ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
വാക്കുല്‍സവത്തില്‍ ഇന്ന് പി കെ സുധിയുടെ കഥ. ചാവുകഥക്കെട്ട്.
കഥയാണ് പി കെ സുധിയുടെ ലോകം. കഥകള്‍ക്കുള്ളിലെ കഥകള്‍. കഥ പറച്ചിലിന്റെ അനായാസത തേടിയുള്ള യാത്രകള്‍. ഫിക്ഷന്‍ തോറ്റു പോവുന്ന ജീവിതത്തിന്റെ വൈചിത്ര്യങ്ങള്‍. എഴുത്തു തുടങ്ങിയ കാലം മുതല്‍ കഥ പറച്ചിലിന്റെ താളത്തിലും ഒഴുക്കിലും വീണുപോയൊരാള്‍ ഇപ്പോഴും നില്‍ക്കുന്നത് അതേ എഴുത്തിഷ്ടങ്ങളിലാണ്. നോവലായും നോവലറ്റായും ചെറു കഥകളായും കുട്ടിക്കഥകളായുമെല്ലാം ഉള്ളിനുള്ളിലെ കഥ ഖനനം ചെയ്‌തെടുക്കുകയാണ് ഇപ്പോഴും ഈ എഴുത്തുകാരന്‍. ഏറ്റവും ലളിതമാണ് കഥ പറച്ചിലിന്റെ ആ താളം. അടിത്തട്ടു കാണാവുന്ന പുഴ പോലെ നിര്‍മ്മലം. എന്നാല്‍, പുറത്തു കാണുന്നതിനപ്പുറം കലക്കങ്ങളുണ്ടതിന്. സങ്കീര്‍ണ്ണമായ ചുഴികളുണ്ട്. ഉന്‍മാദങ്ങളും വിഭ്രമങ്ങളുമുണ്ട്. സ്വപ്‌നസമാനമായ ഭ്രമാത്മക ലോകങ്ങള്‍ കാത്തുനില്‍ക്കുന്ന കഥാ വഴികളാണവ.
ഞങ്ങള്‍ പരമ്പരയായി കഥപറച്ചിലുകാരായിരുന്നു. വെറും കഥയല്ല. മരണക്കഥകളായിരുന്നു ഞങ്ങളുടെ കുടുംബക്കാര്‍ കൈകാര്യം ചെയ്തിരുന്നത്. എന്റെ നേരമ്മാമയും അമ്മാവന്റെ അമ്മാമയുമൊക്കെ കൊടികെട്ടിയ കഥാകാരന്‍മാരാായിരുന്നു. ചാവു നടന്ന വീടുകളില്‍ ഞങ്ങളെത്തിയാല്‍ കേള്‍വിക്കാര്‍ കാതുകൂര്‍പ്പിച്ചങ്ങനെ നില്‍ക്കും. ചത്തുമോളില്‍പ്പോയവരുടെ വിവരങ്ങള്‍ ഇത്ര കണിശമായി ഇവരെങ്ങനെ അിറഞ്ഞു? മരണവീടുകളില്‍ പുരുഷാരം ഞങ്ങള്‍ പറയുന്ന പൊരുളറിയാന്‍ ആവേശത്തോടെ വന്നു കൂടുമായിരുന്നു.
അമ്മാവന്റെ മരണത്തോടെയാണ് ഔദ്യോഗികമായി ഞാനീ ജോലി ഏറ്റെടുത്തത്. അതുവരെ അദ്ദേഹത്തിന്റെ പിന്നാലെ നടന്ന് മരണവീടുകളില്‍ എങ്ങനെ പെരുമാറണം, എന്തു പറയാന്‍ പാടില്ല, കഥപറച്ചിലിനുള്ള മുന്നൊരുക്കങ്ങള്‍ എന്തൊക്കെ വേണം എന്നിങ്ങനെ ഞാന്‍ പരിശീലനത്തിലായിരുന്നു. അക്കാലത്ത് അമ്മാമ ശരിക്കും എനിക്ക് വരയിട്ടിരുന്നു. എന്നുവച്ചാല്‍ എന്റെ പ്രവൃത്തികള്‍ക്ക്. ദീപം വയ്ക്കാന്‍ വിളക്കൊരുക്കാം തീപ്പെട്ടിയും കോലും എടുക്കാം. കളത്തില്‍ വയ്ക്കുന്ന കിണ്ടിയുടെ വായ്ക്കുള്ളില്‍ പാഞ്ചി മരത്തിന്റെ തോലുകള്‍ കുത്തി നിര്‍ത്താം. അത്രമാത്രം. അതൊക്കെ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ മാറിനില്‍ക്കണം. ബാക്കിയെല്ലാം അമ്മാമ ചെയ്തോളും. വിളക്ക് കത്തിച്ച് അമ്മാമ പണി തുടങ്ങും.
ആ നാവിലൂടെ ഇറ്റിയിറങ്ങിയ ഓരോ ജീവിത കഥയും വ്യത്യസ്ഥമായിരുന്നു. ഒരിടത്ത് മരിച്ചുപോയ ജീവനെ തോറ്റി അവതരിപ്പിച്ച മട്ടിലാവില്ല അടുത്ത വേദിയില്‍ പറയുന്ന കഥ. അവിടെ പഴയ രീതികളെയൊക്കെ തെറ്റിതെറിപ്പിച്ചു കൊണ്ടാണ് തുടങ്ങുന്നതു തന്നെ. ഞാന്‍ പലതവണ ശ്രമിച്ചു നോക്കിയതാണ്. ഇന്നേതു മട്ടിലാവും അമ്മാമയുടെ പാത്രാവിഷ്‌കരണം? എങ്ങനെയാണ് ഈ വീട്ടില്‍ ചാവുകഥ അവതരിപ്പിക്കാന്‍ പോകുന്നത്? ഒരിക്കലും ഞാന്‍ മനസ്സില്‍ കണ്ടത് ശരിയായിട്ടില്ല. ആരാലും പ്രവചിക്കാന്‍ പറ്റാത്ത രീതിയിലാണ് അമ്മാമ കഥനം തുടങ്ങുക. പഴയ രീതികളൊക്കെ തീര്‍ന്നിട്ടുണ്ടാവില്ലേ! ഇനിയെന്തു പുതുമ വരുത്താനാണ്? ഞാന്‍ ശ്വാസം പിടിച്ച് നിന്നിട്ടുണ്ട്. അമ്മാമയുടെ കഥാത്തുടക്കവും കത്തിക്കയറലും അതണഞ്ഞു വീഴുന്നതുമെല്ലാം അനനുകരണീയവും പ്രവചനാതീതവുമായിരുന്നു. ഇക്കാര്യത്തില്‍ ഒരു മത്സരമുണ്ടായിരുന്നെങ്കില്‍ അതില്‍ മുന്നിലെത്തുക ഞങ്ങളുടെ അമ്മാമ തന്നെയായിരിക്കും. പക്ഷേ അങ്ങനെ കഥ പറച്ചിലുകാര്‍ക്കായി ഒരു ഉത്സവം ഇനിയും നമ്മള്‍ തുടങ്ങിയിട്ടില്ലല്ലോ!
ദഹനം നടന്നതിന്റെ മൂന്നാം നാളിലാണ് മരണവീട്ടിലേയ്ക്ക് ഞങ്ങളിറങ്ങുന്നത്. വെയിലു മൂക്കുന്നതിനു മുന്നേ തന്നെ മരണ വീട്ടിലെലെത്തും. പാടങ്ങളിലും വഴിയിടുക്കുകളും അമ്മാവന്‍ ചാടുന്നതും കാലുവയ്ക്കുന്നതും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. അതേ രീതിയില്‍ തന്നെയാണ് ഞാനും പാദങ്ങള്‍ നീക്കിയിരുന്നത്. എല്ലാറ്റിലും ഒരമ്മാവന്‍ കണിശത വേണമന്ന് എനിക്കും അന്നൊക്കെ വാശിയായിരുന്നു.
.................................................................................................
ആ നാവിലൂടെ ഇറ്റിയിറങ്ങിയ ഓരോ ജീവിത കഥയും വ്യത്യസ്ഥമായിരുന്നു. ഒരിടത്ത് മരിച്ചുപോയ ജീവനെ തോറ്റി അവതരിപ്പിച്ച മട്ടിലാവില്ല അടുത്ത വേദിയില്‍ പറയുന്ന കഥ.
.................................................................................................
എത്ര അപ്രതീക്ഷീതവും അനവസരത്തിലുമുള്ളതായിരുന്നു ആ മരണമെന്നാലും ഞങ്ങളെത്തുമ്പോഴേയ്ക്കും വേര്‍പാടിന്റെ ആഘാതവും സങ്കടവുമൊക്കെ വീട്ടു മുറ്റത്തു നിന്നയഞ്ഞിരിക്കും. മൂന്നു ഉദയാസ്തമയങ്ങള്‍ കടന്നു പോയെങ്കിലും വീട്ടിനുള്ളില്‍ പെണ്ണുങ്ങളൊക്കെ അപ്പോഴും പതച്ച് കിടപ്പുണ്ടാവും. കൂട്ടികളാണ് സങ്കടത്തില്‍ നിന്നും വേഗത്തില്‍ മുക്തരാവുന്നത്. പൊയിക്കൂടിനെടായെന്ന് ആരെങ്കിലും വിലക്കുന്നതുവരെ അവരങ്ങനെ മുറ്റത്തൊക്കെ ഓടിച്ചാടി നടക്കും. ഇതാണ് പ്രതീക്ഷയെന്ന വാക്കിന്റെ ജൈവരൂപം. അടിപറ്റി കിടക്കുന്ന സങ്കടത്തിന്നിടയിലും ചാക്കാല വീടുകളില്‍ ബഹളംകൂട്ടി കളിക്കുന്ന കുഞ്ഞുങ്ങളെ കണ്ട് എനിക്കങ്ങനെ തോന്നിയിട്ടുണ്ട്.
വരിക! വരിക!
നേര്‍ത്ത ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്യാന്‍ വേണ്ട മാനസിക നില ചില ബന്ധുക്കള്‍ അന്നേരത്ത് കൈവരിച്ചിട്ടുണ്ടാവും. സങ്കടം വറ്റിത്തീര്‍ന്ന ഭാവം. വേനലറുതിക്കു മുമ്പ് തേവി വൃത്തിയാക്കിയ കിണറ്റിനുള്ളിലെ പുതുവെള്ളത്തിന്റെ തിളക്കം മാതിരി ഒരു തെളിച്ചം അവരില്‍ പരക്കുന്നുണ്ടാവും.
ഇത്തരത്തിലുള്ള സ്വാഗത വാക്കുകളെ പരേതനെക്കുറിച്ചുള്ള സത്ച്ചരിതം അവതരിപ്പിക്കാനുള്ള അനുവാദമായിക്കണ്ട് അമ്മാവന്‍ തലേക്കെട്ട് അഴിച്ചെടുത്ത് വീശും. വീട്ടുകാര്‍ കൊണ്ടുവച്ച ചൂടുവെള്ളം പതിയെ കുടിച്ചു തുടങ്ങും. ഒന്നും മിണ്ടില്ല. അമ്മാവന്‍ മനസ്സൊരുക്കുന്ന നേരം. ഒരു ജീവിതകഥയുടെ അദൃശ്യമായ വരികളിലൂടെ ആ മനസ്സ് കടന്നുപോകുന്ന നേരമാണ്. ആതിഥേയര്‍ക്ക് മറുപടി കൊടുക്കുന്നതും അവിടെ അവിടെ അത്യാവശ്യം വേണ്ടതൊക്കെ എടുത്തു വയ്ക്കുന്നതും ഞാനാണ്. അന്ത്യഭാഗത്തെ കുറിച്ചാണോ അതോ തുടക്കത്തിനു വേണ്ടിയാണോ അമ്മാമ വാക്കൊരുക്കം നടത്തുന്നത്? അതു മാത്രം എനിക്കിനിയും മനസ്സിലായിട്ടില്ല.
ചൂടുവെള്ളത്തിന്റെ കാര്യത്തില്‍ മാത്രമേ അമ്മാമയ്ക്ക് നിഷ്‌കര്‍ഷയുള്ളു. ഇത്രടം നടന്നുകയറി വരുന്നതല്ലേ! ചൂടായ തൊണ്ടയ്ക്ക് തണുപ്പ് വര്‍ജ്ജ്യം. തണുത്ത വെള്ളം ചെന്നാല്‍ ഒച്ചയില്‍ പിരിവുകളുണ്ടാക്കുമത്രേ! അമ്മാമയുടെ ശാസ്ത്രം അങ്ങനെയാണ്. ഞങ്ങള്‍ പരമ്പരയായി പിന്തുടരുന്ന നിഷ്ഠകളാണ് അതൊക്കെ. അവയെല്ലാം കണ്ണുംപൂട്ടി ഞാനും അനുവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തുടങ്ങട്ടേയെന്ന് അനുവാദം ചോദിച്ച് ഒരു നിമിഷം ദീപം വണങ്ങി അമ്മാമ കണ്ണുകളടച്ചിരിക്കും. ഈ നാടും വീടുകളുമൊക്കെ ഇങ്ങനെ പരിണമിച്ചുണ്ടാകുന്നതിനു മുന്നേ ഞങ്ങളുടെ പരമ്പര ഇതേരീതിയില്‍ തന്നെയായിരുന്നു മരണക്കഥകള്‍ തുടങ്ങിയിരുന്നതെന്ന് എനിക്ക് തോന്നി. അമ്മാമ..അമ്മാമ്മയുടെ മാമാ.. ആമാമയുടെ പിന്നില്‍... നീണ്ടുപോകുന്ന കഥാപരമ്പരയെ എനിക്ക് അന്നേരത്ത് കാണാന്‍ കഴിഞ്ഞു.
നിലാവില്ലാത്ത ഒരു കരിങ്കൂരിരുട്ട് രാത്രി.
വിത്തൊരുക്കലും വിതയും തുടങ്ങേണ്ട കാലമെത്തി...
അങ്ങനെ കൃത്യമായി വാക്കുകള്‍ കൊണ്ട് കേള്‍വിക്കാരുടെയുള്ളില്‍ അമ്മാമ കാലത്തിനും ദിക്കിനും വേണ്ട കളമൊരുക്കും. തുടര്‍ന്നാവും മരിച്ചുപോയ പുരുഷനെക്കുറിച്ച് മന്ത്രിച്ചു തുടങ്ങുക. കഥാപുരുഷന്‍ വാക്കളത്തില്‍ അരയും തലയും മുറുക്കി പോരാടുന്നത് കണ്ണാലേ കണ്ടതായി തോന്നിപ്പോവും. അതാണ് ഞങ്ങളുടെ നാവിന്റെ പുണ്യം.
നാട്ടില്‍ തിന്നാനും കുടിക്കാനുമില്ലാത്ത വറുതിക്കാലത്താണ് പാര്‍വ്വതിപ്പിള്ള അരിപ്പെട്ടകം തുറന്നത്. അന്നേരത്ത് പുറത്തു നിന്നും ഒരു നിലവിളി... . അമ്മാളേ....
മരിച്ചത് പെണ്ണുങ്ങളാണെങ്കില്‍ അവരുടെ ഭൂതദയയില്‍ തൊട്ടാവും അമ്മാമ നീക്കങ്ങള്‍ നടത്തിയിരുന്നത്. അതു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അത് ശ്രോതാക്കളെ ഇരുത്താന്‍ വേണ്ട ഒരടവാണ്. അമ്മാവന്‍ പഴയ കാര്യങ്ങള്‍ കണ്‍കണ്ട മട്ടില്‍ ഉരുവിട്ടു തുടങ്ങുമ്പോള്‍ ഞാന്‍ കേള്‍വിക്കാരുടെ മുഖത്ത് നോക്കും. മരുമോന്‍ കഥാക്കളിയില്‍ അമ്മാമനെക്കാളും കേമനാകും. ചില പെണ്ണുങ്ങള്‍ ചെറുപ്പകാലത്ത് എനിക്ക് കണ്‍സൂചനകള്‍ തന്നിരുന്നു. സത്യത്തില്‍ ആണുങ്ങളെ കുറിച്ചുള്ള കഥനത്തിന് പെണ്ണുങ്ങള്‍ തീരെ കാതുകൊടുക്കാറില്ല. അവരാണല്ലോ ആ പുരുഷനെ നന്നായി അറിഞ്ഞിരുന്നത്. കഥയെന്നാല്‍ കള്ളംതേച്ച വാക്കുകള്‍ കൊണ്ടുള്ള കെട്ടുകള്‍ ആണ്. രൂപഭാവത്തില്‍ വമ്പത്തികളായ ചില പെണ്ണുങ്ങളുടെ പ്രതികരണം അത്തരമൊരു ജാള്യതയില്‍ എന്നെ എത്തിച്ചിട്ടുണ്ട്. അതേസമയത്ത് പെണ്ണുങ്ങളെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കാനും കൂടുതലെത്തുന്നത് ആണുങ്ങളാണ്.
അമ്മാവന്‍ ആളെയൊരു വീരപുരുഷനാക്കി മാറ്റിക്കളയും. അര്‍ക്കീസുകാരികളായ പെണ്ണമ്പിള്ളമാരെ ദയാലുക്കളായി പുനരവതരിപ്പിക്കും. പരേതരെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ഉറ്റബന്ധുക്കള്‍പോലും അറിയുന്നത് ആ വാക്കുകളിലൂടെയാണ്. മരിച്ചുപോയവരെക്കുറിച്ച് ആരും വേണ്ടാത്തതൊന്നും പറയില്ല. അങ്ങനെയുളള നടപ്പുള്ളതിനാല്‍ അമ്മായുടെ വിവരണത്തിലെ ചില വസ്തുതാപിശകുകള്‍ എല്ലാപേരും അവഗണിച്ചു. കഥയില്‍ പറഞ്ഞ കാര്യം തെറ്റായിരുന്നുവെന്നു പറഞ്ഞ് ഒരിക്കലും വക്കാണമുണ്ടായിട്ടില്ല. എന്തുകൊണ്ടോ ഞങ്ങളുടെ തൊഴിലിനെ ചോദ്യം ചെയ്യാന്‍ നാട്ടുകാര്‍ ഭയന്നിരുന്നു. സത്യാസത്യങ്ങള്‍ തിരിച്ചറിയാനാവാതെ ചിലപ്പോള്‍ ശ്വാസം പിടിച്ച് ചില വീട്ടുകാരെയും കാണാം. അവിടത്തെ കാരണവര്‍ക്ക് അല്ലെങ്കില്‍ കാരണവത്തിക്ക് ചില പിശകു സ്വഭാവങ്ങളുണ്ടായിരുന്നു. ഏതാണ്ട് നാട്ടുകാര്‍ മറന്ന കാര്യങ്ങളായിരിക്കുന്നു അതെല്ലാം. അക്കാര്യങ്ങള്‍ ഞങ്ങള്‍ വീണ്ടും സഭയില്‍ കുത്തിപ്പൊക്കി എഴുന്നെള്ളിച്ചാലോ? അതാണ് ചിലരുടെ ബലംപിടുത്തത്തിന് കാരണം.
.................................................................................................
ഈ ലോകത്തിലെ അപൂര്‍വ്വ ജീവികളാണ് ഞങ്ങള്‍. ഞാനുമൊരുനാള്‍ ഈ ലോകത്തിലെ ഏറ്റവും വലിയ കഥാകാരനായി തീരും.
.................................................................................................
നായരേ! നിങ്ങള്‍ കുമിഞ്ചാന്‍കരാണവരുടെ ആ പഴയ പോക്കുവരത്തിന്റെ കാര്യങ്ങള്‍ കാച്ചാത്തതെന്ത്? അതൊന്നൂടൊന്നു കേക്കാനാണ് ഞങ്ങള്‍ പാഞ്ഞു വന്നത്. കാര്യം പഴയതൊക്കെയാണെങ്കിലും അതൊക്കെ കേക്കാനൊരു തരിപ്പുണ്ട്.
കഥനം നിര്‍ത്തി മടങ്ങിപ്പോകുമ്പോള്‍ കുശുകുശുപ്പു രൂപത്തില്‍ ചില നിരാശകള്‍ അമ്മാമയുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.
അങ്ങനെയൊന്നും പാടില്ല. ഇതു ദീപത്തിനു മുന്നിലിരുന്നുള്ള സത്യവേലയാണ്.ഇതിന് ചില നേരും മുറയുമൊക്കെ ഉണ്ട്. അതു തീര്‍ച്ച. അമ്മാമയോടൊപ്പം ചാലുകള്‍ ചാടി തിരകെ വീടുപിടിക്കാന്‍ നടക്കുമ്പോള്‍ എനിക്ക് തീര്‍ച്ചയായി. അതാണ് അമ്മാമ മറുപടി പറയാന്‍ പോലും നില്‍ക്കാതെ വേഗത്തില്‍ കാലുകള്‍ വലിച്ചത്.
എടാ. ഞാനെന്തെങ്കിലും വേണ്ടാതീനം എഴുന്നെള്ളിച്ചോ? ചിലപ്പോള്‍ അമ്മാമയ്ക്ക് അങ്ങനൊരു പരവേശമുണ്ടാകാറുണ്ട്. ദീപം വണങ്ങി പണി തുടങ്ങിയാല്‍ അമ്മാമയുടെ വിധം മാറുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. കഥാവേളയില്‍ അമ്മാമ മറ്റൊരാളായി മാറുന്നു. അതാണ് കഥാലോകം കണ്ട് തിരികെ മണ്ണിലെത്തിയാല്‍ പറഞ്ഞുപോയ വാക്കുകളെ കുറിച്ച് അമ്മാമ വേവലാതിപ്പെടുന്നത്.
ഞങ്ങളുടെ ഗ്രാമത്തിനെ ഇതര ദിക്കുകളില്‍ നിന്നും വളഞ്ഞുപിടിച്ച് മാറ്റി നിര്‍ത്തിയിരുന്നത് വലിയമല കുന്നുകളായിരുന്നു. അതിങ്ങനെ എല്ലാക്കാലത്തും അവിടെ കാണുമെന്നും നാട് എന്നുമെന്നും ഒരേമാതിരി തന്നെ നില്‍ക്കുമെന്നുമൊക്കെ ഞാന്‍ കരുതിപ്പോയി. അതാണ് കൂടുതല്‍ പഠിക്കാന്‍ പോകാതെ ഒരു കഥപറച്ചില്‍ കാരനായി അമ്മാമയുടെ പിന്നാലേ കൂടിയത്. അമ്മാമയോട് എനിക്ക് അത്രയ്ക്ക് ആരാധനയായിരുന്നു. അന്നോളം പുറംലോകമറിയാത്ത ഒരുചാവിന്റെ ചരിത്രം അമ്മാമ എവിടെ നിന്നാണിങ്ങനെ തോറ്റിയെടുക്കുന്നത്? അത് തെറ്റിയതായോ പിഴച്ചതായോ ചരിത്രമില്ല. ഒരു സ്‌കൂളില്‍ നിന്നും പഠിച്ചെടുക്കാന്‍ സാധിക്കാത്ത കാര്യമാണ് കഥാസിദ്ധി. മരിച്ചുപോയവര്‍ അവരുടെ നാവിനെ ഒരല്‍പ്പനേരത്തിന് ചിലപ്പോള്‍ നല്‍കുന്നതായിരിക്കാം. തങ്ങളോടൊത്ത് വെന്തുപോയ ചരിത്രം പുനരവതരിപ്പിക്കാന്‍ അവര്‍ തെരഞ്ഞെടുക്കുന്ന ഈ ലോകത്തിലെ അപൂര്‍വ്വ ജീവികളാണ് ഞങ്ങള്‍. ഞാനുമൊരുനാള്‍ ഈ ലോകത്തിലെ ഏറ്റവും വലിയ കഥാകാരനായി തീരും. ഞാനങ്ങനെ കരുതിപ്പോയി.
കഥപറഞ്ഞതിനുള്ള വിഹിതം വീട്ടുകാര്‍ ഞങ്ങളുടെ തറവാട്ടിലെത്തിച്ചിരുന്നു. ദക്ഷിണയുടെ ഭാരം ഒരിക്കലും തറവാട്ടില്‍ ചര്‍ച്ചാവിഷയമായില്ല. അവര്‍ തന്ന നെല്ലും തേങ്ങയും വളരെ കുറച്ചു ദിവസങ്ങള്‍ നീക്കാന്‍ മാത്രമേ തികഞ്ഞുള്ളുവെങ്കിലും കാരണവരില്‍ സംതൃപ്തി നിറഞ്ഞിരുന്നു. ഇനിയും നാട്ടിലെത്രയോ പേര്‍ മരിക്കാനിരിക്കുന്നു. ഇക്കണ്ട ആള്‍ക്കാരെല്ലാം ഈ മണ്ണില്‍വന്നു പിറക്കുന്നത് ഞങ്ങളുടെ നാവിന് ഇരകളാകാന്‍ വേണ്ടിയല്ലേ! ഈ വിശ്വാസമാണ് കൂട്ടരേ ഈ തൊഴിലിന്റെ സാധ്യതകളായി ഞാന്‍ കണ്ടത്.
ഇന്നിപ്പോള്‍ ശവദാഹം പഴയതുമാതിരി ഒരു ചടങ്ങല്ല.
മരണവാര്‍ത്ത നാടുനീളെ നടന്നു പറഞ്ഞിരുന്നത് അവസാനിച്ചു. ദേഹം പുറത്തെടുക്കാനും കുളിപ്പിക്കാനും അണിയിക്കാനും വിറകു കീറാനും ചിതയൊരുക്കാനും അതാതിന്റെ അവകാശികളെ കാത്തിരിക്കേണ്ട കാര്യമില്ല. ഒന്നു മൊബൈലില്‍ വിരലമര്‍ത്തുക. ശാന്തിദഹനക്കാരുടെ വാഹനം വിറകും അടുപ്പുമായി എത്തും. മൂന്നാലു മണിക്കൂറുകള്‍ കൊണ്ട് സ്വച്ഛമായി പണി കഴിയും. തുടര്‍ന്ന് ചില വീടുകളില്‍ നിന്നും മരണപ്പിറ്റേന്നു തന്നെ വേണ്ടപ്പെട്ടവര്‍ ഒഴിഞ്ഞു പോവും. ഒരുങ്ങിച്ചമഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍ അടച്ചുപൂട്ടി കിടക്കുന്ന വീടുകളും കണ്ടിട്ടുണ്ട്. ഒരു പ്രായമായ ആളിവിടെയുള്ളത് ഒന്നുതീര്‍ന്നുകിട്ടാന്‍ കാത്തിരുന്നതു മാതിരിയാണ് ചിലരുടെ വേവലാതിയും വെപ്രാളവും.
അങ്ങനെ എല്ലാറ്റിനും ധൃതി വന്ന കാലത്ത് എന്റെ കഥ പറച്ചില്‍ ഏതാണ്ട് തീര്‍ന്നു കിട്ടി.
അതു പറഞ്ഞില്ല. ഒരു മരണക്കഥാവേളയില്‍ തീര്‍ത്തും തമാശക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതം അവതരിപ്പിക്കുകയായിരുന്നു നമ്മുടെ അമ്മാമ. ആഖ്യാനത്തി ല്‍ രസം പിടിച്ച് ചാവുവീടാണെന്ന ബോധം മറഞ്ഞ് അമ്മാമ ആ പയ്യന്റെ രസക്കഥകളുടെ ചരടുകളില്‍ പിടിച്ച് പൊങ്ങി ഉയരാന്‍ തുടങ്ങി. ഇതൊരു മറുലോകം പോകലല്ലേയെന്നു തുടക്കത്തിലെനിക്ക് തോന്നാതിരുന്നില്ല. ദിക്കും സമയവും നോക്കാതെയുള്ള കഥ വിളമ്പലിന്നിടയില്‍ അമ്മാമ വല്ലാതെ ചിരിച്ചു. നാട്ടുകാര്‍ കൂവിവിളിച്ച് ഒപ്പം ചേര്‍ന്നു. അതു പതിവില്ലാത്തതാണെന്ന് എനിക്ക് പരിഭ്രമം തോന്നിയതും ചിരിച്ചു ചിരിച്ചു ആളങ്ങ് പോയി. അടുക്കള മുറിയോട് ചേര്‍ന്നുള്ള കട്ടിലില്‍ കിടക്കുകയായിരുന്ന ഒരമ്മയുടെ തീപാറുന്ന കണ്ണുകള്‍ ജനാല വഴി അമ്മാമയ്ക്ക് നേരെ വീശിയത് ഞാനാണ് കണ്ടത്. ആ അഗ്നിയാണ് എന്റമ്മാമയുടെ ഉയിരിനെ വാട്ടിക്കളഞ്ഞതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അപ്പോള്‍ തന്നെ ആശുപത്രിയിലേയ്ക്ക് എടുത്തു. വഴിയില്‍ വച്ച് ചിരിയോടെ ആള് പോയി.
സുഖമരണം. അതും പണിക്കിടയില്‍. അതും ചിരിച്ചുമറിഞ്ഞ്. നാട്ടുകാര്‍ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും നഷ്ടം എനിക്കിതുവരെ തീര്‍ന്നില്ല. കുഞ്ഞിക്കാലം മുതല്‍ കൂട്ടുനടപ്പ് തുടങ്ങിയെങ്കിലും ഈ വിദ്യയില്‍ ഇനിയുമെന്തൊക്കെ തീര്‍ത്തു കിട്ടാനുണ്ടെന്ന തോന്നല്‍ അമ്മാമയുടെ വിയോഗത്തോടെ മനസ്സിലുറച്ചു. ആ മരണത്തിന്റെ മൂന്നിന്റന്ന് സ്വന്തം തറവാട്ടു മുറ്റത്ത് കാരണവരെ തോറ്റി അവതരിപ്പിച്ചു കൊണ്ടാണ് ഞാന്‍ കഥനം തുടങ്ങിയത്. ആദ്യവേദിയില്‍ വികാരം തിങ്ങി എനിക്ക് അമ്മാമയുടെ ജീവിതകഥ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ നോക്കിയാല്‍ അരങ്ങേറ്റം പിഴച്ചവന്‍ കൂടിയായി ഞാന്‍ മാറി. അന്ന് അമ്മാവന്റെ മക്കളൊക്കെ എന്നെ സാകൂതം നോക്കി നില്‍പ്പുണ്ടായിരുന്നു. ബന്ധുക്കളില്‍ ചിലരുടെ മുഖത്ത് ഒരുതരം പകയാണ് തെളിഞ്ഞതെന്ന് പിന്നീടെനിക്ക് തോന്നി. അവര്‍ക്ക് പിച്ചവയ്ക്കാനാവാതെ പോയ കഥനത്തിന്റെ പാരമ്പര്യ വഴിയില്‍ ഞാന്‍ ചെന്നുകയറിയതിന്റെ അസൂയയാണെന്ന് അന്നു കരുതി ഞാന്‍ സമാധാനിച്ചു.
നമ്മള്‍ പറഞ്ഞു വന്നത് നാടിനു വന്ന മാറ്റങ്ങളെ കുറിച്ചായിരുന്നു.
ഞങ്ങളുടെ നാടിന് വേലികെട്ടിയിരുന്ന മലകളെ പലകാരണങ്ങള്‍ പറഞ്ഞ് വടിച്ചെടുത്തു മാറ്റിയതോടെ പഴയ തണുപ്പും ശാന്തതയും അകന്നുപോയി. ഇവിടെയെമ്പാടും റോഡുകള്‍ വന്നു. ആര്‍ക്കും ആരെയും പെട്ടെന്നു ചെന്നു തൊടാമെന്ന അവസ്ഥയായി. എതുനേരത്തും നാടിറങ്ങി പുറത്തേയ്ക്ക് പോകാനും മറ്റാരും കാണാതെ ഏതു പാതിരാത്രിയിലും തിരികെ വന്നു കയറാനും കഴിയുമെന്നതിനാല്‍ ആരൊക്കെ എവിടെ പോയി, എവിടെ നിന്നു വരുന്നു, എന്ന് അറിയാന്‍ നിവൃത്തിയില്ലാതായി. മൊത്തത്തില്‍ നാട്ടിന് വല്ലാതെ വെളിച്ചം വീണതു പോലെ. എന്നാലും കാര്യങ്ങള്‍ അറിയാന്‍ പറ്റാതെ പോകുന്നതിന്‍േറതായ ഒരുഷ്ണം എനിക്കെപ്പോഴുമുണ്ട്.
.................................................................................................
മനസ്സില്‍ നിറയുന്ന സംശയം പോക്കാന്‍ ഞാന്‍ ചോദിക്കും. പിള്ളേ നിങ്ങളെന്തിനാണ് ഇത്രേം വെറക് കീറണത്?
അത് കെളവനെ കത്തിക്കാനാണ്.
.................................................................................................
അങ്ങനെ നമ്മുടെ രവിക്കൊച്ചന്‍ ഇഞ്ചിനീയറിംഗ് പഠിക്കാന്‍ ബാഗ്ലൂരിന് വണ്ടികയറി.
ബാഗ്ലൂര്‍ പട്ടണം നമ്മുടെ അങ്ങാടിപോലെയൊന്നുമല്ല. നമ്മുടെ അങ്ങാടി ഒരു പതിനായിരമായി വളര്‍ന്നാലുള്ള തെരക്കാണവിടെ.... ആ ബഹളത്തില്‍ നമ്മുടെ കൊച്ചന്‍.. കന്റോണ്‍മെന്റു റെയില്‍വേ സ്റ്റേഷന്‍ കടന്ന്...
ഒരുപാടു നാളുകള്‍ക്ക് ശേഷം കഥ പറയാന്‍ അസുലഭാവസരമായിരുന്നു രവിയുടെ വീട്ടില്‍ കിട്ടിയത്. പക്ഷേ എനിക്ക് ഒന്നും മുന്നോട്ട് കാണാന്‍ കഴിഞ്ഞില്ല. കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്‍ എന്നു ഞാന്‍ പറഞ്ഞത് എവിടെയോ വായിച്ചതില്‍ നിന്നായിരുന്നു. ഒരിക്കലെങ്കിലും അവിടൊന്നു പോകണമായിരുന്നുവെന്ന് ആ സദസ്സിലിരുന്നപ്പോഴായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ എന്റെ വാക്കുകള്‍ക്ക് കുറച്ചുകൂടി ബലം വരുമായിരുന്നു. തുടര്‍ന്ന് ഞാന്‍ വിക്കാന്‍ തുടങ്ങി. ആ വലിയ പട്ടണത്തിലെന്താണ് രവി വിജയ് ചെയ്തതെന്ന് ഒരൂഹവും കിട്ടിയില്ല. പിന്നെനിക്ക് ആകെക്കൂടി പറയാനുണ്ടായിരുന്നത് ഒരു ആംബുലന്‍സ് മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ആ വീടിനു മുന്നില്‍ വന്നുനിന്നതിനെ കുറിച്ചായിരുന്നു. അതു ഞാനവിടെ പറയേണ്ടതില്ല. കാരണം. ചീറിവിളിച്ചുള്ള ആ വരവ് എല്ലാപേരും കണ്ടതാണ്.
ആവശ്യമില്ലാത്ത പഴമകള്‍ കെട്ടിവലിച്ചു കൊണ്ടുവരണ്ടെന്നു പറഞ്ഞതാണ്. ഞാന്‍ ബ്ബ..ബ്ബ.. നിന്നതിനെ കുറിച്ച് ആമ്പാടിവീട്ടുകാര്‍ വേണ്ട വിധത്തില്‍ തന്നെ വിലയിരുത്തി.
എന്നാല്‍ ഗള്‍ഫിലെ മണലറയില്‍ കിടന്നു മരിച്ച ഭാസ്‌കരന്‍ എന്നെ തെല്ലും കുഴക്കിയില്ല. അതാണ് ആശ്ചര്യം. മണല്‍ക്കാടും ഇക്കാമയില്ലാതെ ഭാസ്‌കരന്‍ ജയിലിലെത്തിയതും. ആ ഇരുണ്ട അറയില്‍ അവനനുഭവിച്ച കഷ്ടപ്പാടുകളും. എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു. അതേപോലെ തന്നെ എന്റെ വാക്കുകള്‍ ശ്രോതാക്കളിലേയ്ക്ക് ലയിച്ചു ചേര്‍ന്നു. ആ മരണവീട്ടില്‍ ഞാന്‍ ഹീറോയായി. ചില കഥകള്‍ അങ്ങനെയാണ് ചിലപ്പോള്‍ ഒത്തുകിട്ടും. പിന്നെയേറെക്കാലം ജീവിതനൗക ഒഴുകുന്നത് അതിന്റെ ബലത്തിലാണ്. അന്നേരത്ത് വല്ലാത്ത ഉത്സാഹമൊക്കെ തോന്നും. നമ്മുടെ കാലുകള്‍ നിലത്തല്ല എന്നൊരു രീതിയിലാണ് മനസ്സ് പൊയ്ക്കൊണ്ടിരിക്കുന്നത്.
നന്നായി കഥ പറയാന്‍ മറ്റൊരു അവസരവും ഒത്തുകിട്ടി. അതും എനിക്ക് ഏറെ ആവേശം നല്‍കി. ഞാന്‍ കഥ പറയുന്നതില്‍ ഒരു പരാജയമല്ല. പിന്നെ മറ്റെന്തോ കാരണങ്ങളാലാണ് എന്റെ കഥകള്‍ ബലപ്പെടാതെ പോകുന്നന്നെ തോന്നലുണ്ടാക്കിയത് ഭാരതിയുടെ മരണക്കഥാ വേളയിലായിരുന്നു. അതിന് അവസരമായത് അവരുടെ ചില കുടുംബവഴക്ക് മൂലമായിരുന്നു. ഭാരതിയുടെ ചില ബന്ധുക്കള്‍ക്ക് മരിച്ചിട്ടും അവളോടുള്ള കലിപ്പ് തീര്‍ന്നിരുന്നില്ല. 'അവളുടെ ചെയ്തികള്‍ നീ ഒന്നും വിടാതെ പറയണം. പന്നീ.. ഇല്ലെങ്കീ.. 'ചില സിനിമാ വില്ലന്‍മാര്‍ പറയുന്നതു മാതിരി അവളുടെ ബന്ധുക്കള്‍ എനിക്ക് ബലം നിന്നു. അറബിയുടെ ബംഗ്ലാവ്, അടുക്കള, അയാളുടെ മണിയറ...ഞാനെല്ലാം കണ്ടു. പറയാനെന്റെ നാവു തരിച്ചുവന്നു.
'മാമാ... മിണ്ടല്ലേ... പറയല്ലേ...' ഭാരതിയുടെ പെണ്‍മക്കളുടെ കണ്ണീരും അടുക്കളക്കോലായില്‍ വീഴുന്നുണ്ടായിരുന്നു.
ഇത് സത്യമുള്ള പണിയാണ്. ചത്താലും നമ്മള്‍ കാരണം മറ്റൊരാളിന് അപമാനം വരരുത്. നമ്മുടെ വാക്കുകള്‍ മറ്റൊരാളെ വേവിക്കാനുള്ളതല്ല. അമ്മാമയുടെ രൂപവും കളത്തില്‍ എന്റെ മുമ്പില്‍ തെളിഞ്ഞു.
'പന്നീ.. നീ.. ഞങ്ങളെ പറ്റിച്ചല്ലേട.. നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..' ഭാരതിയെ നാറ്റിക്കാന്‍ ഒരുമ്പെട്ടവന്‍ എന്നെ കൈകാര്യം ചെയ്തു. ചിലരൊക്കെ ചേര്‍ന്നവനെ പിടിച്ചു മാറ്റിയതിനാല്‍ പരിക്കില്ലാതെ ഞാന്‍ രക്ഷപ്പെട്ടു. എങ്കിലും എനിക്ക് സന്തോഷമായി.
കഥകള്‍ക്ക് ചിലപ്പോള്‍ സമൂഹത്തില്‍ സ്ഥാനം കിട്ടിയെന്നിരിക്കും.
അത്തരമൊരു പ്രതീക്ഷയോടെ ഞാന്‍ കഥയെ പുതിയ കാലത്തിലേയ്ക്ക് കൊണ്ടെത്തിക്കാനുള്ള ചില ഗൃഹപാഠങ്ങളില്‍ മുഴുകിത്തുടങ്ങി. നാട്ടുവിശേഷങ്ങളെ കുറിച്ചുള്ള പുത്തന്‍ ധാരണകളുണ്ടാക്കാന്‍ ശ്രമിച്ചു. പുറം നാട്ടിലേയ്ക്ക് പോയി വരുന്നവര്‍ അങ്ങാടിയിലിരുന്ന് പറയുന്നതിനൊക്കെ സവിശേഷ ശ്രദ്ധകൊടുത്തു തുടങ്ങി. പുതിയ കാലം കഥനത്തില്‍ നിന്നും വഴുതിപ്പോകാന്‍ പാടില്ല. കമ്പ്യൂട്ടറും, മൊബൈലുകളും പുതിയ വിദ്യകളുമായി അതിങ്ങനെ ഒരു മാതിരി പിടിതരാത്ത വരാലിനെ മാതിരി എന്നില്‍ നിന്നും മാറി നില്‍ക്കാന്‍ പാടില്ല. ഞാന്‍ അക്ഷയ കേന്ദ്രത്തില്‍ വരെ വായനോട്ടത്തിനു പോയെന്നു പറഞ്ഞാല്‍ മതി. അവിടത്തെ ആളാണ് വനജാക്ഷിയുടെ മോള്‍ ശരണ്യ. ശരണ്യപ്പെണ്ണ് വെറുതെയിരിക്കുമ്പോള്‍ അവളുടെ ഫേസ്ബുക്ക് താള് എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരുപാടു മനുഷ്യരുടെ മനസ്സിലെ ചെളി ഞാന്‍ അതില്‍നിന്നും കണ്ടു.
ഗൃപാഠങ്ങളുടെ ഭാഗമായി വിദേശവാസം കഴിഞ്ഞെത്തുന്നവരെ നിശ്ചയമായും അവരുടെ വീട്ടില്‍ ചെന്നുകണ്ടു. അങ്ങനെയാണ് ഒരിക്കല്‍ ചന്ദ്രന്‍ കുട്ടനെ കാണാന്‍ അവന്റെ ബംഗ്ലാവില്‍ എത്തിയത്. അവനെന്റെ കുട്ടിക്കാല സുഹൃത്താണ്. അവനെ വെള്ളക്കാരി ഭാര്യ പുറത്താക്കി എന്നാണ് അങ്ങാടിയില്‍ പുച്ചം പൂച്ചം കേട്ടത്. അതല്ല അവന്‍ കുറ്റിയും പറിച്ച് നാട്ടില്‍ തിരിച്ചെത്തിയതാണ് എന്നൊരു ശ്രുതിയുമുണ്ട്. അമേരിക്കയില്‍ പോയതോടെ അവന്‍ പേരൊക്കെ മാറ്റിയിരുന്നു.
തിരികെ പോകുന്നതിനെ കുറിച്ച് ആലോചിക്കണം. അങ്ങനെ പറഞ്ഞ് അവന്‍ മുന്നിലിരുന്ന ലാപ്പ്ടോപ്പ് അടയ്ക്കാതെ അകത്ത് പോയി. ഞാനാ പെട്ടിക്കമ്പ്യൂട്ടറില്‍ തൊട്ടതും അതിലെ പടങ്ങള്‍ തുറന്നു വന്നു. അവന്റെ വെള്ളക്കാരത്തിപ്പെണ്ണ് കറമ്പനായ വേലക്കാരനെ കെട്ടിപ്പടിക്കണതില്‍ ഒന്നേ നോക്കിയുള്ളു. അപ്പോള്‍ ചന്ദ്രന്‍ ഓടി വന്നതിനെ അണച്ചു കളഞ്ഞു. അതും നന്നായി എന്നു മാത്രം ഞാന്‍ കരുതി. അല്ലെങ്കില്‍ ചന്ദ്രന്റെ ചാവുകഥ പറയുന്ന നേരത്ത് ആ രംഗമാണ് തുടക്കത്തില്‍ തന്നെ മനസ്സില്‍ വരുന്നെതെങ്കിലോ?
കാലം പോയി നാട്ടിലിപ്പോള്‍ ധാരാളം മരണങ്ങള്‍ നടക്കുന്നുണ്ട്. കുഴഞ്ഞു വീഴുന്നത്, ചങ്കുദ്രവിക്കുന്നത്.. വണ്ടിയുടെ അടിയില്‍ നിന്നും ഊരിയെടുക്കുന്നത്.. എന്നാലും ആരുമെന്ന ചാവുകഥ പറയാന്‍ വിളിക്കുന്നതേയില്ല. പണത്തിന്റെ കുറവുകൊണ്ടൊന്നുമല്ല ഞാന്‍ അവഗണിക്കപ്പെടുന്നത്. എന്തുമാത്രം പണമാണിപ്പോള്‍ മരണവീട്ടിലും ആള്‍ക്കാരെടുത്ത് വീശുന്നത്! ഞാനൊരു കഥാകാരനാണ് എന്ന വിവരം എന്റെ നാട്ടുകാര്‍ തന്നെ മറന്നോ? അങ്ങനൊരു വേവലാതിയും എനിക്കുണ്ടായി. എന്നാലും നാട്ടിലെ ഓരോ മരണം നടക്കുമ്പോഴും ഞാന്‍ തയ്യാറെടുത്തു നിന്നു.
സഖാവ് കുഞ്ഞീഷപിള്ളയുടെ മരണത്തിനു ശേഷം കഥപറയാന്‍ ഞാന്‍ നന്നായി ഞാന്‍ തയ്യാറെടുത്തു.
അദ്ദേഹത്തിനോട് എനിക്കത്ര മമതയാണുണ്ടായിരുന്നത്. ആരു വിലക്കിയാലും ആ വീരചരിതം പറയുക എന്നത് എന്റെ കടമയായി തോന്നി. അടിയന്തിരാവസ്ഥയില്‍ സഖാവ് അനുഭവിച്ച ദുരിതങ്ങള്‍ ഞാന്‍ കുട്ടിക്കാലത്ത് നേരില്‍ കണ്ടതാണ്. നായാട്ടുമലയിലെ ഗുഹയില്‍ ഏഴുദിവസം വരെ സഖാവിന് ഒളിച്ചിരിക്കേണ്ടി വന്നു. പക്ഷേ സഖാവിന്റെ തറവാട്ടില്‍ അതൊന്നും പറയാന്‍ വയ്യാത്ത വിധത്തില്‍ അവരുടെ ബന്ധുക്കള്‍ മുഴുവനും ബിജെപിയും ശിവസേനയുമായി മാറിക്കഴിഞ്ഞിരുന്നു. അതിനാല്‍ മൂന്നാം നാളില്‍ ഞാന്‍ പഞ്ചായത്ത് കിണറുണ്ടായിരുന്നിടത്ത് നിന്ന് സഖാവ് പതിനെട്ടു ദിവസം ശാസ്തമംഗലത്ത് ക്രൈംബ്രാഞ്ച് ക്യാമ്പില്‍വച്ച് തിന്ന തീയുടെ കണക്ക് പറഞ്ഞു മനസ്സിലെ കത്തലടക്കി. ഞാനെന്തോ പ്രാന്ത് പറയുന്നതാണ്. ആ ധാരണയോടെ അടുത്തുകൂടിയ ചില ചെറുപ്പക്കാര്‍ സൂക്ഷ്മതയോടെ എനിക്ക് കാതു തന്നു. പുതിയ തലമുറ നല്‍കിയ ആ ശ്രദ്ധ ഒരു കഥപറച്ചിലുകാരന് ഉണ്ടാകാനിടയുള്ള ഭാവിയെ കുറിച്ച് നേരിയ പ്രതീക്ഷ തരാതിരുന്നില്ല.
അങ്ങനെയിരിക്കെ ഞങ്ങളുടെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റിന് വായു മാറിത്തുടങ്ങി. ഇടയ്ക്കിടെ എനിക്ക് തോന്നാറുണ്ട് ഈ ജാംബവാന്‍ മുന്നേ തന്നെ പോയില്ലേന്ന്. അത്രയ്ക്ക് അപ്രസക്തനാണ് അദ്ദേഹം നാട്ടിലിപ്പോള്‍. ഇയാളുടെ സമപ്രായക്കാര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ല. പ്രസിഡന്റ് എനിക്ക് നല്ലൊരു ഉരുപ്പടിയാണ്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിമൂന്നിലെ ആദ്യപഞ്ചായത്ത് തെരഞ്ഞെടുപ്പു കാലം. അന്ന് ഇരട്ടക്കാള ചിഹ്നത്തിലായിരുന്നു മൂപ്പിലാന്റെ മത്സരം. നാട്ടില്‍ നടന്ന നിരവധി വഴിവെട്ടു മഹോത്സവങ്ങളില്‍ നായകനായിരുന്നു പ്രസിഡന്റ്. അക്ഷരൂപത്തി ല്‍ രേഖപ്പെടുത്താതെപോയ ആ ചരിത്രം എന്റെ മൂളയ്ക്കുള്ളില്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. ഞാനതു പുതിയ കാതുകളില്‍ എത്തിച്ചില്ലെങ്കില്‍ ഈ പ്രസിഡന്റിന് ചരിത്രത്തില്‍ ഒരു സ്ഥാനവും കിട്ടാതെ പോകും. ആരോരുമറിയില്ല. ഇങ്ങനൊരാള്‍ ഈ നാടിനുവേണ്ടി യത്നിച്ചുവെന്ന കാര്യം.സത്യത്തില്‍ ഞാന്‍ അഹങ്കാരിയാകുന്നത് ഇത്തരം ധാരണകള്‍ മനസ്സില്‍ വാലിട്ടിളക്കുമ്പോള്‍ മാത്രമാണ്.
ചിലപ്പോഴൊക്കെ ഞാന്‍ ആ പഴഞ്ചരക്കിനെ കാണാന്‍ ബംഗ്ലാവ് വീട്ടില്‍ ചെന്നിട്ടുണ്ട്. മൂപ്പന് എന്നെ കാണുന്നത് ഇഷ്ടമാണ്. കിടക്കയില്‍ ചാരിയിരുന്ന് പഴയ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനു വരിവച്ച് നീങ്ങാനും കൂടെ മൂളി സുഖിപ്പിക്കാനും നാട്ടിലിപ്പോള്‍ മറ്റാരുമില്ലല്ലോ. ചിലപ്പോള്‍ കിടന്ന കിടപ്പില്‍ ഒരു പ്രസംഗം തന്നെ കാച്ചിക്കളയും. എനിക്കും അതിഷ്ടമാണ്. ഞാന്‍ മനസ്സില്‍ വരച്ചിട്ട ജീവചരിത്രപ്പുസ്തകത്തിന്റെ പ്രൂഫ് നോക്കാന്‍ കിട്ടുന്ന അവസരമായി ഞാനതിനെ ഉപയോഗപ്പെടുത്തി. നേര്‍ത്ത ഗന്ധവ്യത്യാസം മുറിയില്‍ വരുമ്പോള്‍ ഞാനിറങ്ങും. അത് അദ്ദേഹം കിടന്ന കിടപ്പില്‍... എന്നെയിങ്ങനെ കിടത്തരുതേ...അത്രയ്ക്ക് ഈശ്വര വിശ്വാസിയല്ലെങ്കിലും പ്രസിഡന്റിന്റെ ആ അവസ്ഥ കണ്ട് ഞാനങ്ങ് പ്രാര്‍ത്ഥിച്ചു പോകും.
സത്യത്തില്‍ എനിക്കുള്ള ഒരു ഗംഭീര ഉരുപ്പടിയാണിത്. ഒന്നാന്തരം സ്റ്റോറിയാണ് അകത്തെ മുറിയില്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നത്. പക്ഷേ ഞാനിത് എവിടെച്ചെന്നു പറയും. ഭാഗം വച്ച് പല ദിക്കിലേയ്ക്ക് പിരിഞ്ഞെങ്കിലും പ്രസിഡന്റിന്റെ മക്കളും ബന്ധുക്കളൊക്കെ അതി പുരോഗമന വാദികളാണ്. പ്രസിഡന്റിന്റെ ബോഡി മെഡിക്കല്‍ കോളെജിന് കൊടുക്കാനാണത്രേ തീരുമാനമെന്നും കേള്‍ക്കുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്റെ ചങ്കിടിഞ്ഞുപോകും. എന്നെ കാലമാണ് കൈവിട്ടത് എന്നു തോന്നിപ്പോവും. എന്നാലും എനിക്ക് ചില പ്രതീക്ഷകളുമുണ്ടാകാതെയുമിരുന്നില്ല. അതിനു കാരണം മൂപ്പിലയുടെ ഇളയമോള്‍ വാസന്തിയുടെ നായരുടെ പെരുമാറ്റമായിരുന്നു. അവനായിരുന്നു അവിടെ സംബന്ധം കൂടിയതില്‍ ശീങ്കെടെ. വെറെ വേലയും കൂലിയുമൊന്നുമില്ലാത്തതിനാല്‍ ഏതാണ്ട് ദ്രവിച്ചു തുടങ്ങിയ തറവാടും പ്രസിഡന്റിനെയും അവന്റെ തോളിലിട്ടിട്ടാണ് മറ്റുള്ള മക്കള്‍ മുങ്ങിക്കളഞ്ഞത്.
അവന്‍ എനിക്കു മാത്രമായി തന്ന പ്രതീക്ഷ ഇതാണ്. ഞാന്‍ ഇടയ്ക്ക് ചെല്ലുമ്പോഴൊക്കെ അവന്‍ വിറക് കീറി കൊണ്ടു നില്‍ക്കുന്നതു കാണാം. മംഗ്ലാവ് വീട്ടിലെ അടുക്കളയില്‍ ഗ്യാസൊക്കെയുണ്ട് പിന്നെയെന്തിന് ഇത്രയും വിറക് കീറി അടുക്കണത്? മനസ്സില്‍ നിറയുന്ന സംശയം പോക്കാന്‍ ഞാന്‍ ചോദിക്കും.
പിള്ളേ നിങ്ങളെന്തിനാണ് ഇത്രേം വെറക് കീറണത്?
അത് കെളവനെ കത്തിക്കാനാണ്.
അവന്റെ വര്‍ത്തമാനത്തില്‍ നിന്നും ഒരു പരമ്പരാഗത ശവമടക്ക് നടക്കാന്‍ സാധ്യതയുള്ളതായി എനിക്ക് തോന്നി. അതുകേള്‍ക്കെ മനസ്സിലൊരു കുളിരാണ് പായണത്. ഞാന്‍ ചിലതൊക്കെ പ്രതീക്ഷിച്ചു. മനസ്സില്‍ വന്നതെല്ലാം ഞാനങ്ങ് വിശ്വസിച്ചുപോയി. അപ്പോള്‍ മൂന്നാം നാള്‍ ചാവുകഥയും കാണും. അവിടെയിരുന്ന് പ്രസിഡന്റിന്റെ ചാവുകഥ പറഞ്ഞ് ഞാനും സിദ്ധികൂടും..
കൊച്ചു കേശവന്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ കരകുളം സമ്മേളനത്തിന് പോകാന്‍ തയ്യാറെടുക്കുന്നു. മംഗ്ലാവിലമ്മച്ചി ഭാര്‍ഗ്ഗവി തങ്കച്ചി കൊച്ചനെ മുറിയില്‍ പൂട്ടിയിടുന്നു. അവന്‍ തട്ടിന്‍പുറം വഴി ഓടുപൊളിച്ച്... അങ്ങനെ തുടങ്ങണം. ഉറപ്പിച്ച് ഞാന്‍ പ്രസിഡന്റിന്റെ അന്ത്യദിവസത്തിനു വേണ്ടി കാത്തിരുന്നു. ഇടയ്ക്ക് ചിക്കന്‍ഗുനിയ അടിച്ച് ഞാന്‍ രണ്ടാഴ്ച വീണുപോയിരുന്നു. പനികൊണ്ട് ചത്തുപോവുന്നതിനേക്കാള്‍ എനിക്ക് ഉത്ക്കണ്ഠ നമ്മുടെ പ്രസിഡന്റിന്റെ കാര്യത്തിലായിരുന്നു. ഞാന്‍ ആശുപത്രിയില്‍ നിന്നിറങ്ങുന്നതിനു മുമ്പ് പ്രസിഡന്റ് വടിയാകരുതേ! പനിയെ കുടഞ്ഞെറിയാന്‍ എന്റെ ദേഹത്തിന് കരുത്ത് കൊടുത്തത് ഈ ആഗ്രഹമായിരുന്നു. പ്രസിഡന്റിന്റെ അവസ്ഥയെങ്ങനെയുണ്ട്? നടക്കാന്‍ പറ്റിയയുടനെ ഞാന്‍ ബംഗ്ലാവിലേയ്ക്ക് ഓടി.
നമ്മള് ഓരോന്നു പറയുമ്പോഴെപ്പോഴും സ്വന്തം കാര്യത്തിനാവും മുന്‍ഗണന കൊടുക്കുക. അതു കഥ പറയുമ്പോഴും അങ്ങനെ തന്നെ. എന്നാല്‍ ഒരു സൂചന ഇവിടെ കൂടിയേ തീരു. അതു കൂടി പറയാം. അമ്മാമയുടെ മക്കളൊക്കെ നന്നായി വിദ്യാഭ്യാസം ചെയ്തു. ഒരാള്‍ റേഡിയോയില്‍ പണിചെയ്യുന്നു. മറ്റൊരാള്‍ തിരുവനന്തപുരത്ത് സ്വന്തമായി ടി. വി. പരിപാടികള്‍ ചെയ്യുന്നു. ഒരു പെണ്ണൊണ്ടായിരുന്നത് വലിയ എഴുത്തുകാരിയാണന്നാണ് കേക്കണത്. അവള്‍ ഡല്‍ഹിയിലാണ്. എഴുതണത് ഇംഗ്ലീഷിലായതിനാല്‍ അതൊന്നും നമക്ക് കാണുകേം വേണ്ട കേക്കുകേം വേണ്ട. ഞാനതൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. അവരായി അവരുടെ പാടായി. എന്നേ സമാധാനിക്കാറുള്ളു. നന്നായിരിക്കട്ടെ! ഒരേ ചോരയല്ലേ!
ഒടുവില്‍ പ്രസിഡന്റ് മരിച്ചു.
ഞാനും ഓടിച്ചെന്നു. എന്റെ മനസ്സ് പറഞ്ഞതുമാതിരി സംഭവിച്ചു. മക്കള്‍ തമ്മില്‍ തര്‍ക്കമായി. ബോഡി മെഡിക്കല്‍ കോളെജിലേയ്ക്ക് കൊണ്ടുപോകുന്നില്ല. അയാളുടെ മരുമോന് തൃപ്തി വരുവോളം വിറകിട്ട് അമ്മാവനെ ചിതയില്‍ വച്ച് കത്തിച്ചു. എവിടെ നിന്നോ ചാവ് കരച്ചില്‍ നടത്താനൊരു സംഘക്കാര് വന്നു. അവരെ ഞാന്‍ മുമ്പ് നാട്ടില്‍ പോലും കണ്ടിട്ടില്ല. അതൊരു പുതിയ സംഭവമായിരുന്നു. അവരുടെ പതം പറച്ചില്‍ എല്ലാവരും നന്നായി ആസ്വദിച്ചു. പിന്നൊരും വിശേഷമായി പറയാനുള്ളത് കുടിക്കാന്‍ എല്ലാപേര്‍ക്കും ചുക്കുവെള്ളം തന്നിരുന്നു എന്നതാണ്. അത് വല്ലാതെ വാസനിച്ചിരുന്നു. കോട്ടിട്ട വിളമ്പുകാരായിരുന്നു അതു വിതരണം ചെയ്തത്.
എന്റെ കാര്യം ഏതാണ്ട് ഉറപ്പായതുപോലെ തോന്നി. ചിത ഏതാണ്ട് അമര്‍ന്ന് തിരിച്ചുപോകുന്ന വഴിക്ക് അടുത്ത ദിവസങ്ങളില്‍ അവതരിപ്പിക്കാനുള്ള കഥാഭാഗം എന്നില്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി. ഞാനതിനെ ദൈവാനുഗ്രഹമായിട്ടാണ് കണ്ടത്. ഉറവപോലെ സംഭവങ്ങള്‍ മനസ്സില്‍ തള്ളിവന്നു കൊണ്ടിരുന്നു. പണ്ട് പണ്ട് പ്രസിഡന്റ് നാട്ടുകാര്യത്തിന് ഓടി നടന്നത്... വഴിവെട്ടാന്‍, വായനശാല തുടങ്ങാന്‍, വെള്ളപ്പൊക്കക്കാലത്ത് കാരാന്തലയിലെ പാവങ്ങള്‍ക്ക് ഓലയും മുളയും ചുമന്നതും പട്ടിണിക്കഞ്ഞി വേവിച്ചതും.. ഞാനതെല്ലാം മനസ്സില്‍ അടുക്കടുക്കായി വച്ചു. പാര്‍ട്ടി മാറി അദ്ദേഹം ഇടക്കാലത്ത് എന്‍.ഡി.പി.യായത്.. ഇടയ്ക്കിടെ ചിലതൊക്കെ കത്രിച്ചുമാറ്റി. എല്ലാം തികഞ്ഞോ എന്ന ആശങ്കയില്‍ വിയര്‍ക്കാതെയുമിരുന്നില്ല. കഥ പറയാനുള്ള എന്റെ അവസാന ഊഴമായി ഞാനതിനെ കണ്ടുവെന്നു പറയുന്നതാണ് ശരി. അങ്ങനെയൊരു തോന്നല്‍ എന്നെ മൂടി.
മൂന്നാം ദിനമെത്തി.
ഞാന്‍ മച്ചകത്തു കയറി. പതിവില്ലാതെ ധ്യാനത്തില്‍ മുഴുകി. അന്നേരത്ത് അമ്മാമ ചിരിച്ചുകൊണ്ട് മുന്നില്‍ വന്നതായി തോന്നി. ലക്ഷണങ്ങള്‍ ഏറെ നന്ന്. ഞാന്‍ സസന്തോഷം ബംഗ്ലാവിലേയ്ക്ക് നടന്നു. എന്റേയും ഞങ്ങളുടെ പൂര്‍വ്വിക പരമ്പരയും ഒപ്പം നടക്കുന്നതിന്റെ കാലടിയൊച്ച ഞാനറിഞ്ഞു. എനിക്ക് ഒപ്പം ചുവടുവയ്ക്കാന്‍ അനന്തര തലമുറയില്ലാതെ പോയതില്‍ ഞാനല്‍പം ഖിന്നനാകാതെയുമിരുന്നില്ല.
ഇനി നടന്ന കാര്യം ഞാനെങ്ങനെ പറയും?
കഥ പറയാന്‍ അവിടെ പന്തലൊരുക്കിയിരിക്കുന്നു. ക്യാമറ, ലൈറ്റ്.. പ്രസിഡന്റിന്റെ ചാവുകഥ റെക്കോഡ് ചെയ്യാനുള്ള സംവിധാനങ്ങള്‍.
അങ്ങനെ പുതിയ കാലത്തിനു ചേരുന്ന വിധത്തിലുള്ള സംവിധാനങ്ങള്‍. ഒരു മായികാലോകത്തില്‍ ചെന്ന അഹങ്കാരം എനിക്കുണ്ടായി. പിന്നെയെല്ലാം എനിക്ക് തെളിഞ്ഞുവന്നു. അവിടെ കഥപറയാന്‍ എത്തിയിരിക്കുന്നത് അമ്മാമന്റെ മക്കളാണ്. അവരൊക്കെ മീഡിയാക്കാരായത് ഞാനാദ്യമേ തന്നെ ശ്രദ്ധിക്കണമായിരുന്നു. പ്രസിഡന്റിന്റെ മരണാന്തര ചടങ്ങുകള്‍ മുഴുവനും നടക്കുന്നത് ഒരു ഇവന്റ് ഗ്രൂപ്പിന്റെ മേനോട്ടത്തിലാണ്. അവര്‍ കഥാപരിപാടി കുറച്ചുകൂടി കേമമായി നടത്താനും അതിന്റെ സി.ഡി.ക്ക് മാര്‍ക്കറ്റ് കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ചാവുകഥനം അന്യം നിന്നുപോയ കലയാണത്രേ! അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു അവയെല്ലാം.
എന്തായാലും കഥ പറയുന്നത് എന്നേക്കാള്‍ പഠിപ്പും വിവരവുമുള്ള ഞങ്ങളുടെ തറവാട്ടുകാരാണല്ലോ. അതും എന്റെ ചോരയല്ലേ.എന്തു പറഞ്ഞാലും ഞാനും ആ ചാവ് ഗ്രൂപ്പില്‍ തന്നെപെടുന്നയാളല്ലേ! ഇനിയൊരു കാലത്ത് ചാവുകഥ പറയുന്നത് തിരിച്ചുവന്നാല്‍ ചിലപ്പോള്‍ എനിക്കും ചില്ലറ ഗുണം വരാതിരിക്കില്ല. അങ്ങനെയൊക്കെ സമാധാനിക്കാനേ എനിക്ക് പറ്റുന്നുള്ളു.
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല