ജിഗളോ, അരുണ്‍ പ്രസാദ്  എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് അരുണ്‍ പ്രസാദിന്റെ അഞ്ച് കവിതകള്‍

Malayalam poems by Arun Prasad

സിനിമയാവാന്‍ മെനക്കെടാത്ത ജീവിതാവസ്ഥകള്‍ സദാസമയം ഓടിക്കൊണ്ടിരിക്കുന്ന തിരശ്ശീലയാണ് അരുണ്‍ പ്രസാദിന്റെ കവിതകള്‍. കാഴ്ചകളെ പല തലങ്ങളില്‍ അടുക്കിവെച്ചും, വാക്കിനെ വിഷ്വലാക്കിയും, നാം ജീവിക്കുന്ന ഒട്ടും നോര്‍മലല്ലാത്ത അസംബന്ധങ്ങളെ അതു സിനിമയുടെ ആഖ്യാനചതുരത്തിലേക്ക് ചേര്‍ത്തുവെക്കുന്നു. അനേകം ക്യാമറക്കണ്ണുകള്‍ക്കു മുന്നില്‍ നാമാടുന്ന നാടകങ്ങളെ, പല ആംഗിളുകളില്‍ പകര്‍ത്തുന്നു. സിനിമയ്ക്ക് പോലും താങ്ങാനാവാത്ത വിചിത്രമായ എഡിറ്റിംഗ് ടൂളുകളാല്‍ ഉന്‍മാദത്തിന്റെ ചുരുക്കെഴുത്താക്കുന്നു. 'ദേശകാലങ്ങള്‍ കുഴമറിഞ്ഞുകിടക്കുന്ന' പുതിയ ജീവിതങ്ങളെ കവിതയുടെ കുപ്പായത്തിനുള്ളിലേക്ക് വലിച്ചിടുന്നു. അതിനാലാണ്, അരുണിെന്റ കവിതകളെക്കുറിച്ചുള്ള പഠനത്തിലൊരിടത്ത്, 'കവിതയാവാന്‍ സ്വതവേ കൂട്ടാക്കാത്ത പലതരം വസ്തുക്കളുടെ കൂസലില്ലാത്ത പെരുമാറ്റമാണ് ഇക്കവിതകളുടെ പൊതുസമ്പത്ത്' എന്ന് സുധീഷ് കോട്ടേമ്പ്രം നിരീക്ഷിക്കുന്നത്. 

ആ കൂസലില്ലായ്മ തന്നെയാണ്, അരുണിന്റെ കവിതകളെ നാം ജീവിക്കുന്ന ജീവിതവുമായി മുഖാമുഖം നിര്‍ത്തുന്നത്. രാഷ്ട്രീയ ശരികളുടെ ഭാരമൊട്ടും തീണ്ടാത്ത വണ്ണം അത് ജീവിതമെന്ന് നാം വിളിക്കുന്ന ഈ ഏര്‍പ്പാടിനെ എല്ലാ കലക്കങ്ങളോടും പകര്‍ത്തുന്നു.  നമ്മുടെ ബോധ്യങ്ങളോടും യുക്തിയോടും ധാരണകളോടും സമരസപ്പെട്ട്, ഏതെങ്കിലും കള്ളിയില്‍ ചെന്നു തലവെയ്ക്കുന്നേയില്ല ഈ കവിതകള്‍. അതിലൊരു കുട്ടിത്തം കൂടിയുണ്ട്. കുട്ടികള്‍ക്ക് മാത്രം കഴിയുന്ന കൂസലില്ലായ്മ. ജീവലോകവും അചേതനവസ്തുക്കളുമെല്ലാം അവിടെ, ഞാനിവിടെ ഉണ്ടേ എന്ന മട്ടില്‍ സ്വാഭാവികമായി തല പൊക്കിനോക്കുന്നു. വാഹനങ്ങള്‍ അവിടെ വളര്‍ത്തുമൃഗങ്ങളാവുന്നു. സ്‌കൂട്ടര്‍ അരുമയോടെ നമ്മുടെ കൈയില്‍ നക്കുന്നു. ഇത്രയൊക്കെയേ ഉള്ളൂ കാര്യങ്ങള്‍ എന്ന്, ഒരു കുസൃതിച്ചിരിയോടെ അരുണ്‍ പ്രസാദിന്റെ കവിത മലയാള കവിതയുടെ പാരമ്പര്യ വൃക്ഷങ്ങള്‍ക്കു ചുറ്റും കാറ്റത്തുലാത്തുന്നു. 

 

Malayalam poems by Arun Prasad

 

വിസിലടിയുടെ ശബ്ദവും വഹിച്ച് കുതിക്കും കുതിരകളവരെത്തിരഞ്ഞു വന്നു

സുഹൃത്തുക്കളായ
നാലു പോലീസുകാര്‍
പ്രതിയെന്ന് സംശയിച്ച്
കസ്റ്റഡിയിലെടുത്ത
രാഘവന്റെ മൃതദേഹം
മറവ് ചെയ്യുവാന്‍
1976 ലും 2016 ലും
ഒരേയിടത്ത് വന്നു

1976 ല്‍
മലവെള്ളത്തിന്റെ കൈകള്‍
വഴിവെട്ടിയ ഒഴുക്കിനോരത്ത്
ശവത്തെയെടുത്താഞ്ഞുനില്‍ക്കേ
ഒരു ചുഴി:

                             കപ്പലണ്ടി വില്‍പ്പനക്കാരന്‍
                             രാഘവന്റെ കവിളിലൊരിക്കല്‍
                             കുത്തിക്കൊടുത്ത കടലാസുകുമ്പിള്‍;

                              വരി നിന്നെത്തിയ
                              ആ മനുഷ്യനു
                              റേഷന്‍ കടക്കാരന്‍
                              നീല മണ്ണെണ്ണ
                              പകര്‍ത്തും
                              വച്ചൂറ്റി;

                              രാഘവനിതുവരെ കേട്ട
                              ഒച്ചകളുടെ അരിപ്പയായ
                              90 ഡിഗ്രി ചരിച്ചു വച്ച
                              ശ്രവണശൃംഖല;

                              മീന്‍ പിടിക്കുവാന്‍
                              പുല്ലുകള്‍ക്കിടയില്‍
                              അങ്ങോര്‍ പതുക്കിയ
                              കുരുത്തി;

                              കൊടുമുടിയുടെ അറ്റത്തുള്ള
                              മരത്തിലെ കൊമ്പിലിരികും
                              കിളിയുടെ കണ്ണിലയാള്‍
                              വളര്‍ത്തും പശുക്കിടാവിനെ
                              എടുത്തുയര്‍ത്തി വച്ചിട്ടു പോയ
                              ചുഴലിക്കാറ്റ്;

                              കൈവരികളില്‍ കിടന്നദ്ദേഹം
                              നോക്കിയ
                              കിണറിന്റെ ആഴം;

                              കിണറിനു സമീപത്തെ
                              പൂഴിമണ്ണില്‍
                              കുഴിയാനയുടെ ഓളം
ഒരു ചുഴി

നോക്കിനില്‍ക്കേ
തുണിക്കഷ്ണങ്ങള്‍,
തലയില്ലാബൊമ്മയുടല്‍,
കോഴിച്ചിറകുകള്‍,
നാളികേരച്ചകിരി,
തൊരപ്പന്റെ ജഡമടക്കം
ചുഴിയിലേക്ക്
വട്ടംതിരിഞ്ഞു

2016 ല്‍
ചുഴി ചുരുള്‍ നിവര്‍ത്തിയ മണ്ണില്‍
ഓര്‍മ്മകളിലെന്തോതിരയും വൃദ്ധനെപ്പോലെ
മകന്റെ മുടിയിലേക്ക് താഴും
കറുത്തറ്റങ്ങളുള്ള
അമ്മയുടെ കൈവിരലുകള്‍ പോലെ
പിക്കാസ് ഇറങ്ങി

മുന്നേ കുടിലുകെട്ടി പാര്‍ത്തവര്‍
കളഞ്ഞിട്ടുപോയതാവുമെന്ന്
ആരോ മനസില്‍ പറഞ്ഞു കാണണം

മണ്ണിനുള്ളില്‍ നിന്നും
വിരുന്നു വന്ന അമ്മാവന്‍
തന്നയുടനെ രാഘവന്റെ കുഞ്ഞ്
തല പിച്ചിക്കളഞ്ഞ ബൊമ്മ;
അന്ന് രാത്രിയിലമ്മാവനെയൂട്ടുവാന-
യാള്‍ വിഷമത്തോടെ
ചൂടുവെള്ളത്തിലിട്ട് പൂടപറിച്ച
കോഴിയുടെ ചിറകുകള്‍;
ആ കോഴിക്കറിയില്‍
നുറുക്കിയിടുവാന്‍ പൊതിച്ച
നാളികേരത്തിന്റെ ചകിരി;
ബാക്കി വന്നൊരു തേങ്ങാപ്പൂളില്‍
രാഘവന്‍ പുരട്ടിയ വിഷം കഴിച്ച്
ചത്ത് പോയ
കപ്പത്തോട്ടത്തിലെ തൊരപ്പന്‍;
അതിനെ ആറ്റിലൊഴുക്കുവാന്‍
അന്ന് രാഘവന്‍ അണിഞ്ഞ ഷര്‍ട്ട്,

കുഴിവെട്ടുന്നതിനിടെ
പോലീസുകാരന്റെ
മുറിഞ്ഞ കാലില്‍
നിന്നുമൂറിയ രക്തം
ഷര്‍ട്ടില്‍ തുന്നിയ
കിളിമീനുകള്‍പോലുള്ള
പൂവിതളുകള്‍;
ആ മുറിവിലേക്ക്
മറ്റേ പോലീസുകാരന്‍
ഞെക്കിപ്പിഴിഞ്ഞ് ഇറ്റിച്ച
കമ്യൂണിസ്റ്റ് പച്ചയുടെ നീര്
ഷര്‍ട്ടിലെ കമ്യൂണിസ്റ്റ് പച്ചകള്‍-
ക്കിടയിലെ പച്ചിലപ്പാമ്പ്;
അപ്പോഴത്തെ ഇടവേളയില്‍
മറ്റൊരു പോലീസുകാരനൊഴിച്ച മൂത്രം
ഷര്‍ട്ടിനുള്ളില്‍ ചിറകടിക്കും
മഞ്ഞപൂമ്പാറ്റ;
അപ്പുറമുള്ള ജലാശയത്തില്‍
നിന്നുമിപ്പോളെഴുന്നേറ്റ പുലര്‍ച്ച
കാഴ്ച്ച കൂര്‍പ്പിക്കും നീലപ്പൊന്മാന്‍

                ഒച്ച വെളിയില്‍ കേള്‍ക്കാതിരിക്കുവാന്‍
                പോലീസുകാരന്‍
                രാഘവന്റെ വായില്‍ കുത്തിയിറക്കിയ
                തുണിക്കഷ്ണം;
                   
മണ്ണില്‍

ഒരു സ്ഥലത്തിന്റെ
രണ്ട് പാളികളില്‍
നാലു പോലീസുകാര്‍
ശവത്തെയെടുത്താഞ്ഞ് നിന്നു

ചുമരിനപ്പുറമിപ്പുറമുള്ള
മുറികളിലിരുന്നെന്ന പോല്‍
പരസ്പരം നിശ്വാസത്തെയറിഞ്ഞു

1976 ല്‍ നിന്നും
2016 ലേക്ക്
മഞ്ഞിനൊപ്പം സാവധാനം
സഞ്ചരിച്ച കാറ്റില്‍
ചെറുചെടികള്‍
മെഴുക്ക് അധികം പുരണ്ട
ഇലകളുടെ അടിഭാഗം വെളിവാക്കെ
ചിത്രപ്പണികള്‍ നിറഞ്ഞ പരവതാനിയെ
വലിച്ചെടുക്കുമ്പോലെ
ഭൂമിയുടെ തൊലിയെ
ചുഴിയും കുഴിയും
ഒരുമിച്ച് ഉറുഞ്ചി

നദിയില്‍ മുങ്ങിമരിച്ചവരുടെ
നീളന്‍മുടിയുടെ ഇളക്കം പോലെ
കാട് ജലസസ്യങ്ങളായാ-
ഒഴുക്കിലേക്ക് ചാഞ്ഞു കൊടുത്തു

രാഘവന്റെ പല്ലിനിടയിലെ
പോടുകളോയതോ-
യിടയില്‍ കുടുങ്ങിയ
പച്ചമുളക് ചട്‌നിയിലെ
കടുകുമണികളോയീ
ആകാശത്തില്‍ കാക്കകള്‍,
മഞ്ഞപ്പതപോലുള്ള മേഘങ്ങള്‍ക്കൊപ്പം
ചുഴിയിലേക്കോ കുഴിയിലേക്കോയെന്ന്
ഭ്രമിച്ച് ചിറക് കുടഞ്ഞൊതുക്കിയപ്പോള്‍
രണ്ട് കാലങ്ങളില്‍ വീടുകള്‍
വളവിനപ്പുറം അയാളുടെ നിഴല്‍
വീണുവോയെന്ന് ഏന്തിവലിഞ്ഞപ്പോള്‍:

 

.................................

Read more: ഒരു അപസര്‍പ്പക  കവിതയുടെ  ട്രെയിലര്‍, ടി പി വിനോദിന്റെ കവിത
.................................

 

ഗിത്താറിസ്റ്റ്
 
1

റോഡരികില്‍ നിന്നു കൊണ്ട്
ചില്ലുജാലകത്തിനിടയിലൂടെ
കണ്ണുകള്‍ വിടര്‍ത്തി
നോക്കി രസിച്ച്
അറിയാതെ
ഗിത്താറിനെ
മൂടിയ കണ്ണാടിയില്‍
വിരലടയാളങ്ങളാല്‍
അലങ്കാരപ്പണികള്‍
നടത്തുന്ന
ഒരുവന്‍

'കടയുടമേ
ഇത്രയുമിത്രയുമിത്രയും
നോക്കി രസിച്ചതിനു
മുടിയിഴകളില്‍ നിന്നും
എതാനും മിന്നാമിനുങ്ങുകളേയും
പൂക്കളേയും ചിത്രശലഭങ്ങളേയും
എടുത്ത് കാണിക്കട്ടേ?

അല്ലെങ്കില്‍
തടാകക്കരയില്‍
മുഖം നോക്കാന്‍ പോകുമ്പോള്‍
നിന്നേയും കൂട്ടാം
എന്നിട്ട്
തെളിയുന്ന പ്രതിബിംബം
തണുത്തൊരൊറ്റ
നിശ്വാസം കൊണ്ട്
മഞ്ഞു പാളിയാക്കിക്കാട്ടട്ടേ?

നിനക്കു ഇഷ്ടപ്പെടുമോ
ഈ ബ്രെഡിലൊരു
കാടു പൂക്കുന്നതും
അവിടെയൊരു
നഗരം വരുന്നതും?

അല്ലെങ്കില്‍
പുല്ലാനി മൂര്‍ഖന്‍ ഇഴഞ്ഞ
പുല്ലുകള്‍ക്കിടയില്‍
കാണാതായ പന്ത്
തിരയുവാന്‍
കൂടെകൂട്ടട്ടെ?

ഞാന്‍ കടിച്ച് പകുത്ത
അരികുകള്‍ കറുത്തയീ
ആപ്പിള്‍ കഴിച്ച്
രണ്ട് നിമിഷത്തേക്ക്
കാത്ത് നില്‍ക്കുമോ
ദയവായി

ഇടയ്ക്ക്
പൊറുത്തു തുടങ്ങിയ
മുറിവില്‍
ആരോ പണിയുന്ന
കറുത്ത കെട്ടിടത്തെ
വേണമെങ്കില്‍
തഴുകി ഉണര്‍ത്തിക്കോളൂ
ഞാന്‍ ആരോടും
പറയുവാന്‍ പോകുന്നില്ല'.

2

റോഡരികില്‍ നിന്നു കൊണ്ട്
ചില്ലുജാലകത്തിനിടയിലൂടെ
കണ്ണുകള്‍ വിടര്‍ത്തി
നോക്കി രസിച്ച്
അറിയാതെ
ഗിത്താറിനെ
മൂടിയ കണ്ണാടിയില്‍
വിരലടയാളങ്ങളാല്‍
അലങ്കാരപ്പണികള്‍
നടത്തുന്ന
ഒരുവന്‍

'പര്‍വതങ്ങള്‍ക്കുച്ചിയിലുലാത്തുന്ന
മഴമേഘങ്ങളുടെ കാവല്‍ക്കാരാ,
ഈ ബിയര്‍ ചില്ലുപാത്രത്തില്‍
നുരയുന്ന
മഞ്ഞ മേഘങ്ങളെ
ഒരു സ്പൂണ്‍ കൊണ്ട്
കോരിയെടുത്തോട്ടെ?

തണുപ്പിനേക്കാള്‍
തണുത്തവിരലുകള്‍ കൊണ്ടോമനിച്ച്
ഒരു കുഞ്ഞു ചാറ്റല്‍ മഴയെ
ചുരത്തിയെടുക്കുവാനാണു,
മറ്റാരും അറിയാതെ
അതിനിടയിലൊരു
മഴവില്ല്
വിരിയിച്ചെടുക്കുവാനാണ്;
അലിഞ്ഞലിഞ്ഞ്
പോകുന്നതിനു മുന്‍പ്
നഖത്താലൊരരികു
മുറിച്ചെടുത്ത്
കഴിഞ്ഞ മഴക്കാലത്ത്
നിറങ്ങളെല്ലാം
ഒലിച്ച് പോയതിനാല്‍
കണ്ണു നിറഞ്ഞ് നില്‍ക്കുന്ന
ചിത്രശലഭങ്ങളെ
തലോടി ആശ്വസിപ്പിക്കുവാനാണ്

എന്നിട്ട് വേണം
കുന്നിന്‍ ചെരുവിലെ
ഏറ്റ മിന്നല്‍ തലയിലേന്തി
വഴി ചോദിച്ചപ്പോള്‍
പിണങ്ങിപ്പോയതുപോല്‍
നില്‍ക്കുന്നൊരുവനു
ഒരു പുത്തനുടുപ്പു
പല വര്‍ണ്ണങ്ങളില്‍
അണിയിപ്പിക്കുവാന്‍

നിറങ്ങള്‍ ചിതറിയ തണലുകളില്‍
കിളികള്‍ തൂവലുകള്‍

എന്നിട്ടതിലൊരു
തൂവലെടുത്ത് എനിക്കു
കടയുടമയ്ക്കു നല്‍കുവാനാണ്

പര്‍വ്വതങ്ങള്‍ക്കുച്ചിയില്‍
ഉലാത്തുന്ന
മഴമേഘങ്ങളുടെ കാവല്‍ക്കാരാ,
ഇന്നു രാത്രിത്തന്നെ
ആ തൂവല്‍ കൊണ്ട്
ഗിത്താര്‍ മീട്ടി
ഈ ഉറക്കത്തില്‍ നിന്ന്
കനം കുറഞ്ഞ മറ്റൊരു ഉറക്കത്തിലേക്കു
മാറ്റി കിടത്തുന്നുണ്ട്
നിന്നെ ഞാന്‍'.

(2012)

 

................................

Read more: ആട്ടക്കഥ, എസ് കലേഷിന്റെ കവിത
................................

 

ബ്രേക്കപ് പാര്‍ട്ടി

കഴിഞ്ഞ പ്രാവശ്യങ്ങളിലേതു പോലെ
പിരിഞ്ഞതിനു ശേഷം
ബ്രേക്ക് അപ് പാര്‍ട്ടി ഉണ്ടാകില്ല.
മുടി താഴ്ത്തി വെട്ടി
ഹെയര്‍ സ്‌റ്റൈല്‍ മാറ്റുകയില്ല
ടി.വി.യില്‍ നോക്കിയിരുന്നു
ചോക്ലേറ്റുകളും ലെയ്‌സും
വാരി വലിച്ചു തിന്നു
തടിയനാകാനും പോകുന്നില്ല.

നീ പോയാല്‍
നേരെ കൈക്കോട്ടെടുത്തു
കാട് പിടിച്ചു കിടക്കുന്ന
പറമ്പ് അങ്ങ് കിളച്ചു മറിക്കും.

ചൌക്ക കമ്പുകളില്‍
പടര്‍ന്നു കിടക്കുന്ന
വള്ളിചെടികളെ
വിഷമം തീരുന്ന വരെ
വലിച്ചു പൊട്ടിച്ചു കളയും.

പിന്നെ
പയര്‍ കുമ്പളം മത്തങ്ങ ചീര
തുടങ്ങി വാങ്ങി വച്ചിരുന്ന
എല്ലാ വിത്തുകളും
ദേഷ്യത്തോടെ അവിടെ മൊത്തം
വാരി വലിച്ചു വീക്കും.

കുറെ നേരം ഇങ്ങനെ ചെയ്യുമ്പോള്‍
വിഷമം ഇത്തിരി മാറികിട്ടും.

ക്ഷീണം കാരണം
അന്ന് രാത്രി
വായ തുറന്നു
ഈത്തായ ഒലിപ്പിച്ച്
നിന്നെ ഓര്‍ക്കാതെ ഞാനുറങ്ങും.

രാവിലെ
പൈപ്പിലൂടെ വെള്ളം
തെറിച്ചു കൊണ്ടിരിക്കുമ്പോള്‍
അതിനിടയിലൂടെ നീ
നനഞ്ഞോടിക്കൊണ്ടിരിക്കുന്നെന്ന്
ആദ്യമൊക്കെ
തോന്നുമായിരിക്കും.

കുഴപ്പമില്ല
പതുക്കെ മാറിക്കോളും.

ചുവന്ന ചീര
പെട്ടെന്ന് മുളച്ചതും
പിറന്ന കുട്ടികളുടെ
നഖങ്ങളെപ്പോലെ
എന്ത് കുഞ്ഞന്മാരാണിവര്‍
എന്നും
ആരോടെങ്കിലുമൊക്കെ
പറയണം എന്ന് തോന്നും

നിന്നെ ഓര്‍ക്കുമായിരിക്കും.

തഴച്ചു വളര്‍ന്നവര്‍ക്കൊക്കെ
ഞാനെന്റെ
കാമുകിമാരുടെ
പേരിടും

അവര്‍ക്കിടയിലൂടെ
വിരലുകളില്‍, ദേഹങ്ങളില്‍
തൊട്ടും തലോടിയും

ഓര്‍ക്കുമ്പോള്‍ വരുന്ന ഈ രോമാഞ്ചം ഞാനങ്ങു തുടച്ചു കളയട്ടെ.

പക്ഷെ
കഴിഞ്ഞ പ്രാവശ്യങ്ങളിലേത് പോലെയല്ല
നമ്മള്‍
കടല്‍ തീരങ്ങളെ പ്രേമിക്കുന്നവര്‍.
ഞണ്ടുകള്‍ക്ക് പിന്നാലെ
പായുവാനും
ഒരുകാല്‍ വെള്ളത്തിലും മറ്റൊന്ന് മണലിലും
ആഴ്ത്തി നടന്നു നോക്കുവാനും അറിയുന്നവര്‍

ബീച്ചില് കുടിച്ച് കുന്തം മറിഞ്ഞു
പറന്നു പോകുന്ന
ബലൂണുകളെ
ചൂണ്ടിക്കാട്ടി
അന്തം വിടുന്നവര്‍.

സ്‌കിന്നി ജീന്‍സുകള്‍
വലിച്ചു കയറ്റുന്നവര്‍
അതിനു മേല്‍ കൈകളമര്‍ത്താന്‍
കൊതിക്കുന്നവര്‍

കിറുക്കര്‍

കാറില്‍
പേരറിയാത്ത നാടുകളില്‍
പൊടി പറത്തി അലഞ്ഞു
വിശന്നു വിശന്നു
ഉന്മാദികളായി
മരണം വരെ
ഡാന്‍സ് ചെയ്യുന്നവര്‍

മുറിയിലെ
തക്കാളികളിലും
സവാളക്കറിയിലും
കീഴടങ്ങിയവര്‍

എന്റെ പറമ്പ്
പച്ചക്കറിത്തോട്ടങ്ങളാല്‍
നിറയും

മുന്‍പുള്ളതുപോലെയാകില്ല
ഒന്നുമൊന്നുമെങ്കിലും.

 

................................

Read more: എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ കവിതകള്‍
................................
 


ജിഗളോ

വീടുകളോളം താഴ്ത്തി
പക്ഷികള്‍ മേഘങ്ങളെ
കൊത്തിവലിക്കും ഋതുവില്‍,
തട്ട് മുകളില്‍ കയറി
കുട്ടികള്‍ പഞ്ഞിമിഠായിയായി
അവയെ തൊട്ട് നക്കും പകലില്‍
സാംസണ്‍ സാമുവേലിനു
ഐടി ജോലി നഷ്ടമായി

വന്‍കാറ്റ് പിടിച്ച് കടപുഴകും
വന്‍മരങ്ങള്‍ക്കിടയില്‍
ചാഞ്ഞുകിടക്കും
കുറ്റിച്ചെടിയെപ്പോലെ
നാലുമാസത്തോളം അയാള്‍
തണുത്തുവിറച്ച് പിടിച്ചുനിന്നു
വാടക കൊടുക്കാഞ്ഞതിനു
വീട്ടുടമസ്ഥന്‍ ഇറക്കിവിടുംവരെ

അതില്‍പ്പിന്നെയാണ്
നിവൃത്തിക്കേടുകൊണ്ട്
സാംസണ്‍ സാമുവേല്‍
ജിഗളോവായി
തന്റെ രഹസ്യജീവിതം
ആരംഭിച്ചത്

അയാളുടെ
മൂന്നാമത്തെ കസ്റ്റമര്‍
ഒരുതടിച്ചിയും
ചെറുപ്പക്കാരിയുമായിരുന്നു

പതിവിനു വിപരീതമായി
ചെതുമ്പലുകളുള്ള കടല്‍പോലെ
മേല്‍ത്തരം വസ്ത്രങ്ങളണിയിച്ച്
അവളയാളെ
ഒരു വിവാഹസത്കാരത്തിനു
കൊണ്ടുപോയി

ആരുചോദിച്ചാലും പേര്
സെബാന്‍ എന്നുപറയുവാനും
അവരുടെ ബോയ്ഫ്രണ്ടെന്നപോല്‍
പെരുമാറുവാനുംനിര്‍ദേശിച്ചു

സുഹൃത്തുക്കള്‍
അസൂയയോടെ
നോക്കിയപ്പോഴൊക്കെ
മോണിക്ക സാംസണിന്റെ
കൂട്ടിപ്പിടിച്ച വിരലുകളെ
അറിയാതെ ഞെരുക്കി
വേദനിപ്പിച്ചു

ഇത്രതടിച്ച വിരൂപയായ
ഒരുവള്‍ക്ക് ഈസുന്ദരനെ
എവിടെനിന്നുലഭിച്ചെന്ന്
മനസിലാകുന്നില്ലയെന്ന്
ഒരുവള്‍ പറയുന്നത്
സാംസണ്‍ ഒളിഞ്ഞ്കേട്ടു

ആദ്യമായി
അടിവസ്ത്രം ഊരാതെതന്നെ
പണം ലഭിക്കുവാന്‍
പോകുന്നുവെന്ന അറിവ്
അവളുടെ സുഹൃത്തുക്കള്‍ക്കിടയില്‍
പൂണ്ടുവിളയാടുവാന്‍ സാംസണു
പ്രചോദനമായി

അന്ന് രാത്രി
അയാളെ മുറിയിലാക്കി
പണം നല്‍കിവിടുമ്പോള്‍
അവ ള്‍ചോദിച്ചു
ഒരു മാസത്തേയ്ക്ക്
റേറ്റ് എത്രയാവും?
ദിവസം രണ്ട്മണിക്കൂര്‍
വീതം മതിയാകും.
കണക്കുകൂട്ടി
ഒരു പതിനയ്യായിരംപറഞ്ഞു
അവള്‍ സമ്മതംമൂളി

എല്ലാദിവസവും
വൈകുന്നേരം
ആറുമണി മുതല്‍
എട്ടുമണി വരെ
നടക്കുവാന്‍ പോയും
വര്‍ത്തമാനങ്ങള്‍ പറഞ്ഞും
പാചകം ചെയ്തും
കഥകള്‍ വായിച്ചും
കവിത ചൊല്ലിക്കൊടുത്തും
ഷോപ്പിംഗിനു പോയും
സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയും
മാതാപിതാക്കള്‍ക്കൊപ്പം
ഭക്ഷണം കഴിച്ചും
ചിരിച്ചും ഉറങ്ങിയും
സെബാനായി

താമസിയാതെ
ബുക്കിംഗ് കൂടി
ആവശ്യക്കാര്‍ക്കനുസരിച്ച്
സാംസണ്‍
ജീവിതത്തെ
ചിട്ടപ്പെടുത്തിയെടുത്തു

രാവിലെ ഏഴു മുതല്‍ ഒന്‍പത്വരെ
വൃദ്ധമന്ദിരത്തില്‍ താമസിക്കുന്ന
ദമ്പതികള്‍ക്ക് നടക്കുവാന്‍
കൂട്ടുപോകുന്ന മകന്‍
സ്റ്റീഫന്‍ ദേവസ്യയായി

ഒന്‍പത് മുതല്‍ പത്ത്വരെ
എല്‍കെജിയിലേക്ക്
കൂട്ടിക്കൊണ്ട് പോകേണ്ട
ആലീസെന്ന കുട്ടിയുടെ
അപ്പന്‍ ആന്റോ ജോണിയായി

പത്ത് മുതല്‍ ഒരുമണിവരെ
ഒരു വൃദ്ധയ്ക്ക്
യുദ്ധത്തില്‍ മരണപ്പെട്ട
സൈനികനായമ കന്‍
ബെന്നി കുരിയനായി

ഒരു മണിമുതല്‍ മൂന്ന് വരെ
ഡിപ്രഷന്‍ ബാധിച്ച്
ആത്മഹത്യയ്ക്ക് ശ്രമിച്ച
സിറിലിന്റെ വീട്
സന്ദര്‍ശിക്കുന്ന കൗണ്‍സിലര്‍
ഡോക്ടര്‍ സക്കറിയയായി

മൂന്ന് മുതല്‍ അഞ്ച്വരെ
എല്‍കെജിയില്‍നിന്നും
തിരികെ വീട്ടിലേക്ക്
കൊണ്ട് വരികയും
അവളെ കഥകള്‍പറഞ്ഞ്
ഹണിലൂപ്‌സ് കഴിപ്പിക്കുകയും
ചെയ്യുന്ന ആലീസിന്റെ അപ്പനായി

അഞ്ച്മുതല്‍ ആറുവരേക്കും
അന്ധനു വഴിയോരക്കാഴ്ചകള്‍
വിവരിച്ചുകൊണ്ട്
പിയാനോ ക്ലാസിലേക്ക്
കൊണ്ടുപോകുന്ന
സുഹൃത്ത് സണ്ണിയായി

ആറുമുതല്‍എട്ട്വരെ
മോണിക്കയുടെ
ബോയ്ഫ്രണ്ട് സെബാനായി

എട്ട്മുതല്‍ഒ ന്‍പത്വരെ
അന്ധനെ തിരിച്ച് നടത്തി
മുറിയിലെത്തിക്കുന്ന
ഭക്ഷണം വാങ്ങിനല്‍കുന്ന
സുഹൃത്ത് സണ്ണിയായി

ഒന്‍പത് മുതല്‍ പത്ത്വരെ
യുദ്ധത്തില്‍ മരിച്ച മകനായി
പാചകം ചെയ്ത ഭക്ഷണം
കഴിക്കുകയും അവരെ
വര്‍ത്തമാനങ്ങള്‍ പറഞ്ഞ്
ഉറക്കുന്ന ബെന്നികുര്യനായി

പത്ത് പത്തരയ്ക്ക് മുറിയില്‍വന്ന്
ബെന്നി കുര്യനായോ
സണ്ണിയായോ
ആന്റോ ജോണിയായോ
ഡോക്ടര്‍ സക്കറിയയായോ
സെബാനായോ
സ്റ്റീഫന്‍ ദേവസ്യയായോ
സാംസണ്‍ ഉറങ്ങാന്‍കിടക്കും
ഒരു ആറു ആറരയ്ക്ക്
ബെന്നി കുര്യനായോ
സണ്ണിയായോ ആന്റോ ജോണിയായോ
ഡോക്ടര്‍ സക്കറിയയായോ
സെബാനായോ സ്റ്റീഫന്‍ ദേവസ്യയായോ
ഉറക്കമുണരും

സ്വപ്നങ്ങളിലും
ഇവര്‍ക്കൊപ്പമുള്ള ജീവിതം
ജീവിച്ചുകൊണ്ടിരിക്കെ
എല്‍കെജി കുട്ടിയ്ക്ക്
പനി പിടിച്ച ദിവസം
സാംസണ്‍
തണുത്തുവിറച്ചു

വൃദ്ധസദനത്തിലെ
ഭക്ഷണത്തില്‍ പാറ്റക്കാട്ടം
കണ്ടത് ചോദിക്കുവാന്‍
പോയി മാനേജ്‌മെന്റിനോട്
തട്ടിക്കയറി

പട്ടാളക്കാരനായ മകന്റെ
അമ്മയ്ക്ക് പാചകത്തിനായി
ചോദിക്കാതെ തന്നെ
പതിവായ ിപച്ചക്കറികള്‍
വാങ്ങിക്കൊണ്ടുവന്നു

ഡിപ്രഷനുള്ളവനെ
നിര്‍ബന്ധിച്ച് ആശുപത്രിയില്‍
കൊണ്ടുപോയി
അവനു ഡേറ്റിങ്ങിനായി
പുതിയആപ്
പരിചയപ്പെടുത്തി

അന്ധനായി പുതിയ
സ്റ്റെലന്‍ സണ്‍ഗ്ലാസ്
വാങ്ങിനല്‍കി
അതേപോലൊന്ന്
സാംസണും അണിഞ്ഞു

ഇതുവരേയും
കഴിക്കാതിരുന്നത്ര
സ്വാദുകള്‍
മോണിക്കക്കൊപ്പം
കഴിച്ച്
ഒരുമിച്ച്
ഏമ്പക്കമിട്ടു
ചിരിച്ചു

ആരൊക്കെ മാസാവസാനം
പണം നല്‍കുന്നുണ്ടന്ന്
സാംസണ്‍
ശ്രദ്ധിക്കാതെയായി

എല്ലാവരേയും നോക്കുവാന്‍
അയാള്‍ക്ക്
സമയം തികയാതെയായി

ഒരേ ദിവസം
ആറുപേരായി
സാംസണ്‍ ജീവിച്ചു

സ്റ്റീഫനും ആന്റോയും
ബെന്നിയും സക്കറിയയും
സണ്ണിയും സെബാനും
അയാള്‍ തന്നെയായി

ഇന്ന്

ഏഴുമുതല്‍ ഒന്‍പതുവരെ
സ്റ്റീഫന്‍ ദേവസി
വൃദ്ധസദനത്തിലെ
സ്വന്തം മാതാപിതാക്കളെ
മാറ്റിപാര്‍പ്പിച്ച
പുതിയ വീട്ട്മുറ്റത്ത്
അവര്‍ക്കൊപ്പം
നടക്കുവാന്‍പോയി
കുരുമുളകിന്‍ വള്ളികള്‍
താങ്ങുമരത്തില്‍
കെട്ടിവയ്ക്കും

ഒന്‍പത് മുതല്‍ പത്ത്വരെ
ക്ലാസില്‍ പോകാന്‍
മടികാണിച്ച മകളെ
പിച്ചിക്കരയിപ്പിച്ച ഭാര്യയെ
ആന്റോ ജോണി തല്ലി
അത്കണ്ട് ആലീസ്
കൈകൊട്ടി ചിരിച്ച്
സ്‌കൂളില്‍പോകാന്‍
യാത്രയാകും

പത്ത്മുതല്‍ഒരുമണിവരെ
ബെന്നി കുര്യന്‍
അമ്മയ്ക്ക് യുദ്ധകഥകള്‍
പറഞ്ഞ്കേള്‍പ്പിച്ചുകൊണ്ട്
മിലിറ്ററി ക്വാട്ടയും
പന്നി വരട്ടിയതും
പങ്ക്വയ്ക്കും

ഒന്ന്മുതല്‍മൂന്നുവരെ

ഡോക്ടര്‍ സക്കറിയ
സിറിലിന്റെ മാതാപിതാക്കളോട്
അവന്‍ ഗേ ആണെന്ന്
തുറന്ന്പറഞ്ഞ് അവര്‍ക്ക്
കൗണ്‍സലിംഗ്നടത്തും

മൂന്നുമുതല്‍ അഞ്ച്വരെ
ആന്റോ ജോണി
ആലീസിനെ സ്‌കൂളില്‍വച്ച്
പേടിപ്പിച്ച യുകെജികാരനെ
പോലീസില്‍ പിടിപ്പിക്കുമെന്ന്
പറഞ്ഞ് കരയിപ്പിച്ചു
ആലീസിനു
ഹണിലൂപ്‌സിനുപകരം
ഇഷ്ടമുള്ളത്ര ചോക്ലേറ്റുകള്‍
വാങ്ങിക്കൊടുക്കും

അഞ്ച്മുതല്‍ആറുവരെ
സണ്ണി അന്ധനെ
സ്‌കൂട്ടറിലിരുത്തി
നഗരംകറക്കി
സുഗന്ധദ്രവ്യങ്ങള്‍
വില്‍ക്കുന്ന കടകളുള്ള
തെരുവിലൂടെ
വെറുതെവിടും

ആറുമുതല്‍എട്ട്വരെ
സെബാന്‍
മോണിക്കയെ തടിച്ചി
എന്നുവിളിച്ച ഒരുവന്റെ
മൂക്കിടിച്ച്പരത്തി
ആശുപത്രിയിലാക്കും

എട്ട്മുതല്‍ ഒന്‍പത് വരെ
സണ്ണി പലപല രുചികളുള്ള
ഭക്ഷണശാലകള്‍
അന്ധനൊപ്പം സന്ദര്‍ശിക്കും

ഒന്‍പത്മുതല്‍ പത്ത്വരെ
ബെന്നികുര്യന്‍
വാതംവന്ന
അമ്മയുടെകാലുകള്‍
തടവിക്കൊടുത്ത്
ഉറങ്ങുംവരെ
കൂട്ടിരിക്കും

പത്ത് പത്തരയ്ക്ക്
ബെന്നി കുര്യനോ
സണ്ണിയോ ആന്റോജോണിയോ
ഡോക്ടര്‍ സക്കറിയയോ
സെബാനോ സ്റ്റീഫന്‍ ദേവസ്യയോ
മുറിയില്‍വന്നുറങ്ങും

ഒരു ആറുആറരയ്ക്ക്
ബെന്നി കുര്യനോ
സണ്ണിയോ ആന്റോജോണിയോ
ഡോക്ടര്‍ സക്കറിയയോ
സെബാനോ സ്റ്റീഫന്‍ ദേവസ്യയോ
കിടക്കവിട്ടുണരും

ഇടയ്ക്ക്
ബെന്നി കുര്യനോ
സണ്ണിയോ ആന്റോ ജോണിയോ
ഡോക്ടര്‍ സക്കറിയയോ
സെബാനോ സ്റ്റീഫന്‍ ദേവസ്യയോ
കുളിക്കുന്ന സമയം
നീരാവിതുടയ്ക്കുന്നതിനിടയിലോ
വസ്ത്രം മാറുന്നതിനിടയിലോ
മുടി ചീകുന്നതിനിടയിലോ
കണ്ണാടിയില്‍ ദേഹംകാണുന്നമാത്ര
സ്വയമൊന്ന് പകയ്ക്കും
നെറ്റിചുളിക്കും
മുഖമൊന്നുഴിയും
ഒരു പേരുച്ചരിച്ചു നോക്കും
സാംസണ്‍ സാമുവേല്‍
സാംസണ്‍ സാമുവേല്‍
ആളെ കാണാതെയാകുമ്പോള്‍
ബെന്നി കുര്യന്റേയോ
സണ്ണിയുടേയോ ജോണിയുടേയോ
ഡോക്ടര്‍ സക്കറിയയുടേയോ
സെബാന്റേയോ സ്റ്റീഫന്റേയോ
ശിരസില്‍ തറമ്പുന്ന
ഇരുമ്പിന്റെ ഉള്‍മുഴക്കങ്ങള്‍
പല്ലില്‍ പുളിപ്പുകളാകും
അതില്‍നിന്നും
ദേഹത്തില്‍ പുളിരസം നിറച്ച്
പുളിയനുറുമ്പുകള്‍
അവര്‍ക്ക് ചുറ്റുംചിതറും

 

.....................................

Read more: എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍ 
.....................................



മൊഴിമാറ്റം 

അലക്‌സും ജോസഫീനുമെന്നുമുടക്കാണ്
നഖം കടിച്ച് തുപ്പിയതിനടിയായതാണ്
ചായ തട്ടി മറിഞ്ഞതിനുതെറി വിളിച്ചതാണ്
അടുക്കളയിലെ സിങ്കില്‍ കുലുക്കുഴിഞ്ഞതിന് 
പാത്രങ്ങള്‍ ഉടച്ചു കൈ മുറിച്ചവരാണ്
അലക്‌സും ജോസഫീനുമെന്നും വഴക്കാണ്

അലക്‌സും ജോസഫീനുമെന്നുമൊന്നിച്ചാണ്
ഒരേ വീട്ടിലെ താമസക്കാരാണ്
ഒരേ ആപ്പീസിലെ ക്ലര്‍ക്കുമാരാണ്
24 മണിക്കൂറും ഒരേ മുഖം കണ്ടിരിപ്പാണ്
അടുത്തടുത്ത സീറ്റുകാരാണ്
ഒരേ തൊഴില്‍ പയറ്റുന്നവരാണ്
മൊഴിമാറ്റം നടത്തുന്നവരാണ്

അലക്‌സ് മലയാളം ഇംഗ്ലീഷിലേക്കും
ഇംഗ്ലീഷ് മലയാളത്തിലേക്കും

ജോസഫീന്‍ ഇംഗ്ലീഷ് പോര്‍ച്ചുഗീസിലേക്കും 
പോര്‍ച്ചുഗീസ് ഇംഗ്ലീഷിലേക്കും

പോര്‍ച്ചുഗീസിനിത്തരെ ഡിമാന്റാണ്
ജോസഫീനിച്ചരെ പവറ് കൂടുതലാണ്

രണ്ടുപേരും ഒരുമിച്ച് ചെയ്യേണ്ട പണി വന്നപ്പം
ചെവിയില്‍ വിരലിട്ട് ഇളക്കണ
മൂക്കിലെ രോമം പിടിച്ച് വലിക്കണ
തൊണ്ടക്കുഴില്‍ കഫം കാറണ 
മുറുക്കിത്തുപ്പണ 
അലക്‌സിന്റെ പരിപാടി
നടക്കത്തില്ലെന്ന് ജോസഫീന്‍ കട്ടായം പറഞ്ഞു
അലക്‌സ് വെറ്റിലച്ചെല്ലം അടച്ചു വച്ചു

പണി തുടങ്ങി

വിശക്കുന്നു അലക്‌സ്
ഫയലിലെ വാക്ക് ഉറക്കെ വായിച്ചു 
ഹംഗ്രി ഇംഗ്ലീഷിലെഴുതി വിട്ടു 
ജോസഫീനതിനെ ഫോമീയെന്ന് മാറ്റി
ഫയല് നീക്കി

അടുത്ത വാക്ക് ഭക്ഷണം 
ഫൂഡ് എന്ന് അലക്‌സ് മൊഴി മാറ്റി
കൊമീദ എന്ന് ജോസഫീന്‍

അടുത്തത് ജോസഫീനായിരുന്നു
നാദാ ക്വീ = നതിംഗ് ഹിയര്‍
നതിംഗ് ഹിയര്‍ = ഇവിടൊന്നുമില്ല

ഇന്നത്തെപ്പണി എന്തെളുപ്പം
അലക്‌സ് കസേരയില്‍ ആഞ്ഞൊന്നിരുന്നു
ഒളിപ്പിച്ച് വച്ചിരുന്ന 
വെറ്റിലച്ചെല്ലം തുറന്ന് 
വെറ്റിലത്തുമ്പ് നുള്ളി
നെറ്റിയില്‍ പറ്റിച്ച് 
ചുണ്ണാമ്പും പുകയിലയും അടക്കത്തരികളും
കൂട്ടിയൊരു പിടിപിടിച്ചു

അലക്‌സ്: തണുപ്പ് = കോള്‍ഡ്
ജോസഫീന്‍ : കോള്‍ഡ് = ഫ്രിയോ

എന്റെ പൊന്നലക്‌സേ
ഇങ്ങനെയിരുന്ന് ചവക്കുന്നേയൊക്കെ കൊള്ളാം
ഒരു തുള്ളി എന്റെ മേലെയാകണം 
കാണാം കളി

ജനാല = വിന്‍ഡോ
വിന്‍ഡോ = ജനേല

ഏ എന്നത്ഭുതപ്പെട്ട അക്ഷരം 
അലക്‌സിന്റെ വായില് നിന്നും  
ചുവന്ന തുപ്പല്‍ തെറിപ്പിച്ചു

കഴിഞ്ഞ പള്ളിപ്പെരുന്നാളിന്
വാങ്ങിയ വെള്ള ടോപ്പില്‍
മുറുക്കാന്‍ തെറിച്ചപ്പോള്‍
അല്ലായിത് ശീമത്തുളസി പോലെ
എന്നാലോചിച്ച് പിന്നെയൊരു
മുട്ടന്‍ തെറി വിളിച്ച് ജോസഫീന്‍
നിന്നു തുള്ളി

അതിനു പകരം 
കറ വീണ ജോസഫീനിന്റെ 
നെഞ്ചില്‍ കണ്ണുടക്കി
ഇല്ലാത്ത വാക്ക്
ഫയലില്‍ നോക്കി  
വായിച്ചലക്‌സ്

അമ്മിഞ്ഞ = ബ്രസ്റ്റ്  

ജോസഫീനു നെഞ്ചു 
പൊത്തിപ്പിടിക്കാന്‍ തോന്നി

ബ്രസ്റ്റ് = മമ്മീഞ്ഞ

ഏ 
അലക്‌സ് വായ പിളര്‍ത്തി

അപ്പോഴേക്കും അടുത്ത ഫയല്‍
ജോസഫീന് വന്നു

പൊളീസ്യ പൊളീസ്യ പൊളീസ്യ

പൊളീസ്യ = പോലീസ് = പോലീസ്  

വീസ്‌തോ = വിസ = വിസ 

ഇല്ല = നോ = നോ

ഫയല്‍ വരവിന്റെ സ്പീഡ് കൂടി

കോഹേ കൊഹേ കൊഹേ 

ജോസഫീന്‍ അലക്‌സിനെ നോക്കി

കോഹേ = കറക്ട്
കറക്റ്റ്  = ശരി

ജോസഫീനൊരു ഊളച്ചിരി ചിരിച്ചു

പാസപോര്‍ച്ചേ = പാസ്‌പോര്‍ട്ട് = പാസ്‌പോര്‍ട്ട് 

അവളിനി മന:പൂര്‍വ്വം തെറ്റിച്ചോ?

കേരളത്തിനെ കട്ടുമുടിച്ച
പോര്‍ച്ചുഗീസുകാര് ത്ഫൂ

അലക്‌സ് നീട്ടിയൊരു തുപ്പ് വച്ചു കൊടുത്തു

പെണ്ണുങ്ങടെ നെഞ്ചീന്ന് 
കണ്ണെടുക്കാത്ത ആണുങ്ങള് ത്ഫൂ

ജോസഫീന്‍ നീട്ടിയൊരു തുപ്പ് വച്ചു കൊടുത്തു

കേരളത്തിന്റെ വാക്ക് കട്ടെടുത്ത പോര്‍ച്ചുഗീസുകാര്

പോര്‍ച്ചുഗീസുകാരുടെ വാക്ക് കട്ടെടുത്ത മലയാളം 

ജോസഫീന്‍ കയ്യില്‍ കിട്ടിയ പേപ്പര്‍ വൈറ്റ് 
എടുത്ത് ഒരു എറി കൊടുത്തു  
അലക്‌സിന്റെ നെറ്റി പൊട്ടി
അയാള്‍ കസേരയില്‍ നിന്നുമെഴുന്നേറ്റ്
ജോസഫീനെ ചവിട്ടി വീഴ്ത്തി
അവളെഴുന്നേറ്റ് വന്ന്
ഉച്ചക്ക് ചോറു കൊണ്ടു വന്ന
പാത്രം വച്ചിട്ടൊരടി തലക്ക്
തലച്ചോറ് പോലെ
ചോറ് ചിതറി

അയാളിടിച്ചു
അവള്‍ ചവിട്ടി
അയാള്‍ നഖം വച്ച് മാന്തി
അവള്‍ കടിച്ച് കഷ്ണം എടുത്തു
തൊലിപ്പുറം പൊളിഞ്ഞ്
രക്തമൊഴുകി
മേശയും കസേരകളുമൊടിഞ്ഞ്
ആപ്പീസ് താറുമാറായി
ഫയലുകള്‍ പറന്നു

ചോരയൊലിപ്പിച്ച് അവര്‍ കിടന്ന് കിതച്ചു

അപ്പോള്‍
അനധികൃതമായി
പോര്‍ച്ചുഗലിലേക്ക് കടന്ന
ഒരു മനുഷ്യന്‍
പോലീസ് കാറിലെ
ഡോര്‍ ഗ്ലാസില്‍
മുഖം വച്ച്
ആകാശത്തേക്ക് നോക്കി

പോലീസുകാരന്‍ വിളിച്ചു

ഇമിഗ്രാന്റേ സന്‌ഗ്രേന്തോ = ബ്‌ളഡി ഇമിഗ്രന്റ്‌സ്

ബ്‌ളഡി ഇമിഗ്രന്റ്‌സ്  = കുടിയേറ്റ നായ്ക്കള്‍ 

അയാളുടെ തലക്കുള്ളില്‍
ജോസഫീനും അലക്‌സും കിടന്നു

അലക്‌സ് ചോദിച്ചു 
കോഹേ എന്നു വച്ചാല്‍?

ഒരര്‍ത്ഥം കൂടിയുണ്ട്
റണ്‍, ഓടുക 
ജോസഫീന്‍ മുറിവ് തടവി

കുടിയേറ്റക്കാരന്‍
തലകുനിച്ച്
വണ്ടിയിലേക്ക് 
ഭാരം ചാരി

(2020)

 

വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios