ജാതിമരം, വിപിത എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് വിപിത എഴുതിയ കവിതകള്‍

Malayalam poems by Vipitha

'നിന്റെ കവിത മനസ്സിലാവുന്നില്ലല്ലോ' എന്ന് അഭിപ്രായം പറഞ്ഞ കൂട്ടുകാരികളെ കേട്ട്, 'എല്ലാവര്‍ക്കും മനസ്സിലാവുന്ന' കവിത എഴുതാന്‍ തുനിഞ്ഞൊരു നിമിഷമുണ്ട്, ചെറിയ കാലയളവും കുറഞ്ഞ കവിതകളും കൊണ്ട് സമകാലിക മലയാള കവിതയില്‍ ശ്രദ്ധേയയായ വിപിതയുടെ കാവ്യജീവിതത്തില്‍. 'അതൊരു വല്ലാത്ത തിരിച്ചറിവായിരുന്നു' എന്നാണ് ഒരഭിമുഖത്തില്‍ വിപിത പറയുന്നത്. അമൂര്‍ത്തമായ, സൈദ്ധാന്തിക അവ്യക്തതകളുണ്ടായേക്കാവുന്ന ചിന്തകളെ പച്ചജീവിതത്തിന്റെ അടുപ്പിലേക്ക് ഇറക്കിവെയ്ക്കാന്‍ തീരുമാനം എടുത്തിരിക്കാവുന്ന ആ നിമിഷത്തിന്റെ സാക്ഷ്യങ്ങളാണ് വിപിതയുടെ ശ്രദ്ധേയമായ കവിതകളിലേറെയും. ജീവിതത്തിന്റെ പകര്‍ത്തിയെഴുത്ത് എന്ന പറച്ചിലില്‍ ഒതുക്കാനാവില്ല അത്. യാഥാര്‍ത്ഥ്യങ്ങളുമായുള്ള നേര്‍ക്കുനേര്‍ യുദ്ധമാണത്. കണ്ടും കേട്ടും അനുഭവിച്ചും പൊള്ളിയ ജീവിതവുമായുള്ള തുറന്ന ഏറ്റുമുട്ടല്‍. അതിനാലാവണം, സാധാരണ മനുഷ്യരുടെ ഉള്ളകങ്ങളില്‍ കാലങ്ങളോളം പൊറ്റകെട്ടിക്കിടന്ന ഏങ്ങലടികളുടെയും ആനന്ദങ്ങളുടെയും അതിശയങ്ങളുടെയും രോഷങ്ങളുടെയും കേട്ടെഴുത്തും കണ്ടെഴുത്തുമായി വിപിതയുടെ കവിതകള്‍ മാറുന്നത്. 

അതില്‍, ദാരിദ്ര്യമുണ്ട്, അഭിമാനബോധവും ഇച്ഛാശക്തിയും പോര്‍വീര്യവുമുണ്ട്. കീഴാള സ്ത്രീജീവിതത്തിന്റെ തീക്കനലുകളുണ്ട്. 'ജാതിയോ അതൊരു മരമല്ലേ' എന്ന്  ഇപ്പോഴും ഏമ്പക്കമിടുന്ന മലയാളി നാട്യങ്ങള്‍ക്കുനേരെയുള്ള കത്തിയേറുകളുണ്ട്. ജാതിവെറിയും സൗന്ദര്യ സങ്കല്‍പ്പങ്ങളും സ്ത്രീവിരുദ്ധതയും ആണ്‍കോയ്മയും സവര്‍ണ്ണമൂല്യങ്ങളും വരേണ്യ സാമൂഹ്യബോധവുമെല്ലാം ഒരേ കുപ്പായമിട്ട് ആടിത്തിമിര്‍ക്കുന്ന കൈകൊട്ടിക്കളികള്‍ക്കു മുന്നില്‍ അമ്പരന്നു നില്‍ക്കാതെ അതിനെനോക്കി 'അയ്യേ' എന്ന് ചിരിക്കുന്നു, ആ കവിത. ആത്മഗതങ്ങളുടെയും പതം പറച്ചിലുകളുടെയും വിലാപങ്ങളുടെയും സംഭാഷണങ്ങളുടെയും ആഖ്യാനവഴികളിലാണ് അവ തെഴുക്കുന്നത്. 

 

Malayalam poems by Vipitha

 


ജാതിമരം
1.

'റോട്ടിക്കൂടെ പോണോ
വയലിക്കൂടെ പോണോ?'

'റോട്ടിക്കൂടെ പോയാല്‍
കണ്ട ജാതിക്കാരെ
മുട്ടി നടക്കണ്ടേ,
വയലിക്കൂടെ പോ...!'

2.

'അമ്മച്ചീ സിമീടമ്മ
ചായ തന്നു.
പുട്ടും കടലേം തന്നു.
ഇപ്പൊ ഇനി ചോറു വേണ്ടാ'

'അയ്യേ, കുളിക്ക്,
കണ്ട ജാതിക്കാരുടെ
വീട്ടീന്ന് തെണ്ടിത്തിന്നോ'
മ#@?%*..? '

3.

' കൊളത്തില് നീന്താന്‍
പോണച്ചാ...
വേണുവുണ്ട്, '

' തൊട്ടും തീണ്ടിയും
മഹിമ കളയാതെ കുഞ്ഞേ
ഇവിടെ കുളിക്ക് ,'

4.

'അപ്പച്ചാ, എനിക്ക് വര്‍ഗീസിനെ
കെട്ടണം.

'ഏത്, ആ മാറ്റക്രിസ്ത്യാനി
നായിന്റെ മോനോ?
അവനൊന്നും കര്‍ത്താവിന്റെയല്ല..
കൊന്ന് കളഞ്ഞേക്ക് തോമസ്സേ
നല്ല വീട്ടിലെ പെണ്ണിനെ നോക്കുന്നോ'

5.

'ഊണിനു അമ്മുവുണ്ടമ്മച്ചീ,
തോനേം കറി വേണം'

'കണ്ട കൊറത്തിയേം പറയിയേം
വിളിച്ചോണ്ട് വന്നാല്‍
നല്ല വീക്ക് കിട്ടും.
ഒരുമ്പെട്ടോളെ.'

6.

'അമ്മേ, സീതയ്ക്ക് ജോലി കിട്ടി
അവള് മിടുക്കിയാ '

'ഓ.. എന്തര് മിടുക്കി,
അവക്കൊക്കെ കൊറച്ചു മാര്‍ക്ക്
മതീല്ലോ.
എന്റെ കൊച്ചു ഒറക്കൊഴിച്ചു
പഠിച്ചയാ...
ഓരോ കോണാത്തിലെ നിയമം'

7.

ജാതി മരത്തിന്റെ പേരാത്രെ..
ഉലുക്കിയിട്ട് തിന്നോളിന്‍
വയറു പെരുത്തോട്ടെ...

 

.......................

Read more: നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
.......................

 

ഞാനും കിളിയും

'അമ്പെയ്യുന്ന നേരം
ഞാന്‍ കിളിയെ
കാണുന്നില്ല.

കിളി മരത്തിന്
പിന്നിലേക്ക് ഓടി
മറയുകയും
കൊക്കുകള്‍ തുറന്ന്
വച്ചു വെള്ളമെന്ന് യാചിക്കുകയും
ചെയ്യുന്നു '

'കണ്ണുകള്‍ തുറന്ന് നോക്കുക,
നീ എത്ര കിളികളെ കാണുന്നുണ്ട് '

'ഒന്ന്, ഒന്ന് മാത്രം.
അതിന്റെ കറുത്ത കൊക്കുകളില്‍
ചോര പൊടിഞ്ഞിരിക്കുന്നു.'

'വീണ്ടും വീക്ഷിക്കുക.
നീ എത്ര കിളികളെ കാണുന്നു.'

' ഒന്ന്, ഒന്ന് മാത്രം'

'നോക്കൂ, കിളികള്‍ രണ്ടുണ്ട്.
ചിറകിനടിയില്‍
കൊക്കുറയ്ക്കാത്ത ഒരു കിളികൂടി'

' എനിക്ക് കാണുന്നില്ല.
എനിക്ക് കാണുന്നേയില്ല.'

'എയ്ത് വീഴ്ത്തുക.
ഒരു പൂ പറിക്കുന്ന ലാഘവത്തോടെ
എയ്ത് വീഴ്ത്തുക'

'കിളിയെ കാണുന്നില്ല
എന്റെ കണ്ണുകളില്‍ നിന്ന്
മറഞ്ഞിരിക്കുന്നു.'

' വിഡ്ഢി, അമ്പെയ്യൂ.
അത് നിന്റെ മേല്‍
ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നു. '

'ഞാനിതാ എയ്യുന്നു.
അയ്യോ, അമ്പ് എന്റെ ഹൃദയം
ഭേദിച്ചിരിക്കുന്നു.
എന്റെ ചോരയില്‍ തൂവലുകള്‍.
എന്റെ ചോരയില്‍ തൂവലുകള്‍'

..........................

Read more: കടൽകാക്ക: ഡി. അനിൽകുമാറിന്റെ കവിതകൾ
..........................


മുലകള്‍

മുലകളില്ലാതായതിനാല്‍
നിങ്ങളെ കാമുകനുപേക്ഷിച്ചു പോയിട്ടുണ്ടോ?

വലുപ്പം കുറഞ്ഞേനു
തെക്കോട്ടു പോയൊരെയൊന്നും
കാണുന്നില്ലല്ലോയെന്ന്
പഴി കേട്ടിട്ടുണ്ടോ?

വലുപ്പം കൂടിയേന്,
അരിച്ചാക്ക് രണ്ടെണ്ണം
കൂടെക്കൊണ്ട് നടപ്പാണോയെന്ന്
മുന കൊണ്ട് നൊന്തിട്ടുണ്ടോ?

പ്രസവനാന്തരം
മുലക്കണ്ണുകള്‍ അകമേ
വലിഞ്ഞിരിക്കുന്നുവെന്ന്
പലരാല്‍ പറയപ്പെട്ട്
കീറിയ പള്ളയില്‍
നോവുരുണ്ടിട്ടുണ്ടോ?

പാലില്ലാത്ത പശുവെന്ന വണ്ണം
ജീവിക്കാനായി പട വെട്ടിയിട്ടുണ്ടോ?

മൂന്ന് വയസോളം മുല കൊടുത്തതിന്
മൂദേവി വിളി കേട്ടിട്ടുണ്ടോ?

ഇത്രമേല്‍ നിയന്ത്രണപ്പെട്ട്
ജീവിച്ചു തളര്‍ന്നവശരായവരെ
എന്നിട്ടും ബ്രായും ബോഡീസും കിടുതാപ്പുമിട്ട്
പഴക്കുല പോല്‍ പൊതിഞ്ഞു
നിര്‍ത്തി ശിക്ഷിക്കേണ്ടതുണ്ടോ?

 

..............................

Read more: പുഴമീന്‍, ബിജോയ് ചന്ദ്രന്‍ എഴുതിയ കവിതകള്‍
..............................

 

പരേതരുടെ ക്ലാസ് റൂം

നാല് ബെഞ്ച്
നിറയെയും മരിച്ച കുട്ടികളായിരുന്നു.

പ്രധാനാധ്യാപകന്‍ ക്ലാസ്സെടുക്കുന്നു.

അയാള്‍ മരിച്ചുവോയെന്ന്
സംശയമാണ്.

ഒന്നാമത്തെ ബെഞ്ചില്‍,
കുന്നിമണി പോലെ കുഞ്ഞുങ്ങള്‍.

കറുപ്പും ചുകപ്പും കുപ്പായത്തില്‍
തീവ്ര ഗൗരവത്തിലാണ്ട
അവര്‍ക്ക് കാലുകളില്ല.
അവര്‍ നടപ്പ് ദോഷം കൊണ്ട്
മരണപ്പെട്ടവര്‍.

രണ്ടാമത്തെ ബെഞ്ചു നിറയെ
നീലക്കുറിഞ്ഞികള്‍.

പന്ത്രണ്ടാം വയസില്‍,
വസന്തം കൈതട്ടി മറിച്ചിട്ട
കിളുന്തുകളാകാമവര്‍.

മൂന്നാം ബെഞ്ചില്‍
മൂവന്തിക്കളറില്‍,
കൊച്ചരിപ്പല്ലുകളുള്ള
മൂന്ന് കുഞ്ഞുങ്ങള്‍.

അവര്‍ അസ്തമനത്തിന്റെ
പതിമൂന്നാം നിമിഷം
ചരമമടഞ്ഞു, ചൊകന്ന് പോയവര്‍.

നാലാം ബെഞ്ചിലൊരൊറ്റക്കുട്ടി.

നാണത്തിന്റെ പുള്ളിക്കുത്തേറ്റ
കവിളുകള്‍.

ഒറ്റപ്പെട്ടു മരിച്ചുപോയ അവള്‍ക്ക്
കാക്കയുടെ നിറമാണ്.

ളോഹ പോലത്തെ കുപ്പായത്തില്‍
അവള്‍, തനിക്ക് പാകമാകാത്ത
മരണത്തെ പുതച്ചിരിക്കുന്നത് പോലെ.

അവള്‍ എങ്ങനെയാകും മരണപ്പെട്ടിട്ടുണ്ടാകുക.

പ്രധാനാധ്യാപകന്‍ അവള്‍ക്ക്
ചൂരലുകൊണ്ട്,
തലങ്ങനേയും വിലങ്ങനെയും
തല്ല് കൊടുക്കുന്നു.

മരിച്ചവര്‍ വീണ്ടും മരിക്കുമെങ്കില്‍,
അവള്‍ക്ക് രണ്ടാം മരണം സംഭവിക്കുകയും,
പരേതയായി അവള്‍ മാത്രമുള്ള ഒരു
ക്ലാസ്സ് റൂമില്‍ അവള്‍
എത്തിപ്പെടുകയും ചെയ്തേക്കുമെന്ന്
എനിക്ക് തോന്നുന്നതെന്തു കൊണ്ടാകും.?

 

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios