മാരക സ്മാരകങ്ങള്‍, ഷാജു വിവിയുടെ കവിത
വാക്കുല്‍സവത്തില്‍ ഷാജു വിവി എഴുതിയ കവിത
'വിചിത്രമായി വായിക്കുകയാണ്, തനിയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയാത്തവിധം വായിക്കുകയാണ് ഷാജു. സെര്‍ജി ബൂബ്കയേയും ഗ്രഹാംബെല്ലിനേയും ജയില്‍ചാട്ടത്തേയും വിവാഹമോചനത്തേയും വിധവയേയും കോട്ടുവായേയും പൂവാലനേയും മുലകളേയും ആണ്‍മുലയേയും പല്ലുതേപ്പിനേയും...'
ഇപ്പറയുന്നത് വിവി ഷാജുവിനെക്കുറിച്ചാണ്. ഷാജുവിന്റെ കവിതകളെക്കുറിച്ചാണ്. പറയുന്നത്, കല്‍പ്പറ്റ നാരായണന്‍. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം ഷാജുവിന്റെ കവിതകളിലേക്കും ഷാജുവിലേക്കുമുള്ള കൃത്യമായ പാലമാണ്.
പലമാതിരി ലോകങ്ങളില്‍ ജീവിക്കുന്ന ഷാജു എന്നൊരു മനുഷ്യന്‍ ചുറ്റുമുള്ള ലോകത്തെ വായിക്കുന്ന വിധമാണ് ആ കവിതകള്‍. ആ വായനയില്‍ ഷാജുവിന്‍േറതു മാത്രമായ നിരീക്ഷണങ്ങളുണ്ട്. അലസതയുണ്ട്. കളിമട്ടുണ്ട്. രോഷവും സങ്കടവും പ്രേമവും പ്രേമമില്ലായ്മയും പരിഹാസവും വേദനയും തമാശയും ഒക്കെയുണ്ട്. കവിതയ്ക്കു മാത്രം തൊടാനാവുന്ന ഭാവനയുടെ ഉന്‍മാദങ്ങളുണ്ട്. വിചിത്രമായ ആലോചനകളും അതിലും വിചിത്രമായി അത് അടയാളപ്പെടുത്തുന്ന മാന്ത്രികതയുമുണ്ട്. ഭാഷയിലും ആഖ്യാനത്തിലുമെല്ലാം പ്രസരിക്കുന്ന പുതുമയും കൂസലില്ലായ്മയുമുണ്ട്. ഒരിക്കലും പ്രായമാവാത്തൊരു കുട്ടിത്തമുണ്ട്. കളിയുടെയും ഫിലോസഫിയുടെയും ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയുമെല്ലാം അടിവേരുകളുള്ള ആ കവിതകള്‍ നാം ജീവിക്കുന്ന കാലത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ഭാവനയുടെ തീവണ്ടിമുറികളാണ്.
മാരക സ്മാരകങ്ങള്‍
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.
അയാള്‍ക്കു മാത്രമതില്‍
കളിക്കാനാവില്ല.
എന്തതിശയമാണ്,
എന്തക്രമമാണ്!
ഫൈനലായിരുന്നു,
തോനെ ആള്‍ക്കാരുണ്ടായിരുന്നു.
ഉത്സവംപോലായിരുന്നു.
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍
കളിക്കാനാവുമെങ്കില്‍ ബൂട്ടുമിട്ടു
ആറാം നമ്പരില്‍ അയാള്‍ ഇറങ്ങിയേനെ.
കാണാനാവുമെങ്കില്‍
കപ്പലണ്ടിയും കൊറിച്ചു
അയാളത് രസം പിടിച്ചു കണ്ടേനെ!
സുമേഷിന്റെ അച്ഛന്‍ കണാരേട്ടന്‍
മുന്‍വരിയില്‍ തന്നെയുണ്ട്.
കൂട്ടുകാര്‍ ഉണ്ട്.
ബന്ധക്കാരും നാട്ടുകാരുമുണ്ട്.
എം എല്‍ എ ഉണ്ട്
സഖാക്കളുണ്ട്
അവരെല്ലാം ആര്‍പ്പു വിളിക്കുന്നുണ്ട്.
കണാരേട്ടന്‍മാത്രം
ഒരു തവണ സുമേഷിനെ
ഓര്‍മ്മ വന്നപ്പോള്‍
ശരീരത്തിലേക്ക് പടര്‍ന്ന ആവേശത്തെ
ഔചിത്യപൂര്‍വ്വം
അടക്കിയിരുത്തി.
ഈ മൈതാനത്തിന്റെ തൊട്ടപ്രത്തുള്ള
കണ്ടത്തില്‍ വച്ചാണ്
പത്താളുകള്‍
വെട്ടിയും കുത്തിയും
സുമേഷിനെ അനശ്വരനാക്കിയത്.
നല്ല പന്തുകളിക്കാരനായ സുമേഷ്
മുക്കാലും അറ്റ കയ്യും വീശി
മരണവും കൊണ്ട് കുറെ ഓടിയതാണ്.
നോട്ട്ബുക്കിലെ ചുവന്ന വരപോലെ
ഓടിയ വഴിക്കെല്ലാം
ചോര വീണിരുന്നു.
ചുവപ്പന്‍ വര വരയ്ക്കുന്ന
ജറ്റ് വിമാനമായിരുന്നു
അന്നേദിവസം സുമേഷ്.
വീട്ടിലന്ന് മുത്തപ്പന്‍ തെയ്യമുണ്ടായിരുന്നു.
കള്ള് വാങ്ങാന്‍ പുറപ്പെട്ട,
എകെജി യെയും
പാരീസ് ഹോട്ടലിലെ ബിരിയാണിയെയും
ലാലേട്ടനെയും
ലയണ്‍ മെസ്സിയെയും
ജയചന്ദ്രനെയും ആരാധിക്കുന്ന,
അയ്യപ്പ സ്വാമിയോട്
അധിക മമതയുണ്ടായിരുന്ന,
പെഴ്‌സില്‍ മിനിയുടെയും മോളുടെയും ഫോട്ടോ
എന്നും കൊണ്ടു നടക്കുന്ന,
കിലുക്കം മുപ്പത്തേഴു തവണ കണ്ട,
''അനുരാഗഗാനംപോലെ...''
കേള്‍ക്കുമ്പോഴെല്ലാം
കോരിത്തരിച്ചു
പനി പിടിക്കാറുണ്ടായിരുന്ന
സുമേഷ് എന്ന മുപ്പതുകാരന്‍
വീട്ടില്‍നിന്നിറങ്ങി
പതിനേഴു മിനിട്ടുകള്‍ക്കകം
അനശ്വരനും
രക്തസാക്ഷിയുമായി!
എന്തതിശയമാണ്,
എത്ര സ്വാഭാവികമാണ്.
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.
സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറില്‍
സുമേഷിനു മാത്രം
ബസ് കാത്തു നില്‍ക്കാനാവില്ല.
എന്തതിശയമാണ്.
എന്തക്രമമാണ്!
സുമേഷ് അനുസ്മരണച്ചടങ്ങില്‍
സംസാരിക്കാനാകുമായിരുന്നുവെങ്കില്‍
സുമേഷ് എന്താവും
സംസാരിക്കുക?
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍
ഏതു പൊസിഷനിലാവും
അയാള്‍ കളിക്കുക?
സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ
ഭാരം താങ്ങവയ്യാത്തത് കൊണ്ട്
അയാളുടെ അമ്മ
പിന്നീട് ബസ്സ് കേറിയിട്ടേയില്ല.
സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടര്‍
ജാതി മത രാഷ്ട്രീയ
മനുഷ്യ തിര്യക് ഭേദമന്യേ
എല്ലാവര്‍ക്കും
തണല്‍ നല്‍കുന്ന വൃക്ഷമായിരുന്നു.
ആ ഷെല്‍ട്ടറിന്റെ അഭയത്തില്‍
പതിമൂന്നു പ്രണയങ്ങള്‍
ഇതിനകം പൂത്തു കായ്ച്ചിട്ടുണ്ട്
എത്ര സൃഷ്ട്യുന്മുഖമാണ്
ആ കാത്തുനില്‍പ്പ് കേന്ദ്രം!
സുമേഷിന്റെ സ്മരണാഖേദമില്ലാതെ
കാണാന്‍ കഴിയുംവിധം
സുമേഷ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്
അയാളില്‍ നിന്നും
ഒന്നോ രണ്ടോ ആണ്ടുകള്‍കൊണ്ട്
മുക്തി നേടിയിരുന്നു.
സുമേഷ് പൊയ്‌പ്പോയപ്പോള്‍
കിട്ടിയ സഹകരണ ബാങ്കിലെ
പണിയും കഴിഞ്ഞ്
മടങ്ങും വഴി
മൈതാനത്തിലെ ആരവം കേട്ടപ്പോള്‍
മിനി, പത്തു കളിക്കാര്‍ ചേര്‍ന്ന്
അയാളെ അനശ്വരനാക്കുംനേരം
ഉണ്ടായ ആരവം ഓര്‍ത്തു പോയി.
അന്നേരം കളി കാണാന്‍ തിടുക്കത്തില്‍
നടക്കുന്നതിനിടെ
അയല്‍പക്കത്തെ രമണി
''മിനീ നീ വെരുന്നില്ലേ പന്ത് കളി കാണാന്‍''
എന്ന് നിര്‍മ്മലമായി ചോദിച്ച്
അന്തര്‍ധാനം ചെയ്തു.
എന്തതിശയമാണ്.
എന്തക്രമമാണ്
എത്ര സ്വാഭാവികമാണ്!