ഒരു അപസര്‍പ്പക  കവിതയുടെ  ട്രെയിലര്‍, ടി പി വിനോദിന്റെ കവിത

വാക്കുല്‍സവത്തില്‍ ഇന്ന് ടി പി വിനോദ് എഴുതിയ പുതിയ കവിത


 

Malayalam poem by TP Vinod

ശാസ്ത്രമാണ് ടി പി വിനോദിന്റെ ഒരു ലോകം. മറ്റൊന്ന് കവിതയും. ഇതു രണ്ടിനുമിടയിലുള്ള, തത്വചിന്തയുടെയും സാമൂഹികതയുടെയും സാഹിത്യത്തിന്റെയുമൊക്കെ ഇടങ്ങളിലാണ് വിനോദിന്റെ കവിതകള്‍ സഞ്ചരിക്കുന്നത്. മിനിമലിസം എന്നു വിളിക്കാവുന്ന ഭാഷയുടെ, ആഖ്യാനത്തിന്റെ ചെത്തിത്തേച്ച ഘടനയാണ് ആ കവിതകള്‍ക്ക്. എന്നാല്‍, എല്ലാത്തിനെക്കുറിച്ചും ആഴത്തിലങ്ങ്സംസാരിച്ചുകളയാം എന്നു കരുതുന്ന ഒരാളേയല്ല ഈ കവിതയില്‍. പകരം, ഏറ്റവും നിസ്സംഗതയോടെ, ഒട്ടും ഒച്ചയില്ലാതെ, സൗമ്യമായി വായനക്കാരോട് സംവദിക്കുന്ന ഒരാളാണ്. സൗന്ദര്യത്തിന്റെയും ഭാവനയുടെയും രൂപപരതയുടെയും ഉറപ്പുള്ള ഫ്രെയിമുകള്‍ക്കുള്ളിലല്ല അതു സംഭവിക്കുന്നത്. രാഷ്ട്രീയവും സാമൂഹ്യാവസ്ഥകളുമൊക്കെ തീര്‍ക്കുന്ന ഒരടിനൂല്‍ അതിനുണ്ട്. ധൈഷണികമായ സാദ്ധ്യതകളിലേക്ക് ഊളിയിട്ട് തിരിച്ചുപൊന്തുന്ന ഒരു മീന്‍കൊത്തിയുടെ സൂക്ഷ്മത.

 

Malayalam poem by TP Vinod

 

ഏറെക്കുറെ എന്ന സങ്കല്പത്തെ
ഒരിക്കല്‍ക്കൂടി ആസ്പദമാക്കി
വീണ്ടും ഞാനെഴുതാന്‍ പോകുന്ന കവിത
ആഖ്യാനരൂപത്തിലുള്ള ഒന്നായിരിക്കും.

ആ കഥാവിതയില്‍ ഒരിടത്തുകൂടെ
ഒരു സീരിയല്‍ കില്ലര്‍ കടന്നുപോകുന്നുണ്ട്.
കേന്ദ്ര കഥാപാത്രങ്ങളിലാരുമല്ല
സീരിയല്‍ കില്ലര്‍ ഇതില്‍.
ഒരുപക്ഷേ, സീരിയല്‍ കില്ലറൊരുത്തന്‍
അപ്രധാന കഥാപാത്രമായിപ്പോവുന്ന
ലോകത്തിലെ ആദ്യത്തെ
ആഖ്യാനമായിരിക്കും അത്.

പക്ഷേ,
നിത്യേന ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തില്‍പ്പോലും
ഒരു തരത്തിലും വേഗതയാര്‍ജ്ജിക്കാത്ത
ഒട്ടും മൂളയില്ലാത്ത
ഒരു ഇഴജന്തുവാണ് രാത്രി എന്ന്
പകലില്‍ വെളിച്ചത്തിരുന്ന് ആലോചിക്കുകയും
കൃത്യനിഷ്ഠയുടെ നിശ്ചലമായ ആത്മാവുള്ള
വേറൊരു ഇഴജന്തുവാണല്ലോ പകല്‍ എന്ന്
രാത്രിയില്‍ ഇരുട്ടത്തിരുന്ന് പ്രാകുകയും ചെയ്യുന്ന
ഒരു കവി
ഈ കവിതയിലെ മുഖ്യ കഥാപാത്രമാണ്.

തന്നെ സംബന്ധിച്ച്
പ്രത്യേക മുന്‍കാല പ്രാധാന്യമൊന്നുമില്ലാത്ത
ഒരിരയെ സീരിയല്‍ കില്ലര്‍ തിരഞ്ഞെടുക്കുന്നതുപോലെ
(തിരഞ്ഞെടുക്കുന്നതിന് മുന്‍പ്)
കവി അയാളെ
തന്റെ കവിതയിലെടുക്കുന്നുണ്ടോ എന്ന്
ആരോ ഉറ്റുനോക്കുന്നതിന്റെ
സമീപദൃശ്യമാണ് ഇപ്പോള്‍ സ്‌ക്രീനില്‍.

പറഞ്ഞുവല്ലോ,
ഇതൊരു ട്രെയിലര്‍ മാത്രമാണ്.

ഒരു നിമിഷത്തെ നമ്മളെ
കൊന്നുതീര്‍ത്തിട്ടല്ലേ
അടുത്ത നിമിഷത്തിലേക്ക് നമ്മള്‍
അതിജീവിക്കുന്നത് എന്ന ചോദ്യവും
ജീവിതത്തെക്കുറിച്ചാവുമ്പോള്‍
ഏത് തത്വത്തിനെയും
ജീവിതതത്വമെന്ന് വിളിക്കണമല്ലോ
എന്ന ആശങ്കയും
നടുക്കൊരു വരി ഒഴിച്ചിട്ട വിധത്തില്‍
എഴുതിക്കാണിച്ച്
ഈ ട്രെയിലര്‍ ഫേഡ് ഔട്ട് ആവുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios