ചീങ്കണ്ണി വേട്ട, ഷീബ ദില്‍ഷാദ് എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് ദീബ ദില്‍ഷാദ എഴുതിയ അഞ്ച് കവിതകള്‍.

Malayalam poems by Sheeba Dilshad

സൂക്ഷിച്ചുനോക്കിയാല്‍ അവരവരെത്തന്നെ കാണിച്ചു തരുന്നൊരു നദിയുണ്ട് ഷീബ ദില്‍ഷാദിന്റെ കവിതയില്‍. മറ്റെവിടെയും കാണാനാവാത്തത്ര വ്യക്തതയോടെ സ്വയം കാണിച്ചുതരുന്ന ജലദര്‍പ്പണം. മുഖംനീട്ടിയാല്‍ ഏറ്റവും നിഗൂഢമായ വൈയക്തിക ലോകങ്ങള്‍. മുഖമുയര്‍ത്തിയാലോ, ചുറ്റുപാടുകളുടെ  സമഗ്രചിത്രങ്ങള്‍. ഒട്ടും വ്യക്തിപരമല്ലാത്ത കലക്കങ്ങള്‍. ഭൂമിയേക്കാള്‍ പഴക്കമുള്ള മുറിവുകളാണ് ആ കണ്ണാടിയില്‍ നാം കാണുന്നത്. സാമൂഹ്യമായ അരക്ഷിതാവസ്ഥകള്‍. രാഷ്ട്രീയമായ ആധികള്‍. അവിടെ മനുഷ്യര്‍ക്ക് മാത്രമല്ല ഇടം. പക്ഷികളും മൃഗങ്ങളും ഷഠ്പദങ്ങളും അവിടെ രാപ്പകല്‍ പാര്‍ക്കുന്നു. പച്ചയേക്കാള്‍ പച്ചപ്പുള്ള അനേകം ഷേഡുകള്‍ കൊണ്ട് മരങ്ങള്‍ ഭൂമിയെ മാറ്റിയെഴുതുന്നു. മനുഷ്യന്റെ യുക്തിയെക്കാളുമുയരത്തില്‍, ജീവജാലങ്ങള്‍ പ്രാപഞ്ചികമായൊരു ജീവിതക്രമത്തെ വാരിപ്പുണരുന്നു. 

അകത്തേക്കും പുറത്തേക്കുമുള്ള നിരന്തര യാത്രകളാണ് ഷീബയുടെ കവിതകളെ നിരന്തരം പുതുക്കിപ്പണിയുന്നത്. ഒരേ സമയം അത് സ്‌ത്രൈണ ആത്മീയതയുടെ ആന്തരിക ഇടങ്ങളെ ചെന്നുപുല്‍കുകയും മനുഷ്യന്‍ എന്ന നിലയ്ക്ക് ചെന്നെത്താവുന്ന വിശാലമായ ആകാശങ്ങളിലേക്ക് പറക്കാനായുകയും ചെയ്യുന്നു.  അവളവളിലേക്ക് നിസ്സഹായമായി മുറിഞ്ഞുവീഴുമ്പോഴും പുറംലോകത്തിന്റെ ബഹുതലസ്പര്‍ശിയായ അനുഭവങ്ങളിലേക്ക് കൊരുത്തുനില്‍ക്കുന്നു. വൈയക്തികതയുടെ പല കടലുകള്‍ താണ്ടുമ്പോഴും, വ്യക്തിപരതയുടെ ഇടുങ്ങിയ സാദ്ധ്യതകളെ ഉല്ലംഘിച്ച് സാമൂഹ്യമായ സന്ദിഗ്ദതകളെ ചേര്‍ന്നുനില്‍ക്കുന്നു. സഹജീവികളുടെ ദൈന്യതകളിലേക്കും മുറിവുകളിലേക്കും ഒരു മരംകൊത്തിയുടെ ധ്യാനഭരിതമായ സൂക്ഷ്മതയോടെ ചെന്നുനില്‍ക്കുന്നു. 

 

Malayalam poems by Sheeba Dilshad

 

1.ചീങ്കണ്ണി വേട്ട

 

അവള്‍ പറയുന്നു :
..............................

ഇടവക്കോള് -
വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും
നൃത്തമായി പുഴ
കരയുടെ ഇരുട്ടിനെ കുടഞ്ഞു
വിരിക്കുന്നു മഴ

എന്റെ ചങ്ങാടത്തില്‍ അനങ്ങാനാകാതെ
വരിഞ്ഞു കെട്ടിയ നിലയില്‍
അവന്‍ കിടക്കുന്നു

ഞാന്‍ കരയെ നോക്കി കൂവി വിളിച്ചു
കരയില്‍,
മഴയേയും തണുപ്പിനേയും
നൂറ്റുകൊണ്ടിരുന്നൊരാള്‍ക്കൂട്ടം
തെളിഞ്ഞു വന്നു..

ലോകമേ
ഹാ, എന്തൊരഭിമാനം!

ഇതിനു മുമ്പ് എത്രയെത്ര
തോല്‍വികള്‍ ..

മുറിഞ്ഞ കൈകാലുകളും
മുതലരാവും  ഓളം തല്ലി

ഞാന്‍ ചങ്ങാടത്തിലേക്ക് നോക്കി
അവന്റെ മുറുകിയ പല്ലുകള്‍
വെയിലേറ്റ് തിളങ്ങി
കണ്ണുകളില്‍ പക
കറുത്തുണങ്ങിയ ചോര
കണ്‍ ഞരമ്പില്‍..

നോക്കിയിരിക്കവേ,

അവനെന്റെ ബന്ധുവായി തോന്നി

എന്നെ അടിച്ചു വീഴ്ത്താതിരിക്കാന്‍

അവനെ വരിഞ്ഞു കെട്ടിയ വള്ളികള്‍
ഞാനൊന്നു കൂടി മുറുക്കി 


ചീങ്കണ്ണിയുടെ വിചാരങ്ങള്‍ :

മനുഷ്യന്റെ ചൂരടിക്കുമ്പോള്‍
ഞങ്ങള്‍ക്ക് രഹസ്യങ്ങളില്ല

സഹജീവനത്തിന്റെ
മുതലക്കുളത്തില്‍ നിന്നും

അവന്‍
ഞങ്ങളെ പൊക്കിയെടുക്കും വരെ

കാത്തിരിപ്പുമില്ല

ദന്തനിരയില്‍ നിന്നന്നം തേടും
പക്ഷിയെപ്പോലെ

തീനാളങ്ങള്‍
എന്റെ ശല്കങ്ങളില്‍ നിന്നുയരുന്നു

പുഴയുടെ ഒഴുക്കുകള്‍
എന്നെ വഹിക്കുന്നു

സഹനത്തിന്റെ ഒടുവിലത്തെ
വാക്ക് പോലെ

ഇഴയുന്ന ഉരഗമൗനം

പല്ലിവാല്‍ പോലെ മുറിയുന്ന
ഒരു അര്‍ദ്ധ ശരീരം കൊതിച്ചു ഞാന്‍

വാല്‍ മുറിച്ച്

അവളുടെ ചങ്ങാടത്തെ
കീഴ്‌മേല്‍ മറിയ്ക്കുവാന്‍ !

അവള്‍ -

ഒറ്റയ്ക്ക് -

ഒരുമ്പെട്ടവള്‍ -

കെണിയില്‍
അറിയാതെ കുടുങ്ങിപ്പോയി !

ചില പെണ്‍കുരുക്കുകള്‍
പിടയ്ക്കും തോറും  മുറുകുന്നു

ശ്വാസം കീഴ്‌മേല്‍
മറിച്ചു കളയുന്നു

അവനൊന്ന് കൂടി പിടച്ചു
കുരുക്ക് മുറുകി

തമോഗര്‍ത്തത്തിന്നിടനാഴിയില്‍

ഏതോ വിപരീത പ്രപഞ്ചത്തിലേക്ക്

പാഞ്ഞു പോകുന്നു

രണ്ടു പേര്‍...!


2. ഇല്ലാത്ത ഒരുവള്‍ കവിതയെഴുതുന്നു...

ബാത്ത് റൂമിന്റെ
അര ജനാലയിലൂടെ
അരിച്ച് വരുന്ന
വെട്ടം

സാനിറ്ററി നാപ്കിന്റെ
പുറക് വശത്തെ കടലാസ്
അവള്‍ ശ്രദ്ധയോടെ
ഇളക്കിയെടുത്തു

നിക്കനോര്‍ പാര്‍റയുടെ
വരികള്‍ ഓര്‍ത്തു

ഇതാ കടലാസ് കഷണം
ഇതിന്റെ നിലവിലുള്ള
അവസ്ഥയെ മെച്ചപ്പെടുത്തൂ നീ

ആര്‍ത്തവത്തിന്റെ ചുവപ്പിനേക്കാള്‍
തീവ്രമാണെന്റെ
ഹൃദയം തകര്‍ത്തു നില്‍ക്കുന്ന
ചോരയ്ക്ക്.

കീറിയെടുത്ത മുളന്തണ്ടിന്റെ
കൂര്‍പ്പായി അവള്‍
കടുംചോരയില്‍
വിരലുമുക്കി

തെറിച്ചു വീണു
വിലക്കുകള്‍ !

 

3.പൂച്ചക്കളി

പൂച്ചക്കുഞ്ഞ്,
പഞ്ഞിപ്പാവ പോലൊരു
ബാല,
മുറിയില്‍,
ടെന്നീസ് ബോളിന്‍ പിന്നാലെ
തെന്നി നീങ്ങുന്നു
പന്തിനു മീതേ വഴുതിയും
ചടഞ്ഞു വീണും നീങ്ങുന്നു
മാര്‍ബിളില്‍

ആകാശമിരുളുന്നു
ചുവന്ന മഴ
തീ പോലെ
പതിക്കുന്നൂ ജനാലയ്ക്കരികില്‍

വേദനയനക്കമില്ലാതെ
കിടത്തുന്നൂ ഉടലിനെ

ആസക്തിയതിന്‍ മേല്‍
അനക്കമില്ലാത്തൊരു പന്ത്

ഉരുണ്ടു കീഴ്‌മേല്‍
മറിയുവാന്‍ കൊതിക്കുന്നു

പൂച്ചക്കുഞ്ഞൊരെണ്ണം
കട്ടിലില്‍ !

4.തെരുവില്‍ ഒരു നാടോടിപ്പാട്ടുകാരന്‍

അവന്റെ പരമ്പരാഗതമായ ഗാനം
പുരാതനവും പവിത്രവുമായ
വാദ്യമുപയോഗിച്ച്
പാടുന്നു
അവന്റെ പ്രാക്തനമായ
താളത്തില്‍
ശ്വാസമെടുക്കുമ്പോള്‍
മണ്ണിന്റെ ഒരു പാളി വിറയ്ക്കുന്നു
അവന്റെ നാവിലൂടെ
പുറത്താക്കപ്പെട്ട അനേകം
പേരുടെ നിലവിളി
ചിതറുന്നു
പുറത്താക്കപ്പെട്ട കാടകം
പുറത്താക്കപ്പെട്ട ഊര്, തനിമ
പുറത്താക്കപ്പെട്ട വായ്‌മൊഴികള്‍
പുറത്താക്കപ്പെട്ട തുടിയുടെ ആദിമശബ്ദം
പുറത്താക്കപ്പെട്ട വിശപ്പിന്‍ തേടല്‍
പുറത്താക്കപ്പെട്ട നീരൊഴുക്ക്
പുറത്താക്കപ്പെട്ട കുന്നു കയറ്റങ്ങള്‍
പുറത്താക്കപ്പെട്ട അലച്ചില്‍
അലച്ചിലില്‍ ചേര്‍ത്തു വെച്ച അന്‍പ്
ഉടയന്റെ ഗര്‍വ്വ്, ഊരിന്‍ പെരുമ
ഉഴുതുന്ന കലപ്പ
തട്ടക്കിലുക്കം
കൊയ്ത്തിന്‍ മണ്‍മെഴുകിയ
കൊമ്മ*കള്‍..
മീന്‍ തിരയും രാത്രികള്‍
കൂട്ടിമുട്ടും കണ്ണുകള്‍
ഋതുക്കളുടെ പുതപ്പ്
മൗനത്തിന്റെ വാചാലമായ ഗരിമ
അവന്റെ പാട്ടില്‍ കലമ്പിച്ചു
കണ്ണീര് പോലെ തൊണ്ടയില്‍
തടഞ്ഞു..
അവന്റെ പാട്ട് അവഗണിച്ചു
പോകുന്നാള്‍ക്കൂട്ടം
തെരുവ് നായയൊരെണ്ണം
പോകാതവിടെ കറങ്ങി
മണത്തു നില്‍ക്കുന്നു

പഴയൊരു തീക്കൂട്ടം
പാട്ടു പാടുന്നൊരു സംഘം
എറിഞ്ഞൊരിറച്ചി
ഓര്‍മ്മയില്‍ നിന്നെടുത്തു
മണപ്പിക്കുന്നവന്‍...

*കൊമ്മ-ധാന്യം ശേഖരിക്കുന്ന വലിയ മുളക്കൂടകള്‍

 

5.ക്ഷമിക്കൂ...

ഞാനിന്നലെ
എന്റെ പേനകള്‍ പൊട്ടിച്ചു കളഞ്ഞു

അതിന്റെ ശബ്ദം
ഒരു തോക്കില്‍ നിന്ന് വെടി പൊട്ടുന്നത്ര
ഉച്ചത്തിലല്ല

ഞാനിന്നലെ
എന്റെ കവിതകള്‍
എഴുതി വച്ചിരുന്ന പുസ്തകം
തീയിലെറിഞ്ഞു

അത് എരിയുമ്പോള്‍ ഉയര്‍ന്ന
തീ നാളങ്ങള്‍..

തെരുവില്‍ എരിഞ്ഞമര്‍ന്ന
എന്റെ സഹോദരന്റെ
കടയെ വിഴുങ്ങിയ
പുകയെപ്പോലെ
ചാരം പോലെ
അത്രയും ഉയരത്തില്‍ 
എത്തിയില്ല..

സത്യത്തില്‍
ആ കവിതകള്‍  എരിയുമ്പോഴുളള തീ

അതെന്റെ നെഞ്ചില്‍
ഉണ്ടായിരുന്ന തീയുടെ അത്രയും വരില്ല

ഇന്നലെ ഞാന്‍ ആ തെരുവില്‍
കവിത ചൊല്ലാന്‍
പോയില്ല

അവിടെ കൂടിയവരുടെ നെഞ്ചില്‍
കണ്ണീര്
മുലപ്പാലുപോലെ കെട്ടി നിന്ന്
വേദനിയ്ക്കുന്നുണ്ടായിരുന്നു

അവരെല്ലാം
അമ്മയോ
പെങ്ങളോ
മുത്തശ്ശിയോ
മകളോ
ആയിരുന്നു

അവര്‍ക്കാവശ്യം
എന്റെ കവിതയല്ലായിരുന്നു

അവരുടെ മുന്നിലേക്ക്
വീണു രക്തം പുരണ്ട ശരീരങ്ങള്‍

അവരാ കാഴ്ചയെ
ആഗ്രഹിക്കുന്നില്ല

അവരുടെ
ആഗ്രഹമെനിക്കറിയാം..

എനിക്ക്
എന്റെ കവിതകള്‍ ചുട്ടെരിക്കാനേ
കഴിയൂ

അവര്‍ക്ക് നഷ്ടപ്പെട്ടത്
തിരിച്ചു കൊടുക്കാനായില്ലെങ്കില്‍
എന്റെ കവിതകൊണ്ടെന്ത് പ്രയോജനം..?

Latest Videos
Follow Us:
Download App:
  • android
  • ios