മരിച്ചവര്‍ തിരിച്ചുവന്ന ഒരു വെളുപ്പാങ്കാലം, കളത്തറ ഗോപന്‍ എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ കളത്തറ ഗോപന്‍ എഴുതിയ അഞ്ച് കവിതകള്‍.
 

Literature festival Five poems by Kalathara Gopan

പരിണാമചക്രങ്ങളാല്‍ അടര്‍ന്നുപോവാത്ത പ്രകൃതിയുടെ പ്രാക്തനമായ ഒരിഴ വീണുകിടക്കുന്നുണ്ട് കളത്തറ ഗോപന്റെ കവിതകളില്‍.  പുതിയ കാലത്തിന്റെ കവിതയാവുമ്പോഴും അത് മരിച്ചടര്‍ന്നുപോയ കാലങ്ങളുമായി ചാര്‍ച്ച പുലര്‍ത്തുന്നു. ഇപ്പോഴില്ലാത്ത നക്ഷത്രദീപ്തിയില്‍ സ്വയം കാണുന്നു. പ്രാചീനമായൊരു നിലാവുണ്ട് ആ കവിതകളുടെ ആകാശത്ത്. അതിനു താഴെ ആദിമ ജീവിതം. പക്ഷികളും മൃഗങ്ങളും ഷഡ്പദങ്ങളും കടലും പുഴയും കാറ്റും ആകാശവും മണ്ണുമെല്ലാം അതാതിന്റെ ഇടങ്ങളില്‍. മൃഗശാലയില്‍ മാത്രം മൃഗങ്ങളെ കാണാന്‍ യോഗമുള്ളൊരു കാലത്തില്‍നിന്ന് ഗോപന്റെ കവിത ഇടയ്ക്കിടെ ചെന്നുപോരുന്ന ഇടമാണത്. അതിനാലാണ് ഗോപന്റെ കവിതയിലെ കുരങ്ങിന് 'രോമക്കുപ്പായം അഴിച്ചുവെച്ചിട്ടും മരങ്ങള്‍ കാണുമ്പോള്‍ എന്തോ ഒരിത് ' തോന്നുന്നത്. ചുംബനതീവ്രതയിലും ഇണയിലൊരു ചെടിയെ കാണാനാവുന്നത്. 'ഏത് ബോധിവൃക്ഷച്ചുവട്ടിലും ഒരു ബുദ്ധനിപ്പോഴു'മിരിപ്പുണ്ടെന്ന് തിരിച്ചറിയാനാവുന്നത്.  

പുതുജീവിതത്തിന്റെ ആലക്തികപ്രഭകളാല്‍ കണ്ണുമഞ്ഞളിച്ചുപോവുന്ന നമ്മുടെ കാലത്തിന്റെ കണ്ണില്‍പ്പിടിക്കാത്ത, സൗമ്യവും നിശ്ശബ്ദവും ധ്യാനസാന്ദ്രവുമായ അപരലോകത്തിലൂടെ ചെയ്യുന്ന നിത്യയാത്രകളാണ് ഗോപന്റെ കവിതകളെ നിര്‍ണയിക്കുന്നത്. അതാണ് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആധികള്‍ ആ കവിതകളില്‍ അടിവേരാഴ്ത്തുന്നത്. മരിച്ചവരും മരിച്ച കാലവും തല പുറത്തേക്കിട്ട് ഞാനിവിടെ ഉണ്ടേ എന്ന് വിളിച്ചുപറയുന്നത്. കൂട്ടത്തിലുണ്ടെന്ന തോന്നലുണ്ടാക്കുമ്പോഴും ഒറ്റയ്ക്കു നടക്കുന്ന കവിതയാണ് ഗോപന്‍േറത്. അധികമാരും കാണാത്തത് കണ്ടും, കേള്‍ക്കാത്തത് കേട്ടും മണക്കാത്തത് മണത്തും ഉന്‍മാദത്തിനും പ്രായോഗിക ജീവിതത്തിനുമിടയില്‍, സാധാരണ മട്ടില്‍ അതു നടന്നുപോവുന്നു. പറഞ്ഞുപറഞ്ഞു പഴകിയ കല്‍പ്പനകള്‍ക്കു പോലും അവിടെ ചിന്തയുടെ കനമുണ്ട്. ദാര്‍ശനികമായ പശ്ചാത്തലമുണ്ട്. പുറമേ കാണുന്ന ഈ സാധാരണത്വം തന്നെയാവും, ആഴങ്ങളിലേക്ക് പോവാതെ കവിതയ്ക്കു മാര്‍ക്കിടുന്നവരുടെ നോട്ടങ്ങളെ വഴിതെറ്റിക്കുന്നത്.

 

Literature festival Five poems by Kalathara Gopan

 

....................................

Read more: ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍
....................................

 

കളഞ്ഞുകിട്ടിയ ബുദ്ധന്‍ 

ഏതോ ദേശത്ത്
കുറച്ചാളുകള്‍ക്ക് ബുദ്ധനെ
കളഞ്ഞുകിട്ടി.

നിധി കിട്ടിയ സന്തോഷത്തോടെ
ഇന്നങ്ങിയും പിണങ്ങിയും
അവരതു പങ്കിട്ടു.
സ്ത്രീകള്‍, പ്രത്യേകിച്ചും
അമ്മമാര്‍ അവന്റെ കണ്ണുകളില്‍ നിന്ന്
കരുണ ആവോളം ഊറ്റിയെടുത്തു.

കുഞ്ഞങ്ങള്‍ അവന്റെ ചിരി
ഞാനാദ്യം ഞാനാദ്യമെന്ന രീതിയില്‍
ചുണ്ടിലാക്കി.

ബുദ്ധിജീവികള്‍ പ്രകാശവലയം
എങ്ങനെ തങ്ങളുടെ തലയ്ക്കു വെളിയില്‍
ഉദിപ്പിക്കുമെന്നായി.

അധ്യാപകര്‍ അവന്റെ നാവിനും
പല്ലിനും ചുണ്ടിനും വഴക്കിട്ടു,

ചെറുപ്പക്കാര്‍ ബുദ്ധന്റ മൊട്ടത്തല
ഫുട്‌ബോളിന് പറ്റിയതാണെന്ന്
ഊറ്റം കൊണ്ടു.

കള്ളന്മാരും കൊള്ളക്കാരും
അവന്റെയടുക്കല്‍ പോയി,
അംഗുലിമാലനെ ഓര്‍ത്തപ്പോള്‍
അവരല്ലാതാകാന്‍ വിസമ്മതിച്ചു.

പക്ഷേ, ബുദ്ധന്‍
ചന്ദ്രനിലിരുന്ന് മുയലായി ചിരിച്ചു.
ആ വെളിച്ചത്തില്‍, കാട്ടില്‍
ഒരു സിംഹം മുയലിനെ ഓടിക്കുകയായിരുന്നു.
മുയല്‍ കുതിച്ച് ഒരു കാട്ടുപൊന്തയില്‍ ഒളിച്ചു.
സിംഹം കിണറില്‍ നോക്കി.
തന്നെപ്പോലൊരുവന്‍, പിന്നെ അമാന്തിച്ചില്ല
ഇവിടെ ഒരുത്തന്‍ മതി.
കിണറിലേക്ക് എടുത്തു ചാടി.

നമ്മള്‍ ബുദ്ധനെക്കുറിച്ച്
നോവലും കവിതകളുമെഴുതി
ബുദ്ധത്വമല്ലാത്ത ജീവിതം നയിക്കുമ്പൊഴും
ചന്ദ്രനില്‍ നിന്നിറങ്ങി വന്ന
ബുദ്ധന്‍ ഏത് ബോധിവൃക്ഷ ചുവട്ടിലുമുണ്ട്.
അവന്റെ ബോധോദയം 
അവസാനിക്കുന്നേയില്ല.

 

....................................

Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
....................................

 

ഒരേ പോലെ 

ഒരിടത്ത് എല്ലാമൊന്നുപോലെ
മഴ പെയ്താല്‍ അവിടെയെല്ലാം
ഒരു പോലെ വെള്ളം.
വെയില്‍,വെയിലിന്റ നിഴലും ഒരേ പോലെ
സന്ധ്യയുടെ നിറവും.

മരങ്ങള്‍, മറ്റു ജീവികള്‍
എല്ലാമൊരുപോലെ
കാറ്റു വീശിയാല്‍ ,ഒരു മരത്തില്‍ നിന്ന്
ഇലകള്‍ വീണാല്‍
മറ്റു മരത്തില്‍ നിന്നും അതുപോലെ
ഇലകള്‍ പൊഴിയും.

പുലരിയില്‍ ഒരു പൂവില്‍ മഞ്ഞുകണമുണ്ടെങ്കില്‍
അതേ പോലെ മറ്റു പൂക്കളിലും
മണം ഒന്നിലെങ്ങനെയോ അങ്ങനെ,
മറ്റുള്ളതിലും.
ശലഭങ്ങള്‍ ഒരേ നിറത്തിലും.

ഒരേ പോലെ തേന്‍ നുകരുന്നതിലും
കിളികളൊക്കെ
ഒരേ പോലെ പറന്നു
ഒരേ പോലെ ഇര തേടി
ഒരപോലെ മരച്ചില്ലയിലിരുന്നു
ഒരേ പോലെ ചിലച്ചു.
ഒരേ പോലെ കൂടുണ്ടാക്കി
ഒരേ പോലെ അടയിരുന്നു.
ഒരേ പോലെ കുഞ്ഞുങ്ങള്‍ വിരിഞ്ഞു
ചിറകു മുളച്ചു പറന്നു.
ഒരു പുഴയിലെത്ര വെള്ളമുണ്ടോ
അത്രയും വെള്ളവുമൊഴുക്കുമുണ്ട്
മറ്റേ പുഴയിലും.

ഒരു പ്ലാവില്‍ എത്ര ചക്കയുണ്ടോ ,
അതിന്റെ ആകൃതിയെങ്ങനെയാണോ
അങ്ങനെ മറ്റേ പ്ലാവിലും, രുചിയിലും.
ആള്‍ക്കാരെന്നോ ഒച്ചുകളെന്നോ
ഉറുമ്പുകളെന്നോ, കോഴികളെന്നോ
ചിലന്തികളെന്നോ പശുവെന്നോ
ആടുകളെന്നോ ഏതുമായി കൊള്ളട്ടെ
എല്ലാം നിറത്തിലും വലുപ്പത്തിലും
സ്വഭാവത്തിലും ഒരുപോലെ തന്നെ.

ആള്‍ക്കാര്‍ക്കിത് മടുപ്പായി
വല്ലാത്ത ഇടങ്ങേറായി

ഒരുവന്‍/ഒരുവള്‍ എങ്ങനെയാണോ 
നടക്കുന്നത്, ഇരിക്കുന്നത്, കിടക്കുന്നത് ,
സംസാരിക്കുന്നത് എന്നു വേണ്ട
കരയുമ്പോള്‍ ഉതിരുന്ന
കണ്ണീര്‍ തുള്ളി വരെ ഒരേപോലെ.
എപ്പോഴും രാത്രിയായിരുന്നങ്കിലെന്ന് 
വല്ലാതെ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും 
അവരെല്ലാവരും
ഒരേ പോലിരിക്കുന്നു.

 

....................................

Read more: വെയില്‍, സുജീഷ് എഴുതിയ കവിതകള്‍
....................................

 

ഇരുട്ടെന്നോ വെളിച്ചമെന്നോ തീര്‍ച്ചയില്ലാത്ത ഒരാള്‍ 

രാത്രിയെന്നോ
പകലെന്നോ നിശ്ചയമില്ലാത്തൊരാള്‍ക്ക്
രാത്രി പത്തു മണിയായപ്പോള്‍
ഓഫീസില്‍ പോകണമെന്ന് തോന്നി.

പ്രഭാതകൃത്യങ്ങളെന്നോ
രാത്രി കൃത്യങ്ങളെന്നോ
തീര്‍ച്ചയില്ലാത്ത ചില കൃത്യങ്ങള്‍ ചെയ്ത്
പോകാന്‍ തുടങ്ങി.

റോഡില്‍ വെളിച്ചമില്ലാത്തത്,
ആള്‍ക്കാര്‍ കുറഞ്ഞത്,
വണ്ടികളൊന്നും ഓടാത്തത്
ചില സ്ത്രീകള്‍ അവിടെയുമിവിടെയും
നിന്ന് ചിരിക്കുന്നത്
ചെറുപ്പക്കാര്‍ ബൈക്കുകളില്‍
ഭീകര ശബ്ദത്തോടെ ഓടിച്ചു പോകുന്നത്
ഇതൊന്നും അയാളെ തീരെ ബാധിച്ചതേയില്ല.

രാജിയും മരിയയും
അരുണുമൊന്നും ജോലിക്ക് വരാത്തതില്‍,
ആള്‍ക്കാര്‍ ക്യൂവായ് വന്നു നിലക്കാത്തതിലൊന്നും
ഒരസ്വഭാവികതയും അയാള്‍ക്ക്
തോന്നിയില്ല.

തെളിഞ്ഞ നിലാവോ
കുറ്റാംകുറ്റിയിരുട്ടോ
രാത്രിയില്‍ മാത്രം വീശുന്ന കാറ്റിന്റെ നനവോ
രാത്രിയില്‍ മാത്രമുണ്ടാകുന്ന മണമോ
അയാളെ ഉലച്ചതേയില്ല.

കൂജയില്‍ നിന്ന് വെള്ളമെടുത്ത്
ഒരു സിഗററ്റ് പാതി വലിച്ചെറിഞ്ഞ്
എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു.

ചിലപ്പോള്‍ അയാള്‍ പകല്‍ മൊത്തം
കിടന്നുറങ്ങും.
കിളികള്‍ ചിലക്കുന്നത്
കാക്ക കരയുന്നത്.
കോഴി കൂകുന്നത്
മൊബൈല്‍ അലറം
സ്‌കൂള്‍, കോളേജ് കുട്ടികള്‍,
ജോലിക്കു പോകുന്ന മനുഷ്യര്‍,
വണ്ടികള്‍, ഒച്ച ,വെയില്‍
എന്നു വേണ്ട പകലാണെന്ന്
തോന്നിപ്പിക്കുന്ന ഒന്നിലും
അയാളുടെ ശ്രദ്ധ ചെന്നതേയില്ല.

എങ്ങനെയാണ് അയാളുടെ
ബോധത്തില്‍ നിന്ന് രാത്രിയും പകലും
പറന്നു പോയത്?

 

....................................

Read more: മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്
....................................

 

മരിച്ചവര്‍ തിരിച്ചുവന്ന ഒരു വെളുപ്പാങ്കാലം 

അതിരാവിലെ മഞ്ഞുമൂടിക്കിടന്ന
പുല്‍പ്പരപ്പില്‍ നിന്നും കുറെ വര്‍ഷങ്ങള്‍ക്കു 
മുന്‍പു മരിച്ചവര്‍ പുറത്തുവന്ന്
തെല്ലമ്പരപ്പോടെ ചുറ്റും നോക്കി.
ഓരോരുത്തരും അവരവരുടെ വീട്ടിലേക്കുള്ള വഴി 
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു,
ചില കാര്യങ്ങളൊഴിച്ച്.
ഒരു ഗൂഗിള്‍ മാപ്പും സഹായിക്കാനുണ്ടായില്ല.

 

ചിലര്‍ക്ക് മൊബൈല്‍ നോക്കിപോകുന്നവനെയും
ബൈക്കില്‍ പോകുന്നവനെയും
തങ്ങള്‍ എവിടെയോ കണ്ടിട്ടുള്ളതുപോലുള്ള
ഒരു ചെറുപരിചയം തള്ളി വന്നു.

വെള്ളത്തിന്റെ തണുപ്പടിച്ചപ്പോള്‍
കൃഷിക്കാരന് തന്റെ കൃഷിയിടം
ഇതായിരിക്കാമെന്ന നേരിയ ഓര്‍മ്മ വന്നു.

കച്ചേരിയില്‍ പോയിരുന്നവന്‍
ഏറെ തിരഞ്ഞെങ്കിലും ഓഫീസ് കണ്ടെത്താനായില്ല.

ബാര്‍ബര്‍ക്ക് ചെറിയ ഓര്‍മ്മ വന്നത്
ഒരു കരപ്രമാണിയുടെ മീശപോയതാണ്.

നെയ്തുകാരന്‍ തന്റെ കാമുകിക്ക് വേണ്ടി
നെയ്തു കൊണ്ടിരുന്ന തുണി പിടിച്ചുപറിച്ചു
കൊണ്ടുപോയതാരെന്നു ഓര്‍ത്തെടക്കുന്ന
തിരക്കിലായിരുന്നു.

കുശവന്‍ കലമുണ്ടാക്കുവാന്‍ മണ്ണെടുക്കുന്ന
വേളയില്‍ അതില്‍ കിളിര്‍ത്തുവന്ന
ചെടി പിഴുത് എവിടെയാണു നട്ടതെന്ന്
കണ്ടെത്തുവാന്‍ പണിപ്പെട്ടു.

ആശാരി താന്‍ പണി ചെയ്തിരുന്ന
വീട്ടില്‍ വച്ചു മറന്ന ഉളിയെവിടെയെന്ന് തിരഞ്ഞുവലഞ്ഞു.

പെണ്ണുങ്ങള്‍ ആരൊടൊപ്പമാണ്
രാത്രിയില്‍ കിടക്കുന്നതെന്നും
പകല്‍ ആര്‍ക്കു വേണ്ടിയാണു പണി -
യെടുക്കുന്നതെന്നും നന്നായി ഓര്‍ത്തു.

ഒരാള്‍ കുടിപള്ളിക്കൂടത്തില്‍ മണലില്‍
'അ' യെന്നെഴുതിയപ്പോള്‍ ചോരപൊടിഞ്ഞത് 
ഇപ്പോഴും വിരലിലുണ്ടോയെന്നു നോക്കി,
ചിലര്‍ ഓണത്തിനു മാത്രം
നെല്ലരിച്ചോറുണ്ട കാര്യം 
ഫാസ്റ്റ് ഫുഡ് കട കണ്ടപ്പോള്‍ ഓര്‍ത്തു,
ആ വകയില്‍ അമ്മമാരെയും 
അമ്മാവന്മാരെയു ംഓര്‍ക്കാനായി.
ഓലമേഞ്ഞ വീട്ടില്‍ മണ്ണെണ്ണ വിളക്ക് 
തട്ടിമറിഞ്ഞ് ചേച്ചിമരിച്ച സങ്കടത്തിലേക്ക്
ഒരുവന്‍ തിരിച്ചുപോയി.

വാഴയിലയില്‍ നിലാവ് വീഴുമ്പോഴുള്ള 
പെണ്ണിനെ പ്രേമിച്ച കുറ്റത്തിന്
നാടുകടത്തിയ നാടിനെയോര്‍മ്മിച്ചൊരുവന്‍
ഈ കാലത്തിലൊരിക്കലുംജീവിക്കാന്‍ 
അര്‍ഹതയില്ലെന്നും ജീവിച്ചിരുന്ന 
അതത് കാലത്ത് മാത്രമേജീവിക്കാന്‍ 
കഴിയുകയുള്ളൂവെന്നും കുണ്ഠിതപ്പെട്ടു.

പിന്നെ, നഗരത്തിലും ഗ്രാമത്തിലും
ഈ കാലത്തിലും പ്രേതങ്ങളായ് 
ജീവിക്കുന്നത് പരമ ബോറാണെന്നും, 
ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചിരിക്കുന്ന
മനുഷ്യരെയാണേറെ ഭയക്കേണ്ടതെന്നും
വിചാരിച്ചിട്ട് ഓരോരുത്തരും വരിവരിയായി
ഇല്ലിത്തോട്ടത്തില്‍ പോയി ഇല്ലികളിലൂടെ 
ഞെങ്ങിഞെരുങ്ങി കാറ്റിന്റെ 
മൂളിപ്പാട്ടിലലിഞ്ഞ് പുഴുക്കളെ ചവിട്ടിമെതിച്ച് 
തിടുക്കത്തില്‍ മണ്ണിലേക്കിറങ്ങി അനങ്ങാതെ കിടന്നു. 

ഇല്ലിക്കൂട്ടം
അതിശക്തമായൊന്നു കുലുങ്ങി.
അവയിലിരുന്ന കിളികള്‍ പറന്നുമാഞ്ഞുപോയി.

 

....................................

Read more: സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
....................................


സൂ 

അമ്മയും അച്ഛനും
അവനും കൂടി വേനലവധിക്ക്
'സൂ'വില്‍ പ്പോയി.

പുലിയെ
കടുവയെ
സിംഹത്തെ
മയിലിനെ 
മാനിനെ
കുരങ്ങനെ
ഹിപ്പാപൊട്ടാമസിനെ
പാമ്പിനെയൊക്കെ കണ്ടു.
അവയുടെ ഫോട്ടോകളും
വീഡിയോകളുമെടുത്തു.

തിരിച്ച് വീട്ടില്‍ വന്ന്
പൂച്ച കുഞ്ഞുങ്ങളെ പിടിച്ച്
കടുവയും പുലിയുമൊക്കെയാക്കി
പട്ടിയെ പിടിച്ച് സിംഹമാക്കി.
എരുമയെ ഹിപ്പോപൊട്ടാമസാക്കി
ആടുകളെയും അതിന്റെ
കുഞ്ഞുങ്ങളെയും മാനുകളാക്കി.
പൂവ്വന്‍ കോഴിയെ മയിലാക്കി.
കുറച്ചു കയറെടുത്ത് പാമ്പാക്കി
കൂട്ടത്തിലൊരുവനെ പിടിച്ച് കുരങ്ങാക്കി.

അവനും കൂട്ടുകാരും
സൂ ഉണ്ടാക്കി കളിച്ചു കൊണ്ടിരിക്കെ
അച്ഛന്‍ ഉച്ചത്തില്‍ ഒച്ചയെടുത്തു.

പൂച്ചകള്‍ പെട്ടെന്ന് പൂച്ചയായി
പട്ടികള്‍ പട്ടികള്‍ മാത്രമായി
ആടും ആട്ടിന്‍കുട്ടികളും
ആടുകള്‍ മാത്രമായി
പൂവ്വന്‍കോഴി പൊടുന്നനെ
ചിക്കന്‍ കറിയായി
കയറുകള്‍ വെറും കയറായി
എരുമകള്‍ ചുമ്മാ എരുമകളായി.

കുരങ്ങനായ കൂട്ടുകാരന്‍ 
വാല് മാറ്റി നോക്കി,
രോമക്കുപ്പായം അഴിച്ചു വച്ചു,
ദേഹം ചൊറിഞ്ഞ്
ഉപ്പുപരല്‍ തിന്നുന്നത് നിറുത്തി.
എങ്കിലും മരങ്ങള്‍ കാണുമ്പോള്‍
അവന് എന്തോരിത്.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios