പ്രാണികള്‍, പറവകള്‍, വൃക്ഷങ്ങള്‍
കവി എം പി പ്രതീഷ് എഴുതുന്ന 'കവിതയിലെ ഇടങ്ങള്‍' പരമ്പര മൂന്നാം ഭാഗം. കെ. എ ജയശീലന്റെ കവിതയിലെ ജീവലോകങ്ങള്‍.
കുപ്പായക്കുടുക്കുകളൂരുന്ന കവിത, മതവും ദര്‍ശ്ശനങ്ങളും ലിംഗബോധവും ഭാഷയും അറിവും സൗന്ദര്യബോധവും എല്ലാം കുടഞ്ഞുകളയുന്നു. എന്നിട്ടത് പ്രാണന്റെ വൈവിധ്യങ്ങളിലേക്കും വൈരുധ്യങ്ങളിലേക്കും പോവുന്നു. പച്ചിലകളിലേക്കും ജലത്തിലേക്കും പോവുന്നു. ഒരു മരത്തിന്റെ പൂവിടലില്‍ ഉത്സവം കൊള്ളുന്നു. ദൈവമേയല്ലാത്ത ഒരു ദൈവത്തെ തൊടുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ കവിത അങ്ങനെ അതീതവുമാവുന്നു.
ലൈക്കനുകളുടേത്, വിഭിന്നമായൊരു ജീവസാന്നിദ്ധ്യമാണ്. നാട്ടിലോ നഗരത്തിലോ പാറയിലോ ചുവരിലോ വൃക്ഷശിഖരത്തിലോ തങ്ങിനിന്നു വളരുന്നു അവ. വായുവില്‍ നിന്നും വെള്ളവും വെളിച്ചവും ആഗിരണം ചെയ്യുന്നു. അന്നജമുണ്ടാക്കുന്നു. അവയുടെ ശരീരം തുറന്നിട്ടതാണു. ചുറ്റിനുമുള്ള ലോകത്തിന്റെ മുഴുവന്‍ വിഷത്തെയും അവ വലിച്ചെടുക്കുന്നു. അവയുടെ അസാന്നിദ്ധ്യമാവട്ടെ, മരുഭൂമിയുടെ പിറവിയുടെ ദുരന്തസൂചകവും. അപ്രകാരമാണത് ഏറ്റവും ജൈവമായൊരു അടയാളമാവുക.
ലൈക്കനുകള്‍ക്കു സമാനമായ ജീവിതത്തിലാണ് ജയശീലന്റെ എഴുത്തിടം. അയാള്‍ അചേതനമായ പദാര്‍ത്ഥങ്ങളില്‍നിന്ന് ജീവനൂതിയെടുക്കുന്നു. 'കല്ലും കല്ലുമുരസ്സി തീയുണ്ടാക്കാന്‍ കഴിഞ്ഞതുപോലെ ഒരു കഴിവ്' ആണത്. അവിടെ മണ്ണിനും ചുവരിനും വീടിനും വാതിലിനും ബള്‍ബിനും എല്ലാം ജീവനുയിര്‍ക്കുന്നു. അവ വിചാരപ്പെടുന്നു. മിണ്ടുന്നു. വേദനിക്കുന്നു.
വനങ്ങളല്ല, വീട്ടുതൊടികള്‍. മഹാവൃക്ഷമല്ല, മുറ്റത്തിനതിരിലെ മാവിന്തൈ. വന്യതയുടെ വിദൂരമായ മുരള്‍ച്ചകളല്ല, ചെറുപ്രാണിത്തരിപ്പ്. സസ്യകോശങ്ങളുടെ സമീപസ്ഥതയാണീക്കവിതകള്‍. ഇലകള്‍ മുളയ്ക്കുന്ന, വേരുപൊട്ടുന്ന, പുഴുക്കളിഴഞ്ഞുപോവുന്ന, ഒരിടമാണതിന്‍ സ്ഥലരാശി. അവിടെ ഹരിതകം ഉണ്ട്.
കാറ്റും വെയിലും ഇരുളുമടങ്ങുന്ന ദിനകാലവും മഴയും വേനലുമുള്ള ഋതുകാലവും കവിതയിലൂടെ സഞ്ചരിക്കുന്നു. വീട്ടിലെക്കു വരുമ്പോള്‍ കാറ്റില്‍ ഉണക്കിലമണം. തിരിച്ചുപോവുമ്പോള്‍ പച്ചയായിരിക്കുന്നു. മഴക്കാലം ആകാശത്തെ ഭൂമിയില്‍ കാട്ടുന്നു. മരങ്ങളതില്‍ തലകീഴായിട്ട്.
ഛായാഗ്രാഹിയുടെ കലയാവുമീക്കവിതകള്‍. പുറത്തേയ്ക്കു നോക്കുമ്പോളൊക്കെ അകം തന്നെ കാണും. പുള്ളികുത്തിയ മുറ്റവും ചായക്കപ്പില്‍ പ്രതിബിംബിക്കുന്ന ബള്‍ബിനെ, നനഞ്ഞയിലകളെ, നനച്ചീറന്‍ തുണിയില്‍ മുളയെടുക്കുന്ന പയറിനെ, എല്ലാം കാണും. കാണുന്നവയിലെല്ലാം ഒരേ ജീവന്‍ കൊണ്ടു ചേര്‍ത്തുതുന്നിയ ചിത്രത്തുന്നലുണ്ട്. സസ്യവും മനുഷ്യരും കല്ലും പ്രാണികളും ഒരേ പ്രതലത്തില്‍ നില്‍ക്കുന്ന കാഴ്ച പൗരസ്ത്യമായിരിക്കാം.
നഗ്‌നതയുടെ തുറസ്സിലേക്കു പോവുന്നു ഇക്കവിതകളില്‍ നമ്മള്‍. ഓരോ വസ്തുവും ജീവനും അതുമാത്രമായിരിക്കുന്നു. കല്ലിനോ മരത്തിനോ മനുഷ്യരുടെ മനസ്സുകൊടുക്കുന്നില്ല. മരം അതിന്റെ, പുഴു അതിന്റെ ,വെള്ളം അതിന്റെ, മാത്രം വാഴ്വില്‍ മുഴുകിയിരിക്കുന്നു. (അമാനുഷമാണ് ആയര്‍ത്ഥത്തില്‍ ഇക്കവിത. മനുഷ്യരുടെ അറിവുമധികാരവും നീങ്ങിനില്‍ക്കുന്നയിടം. 'വാക്കുകള്‍ വഴുക്കുന്ന സാധനങ്ങളാണവയൊഴിവാക്ക'യെന്നു പറയുന്നു. അയാള്‍ കവിതയെ തനിരൂപങ്ങളിലേക്കു നയിക്കുന്നു.
ആദ്യ ഭാഗം:
രണ്ടാം ഭാഗം: ഇടനേരം നമ്മള്‍ ഇവിടെയാണ് - കെ. സി മഹേഷിന്റെ കവിതയിലെ എങ്ങുമല്ലാത്ത ഇടങ്ങള്‍
കെ. എ ജയശീലന്‍: Image Courtesy: Pramod KM / Wikimieda
കുപ്പായക്കുടുക്കുകളൂരുന്ന കവിത, മതവും ദര്‍ശ്ശനങ്ങളും ലിംഗബോധവും ഭാഷയും അറിവും സൗന്ദര്യബോധവും എല്ലാം കുടഞ്ഞുകളയുന്നു. എന്നിട്ടത് പ്രാണന്റെ വൈവിധ്യങ്ങളിലേക്കും വൈരുധ്യങ്ങളിലേക്കും പോവുന്നു. പച്ചിലകളിലേക്കും ജലത്തിലേക്കും പോവുന്നു. ഒരു മരത്തിന്റെ പൂവിടലില്‍ ഉത്സവം കൊള്ളുന്നു. ദൈവമേയല്ലാത്ത ഒരു ദൈവത്തെ തൊടുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ കവിത അങ്ങനെ അതീതവുമാവുന്നു.
ബുദ്ധകാലത്തിന്റെ കവിതയാവുന്നു. ഓരോ നിമിഷങ്ങളില്‍ തങ്ങിനില്‍ക്കുന്നു. അതിനാല്‍ 'ഇന്നീ നിരത്തിന്റെ തിക്കിലും തള്ളിലും എന്നില്‍ നിലാവവശേഷിച്ചിരിക്കുന്നു, നിലാവ് പരന്നേയിരിക്കുന്നു'. 'കോശത്തില്‍ നിന്ന് വിരിഞ്ഞ ചിറകുകള്‍ക്കാറുവാന്‍ എത്ര നിമിഷം കിട്ടി' എന്നാശ്ഛര്യപ്പെടുന്നു. ' എത്ര ശ്രമിച്ചിട്ടും അതിനു ഇരിക്കാന്‍ പറ്റുന്നില്ല' എന്നു വര്‍ത്തമാനത്തിലാവുന്നു. ' ബുദ്ധന്റെ വചനങ്ങളേക്കാള്‍ നല്ലതാണു ഈ പുഴുവിന്റെ നടത്ത' എന്നു ബോധ്യപ്പെടുന്നു. ഭൂതഭാവികള്‍ക്കിടയില്‍ നേര്‍ത്ത ഒറ്റയൊറ്റ നിമിഷങ്ങളിലാണ് വാഴ്വിന്റെയാധാരമെന്ന് തിരിച്ചറിയുന്നു.
ജയശീലന്റെ കവിതകള്‍ സാധാരണമായ സ്ഥലത്തിലും കാലത്തിലും നിന്നു തന്നെ അസാധാരണമായ ലോകത്തെ പിടിച്ചെടുക്കുന്നുണ്ട്. ആവര്‍ത്തിക്കുന്ന, പരിചിതമായ ഇടങ്ങളില്‍ നിന്ന് പുതിയ സ്വരങ്ങളും ദൃശ്യങ്ങളും തൊടുന്നു. ഭാഷയില്‍ ഈ കവി കൊത്തിയുണ്ടാക്കുന്ന പ്രപഞ്ചത്തില്‍ കഴിയുവാന്‍ പഴക്കമില്ലാത്ത, പൊടിപിടിക്കാത്ത ജ്ഞാനേന്ദ്രിയങ്ങള്‍ നമുക്കാവശ്യമുണ്ട്.
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം