മഹാശ്വേതാ ദേവി- 'അരികുവൽക്കരിക്കപ്പെട്ടവരുടെ അമ്മ'

 സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, പത്മവിഭൂഷൺ, മാഗ്‌സെസെ അവാർഡ് എന്നുതുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ മഹാശ്വേതാ ദേവിയെ തേടിയെത്തിയിട്ടുണ്ട്.  

Mahasweta Devi death anniversary

"സ്വപ്നം കാണാനുള്ള അവകാശമായിരിക്കണം ഒരു പൗരന്റെ ആദ്യത്തെ മൗലികാവകാശം"  -മഹാശ്വേതാ ദേവി

അരികുജീവിതങ്ങൾക്ക് ഒരു ദൈവമുണ്ടെങ്കിൽ അത് മഹാശ്വേതാ ദേവിയാണ്. തന്റെ എഴുത്തും, ജീവിതവും ഒക്കെ പാർശ്വവൽക്കരിക്കപ്പെടുന്ന മണ്ണിന്റെ മക്കൾക്കായി ഉഴിഞ്ഞുവെച്ച ആ അനുഗ്രഹീത സാഹിത്യകാരി കളമൊഴിഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം തികയുന്നു. അവർക്ക് ഇന്ത്യയിൽ ഇനി കിട്ടാത്ത പുരസ്കാരങ്ങളൊന്നുമില്ല. സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, പത്മവിഭൂഷൺ, മാഗ്‌സെസെ അവാർഡ് എന്നുതുടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ മഹാശ്വേതാ ദേവിയെ തേടിയെത്തിയിട്ടുണ്ട്.  ദീർഘകാലം ഇംഗ്ലീഷ് അധ്യാപികയായിരുന്ന അവർ 1984 -ൽ അതിൽ നിന്നും വിരമിച്ച്, തന്റെ ജീവിതം മുഴുവൻ എഴുത്തിനും ആക്ടിവിസത്തിനുമായി ചെലവിടാൻ തീരുമാനിച്ചു.

മുഖ്യധാര എന്ന് നമ്മൾ വിളിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും ജീവിതസുഖങ്ങളുടെയും സന്തോഷങ്ങളുടെയും ഭൂമികയിൽ നിന്നും എന്നും ആട്ടിയോടിക്കപ്പെട്ടിട്ടുള്ള, അയിത്തം കല്പിച്ച് മാറ്റി നിർത്തപ്പെട്ടിട്ടുള്ള, ക്രിമിനൽവൽക്കരിക്കപ്പെടുക വരെ ചെയ്തിട്ടുള്ളവരാണ് ഈ ഭാരതഭൂമിയുടെ യഥാർത്ഥ അവകാശികളായ ഇവിടത്തെ ആദിമവാസികൾ. അവരുടെ ഭൂമികയ്യേറിയും, കാടുവെട്ടിത്തെളിച്ചും സ്വസ്ഥമായ അവരുടെ ആവാസകേന്ദ്രങ്ങളിൽ നിന്നും അവരെ തുരത്തിയോടിക്കുന്ന അധികാരിവർഗ്ഗത്തിനെതിരെ തന്റെ മൂർച്ചയേറിയ തൂലികയുമായി മഹാശ്വേതാ ദേവി സമരമുഖങ്ങളിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ആദിവാസിസ്ത്രീകൾ അനുഭവിക്കുന്ന അവഗണനകൾക്കും ചൂഷണങ്ങൾക്കുമെതിരെ പോരാടാൻ അവരെ ശാക്തീകരിക്കാനുള്ള എല്ലാ പരിശ്രമങ്ങൾക്കും മഹാശ്വേതാ ദേവി നേതൃത്വം നൽകി.

Mahasweta Devi death anniversary 

1926-  ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണകുടുംബത്തിലാണ്  മഹാശ്വേതാ ദേവി  ജനിച്ചത്. 'ജുബൻശ്വ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മൊനീഷ്  ഘട്ടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി  ഘട്ടക്കും  അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും, ശാന്തിനികേതനിലെ വിശ്വഭാരതി സർ‌വ്വകലാശാലയിൽ  ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കിയ അവർ പിന്നീട് കൽക്കട്ട സർവകലാശാലയിൽ നിന്ന് അതേ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി.  പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെയാണ് മഹാശ്വേതാ ദേവി വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരനായ നബാരുണ്‍ ഭട്ടാചാര്യ. 1959 -ൽ മഹാശ്വേതാദേവി വിവാഹമോചിതയായി.  

തന്റെ ഏറ്റവും ജനപ്രിയമായ ചെറുകഥകളിൽ ഒന്നായ ദ്രൗപദിയിലൂടെ അവർ അന്നുവരെ കേട്ടറിഞ്ഞ ചരിത്രചിത്രങ്ങളെ പൊളിച്ചെഴുതി.  കർഷകസമരങ്ങളാൽ കലാപകലുഷിതമായ നക്സൽ ബാരിയിലെ  ഒരു ആദിവാസി പെൺകുട്ടിയാണ് മഹാശ്വേതാ ദേവിയുടെ ദ്രൗപദി. കഥയുടെ തുടക്കത്തിൽ തന്നെ, തന്റെ കഥാനായികയെപ്പറ്റി, പൊലീസ് അന്വേഷിക്കുന്ന 'കൊടും ക്രിമിനലി'നെപ്പറ്റി അവർ വ്യക്തമായി വിവരിക്കുന്നുണ്ട്. 

പേര് :  ദോപ്‌‌ദി മെഝെന്‍ 
വയസ്സ് : 27  
ഭർത്താവ് : (Late) ഡുല്‍‌നാ മാഝി 
താമസം : ചേരാഖൻ,  ബങ്ക്രാജഡ്

ജീവനോടെയോ അല്ലാതെയോ പിടികൂടാൻ വേണ്ട 
സഹായം നൽകുന്നവർക്ക്  100  രൂപ പ്രതിഫലം.

മറ്റുള്ളവർക്ക് വളരെ സ്വാഭാവികമായും ഉറപ്പുനല്കപ്പെട്ടിരുന്നതിനൊക്കെ വേണ്ടിയായിരുന്നു  ദോപ്‌‌ദിയുടെ പോരാട്ടങ്ങളൊക്കെയും. നിലനില്പിനുവേണ്ടി, വെള്ളത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി.  നിസ്സഹായത, വിപ്ലവത്തിന് വഴിമാറുന്നതെങ്ങനെ എന്ന് വാക്കുകളിലൂടെ വരച്ചിടുന്നുണ്ട് മഹാശ്വേതാ ദേവി ഈ ചെറുകഥയിൽ.  സുർജാ സാഹു എന്ന ജന്മിയെ കൊന്നുകളഞ്ഞു എന്നതായിരുന്നു ദോപ്‌‌ദി ചെയ്ത കുറ്റം. 

ആദിവാസികളെ മുൻ നിർത്തി പോരാടുന്ന നക്സലികളെ അടിച്ചമർത്താൻ അവർക്കിടയിൽ തന്നെ നുഴഞ്ഞു കേറിയ സർക്കാരിന്റെ ചാരൻ, സേനാനായകനാണ് വില്ലൻ. 'കൗണ്ടറിങ്ങ്' തന്ത്രങ്ങളില്‍ വിദഗ്ധനായ വാർ സ്ട്രാറ്റജിസ്റ്റ്.  കൊലപാതകാനന്തരമുള്ള ഒളിച്ചുപാർക്കലിനിടെ ദോപ്‌‌ദി പിടിക്കപ്പെടുന്നു... അധികം താമസിയാതെ അവളുടെ പെൺ ശരീരത്തിന്റെ 'കമ്മോഡിഫിക്കേഷനും' തുടങ്ങുന്നു. അവളെ ചോദ്യം ചെയ്യാനായി 'വേണ്ടും വിധം' ഉടച്ചെടുക്കാൻ സേനാനായകൻ ഉത്തരവിടുന്നു. സേനാംഗങ്ങൾ അവളെ തുടർച്ചയായി ബലാത്സംഗം ചെയ്യുന്നു. അവൾക്ക് പലകുറി ബോധം നഷ്ടപ്പെടുന്നു. ഇടയ്ക്കെപ്പൊഴോ അവൾ ഒന്ന് കണ്ണുതുറക്കുന്നു. നഗ്നമായ തന്റെ ദേഹം, മാന്തിപ്പറിച്ച തന്റെ മുലകൾ, കടിച്ചുമുറിച്ച മുലക്കണ്ണുകൾ ഒക്കെയും കാണുന്നു. എത്ര പേർ...? നാലോ, അഞ്ചോ, ആറോ, ഏഴോ..? എണ്ണാൻ കഴിയുന്നില്ല. കണ്ണിൽ വീണ്ടും ഇരുട്ട് കയറുന്നു.

Mahasweta Devi death anniversary

ഒടുവിൽ, സേനാനായകന്റെ ഊഴമാണ്. ബലാത്സംഗം എന്ന ആയുധത്താൽ പരമാവധി ആത്മാഭിമാനം മുറിഞ്ഞുകിടക്കുന്ന ദോപ്‌‌ദി തന്റെ മുന്നിൽ പൂർണ്ണമായും കീഴടങ്ങുമെന്ന് അയാൾ കരുതുന്നു. എന്നാൽ, അവിടെ സംഭവിക്കുന്നത് മറിച്ചാണ്. ബലാത്സംഗം എന്ന പ്രക്രിയയെ തന്റെ ആത്മാവിനെ തകർക്കാൻ, തന്നെ നാണം കെടുത്താൻ അവൾ അനുവദിക്കുന്നില്ല. സേനാനായകനെ ഞെട്ടിച്ചുകൊണ്ട് ആ മുറിയ്ക്കുള്ളിൽ അവളുടെ ചിരി മുഴങ്ങുന്നു. ചിരി പൊട്ടിച്ചിരിയാകുന്നു. പൊട്ടിച്ചിരി അട്ടഹാസവും. ചിരിച്ചു ചിരിച്ച് മുറിഞ്ഞുപൊട്ടിയ ചുണ്ടിൽ നിന്നും ചോര പൊടിയുന്നു. ആ ചോര തുടച്ചുകളഞ്ഞുകൊണ്ട് അവൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ കൂവി വിളിക്കുന്നു. അയാളോടവൾ തെളിഞ്ഞ ശബ്ദത്തിൽ ചോദിക്കുന്നു.  "വസ്ത്രങ്ങൾ കൊണ്ട് എന്തുപയോഗം..? എന്നെ നിങ്ങൾക്ക് തുണിയുരിഞ്ഞു നിർത്താനായി.. പക്ഷേ, ഇനി എങ്ങനെ നിങ്ങളെന്നെ ഉടുപ്പിക്കും..? ഒരു പുരുഷനാണോ നിങ്ങൾ..? എന്നെ ഇതിൽ കൂടുതൽ എന്തുചെയ്യാനാകും നിങ്ങൾക്ക്.. ? വാ.. എന്നെ വന്ന് കൗണ്ടർ ചെയ്യ്.. കാണട്ടെ.. കൗണ്ടർ ചെയ്യ്..! "

സ്ത്രീകളെ, വിശേഷിച്ചും പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി സ്ത്രീകളെ അവരുടെ ശരീരത്തെ ഇകഴ്ത്തിക്കൊണ്ട്  ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന സാമൂഹിക വ്യവസ്ഥിതിക്കു നേരെയായിരുന്നു ദോപ്‌‌ദിയുടെ ആ ചോദ്യം. "ഇതിൽ കൂടുതലായി എന്നെ നിങ്ങൾക്ക് എന്തുചെയ്യാനാകും..?" 

മഹാശ്വേതാ ദേവിയുടെ കഥാനായികമാരൊക്കെയും സമൂഹത്താൽ, ഈ പുരുഷകേന്ദ്രീകൃത കുടുംബ വ്യവസ്ഥയാൽ, അത് അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക അടിമത്തത്താൽ ഒക്കെ ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളാണ്. ദോപ്‍ദി തന്നെയാണ് അതിനുദാഹരണം. അവരുടെ മോചനമാണ് അവർ കഥാന്ത്യത്തിൽ സാധിച്ചെടുക്കുന്നത്. അവരുടെ ഹസാർ ചൗരാസി കി മാ, രുദാലി തുടങ്ങിയ ചില കൃതികൾ സിനിമകളാക്കപ്പെട്ടിട്ടുണ്ട്.  നൂറിലധികം നോവലുകളും 20  -ലധികം ചെറുകഥാ സമാഹാരങ്ങളും  എഴുതിയിട്ടുണ്ട് അവർ. ആദ്യം എഴുതുന്നത് ഇപ്പോഴും ബംഗാളിയിലാണ്, പിന്നെ അത് മറ്റുഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടാറാണ് പതിവ്. ലീലാ സർക്കാർ, പത്മനാഭൻ, കെ അരവിന്ദാക്ഷൻ തുടങ്ങി പലരും അവരുടെ കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. 

Mahasweta Devi death anniversary

തന്റെ എഴുത്തിലെ പരിശ്രമങ്ങൾക്ക്, സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരുമായുള്ള  തന്റെ നേരിട്ടുള്ള ഇടപെടലുകൾ കൊണ്ട് തുടർച്ചകൾ ഉണ്ടാക്കാൻ അവർക്ക് സാധിക്കുന്നു. ചൂഷണങ്ങളോടുള്ള നിരന്തരമായ പോരാട്ടമായിരുന്നു അവരുടെ ജീവിതം. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ നന്ദിഗ്രാം സിംഗൂർ പോലെ ആദിവാസികൾ ചൂഷണത്തിനിരയാവുന്നു എന്ന്, വ്യക്തമായ ചില  സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട് മഹാശ്വേതാദേവി. അവസാനകാലത്ത് വാർദ്ധക്യസഹജവും അല്ലാത്തതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും സാഹിത്യ-സാംസ്കാരിക ലോകത്ത് മഹാശ്വേതാ ദേവി സജീവസാന്നിദ്ധ്യമായിരുന്നു. അതിനിടയിലാണ് 2016 ജൂൺ 11 -ന് തന്റെ തൊണ്ണൂറാം വയസ്സിൽ അവർക്ക് ഹൃദയാഘാതമുണ്ടാവുന്നത്. കുറച്ചുദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ തുടർന്ന അവർ 2016  ജൂലൈ 28  -ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഹൃദയം നിലച്ച് മരിച്ചുപോവുകയായിരുന്നു അവർ.

courtesy:  Voicing the Voiceless: Breast Stories (Draupadi, Breast-giver and Behind the Bodice) , A Study of Socio-Political Conditions in the Selected Works of Mahasweta Devi -Dr. Sameer Ahmad Dar

Latest Videos
Follow Us:
Download App:
  • android
  • ios