പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ
വാക്കുല്‍സവത്തില്‍ ഇന്ന് എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോന്റെ കഥ|
എഴുത്തില്‍, മറ്റെല്ലാം പോലെ ചിരിയും പലവിധമാണ്. ചുമ്മാ ചിരിക്കാം. മറ്റുള്ളവരുടെ വീഴ്ചകളിലേക്കും അപഹാസ്യതകളിലേക്കും പരിഹാസച്ചുവയുള്ള ചിരിയാവാം. ജീവിതത്തിന്റെ അന്തസ്സാരശൂന്യതകളിലേക്ക് ദാര്‍ശനിക മാനമുള്ള ചിരി തൊടുത്തുവിടാം. അവരവരിലേക്ക് നീളുന്ന ചൂണ്ടുവിരലായി സ്വയം പരിഹസിക്കാം. ഒന്നിനെച്ചൂണ്ടി മറ്റൊന്നിലേക്ക് ഉന്നം വെച്ച് കോങ്കണ്ണുള്ള ചിരിയാവാം. ചിരിച്ചു ചിരിച്ച് കരച്ചിലാവാം. സങ്കടങ്ങളുടെ ആഴങ്ങള്‍ക്കു മീതെ ചിരിയുടെ കുടചൂടാം. ലോകത്തെ ഏറ്റവും വേദനാജനകമായ ചിരിയിലേക്ക് ഒതുങ്ങി നില്‍ക്കാം. ഇങ്ങനെ, ചിരിയുടെ പല കരകളായി ശ്രീബാലാ കെ മേനോന്റെ കഥകളെ വായിക്കാം. ലോകത്തെ ചെറുചിരിയോടെ കാണുന്ന കഥകള്‍. ജീവിതത്തിന്റെ കടുംപിടിത്തങ്ങള്‍ക്കു നേരെ തുറന്നുവെച്ച ചിരിയുടെ വാതിലുകള്‍.
സൈദ്ധാന്തിക ശാഠ്യങ്ങളുടെയോ രാഷ്ട്രീയ കൃത്യതയുടെയോ ബലം പിടിത്തങ്ങള്‍ ഒട്ടുമില്ലാത്ത കഥകളാണ് ശ്രീബാല എഴുതുന്നത്. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് അവ ചിരിയുടെ ഡ്രോണുകള്‍ അയക്കുന്നു. യാഥാര്‍ത്ഥ്യം എന്നു പേരിട്ടു നമ്മള്‍ വിളിക്കുന്ന ജീവിതം ഉള്ളിനുള്ളില്‍ കൊണ്ടുനടക്കുന്ന അസംബന്ധങ്ങള്‍ അത് തുറന്നു കാണിക്കുന്നു. ദാമ്പത്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ വിരുദ്ധോക്തികളെ നോക്കി അത് കുട്ടികളെപ്പോലെ ചിരിക്കുന്നു. നാം ജീവിക്കുന്ന കാലത്തിന്റെ പലതരം മുഖംമൂടികള്‍ ചുമ്മാ അത് പൊക്കിനോക്കുന്നു. നമ്മുടെ കുടുംബങ്ങളെ നിലനിര്‍ത്തുന്ന ആണ്‍കോയ്മയുടെ യുക്തികളെ അനായാസം പൊളിച്ചടുക്കുന്നു. മുഖ്യധാരാ ജീവിതങ്ങളുടെ പുറംമോടികള്‍ക്കടിയില്‍ ആരും കാണാതൊഴുകുന്ന അധോതല ജീവിതങ്ങളുടെ രഹസ്യാത്മകതയെ ചെന്നുതൊടുന്നു.
നൂലു പോലെ വീഴുന്ന മഴയെ കീറിമുറിച്ച് സ്‌കോര്‍പിയോ ആ രണ്ടു മുറി വീടിന്റെ ചെമ്പരത്തി വേലിയ്ക്കപ്പുറത്ത് വന്നു നിന്നു. മുറ്റത്തെ ലൈറ്റും പ്രകാശിപ്പിച്ച് വീട് അപ്പോഴും ഉറങ്ങുകയായിരുന്നു. ഹോണടിക്കണോ എന്ന് ഒരു നിമിഷം ഡ്രൈവര്‍ ആലോചിച്ചു. എന്നിട്ടു വേണ്ടെന്ന് വച്ച് വണ്ടി തിരിച്ചിടാനൊരുങ്ങി. തിരിയുന്ന വണ്ടിയില്‍ നിന്ന് സംഗീതം ഒഴുകി എത്തി: 'കണി കാണും നേരം കമലാനേത്രന്റെ...'
വണ്ടി തിരിഞ്ഞ് തീരും മുന്‍പേ മുറ്റത്തെ ലൈറ്റ് അണഞ്ഞു. വീട് ഉണര്‍ന്നു.
'അമ്മച്ചി ഏറ്റേ, പോവണ്ടായോ നമുക്ക്?'
ആന്റോ അമ്മച്ചിയെ വീണ്ടും വീണ്ടും വിളിച്ചു.
'ദേ കാറ് വന്ന് നിക്കണ്. എന്നേം കൊണ്ടു പൊക്കോളാന്‍ മമ്മി ഒടുക്കം സമ്മതിച്ചു. എണീക്ക് വേഗം', പതിമൂന്നുവയസ്സുകാരി നീതുവും വല്ല്യമ്മച്ചിയെ ആവുന്ന പോലെ കുലുക്കി വിളിച്ചു.
കിടക്കപ്പൊറുതി തരില്ലായെന്ന് ഉറപ്പായപ്പോള്‍ കോഴിക്കോട് സാവിത്രി പായയില്‍ എഴുന്നേറ്റിരുന്നു കുരിശു വരച്ചു.
എന്നാ ചാട്ടമായിരുന്നു പതിനഞ്ച് വയസ്സുകാരി മേരിക്ക്. പാട്ടും, ഡാന്‍സും, നാടകവും. സ്‌റ്റേജില് മേരി കൊഞ്ചുമ്പൊ ജനങ്ങള്‍ക്ക് കുളിര് കോരും, വിതുമ്പിയാല്‍ ജനം പൊട്ടിക്കരയും, പുഞ്ചിരിച്ചാല്‍ ജനം ഓര്‍ത്തോര്‍ത്ത് ചിരിക്കും. പറഞ്ഞ് അറിഞ്ഞ് നാടകം കാണാന്‍ വന്ന സിനിമ സംവിധായകന്‍ പൊക്കി എടുത്തോണ്ട് പോയില്ലേ മദിരാശിയിലോട്ട്. നേരെ കൊണ്ട് നിര്‍ത്തി കൊടുത്തു തിക്കുറുശ്ശി സാറിന്റെ മുമ്പില്.
'പേരെന്താ കുഞ്ഞേ?', സാറ് തിരക്കി.
'മേരി.'
'സിനിമേല് മേരിയും, ഔസേപ്പും ഒന്നും ശരിയാവില്ലെന്ന് സാറിനറിയാലോ. നടി ശാരദയെ നമ്മുടെ കുഞ്ചാക്കോ മുതലാളി റാഹേലാക്കാന്‍ നോക്കിയിട്ട് നടന്നില്ല. പിന്നെയാ. അതു കൊണ്ട് തിക്കുറുശ്ശി സാറ് മനസ്സറിഞ്ഞ് ഒരു പേരിട്ട് കൊടുത്ത് ഇവളെ അനുഗ്രഹിക്കണം.' സംവിധായകന്‍ പറഞ്ഞു.
'നാട്ടില് മേരിക്ക് എന്തായിരുന്നു പണി?'
'നായികയായിരുന്നു, സ്റ്റേജില്.'
'വീട്?'
'പാലായിലാ അപ്പന്റെ തറവാട്. പക്ഷെ ഞാന്‍ ജനിച്ചതും, വളര്‍ന്നതും മീനങ്ങാടിയിലാ.'
'ബെസ്റ്റ്! പേരിന് കൂടെ ഇടാന്‍ പറ്റിയ സ്ഥലം. നാറ്റം ദേ, ഇങ്ങ് മദിരാശി വരെ വരും. കുഞ്ഞേ അടുത്തുള്ള വേറെ ഒരു സ്ഥലപ്പേര് പറ.'
'കോഴിക്കോട്.'
'കുഞ്ഞിന് മീനല്ലെങ്കില്‍ കോഴി വേണമെന്ന് നിര്‍ബന്ധമാ, അല്ലിയോ?'
'അങ്ങനെയൊന്നും ഇല്ല സാറേ,', മേരിയുടെ അപ്പന്‍ തല ചൊറിഞ്ഞു.
'ശരി, മേരിയുടെ ഒരു ആഗ്രഹമല്ലേ. ഇരിക്കട്ടെ. കോഴിക്കോട് സാവിത്രി.' മാമോദീസയില്‍ മുങ്ങാതെ മേരി ഒരിക്കല്‍ കൂടി പിറവിയെടുത്തു, മദിരാശിയിലെ കോടാമ്പാക്കത്ത്.
കോഴിക്കോട് സാവിത്രി അലമാര തുറന്ന് അലക്കി തേച്ച് വെച്ച സെറ്റ് മുണ്ടും, ക്രീം കളര്‍ ബ്ലൗസും ധരിച്ചു. ജപമാല ഊരി മേശപ്പുറത്ത് വെച്ചു. നെറ്റിയില്‍ നല്ല വലുപ്പത്തില്‍ ഒരു കുങ്കുമപ്പൊട്ട് തൊട്ടു. ചന്ദനം ചാലിച്ച് അതിന്റെ മുകളില്‍ നീളത്തില്‍ കുറി വരച്ചു. സ്വര്‍ണ്ണമാലയിലെ കുരിശ് വെളിയില്‍ വരാതിരിക്കാന്‍ സേഫ്റ്റി പിന്നെടുത്ത് മാല ബ്ലൗസില്‍ കുത്തി വെച്ചു. കഴിഞ്ഞ ക്രിസ്മസ്സിന് മേടിച്ച ജീന്‍സും, ഇറുകിയ ടോപ്പും ഇട്ട് നീതു പുറകില്‍ നില്‍ക്കുന്നത് കണ്ണാടിയില്‍ കണ്ട് സാവിത്രി ചീറി, 'നീ എങ്ങോട്ടാ?'
'വല്ല്യമ്മച്ചീടെ കൂട്ടത്തീ പോരാന്‍ മമ്മി സമ്മതിച്ചു.'
'കാര്യായിപ്പോയി. അവളുടെ സമ്മതത്തിന്റെ ഒരു കുറവേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പോടി. വിജയദശമിയായിട്ട് വല്ലതും നാലക്ഷരം വായിച്ച് പഠിക്കാന്‍ നോക്ക്.'
'വല്ല്യമ്മച്ചിയ്ക്കെന്താ ഞാന്‍ വന്നാല്?
'അവളും പോന്നോട്ടെ അമ്മച്ചി',ആന്റോ പിന്‍താങ്ങി,'എല്ലാം ഒന്ന് കണ്ട് പഠിക്കാലോ'.
'എന്നാ അപ്പച്ചനും,മോളും കൂടി ചെല്ല്. വല്ല്യമ്മച്ചിക്ക് മേലാതായി. ഞാന്‍ വല്ല മൂലയ്ക്കും ചുരുണ്ടോളാം', സാവിത്രി സെറ്റ്മുണ്ട് അഴിക്കാന്‍ തുടങ്ങി.
'അമ്മച്ചി വരാതെങ്ങനെയാ...', ആന്റോവിന് വെപ്രാളം കേറി.
'നീ നിന്റെ മോളെ ഇവിടെ ഇരുത്ത്. എന്നാ ഞാന്‍ വരാം.'
മേശപ്പുറത്ത് അഴിച്ചു വെച്ച ജപമാല ഹാന്റ്ബാഗിലേക്ക് എടുത്തിട്ട് കുരിശ് വരച്ച് കോഴിക്കോട് സാവിത്രി ഇറങ്ങി. ആന്റോ പിന്നാലെ ഓടിയെത്തി. നീതു എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് അമ്പരന്ന് നിന്നു. പിന്നെ ഒരു പതിമൂന്നുകാരിയുടെ നിഷ്‌കളങ്കതോടെ വലിയ വായില്‍ നിലവിളി തുടങ്ങി. അവളുടെ മമ്മി കരച്ചില്‍ ഡ്രൈവര്‍ കാണാതിരിക്കാന്‍ വീടിന്റെ മുന്‍വാതില്‍ ശക്തിയോടെ വലിച്ചടച്ചു. ഡ്രൈവര്‍ കാറിന്റെ പിന്‍വാതില്‍ ബഹുമാനത്തോടെ തുറന്നു പിടിച്ചു. സാവിത്രി കയറി. വണ്ടി നീങ്ങി. ഡ്രൈവര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പവരുത്തിയ ശേഷം ബാഗില്‍ നിന്ന് ജപമാല എടുത്ത് സാവിത്രി നന്‍മ നിറഞ്ഞവളായ മേരിമാതാവിനെ സ്തുതിക്കുവാന്‍ തുടങ്ങി.
...................................................................................
സാവിത്രി മുട്ടുകുത്തി 'കറുത്ത മാലാഖേ, നിന്റെ നടയ്ക്കല്‍ തിരി കത്തിക്കാന്‍ അനുവദിക്കുവാണേല്‍ ഒരു കൂട് കത്തിച്ചോളാവേ, കാത്തോളണമേ.'
മേരിയെ പേരിടല്‍ കര്‍മ്മത്തിന് ശേഷം സംവിധായകന്‍ നേരെ കൊണ്ട് വന്ന് ക്യാമറയുടെ മുന്‍പില്‍ നിറുത്തി.
'മോളെ,സത്യമുള്ള സാധനമാ ഇത്. തൊട്ട് നെറുകയില്‍ വെച്ചോ. ഇത് കനിഞ്ഞാല്‍ നിന്റെയും, കുടുംബത്തിന്റെയും എല്ലാ കഷ്ടപ്പാടും തീരും', സാവിത്രി നോക്കി. മൂന്ന് കാലില്‍ നില്ക്കുന്ന കറുത്ത ജമണ്ടന്‍ സാധനം. അതിന്റെ മുഖത്തെ ചില്ല് കണ്ണാടിയില്‍ തന്റെ രൂപം തെളിഞ്ഞു കാണാം. ഇതിനെ ഇപ്പൊ എന്ത് വിളിച്ചാ പ്രാര്‍ത്ഥിക്കുന്നേ? കുറച്ച് നേരത്തെ ഗാഢമായ ചിന്തയ്ക്കൊടുവില്‍ സാവിത്രി മുട്ടുകുത്തി 'കറുത്ത മാലാഖേ, നിന്റെ നടയ്ക്കല്‍ തിരി കത്തിക്കാന്‍ അനുവദിക്കുവാണേല്‍ ഒരു കൂട് കത്തിച്ചോളാവേ, കാത്തോളണമേ.'
കറുത്ത മാലാഖയുടെ പിന്നില്‍ തൊപ്പി വെച്ച ഒരു സായിപ്പ് വന്നു നിന്നു. വിളക്കുകള്‍ തെളിഞ്ഞു. മാലാഖ മുരണ്ടു. സാവിത്രി എന്ന മേരി ചിരിച്ചു, കരഞ്ഞു, നാടകത്തിലെ ഒരു ഡയലോഗ് ചേലില്‍ പറഞ്ഞു അഭിനയിച്ചു, പാട്ട് പാടി, നൃത്തം ചവിട്ടി. മാലാഖ മുരളിച്ച അവസാനിപ്പിച്ചു. വിളക്കുകള്‍ അണഞ്ഞു. അന്നത്തേക്ക് ജനം പിരിഞ്ഞു. കോടാമ്പാക്കത്തെ ലോഡ്ജ് മുറിയില്‍ മേരിയും അപ്പനും കാറ്റേല്‍ക്കാതെ കിടന്നു പുഴുങ്ങി നേരം വെളുപ്പിച്ചു. പിറ്റേന്ന് കൃത്യം പത്തു മണിക്ക് കറുത്ത മാലാഖയുടെ അരുളപ്പാട് കേള്‍ക്കാന്‍ സ്റ്റുഡിയോവിലെത്തി. അരുളപ്പാട് വ്യാഖ്യാനിക്കാന്‍ കഴിവുള്ള നിര്‍മ്മാതാവ് മേരിയുടെ അപ്പനെ വിളിപ്പിച്ചിട്ടു പറഞ്ഞു.
'മോളുടെ മുഖം വലിയ സ്‌ക്രീനില്‍ കാണുമ്പൊ ഒരു കണ്ണിന് സ്വല്പം ഏങ്കോണിപ്പ്. നായികയാവാന്‍ ബുദ്ധിമുട്ടാ.' അന്ന് പകല്‍, ലോഡ്ജ് മുറിയില്‍ വാങ്ങി വെച്ച കണ്ണാടിയുടെ മുമ്പില്‍ മേരി നിന്നു. അപ്പനും, മേരിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും കണ്ണിന് എന്തെങ്കിലും കുഴപ്പം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുക്കം മേരി അപ്പനെ സമാധാനിപ്പിച്ചു,' ഒണ്ടാവും, അപ്പാ ഒണ്ടാവും, നമുക്ക് കാണാന്‍ കഴിയാത്ത എന്തൊക്കെ കാര്യങ്ങള്‍ മാലാഖമാര്‍ക്ക് കാണാന്‍ കഴിയും!'
പടം തുടങ്ങി.തമിഴില്‍ നിന്ന് നിര്‍മ്മാതാവിന് ഇഷ്ടപ്പെട്ട നടി നായികയായി വന്നു. അവളുടെ പേരും സാവിത്രി എന്നായിരുന്നു. മേരിയും, അപ്പനും ഗതികിട്ടാ ആത്മാവുകളായി സംവിധായകന്റെ പിന്നാലെ സ്റ്റുഡിയോവില്‍ അലഞ്ഞു.
'സാവിത്രിയെ നാട്ടില്‍ നിന്നും സിനിമയിലേക്ക് കൊണ്ടുവന്നതു ഞാനല്ലേ. അടുത്ത പടം വരെ ഒന്ന് ക്ഷമിക്ക്. അതില്‍ നിനക്ക് നല്ലൊരു വേഷമുണ്ടാവും. ഉറപ്പ്.' താന്‍ പേരു നല്‍കിയ ആരും പാഴായിപ്പോയിട്ടില്ലെന്ന് തിക്കുറിശ്ശി സാറും ഓര്‍മ്മപ്പെടുത്തി. നാട്ടില്‍ നിന്നും അമ്മച്ചിയുടെ കത്തു വന്നു. 'നാടകക്കാര് പുതിയ നായികയെ കൊണ്ടു വന്നു. ഇവിടെ കടക്കാരുടെ ശല്യം സഹിക്കാന്‍ മേല. ഞങ്ങളും അങ്ങോട്ട് വരുന്നു.'
അപ്പന്‍ മദിരാശിയില്‍ ചുവടെടുപ്പിന് പോയിത്തുടങ്ങി. കോടാമ്പാക്കത്തെ ഒറ്റമുറിയില്‍ മേരിയും, കുടുംബവും ഞെങ്ങി, ഞെരുങ്ങി, കലമ്പി.
നന്‍മ നിറഞ്ഞവളായ മേരിമാതാവിനുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം അടുത്തതിനായി ജപമാല ഒന്നു കുടഞ്ഞു കൈയിലെടുത്തപ്പോഴാണ് ഡ്രൈവര്‍ അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കിയത്. ജപമാല ഒളിപ്പിക്കാന്‍ സാവിത്രി ശ്രമിച്ചെങ്കിലും നടന്നില്ല. വണ്ടി കണ്‍ട്രോള്‍ നഷ്ടപ്പെട്ട് ഒരു ലോറിക്കരികിലേക്ക് പാഞ്ഞ് ചെന്നു. സെക്കന്റിന്റെ പത്തിലൊരംശം കൊണ്ട് ഡ്രൈവര്‍ വണ്ടി വെട്ടിച്ച് ദീര്‍ഘമായി നിശ്വസിച്ചു. ഊമയാണോ എന്ന് പോലും സംശയം തോന്നിപ്പിച്ച ഡ്രൈവര്‍ പെട്ടെന്ന് വാചാലനായി.
'അമ്മ ക്രിസ്ത്യാനിയാണോ?'
'എന്താ മോന്‍ അങ്ങനെ ചോദിക്കാന്‍?'
'അല്ല...ജപമാല'
'പരിചയത്തിലുള്ള ഒരു സിസ്റ്റര്‍ ഏല്‍പ്പിച്ചതാ...ഒരു ആര്‍ട്ടിസ്റ്റിന് കൊടുക്കാന്‍. മറക്കാതിരിക്കാന്‍ കൈയിലെടുത്തു വെച്ചൂന്ന് മാത്രം.'
'ഞാന്‍ എന്റെ അമ്മയെ കണ്ടിട്ടില്ല. പ്രസവത്തില് മരിച്ച് പോയി. ഓര്‍മ്മ വെച്ച കാലം മുതല്‍ എനിക്ക് അമ്മാന്ന് പറഞ്ഞാല്‍ സാവിത്രി അമ്മേടെ മുഖവാ മനസ്സില്.'
'മോന്റെ പേരെന്താ?'
'പ്രഭാകരന്‍'
'അമ്മേടെ പേരെന്തായിരുന്നു?'
'സാവിത്രി.'
'അതു കൊണ്ടും കൂടിയാ അല്ലേ?'
പെട്ടെന്ന് ആന്റോ പാട്ടിന്റെ ശബ്ദം ഉച്ചത്തിലാക്കി.പ്രഭാകരന്റെ മുഖത്ത് ഒരു ചിരി വിടരുന്നത് സാവിത്രി കണ്ണാടിയില്‍ കണ്ടു.
ഇരുപതാമത്തെ വയസ്സിലാണ് സാവിത്രി അമ്മയായത്. സ്റ്റുഡിയോകളായ സ്റ്റുഡിയോകളിലെല്ലാം കയറി ഇറങ്ങി കേള്‍ക്കണ്ടാത്ത സംസാരങ്ങള്‍ കേട്ടും, കാണണ്ടാത്ത കാഴ്ചകള്‍ കണ്ടും, അനുഭവിച്ചും മനം മടുത്ത് തുന്നല്‍ ജോലിക്ക് പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സാവിത്രി എന്ന പേര് മേരിയും, മറ്റുള്ളവരും മറന്നിരിക്കവെയാണ് കോഴിക്കോട് സാവിത്രിയെത്തേടി സംവിധായകന്‍ സ്റ്റുഡിയോയില്‍ നിന്ന് ആളെ വിട്ടത്. ഒറ്റ മുറി വീട്ടില്‍ പക്ഷെ ഒരു മൂകത. കാരണം മേരിക്ക് പോകാന്‍ താത്പര്യമില്ല.
'ഇനി നാടകോം വേണ്ട, സിനിമയും വേണ്ട, എന്നെ കെട്ടിച്ച് വിട്ടേരെ', മേരി വാശി പിടിച്ചു ചിണുങ്ങി. കെട്ടിച്ചു വിടാന്‍ അപ്പനും, അമ്മച്ചിക്കും താത്പര്യമില്ലാതല്ലല്ലോ. പക്ഷെ കെട്ടുക എന്ന കാര്യത്തിന് മേരിയെ ആര്‍ക്കും വേണ്ട. അത് നല്ലവണ്ണം അറിയാവുന്ന അപ്പന്‍ എങ്ങോട്ടോ നോക്കി പറഞ്ഞു,' നീ തത്ക്കാലം സ്റ്റുഡിയോവിലേക്ക് ചെല്ല്. വിളിപ്പിച്ചത് എന്തിനാണെന്ന് തിരക്ക്.'
'അപ്പന്‍ വരുന്നില്ലേ?'
'നടുവിന് ഒരു പിടുത്തം. ഞാന്‍ പിറകേ എത്തിക്കോളാം. റോള് വല്ലതും തരാനാണെങ്കി പൈസ വേടിച്ച് കൈയ്യീ വച്ചേ മുഖത്ത് ചായം പൂശാന്‍ ഇരിക്കാവൂ.'
പൈസ ആദ്യം, ജോലി പിന്നീട്. സിനിമയിലൊഴികെ ലോകത്തെവിടെയും ജോലി ആദ്യം, ശമ്പളം അത് കഴിഞ്ഞ് എന്നല്ലേ. 'ചുമട്ടുകാരനായ അപ്പനും സിനിമ തന്തയായി', മേരി മനസ്സില്‍ പറഞ്ഞു.
'പെണ്ണേ,നിന്റെ സമയം തെളിഞ്ഞു. നിനക്ക് കലക്കാവുന്ന ഒരു റോളുണ്ടെടീ ഇതില്', സംവിധായകന്‍ ആവേശഭരിതനായി.
മേരി മനസ്സില്‍ കുരിശ് വരച്ചു. 'മാതാവേ,നീ കാത്തു. ഞാന്‍ കത്തിച്ച മെഴുകുതിരികള്‍ക്കും, അര്‍പ്പിച്ച കണ്ണുനീരിനും നീ ഫലം തന്നു. നിന്റെ നാമം വാഴ്ത്തപ്പെടട്ടെ'. പ്രേംനസീറിന്റേയും, മധുവിന്റേയും കൂടെ പാട്ടുപാടി ഓടി നടക്കുന്ന കോഴിക്കോട് സാവിത്രിയെ മേരി സങ്കല്‍പ്പിച്ചു. പടത്തിന്റെ പോസ്റ്റര്‍ മീനങ്ങാടിയില്‍ പതിപ്പിക്കുവാന്‍ മൊതലാളിയോട് മറക്കാതെ പറയണം.
'എന്നാ പടം തുടങ്ങുന്നത്?'
'നാളെ'.
'അഡ്വാന്‍സ്? വീട്ടില് പട്ടിണിയാ സാറേ.'
മൊതലാളി ക്യാഷറെ വിളിച്ചു നൂറ് രൂപ വാങ്ങി മേരിയുടെ കൈയ്യില്‍ വച്ച് കൊടുത്തു. മേരി നോട്ടിലേക്ക് തറപ്പിച്ചു നോക്കി. ഇത്രയും കാശ് കിട്ടണമെങ്കില്‍ എത്ര രാവും പകലും തയ്ക്കണം? ഇതു കൊണ്ട് അത്യാവശ്യം കടങ്ങള്‍ തീര്‍ക്കാന്‍ അപ്പനു പറ്റും. പരീക്ഷണങ്ങള്‍ക്കൊടുവില്‍ മാതാവേ നീ കാത്തു. ഇത്തവണ പരസ്യമായി തന്നെ സാവിത്രി കുരിശ് വരച്ചു.
...................................................................................
പകല്‍ ലോകത്തിന്റെ അമ്മ, രാത്രി വിളിപ്പിക്കപ്പെടുന്ന മുറികളിലെ ആത്മാവില്ലാത്ത വെറും ശരീരം. സിനിമയില്‍ സാവിത്രി വാനോളം ഉയര്‍ന്നു.
നേരം ഒത്തിരി ഇരുട്ടിയിട്ടും അപ്പന്‍ വന്നില്ല. എന്നാ പിന്നെ നാളെ അഭിനയോം കഴിഞ്ഞ് പോവാന്നായി സംവിധായകനും, മൊതലാളീം. തയ്ച്ചു കൊടുക്കേണ്ട ജംബ്ബര്‍, പാവാട, ഷിമ്മീസ് എല്ലാം മേരിയെ കാത്ത് വീട്ടിലിരിപ്പുണ്ടായിരുന്നു. അവയെയെല്ലാം മറന്ന് കൈയ്യിലെ നൂറ് രൂപ നോട്ടും തിരുമ്മിപ്പിടിച്ചു മുതലാളി ചൂണ്ടി കാണിച്ച മുറിയിലേക്ക് മേരി കയറിപ്പോയി...
'പൈസ വല്ലതും കിട്ടിക്കാണുവോ?', അപ്പന്റെ ആത്മഗതം രാത്രി എപ്പഴോ വീട്ടില്‍ മുഴങ്ങി.
'രാവിലെ മേയ്ക്കപ്പ്മാന്‍ വന്നു. മേരി ആദ്യമായി സിനിമയ്ക്ക് വേണ്ടി ചായം തേക്കാനിരുന്നു കൊടുത്തു. അര മണിക്കൂര്‍ കഴിഞ്ഞ് കണ്ണാടിയില്‍ കോഴിക്കോട് സാവിത്രിയുടെ രൂപം കണ്ട് മേരി വിയര്‍ത്തു. നരച്ച വിഗ്ഗും, കട്ടി കണ്ണടയും, ചുളിയാത്ത മുഖവും ഉള്ള ഒരു വൃദ്ധ. അങ്ങനെ ഇരുപതാം വയസ്സില്‍ കോഴിക്കോട് സാവിത്രി മലയാളികളുടെ അമ്മയായി. ലക്ഷണമൊത്ത ഒരു തറവാട്ടമ്മ. പകല്‍ ലോകത്തിന്റെ അമ്മ, രാത്രി വിളിപ്പിക്കപ്പെടുന്ന മുറികളിലെ ആത്മാവില്ലാത്ത വെറും ശരീരം. സിനിമയില്‍ സാവിത്രി വാനോളം ഉയര്‍ന്നു.
ചുവടെടുപ്പു നിര്‍ത്തിയ അപ്പന്‍ കുടുംബം ഗതിപ്പിടിച്ചെന്ന സമാധാനത്തോടെ മരിച്ചു. അനിയത്തിമാരെ രണ്ടിനേയും പ്രായം തികയുന്നതിനു മുമ്പേ മേരി കെട്ടിച്ചയച്ചു. അനിയത്തിമാരുടെ മക്കളെ നോക്കാനെന്ന വ്യാജേനെ ഇനിയും കെട്ടാത്ത മേരിയുടെ മുമ്പില്‍പ്പെടാതെ അമ്മച്ചി അവരുടെ വീടുകളില്‍ കഴിഞ്ഞു. അവരുടെ കെട്ടിയവന്‍മാരാകട്ടെ ഉള്ള ജോലികള്‍ ഉപേക്ഷിച്ച് കോഴിക്കോട് സാവിത്രിയുടെ മേല്‍വിലാസത്തില്‍ അഭിമാനപൂര്‍വ്വം ജീവിക്കാന്‍ തുടങ്ങി. എല്ലാവരുണ്ടായിട്ടും ആരുമില്ലാത്ത ലോകം സാവിത്രിയുടെ നേര്‍ക്ക് ഭീഷണി ഉയര്‍ത്തി നിന്നു.
ഉറങ്ങിക്കൊണ്ടിരുന്ന ആന്റോ പെട്ടെന്ന് ഞെട്ടി പകച്ച് അമ്മച്ചിയേയും ഡ്രൈവര്‍ പ്രഭാകരനേയും മാറി മാറി നോക്കി. വണ്ടി ഏതോ കെട്ടിടത്തിന്റെ മുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു.
'എന്നാ പറ്റി?', ആന്റോ തിരക്കി
'അമ്മയ്ക്ക് ബാത്ത് റൂമിലോ മറ്റോ പോവണമെങ്കില്‍. ഒന്ന് രണ്ട് മണിക്കൂറായില്ലേ ഒരേ ഇരിപ്പ് ഇരിക്കുന്നു.'
'അമ്മ അങ്ങനെ പറഞ്ഞോ നിങ്ങളോട്?'
'ഇല്ല. എനിക്കങ്ങനെ തോന്നി.'
'താന്‍ ഡ്രൈവറുടെ പണി മാത്രം എടുത്താ മതി. പത്ത് മണിക്കെങ്കിലും അവിടെ ചെന്നില്ലെങ്കില്‍ എല്ലാം ചക്ക കൊഴയുന്നത് പോലെ കൊഴയും.'
'അതിനെപ്രതി സാറ് മനസ്സ് വിഷമിപ്പിക്കണ്ട.'
'കൊണകൊണവെക്കാണ്ട് താന്‍ വണ്ടിയെടുത്തേ വേഗം.'
സാവിത്രി ഹാന്‍ബാഗ് കൈയിലെടുത്തു, 'പ്രഭാകരാ,ഈ കതവൊന്ന് തൊറന്നേ. എനിക്ക് അംബാസിഡറിന്റെ കതവേ തുറക്കാനറിയൂ. ഈ പുതിയ വണ്ടികളുടെ രീതിയൊന്നും എനിക്ക് വശല്ല്യ. ഈ വയസ്സു കാലത്ത് അതൊന്നും പഠിക്കാനുള്ള ആവതൂല്ല്യ.'
പ്രഭാകരന്‍ ഭവ്യതയോടെ വാതില്‍ തുറന്നു പിടിച്ചു.
'നീ വാ, എന്റെ കൂടെ. ഒറ്റയ്ക്ക് ചോദിച്ചും അന്വേഷിച്ചും എങ്ങോട്ടെങ്കിലും പോവാനുള്ള ധൈര്യമൊക്കെ പോയി.'
ആന്റോയെ തനിച്ചിരുത്തി പ്രഭാകരനും, സാവിത്രിയും മുന്നോട്ട് നടന്നു.
'നിനക്കെങ്ങനെ മനസ്സിലായി പ്രഭാകരാ എനിക്ക് ഈ ആവശ്യമുണ്ടെന്ന്?'
'ഇഷ്ടമുള്ളവരുടെ മനസ്സ് വായിച്ചെടുക്കാനുള്ള സൂത്രം എനിക്ക് വശൊണ്ട് അമ്മേ'
'ഞാന്‍ അവനെ പേടിച്ച് മിണ്ടാതിരുന്നതാ. വല്ല്യ ദേഷ്യക്കാരനാ', പ്രായമായ മകനെ ഭയക്കുന്ന അമ്മയുടെ ഭാവങ്ങള്‍ സാവിത്രി പ്രഭാകരന്റെ മുമ്പില്‍ കൃത്യമായി അഭിനയിച്ചു.
'പ്രഭാകരന്റെ വീട്ടിലാരൊക്കെയുണ്ട്?'
'ഞാനും,ഭാര്യയും'
'പിള്ളേര്?'
'ഇല്ല. അവള് നാലു തവണ പെറ്റു. നാലും ജീവിച്ചില്ല. എന്റെ കൂടെ രക്തബന്ധത്തിലുള്ള ആരും അധികനാള് വാഴില്ലാന്നാ ജാതകത്തില്. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ കൊടുത്തിരുക്കുവാ. സാവിത്രീന്ന് പേരിടണമെന്നാ തീരുമാനം.'
ആന്റോ കാറിന്റെ ഹോണ്‍ തുരു തുരാ അടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. അതു കേള്‍ക്കുന്തോറും സാവിത്രിയും, കൂടെ പ്രഭാകരനും നടത്തത്തിന്റെ വേഗം കുറച്ചു കൊണ്ടിരുന്നു. സാവിത്രിക്ക് പഴയ കുസൃതിക്കാലം തിരിച്ചുകിട്ടിയതു പോലെ ഒരു തോന്നല്‍.
'അമ്മ ഇത് എന്നാ ഭാവിച്ചാ? ഇങ്ങനെ അനങ്ങി, അനങ്ങി നടന്നാ വൈകുന്നേരമാവുമ്പോഴേ അങ്ങോട്ട് ചെല്ലത്തുള്ളൂ'.
...................................................................................
സാവിത്രി അമ്മ അല്ല. മേരി. മീനങ്ങാടി മേരി. മേരിക്ക് പോവാനുള്ള ഇടത്തേക്ക് കൊണ്ടു പോകാവോ? ദാ,കാശ്.', കിട്ടിയ പ്രതിഫലം മുഴുവന്‍ മേരി പ്രഭാകരന്റെ നേര്‍ക്ക് നീട്ടി.
ഇത് തന്നെയാ ആന്റോവിന്റെ അപ്പനും സാവിത്രിയെ ആദ്യം കണ്ടപ്പൊ പറഞ്ഞേ.
'ഇങ്ങനെ അനങ്ങി, അനങ്ങി നടക്കാണ്ട് വേഗം നട കൊച്ചേ. അല്ലേല് തിയറ്ററീന്ന് ജനം മൂത്രമൊഴിക്കാനും,കാപ്പികൂടിക്കാനും ഇറങ്ങിപ്പോവും.'
'എനിക്ക് ചെറുപ്പമാണെങ്കിലും ഞാനഭിനയിക്കുന്ന കഥാപാത്രത്തിന് അറുപത് വയസ്സുണ്ട്. അവര്‍ക്കിത്ര വേഗത്തിലേ നടക്കാനൊക്കൂ സാറേ. എന്റെ വയസ്സിന് ഒക്കുന്ന കഥാപാത്രത്തിനെ സാറ് താ. അപ്പൊ വേഗത്തീ ഓടേ, ചാടേ എന്ത് വേണമെങ്കിലും ചെയ്യാം. ഇതിപ്പൊ ഇങ്ങനയേ ഒക്കത്തുള്ളൂ.'
'ഞാന്‍ വിചാരിച്ച മാതിരിയല്ലാട്ടാ താന്‍. തനിക്ക് കിഡ്നിയുണ്ടല്ലടോ. എന്നാലും കുറച്ചും കൂടെ വേഗത്തില് നടന്നില്ലേലേ എഡിറ്ററ് തന്നെ വെട്ടി ദൂരത്തോട്ട് കളയും.'
പുതിയ സംവിധായകന്‍. മിടുക്കന്‍. പക്ഷെ അഞ്ചു വയസ്സിന് ഇളപ്പം. എങ്കിലും ക്രിസ്ത്യാനി. ഒരേ പള്ളി. സാവിത്രിയാണ് മുന്‍കൈയെടുത്തത്.
'എനിക്ക് കെട്ടുപ്രായം കഴിഞ്ഞു. സാറിന് അത് ആയി വരുന്നു. എന്നെപ്പറ്റി സാറിനും; സാറിനെപ്പറ്റി എനിക്കും എല്ലാം അറിയാം. ഭൂതകാലം അതിന്റെ പാട്ടിന് പോവട്ടെ. വിരോധമില്ലെങ്കില്‍ ഭാവിയെക്കുറിച്ച് നമുക്ക് ചിന്തിച്ചാലോ?'
ആന്റോവിന്റെ അപ്പന് ചിരിയോ ചിരി.
'സാവിത്രിഅമ്മേ, ഇത് ഏത് സിനിമേലെ ഡയലോഗാ? എന്തുവാ കാര്യം? മേരിക്ക് എന്നെ കെട്ടണം. എനിക്ക് മേരിയെ എന്നല്ല ഒരാളേയും കെട്ടണ്ട. കാരണം വിവാഹം എന്ന കൂദാശയില്‍ എനിക്ക് വിശ്വാസമില്ല. ദൈവത്തില്‍ തീരേയും. എങ്കിലും മേരി ഒരു ആശ പറഞ്ഞതല്ലേ. നമുക്ക് രജിസ്റ്റര്‍ കച്ചേരീ പോവാം, ബന്ധം രജിസ്റ്ററാക്കാം. എന്റെ വീട്ടീലോട്ട് മേരിക്ക് പാര്‍പ്പിന് വരാന്‍ ഒക്കത്തില്ല. കാരണം എനിക്ക് വീടില്ല. അതു കൊണ്ട് മേരീടെ വീട്ടിലോട്ട് ഞാന്‍ കുടി പാര്‍ക്കാന്‍ വരാം. പോരെ.'
പള്ളിയില്‍ വിളിച്ചു ചൊല്ലാതെ, മനസ്സമ്മതം നടത്താതെ, മന്ത്രകോടിയണിയാതെ മേരി വിവാഹിതയായി. സിനിമയില്‍ നിന്നും ഒരു തരം പകരം വീട്ടുന്ന വാശിയോടെ വിരമിച്ചതായി പ്രഖ്യാപിച്ചു. ഇഷ്ടം പോലെ ചോറ് മീന്‍ചാറില്‍ മുക്കി തിന്ന് തടി വെച്ചു. പത്താം മാസത്തില്‍ ആന്റോവിനെ പെറ്റ് അമ്മയായി. അഭിനയിച്ച് ഫലിപ്പിച്ച മാതൃക അമ്മ എന്തൊരു കല്ല് വെച്ച നുണയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊട്ടിച്ചിരിച്ചു. മേരിയുടെ അമ്മ ആന്റോയെ നോക്കി വളര്‍ത്താന്‍ മേരി പണിത വീട്ടില്‍ തിരിച്ചെത്തി.
പക്ഷേ ഇതൊന്നും അധികനാള്‍ വേണ്ടിവന്നില്ല. ആന്റോവിന്റെ അപ്പന്‍ കള്ളു കുടിച്ച് ലിവറും, കിഡ്നിയും കേടാക്കി ജോലി ചെയ്യാനാവാതെ വീട്ടില്‍ കിടപ്പായി. ആന്റോയെ അമ്മച്ചിയെ ഏല്‍പ്പിച്ച്, തടി കുറച്ച് മേരി വീണ്ടും കോഴിക്കോട് സാവിത്രിയായി മാറി. നരച്ച വിഗ്ഗും, കട്ടി കണ്ണാടിയും ഫിറ്റ് ചെയ്ത് സമപ്രായക്കാരായ ഈഡിപ്പസ് കോംപ്ലക്സുള്ള നായകന്‍മാരുടെ അമ്മയായി.
റോളുകള്‍ക്ക് വരുന്ന മാറ്റം കൊണ്ടാണ് സാവിത്രി കാലം കടന്നു പോകുന്നത് മനസ്സിലാക്കിയത്. തന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ എന്നത്തേയും പോലെ നായകന്റെ പ്രായം കുറയ്ക്കാനായി മുടി വെളുപ്പിച്ച് സിനിമയിലേക്ക് കയറി വന്നപ്പോള്‍ നായകന്റെ അമ്മ വേഷത്തില്‍ നിന്ന് സാവിത്രി തെറിച്ചു. നായികയുടെ ഒന്നും ഉരിയാടാത്ത അമ്മ, അയല്‍പ്പക്കത്തെ ടീച്ചര്‍, വകയിലെ അമ്മായി, നിരനിരയായി നില്‍ക്കുന്ന സ്വഭാവപ്രത്യേകതകളില്ലാത്ത വല്ല്യമ്മമാരില്‍ ഒരാള്‍ എന്നിങ്ങനെ ഒന്നും ഉരിയാടാത്ത അടുക്കളക്കാരി വരെ എത്തിയപ്പോഴേക്കും ആന്റോയ്ക്ക് വയസ്സു ഇരുപത്; അവന്റെ അപ്പന്‍ മരിച്ചിട്ട് കൊല്ലം പതിനഞ്ചും.
മദിരാശിയിലെ സ്വന്തം വീട് കടക്കാര്‍ക്ക് എഴുതിക്കൊടുത്ത് വെറും കൈയോടെ സാവിത്രി മീനങ്ങാടിയില്‍ തിരിച്ചെത്തി. പഴയ രണ്ടു മുറി വീട് അത്യാവശ്യം അറ്റകുറ്റപണി കഴിപ്പിച്ച് താമസിക്കാറാക്കി. ഇനി കൊച്ചന്റെ സമ്പാദ്യത്തില്‍ ഒള്ള കഞ്ഞിയും കുടിച്ച് കെടക്കാമെന്ന് വെച്ചപ്പൊ ചെക്കന് സിനിമ കമ്പം. അതു കൊണ്ട് ഇതു വരെ ദൈവം സഹായിച്ച് ഒരു പണിക്കും അവന്‍ പോയിട്ടില്ല. അമ്മച്ചി അഭിനയിക്കുന്ന എല്ലാ പടങ്ങളിലും വല്ല മുക്കിലും, മൂലയിലും അവനെ കാണാം. അതാണ് ആന്റോന്റെ അഭിനയം. അതീന്ന് വല്ലതും കിട്ടീട്ട് കുടുംബം കഞ്ഞി കുടിച്ചത് തന്നെ!
പ്രഭാകരന്‍ വണ്ടി എട്ടുകെട്ടിന്റെ മൂമ്പിലേക്ക് തിരിച്ചു. അപ്പോള്‍ സമയം കൃത്യം പത്തു മണി. കാറില്‍ നിന്നിറങ്ങിയ സാവിത്രിയെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആശ്വാസത്തോടെ ഏറ്റെടുത്തു.
'ഓ, ആളെ കണ്‍മുമ്പില്‍ കാണുന്നത് വരെ ചങ്കില്‍ കിടുകിടുപ്പായിരുന്നു. സംവിധായകന് വല്ല്യ നിര്‍ബന്ധം. സാവിത്രി അമ്മ തന്നെ ആദ്യത്തെ ഷോട്ടില്‍ അഭിനയിക്കണമെന്ന്. അക്കാര്യം എന്നോട് പറയുന്നത് രാത്രി പത്തു മണിക്കും. അമ്മ സമയം കളയാതെ ചെന്ന് മേയ്ക്കപ്പിട്.'
ഉടുത്തോണ്ട് വന്ന പുളിയിലക്കര മുണ്ട് മാറ്റി സാവിത്രി അവര്‍ കൊടുത്ത വീതിക്കസവുള്ള കേരളസാരി ധരിച്ചു. നെറ്റിയില്‍ കുങ്കുമപ്പൊട്ട്, സിന്ദൂരം, മുടിയില്‍ മുല്ലപ്പൂ. തന്നെ മദിരാശിയില്‍ കൊണ്ടു വന്ന സംവിധായകന്റെ മകന്റെ ആദ്യ സിനിമ. അച്ഛനാണ് സ്വിച്ച് ഓണ്‍. സാവിത്രി അച്ഛന്റേയും, മകന്റേയും കൈ പിടിച്ച് അനുഗ്രഹം വാങ്ങി. ക്യാമറ തൊട്ടു തൊഴുതു. സംവിധായകന്റെ ആക്ഷന്‍ വിളി കേട്ടപ്പോള്‍ കത്തിച്ച വിളക്കുമായി പൂമുഖത്ത് നിന്ന് തുളസിത്തറയിലേക്ക് നടന്നു. ഫസ്റ്റ് ഷോട്ട് ഓക്കേ. എല്ലാവരും കൈയടിച്ചു. സിനിമ തുടങ്ങി; ഒരു പുതിയ സംവിധായകന്റെ ജീവിതവും. അയാളെ കൈവിടരുതേ മാതാവേ എന്ന് സാവിത്രി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
മാവിന്‍ചുവട്ടില്‍ കൊണ്ടിട്ടുതന്ന കസേരയില്‍ അടുത്ത ഷോട്ടിനുള്ള ഊഴം കാത്ത് സാവിത്രി ഇരുന്നു. ആന്‍േറാവിന്റെ നിഴലു പോലും കാണുന്നില്ല. ചാന്‍സ് തെണ്ടി സംവിധായകന്റെ പിന്നിലോ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിന്റെ കാല്ക്കലോ കിടപ്പുണ്ടാവും.
മൂന്നിലൂടെ ധൃതിപ്പിടിച്ച് പാഞ്ഞു പോകുന്ന അസിസ്റ്റന്റ് ഡയറക്ടറെ ബലമായി പിടിച്ച നിര്‍ത്തി സാവിത്രി സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. 'നേരത്തെ കിട്ടിയാല്‍ ഡയലോഗൊക്കെ ഒന്ന് മനപ്പാഠമാക്കാമായിരുന്നു. ഇപ്പൊ പണ്ടത്തെപ്പോലൊന്നും ഓര്‍മ്മ നില്ക്കണില്ല മോനെ'. ഇപ്പൊ വരാം എന്ന് പറഞ്ഞ് ചെക്കന്‍ വീണ്ടും ഓടി.
അവന്‍ വരണേനുള്ളില്‍ കണ്ണട എടുത്തിട്ടുവരാം എന്ന് കരുതി എഴുന്നേറ്റു മേയ്ക്കപ്പ് റൂമിലേക്ക് നടക്കവേ അസിസ്റ്റന്റ് ചെക്കന്റെ ശബ്ദം സാവിത്രിയുടെ കാതിലെത്തി.
'സാവിത്രിഅമ്മ കഥാപാത്രത്തെപ്പറ്റി ചോദിക്കുന്നു ,എന്ത് പറയണം?'
'ഇന്ന് ഇനി വര്‍ക്കില്ല എന്ന് പറഞ്ഞേക്ക്', പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മറുപടി.
'ഇത്രയും ദൂരേന്ന് വരുത്തീട്ട്?'
'നീ സിനിമയെപ്പറ്റി എന്തെല്ലാം പഠിക്കാന്‍ കിടക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതൊന്നുമല്ല സിനിമാന്ന് ഇനിയും മനസ്സിലായില്ലേ? സിനിമേല് ഒരിക്കലും മാറാത്ത ചില വിശ്വാസപ്രമാണങ്ങളുണ്ട്. അതിലൊന്ന് പെശക് ടീമിനെ വച്ചേ സിനിമയില്‍ ആദ്യ ഷോട്ട് എടുക്കത്തുള്ളൂ എന്നതാണ്.'
'വേശ്യ സിനിമ പൂജേനയും ശോഭനം', മേയ്ക്കപ്പ്മാന്‍ കൂട്ടിച്ചേര്‍ത്തു.
'ഇവിടെ അടുത്തുള്ള എത്ര എണ്ണത്തിന്റെ പേര് പറഞ്ഞതാ. കേക്കണ്ടേ. റോളില്ലെങ്കിലും ഒരു ഫൂള്‍ സിനിമേടെ പേയ്മെന്റ് കൊടുത്തു പൂജയ്ക്ക് കൊണ്ടുവരണംന്ന് അച്ഛന്‍ സംവിധായകന്‍. ഇവരെ വച്ച് പൂജാ ഷോട്ട് എടുത്താല്‍ പടം സൂപ്പര്‍ ഹിറ്റാവുമെന്ന് ഒരു വിശ്വാസം. നീ ചെന്ന് എന്തെങ്കിലും സൂത്രം പറഞ്ഞ് അവരെ തിരിച്ചയക്ക്. എനിക്ക് അവരുടെ മുഖത്ത് നോക്കി കള്ളം പറയാന്‍ ബുദ്ധിമുട്ടാ. ഞങ്ങള് പഴയ പരിചയക്കാരാ,' അയാളൊന്ന് അര്‍ത്ഥം വെച്ച് ചിരിച്ചു.
സാവിത്രി തിരിഞ്ഞു നടന്നു. ക്യാഷറുടെ അടുത്ത് ചെന്ന് ഫുള്‍ പേയ്മെന്റ് ചോദിച്ച് വാങ്ങി വൗച്ചര്‍ ഒപ്പിട്ട് കൊടുത്തു. പ്രഭാകരന്‍ വണ്ടിയുടെ അടുത്ത് തന്നെ നിപ്പുണ്ട്. ആന്റോ പുറകെ ഓടി വന്നു.
'അമ്മേടെ റോള് തീര്‍ന്നു, ഇനി ഡബ്ബിങ്ങ് തുടങ്ങി വയ്ക്കാന്‍ വന്നാ മതീന്നാ പറഞ്ഞേ. ഞാന്‍ നീതുവിന്റെ കാര്യം ചോദിച്ചു. കൊണ്ട് വന്ന് കാണിക്കാന്‍ പറഞ്ഞിട്ടുണ്ട്. കാശെന്തിയേ?'
സാവിത്രി വണ്ടിയില്‍ കയറി കതകടച്ചു.
'പ്രഭാകരാ, പോവാം'
'ആന്റോ സാറ്?'
'എനിക്ക് ഒറ്റയ്ക്ക് ഒരിടം വരെ പോകാനുണ്ട്.'
വണ്ടി സ്പീഡെടുത്തു. ആന്റോ ബഹളം വച്ച് പിന്നാലെ പാഞ്ഞു.
'മോനേ'
'എന്താ സാവിത്രി അമ്മേ?'
'സാവിത്രി അമ്മ അല്ല. മേരി. മീനങ്ങാടി മേരി. മേരിക്ക് പോവാനുള്ള ഇടത്തേക്ക് കൊണ്ടു പോകാവോ? ദാ,കാശ്.', കിട്ടിയ പ്രതിഫലം മുഴുവന്‍ മേരി പ്രഭാകരന്റെ നേര്‍ക്ക് നീട്ടി.
'കൈയില് വെച്ചോ. അതിന് ആവശ്യക്കാര് ഒരു പാടൂണ്ടല്ലോ. അമ്മ പോവേണ്ട സ്ഥലം പറഞ്ഞില്ല.'
'നീയല്ലേ പറഞ്ഞത് ഇഷ്ടമൂള്ളോരുടെ മനസ്സ് വായിക്കാന്‍ കഴിയുമെന്ന്'
പ്രഭാകരന്റെ സ്‌കോര്‍പിയോ വ്യാകുലമാതാവിന്റെ കപ്പോളയ്ക്ക് മുമ്പില്‍ വന്നു നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യമായി മേരി മുട്ടുകുത്തി കുരിശ് വരച്ച് മാതാവിനെ വണങ്ങി. അതു നോക്കി കൊണ്ട് കോഴിക്കോട് സാവിത്രി കാറിനരികില്‍ നിന്നു.
അന്നേരം മേരിയുടെ വീട്ടില്‍ നീതുവിനെ കാണാന്‍ തമിഴിലെ ഒരു സിനിമ സംഘം എത്തിയിരുന്നു. നായികയായി സെലക്റ്റ് ചെയ്തിരിക്കുന്നുവെന്നും, പേര് സായൂജ്യ എന്നാക്കണമെന്നും, അടുത്താഴ്ച ഫോട്ടോ ഷൂട്ടിനായി ചെന്നെയില്‍ എത്തിച്ചേരണമെന്നും പറഞ്ഞ് അവര്‍ പടിയിറങ്ങി.
വൈകുന്നേരം സെറ്റില്‍ നിന്ന് ഇരന്ന് വാങ്ങിയ ആയിരം രൂപയുമായി ആന്റോ വീട്ടിലേക്ക് ബസ്സ് കയറി.
പ്രഭാകരന്റെ ഭാര്യ ദത്തെടുത്ത സാവിത്രി എന്ന അമ്മയ്ക്ക് മധുരമില്ലാത്ത ചായയുമായി അടുക്കളയില്‍ നിന്നും പുറത്തേക്ക് വന്നു. രക്തബന്ധമില്ലാത്ത മോനെ നോക്കി മേരി ജീവിതത്തില്‍ ആദ്യമായി ചുമതലകളില്ലാതെ ഇരുന്നു.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍
വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി
കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍
ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍
യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍
മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി
ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍
ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!
മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍
കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ
ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ
അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍
സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍
പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്
എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ