ പലവിധ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് ഒളിച്ചുകടത്തപ്പെടുകയും ചെയ്യുന്നു. അതില്‍നിന്നും മാറിനില്‍ക്കാന്‍ വായനക്കാരനെ എഴുത്തുകാരനും എഴുത്തും സമ്മതിക്കുന്നേയില്ല. കഥാപരിസരങ്ങളിലൂടെ സഞ്ചരിച്ച്, തിരികെയെത്താനാകാത്തവണ്ണം കുറച്ച് നേരത്തേക്ക് ആ ലോകത്ത് തളച്ചിട്ടിട്ടുപോകും അബിന്‍റെ കഥകള്‍. സൗഹൃദങ്ങളും, മനുഷ്യന്‍റെ ചെറുതെന്ന് തോന്നിക്കുന്നവയെങ്കില്‍പ്പോലും ജീവനുള്ള കാലത്തോളം അവനെ തൊട്ടുമാത്രം നിന്നുപോരുന്ന ബന്ധങ്ങളും, വൈകാരികമായ സംഘര്‍ഷങ്ങളുമെല്ലാം അടങ്ങുന്നത് തന്നെയാണ് അബിന്‍ ജോസഫിന്‍റെ കഥകള്‍. അപ്പോഴും സമൂഹത്തിലേക്ക് കണ്ണുംമനസ്സും തുറന്നു നോക്കാനും കൃത്യമായ നിലപാടുകള്‍ പുലര്‍ത്താനും രാഷ്ട്രീയം സംസാരിക്കാനും അത് മടികാണിച്ചിരുന്നുമില്ല.

കല്ല്യാശ്ശേരി തീസിസ്, അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയ കഥകളെല്ലാം നമുക്ക് തന്നെ ചിരപരിചിതമായ പരിസരത്തുനിന്ന് ശക്തമായി ഒച്ചയുണ്ടാക്കുന്ന കഥകളാണ്. മനസ്സെടുക്കാതെ, ഒറ്റയിരിപ്പില്‍ വായിച്ചുപോകുന്ന കഥകളാണ് അബിന്‍ എഴുതിയതെല്ലാം. ഒറ്റവായനയില്‍ത്തന്നെ നെഞ്ചില്‍കൊരുത്തിപ്പോകുന്ന ഒന്ന് എപ്പോഴും തന്‍റെ കഥകളിലെവിടെയെങ്കിലും ഒളിപ്പിച്ചുവയ്‍ക്കാനും എഴുത്തുകാരന്‍ മറക്കാറേയില്ല. 

 

Malayalam short story by Abin Joseph

 

ഹിമാലയന്‍ ട്രക്കിങ്ങിനു പോകുവാണെന്നും പറഞ്ഞ് ലിഡിയ മെയില്‍ അയച്ചതിന്റെ നാലാംപക്കമാണ് അമ്മാമ്മച്ചി മരിച്ചത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാതെ, ആയിരം പൂര്‍ണചന്ദ്രന്‍മാരെ കാണണമെന്നൊക്കെ ആഗ്രഹിച്ച്, അത്താഴത്തിനു മുന്‍പ് ഒരു കവിള്‍ വൈനും കുടിച്ചു കിടന്നതായിരുന്നു. പിറ്റേന്ന്, അനക്കമറ്റ ചുണ്ടില്‍ നേര്യതിന്റെ കസവുപോലെ തിളങ്ങുന്നൊരു ചെറിയ ചിരിയൊളിപ്പിച്ച് ശവപ്പെട്ടിയിലേക്ക് നീണ്ടു നിവരുന്ന രൂപംകണ്ടപ്പോള്‍ ചെറുപ്പത്തില്‍ പുള്ളിക്കാരിക്ക് ലിഡിയയുടെ ഛായയായിരുന്നിരിക്കണം എന്നു ഞാനോര്‍ത്തു. അവളെ വിവരമറിയിക്കാന്‍ പറ്റാത്തതിന്റെ കലി മമ്മയുടെ മുഖത്തുണ്ടായിരുന്നു. 

'മലകേറ്റം തൊടങ്ങിയാപ്പിന്നെ കോണ്‍ടാക്ട് ചെയ്യാനൊന്നും പറ്റീന്ന് വരുകേല. എന്നതേലുമൊണ്ടേ നീ മെയിലിട്. പെണ്ണുങ്ങളോട് തല്‍ക്കാലം പറയണ്ട. തിരിച്ചുവന്നു കഴിഞ്ഞ് ഞാന്തന്നെ കേട്ടോളാം ചീത്തമുഴുവന്‍. എന്നതേലും ചോദിച്ചാ നിന്നെ അറീച്ചാരുന്നെന്ന് പറഞ്ഞാ മതി'-  സ്ഥിരമായിട്ടയക്കുന്ന ചുരുക്കം വാക്കുകളാണെങ്കിലും കുറേക്കാലമായി പ്ലാനിലുണ്ടായിരുന്ന ഹിമാലയന്‍ യാത്ര നടത്താന്‍ പോകുന്നതിന്റെ ആവേശം അവളുടെ മെയിലിലുണ്ടായിരുന്നു. മുന്നറിയിപ്പൊന്നും തരാതെ അമ്മാമ്മച്ചി പെട്ടെന്നങ്ങു പോകുമെന്ന് അവളും  പ്രതീക്ഷിച്ചു കാണില്ല. 

ഓകെ എന്നതിനപ്പുറം വേറൊരു മറുപടിയും ഞാനവള്‍ക്കു കൊടുത്തില്ല. അങ്ങനെ പതിവുമില്ല. എല്ലാ പെങ്ങമ്മാരെയുംപോലെ അവളും ഒരേകാധിപതിയാണ്; രണ്ടു വയസ്സിന് ഇളയതാണെങ്കിലും. 

വട്ടംകുളത്തച്ചന്‍ വന്ന് ഒപ്പീസു ചൊല്ലുന്നതിനിടയില്‍ എന്നെ മമ്മ തോണ്ടി. കരഞ്ഞുകരഞ്ഞ് ചുവന്ന കവിളുകള്‍ക്കു മീതെ തൂവാല മറച്ച് ചോദിച്ചു: ' അവളെയിനി കാക്കണോ?'

വേണ്ടെന്നു ഞാന്‍ തലയാട്ടി. ആറുമാസം നിറഞ്ഞ വയറുംതാങ്ങി റോസിറ്റ മമ്മയ്ക്കരികിലിരിപ്പുണ്ടായിരുന്നു. കരയാനൊന്നും മേലാന്നൊരു ഭാവം അവളുടെ മുഖത്ത് വിങ്ങിനിന്നു.

 

.................................

Read more: മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ

.................................

 

പള്ളിയിലേക്കു പതുക്കെ നീങ്ങുന്ന വണ്ടിയിലിരിക്കുമ്പോഴും ഞാന്‍ ലിഡിയയെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നു. അല്ലെങ്കിലും അവളുടെ യാത്രകളെല്ലാം അപ്രതീക്ഷിതമാണ്. ബ്രഹ്മപുത്രയുടെ തീരത്തുനിന്നുവരുന്ന, അക്ഷരങ്ങള്‍ ആര്‍ത്തലയ്ക്കുന്നൊരു മെയില്‍; കാവേരിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഇന്‍ബോക്‌സിലേക്കു പറത്തിവിടുന്ന നൊസ്റ്റാള്‍ജിയ നിറഞ്ഞ വാക്കുകള്‍; ഉത്തര്‍പ്രദേശിലെവിടെയെങ്കിലും ടെന്റടിച്ചു കൂടുമ്പോള്‍ യമുനയെക്കുറിച്ചെഴുതുന്ന സുന്ദരമായ ചില ഇമേജറികള്‍; സൗപര്‍ണികയുടെ തീരത്ത് തനിച്ചിരുന്ന് ഉള്ളില്‍ തെളിയാതെ കിടക്കുന്ന വിഷാദങ്ങള്‍ ഇറക്കിവെക്കുന്ന മൗനത്തോളം കനമുള്ള ചെറുകവിതകള്‍; മെയിലുകളുടെയെല്ലാം അവസാനം സിഗ്‌നേച്ചര്‍ പോലെ ആരോടും പറയേണ്ടെന്ന ശാസന; ആകെയുള്ള പെങ്ങള്‍ എത്രയോ ദൂരെയാണെന്ന വിഷാദം എല്ലായ്‌പ്പോഴും എന്നെ പിടികൂടും. അവള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുറച്ചു വാക്കുകള്‍ മാത്രം തിരഞ്ഞെടുത്തുവെച്ച മെയിലുകളിലൂടെയാണ് സംസാരങ്ങളെല്ലാം. ആഴ്ചകളുടെയോ, മാസങ്ങളുടെയോ ഇടവേളകളില്‍ ഇന്‍ബോക്‌സിലെത്തുന്ന സന്ദേശം വായിച്ചു കഴിഞ്ഞ്, മുറ്റത്തെ പ്ലാഞ്ചോട്ടില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ആദ്യകുര്‍ബ്ബാനയ്ക്ക് വെള്ള ഫ്രോക്കും നെറ്റുമിട്ട് കൈയിലൊരു മെഴുകുതിരിയും പിടിച്ചുനിന്ന അവളെ വീണ്ടും വീണ്ടും ഓര്‍മിക്കും. പിന്നെ, കരയാതിരിക്കാനുള്ള  വെപ്രാളത്തോടെ ഞാന്‍ മുറിയിലേക്കു മടങ്ങും. 

അമ്മാമ്മച്ചിയെ സിമിത്തേരിയിലേക്കെടുത്തപ്പോള്‍ സത്യമായും എന്റെ ചങ്കൊന്നു പിടഞ്ഞു. ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് മമ്മ നടന്നു. തലേന്നത്തെ ഉറക്കമൊഴിയലിന്റെ ക്ഷീണംകാരണം വേച്ചുപോയ റോസിറ്റ എന്റെ കൈയില്‍പ്പിടിച്ചു. പ്ലാസ്റ്റിക് പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച പെട്ടി കുഴിയിലേക്കിറക്കുമ്പോള്‍ അവസാനമായി ഞാനുമൊന്നു തിരിഞ്ഞുനോക്കി. ട്രാവല്‍ ബാഗും തോളില്‍ത്തൂക്കി ഓടിക്കിതച്ചെത്തുന്ന, വെളുത്തു മെലിഞ്ഞ പൂച്ചക്കണ്ണിയെ പക്ഷേ, അവിടെയെങ്ങും കണ്ടില്ല. വലതുെൈകയില്‍ ചുരട്ടിപ്പിടിച്ചിരുന്ന കുന്തിരിക്കം പെട്ടിയുടെ മുകളിലേക്കിടുമ്പോള്‍ അത്രമേല്‍ അടക്കിപ്പിടിച്ചിട്ടും പുറത്തുവന്ന കരച്ചിലില്‍ ഞാന്‍ തളര്‍ന്നിരുന്നു. 

'ആ കുരുത്തംകെട്ടത് എവിടെപ്പോയി കെടക്കുവാടാ?', അന്നു രാത്രി മിക്കവാറും ബന്ധുക്കളെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ എന്റെ മുറിയില്‍ക്കയറിവന്ന് കതകടച്ചശേഷം മമ്മ ചോദിച്ചു: 'അപ്പനില്ലാത്തതാന്നും പറഞ്ഞ് എന്തോരം പുന്നാരിച്ചതാ. ചത്തുകെടന്നപ്പം കാണാമ്പോലും വന്നില്ല. അവള് വിളിക്കുവാന്നേ പറഞ്ഞേക്ക്, കൊച്ചിലേ കൊറേ തീട്ടോം മൂത്രോം കോരിയ പെണ്ണുമ്പിള്ള പോയെന്ന്'

കരച്ചിലടക്കാനാകാതെ മമ്മ സാരിത്തലപ്പുകൊണ്ട് വാപൊത്തി. പാതിയുറക്കത്തിലായിരുന്ന റോസിറ്റ പതുക്കെയെഴുന്നേറ്റു. പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതിനാല്‍ ഞാന്‍ പുറത്തേക്കിറങ്ങി നടന്നു. 

ഒരു മാസത്തിനുശേഷമാണ് ലിഡിയ പിന്നെയെനിക്കു മെയിലയച്ചത്്. ഹിമാലയമിറങ്ങിയെന്നും ഗിര്‍ വനത്തില്‍ ജീപ്പ് സഫാരിക്കു പോവുകയാണെന്നും അവളെഴുതി. ഓഫിസില്‍ തിരഞ്ഞെടുപ്പു വാര്‍ത്തകളുടെ തിരക്കിലായിരുന്നതിനാല്‍ ഞാന്‍ റിപ്ലെ കൊടുത്തില്ല. കുറേ ദിവസങ്ങള്‍ക്കുശേഷം വേറൊരു മെയിലുകൂടി. അവളപ്പോള്‍ ഗോവയിലായിരുന്നു. പഴയ ജെഎന്‍യു സുഹൃത്തുക്കളുടെ ഗെറ്റ് റ്റുഗെദറിലാണെന്നും അടുത്തയാഴ്ച വീട്ടിലെത്തുമെന്നും ഒറ്റവാചകത്തിലെഴുതി. 

ചെറുതല്ലാത്ത നിസംഗത എന്നെയപ്പോള്‍ പിടികൂടി. പിന്നെയും കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് അമ്മാമ്മച്ചിയുടെ കാര്യം പറഞ്ഞ് ഞാനവള്‍ക്കു മറുപടിയയച്ചത്. മരിച്ചദിവസവും അതിനുശേഷവും അത്യാവശ്യമായി എന്നെ വിളിക്കണം എന്നുമാത്രം പറഞ്ഞ് ഓരോ മെസേജിട്ടിരുന്നു. എന്തോ, അന്നൊന്നും അമ്മാമ്മച്ചിയുടെ കാര്യമെഴുതാന്‍ തോന്നിയിരുന്നില്ല. ഞങ്ങളൊക്കെ എന്നും ഇതുപോലെ ഇവിടയെുണ്ടാകുമെന്നാണല്ലോ അവള് വിചാരിച്ചുവെച്ചേക്കുന്നത്. 

റോസിറ്റയെ ഡെലിവറിക്ക് അഡ്മിറ്റുചെയ്ത സമയമായിരുന്നു, അത്. നവജാതശിശുക്കളുടെ കരച്ചിലുകള്‍ കൈകാലിട്ടടിക്കുന്ന ആശുപത്രിവരാന്തയില്‍ അവളുടെ മെയിലുംകാത്ത് ഞാന്‍ നിന്നു. ബിപി കൂടി ക്ഷീണംപിടിച്ച മമ്മ വീട്ടിലേക്കു മടങ്ങിയിരുന്നു. എന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഹരിദ്വാറിലെയൊരു ക്ഷേത്രമുറ്റത്ത് അനാഥശവമായി പുഴുവരിച്ചുകിടന്ന അപ്പനെ ഞാനപ്പോള്‍ ഓര്‍മിച്ചു. മുഖമോ, ശബ്ദമോ, കുട്ടിക്കാലത്ത് അപ്പനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളോ മനസ്സിലേക്കു വന്നതേയില്ല. ഏതോ ദീര്‍ഘയാത്ര കഴിഞ്ഞൊരു നട്ടുച്ച നേരത്തു കയറിവന്നപ്പോള്‍ കൊണ്ടുവന്ന, വട്ടത്തിലുള്ള പാളത്തിലൂടെ നിര്‍ത്താതെ പായുന്ന നീലത്തീവണ്ടി മാത്രം തലച്ചോര്‍മടക്കുകളില്‍ പ്രകമ്പനംതീര്‍ത്തു. അവളും ഞാനും ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയിട്ടുള്ളതും ആ തീവണ്ടിക്കുവേണ്ടിയായിരുന്നു.  

 

.................................

Read more: വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ
.................................

 

ഡെലിവറി കഴിഞ്ഞ് റോസിയും കുഞ്ഞും തിരിച്ചെത്തിയതിന്റെ പിറ്റേ രാത്രി ലിഡിയ വീട്ടിലെത്തി. കുഞ്ഞിനുപാലുകൊടുക്കുകയായിരുന്ന റോസി അവളെ നോക്കി. പിന്നെ, ചിരിക്കണോ വേണ്ടയോ എന്നൊരു സംശയത്തോടെ മുഖം കുനിച്ചു. അടുക്കളയില്‍നിന്ന് എനിക്കുള്ള അത്താഴവുമായി ഡൈനിങ് ഹാളിലേക്കു വന്ന മമ്മ അവളെ ഗൗനിക്കാതെ പാത്രം ടേബിളില്‍വെച്ചശേഷം തിരിച്ചുപോയി. ചോദിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഞാന്‍ നിശ്ബ്ദനായി ഭക്ഷണത്തിനു മുന്നിലിരുന്നു. പറയാന്‍ എന്തൊക്കെയോ ഉള്ളില്‍ക്കിടന്നു വിങ്ങുന്നുണ്ടായിരുന്നെങ്കിലും അവള്‍ മൗനം പാലിച്ചു.  അവള്‍ക്കുള്ള ചോറുമായി മമ്മ വന്നു. രണ്ടുപേരും തമ്മാമ്മില്‍ നോക്കിയതേയില്ല. അടുത്തടുത്ത കസേരകളിലിരുന്ന് ഞങ്ങള്‍ ചോറുണ്ടു. മമ്മ മുറിയില്‍ക്കയറി വാതിലടച്ചു. കിടക്കുന്നതിനു മുന്‍പ് കുറച്ചുസമയം അവള്‍ കുഞ്ഞുറങ്ങുന്ന തൊട്ടിലിനടുത്തുപോയി നിന്നു. റോസിയും ഞാനും അവളെ ഉറ്റുനോക്കി. പിറ്റേന്നു രാവിലെ ഞങ്ങളെഴുന്നേറ്റപ്പോഴേക്കും അവള്‍ പോയിക്കഴിഞ്ഞിരുന്നു. സുന്ദര്‍ബെന്‍ നാഷണല്‍ പാര്‍ക്കിലേക്ക്- എന്നൊരു വാചകം മാത്രം എന്റെ ഇന്‍ബോക്‌സില്‍ വന്നുകിടപ്പുണ്ടായിരുന്നു.  

'നെനക്കവളോട് പോകണ്ടാന്ന് പറയാര്‍ന്നില്ലേടാ', കരച്ചിലടക്കിക്കൊണ്ട് മമ്മ ചോദിച്ചു: 'അവളിതെന്നാ ഭാവിച്ചാ. കൊല്ലം കൊറേയായില്ലേ, ഇങ്ങനെ തെണ്ടി നടക്കാന്‍ തൊടങ്ങീട്ട്. എവിടേലുവൊന്ന് നിക്കാമ്പറ.'

തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന് ചെന്നൈയിലേക്കു പോകാനുള്ളതുകൊണ്ട് തുണിയും സാധനങ്ങളും പായ്ക്ക് ചെയ്യുകയായിരുന്നു, ഞാന്‍. 

'പറഞ്ഞിട്ട് കാര്യവില്ല. അപ്പന്റെ വിത്തല്ലേ. എവിടേലും കെടന്ന് തീരാനാരിക്കും വിധി', മുറിയില്‍നിന്ന് തിരിച്ചിറങ്ങുന്നതിനു മുന്‍പ് മമ്മ പറഞ്ഞു: ' ഇനി വിളിക്കുമ്പപ്പറ, അപ്പങ്കെടന്നപോലെ പെരുവഴീ പുഴുവരിച്ച് കെടക്കല്ലെന്ന്. അതുങ്കൂടെക്കാണാന്‍ മമ്മയ്ക്ക് വയ്യെന്ന്.'

എനിക്കപ്പോള്‍ ചങ്കുപിടയുന്നതുപോലെ തോന്നി. രണ്ടുകൊല്ലം മുന്‍പ്, ഡെല്‍ഹിയില്‍നിന്ന് ഇങ്ങോട്ടു വരുന്നവഴി ട്രയിനില്‍വെച്ചുണ്ടായ ആസിഡ് ആക്രമണത്തില്‍ പൊള്ളിക്കിടന്ന ലിഡിയയുടെ രൂപം കണ്ണില്‍ നിറഞ്ഞു. നെഞ്ചും വയറുമെല്ലാം കത്തി, ഭോപ്പാലിലെ ബിഎംഎച്ച്ആര്‍സി ആശുപത്രിയില്‍ കിടന്നപ്പോഴും അവള്‍ക്കൊരു കൂസലുമില്ലായിരുന്നു. 

'ഇതുകൊണ്ടൊന്നും തോറ്റുകൊടുക്കാന്‍ പറ്റുകേലടാ', അവശത മുറ്റിയ ശബ്ദത്തില്‍ അവള്‍ ചിരിച്ചു: 'വയറും മൊലേം പൊള്ളീന്നുവെച്ച് ഞാന്‍ കെട്ടിത്തൂങ്ങാനൊന്നും പോകുകേല. നീ കണ്ടോ.'

നിറഞ്ഞുവരുന്ന കണ്ണുകള്‍ അവളുകാണാതെ ഒളിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: 'തൂങ്ങിയില്ലേലും വേണ്ടില്ല, നീയൊന്നു കെട്ടിക്കണ്ടാ മതി'

അവള്‍ ചെറുതല്ലാത്ത അത്ഭുതത്തോടെ എന്നെനോക്കി. പിന്നെ അപ്പോഴത്തെ അവസ്ഥയില്‍ സാധിക്കാവുന്ന ഒച്ചയില്‍ ചിരിച്ചു. 

 

................................

Read more: അരുത്, നിലാവര്‍ന്നീസ വിവാഹിതയാവുകയാണ്, മിനി പി.സി എഴുതിയ കഥ
................................

 

ആശുപത്രിയില്‍നിന്നിറങ്ങിക്കഴിഞ്ഞ്, അവള്‍ നേരെ പോയത് ലക്‌നൗവിലേക്കായിരുന്നു. ആസിഡ് വിക്ടിംസിനെ പുനരധിവസിപ്പിക്കുന്ന എന്‍ജിഒയുടെ കൂടെ കുറേക്കാലം നടന്നു. മുഖം നഷ്ടപ്പെട്ടവരെക്കുറിച്ച് പേരിടാതൊരു ഡോക്യുമെന്ററിയും ചെയ്തു. ലിഡിയയ്ക്കു പക്ഷേ, അധികകാലം അങ്ങനെ പോകാന്‍ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. നദികളെ അന്വേഷിച്ചായിരുന്നു, ആദ്യ കാലത്ത് അവളുടെ യാത്രകളെല്ലാം. ഏതെങ്കിലുമൊക്കെ തീരങ്ങളിലൂടെ ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞു. ദിവസങ്ങളും മാസങ്ങളും നീണ്ടുനില്‍ക്കുന്ന യാത്രകള്‍. പിന്നെപ്പിന്നെ, അവള്‍ നദിക്കരയില്‍നിന്നകന്ന്, യാത്ര കാടുകളിലേക്കു മാറ്റി. ഏതെങ്കിലുമൊക്കെ താവളങ്ങളില്‍നിന്ന് ഇന്‍ബോക്‌സിലേക്കു പറന്നെത്തുന്ന മെയിലുകളായിരുന്നു, ഞങ്ങള്‍ക്കിടയില്‍ അവശേഷിച്ചിരുന്ന പൊക്കിള്‍ക്കൊടി. യാത്രയുടെ വിശദാംശങ്ങള്‍ വളരെക്കുറച്ചേ അവയിലുണ്ടാകാറുള്ളു. പക്ഷേ, പലപ്പോഴായി വന്നവയില്‍ പ്രിയപ്പെട്ട നദികളെ വിവരിക്കാന്‍ അവളുപയോഗിച്ച ഇമേജറികളില്‍ നാലെണ്ണം ഏതുറക്കത്തിലും പറയാന്‍ പാകത്തിന് എന്റെ തലച്ചോര്‍ ഞരമ്പുകളില്‍ പതിഞ്ഞുകിടപ്പുണ്ട്. 

ഒന്ന്: ഗൂഗിള്‍ മാപ്പില്‍ കാണുമ്പോള്‍ പൊട്ടിവീണൊരു പാവാടച്ചരടുപോലെയാണ് ബ്രഹ്മപുത്ര. പക്ഷേ, അടുത്തെത്തുമ്പോള്‍ മനസിലാകും, അതു വെറുമൊരു പാവടച്ചരടല്ല, ആര്‍ത്തിരമ്പുന്ന അരക്കെട്ടാണെന്ന്. 

രണ്ട്: കഥകളിലൊക്കെ വായിച്ചിട്ടുള്ള, വെള്ളയില്‍ കറുത്ത വരയുള്ള കോട്ടണ്‍ സാരിയുടുത്ത പാവംപിടിച്ച വള്ളുവനാടന്‍ വാരസ്യാരാണ് യമുന. 

മൂന്ന്: സില്‍ക്ക് സ്മിതയുടെ അഴിച്ചിട്ട തലമുടി പോലെയാണ്, മഴക്കാലത്തെ ഗംഗ. 

നാല്: ഒരെല്ല് കൂടുതലുള്ള കോട്ടയംകാരിയാണ് നര്‍മദ.

'ഡാ, ഞാന്‍ ബാംഗ്ലൂര്‍ക്ക് വിടുവാ. തല്‍ക്കാലം ഒരു ജോലി ശരിയാക്കീട്ടൊണ്ട്. ആഡ് ഏജന്‍സീലാ', മുപ്പതോളം ആസിഡ് വിക്ടിംസിന്റെ പുനരധിവാസം കഴിഞ്ഞശേഷം, എന്റെ പിറന്നാള്‍ രാത്രിയില്‍ ലക്‌നൗവിലെ അപരിചിതമായൊരു നമ്പറില്‍നിന്നു വിളിച്ചപ്പോള്‍ വല്ലാത്തൊരു ശാന്തത അവളിലുണ്ടായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമായിരുന്നു, അവളെന്നെ ഫോണില്‍ വിളിക്കുന്നത്. മൊബൈല്‍ നമ്പര്‍ അവള്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്ന കാര്യം എന്നെയപ്പോള്‍ വല്ലാതെ അമ്പരപ്പിച്ചു.  

'അലഞ്ഞലഞ്ഞ് മടുത്തു. കൊറച്ചുകാലം എവിടേലും സ്വസ്ഥമായിട്ട് നിന്നുനോക്കട്ടെ. നിന്റെ ലൈഫ് സ്‌റ്റെല്‍ പരീക്ഷിക്കാം. എങ്ങാനും ഞാന്‍ നന്നായാലോടാ'

എനിക്കപ്പോള്‍ ചെറിയ ചിരിവന്നു.

'നീ പണിയെടുക്കാന്‍ തീരുമാനിച്ചത് നന്നായി. തറവാട്ട് വക സ്വത്തൊക്കെ തീരാറായി. പറമ്പീന്നൊന്നും കാര്യായിട്ടിനി കിട്ടുകേല. കൈവിട്ട കളിയൊക്കെ നിര്‍ത്തിക്കോ.'

'പറമ്പിലൊണ്ടേലും ഇല്ലേലും എനിക്കൊള്ളത് നീ മൊടങ്ങാതെ അക്കൗണ്ടിലിടുന്നൊണ്ടല്ലോ, അതുമതി..'

ഫോണ്‍ കട്ടാക്കിക്കഴിഞ്ഞപ്പോള്‍ എന്തോ, എനിക്കവളോട് ഭയങ്കരമായ സ്‌നേഹം തോന്നി. അതിന്റെ പിറ്റത്തെ ആഴ്ചയാണ് റോസിറ്റയുമായുള്ള എന്റെ കല്യാണം ഉറപ്പിച്ചത്. 

കുഞ്ഞിന്റെ മാമ്മോദീസായുടെ കാര്യം പറഞ്ഞു പലവട്ടം മെയിലയച്ചെങ്കിലും അവള്‍ മറുപടിയൊന്നും തന്നില്ല. മമ്മ എല്ലാ ദിവസവും സങ്കടത്തോടെ മാതാവിന്റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി. അപ്പനും അമ്മയും കൊച്ചിലേ മരിച്ചതുകൊണ്ടു സഹജമായൊരു നിസംഗത റോസിയിലുണ്ടായിരുന്നു. എത്ര വലിയ പ്രശ്‌നംവന്നാലും ഓ, പോയാപ്പോട്ടന്നേ, ഒന്നുവില്ലേലും ജീവിക്കാം. ജീവിക്കാന്നൊള്ള ഒറപ്പുമാത്രം മതി- എന്നു മാത്രമായിരിക്കും അവളുടെ മറുപടി. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ എല്ലാം നഷ്ടപ്പെട്ടവളുടെ ഫിലോസഫിയെന്ന് ഇടയ്‌ക്കെനിക്കു തോന്നാറുണ്ട്.  

'അവള് വരുകേലല്ലേ', മാമ്മോദീസയുടെ അന്നുരാവിലെ പള്ളിയിലേക്കിറങ്ങുമ്പോള്‍ മമ്മ ചോദിച്ചു: 'ആ വേണ്ട, വരണ്ട, നമ്മളൊക്കെ അവക്കാരാ?'

റോസിയുടെ ചിറ്റപ്പനും കുഞ്ഞമ്മയും മാത്രമാണ് ഞങ്ങളെ കൂടാതെ പള്ളിയിലുണ്ടാവുക. പറമ്പില്‍ സ്ഥിരമായിട്ടു പണിക്കുവരുന്ന രണ്ടുമൂന്നു പേരോട് ഉച്ചയൂണിന് കുടുംബത്തെയും കൂട്ടി വരാന്‍ പറഞ്ഞിരുന്നു. 

'കൊച്ചിന് എന്നതാടാ പേരിടുന്നേ?', കാറില്‍ കയറുന്നതിനു മുന്‍പ് മമ്മ സംശയിച്ചു: 'രീതിവെച്ച് എന്റെ പേരാ. അതുവേണ്ട. എന്നെപ്പോലെ ജീവിതകാലം മുഴുവന്‍ തീ തിന്നെണ്ടി വരും. നിന്റെ അമ്മേടെ പേരിട്ടാലോ?'

ഞാന്‍ റോസിയെ നോക്കി. പേരിന്റെ കാര്യമൊന്നും ആലോചിച്ചിട്ടില്ലായിരുന്നു. അവള്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുകൊണ്ടു കാറിലേക്കു കയറി. വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുന്‍പ്, എന്നോടും മമ്മയോടുമായി പറഞ്ഞു: ' അന്ന, അതുമതി'

ഞാന്‍ പിന്‍സീറ്റിലേക്കു തലതിരിച്ചു. വിശ്വാസംവരാത്ത ഭാവത്തില്‍ മമ്മ റോസിയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. ലിഡിയയുടെ മാമ്മോദീസാപ്പേരായിരുന്നു, അത്. 

'ഡാ, യാത്രകളുടെ ഡയമന്‍ഷന്‍ ഞാന്‍ മാറ്റുവാ. പുഴകളോടും കാടുകളോടും വിടപറയുന്നു', അന്നു രാത്രി അവള്‍ വിളിച്ചു. കുളുവിലെയോ മറ്റോ, ഏതോ കോയിന്‍ ബൂത്തില്‍ നിന്നായിരുന്നു, കോള്‍ വന്നത്.  

 

..............................

Read more : ഖോഖോ, ലാസര്‍ ഷൈന്‍ എഴുതിയ കഥ
..............................

 

'ഒരു സ്‌പെഷല്‍ യാത്ര. ആദ്യായ്ട്ട് കടല് കടക്കുന്നു. ക്ലിയോപാട്രയുടെ നാട്ടിലേക്ക്. ഗോയിങ് ടു ഈജിപ്ത്, മേന്‍'

എന്റെ കൈയിലായിരുന്ന കുഞ്ഞ് അപ്പോള്‍ വലിയ വായില്‍ കരഞ്ഞു. റോസിയെ വിളിക്കാനായി ഞാന്‍ മുറിയിലേക്കു നടന്നു.

'നീ കേട്ടിട്ടൊണ്ടോ, നോവലിസ്റ്റ് ഡേവിഡ് മിച്ചല്‍നെ? ബ്രിട്ടിഷ് റൈറ്ററാ. ജയ്പൂര്‍ സാഹിത്യോല്‍സവത്തീവെച്ച് പരിചയപ്പെട്ടു. ഒഫീഷ്യലായിട്ട് പുള്ളിയെ ക്ഷണിച്ചിട്ടൊന്നുമില്ലാരുന്നു. ഇന്ത്യയൊന്ന് കറങ്ങാന്‍ എറങ്ങിയതാ കക്ഷി. മൂന്നാല് ദിവസം ഞങ്ങളൊരുമിച്ച് ചുറ്റി. കൂടെ പോരുന്നോന്ന് ചോദിച്ചു. മറ്റേതിനൊന്നുവല്ല. നീ വെറ്‌തെ ടെന്‍ഷനടിക്കണ്ട. പുള്ളിക്ക് ഷെയറൊള്ളൊരു പബ്ലിഷിങ് കമ്പനിക്ക് ഒരു പുസ്തകം വേണം. ഒരിന്ത്യാക്കാരിയുടെ ഈജിപ്ഷ്യന്‍ യാത്ര. മാക്‌സിമം രണ്ടുകൊല്ലം അവ്‌ടെ നിക്കാം. താമസം അവര് ഏര്‍പ്പാടാക്കും. അത്യാവശ്യം ചെലവിനൊള്ളത് അഡ്വാന്‍സായിട്ട് തരും. ബുക്കെറങ്ങിക്കഴിഞ്ഞാ റോയല്‍റ്റീം കിട്ടും. തിരിച്ചു പോയിക്കഴിഞ്ഞ് കൊറച്ചു ദിവസം അനക്കമൊന്നുമില്ലാരുന്നു. ഞാനോര്‍ത്തു ചുമ്മാ തള്ളിയേച്ചു പോയതാന്ന്. വിസ റെഡിയാക്കാനൊള്ള പേപ്പേഴ്‌സൊക്കെ മൂവ് ചെയ്‌തോന്നും അവിടുത്തെ കാര്യങ്ങളുടെ അപ്‌ഡേറ്റ്‌സ് അറിയിക്കാന്നും പറഞ്ഞ് ഇന്നലെ മെയിലുവന്നു. ശെരിക്കും ഞെട്ടീ മോനേ ഞാന്‍. മിക്കവാറും ഒരഞ്ചാറ് മാസത്തിനുള്ളി പോകാരിക്കും'

ഷാംപെയ്ന്‍ കുപ്പി പൊട്ടിനുരയുന്നതുപോലെ അവള്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ടാക്കി. പിന്നെ, മുറിയില്‍ക്കയറി കതകടച്ചു. റോസി കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയിരുന്നു. കണ്ണടച്ചു കിടന്നപ്പോള്‍ മുമ്പെങ്ങും തോന്നിയിട്ടില്ലാത്തൊരു പേടി എന്നെ അടിമുടി വിറപ്പിച്ചു. റോസി അടുത്തുവന്നിരുന്നു. അവളുടെ കൈയില്‍ ഞാന്‍ മുറുക്കെപ്പിടിച്ചു. 

'എന്നാ അവസ്ഥയൊക്കെയാ. ഒരുമിച്ച് വളര്‍ന്നതല്ലേ അവളും ഞാനും. ഇപ്പം രണ്ടുപേരും എവ്ടാ. ഒരാളെവ്ടാന്ന് മറ്റേയാക്ക് ഒരുപിടീമില്ല. കൊച്ചിലേ വെക്കേഷനൊക്കെ ബന്ധത്തിപ്പെട്ടോര് വരുവാരുന്നു. ഒന്നൊന്നമാസം കളിച്ച് തിമര്‍ക്കും. ഒരു പ്രായം കഴിഞ്ഞപ്പം വരവ് നിന്നു. ഇപ്പം എവിടാന്നോ, എന്നതാന്നോ, ആര്‍ക്കറിയാം. ഇനി കണ്ടാല്‍ അറിയുവോന്നുതന്നെ ഒറപ്പില്ല. ഓര്‍ക്കുമ്പം പ്രാന്ത് പിടിക്കും.'

പെട്ടെന്നു ഞാനങ്ങനെ പറഞ്ഞതില്‍ പ്രരിഭ്രമിച്ചാണോ, എന്താണു മറുപടി പറയേണ്ടതെന്ന് അറിയാത്തതുകൊണ്ടാണോ എന്നറിയില്ല, റോസി ഒന്നും മിണ്ടാതെ എന്റെ നെറ്റിയില്‍ കൈയമര്‍ത്തിവെച്ചു. ഉള്ളില്‍ക്കുടുങ്ങിയ വീര്‍പ്പുമുട്ടലില്‍നിന്നു രക്ഷപ്പെടാന്‍ ഞാന്‍ തുടരെത്തുടരെ ശ്വാസമെടുത്തു. പുറത്ത്, നിലാവകന്ന ആകാശവും ഒരടിപോലും നീങ്ങാന്‍ ശേഷിയില്ലാത്ത മരങ്ങളും സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ടാവണം; വഴിതെറ്റിയ ദേശാടനക്കിളികള്‍ അപരിചിതമായ ചില്ലകളില്‍ ചിറകൊതുക്കിയിരിപ്പുണ്ടാകും; ഏതെങ്കിലുമൊക്കെ വീടുകളില്‍ ആരെങ്കിലുമൊക്കെ പഴയ ഓര്‍മകളില്‍പ്പെട്ട് ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടപ്പുണ്ടാവണം; പാതിരാത്രിയിലെപ്പോഴെങ്കിലും കടുത്തവിഷാദംകൊണ്ട് ശ്വാസംമുട്ടിയ ഭൂമി ഒരു സെക്കന്റുനേരത്തേക്ക് കറക്കം നിര്‍ത്തിവെച്ചിട്ടുമുണ്ടാകും; ആര്‍ക്കറിയാം. റോസി ലൈറ്റണച്ചു. 

 അപ്പന്റെ ആണ്ടുദിവസം പള്ളിയില്‍പോകാനിറങ്ങുമ്പോള്‍ ഉരുണ്ടുവീണ മമ്മയുടെ ഇടതുകാലൊടിഞ്ഞതോടെ, ചെന്നൈയിലെ ഇലക്ഷന്‍ റിപ്പോര്‍ട്ടിങ്ങില്‍നിന്ന് ഞാനൊഴിഞ്ഞു. അപ്പന്‍ മരിച്ച ദിവസം ഏതാണെന്ന് കൃത്യമായിട്ട് അറിയില്ലാത്തതിനാല്‍ അടക്കിയ ദിവസമാണ് ഞങ്ങള്‍ ആണ്ട് കുര്‍ബാനയും ഒപ്പീസും ചൊല്ലിക്കാറുള്ളത്. പിജിക്ക് പഠിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ ഇന്നുവരെ ഒരുവട്ടംപോലും ലിഡിയ വന്നിട്ടില്ല. ആ ദിവസം അവള്‍ ഹരിദ്വാറിലായിരിക്കും.  

'സഞ്ചാരിയാരുന്ന തന്തയ്ക്ക് ഇതിലും നല്ലൊരു ട്രിബ്യൂട്ട് എങ്ങനെ കൊടുക്കാനാടാ', മമ്മയുടെ ആശുപത്രിക്കിടക്കയിലിരുന്ന്, ഓറഞ്ചിന്റെ തൊലിപൊളിക്കുന്നതിനിടയില്‍ അവളുടെ വിളിയെത്തി: 'കൊല്ലം എട്ടുപത്തായില്ലേ, ഞാന്‍ തെരച്ചില് തൊടങ്ങീട്ട്. എന്നിട്ടും അപ്പന്‍ മരിച്ചുകെടന്ന സ്ഥലം ഏതാന്ന് മാത്രം പിടികിട്ടുന്നില്ലല്ലോടാ'

'അത് ദൈവത്തിനും അപ്പനും മാത്രവേ അറിയത്തൊള്ളു', മമ്മയുടെ മുഖത്തേക്കു നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ഞാനവള്‍ക്കു മറുപടികൊടുത്തു: ' നീ വെറ്‌തെ അതിന്റെ പൊറകേപോയി ജന്‍മം തൊലയ്ക്കണ്ട'

'ഒര് ദിവസം ഞാനത് കണ്ടുപിടിക്കും. എനിക്കൊറപ്പാ അവിടെച്ചെല്ലുമ്പം കൃത്യമായിട്ട് മനസ്സിലാകും അപ്പന്റെ ജീവനെട്ത്ത മണ്ണേതാന്ന്. അന്നവിടൊരു മരത്തൈയും നട്ട് ഞാന്‍ ഹരിദ്വാറിനോട് നീട്ടിയൊരു സലാം പറയും'

'ഹരിദ്വാറില്‍ ഇപ്പം പഴേപോലെ മണിമുഴങ്ങുന്നൊന്നുവില്ലല്ലോ, നീ, നാടെറങ്ങ്'

'ഇനി നേരെ അങ്ങോട്ടാ. മമ്മയോട് പറയണ്ട'

'ഉവ്വ'

'എന്നാലും...'

'എന്നാടീ?'

'അപ്പനെന്നാ പണിയാ കാണിച്ചേ. കൊറേക്കാലങ്കൂടി ജീവിക്കാരുന്നു. മുഖംപോലും നമ്മക്കോര്‍മയില്ലല്ലോടാ'

കട്ടായ ഫോണ്‍ കട്ടിലിലിട്ടശേഷം മുറിയില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ അറിയാവുന്ന വലിയ രണ്ടുതെറികള്‍ ചേര്‍ത്ത് ഞാനപ്പനെ വിളിച്ചു. പിന്നെ പുറംകൈകൊണ്ട് കണ്ണുതുടച്ചു. 

'ഇനി നിന്നെ വിടുകേല. ഊര്‌നെരങ്ങലൊക്കെ മതിയാക്കിക്കോ', കുറച്ചുദിവസം കഴിഞ്ഞ് ലിഡിയ വന്നുകഴിഞ്ഞപ്പോള്‍ മമ്മ പറഞ്ഞു: 'നീ ജോലിക്കും പോകണ്ട, കെട്ടുവേം വേണ്ട. വെല്യപ്പന്‍ ഒണ്ടാക്കിയിട്ട മൊതലൊള്ളകൊണ്ടല്ലേ ഈ കളി. നയാപ്പൈസേടെ ഉപകാരമൊണ്ടായിട്ടില്ല നിന്റപ്പനെക്കൊണ്ട'

'അപ്പന് സമ്പാദിക്കണ്ട വെല്ല കാര്യോവൊണ്ടാര്‍ന്നോ. ഇഷ്ടംപോലെ പറമ്പും പീടികേം. മമ്മയ്ക്ക് കോളേജില് ജോലീം. അപ്പന്‍ ബുദ്ധിമാനാര്‍ന്നു', അമ്മാമ്മച്ചിയുടെ മരിച്ചടക്കിന്റെ ആല്‍ബം മറിച്ചുനോക്കിക്കൊണ്ട് അവള്‍ പറഞ്ഞു:' എനിക്കിപ്പം കുടുംബോമില്ല, പ്രാരാബ്‌ധോവില്ല. പിന്നെ ചെലവിനൊള്ളത് വീതത്തീന് തരുവാന്ന് വെച്ചാമതി'

'ആണായാലും പെണ്ണായാലും ഒരു തൊണയ്ക്ക് ആളുവേണം. മേളിച്ച് നടക്കുന്ന പ്രായത്തി പറഞ്ഞാ തലേക്കേറുവേല. ഒന്നു വീഴുമ്പഴേ പഠിക്കത്തൊള്ളു'

മമ്മ വയ്യാത്ത കാലും വലിച്ചുകൊണ്ട് മുറിയിലേക്കു നടന്നുപോയി. ഭക്ഷണം എടുത്തുവെച്ചെന്നും പറഞ്ഞ് റോസി വിളിച്ചു. മമ്മ കേക്കാനുംമാത്രം ഒച്ചയില്‍ ലിഡിയ പിറുപിറുത്തു: 'വീഴുമ്പം ഒറ്റയ്‌ക്കെണീക്കാമ്പറ്റണം. ഒറ്റയ്ക്കുതന്നെ നടക്കാനും പറ്റണം. അല്ലേലങ്ങ് പോട്ടന്ന് വെക്കും'

 

..........................

Read more: ഥാര്‍ യാത്ര, ബിജു സി പി എഴുതിയ കഥ
..........................

 

വൈകിട്ട് മുറ്റത്തുനില്‍ക്കുമ്പോള്‍ കുറേക്കാലത്തിനുശേഷം വല്ലാത്തൊരാശ്വാസം തോന്നി. വ്യക്തമല്ലാത്ത ശബ്ദത്തില്‍ കുഞ്ഞ് എന്തൊക്കെയോ പറയുന്നതുകേട്ടു. മമ്മയും റോസിയും നീണ്ട ചിരിചിരിക്കുന്നുണ്ടായിരുന്നു. ലിഡിയ എന്റടുത്തേക്കിറങ്ങിവന്നു.

'ഈജിപ്തിനു പോന്നകാര്യം നീ ഒറപ്പിച്ചോ?', ഞാന്‍ ചോദിച്ചു:' പോകുവാണേലും ഒന്ന് കറങ്ങിയേച്ചിങ്ങ് പോന്നാപ്പോരേ. എന്നാത്തിനാ രണ്ടുകൊല്ലവൊക്കെ അവ്‌ടെച്ചുമ്മാ നിക്കുന്നേ?'

കൈയെത്തുന്ന പൊക്കത്തില്‍നിന്ന് ഒരു പേരക്ക പറിച്ചെടുത്ത് കടിച്ചുകൊണ്ട് അവള്‍ എന്നെ നോക്കി. 

'അവ്ടതിന് കൊറച്ചുകാലവേ നിക്കൂ. പിന്നെ ആഫ്രിക്കേലെവിടേലുവൊക്കെ ഒന്നു കറങ്ങണം. ബുക്ക് നന്നായിട്ടു ചെയ്താല്‍ ഇനീം അസൈന്‍മെന്റ്‌സ് കിട്ടും. പറ്റുവാണേ പാരീസിലോട്ടൊന്ന് പോയാക്കൊള്ളാന്നൊണ്ട്. എന്നതേലുവൊക്കെ ക്രിയേറ്റീവായിട്ട് ചെയ്യണം. അതിനുവേണ്ടിയല്ലേ ഈ കറക്കവൊക്കെ.'

അവിശ്വാസം കലര്‍ന്നൊരു നോട്ടം ഞാനവളെ നോക്കി. അപ്പോള്‍ ഇന്ത്യന്‍ ഭൂപടത്തിലെ ഗോവ പോലെ നന്നേ ചെറിയൊരു ചിരി അവളുടെ മുഖത്ത് കണ്ടു.

'അല്ലേലൊറപ്പായിട്ടും നമ്മടപ്പനെപ്പോലെ മാര്‍ക്കൊന്നും ബാക്കിവെക്കാതെ ചത്തുപോകുവെടാ. അന്തക്കാലത്ത് പുള്ളി എന്തോരം യാത്ര ചെയ്തതാ. എവിടൊക്കെപ്പോയെന്നോ, ആരെയൊക്കെ കണ്ടിട്ടൊണ്ടെന്നോ, പുള്ളീടെ ലൈഫില് ആരൊക്കെയൊണ്ടാര്‌ന്നെന്നോ നമ്മക്കറിയാവോ. ഇല്ല. ഹീ വാസ് വേസ്റ്റിങ് ഹിസ് ലൈഫ്. ലിറ്ററലായിട്ട് പറഞ്ഞാ, എല്ലാ യാത്രേം ഒരു മൈല്‍സ്‌റ്റോണാ. എന്തൊക്കെ എക്‌സ്പീരിയന്‍സാ കിട്ടുന്നേ. നമ്മടെ പൊറകെ ആരേലുവൊക്കെ ആ വഴി നടക്കുമ്പം അവരറിയണം ഇങ്ങനെയൊരാള് മുമ്പേ ഇതുവഴി പോയിട്ടൊണ്ടെന്ന്. അല്ലേപ്പിന്നെ, എന്നാത്തിനാ ലൈഫ്. ആരെയേലും കെട്ടി, പിള്ളാരേം നോക്കി, ഞാറാഴ്ച പള്ളീപ്പോയി, ആണ്ടുകുമ്പസാരോം നടത്തി, മാര്‍ബിളിട്ട കല്ലേറേല് ഒടുക്കത്തെ റെസ്‌റ്റെട്ക്കാനോ'

അവള് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചെറുതായി മഴ പൊടിഞ്ഞു. ആകാശത്തേക്കു നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു: ' ലിറ്ററലായിട്ട്തന്നെ പറയുവാണേ, അപ്പന്‍ പുള്ളീടെ ലൈഫ് എന്നതാന്ന് കണ്ടുപിടിക്കാനാ യാത്ര ചെയ്‌തേന്ന് തോന്നുന്നു. ലോകത്തിന് ഒന്നും കാണിച്ചുകൊടുക്കാനൊന്നുവല്ല, സ്വയം കണ്ടു പിടിക്കാന്‍. അതിനാത്ത് പുള്ളി ജയിച്ചോ, തോറ്റോന്ന് പുള്ളിക്കുമാത്രേ അറിയത്തൊള്ളു. ലൈഫ് സ്വയം തീര്‍ക്കുന്നോരടെ കാര്യവായകൊണ്ട് കൃത്യായിട്ട് പറയാനൊക്കത്തില്ല. ഒന്നുകി മനുഷ്യന്‍ന്നൊക്കെ പറയുന്ന സാധനം ഇത്രേ ഒള്ളെന്ന് പിടികിട്ടിക്കാണും, അല്ലേല്‍ ലൈഫ് എന്നതാന്ന് കണ്ടുപിടിക്കാന്‍ ഒരിക്കലും പറ്റത്തില്ലെന്ന് മനസിലാകും. ഇതിന്റെ രണ്ടിന്റേം അവസാനവാ സൂയിസൈഡ് വരുന്നേ.'

അവളുടെ മറുപടിക്കു കാക്കാതെ ഞാന്‍ അകത്തേക്കു നടന്നു. നരച്ച താടിരോമം ട്രിംചെയ്തിടുന്നതുപോലെ മഴ ചിതറിവീണു. ഞാന്‍ മുറിയിലേക്കു നടക്കുമ്പോഴും അവള് മുറ്റത്തുതന്നെ നില്‍ക്കുകയായിരുന്നു. 

കെയ്‌റോയ്ക്കു പോകാനുള്ള പേപ്പറുകള്‍ ശരിയാക്കാനുണ്ടെന്നും പറഞ്ഞ് രണ്ടാംദിവസംതന്നെ അവള്‍ ഡല്‍ഹിക്കു വണ്ടി കയറി. 

'അവള് മാറുകേലെടാ. അപ്പന്റെ ജീനല്ലിയോ. എങ്ങനെ കൊണവാകാനാ?', തികട്ടിവരുന്ന സങ്കടംമുഴുവന്‍ ദേഷ്യത്തില്‍ കടിച്ചുപിടിച്ചുകൊണ്ട് മമ്മ പറഞ്ഞു:' ഏടാകൂടത്തിലൊന്നും ചെന്ന് ചാടാതിരുന്നാ മതിയാരുന്നു. അവള് ഓരോ തവണ ബാഗുംതൂക്കിയെറങ്ങുമ്പഴും മരപ്പലകകൊണ്ടൊള്ള പെട്ടിക്കാത്തിട്ട് നിന്റപ്പന്റെ ശവം കൊണ്ടുവന്നതാ എന്റെ മനസ്സിലോട്ട് വരുന്നേ'

'ഏത് സിറ്റ്വേഷനി എങ്ങനെ സര്‍വൈവ് ചെയ്യണന്ന് അവക്ക് നന്നായിട്ടറിയാം. മമ്മ ചുമ്മാ പേടിക്കണ്ട', റോസി പറഞ്ഞു: 'നമ്മള് വിചാരിക്കുന്നപോലൊന്നുവല്ലല്ലോ ലൈഫില് നടക്കുന്നേ. അപ്പം ചെല കാര്യവെങ്കിലും നമ്മടെയിഷ്ടത്തിന് നടത്തണ്ടേ. അല്ലേപ്പിന്നെന്നാത്തിനാ ജീവിക്കുന്നേ.'

റോസി എന്നെ നോക്കി. കുഞ്ഞിനെ മടിയില്‍നിന്നെടുത്ത് ഞാനവളുടെ കൈയില്‍ക്കൊടുത്തു. പെണ്ണുങ്ങള്‍ക്കു മാത്രമുണ്ടാകുന്നൊരു തന്റേടം റോസിയുടെ കണ്ണില്‍ ഞാന്‍ കണ്ടു. 

പിറ്റേന്ന് ഡന്റഹിയിലെത്തിയെന്നും പറഞ്ഞ് ലിഡിയയുടെ മെയിലു വന്നു. സാധാരണ അങ്ങനെയൊരു പതിവില്ലാത്തതാണ്. കുറേക്കാലമായി യാത്രകള്‍ കാടുകളിലേക്കു മാറ്റിയതുകൊണ്ട് വെല്ല മാനസാന്തരവും വന്നതാണോന്ന് ഞാന്‍ സംശയിച്ചു. ഒരാഴ്ച തികയും മുന്‍പ് മമ്മ മരിച്ചു. അമ്മാമ്മച്ചിയെപ്പോലെ മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു, മമ്മയുടെയും മരണം. അതുവരെ പ്രത്യേകിച്ചു വലിയ സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയ ഞങ്ങളുടെ ജീവിതം നിഗൂഢമായൊരു പസില്‍ പോലെ തകിടം മറിഞ്ഞത് അതിനുശേഷമായിരുന്നു. 

ലിഡിയ വരുന്നതുവരെ ഫ്രീസറില്‍ മമ്മ കാത്തുകിടന്നു. ഉറക്കത്തില്‍ മരിച്ചുപോകുമോയെന്ന പേടികാരണം കണ്‍പോളകള്‍ തുറന്നുവെച്ചുകൊണ്ട് ഞാന്‍ രാത്രികള്‍ തള്ളിനീക്കി. നാലാം ദിവസം കുടുംബക്കല്ലറയ്ക്കു മുകളിലെ മാര്‍ബിള്‍ ഫലകത്തില്‍ പുതിയൊരു പേരുകൂടി ചേര്‍ക്കപ്പെട്ടു. ഒന്നു വിതുമ്പാനുള്ള ആരോഗ്യംപോലും എന്റെയുള്ളില്‍ ബാക്കിയുണ്ടായിരുന്നില്ല. 

അന്നുമുതല്‍ റോസിക്കും ഉറക്കം നഷ്ടപ്പെട്ടു. രാത്രിയില്‍ ഹാളിലും മുറികളിലും അവള്‍ മാറിമാറി നടന്നു. ഒന്നുരണ്ടു ദിവസത്തിനുശേഷം അവള്‍ സംസാരിക്കാതെയായി. എന്തു ചോദിച്ചാലും മിണ്ടില്ല. കുഞ്ഞിനു പാലുകൊടുക്കാനും കുളിപ്പിക്കാനുമെല്ലാം മറന്നു. ലിഡിയയും മുറിവിട്ട് പുറത്തിറങ്ങിയതേയില്ല. കുഞ്ഞ് കരച്ചില്‍ തുടങ്ങിയാല്‍പ്പിന്നെ നിര്‍ത്താതെയായി. 

'സിവിയര്‍ ഡിപ്രഷനാണ്. രണ്ടുമാസം മരുന്നെടുത്തുനോക്കാം. പെട്ടെന്നുള്ള ഷോക്കില്‍ സംഭവിച്ചതായിരിക്കും', ക്ലിനിക്കില്‍ പോയിക്കണ്ടപ്പോള്‍ ഡോ. ഐസക് മാഞ്ഞൂരാന്‍ പറഞ്ഞു: 'സാധാരണ സൂയിസൈഡല്‍ ടെന്റന്‍സിയുണ്ടാകാറുണ്ട്. റോസീടെ കാര്യത്തില്‍ അങ്ങനെയൊന്നും ഇല്ലാത്തകൊണ്ട് പേടിക്കണ്ട. പിന്നെ, ജസ്റ്റ് ഒന്ന് സൂക്ഷിച്ചേക്ക്'

മറുപടികള്‍ അപ്രസക്തമായ കൂടിക്കാഴ്ചയ്ക്കു ശേഷം റോസിയേയും കൂട്ടി പുറത്തിറങ്ങുമ്പോള്‍ ഉറക്കെയൊന്ന് കരയണമെന്ന് എനിക്കുതോന്നി. 

വൈകിട്ട്, ഈജിപ്ത് യാത്ര ഉപേക്ഷിച്ചെന്ന് ലിഡിയ പറഞ്ഞു. അവളുടെ മുഖം ആകെ വാടിയിരുന്നു. അന്നുവരെ കണ്ടിട്ടില്ലാത്തൊരു വിഷാദം ഉള്ളില്‍ പദയാത്ര നടത്തുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. 

'പിന്നെ, എന്നാ ചെയ്യാനാ നിന്റെ പ്ലാന്‍?', തീരുമാനങ്ങള്‍ പെട്ടെന്നെടുക്കുകയും പെട്ടെന്നു മാറ്റുകയും ചെയ്യുന്ന സ്വഭാവം അറിയാവുന്നതുകൊണ്ട് വെല്യ താല്‍പര്യമില്ലാതെയാണ് ഞാന്‍ ചോദിച്ചത്: ' എന്നേലും ജോലി നോക്കുന്നൊണ്ടോ?'

'ഒരു ട്രാവല്‍ മാഗസിന്‍ തൊടങ്ങിയാലോന്ന് വിചാരിക്കുവാ. ഓണ്‍ലൈനായിട്ട്. കൊറേ ഫ്രണ്ട്‌സൊണ്ടല്ലോ. അവര് കോണ്‍ട്രിബ്യൂട്ട് ചെയ്യും. സ്ഥിരായിട്ട് മെയിന്റെയിന്‍ ചെയ്യാന്‍ ഒരാളെ ഏപ്പിച്ചാ മതീല്ലോ'

'കൊറച്ചൂടെ ഫിനാന്‍ഷ്യല്‍ ബെനഫിറ്റ് കിട്ടുന്ന വഴീങ്കൂടെ നോക്ക്. ട്രാവല്‍ മാഗസിന്‍ന്നൊക്കെ പറയുമ്പം ക്ലച്ച് പിടിക്കാന്‍ പാടല്ലിയോ. തൊടക്കത്തിലൊരു ബ്രേക്കൊക്കെ കിട്ടും. പക്ഷേ കണ്‍സിസ്റ്റന്റായിട്ട് കൊണ്ടുപോണം. ഇപ്പപ്പിന്നെ മെയിന്‍സ്ട്രീം മീഡിയയ്ക്കുതന്നെ ട്രാവല്‍ പോര്‍ട്ടല്‍സുമൊണ്ട്. നീ ശരിക്കൊന്നാലോചിക്ക്.'

'എന്നതേലും ചെയ്യണം. പക്ഷേ, യാത്ര...', അവള്‍ ഒരു നിമിഷം നിശബ്ദയായി. പിന്നെ, ചെറിയൊരു ചിരിയോടെ പറഞ്ഞു: ' യാത്രേലാണേലെ എനിക്ക് എന്നതേലും എനര്‍ജി കാണത്തൊള്ളു. അല്ലാത്തപ്പം ഡൗണാന്ന് നെനക്കറിയാല്ലോ'

'ഇപ്പഴാണേ കൊറച്ച് കാശെടുക്കാനൊണ്ട്. വെല്യ താമസവില്ലാതെ തോട്ടത്തി റീപ്ലാന്റിങ് തൊടങ്ങണം. അതു കഴിഞ്ഞാ ഇച്ചിരി ടൈറ്റാരിക്കും'

'കൊച്ചുങ്കൂടായപ്പം നീ കാശിന്റെ കാര്യം മാത്രേ ഓര്‍ക്കുന്നൊള്ളോ. ഫണ്ടൊന്നും പ്രശ്‌നവല്ലെടാ'

'കാശിന്റെ കാര്യം ഞാനേലും ഓര്‍ക്കണ്ടേ. നീയത് മൈന്റ് ചെയ്യുന്നില്ല. അപ്പനും അങ്ങനാര്‍ന്നല്ലോ. അമ്മാമ്മച്ചീം മമ്മേം പിടിപ്പൊള്ളോരാരുന്നകൊണ്ട് ഇത്രയേലും ബാക്കിയൊണ്ട്'

അപ്പന്റെ കാര്യം പെട്ടെന്നു പറഞ്ഞുപോയതുകൊണ്ടാണോ എന്നറിയില്ല ലിഡിയയുടെ മുഖം വാടി. വേണ്ടിയിരുന്നില്ല, എന്നെനിക്കും തോന്നി. അവള്‍ പതിയെ അകത്തേക്കു നടന്നു. 

 

........................................

Read more: ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
........................................

 

പിന്നീട് മൂന്നു മാസത്തോളം അവള്‍ വീട്ടിലുണ്ടായിരുന്നു. ജെഎന്‍യുവില്‍ പഠിക്കാന്‍ പോയതിനുശേഷം ആദ്യമായിട്ടായിരുന്നു, അത്രയും നാള്‍ അടുപ്പിച്ച് അവള്‍ വീട്ടില്‍നിന്നത്. റോസിയുടെ അവസ്ഥ സാമാന്യം മെച്ചപ്പെട്ടിരുന്നു. ഡിപ്രഷന്റെ തോത് കുറഞ്ഞു. പക്ഷേ, അപ്പോഴും മരുന്ന് നിര്‍ത്തിയിരുന്നില്ല. ലിഡിയ നിരാശയിലായിരുന്നു. അമ്മാമ്മച്ചിയും മമ്മയും പോയതുകൊണ്ടാണോ, വീട്ടില്‍ 
ചടഞ്ഞുകൂടിയിരിക്കുന്നതുകൊണ്ടാണോ എന്ന് എനിക്ക് മനസിലായില്ല. എല്ലാ തീരുമാനങ്ങളും അവളുടേതു മാത്രമായതുകൊണ്ട് ഞാനൊന്നും ചോദിച്ചുമില്ല.

'ഒരു കല്യാണം കഴിച്ചാലോന്ന് ആലോചിക്കുവാ', മകളുടെ ഒന്നാം പിറന്നാളിന്റന്ന് വൈകുന്നേരം ബീച്ചില്‍പോയപ്പോള്‍ അവള് പറഞ്ഞു: 'യാത്ര നിര്‍ത്തിയകൊണ്ടാരിക്കും ഭയങ്കര ലോണ്‍ലിനസ്. കൂട്ടു വേണന്നൊക്കെ തോന്നുന്നു'

കുഞ്ഞിനെയും കൊണ്ട് തിരമാലകള്‍ക്കു പിന്നാലെ ഓടിക്കളിക്കുന്ന റോസിയെ നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു: ' കെട്ടാമ്പറ്റിയ വെല്ലവനുവൊണ്ടോ നിന്റെ സര്‍ക്കിളില്‍?. നിനക്ക് കംഫര്‍ട്ടബ്‌ളായ  ആരേലും?'

അവള്‍ എന്നെത്തന്നെ ഉറ്റുനോക്കി. പിന്നെ പാതി സംശയത്തോടെ പറഞ്ഞു: ' ജിംഷാറില്ലെ, നോവലിസ്റ്റ്. അവനുവായിട്ട് ഒരേ വേവ്‌ലെങ്താന്ന് തോന്നീട്ടൊണ്ട്. ഹീ വില്‍ ബി  എ ഗ്രേറ്റ് കമ്പാനിയന്‍'

'അവനതിന് ഫുള്‍ടൈം കഞ്ചാവല്ലേ', അയാളെയും അയാളുടെ നോവലുകളെയും എനിക്കു വെല്യ താല്‍പര്യമില്ലായിരുന്നു. 'ജോലീമില്ല. കൈയി കാശുവില്ല. അവനെ നോക്കണ്ട ബാധ്യത കൂടി നിന്റെ തലേലാകുവേലേ?. അത്രയ്ക്ക് റിസ്‌കെടുക്കണോ?'

'ഞാങ്കൊറേ ആലോചിച്ചു. വേറാരും പറ്റൂന്ന് തോന്നുന്നില്ല. കഞ്ചാവും കള്ളുകുടീവൊക്കെ നിര്‍ത്തി. ഇപ്പം പുതിയൊരു പടത്തിന് സ്‌ക്രിപ്റ്റ് ചെയ്യുവാ. ഞാനവനോട് ഡീറ്റെയ്‌ലായി സംസാരിച്ചൊന്നുവില്ല. ജസ്റ്റൊന്നു സൂചിപ്പിച്ചു. അവന് പ്രശ്‌നവൊണ്ടാകുകേല്ല', ലിഡിയ ഒറ്റക്കണ്ണിറുക്കിക്കൊണ്ട് എന്റെ തോളിലടിച്ചു. പിന്നെ പതുക്കെപ്പറഞ്ഞു: 'ആന്‍ഡ് ഹീ ഈസ് ഔട്ട്സ്റ്റാന്റിങ് ഇന്‍ ബെഡ്'

എന്തോ, എനിക്കപ്പോള്‍ ചിരിക്കാന്‍ തോന്നിയില്ല. പാതിവൈകുന്നേരത്തെ ബാക്കിയാക്കി ഞങ്ങള്‍ മടങ്ങി. വീട്ടിലേക്കു കാറോടിക്കുമ്പോള്‍ അയാളുടെ നോവലിന്റെ പേരെന്താണെന്ന് ഞാന്‍ പിന്നെയും പിന്നെയും ആലോചിച്ചുകൊണ്ടിരുന്നു. 

രാത്രി അത്താഴം കഴിഞ്ഞ് കുഞ്ഞിനെ ഉറക്കുന്നതിനിടയില്‍ റോസി എന്നെ നോക്കി. ഒരു ഷര്‍ട്ട് തേക്കുകയായിരുന്നു, ഞാന്‍. കാറ്റടിക്കുന്നതുകൊണ്ട് വോള്‍ട്ടേജ് ഏറിയും കുറഞ്ഞും നിന്നു. 

'അവള് കെട്ടാനൊന്നും പോകുന്നില്ല', കൊതുകുവല മാറ്റി കട്ടിലില്‍നിന്ന് പുറത്തിറങ്ങിയശേഷം റോസി പറഞ്ഞു: ' ചുമ്മാ ഒര് തോന്നല് തോന്നിയപ്പം അങ്ങനെ പറഞ്ഞന്നേയൊള്ളു. കെട്ടാനൊന്നും അവക്ക് പറ്റുകേല'

റോസിയെ നോക്കാതെ ഞാന്‍ ഷര്‍ട്ട് തേച്ചുകൊണ്ടിരുന്നു. അവള്‍ നീല നിറമുള്ളൊരു ഡപ്പി തുറന്ന് കഴിക്കാനുള്ള ഗുളികയെടുത്തു. അപ്പോള്‍ കുഞ്ഞ് ഉറക്കത്തിലെന്തോ ശബ്ദമുണ്ടാക്കി.  

'ഒരെടത്തും ഒറച്ച് നിക്കാമ്പറ്റാത്തോള് എങ്ങനെ കെട്ടാനാ. ചോദിക്കുമ്പം ചോദിക്കുമ്പം  യാത്ര ചെയ്യാന്‍ കാശു കൊടുക്കുന്നത് നിങ്ങളല്ലേ', റോസി എന്നെ നോക്കി. അവളുടെ കണ്ണില്‍നിന്നൊരു നീറ്മല്ലന്‍ തീ ചീറ്റുന്നതുപോലെ തോന്നി. ഞാന്‍ തല താഴ്ത്തി. വെള്ളം കുടിച്ച ഗ്ലാസ് മേശപ്പുറത്ത് അമര്‍ത്തിവെച്ചശേഷം അവള്‍ പറഞ്ഞു: 'അവള് ജീവിതകാലം മുഴുവനിങ്ങനെ കറങ്ങിത്തിരിഞ്ഞ് നടക്കത്തേയൊള്ളു'

അപ്പോള്‍ കറന്റ് പോയി. റോസി കൊതുകുവലയ്ക്കുള്ളിലേക്കു ചുരുണ്ടു കയറി. വെന്തുരുകിയ തേപ്പുപെട്ടിയും കൈയില്‍പ്പിടിച്ച് ഞാനൊരു നിമിഷം നിശ്ചലനായി നിന്നു. 

ടെറസില്‍കയറിനിന്നു താഴേക്കു നോക്കിയപ്പോള്‍ വീശിയടിക്കുന്ന കാറ്റില്‍ മരങ്ങള്‍ കൊമ്പുകോര്‍ക്കുന്നതുകണ്ടു. നക്ഷത്രങ്ങള്‍ യാത്രപോയ ആകാശം ഉപേക്ഷിക്കപ്പെട്ട വീടുപോലെ കിടന്നു. പറഞ്ഞറിയിക്കാനാവാത്തൊരു സങ്കടം ഉള്ളില്‍ക്കിടന്നു കറങ്ങുന്നതു ഞാനറിഞ്ഞു.  

'നീ കെടക്കുന്നില്ലേ?', പിന്നില്‍ ലിഡിയയുടെ ശബ്ദം: 'നല്ല കാറ്റൊണ്ടല്ലോ'

'ഉം'

'എങ്ങോട്ടും പോകാനേ തോന്നുന്നില്ല. ഒരു മടുപ്പുപോലെ', അവള്‍ പറഞ്ഞു: ' നീ ഫ്രീയാരുന്നേ, ഒരുമിച്ചെവിടേലും പോകാരുന്നു'

'കെട്ടുകഴിഞ്ഞാപ്പിന്നെ അവനേങ്കൂട്ടി പോകാല്ലോ', അവളുടെ മുഖത്തു നോക്കാതെ ഞാന്‍ പറഞ്ഞു: 'യാത്രയ്‌ക്കെടേ ജീവിക്കാങ്കൂടി ഓര്‍ത്താമതി'

അവളപ്പോള്‍ നിശ്ശബ്ദയായി. കാറ്റ്, ഞങ്ങളെ ആകെയുലച്ചുകൊണ്ട് ടെറസിലൂടെ വട്ടംവെച്ചു. അവള്‍ എന്റെ തോളില്‍ കൈവെച്ചു. 

'നിന്റെ കല്ല്യാണത്തിന് വരാത്തേന് എന്നോട് ദേഷ്യവൊണ്ടോ', അവള്‍ ചോദിച്ചു. 

ഇല്ലെന്ന് ഞാന്‍ തലയാട്ടി. പക്ഷേ, പരസ്പരം കാണാനാവാത്ത വിധം ഇരുട്ട് ഞങ്ങളെ പൊതിഞ്ഞിരുന്നു. 

ലിഡിയ എന്നോടു ചേര്‍ന്നുനിന്നു. പിന്നെ, പതുക്കെയെന്റെ ചെവിയില്‍ ചോദിച്ചു: 'തമ്മിലൊരു പരിചയോമില്ലാത്ത രണ്ടുപേരായിട്ട് ജനിച്ചാ മതിയാരുന്നല്ലേ?'

ഞാനവള്‍ക്കുനേരെ മുഖം തിരിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞുവരുന്നുണ്ടായിരുന്നു. വിതുമ്പലിനു തൊട്ടുമുന്‍പുള്ളൊരു ദീര്‍ഘനിശ്വാസം അവളുതിര്‍ത്തു. ആ നിമിഷം ഞങ്ങള്‍ പതിനാറും പതിനാലും വയസുള്ള പഴയ രണ്ടു കൗമാരക്കാരായി മാറി. പിന്നെ, പരസ്പരം പുണര്‍ന്നു. ചെറിയ ശബ്ദത്തില്‍ കരഞ്ഞു.

ഒരേ ഗന്ധമുള്ള വിയര്‍പ്പ് കാറ്റിനൊപ്പം പടര്‍ന്നുകയറി. വളരെ നേര്‍ത്ത ശബ്ദത്തില്‍ അവളെന്തോ പിറുപിറുത്തു. ഞാന്‍ തുരുതുരെ ശ്വാസമെടുത്തു. കാറ്റിന്റെ വീറ് കൂടുന്നതിനൊപ്പം ഞങ്ങളുടെ കെട്ടിപ്പിടുത്തം മുറുകി മുറുകി വന്നു.

അപ്പോഴേക്കും കാര്‍മേഘങ്ങള്‍ അതുവരെ മറച്ചുപിടിച്ചിരുന്നൊരു നക്ഷത്രത്തെ ആകാശത്തിലേക്കു തുറന്നുവിട്ടിരുന്നു.

 

മലയാളത്തിലെ ഏറ്റവും മികച്ച കഥകള്‍ 
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios