നിഗൂഢ വിവര്‍ത്തനങ്ങള്‍, സോണി ഡിത്ത് എഴുതിയ കവിതകള്‍
വാക്കുല്‍സവത്തില്‍ ഇന്ന് സോണി ഡിത്ത് എഴുതിയ അഞ്ച് കവിതകള്‍
വാക്കുകളുടെ നദിയിലേക്ക് കവിതയുടെ കാലുനീട്ടിയിരിക്കുന്ന ഒരുവളുടെ ആന്തരിക ലോകങ്ങളാണ് സോണി ഡിത്തിന്റെ കവിതകള്‍. വൈയക്തികമാണ് അതിന്റെ ബാഹ്യതലം. എന്നാല്‍, വാക്കുകളുടെ നിറസമൃദ്ധിയുടെ അടരുകള്‍ മാറ്റി, സൂക്ഷ്മ പ്രതലങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ വ്യക്തിപരതയ്ക്കപ്പുറമുള്ള കലക്കങ്ങള്‍ തെളിഞ്ഞുവരുന്നു. അടിത്തട്ടില്‍ മറഞ്ഞുകിടക്കുന്ന പച്ചപ്പിന്റെ ആന്തരിക ലോകങ്ങള്‍ കാണാനാവുന്നു. ഓര്‍മ്മകളും സ്വപ്‌നങ്ങളും അനുഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ആധികളും പെണ്‍മയുടെ വിതാനങ്ങളും വാക്കുകളുടെ മേലുടുപ്പിട്ട് തുളുമ്പി മറിയുന്നതറിയുന്നു. പ്രകൃതിയിലെ സര്‍വ്വ ചരാചരങ്ങളും ചേര്‍ന്നു സൃഷ്ടിക്കുന്ന കവിതയുടെ സിംഫണിയിലേക്ക് സ്‌നാനപ്പെടുന്നു.
കണ്ടുകണ്ടങ്ങിനെ കടന്നുപോകുമ്പോള്‍
ഇലകളില്‍ പൂവിടര്‍പ്പാതികളില്‍
മഞ്ഞുകൊണ്ടു തൊട്ടുപോകുന്നു പുലരി
രാത്രിയുടെ ആലിംഗനത്തില്‍ നിന്നൊരു ശലഭം
അതിന്റെ ചിറകുകള്‍ വിടര്‍ത്തി
നാലിതള്‍ പൂവെന്നപോല്‍
ആകാശത്തേക്ക് വിടരുന്നു
ഒരു ദിവസം
അതിന്റെ പഴംങ്കുപ്പായം
പതുക്കെ വെളിച്ചത്തിലേയ്ക്ക്
വീണ്ടും എടുത്തുടുക്കുന്നു.
മീന്‍മണത്തിന്‍ ചൂണ്ട
മൂക്കില്‍ കൊളുത്തിയൊരു പൂച്ച
പൊട്ടക്കലത്തിന്‍ എളിയില്‍ നിന്നും
പുറത്തേക്ക് മൂരി നിവര്‍ക്കുന്നു.
വെയിലോ അതിന്റെ നിറങ്ങളെ
പൂവിലേയ്ക്കും പുഴുവിലേക്കും
ശലഭത്തിലേയ്ക്കും ഇലകളിലേയ്ക്കും
മണ്ണിലേയ്ക്കും ആകാശത്തിലേയ്ക്കും
വെള്ളത്തിലേയ്ക്കും
ജീവനുള്ളതിലേയ്ക്കും ഇല്ലാത്തതിലേയ്ക്കും
വീതിച്ചു കൊടുക്കുന്നു.
രാത്രി
നിഴലുകള്‍ ശേഖരിക്കുന്ന
ആ പുരാതന കറുത്തപക്ഷിയുടെ
നിവര്‍ത്തിപ്പിടിച്ചോരാ
മുഴുത്ത ചിറകുകള്‍ .
സൂര്യനോ
തന്റെ കുഞ്ഞുങ്ങളെ
തിരഞ്ഞു വരുന്നൊരു
കടല്‍ക്കിഴവനായ രാജാവ്,
ഋതുക്കളുടെ കിരീടം തുന്നിനടക്കും
ദൈവത്തിന്റെ തുന്നല്‍ക്കാരന്‍.
ഭൂമിയുടെ
നെഞ്ചിനുള്ളില്‍ നിറയെ
തീയുടെയും വെള്ളത്തിന്റെയും
മിടിപ്പുകള്‍.
ജീവനുകളുറങ്ങുന്നതിന്റെയും
ഉണരുന്നതിന്റെയും
നിശ്ശബ്ദമായ ശബ്ദങ്ങള്‍
ഉടല്‍പ്പുറം നിറയെ
പ്രിയന്‍ ചുംബിച്ച പല പല കാലങ്ങള്‍!
മനുഷ്യനോ,
പോകെപ്പോകെ
അവനവന്‍ ഭൂഗണ്ഡങ്ങളില്‍ നിന്നും
മനുഷ്യഗന്ധവുമായ് കാണാതായെവിടെയോ
ഉറഞ്ഞുപോയൊരു കപ്പലിന്റെ
നിഴലായിരുന്നു.
ഒരു തുള്ളി വെളിച്ചം വീഴുമ്പോള്‍
ആകെ കത്തിപ്പോകുന്നു ഇരുട്ട്,
നഗ്‌നരാകുന്നു
മരങ്ങള്‍ മലകള്‍
കിളികള്‍
പുഴകള്‍ പുല്‍മേടുകള്‍ പിന്നെ
ഉടുപ്പിട്ട മനുഷ്യര്‍.
കാണാതാകുന്നു,
ചന്ദ്രവൃത്തം, നക്ഷത്രപ്പുള്ളികള്‍
ഉം ഉം മൂളിമൂളിപ്പറക്കും പക്ഷികള്‍
പുറകിലൊരുതുള്ളി വെളിച്ചത്തിന്‍
പച്ചയൊട്ടിച്ചു പറക്കും, വിളക്കുകളെ,
പിന്നെയോ
പകല്‍ കറുത്തുപോയതില്‍
ഉറക്കി കിടത്തിയിരുന്നോരാ
ജീവനുള്ളതിന്‍ ഉറക്കങ്ങളെ.
ഒരാകാശത്തിനു കീഴെ
പല പല ഇരുട്ടുകള്‍
ഇരുട്ടുകളില്‍ നിറയെ
പതിയെപ്പടരുന്നു വിരിയുന്നു
വെളിച്ചമെന്നു നാം പേരിട്ട
എന്തോ ഒന്നിന്റെയുടല്‍,
അതില്‍
നീണ്ടു നീണ്ടും ചുരുങ്ങിയും
ഇടയിലൊന്ന് കാണാതായും
കനക്കുന്നു
നിഴലെന്നു നാം മാറ്റിവിളിച്ചൊരതിന്‍
ഇരട്ട ഭാഷ.
സൂര്യന്‍ കുനിഞ്ഞു നിവരുമ്പോള്‍
ഭൂമിയുരുളുമ്പോള്‍
കാലലിപികള്‍ മാറിമാറി
നിറയുന്നു
വരളുന്നു
ഭൂപടത്തിലെ ഒരു ഭൂമിയില്‍
ചിറകടിക്കുന്ന കടല്‍ക്കാക്കകളെയും
മനുഷ്യന് കാപ്പിക്കപ്പുകളെയും മണക്കുന്ന
വിശക്കുന്ന മഞ്ഞുകാലം
വരണ്ടൂതുന്ന ചൂളംവിളികളില്‍
കരിയില വര്‍ത്തമാനങ്ങളുമായി
സ്വയം ചുടുന്ന വേനല്‍ക്കാടുകള്‍.
അതില്‍,
വെന്തു വെന്തു മറിഞ്ഞും തിരിഞ്ഞും
വിണ്ടുപോകുന്ന ഇരകള്‍ ഇടങ്ങള്‍.
പുല്‍കളില്‍ പച്ചകളില്‍
പൂക്കളേയും പൂമ്പാറ്റകളെയും
കിളികളെയും നിറയ്ക്കുന്ന
വസന്തത്തിന്റെ ചെങ്കോല്‍ .
മുറ്റം നിറയെ പുഴ തരുന്ന
വര്‍ഷാകാശം
ഒരു കാലത്തിനിങ്ങനെ മറുകാലം
വച്ചുമാറ്റിത്തരുന്നു നിരന്തരം
ഒരജ്ഞാതസഞ്ചാരിയുടെയാ
മാന്ത്രികച്ചീട്ടുകള്‍.
നാമപ്പോഴും
ഓരോരോ ജീവിതങ്ങളില്‍
പറ്റിപ്പിടിച്ചിരിക്കുന്ന
മനുഷ്യനെന്ന് സ്വയം പേരിട്ട
ഏതോ പരാദജീവികളുടെ
രണ്ടുകാലുള്ള
വിവര്‍ത്തനങ്ങള്‍!
എന്റെയും നിന്റെയും ജീവിതാന്വേഷണ പരീക്ഷകള്‍
കൗമാരം വയല്‍ക്കുരുവി പോലെ വിരുന്നു വന്നു പോകുന്നു
യൗവനം ഒരു നീര്‍ത്തുള്ളിയില്‍ വെയിലിന്റെ ചുംബനംകൊണ്ട
മഴവില്ലിന്റെ ചിരിപോലെ കടന്നുപോകുന്നു.
വാര്‍ദ്ധക്യം ഒച്ചിഴയുന്ന ഒച്ചപോലെ കാലത്തെ മുറിച്ചു കടക്കുന്നു.
മനുഷ്യര്‍ ,
നിന്നിടം നടന്നിടം
കരഞ്ഞിടം ചിരിച്ചിടം
ഇരുന്നിടം കിടന്നിടം
ഒന്നുമൊന്നുമേ സ്വന്തമില്ലാത്തവര്‍!
നോക്കൂ
ഒരമ്മ പകലിനെ തൂത്തും തുടച്ചും മിനുക്കുന്നു
ഒരച്ഛന്‍ രാവിനെ ഊതിയൂതി ഉടലുലയ്ക്കുന്നു .
എങ്ങുമെത്താതെ അവര്‍ പിന്നെയും
മാറിമാറിയുമൊരുമിച്ചും എത്രയെത്ര രാപ്പകലുകളെ
തേവി നനച്ചുകൊണ്ടേയിരിക്കുന്നു.
എങ്കിലും,
ജീവിതം, പിന്നെയും പിന്നെയും
തീപിടിക്കുന്ന കാടാകുന്നു,
ഉള്ളുവെന്തുലയുന്നു പച്ചമരങ്ങള്‍,
ചിതറിയോടുന്നു കുഞ്ഞനക്കങ്ങള്‍
തീ തിന്നുപോകുന്നു ചിറകുകള്‍ ചുവടുകള്‍.
കരിഞ്ഞ കറുപ്പില്‍ നിന്നും കാറ്റ് തന്റെ ചുരുട്ടില്‍
വേവുമണത്തിന്റെ വിഷാദം നിറക്കുന്നു .
കല്ലിലും പൊന്നിലും പഞ്ചലോഹത്തിലും
ദൈവമപ്പോള്‍ മിണ്ടാതിരിക്കുന്നു.
ദൈവങ്ങളെ പാലൂട്ടിയും ചോരയൂട്ടിയും
വിശന്നിരിക്കുന്നു മനുഷ്യര്‍ .
പാപവും പുണ്യവും വേര്‍തിരിക്കുവാനറിയാത്ത
കുഞ്ഞുങ്ങള്‍ ബാക്കിയാകുന്നു .
മനുഷ്യനെന്ന മതം ഇടയിലാരാരോ
മോഷ്ടിച്ചുകൊണ്ട് പോകുന്നു !
ഓരോ നാല്‍ക്കവലകളിലും
മുളച്ചു പൊങ്ങുന്നു പിന്നെയും,
കണ്ണ് കാണാത്ത ദൈവങ്ങള്‍
വീടില്ലാത്തവനും വയറുനിറയാത്തവനും മുന്നില്‍
തന്റെയാ കാണിക്കവഞ്ചി നീട്ടുന്നു !
കാലത്തിന്റെ ഈര്‍ച്ചവാള്‍ മൂര്‍ച്ചകള്‍ക്കിടയില്‍
ജീവിതം എന്നെയും നിന്നെയും രണ്ടായ്പ്പിളര്‍ക്കുന്നു
രാകിയും ചീവിയും രൂപംമാറ്റുന്നു ,
നോക്കൂ ,
ജീവനില്ലാത്തവയെന്നു തോന്നിക്കാത്തവണ്ണം
എത്ര അനായാസം
നമ്മളെ കൊന്നുകളഞ്ഞിരിക്കുന്നെന്ന്!
ഇപ്പോള്‍ ഞാനില്ല നീയില്ല
മരിച്ചവരുടെ വീട്ടിലെ
പുഴുക്കള്‍ക്കുള്ള വിരുന്നുമേശ മാത്രം
ചുമന്നു നടക്കുന്നവരെന്നോര്‍ക്കുമ്പോള്‍
എന്റെ ചിരിയൊരെണ്ണം,
ബോധോദയത്തിന്റെ വിത്തുമായി പൊട്ടിച്ചിതറുന്നു.
ബാല്യ കൗമാര യൗവന വാര്‍ദ്ധക്യമേ
(ഒറ്റവാക്കില്‍, ജീവിതമേ),
നീയിനിയൊരു ബോധിവൃക്ഷമാവുക
മനുഷ്യമണമുള്ളൊരു കാറ്റ് വീശുക!
നിഗൂഢ വിവര്‍ത്തനങ്ങള്‍
(1)
പൂവിനെ ധ്യാനിക്കും മൊട്ടിനെയൊരുവന്‍
ചിറകുകൂമ്പിയ ശലഭമെന്ന് വിളിക്കുന്നു.
പ്യൂപ്പയുടെ അരുമയെ
രണ്ടിതള്‍ പൂവെന്ന് ഓര്‍ത്തുവയ്ക്കുന്നു.
ധ്യാനത്തില്‍ നിന്നും ഉണരുന്ന ഒന്നിന്
അകംപുറം പല പേരുള്ള അങ്കിയുണ്ടെന്നൊരാള്‍
കണ്ടുപിടിക്കുന്നു.
(2)
എത്ര ഓടിയിട്ടും ഒളിച്ചിട്ടും
കൂടെയുണ്ടാകും ഓരോ നിഴലെന്ന്
കിതച്ചുകൊണ്ട് നാം കണ്ടെത്തുന്നു.
കടലില്‍ ഒളിച്ചാല്‍ ഒരു രാത്രിയായും,
ആകാശത്തൊളിച്ചാല്‍ മരങ്ങളായും മനുഷ്യരായും
മൃഗങ്ങളായും പക്ഷികളായും അത് കൂടെയുണ്ടെന്ന്
ബോധത്തിന്റെ ഉച്ചിയില്‍
ഉച്ചത്തിലൊരു സൂര്യനുദിക്കുന്നു.
(3)
മരിച്ച് തീരുംവരെ
ജീവിതം ഭക്ഷിച്ച് ജീവിച്ചിരിക്കുവാന്‍
ആത്മാവ് ഒരു ശരീരത്തെ തിരഞ്ഞെടുക്കുന്നു.
മരണം
അതിന്റെ പ്യൂപ്പ പൊട്ടിച്ച് പുറത്തേക്ക് പറക്കുന്ന
ഒരു കടുംനീല ശലഭമാണ്.
ചെമ്പരത്തിഭാഷകള്‍
ഒരു മഴയ്ക്ക് മുന്‍പേ
ഇഷ്ടത്തിന്റെ ജാലകം നിന്നെ
ഇളവെയില്‍ കൊണ്ട് തെളിച്ചു വരച്ചുവയ്ക്കുന്നു .
നിറഞ്ഞ ഒരു മന്ദഹാസത്താല്‍ മഴയതിനെ
ജലച്ഛായയില്‍ മാറ്റി വരയ്ക്കുന്നു,
പിന്നെ മായ്ച്ചു കളയുന്നു.
ചുവന്ന പൂക്കള്‍നിറച്ചൊരു മരംപെയ്യുന്നതിനു കീഴെ
ഞാനത് കണ്ടുനില്‍ക്കുന്നു .
വേര്‍പിരിയുമ്പോള്‍
നമ്മിലേക്ക് ദീര്‍ഘസന്ദര്‍ശനത്തിനു വരുന്ന വേദനയെ
സ്വീകരിക്കുവാന്‍ ആകാത്തതിനാല്‍
നിന്നെ ഇഷ്ടമില്ലെന്നൊറ്റ വാക്കിനാല്‍ ഞാനെന്റെ
വാതില്‍ വലിച്ചടക്കുന്നു .
ദാഹം കൊണ്ട് പൊറുതിമുട്ടുന്ന ഒരു
കാലത്തെ ഓര്‍ത്തു ഞാന്‍
പൂക്കളോ പുല്‍മണമോ ഇല്ലാതെ
ശൂന്യമാക്കി വക്കുന്നു എന്റെ മുറ്റം,
സ്വപ്നം തെളിഞ്ഞൊരു കിണര്‍ മാത്രമതില്‍
ബാക്കിവക്കുന്നു.
ലോകത്തിന്റെ പണിപ്പുരകള്‍
നാണയപ്പെരുക്കങ്ങള്‍ കാണിച്ചെന്നെ
ബന്ധനസ്ഥനാക്കും എന്നതിനാല്‍
മേല്‍ക്കൂരയില്ലാത്ത ഒന്നിലേയ്ക്ക് ഞാനെന്റെ
സ്വപ്നങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിക്കുന്നു .
ആകാശത്തെ
അതിന്റെയിളം നീല ഭാഷയെ
അത്രമേല്‍ സ്‌നേഹിക്കയാല്‍
എന്നെച്ചുറ്റിയ ചുമര്‍ നിറയെ
നീലവാക്കിനാല്‍ ആകാശമെന്നെഴുതി
കൈ വിരിച്ചിതാ അതില്‍, ചേര്‍ന്ന് നില്‍ക്കുന്നു .
ഞാനെന്നില്‍ തന്നെ ദരിദ്രനും സമ്പന്നനുമാകയാല്‍
എനിക്കെന്നോടുള്ള സ്‌നേഹത്തെയിതാ
പണയം വക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്നു .
ചെമ്പരത്തി വീഞ്ഞിനാല്‍ ,
നിറയുകയും ഒഴിയുകയും ചെയ്യുന്നെന്റെ പാനപാത്രം ,
എന്റെ ഏകാന്തതയുടെ വേനല്‍ കനക്കുമ്പോള്‍
നിന്നെയോര്‍ക്കുന്നു ,
ആ നിമിഷത്തിലേയ്ക്ക് മഴചാറുന്നു
വെയില്‍ ചാറുന്നു, പപ്പാതി.
അതിന്റെയപൂര്‍വ്വ ഗന്ധത്തിലെന്നെയും
നിന്നെയും മറന്നുപോകുന്നു .
മഴയതിന്റെ അതിപുരാതന ഗോത്രഭാഷകൊണ്ട്
എനിക്കുചുറ്റും ഉന്മാദനൃത്തം ചെയ്യുന്നു
ഞാന്‍ ആകാശത്തിന്റെ ഏക്താരയുടെ
ഒറ്റക്കമ്പിയായ് മാറുന്നു.
മറുകടയാളം
പ്രണയവും വിഷാദവും നട്ടുവളര്‍ത്തുന്ന
അതിരുകളാണെന്റെ രാജ്യം
വിരുന്നുകാരെപ്പോലെയോ വേട്ടക്കാരെപ്പോലെയോ
നിങ്ങള്‍ വരിക
കവിതകള്‍ പകര്‍ന്നു വയ്ക്കുന്നു ചുറ്റും
രുചിച്ചും കൊള്ളയടിച്ചും കടന്നുപോകുക.
ഒരു തണുത്ത ചില്ലുപാത്രം പോലെ
ഞാനിരിക്കുന്നു
ഉടഞ്ഞുപോകും മുന്‍പേ
ഒരു ശലഭം എന്നെ ചുംബിക്കട്ടെ
പൂക്കളുടെ ഭാഷകൊണ്ട് എന്നെ
തൊട്ടുപോകട്ടെ .
ജീവിതം കൊത്തി കൊത്തി മൂര്‍ച്ചപോയ ഒരു
ഉളിയായിരുന്നു എന്റെ ചങ്ങാതി.
രഹസ്യമോ പരസ്യമോ എന്നറിയില്ല
ഉള്ളു കാണുന്ന ഒന്നായിരുന്നു ഞാനെന്ന്
ഒരിക്കല്‍ വന്നുപോയ
ചുവന്നഭാഷയുള്ള വീഞ്ഞ്
സാക്ഷ്യപ്പെടുത്തിയിരുന്നു .
സന്തോഷത്തേയും സങ്കടത്തെയും
ഒരേ വാതിലിലൂടെ ഞാന്‍ സ്വീകരിച്ചു .
ദാഹിക്കുമ്പോള്‍
ഞാനെന്റെ ഉള്ളില്‍ ആകാശത്തെ സ്വീകരിക്കും
കാറ്റിനെയും വെളിച്ചത്തെയും നിറച്ചു വക്കും .
ഒരു നിറവും സ്വന്തമായിരുന്നില്ല
ഒരു രുചിക്കും എന്നില്‍ പേരിട്ടിരുന്നില്ല .
നിറയുമ്പോഴും ഒഴിയുമ്പോഴും
ആകൃതി മാറാതെ ഇരിക്കുന്ന ഒന്നായി മാത്രം
എന്റെയീ തോടിരിക്കുന്നു .
ഒരിക്കല്‍ ഒരു ചെറുകിളിയുടെ
കാല്‍നഖം കോറിയിട്ട ഒരടയാളമെയുള്ളൂ
ഒരു മറുകുപോല്‍
എനിക്കെന്നെ
അടയാളം കാണിക്കുവാന്‍.