ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
വാക്കുല്‍സവത്തില്‍ സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമര്‍ എഴുതിയ കവിതയ്ക്ക് പി പി രാമചന്ദ്രന്‍, ടി പി വിനോദ്, സുജീഷ് എന്നിവരുടെ വ്യത്യസ്ത വിവര്‍ത്തനങ്ങള്‍
രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള സ്‌കാന്‍ഡിനേവിയന്‍ എഴുത്തുകാരില്‍ ഏറ്റവും പ്രമുഖനാണ് സ്വീഡിഷ് കവി റ്റൊമാസ് ട്രാൻസ്ട്രോമര്‍. കവി, സൈക്കോളജിസ്റ്റ്, വിവര്‍ത്തകന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയന്‍. 2011ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടി. സ്വീഡിഷ് പ്രകൃതിയും ഋതുഭേദങ്ങളും നിത്യജീവിതത്തിന്റെ നിഗൂഢതകളും നിറഞ്ഞ അദ്ദേഹത്തിന്റെ കവിതകള്‍ 60 ഭാഷകളിലേറെ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതുദേശ, കാലങ്ങളിലേക്കും ഭാഷകളിലേക്കും അനായാസം സഞ്ചരിക്കുന്ന ഭാഷയും ആഖ്യാനവുമാണ് അദ്ദേഹത്തിന്‍േറത്. വിവര്‍ത്തകരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി കൂടി അദ്ദേഹം അറിയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ മലയാളിക്കും പരിചിതമാണ്.
റ്റൊമാസ് ട്രാൻസ്ട്രോമര്‍
റ്റൊമാസ് ട്രാൻസ്ട്രോമറിന്റെ സ്വീഡിഷ് കവിതക്ക് പല തരം ഇംഗ്ലീഷ് വിവര്‍ത്തനങ്ങളുണ്ട്. അവയില്‍ രണ്ടെണ്ണം ഇതോടൊപ്പം.
ഈ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ആധാരമാക്കി മലയാളത്തിലെ മൂന്ന് കവികള്‍ വിവര്‍ത്തനം ചെയ്ത വ്യത്യസ്തമായ മൂന്ന് കവിതകള്‍ ഇവിടെ വായിക്കാം. കവികളായ പി പി രാമചന്ദ്രന്‍, ടി പി വിനോദ്, സുജീഷ് എന്നിവരാണ് ട്രാൻസ്ട്രോമര്‍ കവിതയെ മലയാളത്തിലേക്ക് എത്തിച്ചത്. ട്രാൻസ്ട്രോമര്‍ കവിതയുടെ വിവര്‍ത്തന വഴികളിലേക്ക് വെളിച്ചം വീശുന്നവയാണ് ഇവ.
പി പി രാമചന്ദ്രന്‍
രാപ്പുസ്തകത്തിലെ ഒരേട്/ വിവ: പി പി രാമചന്ദ്രന്‍
തണുത്ത നിലാവുപരന്ന ഒരു രാത്രി
ഞാന്‍ തീരത്തടുക്കുന്നു
ചാരവര്‍ണ്ണത്തിലുള്ള പുല്ലും പൂക്കളും
പച്ചയുടെ മണം
വെളുത്ത കല്ലുകള്‍
ചന്ദ്രബിംബത്തെ ചൂണ്ടുന്ന
വര്‍ണ്ണാന്ധമായ രാത്രിയില്‍
ഞാന്‍ ഒരു ചെരിവു കയറുന്നു
ഏതാനും നിമിഷം നീളവും
അന്‍പത്തിയെട്ടു വര്‍ഷം വീതിയുമുള്ള
കാലത്തിന്റെ ഒരളവ്
എന്റെ പിന്നില്‍
ഈയ്യം പോലെ പ്രകാശിക്കുന്ന
ജലാശയത്തിന്റെ മറുകര
അവിടെ, ഭരിക്കുന്നവരും
മുഖത്തിന്റെ സ്ഥാനത്ത് ഭാവിയുള്ളവരുമായ
ഒരു ജനത.
ടി പി വിനോദ്
രാത്രിയുടെ ഒരു പേജ്/ വിവ: ടി പി വിനോദ്
പുല്‍ക്കൊടികളും പൂവുകളും
വാടിയിരുന്നുവെങ്കിലും
പച്ച മണം തങ്ങിനില്‍ക്കുന്ന
തണുത്ത നിലാവുള്ള
മെയ്മാസ രാത്രിയിലേക്ക് ഞാന്‍
കാലൂന്നിയിറങ്ങി
നിറങ്ങളറിയാത്ത രാത്രിയില്‍
ഞാനൊരു ചെരിവ് കയറുന്നു
വെള്ളാരംകല്ലുകള്‍
ചന്ദ്രനിലേക്ക് ചൂണ്ടുന്നു
കുറച്ച് നിമിഷങ്ങളുടെ നീളവും
അമ്പത്തെട്ട് വര്‍ഷങ്ങളുടെ വീതിയുമുള്ള
ഒരു കാലയളവ്
എനിക്ക് പിന്നില്‍
ഈയ്യം തിളക്കുന്നമട്ടില്‍ തിളങ്ങുന്ന
വെള്ളക്കെട്ടിനപ്പുറം
മറുകരയും അധികാരമുള്ളവരും
മുഖത്തിന്റെ സ്ഥാനത്ത്
ഭാവി പകരം വെച്ച
ഒരുകൂട്ടം ആളുകള്‍
സുജീഷ്
രാത്രിപുസ്തകത്തിലെ താള്‍\ വിവ: സുജീഷ്
തണുത്ത നിലാവുള്ള മെയ് മാസ
രാത്രിയില്‍ തീരത്തേക്കിറങ്ങി ഞാന്‍.
പുല്ലും പൂക്കളും മങ്ങിയിരുന്നെങ്കിലും
പച്ചപ്പിന്റെ മണമവയ്ക്കുണ്ടായിരുന്നു.
വര്‍ണ്ണാന്ധമാം രാത്രിയില്‍,
വെള്ളാരങ്കല്ലുകള്‍
ചന്ദ്രനെ ചൂണ്ടവേ,
ചെരിവിലൂടെ കയറി ഞാന്‍.
കുറച്ചു നിമിഷങ്ങളുടെ നീളത്തില്‍
അമ്പത്തിയെട്ട് വര്‍ഷങ്ങള്‍ വീതിയില്‍
ഒരു കാലഘട്ടം.
എനിക്കു പിന്നില്‍
മിന്നിത്തെന്നും വെള്ളത്തിനപ്പുറം
മറ്റൊരു തീരവും
നാടുവാഴുന്നവരും.
മുഖങ്ങള്‍ക്കു പകരം
ഭാവിയുള്ളൊരു ജനത.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
പലായനം, രമ്യ സഞ്ജീവ് എഴുതിയ കവിത
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും