Love Debate : ഒരേ സമയം കിരീടം ചൂടിക്കുകയും കുരിശിലേറ്റുകയും ചെയ്യുന്ന പ്രണയം!

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇന്ന്  മഞ്ജു മംഗലത്ത് എഴുതിയ പ്രണയകുറിപ്പ്

love debate many generations many love by Manju Mangalath

പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയസംവാദം തുടരുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയക്കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം.

 

love debate many generations many love by Manju Mangalath
 

നീയെന്നും ഞാനെന്നുമുള്ള രണ്ടിനെ നമ്മളെന്ന ഒന്നാക്കി മാറ്റുന്ന, ഒന്ന് മറ്റൊന്നില്‍ അലിഞ്ഞു ചേരുന്ന ഒന്ന്. പ്രണയത്തെ ഏറ്റവും ലളിതമായി അങ്ങനെ പറയാം. വൃദ്ധനെ പതിനാറുകാരനാക്കുന്ന മധുരതരമായ ഒരനുഭൂതി. ഇനി മറ്റൊരു തലത്തില്‍ പറഞ്ഞാലോ, പ്രണയം ജലം പോലെയാണ്. ജലം അതിനെ ഉള്‍ക്കൊള്ളുന്ന പാത്രത്തിനനുസരിച്ച് രൂപവും ഉപയോഗരീതികള്‍ അനുസരിച്ചു സ്വഭാവവും മാറുന്നു. പ്രണയവും അത് പോലെ തന്നെ. ഓരോ മനുഷ്യന്റെയും കാഴ്ച്ചപ്പാടുകള്‍ അനുസരിച്ചോ വ്യക്തി-സ്വാഭാവ വൈചിത്ര്യങ്ങളനുസരിച്ചോ പ്രണയത്തിന്റെ രൂപവും ഭാവവും മാറുന്നു.

എപ്പോഴും മിണ്ടാന്‍ തോന്നിപ്പിക്കുന്ന, കാണാന്‍ തോന്നിപ്പിക്കുന്ന, സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന, നീയില്ലാതെ ഞാനില്ലെന്ന് ആണയിട്ടുറപ്പിക്കുന്ന മധുരവും മനോഹരവുമായ ആദ്യനാളുകള്‍ കഴിഞ്ഞാല്‍ പിന്നെ പരസ്പര സ്വാതന്ത്ര്യങ്ങളിലേക്കൊരു കടന്നുകയറ്റമാണ് പൊതുവെ കണ്ടു വരുന്നത്. നീ എന്റെ ആണെന്നും ഇനി എല്ലാം എന്റെ ഇഷ്ടത്തിനാവണം എന്നുമുള്ള സ്‌നേഹത്തില്‍ പൊതിഞ്ഞ ഉടമ്പടികള്‍. പ്രണയമാണോ പണയമാണോ അതെന്ന് ചിന്തിക്കേണ്ട സമയമാണത്.

യാതൊരു വിധത്തിലുള്ള വൈകാരിക നിക്ഷേപവും ഇല്ലാതെ,  പ്രണയമൊരു കളിക്കോപ്പായോ ഗെയിമോ മാത്രമായി കണക്കാക്കുന്നവരാണ് മറ്റൊരു കൂട്ടര്‍. ജീവിതം ഏത് വിധേനയും ആഘോഷിച്ച്  തിമിര്‍ക്കാനുള്ളതാണെന്നും അതിന്റെ ഒരു ഭാഗം മാത്രമാണ് പ്രണയമെന്നും കരുതുന്നവര്‍. ഒരാളെ മടുക്കുമ്പോള്‍, അല്ലെങ്കില്‍ അതിലും മെച്ചപ്പെട്ടത് കാണുമ്പോള്‍  ഒന്നില്‍ നിന്നിറങ്ങി മറ്റൊന്നിലേക്കോ ഒരേ സമയം മറ്റു പലരിലേക്കോ കയറിയിറങ്ങുന്നവര്‍. 

അവിടെയൊരു പ്രശ്‌നമുണ്ട്, മറുവശത്തുള്ളയാള്‍ വളരെ സെന്‍സിറ്റീവോ ആത്മാര്‍ത്ഥ പ്രണയത്തിന്റെ ഉച്ചിയില്‍ കഴിയുന്നയാളോ ആണെങ്കില്‍ ചതിക്കപ്പെട്ടു എന്ന നോവിന്റെ കടലില്‍ പെടും. വേദനയുടെ ആ കടല്‍ മുറിച്ചു കടക്കാനാവാതെ വരുമ്പോള്‍ അത്തരക്കാര്‍ ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നു. വികാരം വിചാരത്തെ കൈവിട്ടു കളയുന്ന ഒറ്റനിമിഷത്തെ പെട്ടു പോകല്‍. ചതിക്കപ്പെടുന്നുവെന്നോ ഉപയോഗിക്കപ്പെടുന്നുവെന്നോ അസ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നോ തോന്നുന്ന ഒരു പ്രണയത്തില്‍ നിന്ന് ഫ്രീഡം ഫൈറ്റ്' എന്ന പുതിയ സിനിമയിലെ ഗീതു എന്ന കഥാപാത്രത്തെ പോലെ 'പോടാ\പോടീ മൈരേ' എന്നു പറഞ്ഞു തിരിഞ്ഞു നടക്കാന്‍ പറ്റേണ്ടതുണ്ട്.

ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കി ശീലിച്ചു വളരുന്ന പുതു തലമുറയുടെ പ്രണയത്തിന്റെ മുഖം ക്രൂരവും ഭീതിദവുമാണ്. തനിക്ക് കിട്ടാത്ത ഒന്നിനെ ഇല്ലാതാക്കുക എന്നതാണ് അക്കൂട്ടരുടെ മുദ്രാവാക്യം. പ്രണയമതല്ലെന്നും, സ്‌നേഹിക്കുന്ന രണ്ടുപേര്‍ക്ക് പരസ്പരം ഉടലിനെയോ ഉള്ളിനെയോ മുറിപ്പെടുത്താനാവില്ലെന്നും ഇവരെന്നാണ് മനസ്സിലാക്കുക? നേടുന്നത് മാത്രമല്ല നഷ്ടപ്പെടുന്നതും സ്‌നേഹമാണെന്ന് ഇവര്‍ക്ക് ആരാണ് പറഞ്ഞു കൊടുക്കുക?

പ്രണയം സുഖ-സന്തോഷ ലഭ്യതകളുടെ കുറുക്കുവഴിയാണെന്നു കരുതാതിരിക്കുക. വളര്‍ത്താനും തളര്‍ത്താനും ഒരു പോലെയാവുന്ന ഒരു പ്രതിഭാസമാണത്.

'കിരീടം ചൂടിക്കുമെങ്കിലും പ്രേമം നിന്നെ കുരിശിലേറ്റുകയും ചെയ്യും' എന്ന വരികള്‍ ഓര്‍ത്തു പോകുന്നു. പ്രണയത്തില്‍ ആയിരിക്കുന്ന സമയം പരസ്പര ബഹുമാനത്തോടെ അതിനെ അതിന്റെ ഏറ്റവും ആഴത്തില്‍ അനുഭവിക്കുക എന്നത് തന്നെയാണ് അതിന്റെ മനോഹാരിത. സ്‌നേഹം കൊണ്ട് കൂട്ടുവരുന്ന ഒരാളെ കണ്ടെത്തിയാല്‍, നമുക്ക് പൊള്ളുമ്പോള്‍ അതേ സ്‌നേഹം കൊണ്ട് തണല്‍ വിരിയ്ക്കുന്നൊരാളെ കണ്ടെത്തിയാല്‍, നമ്മളെന്താണോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കുന്ന, അംഗീകരിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ പ്രണയം കണ്ടെത്തിയെന്ന് കരുതാം.

തിരയും തീരവും പോലെ പരസ്പര പൂരകങ്ങളായ പ്രണയങ്ങള്‍ വിരളമായെങ്കിലും ഇന്നുമുണ്ട്. ഉടഞ്ഞിരിക്കുമ്പോള്‍ ഒരു ചേര്‍ത്ത് പിടിക്കലില്‍ ഉയിരുവയ്പ്പിക്കുന്നവര്‍. നഷ്ടപ്പെടുമ്പോഴും നീയുണ്ടായിരുന്ന കാലത്തെ വസന്തമെന്നെഴുതി മടക്കി വച്ചിട്ടുണ്ടെന്ന് കാണാതെ മിണ്ടാതെ ഓര്‍ത്തിരിക്കുന്നവര്‍. അതെ...അതും പ്രണയമാണ്.

'പ്രണയിക്കുകയെന്നാല്‍ 
ഹൃദയത്തിന്റെ ഒത്തനടുവിലൊരു
പൂന്തോട്ടമുണ്ടാക്കുകയെന്നാണ്
പ്രണയിക്കുകയെന്നാല്‍
വഴിതെറ്റി പോകേണ്ട ഒരമ്പിനെ
ഹൃദയത്തിലേക്ക് 
ഏറ്റുവാങ്ങുകയാണ് '

 

 

പ്രണയമെഴുത്തുകള്‍ വായിക്കാം:

 പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!

ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു

പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!

 പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ

വാക്കുകള്‍ പടിയിറങ്ങുമ്പോള്‍ ചുംബനച്ചിറകില്‍ നാമത് വീണ്ടെടുത്തു, ഒരു പ്രണയലേഖനം

നിന്നെ പ്രണയിക്കുന്നതിന്‍ മുമ്പ്, നെരൂദയുടെ കവിത

രതിദംശനങ്ങള്‍, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

ആഞ്ഞുകൊത്തുന്ന പ്രണയം, വിമല്‍ജിത്ത് എഴുതിയ കവിത 

പാടി മറന്നൊരു പല്ലവിയോ നാം, മൂന്ന് പ്രണയഗാനങ്ങള്‍ 

നീ എന്നോട് പ്രണയത്തിലാകുന്ന നിമിഷം മുതല്‍  

സ്വപ്‌നമെത്തയില്‍ അവന്‍, കബനി കെ ദേവന്‍ എഴുതിയ പ്രണയകഥ

തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം, അതല്ലേ യഥാര്‍ത്ഥ പ്രണയം! 

കാമപൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നത് യഥാര്‍ത്ഥ പ്രണയമാണോ?  

കുട്ടികളുടെ ഭാവിയ്ക്കു വേണ്ടിയോടുമ്പോള്‍ പരസ്പരപ്രണയം മറക്കുന്നവരാണോ നിങ്ങള്‍?

 

Latest Videos
Follow Us:
Download App:
  • android
  • ios