തമിഴ് കവി ചേരന്റെ രണ്ട് കവിതകള്‍, വിവര്‍ത്തനം: സച്ചിദാനന്ദന്‍
വാക്കുല്‍സവത്തില്‍ ഇന്ന് പ്രമുഖ തമിഴ് കവി ചേരന്‍ എഴുതിയ രണ്ട് കവിതകളുടെ മലയാളം വിവര്‍ത്തനം.
വാക്കുല്‍സവത്തില്‍ ഇന്ന് പ്രമുഖ തമിഴ് കവി ചേരന്‍ എഴുതിയ കവിതകളുടെ മലയാളം വിവര്‍ത്തനം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാറ്റില്‍ എഴുതല്‍' എന്ന സമാഹാരത്തിലെ ഈ കവിതകള്‍ വിവര്‍ത്തനം ചെയ്തത് പ്രമുഖ കവി സച്ചിദാനന്ദന്‍. സമ്പാദകര്‍: സുകുമാരന്‍, അനിത തമ്പി.
എഴുതപ്പെടാതെ പോവേണ്ട കവിത
ശവപ്പെട്ടികള്‍ തുറന്നുവെക്കൂ.
വന്‍മരങ്ങളുടെ നീണ്ട നിഴലുകള്‍
കുറുകി വ്യസനിച്ച് പുല്‍പ്പടര്‍പ്പിന്‍മേല്‍
വീഴുന്ന ഈ മണ്ണില്‍
ഇളങ്കാറ്റ് പതിവുപോലെ ഇടയ്ക്കിടയ്ക്ക്
വീശിക്കൊണ്ടിരിക്കുന്ന നേരത്ത്
വീണ്ടും വീണ്ടും നിറവേറാത്ത ആശകളും ലക്ഷ്യങ്ങളും
ആറടി നീളവും രണ്ടടി വീതിയുമുള്ള ഈ ഇടത്തില്‍
ദുഃഖത്തിന്റെ നൂലിഴയില്‍ തൂങ്ങിനില്‍ക്കുന്നു.
കുറച്ചുനേരത്തേക്കെങ്കിലും
ആ രണ്ടു ശവപ്പെട്ടികളും
തുറന്നുവെക്കൂ,
കോടി വേണ്ടാ.
ആകെയുള്ള തുണി ഉണങ്ങാനിട്ട്
ഒളിച്ചിരിക്കുന്ന ആ ക്യാമ്പുകളിലെ
നമ്മുടെ പെണ്ണുങ്ങളെ ഓര്‍ക്കാം.
നമ്മുടെ ചോരപുരണ്ട ഉടുപ്പുകള്‍
പതുക്കെ അഴിച്ച്
മുറിവുകള്‍ പുറത്തുകാട്ടൂ.
ഇലകളിലൂടെ വരുന്ന വെയില്‍
അവയുടെ മീതേ പൂക്കളായി
ഉതിരട്ടെ
ഇളങ്കാറ്റ് അവയെ തലോടട്ടെ,
നമുക്ക് വീണ്ടുമോര്‍ക്കാം,
തലചിതറി ചോര തെറിക്കുന്ന കൊലക്കളത്തില്‍
ഉതിരത്തില്‍ മുങ്ങി
നിലത്തുകിടക്കുന്ന പ്ലക്കാര്‍ഡ്.
വീണ്ടും എല്ലാവര്‍ക്കും ഓര്‍ക്കാം
ഒരു തരത്തില്‍ ഈ ഉടലുകള്‍
ഭാഗ്യം ചെയ്തവയാണ്
റബ്ബര്‍ മണമില്ലാതെ
കത്താനുള്ള വിറകുകള്‍
ചുറ്റുംനിന്നു കരയാന്‍
ബന്ധുക്കള്‍
ബാഷ്പാഞ്ജലി
കാവ്യാത്മകമായ ചരമക്കുറിപ്പുകള്‍.
പെട്ടിയിലടക്കാനവസരം കിട്ടാതെ,
ശ്മശാനത്തിന്റെ ഒരു കോണില്‍,
കുറ്റാക്കൂരിരുട്ടില്‍,
മുഖമില്ലാതെ,
കുഴിച്ചുമൂടപ്പെട്ട ഉടലുകളെ,
പാതിവെന്ത, പാതി അഴുകിയ ഉടലുകളെ,
സ്വതന്ത്രരാകാന്‍ കളത്തിലിറങ്ങി പൊരുതി,
സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവരെ,
അവരെ ഓര്‍ക്കാതിരിക്കുന്നത് കൊടിയ പാപം.
ഈ വടുക്കള്‍ ശത്രു ഉണ്ടാക്കിയതല്ല,
നമ്മുടെ കൊലക്കൈകളുണ്ടാക്കിയവ.
അവ കറപുരളാത്ത കൈകളാണെന്ന്
ചെണ്ടയടിച്ച് എല്ലാവരോടും
കവിതചൊല്ലിയ
എന്റെ വായ്ക്ക് ചെരിപ്പുകൊണ്ടൊരടി.
കൂട്ടരേ, തെറ്റിനെ
ന്യായീകരിക്കുന്ന ലഘുലേഖകള്‍,
കള്ളത്രാസ്,
മുതലക്കണ്ണീര്‍,
ഒന്നും കാര്യമില്ല.
നമുക്കു വേണ്ടത്,
ഒരു രാഷ്ട്രത്തിന്റെ ആത്മഹത്യയാണിതെന്നറിയാതെ
ഉയര്‍ത്തിയ ആ കൈകളില്‍നിന്ന്
ആയുധങ്ങള്‍ പറിച്ചെടുത്തുകളയുന്ന
ജനങ്ങളുടെ ശബ്ദം.
അരാജകത്വത്തിന്റെ വേരില്‍
ഒരു കുഴിബോംബ്.
('എഴുതിയിരുക്ക വേണ്ടാത കവിതൈ', 1986)
....................................................................
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാറ്റില്‍ എഴുതല്‍' സമാഹാരം ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
....................................
Read more: ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
....................................
കുരല്‍
ചങ്ങാതീ,
എന്നോടെന്തിനാണു ചോദിച്ചത്?
ഉപേക്ഷിച്ചവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍
മരിച്ചുകഴിഞ്ഞവര്‍, മരിച്ചുകൊണ്ടിരിക്കുന്നവര്‍
നിലനില്‍ക്കുന്നവര്‍, നശിപ്പിക്കപ്പെട്ടവര്‍
ഉയിര്‍ത്തവര്‍, വീണവര്‍
ഓര്‍മിക്കപ്പെടുന്നവര്‍, മറക്കപ്പെട്ടവര്‍
കൊലചെയ്യപ്പെട്ടവര്‍, അതിജീവിച്ചവര്‍
ഒഴുകിനടക്കുന്നവര്‍, അലഞ്ഞുതിരിയുന്നവര്‍
ഇവരില്‍ എത്രപേരെ എനിക്കറിയുമെന്ന്
എങ്ങനെ നീ അറിഞ്ഞു?
ഞാന്‍ കടലിനക്കരെയായിരിക്കാം,
പക്ഷേ, എന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍
ചോരമഴ.
എന്നെച്ചൂഴ്ന്ന് ഉരുകിയോടും പുഴയില്‍
പൊന്തിക്കിടക്കുന്നു ഒരു കൂറ്റന്‍ മഞ്ഞുമല
അതിനുമുകളില്‍ നനഞ്ഞ തൂവലുകളുമായി
മുറിവേറ്റ ഒരു കടല്‍ക്കാക്ക.
ദിശയറിയാത്തവര്‍ക്കിടയില്‍
കെണിയിലായത് ഏത്,
പുഴയോ പറവയോ?
എന്തിനാണു നീ എന്നോടു ചോദിച്ചത്?
ഞാനില്ലാതായാലും
ഉയിരെരിയുന്ന നിന്റെ കുരലിന്
ഞാന്‍ മാറ്റൊലി തിരിച്ചുതരുമെന്നാണോ?
(കുരല്‍', 2009)
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം