ഓര്‍മയുടെയും മറവിയുടെയും വ്യതിയാനങ്ങള്‍
നോണ്‍-ഫിക്ഷന്റെ കെട്ടിലും മട്ടിലും എഴുതുന്ന സമകാലികസാഹിത്യത്തിലെ നോവലുകളുടെ പ്രസക്തി. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു
ഓര്‍മയുടെയും മറവിയുടെയും വ്യതിയാനങ്ങളെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കാനാവില്ല. ഓര്‍മകളെ സൂക്ഷിക്കുമ്പോള്‍ തന്നെ, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമാണെന്നു സമ്മതിക്കാതെ വയ്യ. പോയ കാലത്തെ പൂര്‍ണമായും ഉച്ചാടനം ചെയ്യാനാവാതെ ഓര്‍മകളിലൂടെയും ചരിത്രത്തിലൂടെയും യാത്ര ചെയ്തു കൊണ്ടു പഴയ അനുഭവങ്ങളുടെ നിഴല്‍ ആവാഹിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരുണ്ട്. ഇതിന്റെ ഭാഗമായിട്ടാവണം ചില എഴുത്തുകാര്‍ അപൂര്‍വമായ വഴികളിലൂടെ സഞ്ചരിക്കുന്നത്.അതിനു പലപ്പോഴും വേറിട്ട വഴികള്‍ തന്നെ രചനാരീതിയില്‍ അവലംബിക്കേണ്ടി വരും. ഓര്‍മകളെ മടക്കി കൊണ്ടു വരാന്‍ ഗൃഹാതുരമായ വിചാരങ്ങള്‍ കൊണ്ടു മാത്രമാവില്ല.
1
ഒരാള്‍ തന്നെ നൊമ്പരപ്പെടുത്തിയ ചില സംഭവങ്ങളെ എഴുതാന്‍ തീരുമാനിക്കുകയാണെങ്കില്‍ സ്വാഭാവികമായും ആദ്യം ചിന്തിക്കേണ്ടത് എഴുത്തിലൂടെ പുനഃസൃഷ്ടിക്കാന്‍ മാത്രം പ്രാധാന്യമുള്ളതാണോ അവയെന്നതാണ്. ചരിത്രത്തിന്റെ ഭാഗമായി മാറിയ ചില ദുരന്തങ്ങളും സ്മാരകങ്ങളും യുദ്ധങ്ങളും, അധിനിവേശവും തീവ്രവാദവും സംബന്ധിച്ച ആലോചനകള്‍ എന്നിവ വിവേകശാലികളായ എഴുത്തുകാര്‍ എങ്ങനെയായിരിക്കും അഭിമുഖീകരിക്കുന്നത്? ഇവിടെയാണ് നോണ്‍-ഫിക്ഷന്റെ കെട്ടിലും മട്ടിലും എഴുതുന്ന സമകാലികസാഹിത്യത്തിലെ നോവലുകളുടെ പ്രസക്തി. തീര്‍ത്തും സാധാരണമായ ജീവിതം പോലും ഓര്‍മകളിലൂടെയും വൈയക്തിക അനുഭവങ്ങളിലുടെയും അക്ഷരക്കൂട്ടങ്ങളാക്കി മാറ്റാം എന്ന് തെളിയിക്കുന്ന നോണ്‍ ഫിക്ഷന്‍ നോവലുകള്‍ ഈയിടെയായി പുറത്തു വരുന്നുണ്ട്
ഓര്‍മയുടെയും മറവിയുടെയും വ്യതിയാനങ്ങളെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കാനാവില്ല. ഓര്‍മകളെ സൂക്ഷിക്കുമ്പോള്‍ തന്നെ, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമാണെന്നു സമ്മതിക്കാതെ വയ്യ. പോയ കാലത്തെ പൂര്‍ണമായും ഉച്ചാടനം ചെയ്യാനാവാതെ ഓര്‍മകളിലൂടെയും ചരിത്രത്തിലൂടെയും യാത്ര ചെയ്തു കൊണ്ടു പഴയ അനുഭവങ്ങളുടെ നിഴല്‍ ആവാഹിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരുണ്ട്. ഇതിന്റെ ഭാഗമായിട്ടാവണം ചില എഴുത്തുകാര്‍ അപൂര്‍വമായ വഴികളിലൂടെ സഞ്ചരിക്കുന്നത്.അതിനു പലപ്പോഴും വേറിട്ട വഴികള്‍ തന്നെ രചനാരീതിയില്‍ അവലംബിക്കേണ്ടി വരും. ഓര്‍മകളെ മടക്കി കൊണ്ടു വരാന്‍ ഗൃഹാതുരമായ വിചാരങ്ങള്‍ കൊണ്ടു മാത്രമാവില്ല. ശേഖരിച്ചു വെച്ചിരിക്കുന്ന ഓര്‍മകളുടെ കൂമ്പാരത്തിന്റെ ഭാരമിറക്കുക എന്നതാണു തന്റെ കൃതികളിലൂടെ വിഖ്യാത ജര്‍മന്‍ എഴുത്തുകാരനായ ഡബ്ലിയു ജി സെബാള്‍ഡ് നിര്‍വഹിച്ചത്. ഓര്‍മകളുടെ നൈരന്തര്യത്തിനു വേണ്ടിയാവണം അദ്ദേഹം ആഖ്യാനത്തില്‍ ചിത്രങ്ങളെയും ഫോട്ടോകളെയും മറ്റും ഉപയോഗിച്ചത്. അദൃശ്യമായ യാഥാര്‍ഥ്യത്തിന്റെ അടരുകളെ ഭൂതകാലവും വര്‍ത്തമാനകാലവും ഒരളവു വരെ ഭാവികാലവുമായി വരെ സന്നിവേശിപ്പിക്കാന്‍ സെബാള്‍ഡ് സ്വീകരിച്ച രചാനാതന്ത്രം ഒരേ സമയം വ്യത്യസ്തതയുള്ളതും പ്രാധാന്യമുള്ളതും ആണ്. സെബാള്‍ഡ് തന്റെ കൃതികളില്‍ സൃഷ്ടിച്ച ശില്പഘടന അതു വരെ ശീലിച്ചു വന്ന ഭാവുകത്വത്തെ തകിടം മറിക്കുന്നതായിരുന്നു. 'സമയം സമയത്തെ മാത്രമേ രേഖപ്പെടുത്തൂ' എന്ന ആശയത്തിലധിഷ്ഠിതമായി ഭൂതകാലചരിത്രത്തിനെ പുന:സന്ദര്‍ശിച്ചു കൊണ്ടു വേറെ തരത്തിലുള്ള വ്യാഖ്യാനത്തിനു ശ്രമിക്കുകയാണ് അദ്ദേഹം. നോവലുകളായ Austerlitz, Rings of Saturn, Vertigo, The Emigrants എന്നിവയിലെല്ലാം ഈ സമീപനത്തിന്റെ അനന്യമായ നോട്ടങ്ങള്‍ കാണാന്‍ സാധിക്കും. ഓര്‍മയുടെ അസ്തിത്വത്തെ വസ്തുക്കളും സ്ഥലങ്ങളുമായി ബന്ധപ്പെടുത്തി പറയുന്ന സെബാള്‍ഡ് ഹോളോകോസ്റ്റിന്റെ ഭീകരതയെ കോണ്‌സെന്‍ട്രേഷന്‍ ക്യാമ്പുകളുടെ ചിത്രങ്ങളിലൂടെയും വാസ്തുവിദ്യ മാതൃകകളിലൂടെയും ആണ് പരിചയപ്പെടുത്താന്‍ ശ്രമിച്ചത്. വേറിട്ട പല കൃതികളും സെബാള്‍ഡില്‍ നിന്നും സാഹിത്യലോകം പ്രതീക്ഷിച്ചിരുന്നു . എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരു കാറപകടത്തില്‍ അമ്പത്തിയേഴാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു പോയി.
മനുഷ്യാസ്തിത്വത്തെ ഓര്‍മകളുമായി ചേര്‍ത്തു വായിച്ചിരുന്ന സാഹിത്യകാരനായിരുന്നു മാര്‍ഷല്‍ പ്രൂസ്റ്റ് . ഓര്‍മകളെ വിശകലനം ചെയ്യുന്നത് വഴി പണ്ടു നടന്ന അനുഭവങ്ങള്‍ക്കു തനതായ വ്യാഖ്യനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എന്നാലിതിന്റെ വിരുദ്ധദശയിലെ ചില സംഗതികളാണ് സെബാള്‍ഡിനു പറയാനുണ്ടായിരുന്നത്. രണ്ടാം ലോകയുദ്ധത്തെ കുറിച്ചു നേരിട്ട് അനുഭവങ്ങളില്ലാത്ത സെബാള്‍ഡ് യുദ്ധവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റുമാണ് യുദ്ധക്കെടുതികളെ പറ്റി ബോധവാനായത്, അതായത് യുദ്ധത്തെ പറ്റി പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന് ഓര്‍മകളില്ല. നേരത്തെ പരാമര്‍ശിച്ച പ്രൂസ്റ്റിന്റെ ആശയവുമായി ഇതിനു വ്യത്യാസമുണ്ട്. മനുഷ്യനെ വിറങ്ങലിപ്പിച്ച സംഭവങ്ങളെ ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ സഹായത്തോടെ വേറിട്ട തരത്തിലുള്ള ഫിക്ഷനാക്കാനായിരുന്നു സെബാള്‍ഡ് യത്‌നിച്ചത്. ഹോളോകോസ്റ്റിനെ ആധാരമാക്കി എഴുതിയ നോവലായ ആസ്റ്റര്‍ലിറ്റ്സില്‍ ഹോളോകോസ്റ്റിനെ പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കുന്നത് തന്നെയില്ല. ഹോളോകോസ്റ്റ് എന്നു പറയാതെ തന്നെ അതിന്റെ ഭീകരത അവതരിപ്പിക്കാന്‍ നോവലിനു സാധിച്ചിട്ടുണ്ട്. ഹോളോകോസ്റ്റിന്റ ഭൂമികയെ അടുത്തറിയാനുള്ള ശ്രമമെന്ന നിലയ്ക്കായിരുന്നു സെബാള്‍ഡ് ആസ്റ്റര്‍ലിറ്റ്‌സ് രൂപപ്പെടുത്തിയത്. ശവശരീരങ്ങള്‍ അടുക്കടുക്കായി വെച്ചിരിക്കുന്നതും ക്യാമ്പുകളുടെ ശില്പഘടനയും 'വിധി' പ്രസ്താവിക്കുന്ന കോടതിയെ പറ്റിയുമെല്ലാം ആഖ്യാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദുരന്തങ്ങളുടെ ശ്മശാനഭൂമിയിലേക്ക് കൊണ്ടു പോകുന്ന നോവലില്‍, ക്രൂരതയുടെ തീക്ഷ്ണത പ്രതിഫലിപ്പിക്കാനെന്ന വിധമാണ് ഫോട്ടോകള്‍ വിന്യസിപ്പിച്ചിരിക്കുന്നതെന്നു ഉറപ്പിച്ചു പറയാം. ശൂന്യതയില്‍ നിന്നു വരെ യാഥാര്‍ഥ്യത്തിന്റെ നിഴലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് നോവലിലൊരിടത്തു പറയുന്നുണ്ട്. അതു പോലെയാണ് ഫോട്ടോകളെ വെളുത്ത പ്രതലത്തിലേക്ക് പകര്‍ത്തിയിരിക്കുന്നതെന്നാണു മുഖ്യകഥാപാത്രം അഭിപ്രായപ്പെട്ടിരിക്കുന്നത്
കഥാഗതിയുടെ ആദിമധ്യാന്തരൂപത്തില്‍ ശ്രദ്ധ പുലര്‍ത്താതെ, നോണ്‍-ഫിക്ഷന്‍ സ്വഭാവം പുലര്‍ത്തുന്ന എഴുത്തുരീതിയെയാണ് സെബാള്‍ഡ് സാമാന്യേന പിന്തുടര്‍ന്നിട്ടുള്ളത്. ചരിത്രപുസ്തകത്തിലെ താളുകളില്‍ ഭയന്നു വിറച്ചു നില്‍ക്കുന്ന അധ്യായങ്ങളെ വീണ്ടും ഓര്‍മയിലേക്ക് കൊണ്ട് വരാനെന്നവണ്ണമാണ് അദ്ദേഹം ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ദുരന്തങ്ങളുടെ പഴയ പ്രദേശത്തെ പുതിയ ഭൂപടത്തിന്റെ സഹായത്തോടെ ഊന്നിപ്പറയുന്ന ആഖ്യാതാവിനെയാണ് ഈ നോവലില്‍ കാണാന്‍ സാധിക്കുന്നത്. ദേശചരിത്രത്തെയോ പുരാവൃത്തങ്ങളെയോ ആലേഖനം ചെയ്യുക എന്ന സാമ്പ്രദായികരീതി മറന്നു കൊണ്ട് അധികാരത്തിന്റെ നൃശംസതകളില്‍ ചോര വറ്റിയ മനുഷ്യരുടെ നിര്‍ഭാഗ്യവസ്ഥകളെയാണ് സെബാള്‍ഡ് അടയാളപ്പെടുത്തിയത്. ചരിത്രത്തില്‍ രേഖപ്പെടുത്താത്ത പീഡിതവ്യക്തികളുടെ വിവരങ്ങള്‍ നമുക്ക് അജ്ഞാതമാണ്. അധികാരത്തിന്റെ തലവന്മാര്‍ എങ്ങനെയെല്ലാം വ്യത്യസ്തമായാണ് പെരുമാറുന്നതെന്നും ഊഹിക്കാന്‍ വയ്യ. പതിനൊന്നു ദശലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട ഹോളോകോസ്റ്റിന്റെ സ്രഷ്ടാവായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ വിയന്നയില്‍ ഒരു ചിത്രകാരനായിരുന്നു എന്നത് ഫിക്ഷന്‍ പോലെ മാത്രമേ വായിച്ചെടുക്കാന്‍ കഴിയൂ. അധികാരഭ്രാന്ത് തലയ്ക്കു പിടിച്ച അത്തരം ഭരണാധികാരിമാര്‍ ലോകത്ത് എക്കാലവും ഉണ്ടാവുകയും ചെയ്യും. രോഗമുള്ളവരെ നിര്‍ബന്ധിത വന്ധ്യകരണത്തിനും ദയാവധത്തിനും ബലാല്ക്കാരമായി തള്ളിവിട്ടു കൊണ്ടിരുന്ന രീതിയാണ് പിന്നീട് ഹോളോകോസ്റ്റ് ആയി മാറിയത്. ഇങ്ങനെ അധികാരവും മരണവും ആയിട്ടുള്ള വിനിമയങ്ങള്‍ ലോകചരിത്രത്തില്‍ പല തവണ ആവര്‍ത്തിച്ച പതിപ്പുകളാണ്.ഇത്തരത്തിലുള്ള അധ്യായങ്ങള്‍ നിറഞ്ഞ മറ്റൊരു ആവര്‍ത്തനപുസ്തകമാവാതിരിക്കാന്‍ വേണ്ടി എഴുത്തുശൈലിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന സെബാള്‍ഡിനെയാണ് കാണാന്‍ കഴിയുന്നത്. ജാക്വേസ് ആസ്റ്റര്‍ലിറ്റ്സ് എന്ന വാസ്തുശില്പിയായ നായകന്റെ കാഴ്ചകളിലൂടെയാണ് ആസ്റ്റര്‍ലിറ്റ്സ് എന്ന നോവല്‍ പുരോഗമിക്കുന്നത്. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ശീലങ്ങളെയും യുദ്ധത്തിന്റെ രാഷ്ട്രീയത്തെയും പ്രതിപാദിച്ചു കൊണ്ട് മുന്നേറുന്ന ആഖ്യാനത്തില്‍ നായകന്റെ മാനസിക വ്യവഹാരങ്ങള്‍ക്കും സ്ഥാനമുണ്ട്. ചരിത്രം പുതിയ വ്യാഖ്യാനങ്ങള്‍ ഓരോ മുഹൂര്‍ത്തത്തിനും വേണ്ടി വ്യവസ്ഥാപിതമാക്കുന്നു. ഈ പ്രവൃത്തി മൂലം അന്നേ വരെ നില നിന്നിരുന്ന വസ്തുതകള്‍ മാറിമറിയുന്നു. അങ്ങനെ വസ്തുതകളും വ്യാഖ്യാനങ്ങളും തമ്മില്‍ അന്തരമുണ്ടാകുന്നു. ഈ വ്യത്യാസത്തെ ഇല്ലാതാക്കാനാണ് തെളിവുകളെ ആഖ്യാനത്തില്‍ വിന്യസിപ്പിക്കാനുള്ള സെബാള്‍ഡിന്റെ ഉദ്യമം ഉന്നമിടുന്നത്.
യഥാര്‍ത്ഥ ഭൂപടവും വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സില്‍ വരച്ച ഭൂപടവും തമ്മില്‍ നേരനുപാതം ഒരിക്കലും ഉണ്ടാവില്ല. കൂട്ടിയോജിപ്പിക്കലും വിസ്തൃതപ്പെടുത്തലും വെട്ടിച്ചുരുക്കലും ശുഷ്‌കമാകലും സ്വാഭാവികമായ പ്രക്രിയയാണ്. സെബാള്‍ഡ് വിവരിക്കുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ഉള്ളറകള്‍ മനുഷ്യരക്തത്താല്‍ അഴുകിയതാണ്. ചോര വാര്‍ന്നു പോയ മനുഷ്യരുടെ ഫോട്ടോകള്‍ പോയ കാലത്തെ ദുഷ്ടതകളെ ഓര്‍മപ്പെടുത്തുകയാണ്. ചരിത്രത്തില്‍ രക്തക്കറ പുരണ്ട സ്മാരകം ഭീതി ജനിപ്പിക്കുന്ന സ്മൃതിചിത്രമായി അവതരിപ്പിക്കുകയാണ് സെബാള്‍ഡ് തന്റെ നോവലില്‍.
2
കഥപറച്ചിലിന്റെ വേറിട്ട സാധ്യതകളെ സമകാലിക സാഹിത്യം ഗൗരവത്തോടെ സമീപിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് നൈജീരിയന്‍-അമേരിക്കന്‍ എഴുത്തുകാരനായ തേജു കോള്‍. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ഓപ്പണ്‍ സിറ്റി ആദിമധ്യാന്തപൊരുത്തമുള്ള കഥാതന്തുവിനെ നിരാകരിക്കുന്നു. ജൂലിയസ് എന്ന മനോരോഗ വിദഗ്ധന്‍ കേന്ദ്രകഥാപാത്രമായ നോവലില്‍ അയാളുടെ കാല്‍നടയാത്രയ്ക്കിടെ ഉരുവം കൊള്ളുന്ന ചിന്തകളും ആശയങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. ഈ നടത്തത്തിനിടയില്‍ അയാള്‍ വിവിധ തരം വിഷയങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. അമേരിക്കയില്‍ വേരുകളില്ലാത്ത അയാള്‍ കറുത്ത വര്‍ഗ്ഗത്തിന്റെ കുടിയേറ്റത്തിന്റെ പ്രശ്‌നങ്ങളെ പറ്റിയും വെളുത്തവര്‍ക്ക് ആഫ്രിക്കക്കാരോടുള്ള മനോഭാവത്തെ കുറിച്ചും നൈജീരിയയിലെ കൂട്ടുകാരെ പറ്റിയും ഓര്‍ക്കുന്നുണ്ട്. 9/11 സംഭവത്തോട് അനുബന്ധിച്ച് തടവയിലായ കുടിയേറ്റക്കാരുടെ അവസ്ഥ പരാമര്‍ശിക്കുന്ന നോവലിസ്റ്റ് കലാപത്തിന്റെ പരിണതഫലത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. വംശഹത്യയും ഏകാധിപത്യവും കേന്ദ്രമാക്കി എഴുതിയ അനവധി നോവലുകള്‍ക്കിടയില്‍ പ്രസ്തുത വിഷയത്തെ തന്നെ തീര്‍ത്തും നൂതനമായ തരത്തില്‍ അഭിസംബോധന ചെയ്ത നോവലുകളാണ് സെബാള്‍ഡും തേജു കോളും എഴുതിയിട്ടുള്ളത്. വംശഹത്യക്ക് ഉത്തരവാദികള്‍ രാഷ്ട്രങ്ങളോ ഫാസിസ്റ്റുകളോ ഏകാധിപതികളോ ആവാം. എന്നാല്‍ ഇരകള്‍ സാധാരണക്കാരാണ് എന്ന വസ്തുതയെ പരോക്ഷമായി ഈ രണ്ടു എഴുത്തുകാരും സൂചിപ്പിക്കുന്നുണ്ട്, ഫിക്ഷനെ നോണ്‍ ഫിക്ഷന്‍ പോലെ അവതരിപ്പിക്കുന്ന രീതി പിന്തുടരുന്ന തേജു കോളിന് അതു കൊണ്ട് തന്നെ അതിവകാരികതയും അതിഭാവുകത്വവും ആഖ്യാനത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നുണ്ട്.
എഴുത്തിന്റെ രൂപ/ ശില്പ ഘടനയില്‍ ഒരപനിര്‍മാണമാണ് സെബാള്‍ഡും തേജു കോളും ലക്ഷ്യം വെയ്ക്കുന്നത്. ഫോട്ടോകള്‍, ഔദ്യോഗികരേഖകളുടെ പകര്‍പ്പുകള്‍, ടിക്കറ്റുകള്‍ തുടങ്ങിയ അനുബന്ധവസ്തുക്കള്‍ കൊണ്ട് തീവ്രമായ ഒരു ലോകം സൃഷ്ടിക്കാന്‍ ശ്രമിച്ച സെബാള്‍ഡും, സെബാള്‍ഡില്‍ നിന്നും ആഖ്യാനശൈലി കൈക്കൊള്ളുകയും തന്റേതായ വിധത്തില്‍ അതിനു മാറ്റം വരുത്തുകയും ചെയ്ത തേജു കോളും നവഭാവുകത്വത്തിലേക്കുള്ള വാക്കുപാലം നിര്‍മ്മിക്കുന്നവരാണ്. ചരിത്രസംഭവങ്ങളെയും സ്വാനുഭവങ്ങളേയും വ്യാഖ്യാനം ചെയ്യാനും ദൈനംദിന ജീവിതചട്ടക്കൂടിനെ ക്രമാനുഗതമായി രൂപപ്പെടുത്താനും ഈ നടത്തിനിടയില്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടയില്‍ ചങ്ങാതിമാരും അപരിചിതരും ജൂലിയസിന്റെ ഓര്‍മയിലെത്തുണ്ട്
3
വിഭജനങ്ങള്‍ ഏതെല്ലാം തരത്തിലും വിധത്തിലുമാണ് മനുഷ്യനെ ബാധിക്കുന്നതെന്ന അന്വേഷണമാണ് ആനന്ദിന്റെ കൃതിയായ വിഭജനങ്ങളില്‍ പരിശോധിക്കുന്നത്. കുറ്റവാളികളും സത്യവാദികളുമായുള്ള വിഭജനം, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനം, നാഗരികരും ഗ്രാമീണരുമായുള്ള വിഭജനം എന്നിങ്ങനെ സമൂഹത്തിന്റെ ചെറിയ കോണുകളില്‍ വരെ നില നിന്നു പോന്നിരുന്ന മായാത്ത വിഭജനം നാടോടിജനതയുടെ ചരിത്രവും സംസ്‌കൃതിയും ചേര്‍ത്തു വെച്ചു കൊണ്ടു പഠിക്കുകയാണ് ആനന്ദ് ഈ നോവലില്‍.
വിഭജനങ്ങളില്‍ ആനന്ദ് യാത്ര ചെയ്യുന്നത് ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തന്റെ പ്രവൃത്തിമേഖലയായിരുന്ന ഗുജറാത്തിലെ വഡോദരയിലേക്കാണ്. അമ്പതു വര്‍ഷമായിട്ടും ഒരു മാറ്റവും കൂടാതെ, ചുറ്റുപാടുകളുടെ പരിണാമത്തെ അതിജീവിച്ചു കൊണ്ട് നിലനില്‍ക്കുന്ന ഒരു ചെറിയ ഭോജനശാലയെ കുറിച്ച് ആനന്ദ് പരാമര്‍ശിക്കുന്നുണ്ട്. ഓര്‍മ്മകളുടെ അക്ഷാംശവും രേഖാംശവും വ്യത്യസ്തതലത്തില്‍ സൂക്ഷിക്കപ്പെടുന്നതിന്റെ ഉദാഹരിക്കാനാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ സൂചിപ്പിച്ചത്. മാറി വരുന്ന കാലത്തിന്റെ അടയാളങ്ങള്‍ സ്ഥാവരജംഗമ വസ്തുക്കളിലൊന്നും പ്രകടമാക്കാത്ത ഈ ഹോട്ടല്‍, അത് കൊണ്ട് തന്നെ നോവലിസ്റ്റിനു കൗതുകമാവുന്നു, കൗതുക ചിഹ്്‌നം കൊണ്ടും വികാരവിക്ഷോഭം കൊണ്ടും ഭൂതകാലത്തിന്റെ സൂക്ഷ്മതകളെ വരച്ചിടുന്ന സന്ദര്‍ഭങ്ങളെ വേറിട്ട രീതിയിലാകും മനസ്സ് ഒപ്പിയെടുക്കുന്നതെന്നും ഇതോടൊപ്പം പറയേണ്ടതുണ്ട്. ഉപരിതലത്തിലെ വിഭജനങ്ങളില്‍ നിന്ന് വിഭജനങ്ങളില്ലാത്ത ഭൂഗര്‍ഭത്തിന്റെ വിസ്മയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ആഖ്യാതാവിനെയാണ് വിഭജനങ്ങളില്‍ അവതരിപ്പിക്കുന്നത്.
ഗുജറാത്തിലെ വഡോദരയിലെ ഒരു ഗലിയായിരുന്ന മാതൃദയയില്‍ ഏതാണ്ട് അര നൂറ്റാണ്ടിനു മുന്‍പ് എണ്ണപ്പാടവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ആഖ്യാതാവിന് അക്കാലത്തുണ്ടായ സമൃദ്ധമായ അനുഭവങ്ങളുടെ കെട്ടഴിക്കുകയാണ്. 'ഞങ്ങളും ഞങ്ങളല്ലാത്തവരും' എന്ന തരംതിരിവ് ദര്‍ശനത്തിലും രാഷ്ട്രീയത്തിലും കൊണ്ടു വരുന്ന ഘടകങ്ങളെ പറ്റി നോവലില്‍ സൂചിപ്പിക്കുന്നുണ്ട്.. പൊതുസമൂഹത്തിന്റെ ഓരോ പ്രവൃത്തിയിലും രൂപപ്പെട്ടുവരുന്ന ചിന്താപദ്ധതികളുടെ രീതിശാസ്ത്രം ഒരു വര്‍ഗത്തെ സൃഷ്ടിക്കുകയും പ്രസ്തുത സമൂഹജീവികളെ വര്‍ഗബോധമുള്ളവരായും വര്‍ഗത്തിന് പുറത്തുള്ളവരായും മാറ്റുന്നു. വിഭജനം എന്ന സങ്കല്‍പ്പം പ്രത്യക്ഷത്തില്‍ തന്നെ പ്രാവര്‍ത്തികമാകുന്ന അവസ്ഥയാണിത്.
മധ്യാഫ്രിക്കയിലെ രാജ്യമായ കോംഗോയിലെ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബയ്ക്കുണ്ടായ ദുരന്തത്തെ കുറിച്ചു നോവലില്‍ വിവരിക്കുന്നുണ്ട്. കോംഗോയില്‍ അധിനിവേശതാല്പര്യങ്ങളുണ്ടായിരുന്ന ബെല്‍ജിയം ഭരണകൂടം ലുമുംബയുടെ ഭരണം അട്ടിമറിച്ചതിനു ശേഷം അയാളെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാക്കി. ലുമുംബയെ നേരിട്ട് കൊല്ലുന്നതിനു പകരം കറുത്ത വര്‍ഗക്കാരെ ഉപയോഗിച്ചു കൊലപ്പെടുത്തുന്ന തന്ത്രമാണ് ബെല്‍ജിയം അധികാരിവര്‍ഗം സ്വീകരിച്ചത്. കറുത്തവരും വെളുത്തവരും തമ്മിലുള്ള വിഭജനത്തിന്റെ ചരിത്രത്തില്‍ വംശവെറിയും അധികാരഭ്രാന്തും കടന്നു വരുന്നതിനെ പരാമര്‍ശിച്ചു കൊണ്ട് ആഫ്രിക്കയുടെ സാമ്പത്തിക സാമൂഹിക പാരിതോവസ്ഥകളും ഗോത്രങ്ങള്‍ക്കിടയിലുള്ള സ്പര്‍ദ്ധയും സംഘര്‍ഷങ്ങളും ഗ്രാമീണര്‍ അപ്രത്യക്ഷമാവുന്ന സ്ഥിതിവിശേഷവുമെല്ലാം ആനന്ദ് വിശദീകരിക്കുന്നുണ്ട്. വംശഹത്യ എന്ന ഗൂഢോദ്ദേശ്യത്തിന്റെ ഇരകളായിരുന്നു നാസി തടങ്കല്‍പ്പാളയങ്ങളില്‍ വെച്ചു ഉയിര്‍ വിട്ടു പോയത്.
കൊളോണിയലിസത്തിന്റെ പേരില്‍ യൂറോപ്യന്‍ ശക്തികളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളുടെ പരമ്പരയെയാണ് സെബാള്‍ഡും ആനന്ദും വേറൊരു സാഹചര്യത്തില്‍ തേജു കോളും പറയുന്നതും സ്ഥാപിക്കുന്നതും. ഓപ്പണ്‍ സിറ്റിയിലെ ജൂലിയസിന്റെ സുഹൃത്തുക്കളായ മൊറോക്കക്കാരായ ഫാറൂഖും ഖലീലും കുടിയേറ്റത്തിന്റെ തീവ്രത അനുഭവിക്കുന്നവരാണ്. വംശ/ജാതി വ്യത്യാസമില്ലാതെ അധിനിവേശത്തിന്റെയും അതു വഴി സംജാതമാവുന്ന പലായനത്തിന്റെയും തീക്ഷ്ണത അവരുമായുള്ള സംഭാഷങ്ങളിലൂടെ ജൂലിയസ് അവതരിപ്പിക്കുന്നുണ്ട്, ഓപ്പണ്‍ സിറ്റിയില്‍. ഇന്ത്യയിലേക്കുള്ള വിദേശികളുടെ കുടിയേറ്റം ഇറാനികളെയും പാഴ്‌സികളെയും ആസ്പദമാക്കി ആനന്ദ് സൂചിപ്പിച്ചിട്ടുണ്ട്. അവരവരുടെ രാജ്യങ്ങളിലെ രാഷ്ട്രീയക്കെടുതികള്‍ കാരണം പലായനം ചെയ്യേണ്ടി വരുന്ന വിഭാഗങ്ങളെ ലോകമെമ്പാടും കാണാന്‍ കഴിയും. തിബറ്റന്‍ അഭയാര്‍ത്ഥികളും വംശീയ കലാപത്തെ തുടര്‍ന്ന് പലായനം ചെയ്ത ശ്രീലങ്കയിലെ തമിഴന്മാരും താലിബാന്‍ കലാപം നേരിട്ട അഫ്ഗാനിസ്താനിലെ ജനങ്ങളും അനുഭവിച്ച തീവ്രതയുടെ അളവുകോല്‍ സമാനമായിരുന്നു. വേറൊരു തരത്തില്‍ ഓപ്പണ്‍ സിറ്റിയില്‍ തേജു കോളും ഈ വിഷയത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. ലൈബീരിയയിലെ ആഭ്യന്തര ലഹളയില്‍ നാട് വിടേണ്ടി വന്ന സൈദുവിന്റെ കഥ തേജു കോള്‍ വിവരിച്ചിട്ടുണ്ട്.
അമേരിക്കയിലെ 9/11 സംഭവത്തിനു ശേഷം മോചനം അസാധ്യമായി മാറിയ തടവുകാരുടെ സ്ഥിതി ദുരിതപൂര്‍ണമാണ്. യുദ്ധകാലത്ത് ഏറ്റവും എളുപ്പം ആക്രമിക്കപ്പെടാന്‍ സാധ്യമായ നഗരങ്ങളെയാണ് ഓപ്പണ്‍ സിറ്റി എന്ന് വിളിക്കുന്നത്. എന്നാല്‍ സമകാലികാവസ്ഥയില്‍ വംശ/വര്‍ഗ/ജാതി/മത മുദ്രകളെ സഹിഷ്ണുതയോടും പരസ്പരബഹുമാനത്തോടും മനസ്സിലാക്കണമെങ്കില്‍ നഗരങ്ങളില്‍ പുതിയ സാംസ്‌കാരിക/സാമൂഹിക തുറവികള്‍ രൂപപ്പെടണം. അതിനു വേണ്ടി തന്നെയാണ് ഓപ്പണ്‍ സിറ്റി എന്ന സംജ്ഞ എഴുത്തുകാരന്‍ സ്വീകരിച്ചത് എന്നു വ്യക്തം. സമാന്തര പ്രസ്ഥാനങ്ങളായ സംഗീതം, സിനിമ, കല, ചിത്രരചന, സാഹിത്യം നഗരങ്ങളുടെയും രാഷ്ട്രങ്ങളുടെയും ബഹു സാംസ്‌കാരികതയെ പോഷിപ്പിക്കാന്‍ സാധിക്കും, എന്നാല്‍ തുറന്നിട്ട നഗരങ്ങളിലും രാഷ്ട്രങ്ങളിലും മാത്രമേ അത്തരം വിനിമയങ്ങള്‍ വിജയിക്കുകയുള്ളു എന്നുമുള്ള സൂചന ഈ പേരിലൂടെ നമുക്കു ബോധ്യപ്പെടുന്നു.
4
ഒരു രാഷ്ട്രത്തിന്റെ പുരാതനചരിത്രത്തെ ഓര്‍മയില്‍ നില നിര്‍ത്തുന്നതില്‍ ഭാഷയ്ക്കുള്ള സ്വാധീനം പ്രധാനമാണ്. കുടിയേറ്റങ്ങളിലൂടെ രൂപപ്പെട്ടു വരുന്ന കൊടുക്കല്‍ വാങ്ങലുകളില്‍ ഭാഷയ്ക്കും ചില പരിണാമങ്ങളുണ്ടാവുന്നു. ' നീണ്ടു പോകുന്ന വേരുകളിലൂടെയും അവയില്‍ നിന്നു മുളച്ച തൈകളിലൂടെയും ആര്യന്റെ മൂലഭാഷ ഇന്ത്യയിലേക്കും മെസൊപൊട്ടോമിയയിലേക്കും യൂറോപ്പിലേക്കുമുള്ള അവന്റെ സഞ്ചാരങ്ങളുടെയത്രയും അടയാളങ്ങളെ വരുംകാലത്തിനു വേണ്ടി സൂക്ഷിച്ചു' എന്ന ആനന്ദിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. മേല്‍പ്പറഞ്ഞ മൂന്നു നോവലുകളിലും യാത്രകളാണ് മറ്റൊരു പൊതുഘടകമായി വരുന്നത്. നഷ്ടപ്പെട്ടവ കണ്ടു പിടിക്കപ്പെടുന്ന യാത്രകളിലൂടെയാണെന്ന് സെബാള്‍ഡിന്റെ നോവലുകള്‍ മുന്നേറുന്നത്. ഒരു നഗരത്തില്‍ എത്തിയാല്‍ ആ നഗരത്തെ കുറിച്ചുള്ള അനുഭവങ്ങളും ആദ്യ സന്ദര്‍ശനങ്ങളും നഗരത്തിന്റെ ചരിത്രവും ഒക്കെ അയവിറക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ രചനാശൈലി. സെബാള്‍ഡിന്റെ വെര്‍ട്ടിഗോ എന്ന നോവല്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഓപ്പണ്‍ സിറ്റിയില്‍ തേജു കോളും തന്റെ പതിവുകാല്‍നടയാത്രയ്ക്കിടയില്‍ തന്നെയാണ് നോവലില്‍ വിവരിക്കുന്ന സംഭവങ്ങള്‍ ചിന്തിച്ചു കൂട്ടുന്നത്. 'വിഭജനങ്ങളില്‍' ആനന്ദ് സ്വീകരിച്ചിരിക്കുന്നതും ഏറെക്കുറേ ഇതേ ശൈലിയാണ്.
ആസ്റ്റര്‍ലിറ്റ്സില്‍ മ്യൂസിയത്തിന്റെ റെയില്‍വേ സ്റ്റേഷനിലോ വെച്ചാണ് നായകന്‍ അയാളുടെ വാസ്തുവിദ്യാപഠനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംവദിക്കുന്നത്. ഇവയുടെ ചരിത്രം അനാവരണം ചെയ്യാനും അയാള്‍ പ്രസ്തുത സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആസ്റ്റര്‍ലിറ്റ്സില്‍ മ്യൂസിയത്തിലോ റെയില്‍വേ സ്റ്റേഷനിലോ വെച്ചാണ് നായകന്‍ അയാളുടെ വാസ്തു വിദ്യാപാദനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംവദിക്കുന്നത്. ഇവയുടെ ചരിത്രം അനാവരണം ചെയ്യാനും അയാള്‍ പ്രസ്തുത സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വാസ്തുശാസ്ത്രത്തോടൊപ്പം ചരിത്രവും രേഖപ്പെടുത്തി, അതിനു വ്യത്യസ്ത കാഴ്ചപ്പാടൊരുക്കി കൊണ്ട് ഫിക്ഷന്റെ മേലാപ്പണിയാനായിരുന്നു സെബാള്‍ഡിന്റെ കൗതുകം. ജൂതമാരെ കൊല്ലാക്കൊല ചെയ്ത ഹിറ്റ്‌ലറുടെ ക്യാംപുകളില്‍ നടന്ന മനുഷ്യത്വരഹിത പ്രവൃത്തികള്‍ വാക്കുകളിലൂടെ രേഖപ്പെടുത്താന്‍ കഴിയാത്ത വിധം ക്രൂരമായിരുന്നു. നിരപരാധികളുടെ ശിക്ഷാവിധി നടപ്പാക്കേണ്ട സ്ഥാപങ്ങളുടെയും നീതിന്യായ സമുച്ചയങ്ങളുടെയും ഫോട്ടോകള്‍ ആഖ്യാനത്തില്‍ ചേര്‍ത്തു വെച്ചു കൊണ്ട് നിയമവ്യവസ്ഥ ഒരിക്കല്‍ കണ്ണടച്ച അപരാധത്തെ അപനിര്‍മ്മാണം ചെയ്യുകയാണ് സെബാള്‍ഡ്.
അസഹിഷ്ണുതയുടെ അധ്യായങ്ങള്‍ക്കു ബദലായി സഹിഷ്ണുതാപൂര്‍വം മറ്റൊരു സംസ്‌കാരത്തില്‍ പൂര്‍ണമായി അലിഞ്ഞു ചേരുന്ന വിഭാഗത്തിന്റെ കഥ ആനന്ദ് പറയുന്നുണ്ട്. ഇസ്ലാമിന്റെ ഉദയത്തിനു ശേഷം ഏഴാം നൂറ്റാണ്ടിന്റെ പകുതിയോടെ നിഹാവംദ് യുദ്ധത്തില്‍ അറബികള്‍ ഇറാനിയന്‍ രാജാവിനെ തോല്‍പ്പിക്കുകയും ഇറാന്‍ ഇസ്ലാമിന്റെ കീഴിലാവുകയും ചെയ്തപ്പോള്‍ സൊറോഷ്ട്രിയന്‍ മതത്തില്‍ തുടര്‍ന്ന പാര്‍ശ്വന്മാര്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ കൂട്ടത്തോടെ ഗുജറാത്തില്‍ എത്തിപ്പെടുകയും 'പാലില്‍ പഞ്ചസാരയെന്ന' പോലെ ഗുജറാത്തി സമൂഹത്തിലും സംസകാരത്തിലും ലയിക്കുകയും ചെയ്തു. ഗുജറാത്തി ഭാഷ അവരുടെ ഭാഷയായി മാറി. പാഴ്‌സികള്‍ എല്ലാ വിധത്തിലും ഗുജറാത്തികളാവുകയും ഗുജറാത്തികളായി അറിയപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്തു. വിഭജനവും അധിനിവേശവും പലായനവും സാംസ്‌കാരിക തുറസ്സുകളെയും ശബ്ദബ്ദങ്ങളെയും ആശയങ്ങളെയും സ്വാധീനിക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. വംശത്തിന്റെ ശുദ്ധിയെ പാഴ്‌സികള്‍ക്ക് നിലനിര്‍ത്താനായെങ്കിലും ഭാഷ അവര്‍ക്കു നഷ്ടപ്പെട്ടു. എന്നാലിതില്‍ നിന്നും വ്യത്യസ്തമായി സിന്ധികള്‍ നാടു വിട്ടു ഇന്ത്യയില്‍ എത്തിയെങ്കിലും ഭാഷ കൈവിട്ടില്ല. എന്ന് മാത്രമല്ല അതിനെ ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യുളില്‍ ഉള്‍പ്പെടുത്തുന്നതിലും അവര്‍ വിജയിച്ചു.
യുദ്ധങ്ങളും കലാപക്കെടുതികളും മനുഷ്യമനസ്സുകളില്‍ കയ്‌പ്പേറിയ അനുഭവമായി എത്ര കാലം നില നില്‍ക്കുമെന്നത് ചിന്തനീയമാണ്. ലോകായുധങ്ങള്‍ കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്കും വരുംതലമുറകള്‍ക്കും യുദ്ധങ്ങള്‍ ബാക്കിയാക്കിയ നാശനഷ്ടങ്ങള്‍ ഹൃദയഭേദകമായ വികാരമായി മാറുമോ എന്നതു തന്നെ സംശയമാണ്. ജര്‍മനിയിലെ നഗരങ്ങളെ നിലംപരിശാക്കിയ റോയല്‍ എയര്‍ ഫോഴ്സിന്റെ കാര്‍പെറ്റ് ബോംബിങ് ഇംഗ്ലീഷിലോ ജര്‍മനിലോ സാഹിത്യത്തിന് വിഷയമായിട്ടില്ല എന്ന് സെബാള്‍ഡ് On the natural history of destruction എന്ന കൃതിയില്‍ രേഖപ്പെടുത്തിയത് ആനന്ദ് പ്രാധാന്യത്തോടെ എടുത്തു പറയുന്നുണ്ട്. സാധാരണക്കാരുടെ ക്ലേശങ്ങളെ പ്രതിപാദിച്ചു കൊണ്ടെഴുതിയ യുദ്ധകാല രചനകള്‍ അമേരിക്കന്‍ സാഹിത്യത്തിലും കുറവാണ് എന്നതു ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. റഷ്യയിലെയും സ്ഥിതി ഭിന്നമായിരുന്നില്ല. പീഡനങ്ങളുടെയും പ്രയാസങ്ങളുടെയും ദര്‍ശനങ്ങളുടെയും സാഹിത്യരൂപങ്ങളെ സംഭാവന ചെയ്ത റഷ്യ സോവിയറ്റു യൂണിയന്റെ വീഴ്ചയ്ക്ക് ശേഷം കാണപ്പെട്ട എഴുത്തുകള്‍ വിസ്മരിച്ചു തുടങ്ങി. ഇവിടെയാണ് 'വിഭജന'മെന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദുരന്തത്തെ ആനന്ദ് സവിശേഷമായി ഉറപ്പിച്ചു പറയുന്നത്. വിഭജനനത്തെ സംബന്ധിച്ച് ഇന്ത്യയിലും പാകിസ്താനിലും ഗഹനമായ സാഹിത്യകൃതികള്‍ ഉണ്ടായില്ലയെന്നത് ഖേദകരമാണ്.
ചരിത്രം ബോധപൂര്‍വം ഒളിപ്പിച്ചു വെയ്ക്കാന്‍ യത്‌നിക്കുന്നവയെ കാണാനുള്ള നിഗൂഢമായ അന്വേഷണമാണ് ഈ കൃതികളെ ഗൗരവതരമാക്കുന്നത്. പ്രച്ഛന്നവേഷങ്ങള്‍ ആടിത്തിമിര്‍ക്കുന്ന കാലത്ത്, ഓര്‍മകളെ 'മറക്കാതിരിക്കാന്‍' നടത്തുന്ന ഉദ്യമങ്ങള്‍ അഭിനന്ദാര്‍ഹമാണ്.
Refernces:
1. Austerlitz novel by W G Sebald-Published by Penguin
2. Open Ciity -novel by Teju Cole -Published by Faber & Faber
3. വിഭജനങ്ങള്‍ ആനന്ദ്- ഡിസി ബുക്‌സ്
വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം