യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
വാക്കുല്‍സവത്തില്‍ ഇന്ന് സൈബര്‍ ഫിക്ഷന്റെ യാത്രകള്‍. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
ഇമെയില്‍, ചാറ്റ്, ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയ എന്നീ കേവലസംജ്ഞകളുടെ ബലത്തില്‍ കഥകളും നോവലുകളും, 'സൈബര്‍ ഫിക്ഷന്‍' ആക്കുന്ന നമ്മുടെ ഭാഷയിലെ രീതി തീര്‍ത്തും ബാലിശമാണ്. 'സൈബര്‍ പങ്ക്' നോവലുകളുടെ ചിട്ടവട്ടത്തിന്റെ വികലമായ അനുകരണം പോലും ആവാത്ത സൃഷ്ടികളെ സൈബര്‍ കഥകളായി പരിഗണിക്കുന്ന രീതി ആക്ഷേപകരം എന്ന് പറയേണ്ടി വരും.
1
ലോകമെന്നത് അനുഭവങ്ങളുടെ സഞ്ചയവും അവയെ സംബോധന ചെയ്യലും ആണെന്ന വിചാരം ദൃഢമാണ്. ഈ അനുഭവങ്ങളുടെ സമഗ്രമായ പ്രതിഫലനമായി സാഹിത്യം പ്രതിനിധാനം ചെയ്യുന്ന ഭൂമികയെ നോക്കിക്കാണാറുണ്ട്. ദേശം, കാലം, വംശം, ചരിത്രം, മനുഷ്യബന്ധങ്ങള്‍, തത്വചിന്താപരമായ ജീവിതവൃത്തങ്ങള്‍ തുടങ്ങിയ തുറസ്സുകളിലൂടെയുള്ള സാഹിത്യകാഴ്ചകളുടെ ആഴവും പരപ്പും കൃത്യമായി നമുക്ക് അറിയാം. നാനാവിധ സന്ദര്‍ഭങ്ങളിലൂടെ സന്തോഷിക്കുകയും വിറങ്ങലിക്കുകയും ചെയ്യുന്ന മനുഷ്യന്റെ നിസ്സഹായതയും നിസ്സംഗതയും ക്‌ളാസ്സിക് കൃതികളില്‍ നാം അഭിമുഖീകരിച്ചു. ബന്ധങ്ങളുടെ അക്ഷരത്തെറ്റുകളെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു വെയ്ക്കാന്‍ നോവലുകളിലെയും കഥകളിലെയും അക്ഷരങ്ങള്‍ക്ക് സാധിക്കാറുമുണ്ട്. മനുഷ്യനെ പ്രതിനിധീകരിക്കുന്ന ഇടത്തിന്റെ അവബോധവും രാഷ്ട്രീയവും ചിന്തയും ആയി സാഹിത്യം ഉറച്ചു നില്‍ക്കുന്നു. വിപ്ലവത്തിന്റെ അലയൊലികളെയോ പ്രത്യയശാസ്ത്രത്തിന്റെ തീവ്ര പരികല്‍പനകളെയോ യുക്തിബോധത്തിന്റെ അടരുകളെയോ സാഹിത്യം അവതരിപ്പിച്ചപ്പോള്‍ അതിനു കൈവന്ന സാമൂഹികമാനത്തിനെ ലോകം അംഗീകരിച്ചു. നിരാശതാവിചാരവും അസ്തിത്വദുഃഖവും ദൈവശാസ്ത്രതര്‍ക്കവും അടങ്ങുന്ന യുക്തിമണ്ഡലത്തിലെ വിവിധ തരം ആശയങ്ങളെ ഉരച്ചു നോക്കുന്ന ഉരകല്ലായ സാഹിത്യം എന്ന മണ്ഡലത്തിലെ ചില വ്യത്യസ്ത ഇടങ്ങളെ കൂടി കൃത്യതയോടെ അടയാളപ്പെടുത്തേണ്ടതുണ്ട്. സമയം, സ്ഥലം, കാലം, യഥാര്‍ത്ഥലോകം, മനുഷ്യര്‍ എന്നിങ്ങനെ യാതൊരു അതിരുകളുടെയും നിഷ്‌കര്‍ഷ ഇല്ലാത്ത ഒഴിഞ്ഞ പ്രദേശം ആണത്. സങ്കല്‍പ്പങ്ങളുടെ മഴക്കാടുകളും ഭാവനയുടെ ഭൂഖണ്ഡങ്ങളും ലാസ്യനൃത്തവും ശിവതാണ്ഡവവും ആടുന്ന ഈ സാഹീതീയ പ്രദേശത്തെ നാം കൂടുതല്‍ പരിചയപ്പെടണം.
ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ സ്ഥലം/ ഇടം എന്നതിന്റെ തലങ്ങള്‍ വലുതാണ്. സ്വാഭാവികമായും സാഹിത്യത്തേയും അതിന്റെ അടയാളപ്പെടുത്തലുകള്‍ കൂടുതലായി തുടങ്ങി. കഥാഗാത്രത്തിനു പിന്‍ബലമേകല്‍ പ്രദാനം ചെയ്യുന്ന പരിസരം എന്നതില്‍ കവിഞ്ഞു 'സ്ഥല'ത്തിനു വര്‍ധിച്ച പ്രാധാന്യം വരാന്‍ ആരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്. എന്നാല്‍ 'സമയ'ത്തെ മുന്നോട്ടും പിന്നോട്ടും ഇലാസ്തികമായി ചലിപ്പിക്കാന്‍ തക്കവിധം സാങ്കേതികപ്രമേയങ്ങളുടെ സഹായത്തോടെ ആഖ്യാനങ്ങള്‍ കരുത്ത് നേടി. തീര്‍ത്തും നവീനവും അപരിചതവുമായ സ്ഥലരാശികളില്‍ അന്തര്‍ലീനമായ സ്ഥാവര ജംഗമ വസ്തുക്കള്‍ സാഹിത്യത്തിന് പുതിയ വ്യവഹാരഭാഷ്യങ്ങള്‍ നല്‍കി. വേഷം, സംസ്‌കാരം, ഭക്ഷണം, ജീവിതശൈലി, കുടുംബബന്ധങ്ങള്‍ എന്നിവ പോലെ സാഹിത്യത്തിനും വേറിട്ട ഭൂപ്രദേശത്തേക്ക് യാത്ര ചെയ്യേണ്ടി വന്നു. എങ്ങനെയാണ് സാഹിത്യത്തിന്റെ വേറിട്ട ഇടങ്ങള്‍ രൂപപ്പെടുന്നത് എന്ന അന്വേഷണം കൗതുകകരമാണ്. ടെലിഗ്രാം, ഇ മെയില്‍, എസ് എം എസ് എന്നിങ്ങനെയുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ രൂപപ്പെട്ടതിന്റെ ചരിത്രം സാങ്കേതിക-വാര്‍ത്താവിനിമയ രംഗത്തെ പ്രധാനപ്പെട്ട വഴിത്തിരിവുകളാണ്. എന്നാലിവയെ ഫിക്ഷന്റെ സങ്കേതത്തില്‍ വിജയകരമായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍, അവ സാഹിത്യത്തിന്റെ ഒരു നവയിടപ്രതിനിധാനം ആയേക്കും എന്ന് തീര്‍ത്തും പറയാനാവില്ല. ഇടങ്ങള്‍ കണ്ടുപിടിക്കുന്നതോടൊപ്പം സര്‍ഗാത്മകഭാവനയും ഉണ്ടായാലേ അതിനു മിഴിവുണ്ടാകൂ. എന്നാല്‍ ഇമെയില്‍, ചാറ്റ്, ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയ എന്നീ കേവലസംജ്ഞകളുടെ ബലത്തില്‍ കഥകളും നോവലുകളും, 'സൈബര്‍ ഫിക്ഷന്‍' ആക്കുന്ന നമ്മുടെ ഭാഷയിലെ രീതി തീര്‍ത്തും ബാലിശമാണ്. 'സൈബര്‍ പങ്ക്' നോവലുകളുടെ ചിട്ടവട്ടത്തിന്റെ വികലമായ അനുകരണം പോലും ആവാത്ത സൃഷ്ടികളെ സൈബര്‍ കഥകളായി പരിഗണിക്കുന്ന രീതി ആക്ഷേപകരം എന്ന് പറയേണ്ടി വരും.
'കേസ്' എന്ന പേരുള്ള കമ്പ്യൂട്ടര്‍ ഹാക്കറിന്റെ കഥ പറയുന്ന വില്യം ഗിബ്‌സന്റെ Neuromancer സൈബര്‍ ഫിക്ഷന്റെ ആദ്യകാല മാതൃകയാണ്. ഒരു മോഷണവുമായി ബന്ധപ്പെട്ട് കേസിന്റെ മസ്തിഷ്‌കം അയാളുടെ മുതലാളി തകരാറിലാക്കുകയാണ്. തുടര്‍ന്ന് സൈബര്‍ സ്‌പേസില്‍ ഇടപെടാനുള്ള അനുമതി അയാള്‍ക്ക് ഇല്ലാതാവുകയാണ്. ഇതില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്ന അയാള്‍, എന്നാല്‍ സങ്കീര്‍ണതകളുടെ ലോകത്തേക്ക് വീണു പോകുകയാണ്. അയാളിലെ ഹാക്കിങ് വൈഭവം കണ്ട ചിലര്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി സഹായിക്കാനെത്തുകയും അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് നോവലിന്നാധാരം. 1984ല്‍ പ്രസിദ്ധീകരിച്ച നോവല്‍, സൈബര്‍ ഇടത്തിന്റെ എല്ലാ വിധ സാധ്യതയും ഭാവനാത്മകമായി ഉപയോഗിക്കുന്നുണ്ട്. സാഹിത്യത്തില്‍ മറ്റൊരു ഇടം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ സംരംഭത്തെ കാണാം. ഇത്തരമൊരു നോവല്‍ സൃഷ്ടിച്ച നവീന ഭൂമികയുടെ സാധ്യത ഇന്റര്‍നെറ്റിന്റെ യുഗത്തിലും മലയാളത്തില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടില്ല. എം നന്ദകുമാറിന്റെ ചില കഥകളില്‍ മാത്രമാണ് ഈ വിഷയത്തെ ഗൗരവപൂര്‍വം പരിഗണിച്ചത്. സൈബോര്‍ഗുകളും പോസ്റ്റ് ഹ്യൂമന്‍ സങ്കല്‍പ്പങ്ങളും കഥകളില്‍ വന്നാല്‍ കഥാഗാത്രത്തിന്റെ സ്വാഭാവികത നഷ്ടമാവുമോ എന്ന ആശങ്കയാവാം നമ്മുടെ കഥാഭൂമിയില്‍ അവയ്ക്ക് അയിത്തം കല്പിക്കപ്പെട്ടത്.
......................................................................................
'കേസ്' എന്ന പേരുള്ള കമ്പ്യൂട്ടര്‍ ഹാക്കറിന്റെ കഥ പറയുന്ന വില്യം ഗിബ്‌സന്റെ Neuromancer സൈബര്‍ ഫിക്ഷന്റെ ആദ്യകാല മാതൃകയാണ്.
2
ആഖ്യാനസ്ഥലം (Narrative Space) എന്നത് ഫിക്ഷനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. സമൂഹത്തിന്റെ നിയതമായ ഘടന മാറുന്ന സമകാലത്ത്, ആഖ്യാനയിടം കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്ന പശ്ചാത്തലം എന്നതിലുപരി ഫിക്ഷന്റെ വീക്ഷണം പരുവപ്പെടുത്തുന്ന ഘടകം ആയി മാറുകയാണ്. ദേവി എന്ന കഥാപാത്രത്തെക്കാളും പാണ്ഡവപുരം എന്ന നോവലില്‍ അവള്‍ വിഭാവനം ചെയ്യുന്ന സാങ്കല്‍പ്പികഇടത്തിനാണ് മേല്‍ക്കൈ. ചതുരവടിവിലെ അനുഭവചിത്രീകരണത്തെക്കാള്‍ ത്രിമാനസ്വഭാവമുള്ള ആഖ്യാനസ്ഥലം കേന്ദ്രസ്ഥാനത്ത് എത്തും എന്ന് ചുരുക്കം.
ലോകത്തെ ഭാവിസംബന്ധിയായ സങ്കേതങ്ങള്‍ കൊണ്ട് രേഖപ്പെടുത്താന്‍ ഫിക്ഷന് സാധിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല.പുതിയ ലോകത്തെ അടയാളപ്പെടുത്താന്‍ പരമ്പരാഗത രീതിയിലുള്ള എഴുത്തില്‍ നിന്നും എങ്ങനെയെല്ലാമാണ് സര്‍ഗാത്മക സാഹിത്യം മാറിയിരിക്കുന്നത്? പ്രതീതിലോകത്തില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ദിവസത്തിന്റെ മുക്കാല്‍പങ്കും വിനിയോഗിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്. 'അയഥാര്‍ത്ഥ'ലോകമെന്നോ' 'വെര്‍ച്വല്‍' ലോകമെന്നോ ഉള്ള സംജ്ഞ അപ്രസക്തമാക്കുന്ന കാലം അടുത്തെത്തി കഴിഞ്ഞു. യഥാര്‍ത്ഥലോകത്തേക്കാളും പ്രവര്‍ത്തനങ്ങളും 'അനുഭവ'ങ്ങളും നിറഞ്ഞ ക്രിയാപരിസരമായി ഇന്റര്‍നെറ്റ് ലോകം മാറി. ഇത്തരം ഒരു ചുറ്റുപാടില്‍ 'മറു'ലോകത്തെ പ്രശ്‌നാധിഷ്ഠിതവും ഭാവനാത്മകവുമായി പ്രതിനിധാനം ചെയ്യാന്‍ സാഹിത്യവും ശ്രമിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. പാരമ്പര്യത്തെ വിച്ഛേദിക്കുന്ന ഈ രീതിയിലുള്ള എഴുത്തുകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ രംഗപ്രവേശം ചെയ്‌തെങ്കിലും സമീപകാലത്ത് ഈ വിഭാഗത്തെ പ്രാധാന്യത്തോടെ കാണാന്‍ ആരംഭിച്ചു.
ഹാരുകി മുറാകാമിയുടെ 2017ല്‍ പുറത്തിറങ്ങിയ നോവലായ Killing Commendatoreല്‍ വീട്ടിലിരുന്നു ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രോഗത്തിന്റെ സ്ഥിതിയും ശസ്ത്രക്രിയ ഏതു വിധത്തില്‍ ആവണം എന്നൊക്കെ നിര്‍ദേശിക്കുന്ന സര്‍ജനെ പറ്റി പറയുന്നുണ്ട്. അങ്ങനെ മുന്‍പ് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍, അയഥാര്‍ത്ഥയിടത്ത് ജീവിതം പുരോഗമിക്കുന്നുണ്ട്. ഈ അയഥാര്‍ത്ഥലോകത്തെ വ്യവഹാരങ്ങളെ, അവയുടെ സാങ്കല്‍പികയാത്രകളെ, കാമനകളെ, ഭ്രമാത്മകതകളെ, ശാസ്ത്രവിനിമയങ്ങളെ ഒക്കെ കേന്ദ്രീകരിച്ചാണ് വേറിട്ട സാഹിത്യവഴികള്‍ വികസിക്കുന്നത്/ വികസിച്ചത്. പുതിയ ആശയങ്ങള്‍, വഴികള്‍ എന്നിവയൊക്കെ പരിചയപ്പെടുത്തുന്ന Speculative Fiction എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1941 ല്‍ Robert A. Heinlein ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ എന്നതിന്റെ പര്യായം പോലെ കണ്ടു വന്ന ഈ പദത്തിന്റെ മാനങ്ങള്‍ എന്നാല്‍ വലുതാണ്. ലോകത്തെ ഒരു കുടക്കീഴില്‍ കാണാന്‍ നവസാങ്കേതികയ്ക്ക് സാധിക്കുന്നത് പോലെ, സാഹിത്യത്തെ വിശാലമായ, പ്രത്യേകതയുള്ള ഒരു സ്തൂപത്തിലേക്ക് പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 'സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍' എന്ന ശാഖ ഉദയം കൊണ്ടു.
മാനവികമൂല്യങ്ങള്‍ക്കും സാമൂഹികാംശങ്ങള്‍ക്കും സ്ഥാനം കൊടുക്കുന്ന ശാഖ ആയി സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ താമസിയാതെ മാറി. ശാസ്ത്രഭാവനകളെ ജനപ്രിയാശയങ്ങളുമായി ബന്ധപ്പെടുത്തി എഴുതുന്ന സയന്‍സ് ഫിക്ഷനുമായി സ്‌പെക്കുലേറ്റീവ് ഫിക്ഷനെ താരതമ്യം ചെയ്യാനാവില്ല . യുട്ടോപ്യ, ഡിസ്റ്റോപ്പ്യ , ഹൊറര്‍, അതിമാനുഷ, അതിഭാവുകത്വ കഥാതന്തുക്കളെയെല്ലാം സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ എന്ന വിഭാഗത്തില്‍ അണി ചേര്‍ക്കാവുന്നതാണ്. ഇങ്ങനെ വിശാലമായ ഒരു എഴുത്തിടത്തിന്റെ സാധ്യതകള്‍ യാഥാസ്ഥിതിക പ്രമേയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് എന്നു പറയണ്ട കാര്യമില്ല. എഴുത്തിന്റെ പുതിയ തീരങ്ങള്‍ എന്ന് പറയാനാവില്ലെങ്കിലും വേറിട്ടതും കൗതുകകരവുമായ രീതിശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന സാഹിത്യശ്രേണിയാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍. ചില ഉദാഹരണങ്ങള്‍ കൊണ്ട് ഇത് വ്യക്തമാക്കാമെന്നു തോന്നുന്നു. അമേരിക്കയിലെ എഴുത്തുകാരനായ റ്റെഡ് ചിയാങ്ങിന്റെ Tower of Babylon എന്നൊരു നീണ്ടകഥ ഉണ്ട്. ബൈബിളിലെ ബാബേല്‍ ഗോപുരവുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രമേയം. ആകാശചുംബിയായ ഗോപുരം ഉയരങ്ങളിലേക്ക് നിരന്തരം നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. നഭോമണ്ഡലത്തിലെ സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള വിടവ് നികത്താനായി ഈലം എന്ന സ്ഥലത്തു നിന്നെത്തിയ ഖനിത്തൊഴിലാളികളാണ് ചിയാങ്ങിന്റെ കഥയിലെ മുഖ്യ കഥാപാത്രങ്ങള്‍. കല്‍പണിക്കാരും ഖനനം ചെയ്യുന്നവരും ബാബേല്‍ ഗോപുരത്തിലൂടെ മുകളിലേക്ക് കയറുന്ന ചുറ്റുപാടുകള്‍ യഥാര്‍ത്ഥമായ ലോകത്തെയാണ് സൂചിപ്പിച്ചത്. എന്നാല്‍ ഉയരം കൂടുന്തോറും അവരുടെ മനസ്സാന്നിധ്യം നഷ്ടപ്പെടുകയും യഥാര്‍ത്ഥപാളികള്‍ സാങ്കല്പികമാണോ എന്ന് സംശയിക്കത്തക്കവിധത്തില്‍ പരിണമിക്കുന്ന അവസ്ഥയുമാണ് സംജാതമായത്.
......................................................................................
മുറാകാമിയുടെ 2017ല്‍ പുറത്തിറങ്ങിയ നോവലായ Killing Commendatoreല്‍ വീട്ടിലിരുന്നു ഇന്റര്‍നെറ്റിന്റെ സഹായത്തോടെ രോഗത്തിന്റെ സ്ഥിതിയും ശസ്ത്രക്രിയ ഏതു വിധത്തില്‍ ആവണം എന്നൊക്കെ നിര്‍ദേശിക്കുന്ന സര്‍ജനെ പറ്റി പറയുന്നുണ്ട്.
ബൈബിളിലെ കഥാപരിസരത്തെ ഉപജീവിച്ചു കൊണ്ട് രൂപപ്പെടുത്തിയ കഥയില്‍ മിത്തില്‍ നിന്നും കഥ യഥാര്‍ത്ഥലോകത്തേക്ക് കടക്കുകയാണ് ചെയ്യുന്നത്. പിന്നീട് പ്രതീതിയിടത്തിലൂടെ യാത്ര ചെയ്ത് കൊണ്ട് ആഖ്യാനം തീര്‍ത്തും അയഥാര്‍ത്ഥമായ ഒരു ലോകത്ത് എത്തി ചേരുകയാണ്. ഭൂമിയെയും സ്വര്‍ഗ്ഗത്തെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പില്‍ നിന്ന് സ്വര്‍ഗ്ഗത്തേക്കുള്ള വഴി ഒരുക്കാന്‍ കരിങ്കല്‍പ്പാറ പൊട്ടിക്കുക എന്ന ഉദ്യമത്തിനായി വന്ന ഹിലാലം എന്ന കഥാപാത്രം ഒടുവില്‍ ഗോപുരത്തിന്റെ മറ്റൊരിടത്ത് വന്നെത്തി. അങ്ങനെ പല തരത്തിലുള്ള സാഹചര്യങ്ങളിലൂടെ ഉള്ള ആഖ്യാനത്തിന്റെ സവിശേഷമായ രംഗപ്പകര്‍ച്ചയാണ് Tower of Babylon. സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ എന്ന genreന്റെ ഒരു ദൃഷ്ടന്തമാണിത്. മിത്തിനെയോ പുരാണത്തെയോ ആസ്പദമാക്കിയുള്ള പുനരാഖ്യാനം സാഹിത്യത്തില്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ വിവിധ ദശകളിലൂടെയുള്ള സംക്രമണം സ്‌പെക്കുലേറ്റിവ് ഫിക്ഷനെ മാറ്റി നിര്‍ത്തുന്നു. ഉപജാപസിദ്ധാന്തത്തിന്റെയും ഫാന്റസിയുടെയും ഗണിതബന്ധത്തിന്റെയും കെട്ടുകഥയുടെയുടെയും ആഭിചാരത്തിന്റെയും മറവില്‍ അവതരിപ്പിച്ച ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയെ ഈ ഗണത്തില്‍ പെടുത്തുന്നതില്‍ തെറ്റില്ല സയന്‍സ് ഫിക്ഷനും മറ്റും പൊതുവെ വിഷയമാകുന്ന ചുറ്റുപാടുകളെ വേറിട്ട വിധത്തില്‍ അവതരിപ്പിക്കുക എന്നതും ഈ വിഭാഗത്തില്‍ പൊതുവെ കാണുന്നുണ്ട്. ഒട്ടും യുക്തിപരം അല്ല എന്ന് തോന്നുന്ന പ്രമേയങ്ങളെ സയന്‍സിന്റെയും ടെക്‌നോളജിയുടെയും സഹായത്തോടെ സംഭവ്യം ആക്കി തീര്‍ക്കാനാണ് സയന്‍സ് ഫിക്ഷന്‍ മിക്കപ്പോഴും ശ്രമിക്കാറുള്ളത്. പ്രത്യുത്പാദനം എന്ന പ്രക്രിയ മനുഷ്യവംശത്തില്‍ വേരറ്റു പോയാല്‍ എന്ത് സംഭവിയ്ക്കും എന്നതിന്റെ ഉത്തരമാണ് പി ഡി ജെയിംസ് രചിച്ച സയന്‍സ് ഫിക്ഷനായ 'ദ ചില്‍ഡ്രന്‍ ഓഫ് മെന്‍' എന്ന നോവല്‍. എന്നാലിവിടെ നേരത്തെ സൂചിപ്പിച്ചത് പോലെയുള്ള അവസ്ഥാന്തരമില്ല. പൂര്‍ണമായും ശാസ്ത്രീയ പരിസരത്ത് നിന്നു കൊണ്ടാണ് നോവലിലെ സന്ദര്‍ഭങ്ങള്‍ കൂട്ടിയിണക്കിയിരിക്കുന്നത്.
എഴുത്തില്‍ പുതുമയുള്ള ഇടം സൃഷ്ടിക്കാനുള്ള വ്യഗ്രത എക്കാലത്തും ഉണ്ടായിട്ടുണ്ട്. പുതിയ ആശയങ്ങളും ഭാവനയും സമകാലത്തെ മാറുന്ന സാംസ്‌കാരിക-സാങ്കേതിക പുറങ്ങളുമായി ചേര്‍ന്നു നിന്നാലേ പറയുന്ന വിഷയത്തിന് ഊന്നല്‍ ഉണ്ടാകുകയുള്ളൂ. പൂര്‍ണമായും സങ്കല്പത്തില്‍ അധിഷ്ടിതമായി നിര്‍മിക്കുന്ന കഥയും കഥാപാത്രങ്ങളും ചില സമയത്ത് നമ്മെ വൈകാരികമായി ബാധിക്കുന്നതായി കാണാം. ലോകാവസാനത്തെ കുറിച്ചുള്ള കഥ, ഒരു ഘട്ടം കഴിയുമ്പോള്‍ നാം പൂര്‍ണമായും വിശ്വസിച്ചു തുടങ്ങുന്നു. അങ്ങനെയുള്ള അയഥാര്‍ത്ഥ-യഥാര്‍ത്ഥ പുറങ്ങളില്‍ ആണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ നിലയുറപ്പിക്കുന്നത്.
ബോദ്രിയാര്‍ അനുകരണത്തെ (Simulation) പറ്റി വിശകലനം ചെയ്യുന്നതിനിടയില്‍ യാഥാര്‍ഥ്യവും സങ്കല്‍പ്പവും തമ്മിലുള്ള വൈജാത്യത്തെ ഇഴ കീറി പരിശോധിച്ചിട്ടുണ്ട്. യാഥാര്‍ഥ്യത്തിന്റെ ഗുണകം (coefficient) മിഥ്യയുമായി ആനുപാതികമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നായിരുന്നു അദ്ദേഹം മുന്നോട്ടു വെച്ച വാദം. അതു കൊണ്ടു തന്നെ സങ്കല്‍പലോകത്തിന്റെ പരപ്പ് വളരെ കൂടുതലാണ്. പുതിയ ലോകം കണ്ടു പിടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന പര്യവേക്ഷകന് അചുംബിതമായ സ്ഥലരാശികളെല്ലാം ഭൂപടത്തില്‍ അവസാനിക്കുമ്പോള്‍ യാഥാര്‍ഥ്യത്തിന്റെ നിയമവിധികളും അവസാനിക്കുന്നു എന്നു തോന്നുന്നത് പോലെയാണിത്. അവിഘ്‌നമായ സഞ്ചാരപാതയുള്ള 'യാഥാര്‍ഥ്യത്തിനെ' പകരം വെയ്ക്കാന്‍ മനുഷ്യഭാവനയ്ക്ക് സാധിക്കില്ല എന്ന് ചുരുക്കം. എന്നാല്‍ ഇവ തമ്മിലുള്ള വിനിമയത്തിനുള്ള അടിസ്ഥാനഫലകങ്ങള്‍ പാകുക എന്നതാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ ചെയ്യുന്നത്. അയഥാര്‍ത്ഥലോകത്തിലും ഏറെക്കുറെ പ്രതീതിലോകത്തിലും അനുഭവിക്കുന്ന സ്വത്വനിരാസത്തിന്റെ മൂലകങ്ങള്‍ ഫിക്ഷനില്‍ വിഷയമായി വരുന്നത് സാധാരണമാണ്. സാമുവല്‍ ബട്ട്‌ലര്‍ 1872 ല്‍ എഴുതിയ Erewhon എന്ന നോവല്‍ ഇവിടെ സൂചിപ്പിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ഈ നോവലില്‍ ഒരു ആട്ടിടയനാണു കേന്ദ്രകഥാപാത്രം. 'No Where ' എന്ന വാക്ക് തിരിച്ചെഴുതിയാല്‍ കിട്ടുന്ന Erehwon ഒരു സാങ്കല്‍പ്പിക രാജ്യമാണ്. ഒരു യുട്ടോപ്യന്‍ ഇടമായി കണക്കാക്കിയ ആ രാഷ്ട്രം എന്നാല്‍ സത്യത്തില്‍ അങ്ങനെയല്ലെന്നും ഡിസ്‌ട്ടോപ്യന്‍ അംശങ്ങള്‍ നിറഞ്ഞ ഒരിടമാണെന്നും നോവലില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ന് പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്ന ആന്ത്രോപോസിന്‍ (Anthropocene) എന്ന മനുഷ്യവംശത്തിനെ നാശത്തെ അധികരിച്ചുള്ള പ്രമേയം ഈ ആഖ്യാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മെഷീനുകള്‍ ആസന്ന ഭാവിയില്‍ ലോകത്തെയും മനുഷ്യരെയും കീഴടക്കുമെന്ന അനുമാനം ഈ നോവലിലൂടെ ബട്ട്‌ലര്‍ ശക്തമായി ഉന്നയിച്ചു. ഡാര്‍വിന്റെ സിദ്ധാന്തത്തെ ആക്ഷേപിക്കാന്‍ വേണ്ടി എഴുതിയതണെന്ന ആരോപണം നേരിട്ട ബട്ട്‌ലര്‍ പിന്നീട് അത് നിഷേധിച്ചിരുന്നു. എന്നിരുന്നാലും പദാര്‍ത്ഥം (Matter) നിശ്ചേതനമായ അവസ്ഥയില്‍ നിന്നും ജൈവികാവസ്ഥയിലേക്ക് പരിണാമയച്ചത് പോലെ യന്ത്രങ്ങള്‍ക്കും മനുഷ്യജീവിതത്തിന്റെ പരിച്ഛേദത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാവുമെന്ന സൂചന നോവലിലെ The Book of the Machinesല്‍ അദ്ദേഹം പറയുന്നുണ്ട്. യന്ത്രങ്ങളുടെ സാധ്യതയേയും മനുഷ്യകുലത്തിന്റെ വെല്ലുവിളികളെയും അവധാനതയോടെ അവതരിപ്പിച്ച ബട്ട്‌ലര്‍ ഫിക്ഷനെ മറ്റൊരു ദിശയിലേക്കുള്ള വഴി തുറന്നു കൊടുക്കുകയായിരുന്നു. വ്യാപകമായ തരത്തില്‍ ശാസ്ത്രനോവലുകള്‍ വരുന്നതിനു മുന്നെയാണ് Eerehwonയുടെ രംഗപ്രവേശം എന്നത് പ്രത്യേകം ഓര്‍ക്കണം.
സ്‌പെക്കുലേറ്റീവ് ഫിക്ഷന്റെ ഗണത്തില്‍ സ്ഥാനം പിടിച്ച ആദ്യകാല നോവലുകളില്‍ ഒന്നായി , സാമൂഹിക- ശാസ്ത്ര അടരുകളുള്ള Erehwonനെ കണക്കാക്കാറുണ്ട്. 1870 മുതല്‍ ഒന്നാം ലോകയുദ്ധം വരെ നീണ്ടു നിന്ന വ്യവസായവിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചതെന്നതിനും പ്രസക്തിയുണ്ട്. സാങ്കേതികത ഒട്ടുമേശിയിട്ടില്ലാത്ത Erehwonല്‍ ആടുകളെ മേയ്ക്കാന്‍ സ്ഥലം തേടുന്ന കഥാനായകനെ അവിടെയുള്ളവര്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. അയാളുടെ കയ്യിലുള്ള വാച്ച് അവര്‍ ആദ്യമായി കാണുകയായിരുന്നു. സമയത്തെ രേഖപ്പെടുത്തുന്ന വാച്ച് ഈ സന്ദര്‍ഭത്തില്‍ ഉപയോഗിച്ചത് യുക്തിപൂര്‍വമാണ്. പല വിധത്തിലുള്ള ചെറിയ യന്ത്രഭാഗങ്ങള്‍ വിദഗ്ദമായി സംയോജിപ്പിച്ച ഒരു യന്ത്രമായ വാച്ചിനെ കാണാവുന്നതാണ്. സമയത്തെ / കാലത്തെ എങ്ങനെ യന്ത്രം അടയാളപ്പെടുത്തുന്നു എന്നതിലുപരിയായി പരിണാമത്തിന്റെ പ്രകൃതിനിര്‍ദ്ധാരണം (Natural Selection) എണ്ണയിട്ട യന്ത്രം പോലെയായിരുന്നു പ്രവര്‍ത്തിച്ചത് എന്ന ചാള്‍സ് ഡാര്‍വിന്റെ ആശയത്തെ ദ്യോതിപ്പിക്കാനും ബട്ട്‌ലര്ക്ക് വാച്ചിലൂടെ സാധിച്ചിട്ടുണ്ട്.
കഥകള്‍ പറയാനും കേള്‍ക്കാനും ഉള്ള സ്വഭാവം മനുഷ്യസഹജമാണ്. എന്നാല്‍ കഥകളിലൂടെ ഉരുവം കൊള്ളുന്ന ലോകത്തിന്റെ ആഴവും പരപ്പും നിരന്തരമായ മാറ്റത്തിന് വിധേയമാണ്. ഫാന്റസിയുടെ തലങ്ങള്‍ ശാസ്ത്രവും സാങ്കേതികതയും ആയി ചേര്‍ന്നു കൊണ്ട് പരീക്ഷണങ്ങള്‍ക്ക് തയ്യാറായി. ഉര്‍സുല കെ ലെ ഗ്വിനും മാര്‍ഗരറ്റ് ആറ്റ് വുഡും ഡോണ്‍ ഡിലീലിയും കോര്‍മാക്ക് മക്കാര്‍ത്തിയും ഇവയെ കൂടുതല്‍ ജനകീയമാക്കി. സൈബര്‍ സ്‌പേസ് എന്ന പേരില്‍ തുറവിയെടുത്ത സ്ഥലം ബന്ധങ്ങളെയും വിനിമയങ്ങളെയും സങ്കീര്‍ണവും അദൃശ്യവും ആക്കി തീര്‍ത്തു. അന്നു വരെ മന്ത്രവാദത്തിലും അതീന്ദ്രിയജ്ഞാനത്തിലും മാത്രം കണ്ടു വന്നിരുന്ന 'അദൃശ്യ'ഇടം പ്രതീതിയിടം എന്ന പേരില്‍ പ്രചരിച്ചു. നാടോടിയായ മനുഷ്യനെപ്പോലെ 'ഇടങ്ങള്‍' തേടിയുള്ള അവസാനിക്കാത്ത യാത്ര സ്വാഭാവികമായും സാഹിത്യാന്വേഷണത്തിലും ഉണ്ടായി. അധിനിവേശം, പലായനം, കുടിയേറ്റം തുടങ്ങിയവയുടെ സാമൂഹികവും സാംസ്‌കാരികവും ആയ മുഖപ്പുകള്‍ക്ക് (Facade) പ്രസക്തി വര്‍ധിക്കുകയാണ്. അധികാരഘടനയെയും ജനാധിപത്യത്തെയും ഫാന്റസിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന എന്‍ പി മുഹമ്മദിന്റെ 'ഹിരണ്യകശിപു' , രാജേഷ് വര്‍മയുടെ 'ചുവന്ന ബാഡ്ജ്' തുടങ്ങിയ നോവലുകള്‍ പ്രാദേശികാര്‍ത്ഥത്തില്‍ ഇവിടെ പ്രസക്തമാണ് ജൈവവൈവിധ്യം, പരിസ്ഥിതിസന്തുലനം എന്നിവ നമുക്ക് നഷ്ടമാവുമ്പോള്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ സംജ്ഞകളും നമുക്ക് സുപരിചിതമാവുകയാണ്. എന്നാല്‍ ഇത്തരം സങ്കേതങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന/ നഷ്ടമായ പറുദീസാ തിരിച്ചു പിടിക്കാനാവുമോ എന്ന ചോദ്യത്തെ അഭിസംബോധന ചെയ്യാനാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ ശ്രമിക്കുന്നത്. രാമായണത്തിലെ കഥകളെ വേറെ തരത്തില്‍ അവതരിപ്പിക്കുന്ന Breaking the Bow (Edited by Anil Menon and Vandana Singh) ഇതിന്റെ ഒരു ഉദാഹരണമാണ്. വ്യത്യസ്തമായ സ്ഥലപ്പരപ്പില്‍ അധിഷ്ഠിതമായ കഥാമാലികയാണ് Breaking the Bow. പുരാണങ്ങളുടെ നിയതമായ അതിരുകളെ ഉല്ലംഘിച്ച് കൊണ്ടുള്ള കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
......................................................................................
പ്രവചനാത്മകമായ സാഹിത്യമല്ല വിവരണാത്മകമായ സാഹിത്യമാണ് താന്‍ എഴുതുന്നത് എന്നാണ് ഉര്‍സുല വിശ്വസിച്ചിരുന്നത്.
3.
പുതിയ നോട്ടത്തില്‍ സമയം എന്നത് സ്ഥലത്തില്‍ വിന്യസിക്കപ്പെട്ട ഘടകങ്ങളില്‍ ഒന്നായി തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ സ്ഥലത്തിന്റെ മാനങ്ങളും വെല്ലുവിളികളും വലുതാവുകയും ചെയ്തു, സമകാലത്തെ ഉത്കണ്ഠ സ്ഥലത്തെ കുറിച്ചാണ്; അതിന്റെ സാധ്യതകളെയും സൂക്ഷ്മഭേദത്തെയും പറ്റിയാണ്. 'സ്ഥലം' സംബന്ധിച്ച പഠനങ്ങളില്‍ ഫ്രഡറിക് ജെയിംസണ്‍ പറഞ്ഞു വെച്ച അഭിപ്രായങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. മുതലാളിത്ത കുത്തക (Monopoly Capitalism) നില നില്‍ക്കുന്ന സാഹചര്യങ്ങളില്‍ കാര്യകാരണബന്ധം ഇല്ലാത്ത സന്ദിഗ്ദ്ധസന്ദര്‍ഭങ്ങളെ Space മങ്ങിയ ചിത്രങ്ങള്‍ കൊണ്ടാണ് പ്രതിനിധീകരിക്കുന്നത്. ഈ ചിത്രങ്ങളാകട്ടെ പ്രസ്തുത ചുറ്റുപാടിലെ സാമൂഹികവിനിമയങ്ങളെ പകര്‍ത്തുന്നതുമാണ്. എന്നാല്‍ മുതലാളിത്താനന്തര പോസ്റ്റ് മോഡേണ്‍ കാലത്തെ 'സ്ഥലം' 'ഹെപ്പര്‍സ്‌പേസ്' (hyperpace) ആയി മാറുകയാണ്. പോസ്റ്റ്് മോഡേണിസവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളില്‍ 'സ്‌പേസ്'നു കൈവരുന്ന മുന്‍ഗണന ജെയിംസണ്‍ വിശദീകരിക്കുന്നുണ്ട്. കര്‍ത്താവിന് സ്വയം അയാളെ നിയതമായ അതിരുകളും മൂലകളും ഭൂപടവുമുള്ള തലത്തില്‍ നിര്‍ത്താന്‍ സാധിക്കാതെ വരികയാണിവിടെ സംഭവിക്കുന്നത്, അത്തരമൊരു ഇടത്തിന്റെ സാധ്യതയെ ആണ് പ്രതീതിലോകത്തിന്റെ കഥ പറയാന്‍ എഴുത്തുകാരെ പ്രേരിപ്പിച്ചത്. വെര്‍ച്വല്‍ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും സംവാദങ്ങളും സമസ്യകളും സൈബര്‍പങ്ക് നോവലുകളുടെ വിഷയങ്ങളാവുന്നത് പതിവാണ്. യൂട്ടോപ്യ , ഡിസ്റ്റോപ്പിയ എന്ന ദ്വന്ദ്വത്തിന് ഇടയിലുള്ള ലിമിനല്‍ സ്‌പേസില്‍ ( Liminal Space) , സ്വപ്നത്തിനും സ്വപ്നഭംഗത്തിനും മധ്യേയുള്ള പ്രതീതിയില്‍ സാഹിത്യത്തിന്റെ പര്യവേക്ഷണം എങ്ങനെയെല്ലാം ആണെന്ന് പരിശോധന അത്യാവശ്യമാണ്. 'ഭാവിയിട'ങ്ങളായി കാണുന്ന ഈ സ്‌പേസില്‍ യുട്ടോപ്യ സൃഷ്ടിക്കുന്ന സാംസ്‌കാരിക- ആദര്ശപരമായ പ്രത്യയങ്ങള്‍ എത്ര കണ്ട പ്രതിഫലിക്കുന്നുവെന്നു സൂക്ഷമായി പഠിക്കേണ്ടതുണ്ട്; അതു പോലെ ഡിസ്റ്റോപ്യയുടെ വരണ്ട പ്രതലം അവിടെ പ്രത്യക്ഷമാകുന്നുവോ എന്നും. ഹൈപ്പര്‍സ്‌പേസ് എന്നത് ഈ ലിമിനല്‍ സ്‌പേസിന്റെ വിപുലീകരണം ആയി ഗണിക്കാവുന്നതാണ്
'ഇടങ്ങളുടെ' ഈ കുഴമറിച്ചിലില്‍ ആണ് ഓര്‍മ എന്ന പ്രത്യയത്തിനു സവിശേഷസ്ഥാനം ഉണ്ടാവുന്നത്. വേറിട്ട 'സ്ഥല'ങ്ങളിലൂടെയുള്ള സ്വത്വത്തിന്റെ പരകായപ്രവേശം ഓര്‍മയ്ക്ക് മുന്‍കൈ സൃഷ്ടിച്ചു. ഓര്‍മയുടെ വ്യവഹാരങ്ങള്‍ ആധാരമാക്കിയുള്ള ഫിക്ഷന്‍ ശ്രദ്ധ നേടുന്നത് ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തോടെയുള്ള ആഖ്യാനം കൊണ്ടു കൂടിയാണ്. ഓര്‍മ നഷ്ടമാകുക, താത്കാലികമായി ഓര്‍മ മറയുക, ഓര്‍മയെ വീണ്ടെടുക്കാന്‍ കൃത്രിമ സാഹചര്യങ്ങള്‍ ഒരുക്കുക എന്നതൊക്കെ ഇതിന്റെ മാതൃകകളാണ്. ടോം മക്കാര്‍ത്തിയുടെ 'റിമൈന്‍ഡര്‍' എന്ന നോവലില്‍, അപകടത്തെ തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ട നായകന്‍, ആ സാഹചര്യത്തെ പുനര്‍നിര്‍മ്മിച്ചു കൊണ്ട് ഓര്‍മയെ തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്. ഓര്‍മയുടെ താത്വികതലങ്ങള്‍ എക്കാലവും ഫിക്ഷന്റെ രീതിയാണെങ്കിലും സാങ്കേതികതയെ ഓര്‍മയോടൊപ്പം ചേര്‍ത്ത് വെയ്ക്കുമ്പോള്‍ അതിനൊരു നവലോകക്രമം സിദ്ധിക്കുകയാണ്. അതേ പോലെ, വീര്‍പ്പു മുട്ടിക്കുന്ന കോര്‍പ്പറേറ്റ് നയങ്ങളുടെ പശ്ചാത്തലത്തില്‍, മനുഷ്യന്‍ നേരിടുന്ന സമകാലപ്രശ്‌നങ്ങളെ കുറിച്ചുള്ള ദിനസരിക്കുറിപ്പാണ് ടോം മക്കാര്‍ത്തിയുടെ സാറ്റിന്‍ ഐലന്‍ഡ് എന്ന നോവല്‍. എഴുത്തിന്റെ കാലിക ഇടങ്ങള്‍ വികസിപ്പിക്കുന്നതില്‍ അഗ്രഗണ്യനായ മക്കാര്‍ത്തി നെറ്റ് വര്‍ക്കും വിവരസാങ്കേതികതയും നിറഞ്ഞ വിഷയങ്ങളിലാണ് വ്യാപരിക്കുന്നത്. നരവംശശാസ്ത്രജ്ഞന്‍ ആണ് കഥയിലെ നായകനെങ്കിലും ഇന്റര്‍നെറ്റിന്റെയും വിവരശേഖരണത്തിന്റെയും കാലത്തെ പ്രതിസന്ധികളാണ് നോവലില്‍ പറയുന്നത്. ഇങ്ങനെ വേറിട്ടതും വ്യത്യസ്തവുമായ ഭൂമികയിലേക്കുള്ള സഞ്ചാരമാണ് മക്കാര്‍ത്തിയുടെ നോവലുകള്‍. അല്ലെങ്കില്‍ നവലോകത്തിന്റെ ക്രമവും ക്രമഭംഗവും കൃത്യമായി മനസ്സിലാക്കിക്കൊണ്ട്, അവയുടെ നിര്‍ധാരണത്തിനുള്ള ഇടങ്ങളും സാധ്യതകളും പരിശോധിക്കുന്നതാണ് അദ്ദേഹത്തിന്റെ നോവലുകള്‍.
ജനപ്രിയ ഘടകങ്ങള്‍ നിറഞ്ഞ സാങ്കല്പിക ജീവികളെയും സാങ്കല്‍പ്പിക ലോകത്തെയും അന്യഗ്രഹമനുഷ്യരെയും അമാനവലോകത്തെയും കുറിച്ചുള്ള ഫിക്ഷനെ ഈ ചര്‍ച്ചയില്‍ നിന്ന് മാറ്റി നിര്‍ത്താം. അവയില്‍ പലതും കച്ചവസാധ്യതകളെ മുന്‍നിര്‍ത്തി എഴുതിയതാണെന്ന് കരുതാനേ തരമുള്ളു. പക്ഷെ ഈ പരിസരത്തു തന്നെ ചുവടുറപ്പിച്ചു കൊണ്ട്, അനുഭവങ്ങളുടെ സൂക്ഷ്മഭേദങ്ങള്‍ നിറഞ്ഞ നോവലുകള്‍ തീര്‍ത്തും പ്രസക്തമാണ്. ക്‌ളോണുകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ നോബല്‍ സമ്മാന ജേതാവായ കസുവോ ഇഷിഗുരോയുടെ Never Let Me Go എന്ന നോവല്‍ വിശദമായ ഒരന്വേഷണമാണ്. അവയവദാനത്തിനായി വളര്‍ത്തി വികസിപ്പിക്കുന്ന ക്‌ളോണുകള്‍ മനുഷ്യരുടെ പോലെ വികാരവിചാരങ്ങള്‍ ഉള്ളവരാണ്. എന്നാല്‍ രണ്ടോ മൂന്നോ തവണ അവയവങ്ങള്‍ ദാനം ചെയ്താല്‍ തീരാവുന്ന ജീവിതചക്രം മാത്രമേ അവര്‍ക്കുള്ളു. സ്വാതന്ത്ര്യത്തോടെ ജീവിതം നയിക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടും അതിനു സാധിക്കാതെ ഹ്രസ്വമായ കാലത്തിനു ശേഷം ജീവനൊടുക്കേണ്ടി വരുന്ന ക്‌ളോണുകളുടെ വ്യഥ അനുഭാവപൂര്‍വം അവതരിപ്പിക്കാന്‍ ഇഷിഗുരോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ലിമിനല്‍ സ്‌പേസിന്റെ ഉദാഹരണമാണ് ഇവിടെ ക്‌ളോണുകളുടെ ഇടം .
......................................................................................
റോബോട്ടുകള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഫിക്ഷനുകള്‍ക്ക് ഒരു ആമുഖം എന്ന നിലയിലാണ് ഐസക്ക് അസിമോവിന്റെ The Three Laws of Robotics എന്ന നിയമാവലി ശ്രദ്ധ നേടുന്നത്. 1942ല്‍ അദ്ദേഹം എഴുതിയ Runaround എന്ന കഥയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്.
ഇതു പോലെയാണ് യന്ത്രമനുഷ്യര്‍ നമ്മുടെ ലോകത്തുണ്ടാക്കുന്ന സ്വാധീനം. റോബോട്ടിക്‌സ്‌ന് എന്ന ശാഖ വളരെയധികം പുരോഗതി പ്രാപിച്ച ഇക്കാലത്ത് അത്തരം ഇടങ്ങളുടെ 'മാനുഷിക' പ്രശ്ങ്ങളെ കുറിച്ച ചിന്തിക്കുന്ന ഫിക്ഷനുകള്‍ക്ക് പ്രസക്തിയുണ്ട്. റോബോട്ടുകള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഫിക്ഷനുകള്‍ക്ക് ഒരു ആമുഖം എന്ന നിലയിലാണ് ഐസക്ക് അസിമോവിന്റെ The Three Laws of Robotics എന്ന നിയമാവലി ശ്രദ്ധ നേടുന്നത്. 1942ല്‍ അദ്ദേഹം എഴുതിയ Runaround എന്ന കഥയിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരു നിയമം കൂടി അദ്ദേഹം ആവിഷ്‌കരിച്ചു. റോബോട്ടുകളുടെ വ്യവഹാരവും സാന്നിധ്യവും മനുഷ്യനെ ഒരു കാരണവശാലും ശല്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് എന്നാണ് ഇവയുടെ കാതല്‍. റോബോട്ടുകള്‍ നിത്യജീവിതവിനിമയത്തില്‍ വരെ സജീവമായ ഇന്നും പ്രസ്തുതനിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2007ല്‍, ദക്ഷിണകൊറിയ ഈ നിയമങ്ങളെ ആധാരമാക്കി റോബോട്ടുകളെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശക രേഖ വിഭാവനം ചെയ്തിരുന്നു. റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും മറികടന്നു കൊണ്ടുള്ള സാങ്കേതികവിദ്യ പ്രവൃത്തിപഥത്തിലെത്തുന്ന നാളുകളാണിത്. മനുഷ്യനും പ്രകൃതിയുമായുള്ള ഇടപെടലുകളില്‍ പാലിക്കേണ്ടുന്ന നൈതികബോധത്തെപ്പറ്റിയുള്ള സംവാദങ്ങള്‍ക്കിടയിലേക്ക് മറ്റൊരു നൈതികതയുടെ പ്രശ്‌നം ഉടലെടുത്തിരിക്കുന്നു എന്നാണ് അസിമോവിന്റെ നിയമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. അത് മനുഷ്യന് അപരിചിതമായ ഒന്നാണ്. നൈതികതയെ സംബന്ധിച്ച സംവാദങ്ങളിലെല്ലാം ഉയര്‍ന്നു വരുന്ന മനുഷ്യന്റെ അധികാരബോധത്തിനുള്ള തിരിച്ചടികൂടിയാണ് യന്ത്രങ്ങളുടെ നൈതികതയെപ്പറ്റിയുള്ള ചിന്ത. മനുഷ്യന് നാശമുണ്ടാവാത്തവിധം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് റോബോട്ടുകളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മനുഷ്യന്‍ അവിടെ ഇരയുടെ സ്ഥാനം സ്വയം സ്വീകരിക്കുന്നു. റോജര്‍ പെന്റോസ് തന്റെ എംപറേര്‍സ് ന്യൂ മൈന്ഡ് എന്ന് പുസ്തകത്തില്‍ യന്ത്രയുക്തിയുടെ സീമകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അത് എപ്പോഴും മനുഷ്യബുദ്ധിയുടെ കീഴെ നില്‍ക്കുമെന്ന് അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട്. ഷാഡോസ് ഓഫ് മൈന്റ് എന്ന ഇതിന്റെ തുടര്‍ച്ചയായ പുസ്തകത്തില്‍ തന്റെ യുക്തികള്‍ക്ക് നേരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ശക്തിയായി മറുപടി പറയുന്നു. എന്നാല്‍ മനുഷ്യബുദ്ധിയോളമെത്തിയില്ലെങ്കിലും യന്ത്രങ്ങള്‍ക്ക് നൈതികനിയമങ്ങള് അടിച്ചേല്‍പ്പിക്കേണ്ടി വന്നേക്കാം. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലുകളുടെ സംഘര്‍ഷങ്ങളാണ് സാഹിത്യത്തിന്റെ ഇടങ്ങള്‍. ആ ദിശയിലേക്ക് ദൃഷ്ടി പായിക്കുന്നവയാണ് സ്‌പെക്കുലേറ്റീവ് ഫിക്ഷന്‍ എന്ന ശാഖ.
അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക എന്നത് ശാസ്ത്ര-സാങ്കേതിക രംഗത്ത് പതിവാണ്. അത്തരമൊരു ദൃഷ്ടികേന്ദ്രത്തില്‍ ഊന്നിയുള്ള സാഹിത്യരചനയെ പരമ്പരാഗതമായി സയന്‍സ് ഫിക്ഷന്‍ ആയി ഗണിക്കുന്നു. ശാസ്ത്രം അതിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. യുക്തികള്‍ യുക്തിഭദ്രമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിനിടയില്‍ അനേകം താത്വികപ്രശ്‌നങ്ങള്‍ ഉയരുകയും ചിന്തകള്‍ പുതിയ മണ്ഡലങ്ങളിലേക്ക് പ്രവഹിക്കുകയും ചെയ്യുന്നു. 'The Left Hand of Darkness' എന്ന നോവലിന് ആമുഖമായി ഉര്‍സുല ഇത്തരത്തിലുള്ള ഒരു ആശയത്തെ വ്യംഗിപ്പിക്കുന്നുണ്ട്. പ്രവചനാത്മകമായ സാഹിത്യമല്ല വിവരണാത്മകമായ സാഹിത്യമാണ് താന്‍ എഴുതുന്നത് എന്നാണ് ഉര്‍സുല വിശ്വസിച്ചിരുന്നത്. ഷ്രോഡിങ്കര്‍ (Erwin Schrödinger) തന്റെ ചിന്താപരീക്ഷണത്തില്‍ ഒരു യഥാര്‍ത്ഥ പൂച്ചയെ വിഷം വമിക്കാനിടയുള്ള ഒരു ചേംബറില്‍ നിക്ഷേപിച്ച് നടത്തിയ ക്വാണ്ടം പരീക്ഷണം ഒരു സാഹിത്യ ഭാവനയോളം ഉയര്‍ന്ന ഒന്നാണ്. ഒരേ സമയം ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന പൂച്ച എന്ന സങ്കല്പം ഭൗതികശാസ്ത്രത്തില്‍ നടന്ന ചര്‍ച്ചകളില്‍ നിന്ന് പുറത്തു കടന്ന് സാഹിത്യത്തിന്റെ വേലിക്കകത്തേക്ക് പ്രവേശനം നേടി. ആനന്ദിന്റെ 'ഷ്രോഡിംഗറുടെ പൂച്ച എന്ന കഥയില്‍ ബാബാ മേജര് ഹര്‍്ഭജന് സിഗ് എന്ന പട്ടാളക്കാരന് മരിച്ചിട്ടും അയാളുടെ ആത്മാവിനെ ഉപേക്ഷിക്കാനാവാതെ കൊണ്ടു നടക്കുന്ന ഒരു റെജിമെന്റിന്റെ കഥയാണ്. മരിച്ചു പോയ ഒരാള്‍ക്ക് ജീവിച്ചിരിക്കുന്ന ഒരാളെപ്പോലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും നല്കുന്ന പ്രതീതിയാഥാര്‍ഥ്യമെന്നത് ഒരു ശാസ്ത്രയുക്തിയെപ്പറ്റിയുള്ള വാദപ്രതിവാദത്തെ സാഹിത്യമണ്ഡലത്തില്‍ സ്ഥാപിക്കലാണ്.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ സാഹിത്യത്തിന് സ്ഥിരം ഇടങ്ങളെ മാത്രം സംബോധന ചെയ്താല്‍ മതിയാവില്ല. സാധ്യതകളും സന്ദര്‍ഭങ്ങളും തീര്‍ത്തും നവീനമാവുന്ന അവസ്ഥയില്‍ ഫിക്ഷനും വേറിട്ട പാതകളിലൂടെ യാത്ര ചെയ്യേണ്ടി വരും. മനുഷ്യനന്മയാണ് ആത്യന്തികമായി സാഹിത്യത്തിന്റെ കാല്പനികമായ ആദര്‍ശം എന്നിരിക്കെ വേറിട്ട തീരങ്ങളിലേക്കുള്ള സഞ്ചാരം കൂടെ സാഹിത്യകാരന്റെ ശ്രദ്ധയില്‍ പെടേണ്ടതാണ്. പഴകിപ്പതിഞ്ഞ വഴികളിലൂടെയുള്ള നടത്തത്തെക്കാള്‍ പുതിയ കാഴ്ചകളുള്ള വഴികളിലൂടെയുള്ള യാത്രയ്ക്ക് സമാനമാണ് പുതിയ ഇടങ്ങള്‍ തേടിയുള്ള വായന. ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളും കണ്ടെത്താത്ത ഇടങ്ങളും തേടിയുള്ള യാത്ര പോലെ പുതിയ സങ്കല്‍പങ്ങളും നവീനമായ പ്രമേയങ്ങളും വായനയില്‍ എത്തേണ്ടതുണ്ട്.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല