ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ 

Literature festival short story by Shihabudheen Poythumkadavu

കൈയാളും താങ്ങുമില്ലാതെ മലയാള സാഹിത്യത്തിന്റെ അതിവേഗ പാതയില്‍ ചെന്നുപെട്ടൊരു കുട്ടിയുടെ അമ്പരപ്പുണ്ട് ഇപ്പോഴും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകളില്‍. എത്ര പറഞ്ഞാലും തീരാത്ത കഥകളുടെ തിക്കുമുട്ടലുകളാണ് ആ കുട്ടിയെ എഴുത്തിന്റെ അപരിചിതവഴിയിലേക്ക് സ്വയം ഇറക്കിവിട്ടത്. വഴി കാട്ടാനും വിളക്കു കൊളുത്താനും ആരുമില്ലായിരുന്നു. അതിനാല്‍, വഴിയും വെട്ടവും സ്വയം സൃഷ്ടിക്കേണ്ടി വന്നു. കഥകള്‍ മാത്രമായിരുന്നു എന്നും തുണ. ഉമ്മയില്‍നിന്നാണ് കഥ പറച്ചിലിന്റെ മാന്ത്രിക വടി കിട്ടിയതെന്ന് ഒരഭിമുഖത്തില്‍ ശിഹാബുദ്ദീന്‍ പറയുന്നുണ്ട്.  കഥകളുടെ കുട്ടിക്കാലത്തില്‍നിന്നും നിവര്‍ന്നുണര്‍ന്നപ്പോള്‍ ശിഹാബുദ്ദീന്‍ കണ്ടത് കഥയേക്കാള്‍ വിചിത്രമായ ജീവിതങ്ങളായിരുന്നു. ആ ജീവിതങ്ങളും അനുഭവങ്ങളുമാണ് മൂന്നര പതിറ്റാണ്ടായി ശിഹാബ് എഴുതുന്നതിലേറെയും. 

ജീവിതത്തിനും കഥയ്ക്കുമിടയിലെ അന്തമറ്റ അകലങ്ങള്‍ എഴുത്തുകൊണ്ട് മായ്ക്കാനുള്ള ശ്രമങ്ങള്‍ ശിഹാബുദ്ദീന്റെ കഥകളില്‍ കാണാം. യാഥാര്‍ത്ഥ്യത്തിനും ഭാവനയ്ക്കുമിടയിലെ നേരിയ അതിര്‍ വരമ്പുകള്‍ ഭേദിക്കുക എളുപ്പമല്ല. അതൊരു നൂല്‍പ്പാലം. ഒന്ന് തെന്നിയാല്‍ കഥ കഴിയും. ആ നൂല്‍പ്പാലത്തില്‍നിന്ന് ട്രപ്പീസു കളിക്കാരന്റെ കരവിരുതോടെ ഭാവനയെയും യാഥാര്‍ത്ഥ്യത്തെയും ഇഴചേര്‍ത്തുണ്ടാക്കിയതാണ് ശിഹാബിന്റെ കഥകള്‍. അത് സ്വയം ഭൂവല്ല. കഥ പറച്ചിലിനായി സ്വയം മുങ്ങിത്താഴ്‌ന്നൊരാള്‍ പ്രാണഭയത്തോടെ എത്തിപ്പിടിച്ച കരകള്‍. ശിഹാബിന്റെ ഭാഷയില്‍, 'കാലുവെന്ത നായയെപ്പോലെ' ഓടിക്കൊണ്ടിരുന്ന' ഒരു കാലം മുതല്‍ ഒരു മനുഷ്യന്‍ ജീവിതവും കഥകളുമായി നടത്തിയ മല്‍പ്പിടിത്തത്തിന്റെ ലിഖിതരൂപം. 

ഒരര്‍ത്ഥത്തില്‍, കേരളീയ ജീവിതങ്ങളുടെ പരിണാമകഥ തന്നെയാണ് ശിഹാബുദ്ദീന്റെ എഴുത്തുകളില്‍. ആര്‍ക്കും വേണ്ടാത്ത മനുഷ്യരുടെ, ആരും കേള്‍ക്കാനില്ലാത്ത വിങ്ങലുകളുടെ ബദല്‍ചരിത്രം. ദേശവും മനുഷ്യരും മാറിമറിയുന്നതിന്റെ വാങ്മയചിത്രങ്ങള്‍. സങ്കടവും വേദനകളും ഉഴുതുമറിച്ച ഒരു സാധാരണ ജീവിതത്തിന്റെ അരക്ഷിതാവസ്ഥയില്‍നിന്നു കൊണ്ടാണ്, എഴുത്തുകാരന്‍ എന്ന നിലയില്‍ ശിഹാബ് അപരജീവിതങ്ങളെ സമീപിച്ചത്. അതിന്റെ വ്യത്യാസം ആ കഥകളില്‍ കാണാം. വെറും റോ മെറ്റീരിയല്‍ ആയിരുന്നില്ല ഈ മനുഷ്യന് മറ്റുള്ളവരുടെ ജീവിതങ്ങള്‍. അയാള്‍ ഒരിക്കലും അതിനു പുറത്തായിരുന്നില്ല. ജീവിതത്തിന്റെ കയ്പ്പ് തിന്നുതന്നെയാണ് അയാളും കഥകള്‍ക്കൊപ്പം ജീവിച്ചുപോന്നത്. അതുതന്നെയാണ് ആ കഥകളില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ സത്യസന്ധതയുടെ പ്രഭവകേന്ദ്രം. ജീവിതത്തിന്റെ കടലിളക്കങ്ങള്‍ അമ്പരപ്പോടെ കണ്ടുനില്‍ക്കുന്ന ഒരു സാധാരണ മനുഷ്യനെ ഇന്നുമാ കഥകളില്‍ കാണാന്‍ കഴിയുന്നതും അതിനാലാണ്. 

എന്നും ഒരേ പാളത്തിലോടുന്ന തീവണ്ടികളല്ല ശിഹാബുദ്ദീന്റെ കഥകള്‍. ദേശകാലങ്ങള്‍ക്കൊപ്പം ആ കഥകളും മാറുന്നുണ്ട്. കുഴിബോംബുകള്‍ വിതറിയ ജീവിതത്തിന്റെ പോര്‍നിലങ്ങളുടെ വൈയക്തികമായ പകര്‍ത്തെഴുത്തുകളായിരുന്നു ഒരിക്കലത്. പില്‍ക്കാലത്ത്, സാമൂഹ്യമായ ആധികളുടെ കണക്കുപുസ്തകമായും അതു മാറുന്നു. ഉള്ളിലേക്ക് ആസിഡ് ഒഴിക്കുന്ന ആദ്യകാല കഥകളുടെ തീച്ചൂട് നഷ്ടപ്പെടുത്താതെയാണ് ആ പരിണാമം. അധികാരത്തിന്റെ കോമ്പല്ലുകളെ സൂക്ഷ്മമായി അത് സമീപിക്കുന്നു. 'ഉള്ളിനുള്ളിലെ ഹിറ്റ്‌ലര്‍'മാരെ തുറന്നുകാട്ടുന്നു. തീക്ഷ്ണ നര്‍മ്മം കൊണ്ട് പരിചിതവും അപരിചിതവുമായ ജീവിതങ്ങളെ ഉഴിയുന്നു. ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളെ തൊടുന്നു. എന്നാല്‍, വായനക്കാരെ ഇപ്പോഴും ആ കഥകള്‍ അപരിചിത ലോകങ്ങളിലേക്ക് വലിച്ചെറിയുന്നില്ല. ഋജുവായ, ലളിതമായ, ഒഴുക്കുള്ള ആ കഥകള്‍ സൗമ്യമായി ഇപ്പോഴും വായനക്കാരെ കൂട്ടുനടത്തുന്നു. 

Literature festival short story by Shihabudheen Poythumkadavu

 

പാമ്പന്‍പുഴയ്ക്കക്കരെ ഞങ്ങള്‍ക്കൊരു വീടുണ്ടായിരുന്നു. ഒരിക്കലും കിട്ടാത്ത സ്‌നേഹത്തെ അന്വേഷിച്ചിട്ടെന്നപോലെ വളപട്ടണം പുഴയുടെ കൈവഴിയിലെവിടെയോ വെച്ച് അലഞ്ഞുതിരിഞ്ഞനാഥമായിപ്പോയ വീതികുറഞ്ഞ ഒരു പുഴ. വേണമെങ്കില്‍ തോടെന്നും പറയാം. വേലിയേറ്റവും വേലിയിറക്കവും ഞങ്ങളുടെ മണ്‍കട്ടകൊണ്ടുണ്ടാക്കിയ ചെറിയ വീടിന്റെ നോക്കിയാല്‍ കാണുന്ന മുറ്റംവരെ വന്നുപോയി. തോട്ടിലേക്കു ചാഞ്ഞുനിന്ന തെങ്ങുകളില്‍നിന്നു വീഴുന്ന ഉണങ്ങിയ തേങ്ങകള്‍ വേലിയേറ്റം കൊണ്ടുപോകും. പകരം ഒരു പൊങ്ങുമരം, അല്പം ചീഞ്ഞ ഓല. ഉണങ്ങിയ വിറകുസാമഗ്രികള്‍ എന്നിവ ഞങ്ങള്‍ക്കെത്തിച്ചുതരും, പുഴ.

പുഴയ്ക്കക്കരെ ഞങ്ങളുടെ വീടിനഭിമുഖമായി വലിയൊരു ഫാക്ടറിയുായിരുന്നു. എന്താണ് അവിടെനിന്ന് ഉത്പാദിപ്പിച്ചിരുന്നതെന്നോ എപ്പോഴാണ് ആ ഫാക്ടറി തുടങ്ങിയതെന്നോ അടച്ചതെന്നോ ഞങ്ങള്‍ക്കറിയില്ല. എന്റെ ഓര്‍മ്മയുടെ കണ്ണുതുറക്കുമ്പോഴേ ആ കൂറ്റന്‍ കമ്പനി ഇരുളാര്‍ന്നും കാടുപിടിച്ചും കിടന്നിരുന്നു. ഞാനും അനുജനുമൊക്കെ ആ ഇരുട്ടില്‍ നാലോ അഞ്ചോ അടി നടന്നു പേടിച്ച് പെട്ടെന്നു പിന്‍വാങ്ങിക്കളയും. നന്നേ ചെറുപ്പത്തില്‍ത്തന്നെ കള്ളക്കഥകളുണ്ടാക്കിപ്പറയുന്നതില്‍ മിടുക്കനായ ഞാന്‍ പേടിത്തൂറിയായ, എന്നാല്‍ വഴക്കാളിയായ കോലന്‍മുടിക്കാരന്‍ അനുജന്‍ ഹമീദിനോട് ആ കാടുപിടിച്ചതിനകത്തുകിടക്കുന്ന കൂറ്റന്‍ വിചിത്രജീവി പോലുള്ള കമ്പനിയെ ചുറ്റിപ്പറ്റി പല പ്രേതകഥകളും ഉണ്ടാക്കി.  സ്വതവേ അനാരോഗ്യവാനായ ഞാന്‍ അവനെ മാനസികമായി ഉപദ്രവിച്ചത് അങ്ങനെയായിരുന്നു. 

അവന്‍ ഉറക്കത്തില്‍ പലവുരു അലറിവിളിച്ചു കരഞ്ഞു. പകലില്‍ അവന്റെ മല്ലന്‍ കായികശേഷിയില്‍ ഞാന്‍ ഞെരിഞ്ഞമര്‍ന്നു. കഥ ഒരു പ്രതികാരവസ്തുവായി ഞാനുപയോഗിച്ചു. ദുര്‍ബലനു കയറിക്കിടക്കാവുന്ന ഒരിടമാണ് ചിലപ്പോള്‍ കഥ. കഥ പറഞ്ഞുപറഞ്ഞ് ഒടുവില്‍ എനിക്കും അതൊക്കെ സത്യമാണെന്നു തോന്നിത്തുടങ്ങി. വളരെ കാലങ്ങള്‍ക്കുശേഷമാണ് മനസ്സിലായത്, അത് ഒരു സാധാരണ ഫകഎടക്ടറിയായിരുന്നു, ലാഭമൊന്നുമില്ലാതിരുന്ന കാലത്ത് രണ്ടു സഹോദരങ്ങള്‍ ആ കമ്പനി ഏറ്റെടുത്തു. സ്ഥിര പരിശ്രമംകൊണ്ട് കമ്പനി പച്ചപിടിച്ചു. കോടീശ്വരന്‍മാരായ അവരുടെ മക്കള്‍ തമ്മില്‍ തല്ലി. അതില്‍ ഒരാള്‍ ഫാക്ടറിക്കകത്തുവെച്ച് കുത്തേറ്റു മരിച്ചു. അതോടെ യന്ത്രം നിലച്ചു. ആരും അങ്ങോട്ടു തിരിഞ്ഞുനോക്കാതെയായി. ആരെങ്കിലും പ്രശ്‌നം തീര്‍ക്കും എന്നു കരുതി കാത്തിരിക്കുംപോലെയായി ഫാക്ടറി.

ഉടപ്പിറപ്പ് എന്നു പറയാന്‍ ഉപ്പാക്ക് ഒരു പെങ്ങളല്ലാതെ മറ്റാരുമില്ല. പെങ്ങളാണെങ്കില്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിനോടൊപ്പം വര്‍ഷങ്ങളായി താമസിക്കുന്നു. പിന്നെ വീട്ടില്‍ വരുന്നത് രണ്ട് എളേപ്പമാരാണ്.

ഉപ്പാന്റെ അനുജനെയാണ് എളേപ്പ എന്നു വിളിക്കുന്നതെങ്കിലും രണ്ടുപേരും വളരെ അകന്ന മച്ചുനിയന്‍മാര്‍ മാത്രമാണ്. പക്ഷേ, ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ എളേപ്പമാര്‍തന്നെയാണ്. ഉപ്പാക്ക് മറ്റു ബന്ധുക്കളൊന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ ആ ശൂന്യതയില്‍ അവരെ പ്രതിഷ്ഠിച്ചു. മൊയ്തീനെളേപ്പായ്ക്കും കാദറെളേപ്പായ്ക്കും വിശേഷിച്ച് ജോലിയൊന്നുമില്ല. ഒരാള്‍ ഒന്നാം ക്ലാസ്സിലും മറ്റേ ആള്‍ അഞ്ചിലും പഠിത്തം നിര്‍ത്തി. ഇതൊക്കെ പത്തുനാല്പതു വര്‍ഷം മുമ്പാണെന്നോര്‍ക്കണം. തോട്ടുവക്കിലിരുന്ന് രണ്ടുപേരും വാശിയോടെ തായം കളിക്കും. കാദറെളേപ്പായ്ക്ക് പന്തയംവെച്ചു കളിക്കാനാണാഗ്രഹമെങ്കിലും അതിനുള്ള പണമൊന്നും കൈയിലില്ല. കാദറെളേപ്പായെ തോല്പിക്കാന്‍ ഇടയ്ക്ക് കള്ളക്കളി കളിക്കുന്നതിലും പിന്നിലല്ല മൊയ്തീനെളേപ്പ. എന്നാലും എപ്പോഴും ജയിക്കുന്നത് കാദറെളേപ്പ.

റേഷന്‍ഷാപ്പിലെ പച്ചരിയാണ് ഞങ്ങള്‍ക്കന്ന് ഏക ആശ്രയം. തായംകളി മുറുകി ക്ഷീണിക്കുമ്പോള്‍ ചെറിയൊരു കിണ്ണത്തില്‍ പച്ചരിക്കഞ്ഞിയില്‍ തേങ്ങ ചിരവിയിട്ട് വല്യുമ്മ രണ്ടുപേര്‍ക്കും കൊടുക്കും. അത് ആര്‍ത്തിയോടെ കോരിക്കുടിച്ച് വീണ്ടും കളിതുടരും. വല്യുമ്മ പറയും: എടാ മൊയ്തീനേ, ഇങ്ങനെ കളിച്ചു നേരം കളേന്നതിനു പകരം എന്തെങ്കിലും പണിക്കു പൊയ്ക്കൂടേ നിനക്ക്?

മൊയ്തീനെളേപ്പ ഒന്നും മിണ്ടില്ല. വല്യുമ്മ നീരസപ്പെടും: 
നിന്നോടു പറേന്നതിനു പകരം വല്ല മരത്തോടും പറേന്നതാ.

മൊയ്തീനെളേപ്പ ന്യായീകരിക്കും:
നമ്മുടെ നാട്ടിലെവിടെയാ പണി. തുണിമില്ലും മരമില്ലും പൂട്ടി... ഞാന്‍പോലും പേര്‍ഷ്യയ്ക്ക് പോകാന്‍ നില്‍ക്വാ. ബോംബേലൊരു പായിക്ക് ആയിരത്തഞ്ഞൂറുറുപ്പിക കൊടുത്താ കള്ളലോഞ്ചിന് പേര്‍ഷ്യേലെത്താം. അവിടെ നല്ല ശമ്പളാന്നാ കേള്‍വി. 

വല്യുമ്മ പറഞ്ഞു:
നീ ഈ കാദറനിം കൊണ്ടുപോ. റബ്ബ്‌സുബ്ഹാനതആലയുടെ ആയിരം കൂലി നിനക്കു കിട്ടും.

മൊയ്തീനെളേപ്പ ചിരിച്ചു: കാദറിന്റെ കാര്യന്ന്വെച്ചാ ന്റെ കാര്യല്ലേ? ഞാനാദ്യം ഒന്ന് കടവ് കടക്കട്ടെ.

മൊയ്തീനെളേപ്പ കള്ളലോഞ്ചിന് പേര്‍ഷ്യയ്ക്കുപോയി. ബോംബെയ്ക്കു പുറപ്പെടുംമുമ്പ് ഉപ്പ എവിടെനിന്നെല്ലാമോ കടം വാങ്ങിയ പൈസ കൊണ്ട് വീട്ടില്‍ റാത്തീബ്  കഴിച്ചു.

വിടപറയുംമുമ്പ് മൊയ്തീനെളേപ്പ ഉപ്പയെ കെട്ടിപ്പിടിച്ച് കരഞ്ഞു: നിങ്ങള്‍ക്കൊക്കെ വേണ്ടിക്കൂടിയാണ് ഞാന്‍ പോകുന്നത്. അല്ലാഹു വേണ്ടിവെച്ചാല്‍ നമ്മുടെ എല്ലാര്‌ടേം കഷ്ടപ്പാട് ഇതോടെ തീരും.

ഉപ്പ പറഞ്ഞു: 
നീ ഈ കാദറിന്റെ കാര്യം ആദ്യം നോക്കണം.

പ്രത്യേകം പറയല്ലേ. ഇതെന്റെ കാര്യല്ലേ?

സിങ്കപ്പൂരില്‍പോയി കച്ചോടം ചെയ്ത് പൊന്നിന്റെ  പല്ലുവെച്ച മേമി ഹാജി എന്ന പൊന്നാന്‍ഹാജിയോട് കെഞ്ചുംപോലെ ചോദിച്ചുവാങ്ങിയ പഴയൊരു ലെതര്‍ബാഗില്‍ തുണിയും കുപ്പായവുമൊക്കെ നിറച്ച് മായ്തീനെളേപ്പ ഞങ്ങളെ നാട്ടിന്‍പുറത്തെ ചായമക്കാനിയുടെ അടുത്ത് ബസ് കാത്തുനിന്ന നില്‍പ്പ് ഇപ്പോഴും മറന്നിട്ടില്ല. കൃത്യം മൂന്നരയ്ക്ക് ഫാര്‍ഗോ കമ്പനിക്കാരുടെ യൂണിയന്‍ ബസ് വലിയ സംഭവംപോലെ കമാനം പുകവിട്ട് ഞങ്ങളുടെ അടുത്തെത്തി. ബസ്സില്‍നിന്ന് തല പുറത്തേക്കിട്ട് കണ്ണുനിറഞ്ഞ് മൊയ്തീനെളേപ്പ വിളിച്ചുപറഞ്ഞു: ദു ആ ചെയ്ക. അസ്സലാമു അലൈക്കും.

ഞങ്ങളുടെ കണ്ണുകള്‍ പൊട്ടിയൊലിച്ചു. ഏങ്ങലടി അടക്കിവെക്കാനുള്ള ശ്രമത്തിനിടയില്‍ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഗ്രാമപാതയിലൂടെ യൂണിയന്‍ ബസ് അപ്രത്യക്ഷമായി. അതിന്റെ കറുത്തുപരക്കുന്ന പുക മാത്രം കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റിനിന്നു.

 

..........................................................................................

നിലാവുള്ള രാത്രികളില്‍ പാമ്പന്‍പുഴയില്‍ വേലിയേറ്റം വന്നു വിജൃംഭിച്ചു. പഴയ മരക്കട്ടിലിനു മീതെ വിരിച്ച പരുക്കന്‍ പുല്‍പായയില്‍ വല്യുമ്മയ്‌ക്കൊപ്പം കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ ഞാന്‍ എത്രയോ വട്ടം സ്വപ്നം കണ്ടു

Literature festival short story by Shihabudheen Poythumkadavu

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്: പഴയ ചിത്രം 

 

അന്നു രാത്രി ഉപ്പ ഉറക്കം വരാതെ എന്തോ ഓര്‍ത്തുകിടന്നു. ഉമ്മ ചോദിച്ചതിനൊന്നും മറുപടി പറഞ്ഞില്ല.

തോട്ടിന്‍കരയില്‍ അപ്പോഴും മാഞ്ഞിട്ടില്ലാത്ത തായംകളിയുടെ പലകക്കള്ളിയും ഉച്ചൂളിയും  നോക്കി കാദറെളേപ്പ നെടുവീര്‍പ്പുകളുതിര്‍ത്തു. മൊയ്തീനെളേപ്പ പോയിട്ട് മാസങ്ങളായിട്ടും യാതൊരു വിവരവുമില്ല. ചായം കലര്‍ന്ന ഒരു തുള്ളി വെള്ളം ചുട്ട കോണ്‍ക്രീറ്റുതറയില്‍ തൂവിയതുപോലെ ജലം ഉണങ്ങിയ ഓര്‍മ്മകളില്‍ ചായം മാത്രമായി.

അന്ന് ടെലിഫോണ്‍ വലിയൊരാര്‍ഭാടം. സിങ്കപ്പൂര്‍ പൊന്നന്‍ ഹാജിയുടെ വീട്ടില്‍ മസ്ലീന്‍ തുണികൊണ്ടു പൊതിഞ്ഞ നിലയിലേ ഞങ്ങള്‍ ഫോണിനെ കിട്ടുള്ളൂ.
മൊയ്തീനെളേപ്പാന്റെ വിവരം കാണാതെ ഉപ്പ ഏറെ വിഷമിച്ചു. ആരോടാണ്, എവിടെച്ചെന്നാണ് അന്വേഷിക്കുക. ആ ആലോചനയാണ്
സിങ്കപ്പൂര്‍ പല്ലന്‍ ഹാജിയുടെ വീട്ടുമുറ്റത്തേക്കു ഞങ്ങളെ എത്തിച്ചത്.

പല്ലന്‍ ഹാജി തന്നേക്കാള്‍ താഴ്ന്ന മനുഷ്യരോട് അങ്ങനെ കാര്യമായി സംസാരിക്കില്ല. ആ സമയംകൂടി അദ്ദേഹം ദസ്ഫിയയില്‍* നാല് ദിക്കറ് കൂടുതല്‍ ചൊല്ലും. തന്റെ മുന്‍വരിയിലെ സ്വര്‍ണ്ണപ്പല്ല് പുറത്തുകാട്ടാന്‍ മാത്രം അദ്ദേഹം ചിരിക്കും.

ഉപ്പയുടെ സങ്കടം കേട്ട് മേമിഹാജിക്ക് കലിയാണു വന്നത്.

നിങ്ങളൊക്കെ എന്താ വിചാരിച്ചത്? മടക്കര ബസാറിലേക്കല്ല ഓന്‍ പോയത്. ബഹ്‌റിന്റെ അക്കരെയാ.  

അവിടെത്തന്നെ തലചൊറിഞ്ഞുനിന്ന ഞങ്ങളെ നോക്കി അദ്ദേഹം ഒരുനിമിഷം ചിന്താമഗ്‌നനായി.

എന്തായാലും ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ, ഓന്‍ ബോംബേന്ന് ലോഞ്ച് കയറിയോന്ന്.

ഏഴാം ദിവസം ഞങ്ങള്‍ക്കു വിവരംകിട്ടി, മൊയ്തീനെളേപ്പ ബോംബെവിട്ടിരിക്കുന്നു.

മാസങ്ങളുടെ കാത്തിരിപ്പ്.

ഒരു ദിവസം ഉപ്പയുടെ മുറുക്കാന്‍കടയിലേക്ക് പോസ്റ്റുമാന്‍ കുമാരേട്ടന്‍ കയറിവന്നു ചോദിക്കുന്നു:
ആരാണീ കളത്തില്‍ മുഹമ്മദ് കുഞ്ഞി?

ഉപ്പ ചാടിയെണീറ്റു.
മൊയ്തീന്റെ കത്തു വന്നിരിക്കുന്നു.

മണ്ണെണ്ണവിളക്കിന്റെ ചുവട്ടിലിരുന്ന് ഞങ്ങളതു പലവട്ടം വായിച്ചു.

വബിഹില്ലാഹി തൗഫീക്ക്... എനിക്കെത്രയും പ്രിയം നിറഞ്ഞ മമ്മൂഞ്ഞിക്കയും കുടുംബവും വായിച്ചറിയുവാന്‍ പ്രിയത്തില്‍ മൊയ്തീന്‍ എഴുതുന്നത്...

വിചിത്രമായ സ്റ്റാമ്പും സുഗന്ധവുമുള്ള പേപ്പറും എന്നിലുണ്ടാക്കിയ കൗതുകത്തിന് അതിരില്ല. കത്തിലൊരിടത്ത് എന്നെപ്പറ്റി എഴുതിയിരിക്കുന്നു. ബാഹിസിനോട് പ്രത്യേകം സലാം പറയണം. ബാഹിസ്--ആ ഭാഗം ഞാന്‍ എത്ര തവണ വായിച്ചിരുന്നെന്നോ! മറ്റൊരാള്‍ എന്റെ പേര് എഴുതിയത് ഇത്രയടുത്തുനിന്ന് കാണുന്നത് ആദ്യമായാണ്.

 

..........................................................................................

വിചിത്രമായ സ്റ്റാമ്പും സുഗന്ധവുമുള്ള പേപ്പറും എന്നിലുണ്ടാക്കിയ കൗതുകത്തിന് അതിരില്ല. കത്തിലൊരിടത്ത് എന്നെപ്പറ്റി എഴുതിയിരിക്കുന്നു. ബാഹിസിനോട് പ്രത്യേകം സലാം പറയണം.

Literature festival short story by Shihabudheen Poythumkadavu

 

 

ഞാനന്ന് ആറില്‍ പഠിക്കുന്നു. ഉപ്പ കാണാതെ ഞാന്‍ ആ കത്ത് ക്ലാസ്സിലെ ചങ്ങാതിമാര്‍ക്കൊക്കെ കാണിച്ചുകൊടുത്തു. പലരും കത്തിന്റെ സുഗന്ധം മൂക്കില്‍ വലിച്ചുകയറ്റി. അത്ഭുതത്തോടെ കണ്ണുമിഴിച്ചു. കത്ത് പലരും മാറിമാറി മണപ്പിച്ചു. മണപ്പിച്ചുമണപ്പിച്ച് അക്ഷരത്തില്‍ മൂക്കള പറ്റി.

ഉപ്പ എയര്‍മെയില്‍ ഇന്‍ലന്റില്‍ മറുപടി എഴുതി. സര്‍വ്വശക്തനായ റബ്ബുല്‍ ആലമീനായ തമ്പുരാന്റെ കൃപകൊണ്ട് നീ അയച്ച കത്ത് കൈപ്പറ്റി... കാദറിന്റെ കാര്യം നീ മറന്നുപോകരുത്...

എല്ലാ കത്തിലും മൊയ്തീനെളേപ്പ കാദറെളേപ്പാന്റെ കാര്യം പറഞ്ഞെഴുതും. അല്ലാഹുവിന്റെ കൃപകൊണ്ട് ഉടനെ ശരിയാവും.

നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരുപ്പിനുശേഷം കാദറളേപ്പ ഒരു ദിവസം ആരോടും പറയാതെ നാടുവിട്ടുപോയി. പുഴക്കരയില്‍ ഉച്ചൂളി പറ്റേ അനാഥമായി. കുറച്ചുദിവസത്തിനുശേഷം കാദറെളേപ്പ ആരേക്കൊണ്ടോ എഴുതിച്ച് ഒരു കത്തയച്ചു.

മമ്മുഞ്ഞിക്കാ, ഞാനിപ്പോള്‍ ബോംബെയിലാണ്. ലോഞ്ച് കയറി ഉടനെ പേര്‍ഷ്യയ്ക്കുപോകും. അനുഭവം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇതാണ്, ആരും ആരെയും കാത്തിരിക്കരുത്.

ഉപ്പ ഉള്ളാളത്തെ പള്ളിയില്‍ നേര്‍ച്ച നേര്‍ന്നു, ഒരാപത്തും വരാതിരിക്കാന്‍.

പാമ്പന്‍പുഴയ്ക്കക്കരെയുള്ള പൂട്ടിയിട്ട ഫാക്ടറിയില്‍ പിന്നെയും കാട് പെരുകി. രാത്രികാലങ്ങളില്‍ കുറുക്കന്‍മാരുടെ കൂവല്‍ പതിവുകേള്‍വിയായി.

മറക്കില്ല, ആ ദിവസം. ഞാനന്ന് പത്താംക്ലാസ്സില്‍ പഠിക്കുന്നു. ഉപ്പാന്റെ പീടികയ്ക്കുമുന്നില്‍ ഒരു ലാംബട്ര ഓട്ടോറിക്ഷ വന്നു നിന്നു.

അതില്‍നിന്നിറങ്ങിയ ആളെക്കണ്ട് ഉപ്പാക്കു വിശ്വസിക്കാനായില്ല. ആളാകെ തടിച്ചിരിക്കുന്നു. കാലുകള്‍ അസാമാന്യമായി വെളുത്തിരിക്കുന്നു. അവസാനമായി അയച്ച കത്തില്‍ വന്നേക്കും എന്നേ എഴുതിയിരുന്നുള്ളൂ.

ഇരുവരും പരസ്പരം ഏറെനേരം ഒന്നും പറയാതെ പുണര്‍ന്നുനിന്നു. അന്ന് ഉപ്പ പീടിക നേരത്തേ അടച്ചു. ഞങ്ങളുടെ മണ്‍കട്ട വീട്ടിനുമുന്നില്‍തൂക്കിയ മണ്ണെണ്ണവിളക്കിനു മുന്നില്‍ പ്രത്യേകം ഇട്ടുകൊടുത്ത കസേരയിലിരുന്ന് ഗള്‍ഫിലെ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവിടത്തെ ചൂട്, തണുപ്പ്, അറബികളുടെ സ്‌നേഹം, കണ്ണെത്താത്ത മരുഭൂമി, ചുട്ട മണല്‍ക്കാറ്റടിക്കുമ്പോള്‍ പഴുക്കുന്ന ഈത്തപ്പഴം. ഖോര്‍ഫുക്കാന്‍ കുന്നിനരികില്‍ പത്തേമാരിയിറങ്ങിയപ്പോള്‍ ഛര്‍ദ്ദിച്ചു വശംകെട്ടത്, ലോഞ്ച് കടലില്‍ മറിഞ്ഞ് നാല്പതോളം പേര്‍ മരിച്ചത്...

അകത്തെ കിളിവാതിലിനു പിറകില്‍ ഞാനെല്ലാം കൗതുകത്തോടെ കേള്‍ക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും അരികില്‍ വിളിച്ചിരുത്തി നൂറിന്റെ നോട്ടെടുത്ത് പോക്കറ്റിലിട്ടുതന്നു. ഞാനതു നിഷ്‌കളങ്കമായ നാണത്തോടെ സ്വീകരിച്ചു.

നന്നായി പഠിക്കണം പതിനെട്ടായാല്‍ പാസ്‌പോര്‍ട്ടെടുക്കണം. ഈ നാട്ടില്‍ ചുറ്റിത്തിരിഞ്ഞിട്ട് കാര്യമില്ല.

എന്റെ മനസ്സില്‍ ഒറ്റയടിക്ക് ആയിരം താമരകള്‍ വിടര്‍ന്നു.

എപ്പോഴും മുറുക്കാന്‍പീടികേം പച്ചരിച്ചോറും മാത്രം പോരാ. ഈ വീടൊക്കെ നമുക്കൊന്ന് മാറ്റിപ്പണിയണം. നമുക്ക് ഈ വീടിന് കറണ്ടു പിടിപ്പിക്കണം.
ഉപ്പ ഉദ്വേഗത്തോടെ ചോദിച്ചത് കാദറെളേപ്പാന്റെ കാര്യമാണ്.

ദുബായിലെവിടെയോ ഉണ്ട്. കാണാന്‍ പറ്റിയിട്ടില്ല. ഒന്നാമത് ഞാന്‍ കടലിലാണ്. കപ്പലിലാണെനിക്കു പണി. ഒന്നും രണ്ടും മാസം കൂടുമ്പോഴേ ദുബായില്‍ വന്നടുക്കൂ.
എന്താണവന്റെ അവസ്ഥ. സുഖാണോ? ഒരു കത്ത് പോലും അയച്ചില്ല--ഉപ്പ സങ്കടത്തോടെ പറഞ്ഞു.

മൊയ്തീനെളേപ്പ എളിയില്‍നിന്ന് വിചിത്രവും നീളമേറിയതും വര്‍ണ്ണാഭവുമായ ഒരു പാക്കറ്റെടുത്ത് തുറന്നു. നീളമുള്ള സിഗരറ്റ്. ഈയത്തിന്റെ നിറമുള്ള സിഗാര്‍ലൈറ്ററും. തള്ളവിരല്‍കൊണ്ട് നാലഞ്ചാവര്‍ത്തി അമര്‍ത്തിയടിച്ചപ്പോള്‍ അതു കത്തിയതുകണ്ട് ഞാനത്ഭുതപ്പെട്ടു. സിഗരറ്റിന്റെ അപരിചിത സുഗന്ധം മുറിയിലാകെ ചിന്താമഗ്‌നമായി നിറഞ്ഞു.

എളേപ്പ പറഞ്ഞു:
മമ്മുഞ്ഞിക്കാ, കാദറിനെ നല്ല നിലയ്ക്കു വിസയെടുത്തു കൊണ്ടുപോകാനാണ് ഞാന്‍ കാത്തിരിക്കാന്‍ പറഞ്ഞത്. എന്തോ അവനതിഷ്ടപ്പെട്ടില്ല. ഇപ്പം നല്ല കഷ്ടപ്പാടാണെന്നാണറിയാന്‍ കഴിഞ്ഞത്.  

ഉപ്പാക്കു വിഷമമായി.

നിന്റെ സ്ഥിതിയെന്താണ്? ഉപ്പ ചോദിച്ചു.

അല്ലാഹുവിന്റെ കൃപയാല്‍ നല്ല ജോലിയും ശമ്പളവുമൊക്കെത്തന്നെയാണ്.

ഉപ്പ പറഞ്ഞു: അടുത്ത തവണ പോകുമ്പോള്‍ നീ എങ്ങനെയെങ്കിലും അവനെ കണ്ടുപിടിച്ച് നല്ല ഒരിടത്ത് ജോലിയാക്കിക്കൊടുക്കണം. ഇക്കണ്ട കാലമത്രയായിട്ടും കത്തിന്റെ ഒരു വരിപോലും അവനെനിക്കയച്ചിട്ടില്ല. പക്ഷേ, മാസത്തില്‍ ഒരു തവണയെങ്കിലും ഞാനവനെ കിനാവു കാണാറുണ്ട്.

രാത്രി ഏറെനേരം വൈകിയിരുന്നു. തൂക്കിയിട്ട മണ്ണെണ്ണവിളക്കിന്റെ തിരി പിടയാന്‍ തുടങ്ങിയപ്പോള്‍ മൊയ്തീനെളേപ്പ എണീറ്റു.

പോകും മുമ്പ് കൈയിലെ പ്ലാസ്റ്റിക് ഞ്ചി നീട്ടി പറഞ്ഞു:
കുട്ടികള്‍ക്കുള്ള കുപ്പായത്തുണിയാണ്. കാര്യമായൊന്നും ഞാന്‍ കൊണ്ടുവന്നിട്ടില്ല.

ഉപ്പ പറഞ്ഞു: നിന്റെ കുട്ട്യോള്‍ക്കൊക്കെ ഉണ്ടോ?

മൊയ്തീനെളേപ്പ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു.

പടിയിറങ്ങുംമുമ്പ് എളേപ്പ എന്നെ നോക്കി പ്രത്യേകം പറഞ്ഞു:
പറഞ്ഞത് ഓര്‍മ്മയു്ണ്ടല്ലോ. നന്നായി പഠിക്കണം. നമുക്കതുകൊണ്ട്് ചില ആവശ്യങ്ങളൊക്കെ ഉള്ളതാ.

എന്റെ മനസ്സിലെ ആയിരം താമരകള്‍ കിനാവിന്റെ തടാകം മുഴുവന്‍ സഞ്ചരിച്ചു. ധാരാളം കേട്ട ആ പ്രദേശത്തു പോകാന്‍ കഴിയുന്നത് ഭാഗ്യംതന്നെ. പക്ഷേ, ഉപ്പയെയും ഉമ്മയെയും അനുജന്‍മാരെയും വിട്ട് എങ്ങനെ?

എളേപ്പ തന്ന സുഗന്ധം പൊങ്ങിവരുന്ന കുപ്പായത്തിന്റെ തുണി ഞാന്‍ കൗതുകത്തോടെ തിരിച്ചും മറിച്ചും പലവുരു നോക്കി. ഉമ്മ ദേഷ്യത്തോടെ പറഞ്ഞു:
വരുന്ന പെരുന്നാളിനുള്ളതാ. അതു ചീത്തയാക്കാണ്ട് പോയിക്കിടന്നുറങ്ങാന്‍ നോക്ക്.

പോക്കറ്റിലുള്ള നൂറുരൂപയും ഉമ്മ എടുത്തുകളഞ്ഞു.

അത്തവണത്തെ പെരുന്നാള്‍ പക്ഷേ, ദുരന്തപര്യവസായിയായി. എനിക്കു താഴെയുള്ള മൂന്ന് അനുജന്‍മാര്‍ക്കും മൊയ്തീനെളേപ്പ തന്നത് ഒറ്റത്തുണിയായിരുന്നു. കണ്ണന്‍മേസ്തിരി തുന്നിയ കുപ്പായം ഇത്ര വലിയ പരിഹാസത്തിലും അടിപിടിയിലും അവസാനിക്കുമെന്ന് ആരുകണ്ടു?

പെരുന്നാള്‍ നിസ്‌കാരത്തിന് ഞാനും അനുജന്‍മാരും പള്ളിയിലേക്കു പോകുമ്പോഴെ പന്തികേടു തോന്നിയതാണ്.

നത്ത് സുലൈമാനാണ് അതാദ്യം പറഞ്ഞത്.

ഇതെന്താ, മുറുക്കാന്‍കട മമ്മുഞ്ഞിക്കാന്റെ മിലിട്ടറിയോ?

ഒരേ യൂണിഫോം.

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞതും ഞങ്ങള്‍ മക്കള്‍ പലരും പലവഴിക്കു ബോധപൂര്‍വ്വംതന്നെ തിരിഞ്ഞുകളഞ്ഞു.എന്നിട്ടും തൊട്ടുതാഴെയുള്ള അനുജന്‍ ഹമീദിനെ പലവുരു കണ്ടുമുട്ടി. ദേഷ്യം സഹിക്കവയ്യാതെ അവന്‍ ഒരൊറ്റ ആട്ടാണ്.

ആള്കള് കളിയാക്ക്വാണ്. നീയെന്തിനാ ഞാന്‍ പോകുന്നിടത്തൊക്കെ വര്ന്നത്?

നീയല്ലേ വന്നത്?

അവന്‍ ദേഷ്യം കയറി ഒരൊറ്റ അടിയാണ് മുഖത്ത്.

ഈ പരിസരത്ത് കണ്ടാല്‍ ഞാന്‍ നിന്നെ കൊല്ലും!

അവന്റെ അടിയില്‍ എന്റെ കവിള്‍ വീര്‍ത്തു.

ഒന്നാന്തരം പെരുന്നാള്‍!

അപ്പഴേ മനസ്സിലോര്‍ത്തതാണ്. എങ്ങനെയെങ്കിലും ഒന്നു വലുതായാല്‍ മതി. ദുബായില്‍ പോയിട്ട് ഒന്ന് തടിച്ചിട്ടു വരണം. എന്നിട്ടുവേണം ഇവനു നാലുകൊടുക്കാന്‍--ഞാന്‍ എന്റെ എല്ലിന്‍രൂപത്തെ സ്വയം നോക്കി.

 

..........................................................................................

ളേപ്പ തന്ന സുഗന്ധം പൊങ്ങിവരുന്ന കുപ്പായത്തിന്റെ തുണി ഞാന്‍ കൗതുകത്തോടെ തിരിച്ചും മറിച്ചും പലവുരു നോക്കി. ഉമ്മ ദേഷ്യത്തോടെ പറഞ്ഞു: വരുന്ന പെരുന്നാളിനുള്ളതാ. അതു ചീത്തയാക്കാണ്ട് പോയിക്കിടന്നുറങ്ങാന്‍ നോക്ക്.

Literature festival short story by Shihabudheen Poythumkadavu

 

 

കാലം ഒരു പടവാണെന്നു സമ്മതിക്കുന്നു. പക്ഷേ, താഴോട്ടോ മുകളിലോട്ടോ അതിന്റെ യാത്ര.

കൊക്കിക്കുരച്ചുവന്ന പഴയ ഫാര്‍ഗോ ബസ്സിനു പകരം വേറെയും ബസ്സുകള്‍.

ആലിന്‍ചുവട്ടിലെ ഉണങ്ങിയ ഇലകളെല്ലാം പാറിപ്പോയി. ഉറകുത്തിയ മരക്കാലിന്റെ തൂണുകള്‍ താങ്ങിനില്‍ക്കുന്ന പീടികകള്‍ പോയി, പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒന്നൊന്നായി അത്ഭുതത്തോടെ പ്രവേശിക്കയായി. കുഞ്ഞിപ്പല്ലുകള്‍ കാട്ടിച്ചിരിക്കുന്ന മഞ്ഞവയലുകളെ ജീവനോടെ കുഴിച്ചുമൂടി.

ബീഡി തെറുക്കുന്ന ചെിച്ചി അഹമ്മദും നത്ത് സുലൈമാനുംവരെ ഗള്‍ഫിലേക്കു പറന്നു.

നാടിന്റെ സര്‍വ്വമാറ്റങ്ങളില്‍നിന്നും വേറിട്ട് ആലിന്‍ചുവട്ടില്‍ ഒന്നുമാത്രം മാറ്റങ്ങളില്ലാതെ നിന്നു. ഉപ്പയും ഉപ്പയുടെ മുറുക്കാന്‍കടയും.

റേഷന്‍ വാങ്ങാന്‍ പൈസ തികയില്ലെന്നു പറഞ്ഞ് ഉപ്പയുടെ മുന്നില്‍ സ്വകാര്യം ഏങ്ങലടിച്ച മമ്മു ദുബായില്‍പോയി ലീവിനു വന്ന് ഒരു പാക്കറ്റ് വില്‍സിനു നൂറുരൂപ നോട്ടുകൊടുത്ത് ഉപ്പയെ വിരട്ടി.

ഇതിനിടയില്‍ ഉപ്പാക്ക് മൊയ്തീനെളേപ്പ അയയ്ക്കുന്ന കത്തില്‍ കേപ്റ്റന്‍ മൊയ്തീന്‍ എന്നു വെക്കാന്‍ തുടങ്ങി.

മൊയ്തീനെളേപ്പ നാട്ടില്‍ വരുമ്പോഴൊക്കെ പെര്‍ഫ്യൂം ഗന്ധവും കൂടെ വന്നു.

ഞാനാദ്യമായി കേപ്റ്റന്‍ എന്നു കേള്‍ക്കുകയായിരുന്നു. കപ്പലിന്റെ കാബിനില്‍നിന്ന് സ്റ്റിയറിങ് തിരിക്കുന്ന മൊയ്തീനെളേപ്പായുടെ ബ്ലേക് ആന്‍ഡ് വൈറ്റ് ഫോട്ടോയും ഇതിനിടയ്ക്ക് അയച്ചു തന്നത് ഞങ്ങള്‍ ഫ്രെയിംചെയ്ത് സൂക്ഷിച്ചു.

ഓരോ വരവിനും ഞങ്ങളുടെ കട്ടപ്പുരയിലെ കരാത്തറയില്‍ യാതൊരു അഹംഭാവവുമില്ലാതെ അദ്ദേഹം കയറിയിരുന്ന് വെളുത്തുതടിച്ച തുടകള്‍ ഇരുവശങ്ങളിലേക്കും ആട്ടി. എത്രയും പെട്ടെന്ന് നീ പാസ്‌പോര്‍ട്ടെടുക്കണം എന്നു പലതവണ പറഞ്ഞു. ഈ വീട് നമുക്ക് പൊളിച്ച് പുതിയൊരെണ്ണമുണ്ടാക്കണം. ഓരോ തവണ വരുമ്പോഴും ഞങ്ങള്‍ക്കായി എന്തെങ്കിലും കൊണ്ടുവരാന്‍ അദ്ദേഹം മറന്നില്ല.

പലപ്പോഴും ബ്രൂട്ടിന്റെ പച്ചനിറമുള്ള പെര്‍ഫ്യൂം. ഇടയ്ക്ക് ക്ലോക്ക്, ബോള്‍ പെന്‍.

ചരിത്രത്തിലെ യാദൃച്ഛികത. മൊയ്തീനെളേപ്പ കൊണ്ടുവന്ന വസ്തുക്കള്‍ മിക്കവാറും വീട്ടില്‍ കലഹഹേതുവായി. മിക്കപ്പോഴും അടി കിട്ടിക്കൊണ്ടിരുന്നത് അനുജന്‍ ഹമീദിന്.

പെര്‍ഫ്യൂം പ്രിയനായ ഹമീദ് ഉപ്പ ഭദ്രമായി വലിപ്പില്‍ വെച്ചു പൂട്ടിയേടത്തുനിന്ന് താക്കോല്‍ കട്ടെടുത്തു പൂശി എന്നതു വാസ്തവം. പക്ഷേ,
അത് ഒരേയൊരു തവണ എന്നു കരഞ്ഞു പറയുന്നു, ഹമീദ്. അല്ലെന്ന് ചൂരല്‍വടികൊണ്ടടിച്ചു ഉപ്പ. ഇല്ലെങ്കില്‍ സ്‌പ്രേയുടെ നോബ് എങ്ങനെ കേടാവും. ഉള്ളില്‍ സ്‌പ്രേയുണ്ട്. പക്ഷേ, അടിക്കാന്‍ നിവൃത്തിയില്ല. മറ്റു പലപ്പോഴായി മൊയ്തീനെളേപ്പ കൊണ്ടുവന്ന സ്‌പ്രേയുടെ കാര്യവും ഇങ്ങനെത്തന്നെ. മിക്കവാറും നോബ് എളുപ്പം തെറിച്ചുപോകും. ആത്മാവില്‍ അലയടിക്കുന്ന ആശയങ്ങള്‍ പുറത്തുവരാനാകാതെ ഉള്ളില്‍ തിരയടിക്കുംപോലെ സ്‌പ്രേക്കുപ്പികള്‍ അങ്ങനെ പലതായി.

ക്ലോക്ക് കൊണ്ടുവന്നപ്പോഴും കിട്ടി അടി ഹമീദിന്. നാലാം ദിവസം ക്ലോക്ക് ഞങ്ങളുടെ മണ്‍കട്ടച്ചുമരില്‍ മരിച്ചുകിടന്നു. മൊയ്തീനെളേപ്പ അരുമയോടെ സമ്മാനിച്ച ബോള്‍പേനയും രണ്ടാം ദിവസം ഉച്ചയ്ക്കു മുമ്പേ സ്തംഭിച്ചു. അശ്രദ്ധമായി കുത്തിവരച്ചിട്ടാവും എന്നു പറഞ്ഞ് ഹമീദിനു കിട്ടിയ അടിക്കു കണക്കില്ല.  
കാലങ്ങള്‍ക്കുശേഷം ഷാര്‍ജയില്‍നിന്ന് അനുജന്‍ ഹമീദ് വിളിച്ചുചോദിച്ചു.

ഇക്കാ, ഉപ്പ എന്നെ സ്ഥിരമായി അടിക്കാറുള്ള ആ ചൂരല്‍വടി വീട്ടില്‍ത്തന്നെ കാണുമോ?

ഞാന്‍ കൗതുകപൂര്‍വ്വം ചിരിച്ചു.

എന്തേ?

ഞാനിപ്പോള്‍ വിളിക്കുന്നത് അജ്മാന്‍-ഷാര്‍ജ ബോര്‍ഡറിലുള്ള വണ്‍ ടൂ ത്രീ ദിര്‍ഹം ഷോപ്പില്‍നിന്നാണ്.

അതും ചൂരലും തമ്മിലെന്ത്?

ആ ചൂരലുകൊണ്ട് മൊയ്തീനെളേപ്പാക്കിട്ട് നാലു കൊടുക്കാനാണ്.ബ്രൂട്ടിന്റെ ആ പച്ച സ്‌പ്രേക്കുപ്പി ഞാനിവിടെ കണ്ടു. ഒരു ദിര്‍ഹം. അതായത് ഇന്ത്യന്‍ മണി പത്തോ പന്ത്രണ്ടോ കൊടുത്താല്‍ ബ്രൂട്ടിന്റെ സുന്ദരമായ ഡ്യൂപ്ലിക്കേറ്റ് കിട്ടും. മൊയ്തീനെളേപ്പാ കൊണ്ടുവരാറുള്ള സാധനങ്ങളൊക്കെ ഞാനിവിടെ കണ്ടു.

ഒരു നിമിഷം ഞാന്‍ മൂകനായി.

സാരല്ല, പോട്ടെ ഹമീദേ, ഒടുവില്‍ നിനക്ക് ഒറിജിനലുതന്നെ കെണ്ടത്താനായല്ലോ?

അപ്പോള്‍ എനിക്കു കിട്ടിയ അടിയോ?

കാലത്തിന്റെ രോമം ചിലപ്പോള്‍ മുള്ളുകൊണ്ടുണ്ടാക്കിയതാണ്.

പിന്നെ അവനൊന്നും പറഞ്ഞില്ല.

ഞാന്‍ തേങ്ങിയെന്ന് അവനറിഞ്ഞുകാണും.

ചിലര്‍ക്കു ജീവിതം ആക്രാന്തക്കച്ചവടമാണ്. നന്‍മ അവരില്‍ നുരകുത്തിയൊഴുകും. പക്ഷേ, പണം അവരെ അവിശ്വാസിയാക്കി കോമായിലിടും.

മൊയ്തീനെളേപ്പ പക്ഷേ, ഒന്നും തന്നില്ലേ?

ദാരിദ്ര്യത്തിന്റെ നരകകാണ്ഡത്തിലും വാഗ്ദാനങ്ങള്‍.

നീയെന്തേ ഇനിയും പാസ്‌പോര്‍ട്ടെടുത്തില്ല?

ആ പാസ്‌പോര്‍ട്ട് കോപ്പി എനിക്കയച്ചുതരൂ.

നോക്കട്ടെ നമുക്കുടനെ ദുബായിലെത്തണം.

ജീവിതം മുളകുകഴുകിയ വെള്ളമായി കഴുത്തോളം മുങ്ങിനില്‍ക്കുമ്പോഴും പ്രതീക്ഷ, പ്രതീക്ഷ, പ്രതീക്ഷ...

നിലാവുള്ള രാത്രികളില്‍ പാമ്പന്‍പുഴയില്‍ വേലിയേറ്റം വന്നു വിജൃംഭിച്ചു. പഴയ മരക്കട്ടിലിനു മീതെ വിരിച്ച പരുക്കന്‍ പുല്‍പായയില്‍ വല്യുമ്മയ്‌ക്കൊപ്പം കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ ഞാന്‍ എത്രയോ വട്ടം സ്വപ്നം കണ്ടു. മൊയ്തീനെളേപ്പ അഴീക്കല്‍ തുറമുഖവും കടന്ന് പാമ്പന്‍പുഴയിലേക്കു തന്റെ കപ്പലുമായി വരുന്നു. ചക്രവാളങ്ങളില്‍ പഴുത്തുനില്ക്കുന്ന പൗര്‍ണ്ണമിയെ നീക്കി കപ്പലിന്റെ ഉയരം വീട്ടുമുറ്റത്തെ കാഴ്ചയാവുന്നു. മൊയ്തീനെളേപ്പ കപ്പലില്‍നിന്ന് ക്യാപ്റ്റന്റെ വെളുത്ത തൊപ്പിയൂരി എനിക്കുനേരേ വീശിക്കാണിക്കുന്നു: ഞാനിതാ എത്തി. നമ്മുടെ കഷ്ടപ്പാടുകള്‍ തീര്‍ന്നു. ടൈലര്‍ ബാലേട്ടനെക്കൊണ്ട്് ഇനി പഴയ കുപ്പായത്തില്‍നിന്ന് നൂലുകള്‍ പിഴുത് തലതിരിച്ച് വീണ്ടും തയ്പ്പിക്കില്ല. സിങ്കപ്പൂര്‍ പല്ലന്‍ഹാജിയുടെ മക്കള്‍ ഞങ്ങളുടെ ഓട്ട വീണ ട്രൗസര്‍ നോക്കി പരിഹസിക്കില്ല. ജീവിതം അതിമനോഹരമായി  വിളിപ്പുറത്തുണ്ട്, എളേപ്പായും.

പക്ഷേ, സംഭവിച്ചതൊക്കെ മറ്റെന്തൊക്കെയോ.

പാമ്പന്‍തോടിന്റെ വീതി കുറഞ്ഞുകുറഞ്ഞു വന്നു. അതിനു മുന്നിലെ കാടുകളും ഫാക്ടറികളും കാലത്തില്‍ മൂടി.

കാദറെളേപ്പയെപ്പറ്റി കഥകള്‍മാത്രം നാട്ടിലെത്തി. അബുദാബി മുസഫയിലുണ്ട്, ദേരാ ദുബായിലുണ്ട്. ഷാര്‍ജയിലുണ്ട്.. അറബിയുടെ ചങ്ങാതി. ഫര്‍ണിച്ചര്‍ കടയിലെ മേസ്തിരി. അറബി പാരീസിലേക്കു പോകുമ്പോള്‍ താക്കോലേല്‍പ്പിക്കുന്ന ആള്‍. എല്ലാം കാദറെളേപ്പ നിയന്ത്രിക്കുന്നു. പക്ഷേ, രാത്രിയില്‍ തായം കളിക്കാന്‍ മുട്ടും. ലക്ഷക്കണക്കിനു ദിര്‍ഹം മുച്ചീട്ടുകളി കൊണ്ടുപോയി. പാരീസില്‍നിന്നും  വന്ന് അറബി ജയിലിലടച്ചു. ഇപ്പോള്‍ പുറത്തിറങ്ങി എന്നു കേള്‍ക്കുന്നു. ജോലിയും കൂലിയുമില്ലാതെ വന്നടിഞ്ഞ മനുഷ്യര്‍ക്ക് കാദറെളേപ്പയുടെ വീട് പൂട്ടാത്ത മുറിയായിരുന്നു. ഇപ്പോള്‍ പരിചയക്കാരൊക്കെ ഒഴിഞ്ഞു നടക്കുന്നു.

ഉപ്പ രാത്രിയെപ്പൊഴോ ഞെട്ടിയുണര്‍ന്ന് സുന്നത്ത് നിസ്‌കരിച്ചു. കരഞ്ഞ് ദുആ ഇരന്നു.

ഹമീദിന് അപ്പോഴേക്കും മീശയൊക്കെ മുളച്ചു കഴിഞ്ഞിരുന്നു. മരമില്ലില്‍ ചാപ്പകുത്തലായിരുന്നു പണി.

ഒരിക്കല്‍ അവന്‍ പൊട്ടിത്തെറിച്ചു:
പഠിച്ചിട്ടും പാസ്‌പോര്‍ട്ടെടുത്തിട്ടും എന്തു കാര്യം. നമുക്കാരാണ് ഉള്ളത്? രണ്ടു നായ്ക്കള്!

ഉമ്മ തടഞ്ഞു:
അങ്ങനെ പറയരുത്. ക്ഷമ ഈമാനിന്റെ*പകുതിയാണ്.

മൊയ്തീനെളേപ്പ ഒരു ദിര്‍ഹംകൂടി ചോര്‍ന്നുപോകാതെ നാട്ടിലേക്കു പണമയച്ച് സ്വത്തുക്കളനവധി വാങ്ങിക്കൂട്ടി. നിരത്തുവക്കിലുയര്‍ന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊക്കെ മൂപ്പരുടേതാണെന്നു പലരും പറഞ്ഞറിഞ്ഞു. മൊയ്തീനെളേപ്പ നാട്ടിലെത്തുമ്പോള്‍ വിശ്രമിക്കണമെന്നു തോന്നുമ്പോള്‍ ഞങ്ങളുടെ കട്ടപ്പുരയിലെത്തും. യാതൊരഹങ്കാരവുമില്ലാത്ത മനുഷ്യന്‍! അയല്‍ക്കാര്‍ പറയും. കോടീശ്വരനാണെങ്കിലും എന്തൊരു ലാളിത്യം.

ഹമീദ് പറഞ്ഞു: ഇതിന്റെ പേര് ലാളിത്യമെന്നല്ല. അള്ളാനെ കളിയാക്കലാണ്. അനുഭവിക്കും.

അനുഭവിച്ചു. വറ്റിന്റെ വിലയറിയാതെ, പണത്തിന്റെ ഉപയോഗമറിയാതെ മക്കള്‍ ധാരാളികളായി, മര്‍ക്കടമുഷ്ടിക്കാരായി. മൊയ്തീനെളേപ്പ മറച്ചുവെച്ച അഹന്ത മക്കള്‍ ഉത്സവമാക്കി പൊടിപൊടിച്ചു. ഒടുവില്‍ അറുപതാമത്തെ വയസ്സില്‍ തിരിച്ചെത്തുമ്പോള്‍ മക്കളും ഭാര്യയും എല്ലാം കൈയടക്കിക്കഴിഞ്ഞിരുന്നു. തടിച്ച ശരീരം രോഗത്തിനു വേണ്ടി മാത്രം ചീര്‍ത്തുനിന്നു. വീട്ടില്‍നിന്നു പുറത്തായെന്നു കേട്ടപ്പോള്‍ ഉപ്പ ആളെ വിട്ടു. ഓനോട് പീടികക്കോലായിലൊന്നും കിടന്ന് നേരം വെളുപ്പിക്കരുതെന്നു പറേണം. ഇവിടെ ആ പഴയ കീറപ്പായ ഇപ്പോഴുമുെണ്ടന്നും.

അപ്പോഴേക്കും ഉപ്പ വീട്ടുപരിസരം വിട്ടുപോകാന്‍ പറ്റാത്തവിധം അനാരോഗ്യവാനായിക്കഴിഞ്ഞിരുന്നു. ഹമീദ് ക്ഷോഭത്തിന്റെ ഒരു നിശ്ചലഛായാചിത്രമാണെപ്പോഴും. അവന്റെ കോലന്‍മുടി ആരോടോ ഉള്ള പ്രതിഷേധംപോലെ എപ്പോഴും എഴുന്നുനിന്നു. തോറ്റുകൊടുക്കാന്‍ അവന് ഒട്ടും സമ്മതമില്ലായിരുന്നു.

വാശിപ്പുറത്ത് സംഘടിപ്പിച്ച ഒരു വിസയുമായി അവന്‍ ബോംബെയ്ക്കു വി കയറി.

ഹമീദിന്റെ 'ചരിത്ര പ്രസിദ്ധമായ നാലു വിസാ ആക്രമണങ്ങള്‍' എന്ന് ഞാനതിനെ കളിയാക്കി വിളിക്കാറുണ്ട്. ചതിക്കുഴിയിലും കാപട്യങ്ങളിലും അവന്‍ പലതവണ ചെന്നുവീണു. പിന്നെ എല്ലാം പഠിച്ചെടുത്തു. അഞ്ചാമത്തെ വിസയില്‍ ആള്‍ കരപിടിച്ചു. വീടൊക്കെ പുതുക്കിപ്പണിതു. ഒരുദിവസം ഉച്ചകഴിഞ്ഞനേരത്ത് ഫോണിന്റെ അങ്ങേയറ്റത്ത് ഹമീദ്.

ഞാന്‍ പലതവണ ഹലോ പറഞ്ഞിട്ടും മറുപടിയില്ല.

പെട്ടെന്ന് അണക്കെട്ട് പൊട്ടിയൊലിക്കുംപോലെ ഒരൊറ്റക്കരച്ചിലാണ്. ഇക്കാക്കാ, നിങ്ങടെ വിസ റെഡി...! നമ്മളെ ഇത്രയും കാലം മോഹിപ്പിച്ചു പറ്റിച്ച ആ വിസ.
കേഫ്റ്റീരിയയിലെ ചായക്കാരന്റെ മിച്ചംപിടിച്ച സമ്പാദ്യം. വിസയ്ക്കുള്ള പണം അവന്‍ ഒരു ചില്ലിക്കാശുപോലും കളയാതെ കിതപ്പോടെ കൂട്ടിവെച്ചു.

ഇക്കാ ഇനി കണ്ട ട്യൂട്ടോറിയലിലൊന്നും നക്കാപ്പിച്ചയ്ക്കു പണിയെടുക്കാന്‍ നിക്കണ്ടാ...

അവന്റെ കരച്ചില്‍ പിന്നെയും വിങ്ങിക്കുതിച്ചെത്തി.

ഞാന്‍ ചിരിച്ചു.

എടാ, ഓവര്‍സീസ് കോളാണ്. കരയാനും പൈസകൊടുക്കണം.

കുറെക്കഴിഞ്ഞ് അവന്‍ ചിരിച്ച് ഫോണ്‍ വെച്ചു.

ദുബായില്‍ പോകുംമുമ്പ് ഉപ്പ പ്രത്യേകം പറഞ്ഞേല്പിച്ചു:

ഹമീദ് വേണ്ടാന്നൊക്കെ പറയും. നീയൊന്ന് കാദറിനെ കണ്ടുപിടിക്കാന്‍ നോക്കണം. ഓന്റെ സ്ഥിതിയെന്താണെന്നും.

എങ്ങനെ? ഒരു ഫോണ്‍നമ്പര്‍പോലുമില്ല. ഭാഗ്യത്തിന് പഴയൊരു വിലാസം കുറിച്ചെടുത്തിരുന്നു. അന്വേഷണം വഴിമുട്ടിയെന്നു തോന്നിയപ്പോള്‍ പരീക്ഷണാത്മകമായി ഒരു കത്തിട്ടു.

പ്രിയപ്പെട്ട കാദറെളേപ്പാക്ക്,

ഞാന്‍ ബാഹിസ്. വന്നിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ദുബായിലുണ്ട്. നിങ്ങളെ അന്വേഷിക്കാനൊരിടവുമില്ല. എവിടെയാണ്? കത്തുകിട്ടിയാല്‍ ഇതോടൊപ്പമയയ്ക്കുന്ന നമ്പറില്‍ ഒന്നു വിളിക്കുമോ?  

കത്തുകിട്ടുമോ? കിട്ടിയാല്‍ത്തന്നെ കാദറെളേപ്പാക്ക് ആരാണു വായിച്ചു കൊടുക്കുക?

അപ്രതീക്ഷിതമായാണ് ആ ഫോണ്‍ വന്നത്. കാദറെളേപ്പ.

നീയെവിടെയാ?

ആകാംക്ഷാഭരിതമായ കാത്തിരുപ്പ്.

കഷണ്ടി ബാധിച്ച ഒരു സുഡാനിയെന്നേ തോന്നിയുള്ളൂ. കറുത്തുകരിവാളിച്ചിരിക്കുന്നു. ചുരുണ്ട് ഇടതിങ്ങിയ മുടിയൊക്കെ പോയിരിക്കുന്നു. വര്‍ഷങ്ങളായി ചിരിച്ച മുഖം.

വന്നതും വേറേയൊന്നും ചോദിച്ചില്ല. നൂറ് ദിര്‍ഹത്തിന്റെ മുഷിഞ്ഞ ഒരു കറന്‍സിയെടുത്ത് എന്റെ പോക്കറ്റിലിട്ട് ഒരൊറ്റ പോക്ക്.

നീ വന്നതല്ലേയുള്ളൂ. ആവശ്യം കാണും. എനിക്കു വേറേ ഗതിയൊന്നുമില്ല.

ഏതോ പുസ്തകത്തില്‍നിന്ന് മനസ്സില്ലാമനസ്സോടെ കാണാപ്പാഠം പഠിച്ചതുപോലെയായിരുന്നു ആ വാക്ക്. ശബ്ദത്തിലെവിടെയും കയറ്റിറക്കങ്ങളില്ല. വികാരത്തിന്റെ നനവുമില്ല.  

സ്തംഭിച്ചിരിക്കേ, റോഡ് മുറിച്ച് ഏതോ ഗലിയിലേക്ക് നൂണ്ടുകളഞ്ഞു.

എത്ര പരതിയാലും കണ്ടുപിടിക്കാന്‍ പറ്റാത്തവിധം മരണാസന്നമായ വാര്‍ദ്ധക്യം വന്നാല്‍ കാട്ടാനകള്‍ ഒറ്റയ്ക്ക് ഉള്‍വനത്തിലേക്കു വലിയുംപോലെ. എനിക്കു മുന്നിലൂടെ അനവധി രാജ്യങ്ങളും വേഷങ്ങളും ചുറ്റിത്തിരിഞ്ഞു. ആയിരം ഭാഷകളുടെ കലപിലയ്ക്കിടയില്‍ ഞാന്‍ ഒറ്റയ്ക്കായി.

കാലത്ത് തുടര്‍ച്ചയായ ഫോണ്‍വിളി കേട്ടാണുണര്‍ന്നത്. തലേന്നുരാത്രി വളരെ വൈകിയുറങ്ങിയ ഉണര്‍ച്ചയില്‍ നാട്ടിലാണ് എന്നൊരു നിമിഷം തോന്നി.
അങ്ങേത്തലയ്ക്കല്‍ പരിചയക്കാരനൊരാളാണ്. ഇന്നത്തെ പത്രം കണ്ടില്ലേ?

എന്തുപറ്റി?

അജ്ഞാതമലയാളി അബോധാവസ്ഥയില്‍ ആശുപത്രിയില്‍. ഫോട്ടോ കണ്ടിട്ട് നിന്റെ ബന്ധു കാദര്‍ക്കയെപ്പോലിരിക്കുന്നു.

ഊഹം ശരിയായിരുന്നു.

ഉടന്‍ ഹമീദിനെയും വിളിച്ച് മുസഫയിലേക്കു വിട്ടു.

വീട്ടിലിപ്പോള്‍ ആവശ്യത്തിനു മുറികളുണ്ട്. സൗകര്യവും. ഉപ്പാക്ക് ഒരു സമാധാനവും ആകും. മറ്റെങ്ങും പോകണ്ടാ. ആരോടും വാശിവേണ്ട. ആവശ്യത്തിനുള്ള മാസച്ചെലവ് ഞാന്‍ അയച്ചോളാം.

അപ്പോഴും നോക്കി. നീണ്ടുനിവര്‍ന്ന നിര്‍വികാരമായ ഒരു നോട്ടം.

പത്തുമുപ്പത്തഞ്ചു വര്‍ഷത്തെ  ജീവിതം. ലക്ഷങ്ങള്‍ കൈകളില്‍ വന്നുമറിഞ്ഞുപോയി. വന്നതുപോലെ തിരിച്ചുപോകുന്നു. സാരമില്ല. നാട്ടിലെത്തുമ്പോള്‍ ഇരുണ്ട  പച്ചകാണുമ്പോള്‍ ഉള്ളില്‍ തണുപ്പുദിക്കും. പഴയ ആ തായപ്പലകയും കൂട്ടിനു കളിക്കാന്‍ മൊയ്തീനെളേപ്പയുമുണ്ട്. 

വിമാനം കയറാന്‍ വന്ന പരിചയക്കാരനോട് പ്രത്യേകം പറഞ്ഞേല്പിച്ചു:
ന്റെ എളേപ്പയാണ്. സുഖമില്ലാതെ നാട്ടിലേക്കു പോവുകയാണ് ഒരു ശ്രദ്ധ വേണേ...

അടുത്ത ലീവിനു ചെന്നപ്പോള്‍ ഉപ്പ പതിവില്ലാതെ ഉന്‍മേഷവാനായി കാണപ്പെട്ടു. കാരണം വേറേയൊന്നുമല്ല എന്നെനിക്കറിയാമായിരുന്നു. പഴയ ആ ചാരുകസേരയിലിരുന്നു നോക്കുമ്പോള്‍ മുറ്റത്ത് കള്ളിപ്പലകയിട്ട് വാശിയോടെ തായം കളിക്കുന്ന മൊയ്തീനെളേപ്പയെയും കാദറെളേപ്പയെയും കാണാം. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ രണ്ടുപേര്‍ക്കുമായി വാങ്ങിക്കൊടുത്ത കണ്ണട മൂക്കിലേക്ക് ഇടയ്ക്കിടെ ഉന്തി ഇരുവരും വാശിയോടെ തായം കളിച്ചുകൊണ്ടിരിക്കുന്നു. അവരെ നോക്കിയിരിക്കേ ഉപ്പയുടെ ചുണ്ടില്‍ ഗൂഢമായ ഒരു പുഞ്ചിരി പകല്‍നിലാവുപോലെ പുരണ്ടിരിക്കുന്നു. ഇടയ്ക്ക് കട്ടന്‍ചായയുമായി ഉമ്മ അടുത്തുചെല്ലുന്നു. എന്നിട്ട് മരിച്ചുപോയ വല്യുമ്മയെപ്പോലെ പറയുന്നു:
എന്നാലും ഒരു മടുപ്പുമില്ലേ നിങ്ങള്‍ക്ക്? രാവിലെ തൊടങ്ങിയ കളിയാ.

മൊയ്തീനെളേപ്പ ചിരിച്ചുകൊണ്ടു പറയുന്നു:

ഇത്തവണയെങ്കിലും ഇവനോടു ജയിക്കണം.

മൊയ്തീനെളേപ്പാക്കും കാദറെളേപ്പാക്കും ഒരു കവറിലിട്ടാണ് കത്തുകള്‍ രണ്ടുമയയ്ക്കുക. അവര്‍ക്കുവേണ്ടി ബാങ്കില്‍ പ്രത്യേകം രണ്ട് അക്കൗുകള്‍ തുടങ്ങിയിട്ടാണ് ആ തവണ ഞാന്‍ ലീവുകഴിഞ്ഞ് വിമാനം കയറിയത്.

രണ്ടുപേര്‍ക്കും പ്രത്യേകം വെവ്വേറെ ചെക്കുകള്‍ മുറതെറ്റാതെ അയയ്ക്കും. കത്തുകള്‍ പക്ഷേ, ഒരുമിച്ചും. കാരണം, കാദറെളേപ്പാക്ക് എഴുത്തും വായനയുമറിയില്ല.
ഹിന്ദിയില്‍ മ എന്നെഴുതുന്നതുപോലെ ചെറിയൊരു ഒപ്പിടാനറിയാം അത്രമാത്രം. ആയിടെ മൊയ്തീനെളേപ്പാന്റെ ഒരു കത്തുവന്നു. ഒബിയില്ലാഹി തൗഫീക്ക്. പടച്ചവന്റെ വേണ്ടുകയാല്‍ എനിക്കേറ്റവും പ്രിയംനിറഞ്ഞ ബാഹിസ് മോനറിയുവാന്‍ മൊയ്തീനെളേപ്പായും കാദറെളേപ്പായും എഴുതുന്നതെന്തെന്നുവെച്ചാല്‍, നീ ഈ മാസവും അയച്ച പൈസകിട്ടി...

പിന്നെ കുറെ നാട്ടുവര്‍ത്തമാനങ്ങള്‍. സ്‌നേഹപൂര്‍വ്വം നിര്‍ത്തുന്നു. എന്ന് സ്വന്തം കേപ്റ്റന്‍ മൊയ്തീന്‍. ഒപ്പ്. 

ഒപ്പിനു താഴെ മൊയ്തീനെളേപ്പാക്ക് എത്ര ശ്രമിച്ചിട്ടും എഴുതാതിരിക്കാന്‍ കഴിയാത്ത രണ്ടു വാക്യങ്ങള്‍ ഒന്നിച്ച് ഒറ്റപ്പെട്ട ഒരു ദ്വീപുപോലെ വേറിട്ടുനില്‍ക്കുന്നു.

പിന്നെ എന്റെയത്രയും പൈസയുടെ ആവശ്യം കാദറിനിവിടെയില്ലാത്തതിനാല്‍ അവന് അഞ്ഞൂറുറുപ്പിക കുറച്ച് അയച്ചാല്‍ മതി. പൈസകണ്ടമാനം കളയാതെ സൂക്ഷിച്ചു വെക്കണം. നാളെ നമുക്ക് അതേ ഉപകരിക്കൂ.

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Latest Videos
Follow Us:
Download App:
  • android
  • ios