അതിജീവനം, എസ്. സഹന എഴുതിയ കവിത
വാക്കുല്‍സവത്തില്‍ ഇന്ന് എസ് സഹന എഴുതിയ കവിത
അതിജീവനം. എസ് സഹന എഴുതിയ കവിത.
ആളൊഴിഞ്ഞ കടല്‍ത്തീരത്ത്
ഡോള്‍ഫിനുകള്‍
സൂര്യസ്‌നാനം ചെയ്യുന്നു
നഗരങ്ങള്‍
കിളികള്‍ കയ്യേറിയിരിക്കുന്നു
കുട്ടികളുടെ പാര്‍ക്കിലെ
പൂമരത്തിന്
നിശബ്ദത സഹിക്കാനാവാതെ
എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുണ്ട്
വെള്ളം കിട്ടാതെ
മരിച്ച
തെരുവ് നായയുടെ ആത്മാവ്
പറഞ്ഞിട്ടാണത്രെ
കടലില്‍ നിന്നും
ഉയിര്‍ത്ത മേഘങ്ങള്‍
മഴയെ വിളിക്കാന്‍
യാത്ര തുടങ്ങിയിട്ടുണ്ട്
കാണികളില്ലാത്ത ഗ്യാലറിയിലിരുന്ന്
ഒറ്റയ്ക്ക്
ഒരു മുയല്‍
പന്തയം വയ്ക്കുന്നു
കളിക്കാരുപേക്ഷിച്ച
പന്ത്
മൈതാനത്തിരുന്ന്
പുല്ലിനോടെന്തോ പറയുന്നുണ്ട്
മനുഷ്യരെ ഒളിപ്പിച്ച നഗരത്തില്‍,
വെയില്‍ കായുന്ന വാഹനങ്ങള്‍ക്കുമേല്‍
അങ്ങാടിക്കുരുവികള്‍ യോഗം ചേര്‍ന്നു
പൂമ്പാറ്റകളുടെ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട
തേന്‍നിറച്ചവണ്ടി
അതിര്‍ത്തി കടത്തിവിട്ടില്ല
എന്നാണ് കേട്ടത്
ആത്മഹത്യ ചെയ്യാനൊരുങ്ങിയ
ഉറുമ്പുകളുടെ കൂട്ടത്തെ
ഒഴിവുകാലംആസ്വദിച്ച്
പുഴയോരത്തിരിക്കുകയായിരുന്ന
ദൈവങ്ങളാണ്
ആദ്യം കണ്ടത്.
വര്‍ഷവും വസന്തവും
വൈകാതെ വരുമെന്നും
പച്ചനിറമുള്ള ഒരു സ്വപ്നം
തന്നെവന്നു പൊതിയുമെന്നും
ഓര്‍ത്ത്
ഈ സമയമത്രയും
ഭൂമി
തന്റെ
മുറിവുണക്കുകയായിരുന്നു.