ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
വാക്കുല്‍സവത്തില്‍ ഇന്ന് ആരതി അശോക് എഴുതിയ കഥ
രണ്ടു ഭാഷകള്‍. കവിത, കഥ എന്നിങ്ങനെ രണ്ടു മാധ്യമങ്ങള്‍. എഴുത്തുകാരി എന്ന നിലയില്‍ ആരതി അശോകിന്റെ ലോകങ്ങള്‍ ഇവയാണ്. ഇംഗ്ലീഷില്‍ കവിതയും കഥയും എഴുതുന്നു. ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ അവ പ്രസിദ്ധീകരിക്കുന്നു. ആ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രമേയ തലത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ ഇടങ്ങള്‍ തിരയുന്നു, സൃഷ്ടിക്കുന്നു. എന്നാല്‍, മലയാളത്തിലെഴുതുമ്പോള്‍, നിരന്തരം പെരുമാറാത്തതിനാലാവാം, ഭാഷയുടെ വീട്ടുവഴക്കങ്ങള്‍ ആഖ്യാനത്തിന്റെ ഒഴുക്കിനെ ഇഴ മുറിക്കുന്നു. വ്യത്യസ്തമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നുന്നുവെങ്കിലും, അവ പലപ്പോഴും മാധവിക്കുട്ടിയുടെ എഴുത്തുകളെ, ഭാഷയുടെ തലത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍, ഉള്ളടക്കത്തിലെ രാഷ്ട്രീയ വീക്ഷണവും ജീവിക്കുന്ന കാലത്തോടും ദേശത്തോടുമുള്ള നിലപാടുകളും സമകാലികതയും മാധവിക്കുട്ടിയുടെ എഴുത്തുകളോടുള്ള ചാര്‍ച്ചകളെ സ്വയം നിഷേധിക്കുന്നു, അത്തരമൊരു താരതമ്യവഴിയെ കബളിപ്പിച്ച് എഴുത്തിന്റെ കരുത്തുകൊണ്ട് മുന്നോട്ടേക്ക് നടക്കുന്നു.
നീതിയുടെ രാഷ്ട്രീയമാണ് ആരതിയുടെ കഥകളെ കരുത്തുറ്റ അനുഭവമാക്കുന്നത്. ഇടമില്ലാത്തവരുടെ ഇടങ്ങളാണ് അവ തിരയുന്നത്. പ്രാന്തങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ ലോകങ്ങള്‍. സ്ത്രീ ജീവിതത്തിന്റെ പൊള്ളുന്ന നേരുകള്‍. ജാതി, ലിംഗവിവേചനങ്ങള്‍, ഭിന്നലൈംഗികത, കീഴാള ജീവിതം എന്നിവയെല്ലാം ജൈവനീതിയുടെ പക്ഷത്തുനിന്നു കൊണ്ട് ആരതി അഭിസംബോധന ചെയ്യുന്നു. കഥകളിലേക്ക് മനുഷ്യരുടെ വിങ്ങലുകളും നിസ്സഹായതകളും രോഷങ്ങളും ചെറുത്തുനില്‍പ്പുകളും കടന്നുവരുന്നു. അനീതിയുടെ പെരുമഴക്കാലത്ത് ചുറ്റുമുള്ള മനുഷ്യരിലേക്ക് കണ്ണയക്കുന്ന ഒരാള്‍ക്കും അവഗണിക്കാനാവാത്ത കാഴ്ചകളും കേള്‍വികളും അതിന് അടിനൂലാവുന്നു.
മുല്ലപ്പെയ്ത്ത് തുടങ്ങി എന്ന് ലീല അറിയുന്നത് വൈകുന്നേരങ്ങളില്‍ കുളി കഴിയുന്നതിനു ശേഷമാണ്.
തലയില്‍ കാച്ചിയ എണ്ണ പുരട്ടിയതിനു ശേഷം ലൈഫ്‌ബോയ് സോപ്പ് തേച്ചാണ് കുളി.
മൂന്ന് ബ്ലൗസ് ആണുള്ളത്. നാലു മുണ്ട്. രണ്ടു തോര്‍ത്തുമുണ്ട്. നല്ല മുണ്ടും വേഷ്ടിയും നാലെണ്ണം. ഒന്നര ഉടുക്കാന്‍ ഉള്ള മുണ്ട് മൂന്നെണ്ണം.
നല്ല മുണ്ടും വേഷ്ടിയും മടക്കി ചെമ്പകപ്പൂക്കര്‍ക്കൊപ്പം പഴയ ഒരു മരപ്പെട്ടിയില്‍ ഇട്ടു വച്ചിരിക്കുന്നു. ദിവസവും ഉപയോഗിക്കാന്‍ ഉള്ള വസ്ത്രങ്ങള്‍ ഒരു തരകപ്പെട്ടിയിലും. മരപ്പെട്ടി ലീലയുടെ അമ്മയുടെതാണ്. തകരപ്പെട്ടി ആ വീട്ടിലെ അമ്മ കൊടുത്തതും.
അവരെ കാണാന്‍ നല്ല ശേലാണ്. കറുത്തിട്ടാണ്. നിറയെ വെള്ളിവീണ നീണ്ട മുടിയുണ്ട്. കുളിച്ചു കഴിഞ്ഞാല്‍ അവര്‍ അത് തുമ്പ് കെട്ടി തുളസി ചൂടി വെക്കും. ഉണങ്ങിക്കഴിയുമ്പോള്‍ കൊണ്ട കെട്ടി മുല്ല തിരുകും. ഒന്നും രണ്ടും ദിവസം കൂടുമ്പോഴാണ് കുളി. മടിയാണ്. മുണ്ട് മുഴുവന്‍ മഞ്ഞളും, കരിയും ആയിക്കഴിയുമ്പോഴാണ് കുളിക്കാന്‍ തീരുമാനിക്കുന്നത്. കുളി ഒരു കാലമാണ്. ദിവസവും രാവിലെ മൂന്നുമണിക്ക് എഴുന്നേറ്റു നാമം ചൊല്ലി, യോഗയും ചെയ്തു അവര്‍ കുളിക്കുന്ന കാലം. അവര്‍ കുളിക്കാതെ ഇരിക്കുന്ന കാലങ്ങള്‍. വൈകുന്നേരങ്ങളില്‍ നാമജപത്തിന് മുന്നെ നാലുമണിക്ക് കിണറ്റിന്‍ കരയില്‍ പോയി വെള്ളം കോരി അവര്‍ കുളിക്കുന്ന കാലം. പശുക്കള്‍ ഉണ്ടായിരുന്ന കാലത്ത് ദിവസവും കുളിച്ചിരുന്നിരിക്കണം. അക്കാലത്ത് ലീല അവിടെ വന്നിട്ടില്ല. അത് കുറെ മുന്നേ ആണ്. അന്ന് ലീല തീരെ ചെറുതായിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ ലീല അങ്ങ് ചാലപ്പുറത്തായിരുന്നു. അച്ഛന്‍ ഇല്ല. ഏടത്തി ഉണ്ട്. ശാന്ത. അമ്മ വീടുപണിക്ക് പോയിരുന്നു. എവിടെക്കെന്നൊന്നും ലീലയ്ക്ക് അറിഞ്ഞൂടാ. അമ്മ വേഗം പോയി വരും. ഇടനേരങ്ങളില്‍ ലീല പാപ്പേട്ടന്റെ വീട്ടില്‍ പോയി കളിക്കുമായിരുന്നു. പാപ്പേട്ടന്റെ വീട്ടില്‍ നിറയെ ആളുകള്‍ ഉണ്ട്. അവിടുള്ള ഏടത്തി മത്തി മുളകിട്ട കറി വെയ്ക്കും. ഇവിടൊഴിച്ചാല്‍ പ്ലേറ്റിന്റെ മറ്റേ അറ്റം വരെ എത്തും. ചുവപ്പ് നിറമുള്ള, വാളന്‍ പുളിയിട്ട മത്തിക്കറി. കോഴിക്കോടായതിനാല്‍ നല്ല മീനുകള്‍ കിട്ടുമായിരുന്നു. പാപ്പേട്ടന്റെ അച്ഛന്‍ നടക്കാവില്‍ പോയി മീന്‍ വാങ്ങി വരും. അവിടെ മൂപ്പര്‍്ക്ക് കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നു. നല്ല മീനും കെട്ട മീനും പറഞ്ഞു കൊടുക്കും.
പാപ്പേട്ടന്റെ വീട്ടില്‍ നിന്നും ഒരിക്കലും തല്ലു കിട്ടിയിട്ടില്ല. എപ്പോള്‍ പോയാലും ചോറ് വേണോ ലീലേ എന്ന് പാപ്പേട്ടന്റെ അമ്മ ചോദിക്കും. എന്നിട്ട് ഇവിടൊഴിച്ചാല്‍ പ്ലേറ്റിന്റെ അറ്റത്തെത്തുന്ന മീന്‍ മുളകിട്ടത് ചോറിനു മീതെ ഒഴിച്ച് കൊടുക്കും. ഒരു വശത്ത് ഉപ്പേരിയും. കുട്ടിക്കാലത്ത് ചില ദിവസങ്ങളില്‍ വിശന്നിരുന്നിട്ടുണ്ട്. ആ ദിവസങ്ങളില്‍ അമ്മക്ക് വല്ലാത്ത ദേഷ്യമായിരിക്കും. എന്ത് ചോദിച്ചാലും മടല്‍ എടുത്തു നടുപ്പുറത്ത് അടിക്കും. ശ്വാസത്തിനടിയില്‍ അമ്മ സംസാരിക്കുന്നതെന്താണെന്നു മനസ്സിലാവില്ല. മൂക്കൊലിപ്പിച്ചു, കണ്ണുതുടച്ച് ചുമരിന്റെ മൂലക്കിരുന്നു അമ്മയെ നോക്കുമ്പോള്‍ പേടിയൊന്നും തോന്നിയിരുന്നില്ല. പിന്നീട് അമ്മ ഒളികണ്ണിട്ടു നോക്കി ലീലേ എന്ന് വിളിച്ചു ഒരു നുള്ള് പഞ്ചസാര വായില്‍ ഇട്ടു തരുമെന്നറിയാം. പഞ്ചസാര ഇടുന്ന ചെറിയ കുപ്പി മിക്കവാറും കാലിയായിരിക്കും. ഒരിക്കല്‍ അതില്‍ ഉറുമ്പുകള്‍ നിറഞ്ഞപ്പോള്‍, ഉറുമ്പ് തിന്നാല്‍ കണ്ണിനു കാഴ്ച കൂടും എന്ന് അമ്മ പറഞ്ഞത് ലീല ഓര്‍ത്തു. ചായക്ക് മുകളില്‍ ഒഴുകുന്ന ഉറുമ്പുശരീരങ്ങളെ കാഴ്ച്ചക്ക് വേണ്ടി എത്ര വിഴുങ്ങിയിരിക്കുന്നു. എന്നിട്ടും ഇപ്പോ കണ്ണിനു ഒരു മങ്ങല്‍. മനോരമ വായിക്കാന്‍ പറ്റുന്നില്ല.
അമ്മ പണി കഴിഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ നല്ല പച്ച ഓല കൊണ്ടുവരും. അത് ചീവി ചൂലുണ്ടാക്കി വില്‍ക്കും . ഓലകൊണ്ട് ലീലയും കൂട്ടുകാരും എത്ര ആഭരണങ്ങളാ ഉണ്ടാക്കാറ്. ഒരിക്കല്‍ ഇവിടുത്തെ ചേച്ചിയുടെ മക്കള്‍ അവധിക്കാലത്ത് വന്നപ്പോള്‍, പച്ച ഓല കൊണ്ട് നിറയെ ആഭരണങ്ങള്‍ ഉണ്ടാക്കി കൊടുത്തു. കഴുത്തില്‍ ഇറുകിക്കിടക്കുന്ന മാല, ഇറങ്ങിക്കിടക്കുന്ന, നിറയെ അലുക്കുകള്‍ ഉള്ള മാല, വാച്ച്, എന്നിവ.
ആ പെണ്‍കുട്ടിയുടെ മുഖം ഒന്ന് കാണണം. സന്തോഷം കൊണ്ട് ചുവന്നു പോയി. അതിനു കുറച്ചു ആട്ടം കൂടുതലാ. അതു ഉച്ചയ്‌ക്കൊക്കെ ഒറ്റയ്ക്ക് സംസാരിച്ചു നടക്കുന്നത് കാണാം. അതിനു മുത്തശ്ശിയോടാ കൂറ്. അവരാണെങ്കില്‍ അതിനെ പാട്ടും പാടി, കഥയും പറഞ്ഞിങ്ങനെ കൊണ്ട് നടക്കും. അതൊരിക്കല്‍ വീട്ടില്‍ വന്ന മാതുത്തള്ളയെ എടുത്തു പൊക്കി. തള്ള നിലത്തു മലര്‍ന്നടിച്ചു വീണു. ''കുട്ടിയല്ലേ മാതൂ'', എന്ന് പറഞ്ഞു അമ്മ അവരെ പിടിച്ചു എഴുന്നേല്‍പ്പിച്ചു ആശ്വസിപ്പിച്ചു.
അമ്മ പോയിക്കഴിഞ്ഞപ്പോ തള്ള ലീലയെ വിളിച്ചു ആ പെണ്‍കുട്ടിയെ സൂക്ഷിക്കണമെന്ന് പറഞ്ഞു. അതിനു പന്ത്രണ്ട് വയസ്സേ ഉള്ളൂവെങ്കിലും എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമാണ്. പത്താം വയസ്സില്‍ തീണ്ടാരി ആയിരുന്നുവത്രേ, അത്ര ചെറിയ പ്രായത്തില്‍. അത് തീണ്ടാരി ആയ സമയത്ത് ആരോടും പറയാതെ രണ്ടു ദിവസം നടന്നു. പിന്നെ ഒരു നട്ടുച്ചയ്ക്ക്, ചോര ചോര എന്ന് പിറുപിറുത്തുകൊണ്ട് ഇവിടുത്തെ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. ഇങ്ങനെയും ഉണ്ടോ കുട്ടികള്‍, തള്ള പറഞ്ഞു.
ഒരിക്കല്‍ നല്ല മഴ വരുന്ന നേരത്ത് അതിനെ കാണാതായി. ഇവിടുത്തെ അമ്മ പേടിച്ചു പോയി. പിന്നെ കുറേ നടന്നു നോക്കുമ്പോള്‍ പാട്ടുകാരിട്ടീച്ചറടെ അടുക്കല്‍ ഇരുന്നു പാട്ട് കേര്‍ക്കു ന്നു. 'പറയതെയാണോ കുട്ടി വന്നേ' എന്ന് ടീച്ചര്‍ ചോദിച്ചു കൊണ്ട് അമ്മക്കൊപ്പം വിട്ടു. അന്ന് അമ്മ ചോദിച്ചപ്പോള്‍ ആ കുട്ടി തലക്കുള്ളിലെ മാറാലകള്‍ കളയാന്‍ പോയതാണെന്ന് പറഞ്ഞുവത്രേ.
..........................................................................
മാതുതള്ളക്ക് പല്ലൊന്നുമില്ല. ഏതു നേരവും മുറുക്കാന്‍ ചവച്ചിങ്ങനെ ഇരിക്കും. പുകയില കൂട്ടിയാണ് ചവക്കാറുള്ളത്.
മാതുതള്ളക്ക് പല്ലൊന്നുമില്ല. ഏതു നേരവും മുറുക്കാന്‍ ചവച്ചിങ്ങനെ ഇരിക്കും. പുകയില കൂട്ടിയാണ് ചവക്കാറുള്ളത്. ആ പെണ്‍കുട്ടി ഒരിക്കല്‍ തള്ളക്കൊപ്പം ഇരുന്നു അവരുടെ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും വെറ്റില എടുത്തു മുറുക്കി. പിന്നെ തല ചുറ്റുന്നെന്ന് പറഞ്ഞു ഒരു കറക്കമാണ്. പുകയില സഞ്ചിയില്‍ ഉള്ളതുകൊണ്ടാവുമെന്നു എല്ലാവരും പറഞ്ഞു. അതിനു സന്തോഷമായിരുന്നു. ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്ന് പറഞ്ഞു അത് തുള്ളിച്ചാടി. ഇവിടുത്തെ അമ്മ അത് കണ്ടു ചിരിച്ചു. പണ്ട് ഇവിടുള്ള അമ്മ ഈ നാട്ടില്‍ വന്നപ്പോ കണ്ടു കിട്ടിയതാ മാതുത്തള്ളയെ. അവര്‍ ഈ വീട്ടിലെ അമ്മക്കൊപ്പം പറമ്പിലെ പുല്ലു പറിക്കും, തൊഴുത്ത് വൃത്തിയാക്കും, കുട്ടികള്‍ വന്നാല്‍ കൂടെ കളിക്കും, മുറ്റം അടിക്കും, പിന്നെ തോളത്തൊരു മുണ്ടും ഇട്ടു വച്ചൊരു നടത്തമാണ്. ഈ വീടിന്റെ പുറകുവശത്താണ് തള്ളയുടെ വീട്.
ഒരിക്കല്‍ ഈ വീട്ടിലെ അമ്മ നട്ടുച്ചയ്ക്ക് സൂചിയും നൂലും കോര്‍ത്ത് തുന്നിക്കൊണ്ടിരിക്കുമ്പോളൊരു കരച്ചില്‍ കേട്ടു. തൊടിയുടെ അങ്ങേ അറ്റത്തുന്നാണ്. അമ്മ തുന്നുന്നത് അവിടെ തന്നെ ഇട്ടു ഒരോട്ടം. നോക്കുമ്പോ എല്ലാരും മാതുത്തള്ളയുടെ മുറ്റത്തു അന്തിച്ചു നിക്കാണ്. തള്ള കരയുന്നുണ്ട്. തള്ളയുടെ മകള്‍, നിറവയറുകാരി ദേവിയുടെ മുടി, ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചു അവളുടെ ഭര്‍ത്താവ് സുകു ബെല്‍്റ്റ് ഊരി അവളെ അടിക്കുകയാണ്. ദേവി വില്ല് പോലെ നില്‍പ്പുണ്ട്. അമ്മ വേലിക്കരികില്‍ എത്തിയപ്പോള്‍ എല്ലാവരും അമ്മയെ ഒന്ന് നോക്കി. അമ്മ കൈ പുറകില്‍ കെട്ടി അങ്ങനെ നില്ക്കുകയാണ്. രണ്ടു നിമിഷം. ഉച്ചക്കാറ്റ് പോലും ചുട്ടനിശബ്ദതയില്‍ ആണ്.
''സുകൂ''. അമ്മ വിളിച്ചു. ഒച്ച ഒന്നും ഉയര്‍്ത്തീട്ടില്ല.
അപ്പുറത്തുള്ള ചാമിയും, കോതയും അമ്മയെ തന്നെ നോക്കുന്നു.
''ഞാന്‍ ഇവിടെ തന്നെ നില്‍ക്കുന്നുണ്ട്. നിനക്ക് ധൈര്യമുണ്ടെങ്കില്‍ ഒരു വട്ടവും കൂടി അവളെ ഒന്ന് അടിക്ക്. കാണട്ടെ.''
അയാളുടെ കണ്ണ് ചുവന്നാണിരുന്നത്. മീശ പിരിച്ചു വച്ചിരുന്നു. ഇത് മൂന്നാമത്തെ കുട്ടിയാണ് ദേവിയുടെ വയറ്റില്‍. മൂത്ത രണ്ടു പേരും മാട് മേയ്ക്കാന്‍ പോവുന്നു. കുട്ടികര്‍ക്ക് സ്‌കൂളില്‍ പോകണമെന്നുണ്ട്. അയാള്‍ വിടില്ല. അയാളുടെ കൈ മെല്ലെ അയഞ്ഞു. പിന്നെ അയാള്‍ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ദേവി പ്രസവം കഴിഞ്ഞു പോകും വരെ പിന്നെ അയാള്‍ വന്നില്ല.
ആ അമ്മയാണ് ആട്ടുംകുട്ട്യെ പോലെ ആ പെണ്‍കുട്ടിയുടെ കൂടെ നടക്കുന്നത്. അല്ല നടന്നിരുന്നത്. അതൊക്കെ പണ്ടത്തെ കഥ.
ചെറിയമ്മക്കു തലയില്‍ നിറയെ വെള്ള പേന്‍ ആണ്. അവര്‍ മരിക്കാന്‍ ആയത് കൊണ്ടാണ് അങ്ങനെ എന്ന് പറയും. അവരുടെ മുറി കിഴക്ക് ഭാഗത്താണ്. മുല്ലച്ചെടി വള്ളി വിടര്‍ത്തിയാടുന്നത് ലീല കാണുന്നത് ഇവിടെ വന്നതിനു ശേഷമാണ്. ചെറിയമ്മയുടെ മുറിക്കു പുറത്തു കുറച്ചു മാറിയാണ് പഴയ തൊഴുത്തുള്ളത്. അതിനു മുമ്പില്‍ ഇവിടുള്ള അമ്മ വച്ചു പിടിപ്പിച്ച നാല് മുല്ല ചെടികള്‍ ഉണ്ട്. ചെറിയമ്മയുടെ ഭര്‍ത്താവു നാരായണേട്ടന്‍ മുറിക്കു പുറത്തു ഇറങ്ങുന്നത് കുറവാണ്. അവിടെ ഫ്‌ളാസ്‌ക്കില്‍ ചൂട് വെള്ളം നിറച്ചു വച്ചിരിക്കും. ഇടക്ക് ഹോര്‍ലിക്‌സ് കലക്കി കുടിക്കാന്‍ ആണത്. ചെറിയമ്മ അടുക്കളയുടെ തിണ്ണയില്‍ പുറത്തേക്കു നോക്കി ഇരിക്കും. ഇടയ്ക്കു കൊറിക്കാന്‍ വല്ല മിക്‌സ്ച്ചറും കിട്ടിയാലതും കൊണ്ട് മുടന്തി മുടന്തി കിഴക്ക് ഭാഗത്തേക്ക് ഒരു പോക്കാണ്.
ലീല ആദ്യം ഈ വീട്ടില്‍ വന്നപ്പോള്‍ ആ പോക്ക് കണ്ടു അന്തിച്ചു പോയി. എന്തിനാണാവോ. അമ്മ ചിരിച്ചു കൊണ്ട് പിന്നാലെ പോവാന്‍ പറഞ്ഞു. ലീല ചെന്ന് നോക്കുമ്പോള്‍ കിട്ടിയ ഭക്ഷണത്തിന്റെ ഒരു പങ്കു നാരായണേട്ടന് കൊടുത്തു തിരിച്ചു നടക്കുന്ന ചെറിയമ്മയെ ആണ് കണ്ടത്. ലീലയെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് നാണം പൊട്ടി. ലീലയ്ക്ക് ചിരി ഒന്നും വന്നില്ല. ദേഷ്യമാണ് വന്നത്. 'വയസ്സാങ്കാലത്ത് ഓരോ... 'ലീല മെല്ലെ പറഞ്ഞു.
അവരത് കേട്ടില്ല. കേട്ടാല്‍ നല്ലത് കിട്ട്യേനെ അമ്മയുടെ കയ്യില്‍ നിന്നും. അമ്മക്ക് വല്ല്യ കാര്യമാണ് ചെറിയമ്മയെ. അമ്മയുടെ അമ്മയുടെ സ്വന്തം അനിയത്തി അല്ലേ. കുറെ കഷ്ടപ്പെട്ടിട്ടുണ്ട് ചെറുപ്പത്തില്‍. അവരുടെ തറവാട്ടിലെ ഭാഗം കൂടി അമ്മക്ക് എഴുതിക്കൊടുത്തിട്ട് അമ്മ വാങ്ങിയ സ്ഥലമാണിത്. അപ്പൊ അമ്മ അവരെ നോക്കണമല്ലോ. അത് മാത്രമല്ല. അമ്മ പറയും ''സ്വന്തമെന്നു പറഞ്ഞു എനിക്കും എന്റെ മക്കള്‍ക്കും കയറിച്ചെല്ലാന്‍ കല്ലുചെറ്യമ്മേടെ വീട് മാത്രേ ണ്ടായിട്ടുള്ളൂ. മറ്റൊരിടവും ഉണ്ടായിരുന്നില്ല.''
എന്നാല്‍ അമ്മക്ക് സുഖമില്ലാതെ, ചികിത്സക്ക് തലശേരിയിലെ ഒരു ഗുരുക്കളെ കാണിക്കാന്‍ മാതുതള്ളയെയും കൂട്ടി പോയ നേരത്ത്, അമ്മയുടെ മകന്റെ ഭാര്യ ചെറിയമ്മയെക്കൊണ്ട് കിഴക്ക് വശത്തെ മുറ്റം അടിപ്പിക്കുകയും, തേങ്ങ ചിരവിക്കുകയുമൊക്കെ ചെയ്തു. ചെറിയമ്മ മുടന്തി മുടന്തി അതൊക്കെ ചെയ്യുമായിരുന്നു. അവര്‍ക്കുള്ള ഭക്ഷണത്തിന് മുന്നേ അവര്‍ നാരായണേട്ടനുള്ള പ്ലേറ്റ് കിട്ടുന്നതു നോക്കി ഇരിക്കും. കിട്ടിയാലുടന്‍ അവര്‍ അതും കൊണ്ട് പായും. പിന്നെ തിരിച്ചു വന്നു അവര്‍ക്കുള്ള പ്ലേറ്റ് കിട്ടുന്നതും നോക്കി ഇരിക്കും. അടുക്കളയില്‍ തന്നെ ഇട്ട ഒരു ബെഞ്ചില്‍ ആണ് അവര്‍ ഇരിക്കുക. അവര്‍ക്കുള്ള കഞ്ഞിയില്‍ ആ ചേച്ചി കുറച്ചു ചമ്മന്തിയും, ഒരു പപ്പടവും ഇട്ടു വച്ചിരിക്കും. പപ്പടം നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാവും. അവര്‍ അത് മെല്ലെ ബെഞ്ചിലേക്ക് നീക്കി വച്ചു കഞ്ഞി കുടിക്കും. ലീല താഴെ ഒരു പലക ഇട്ടാണ് ഇരിക്കുക. ചുമര് നോക്കി ആണിരിപ്പ്. എന്നാലും അവരുടെ സങ്കടം കഞ്ഞി ഇറക്കുമ്പോള്‍ തൊണ്ടയില്‍ തടയുന്നത് ലീലയ്ക്ക് അറിയാം. അമ്മക്ക് ഗുരുക്കളുടെ അടുത്തേക്ക് ഒരു കത്തെഴുതണം എന്ന് അവള്‍ കരുതും. വേഗം വരാന്‍. എന്നാല്‍ അമ്മയുടെ അസുഖം ഓര്‍ക്കുമ്പോള്‍, 'വേണ്ട' എന്ന് വെക്കും. അമ്മ ഇടക്കെഴുതും.
................................................................................
പുലര്‍ച്ചെ നാല് മണി നേരത്ത് ലീല വാതില്‍ തുറക്കുമ്പോള്‍ മുല്ല മണം അടിച്ചു മയങ്ങിപ്പോവും. വൈകുന്നേരങ്ങളില്‍ മലയിടുക്കുകളില്‍ നിന്നും പനയുടെ തലപ്പത്തടിച്ച കാറ്റ് ലീലയ്ക്ക് മുകളില്‍ തടയും.
ഉച്ചക്ക് കയറി വരുന്ന പോസ്റ്റുമാന്‍ കത്തെറിഞ്ഞു പോകുമ്പോള്‍ അവള്‍ ഓടി ചെന്ന് നോക്കും, അമ്മയുടെ എഴുത്തുണ്ടോ എന്ന്. ചെറിയമ്മക്കുള്ള എഴുത്തില്‍ ലീലയ്ക്കും അന്വേഷണം ഉണ്ടാവും. മറ്റാരും കത്തയക്കാന്‍ ഇല്ല. ലീലയുടെ ഏടത്തിയുടെ ഭര്‍ത്താവിനു ലീല അവരുടെ വീട്ടില്‍ ചെല്ലുന്നതോ താമസിക്കുന്നതോ ഇഷ്ടമല്ല. ലീല ഒന്നും ഇല്ലാത്തവളാണല്ലോ. പോരാത്തതിന് ഏതോ വീട്ടില്‍ വേലയ്ക്കു നില്‍ക്കുന്നവളും.
പണ്ട് ലീലയുടെ അമ്മ അവളെ കല്യാണം കഴിപ്പിച്ചിരുന്നു. പിന്നെ അമ്മ കിടപ്പിലായി. അയാള്‍ ഏടത്തിയുടെ ഭര്‍ത്താവിന്റെ ബന്ധത്തില്‍പ്പെട്ട ആളായിരുന്നു. ആദ്യം ലീലയും അയാളും അവളുടെ അമ്മയോടൊപ്പമായിരുന്നു താമസം. ലീലയ്ക്ക് പതിനാറു കഴിഞ്ഞു പതിനേഴാവാന്‍ തുടങ്ങുന്നു. രാത്രി ഒറ്റ മുറി വീട്ടില്‍ ലീലയും, അയാളും അമ്മയും. അമ്മ പുറം തിരിഞ്ഞാണ് കിടപ്പ്, മണ്ണ് തേച്ച ചുമരിനു നേരെ. ലീല മലര്‍്ന്നും. അയാള്‍ ചെരിഞ്ഞു ലീലയുടെ വയറ്റിന് മീതെ കൈയിട്ട് കിടക്കുന്നു. ലീലയ്ക്ക് ചെറുതായി ശ്വാസം മുട്ടുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടാതെ കിടക്കുകയാണ്. അമ്മ കേട്ടാലോ. എപ്പോഴോ ഉറങ്ങിപ്പോയി.
ഉറക്കത്തില്‍ ഒരു പ്ലേറ്റിന്റെ അറ്റത്തു നിന്ന് മറു അറ്റത്തേക്കു ഒഴുകുന്ന മത്തിക്കറി ആണ് കണ്ടത്. അത് വാരി ഉണ്ണുന്ന ലീല. ചോറിനു വിശപ്പിന്റെ സ്വാദുണ്ട്. പെട്ടെന്നാണ് ലീലയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നത്. തൊണ്ടയില്‍ ചോറ് കുടുങ്ങിയതാണോ എന്ന് പകച്ചു പോയി. വെള്ളമൊഴിക്കാന്‍ വേണ്ടി വായ തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. ആരോ വായ പൊത്തി പിടിച്ചിരിക്കുന്നു. കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ ഇരുട്ടാണ്. അയാള്‍ ചെവിക്കടുത്തു മുരളുന്നുണ്ട്. ലീലയ്ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ ശബ്ദം താഴ്ത്തി 'മിണ്ടരുത്' എന്ന് പറഞ്ഞു. എന്നിട്ട് ലീലയുടെ പാവാട വലിച്ചു കയറ്റി. ലീല മിണ്ടാനാവാതെ ആര്‍ത്തുകിടന്നു.
ഒരായിരം തേനീച്ചക്കൂട്ടങ്ങള്‍ തലക്കുള്ളില്‍ ഇരമ്പി. അയാള്‍ ദേഹത്ത് നിന്ന് ഇറങ്ങിയതും ലീല കമിഴ്ന്നു കിടന്നു ശ്വാസം വലിച്ചു ഇറങ്ങി ഓടി. പുറത്തുള്ള ഓലമറച്ച കുളിമുറിയില്‍ നരച്ചു പോയ നിലാവ് ചത്ത് കിടക്കുന്നുണ്ടായിരുന്നു. ഒന്നും തോന്നുന്നില്ല. മരവിപ്പ് പോലും. ആകാശത്തേക്ക് നക്ഷത്രങ്ങളെ തിരഞ്ഞു ആ രാത്രി അവിടെ കിടന്നുറങ്ങിയത് ലീല അറിഞ്ഞില്ല. പിറ്റേന്ന് ഓലമറ നീക്കി അമ്മ മൂത്രമൊഴിക്കാന്‍ വന്നപ്പോള്‍ ലീലയെ കണ്ടു പേടിച്ചു. അവള്‍ കണ്ണ് തുറന്നു അമ്മയുടെ മുഖത്തേക്ക് നോക്കി, പിന്നെ മെല്ലെ എഴുന്നേറ്റു പോയി. കരി കൊണ്ട് പല്ല് തേക്കുമ്പോഴും, ഇറയത്തുള്ള അടുപ്പില്‍ കട്ടങ്കാപ്പി ഇടുമ്പോഴും, ഒന്നും തോന്നിയില്ല. പക്ഷെ അമ്മ പിറ്റേന്നു മുതല്‍ പുറത്തെ വരാന്തയില്‍ കിടക്കാന്‍ തുടങ്ങി. പുറത്തെ കോച്ചുന്ന തണുപ്പോര്‍ത്ത്
ലീലയ്ക്ക് ആധിയായി. അമ്മ ചുമയ്ക്കുമ്പോള്‍ നെഞ്ഞത്തുനിന്നും കരിയിലകള്‍ ഞെരിഞ്ഞമര്‍ന്നു . ലീല അയാളെ നിര്‍ബന്ധിച്ചു, മറ്റെവിടെയെങ്കിലും പണിക്കു പോകാന്‍. മഴക്കാലത്ത് അമ്മ വരാന്തയില്‍ എങ്ങനെ കിടക്കും എന്ന് ലീലയ്ക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. അയാര്‍ക്ക് കുടഗില്‍ ജോലി കിട്ടിയപ്പോള്‍ ലീലയുംകൂടെ പോയി. അവിടെ ഉള്ള ഫാക്ടറിയില്‍ അവളും ചെന്നു, പണിക്ക്.
പിന്നെയാണ് അയാള്‍ക്ക് അസുഖം പിടിപെട്ടത്. ദേഹത്തുള്ള തൊലി പാമ്പിന്റെ ഉറ പോലെ ഉരിഞ്ഞു വരുന്ന എന്തോ ഒരു രോഗം. കുറച്ചു ചികിത്സിച്ചു. അയാള്‍ മരിച്ചപ്പോള്‍ നാട്ടിലേക്ക് കൊണ്ട് വരാനുള്ള വണ്ടി ഒക്കെ അവിടെ ഉള്ള മുതലാളി ഏര്‍പ്പാടാക്കി. കുടഗു കാലങ്ങള്‍ക്കിടയില്‍ എപ്പോഴോ അമ്മ മരണപ്പെട്ടിരുന്നു. അയാളെ കൊണ്ട് പോയത് ഏടത്തിയുടെ വീട്ടിലേക്കാണ്. ശവം ദഹിപ്പിക്കാന്‍ ഒരു മൂല അവര്‍ കാട്ടിത്തന്നു. അധികം ആരും ഉണ്ടായിരുന്നില്ല. ഏടത്തിയുടെ മകന്‍ ചിതക്ക് തീ കൊളുത്തി. പിന്നെ ഏറെ താമസിയാതെ ലീല അവിടെ നിന്നിറങ്ങി. അമ്മയുടെ ചെറിയ മരപ്പെട്ടി ഏടത്തിയുടെ വീട്ടില്‍ കണ്ടു. അത് എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അതും ഒക്കത്ത് വച്ചാണ് ഇറങ്ങിയത്. ഒരാള്‍ വഴി ഒരു വീട്ടിലേക്ക്. പിന്നെ അവിടുന്ന് ഇവിടേക്കും.
ഇപ്പൊ ഇവിടെ ലീലയും, ഇവിടുത്തെ അമ്മയും, അമ്മയുടെ വയസ്സായ ചെറിയമ്മയും അവരുടെ ഭര്‍ത്താാവും മാത്രം. ഇവിടുണ്ടായിരുന്ന മറ്റെല്ലാരും വേറെ ഓരോ വീടുകളിലേക്ക് പോയി. ആ പെണ്‍കുട്ടിയും. ആ കുട്ടി ഇന്നിവിടെ ഇല്ല. ദൂരെ എവിടെയോ പഠിക്കാന്‍ പോയിരിക്കുന്നു. അതിന്റെ അമ്മ ചത്ത് പോയി. അച്ഛന്‍ മറ്റൊരു സ്ഥലത്ത് പണിക്കും പോയി.
ആ പെണ്‍കുട്ടിയെ ലീലയ്ക്കു എന്തോ ഇഷ്ടമല്ല. അതിന്റെ കണ്ണില്‍ മറ്റൊരു ലോകമുള്ളത് പോലെ തോന്നും. അത് ഇവിടെ ഒന്നും അല്ലാത്ത പോലെ. ഇവിടുത്തെ അമ്മ അതിന്, ഒരു അവധിക്കാലത്ത്, രണ്ടു തകരപ്പെട്ടി നിറയെ പുസ്തകം കാണിച്ചു കൊടുത്തു. അതൊന്നും മിണ്ടാതെ അന്തം വിട്ടു നിന്നു. അമ്മ അതിനെ ചേര്‍ത്ത് പിടിച്ചു പറയാ, ''മോളെ, പണ്ട് റേഷന്‍ വാങ്ങാന്‍ മൂപ്പര് തന്നിരുന്ന കാശില്‍ നിന്നും വാങ്ങി വച്ചതാ. അരിക്കുള്ളില്‍ പൂത്തി വച്ചാണ് കൊണ്ട് വരിക. ആരും കാണാതിരിക്കാന്‍. ന്നിട്ട് രാത്രി ഞങ്ങളില്‍ ഒരാള്‍ ഉറക്കെ വായിക്കും. എല്ലാരും കേര്‍ക്കും . നിന്റെ അമ്മ ഒക്കെ അങ്ങനെയാ ഇംഗ്ലീഷ് ഒക്കെ തെറ്റില്ലാണ്ട് എഴുതാന്‍ പഠിച്ചേ. അവരൊക്കെ വലുതായിപ്പോയപ്പോ, നീ വലുതാവുന്നത് വരെ ഇതൊക്കെ ഞാന്‍ പെറുക്കിക്കൂട്ടി എടുത്തു വച്ചതാ''.
കുട്ടി അതൊന്നും കേള്‍ക്കുന്നതായി തോന്നിയില്ല. രണ്ടു തകരപ്പെട്ടി നിറയെ പുസ്തകം, കണ്ണിമവെട്ടാതെ അത് നോക്കി നിന്നു. പിന്നെ പുസ്തകം ഓരോന്നായി എടുത്തു മറിച്ചുനോക്കി, ചിലത് മാറ്റിവച്ചു. അമ്മ അതിനെ തന്നെ നോക്കി നിന്നിട്ട് പിന്നെ അവിടുന്ന് പോയി. ലീല കുട്ടി എടുത്തു മാറ്റിവച്ച പുസ്തകങ്ങള്‍ ഓരോന്നായി മറിച്ചു നോക്കി. ''അയ്യേ, ഇതില്‍ ചിത്രങ്ങള്‍ ഒന്നും ഇല്ലല്ലോ.''
കുട്ടി തല ഉയര്‍ത്തിയില്ല.
''ഇതൊക്കെ വല്യ ആള്‍ക്കാര്‍ക്ക
ല്ലേ വായിച്ചാ മനസ്സിലാവാ. ഇതൊക്കെ ഇപ്പൊ എന്തിനാ കുട്ടിക്ക്?''
അപ്പോഴും അവള്‍ തല ഉയര്ത്തിയില്ല. അതിന്റെ മുഖത്തൊരു ചെറിയ നീരസം വന്നതായി തോന്നി ലീലയ്ക്ക്.
''കുട്ടിക്ക് ചെറിയ പുസ്തകങ്ങള്‍ വല്ലതും വായിച്ചാ പോരെ? ഇതൊക്കെ ഇപ്പൊ..''
''ലീലേച്ചി, ഞാന്‍ ഇതൊന്നു നോക്കിക്കോട്ടേ, ങ്ങള് പൊയ്‌ക്കോളീ''.
ഇപ്പൊ ലീലയ്ക്കു ദേഷ്യം വന്നു. ''ഞാന്‍ കാര്യായിട്ടല്ലേ ചോദിച്ചേ... ഇതിനിപ്പോ ഇവിടുന്നു പോകാന്‍ പറയണോ? കുട്ടിക്ക് ഇതൊന്നും വായിച്ചാ എന്തായാലും മനസ്സിലാവില്ല. ഇത് വല്യ ആര്‍ക്കാര്‍ക്കുള്ള പുസ്തകങ്ങളല്ലേ? കുട്ടിക്കത്ര ബുദ്ധിയൊന്നുമില്ലല്ലോ?'' -കരുതിക്കൂട്ടി അതിനു വേദനിച്ചോട്ടെ എന്ന് വച്ചു ലീല പറഞ്ഞു.
പകരം ആ കുട്ടി കണ്ണുയര്‍ത്തി ലീലയെ നോക്കി, ''എന്താ ലീലേച്ചിക്കു വായിക്കാന്‍ പറ്റ്വോ? പറ, പറ്റ്വോ? മനസ്സിലാവോ?''
അതിന്റെ ധാര്‍ഷ്ട്യം.
''കുട്ട്യേ,'' ലീലയുടെ ശബ്ദം വിറച്ചു. ''ഞാനേ... നായരാ. നല്ല തറവാടി നായര്. ഗതികെട്ടത് കൊണ്ടാ ങ്ങള്‍ തീയ്യന്മാരുടെ കുടീല് കഞ്ഞി കുടിച്ചു കിടക്കേണ്ടി വരുന്നേ. കുറച്ചു പഠിപ്പും വിവരൂം ണ്ട്ച്ച്ട്ട് ആരും പ്രമാണിമാരാവൂല്ല. അതിനു കുടുംബത്ത് ജനിക്കണം. ഹാ''
ആ കുട്ടിയുടെ മുഖത്ത് ഞെട്ടല്‍ കണ്ടു. അതിന് ഒന്നും മനസ്സിലായില്ല എന്ന് തോന്നി. മനസ്സിലാക്കിക്കൊടുക്കാ. ''വല്യ വല്യ മനുഷ്യന്മാരു പിറന്ന ജാതിയാ. അറിയോ? കുട്ടിക്ക് ഏതെങ്കിലും വല്യ വല്യ മനുഷ്യന്മാരെ അറിയോ? ആരെയെങ്കിലും? അങ്ങനെ ആരെങ്കിലും ണ്ടോ കുട്ടിക്ക്? പറ.'' ലീല വിറച്ചു.
അപ്പോള്‍ കുട്ടിയുടെ മുഖത്ത് ഒരു ചിരി കണ്ടു. ''അത്രേള്ളോ? എനിക്കറിയാലോ?''
ആര്. ലീലയുടെ പുരികം വളഞ്ഞു.
''ഗുരു. ലീലേച്ചി കേട്ടിട്ടില്ലേ? ശ്രീനാരായണഗുരു. മൂപ്പര് വല്ല്യ ആളല്ലേ? അല്ലേ? നമ്മടെ വീട്ടില് ഫോട്ടോ തൂക്കീട്ടില്ലേ? അവര്.'' ലീല ഒരു നിമിഷം അതിനെ നോക്കി നിന്നു. എന്നിട്ട് തിരിഞ്ഞു നടന്നു.
പിന്നീടുള്ള തുടര്‍ച്ചകളില്‍ മുല്ലവള്ളികളില്‍ ഒന്ന് പടര്‍ന്നു പന്തലിച്ചു, ചില കാലങ്ങളില്‍ വെള്ള നിറഞ്ഞു നില്‍ക്കും. പുലര്‍ച്ചെ നാല് മണി നേരത്ത് ലീല വാതില്‍ തുറക്കുമ്പോള്‍ മുല്ല മണം അടിച്ചു മയങ്ങിപ്പോവും. വൈകുന്നേരങ്ങളില്‍ മലയിടുക്കുകളില്‍ നിന്നും പനയുടെ തലപ്പത്തടിച്ച കാറ്റ് ലീലയ്ക്ക് മുകളില്‍ തടയും. മറ്റെവിടെയോ ഏതോ വഴികളില്‍ അവള്‍ തനിച്ച് പച്ചമരങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറി ആകാശം തൊടാന്‍ നോക്കും. മരത്തിന്റെ കൊമ്പിലെ പിടിവിടാതിരിക്കാന്‍ മുറുക്കെ പിടിക്കുന്നതിനാല്‍ ആകാശത്തേക്കു ഏന്തി വലിയാന്‍ കഷ്ടമാണ്. ചിറകുകള്‍ ഉണ്ടായിരുന്നെങ്കിലെന്നു വെറുതെ വെറുതെ ഓര്‍ത്ത് നിന്ന് പിന്നെ ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി, വന്ന വഴിയൊക്കെ തിരിച്ചു നടക്കും.
രാവിലെകള്‍ മാറി ഉച്ചയും, പിന്നെ വൈകുന്നേരവും, അതിനു ശേഷം രാത്രിയും.
മുല്ലവള്ളികളുടെ ആട്ടവും. മഴയ്ക്കുമുന്നെ ഉള്ള വേവും.
അമ്മയുടെ മരപ്പെട്ടിക്കുള്ളില്‍ ഇരിക്കുന്ന സ്വര്‍ണ്ണക്കരയുള്ള ചെമ്പകമണമുള്ള മുണ്ടും. വെള്ളപേനുള്ള കല്ലു ചെറിയമ്മയും. മടങ്ങി വരാന്‍ ഉള്ള ആ പഴയ പെണ്‍കുട്ടിയും.
പിന്നെ, പിന്നെ ലീലയും.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ